Slider

മധ്യസ്ഥനും,ഉപകാരിയുമായ പിള്ളയദ്ദിയം(നർമ്മരചന)*

0
Image may contain: 1 person, standing and suit

റാംജി..*
പാലാഴിമഥനകാലം മുതൽക്കേ ദേവവന്മാർക്കും, അസുരന്മാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു ഞാൻ..
അമൃത്‌ കിട്ടിയതിനുശേഷം വിതരണം ചെയ്തതിനുപിന്നിലെ കഥവേറെ..
എതായാലും നിങ്ങൾക്ക്‌ പരിചിതമായ ആ കഥയല്ല വാസ്തവത്തിൽ..
അതൊക്കെ പോകട്ടെ..
കൃത്യമായി പറഞ്ഞാൽ പന്ത്രണ്ടാം നൂറ്റാണ്ട്‌..
അങ്ങ്‌ മുകളിൽ ദേവന്മാരും,അസുരന്മാരുമായി ഉണ്ടായ ചില്ലറതർക്കത്തിന് മധ്യസ്ഥം കഴിഞ്ഞ്‌ മടങ്ങി വന്നുകൊണ്ടിരിക്കുമ്പോൾആണ്..
ഭൂമിയിൽനിന്ന് ഉദ്ദേശംമൂന്നുലക്ഷം കിലോമീറ്റർ മുകളിലാണ് ഞാനെന്നോർക്കണം..
സൂഷ്മമായിപറഞ്ഞാൽ അക്ഷാംശം
43 ഡിഗ്രി വടക്കുഭാഗത്തായി തെങ്ങിൽ വേരുപോലെ കിടക്കുന്ന ഒരുസ്ഥലം ശ്രദ്ധയിൽപെടുന്നത്‌..
സൂം ചെയ്ത്‌ എതുരാജ്യമാണന്നു നോക്കി..
ഇറ്റലി എന്നാണ് കാണാൻ കഴിഞ്ഞത്‌.
നമ്മുടെ കേരളത്തിനേക്കാൾ ചെറിയരാജ്യം..
കണ്ടപ്പോൾ എനിക്ക്‌ സങ്കടം തോന്നി.
ഈ രാജ്യം ലോകം അറിയപ്പെടുന്ന രീതിയിലാകണം..
അവർക്കുവേണ്ടി എന്തേലും ചെയ്തുകൊടുക്കണം..
ഞാൻ മനസ്സിൽകരുതി..
(അല്ലേലും അശരണരെ സംരക്ഷിക്കുക എന്നുള്ളത്‌ എന്റെ തറവാട്ടുമഹിമയായിരുന്നെല്ലോ)
ഞാൻ പതുക്കെ അങ്ങോട്ടേക്ക്‌ പറന്നിറങ്ങുകയാണ്.
അപ്പോഴാണ് നമ്മുടെ "കോണ്ട്രാഡ്‌ മൂന്നാമൻ" ചായകുടിയൊക്കെകഴിഞ്ഞ്‌ പുറത്തിറങ്ങി തോട്ടം കാവൽക്കാരനോട്‌, കഴിഞ്ഞ ദിവസത്തെ തലപന്തുകളിയിലെ അപാകതകളെ കുറിച്ച്‌ ഗഹനമായി സംസാരിക്കുന്നത്‌..
എങ്കിൽ അവരുടെ അടുത്തുതന്നെ പറന്നിറങ്ങാം എന്നുകരുതി,അങ്ങോട്ടേക്ക്‌ വന്നുകൊണ്ടിരിക്കുമ്പോൾ ,കുറേ പടയാളികൾ അമ്പും വില്ലും കുലച്ച്‌, എന്നെയും ലക്ഷ്യം വച്ചുകൊണ്ട്‌ അങ്ങോട്ടേക്ക്‌ വരുന്നത്‌.
അവർ കരുതിയത്‌ അന്യഗ്രഹത്തിൽനിന്ന് ആരോ അവരുടെ രാജ്യം ആക്രമിക്കുവാൻ വന്നതാണന്നാണ്..
ഏതോ ഒരു വിവരംകെട്ട പടയാളി അന്തരീക്ഷത്തിൽ പറന്നുനിന്ന എന്റെ നേർക്ക്‌ അമ്പെയ്തു..
ഞാൻ മനസിലോർത്തു,
"പാവങ്ങൾ എന്നെ മനസിലാകാത്തതുകൊണ്ടാകും.."
അവരുടെ കട്ടകലിപ്പ്‌ കണ്ടഞാൻ,എന്നാൽ എല്ലാവർക്കും ഒന്നു മനസ്സിലാകട്ടെ, എന്റെ പവർ എന്ന് കരുതി എന്നെ ലക്ഷ്യമാക്കിവരുന്ന ആ അമ്പിൽ ഒന്നു നോക്കിയതേയുള്ളു,
അത്‌ തിരിഞ്ഞ്‌ തൊടുത്തുവിട്ടവന്റെ കണ്ണിൽ തന്നെതറഞ്ഞുകയറി !
എന്നിട്ടും മനസ്സിലാകാതെ മറ്റൊരു സാഹസികൻ അവന്റെ കയ്യിലിരുന്ന കുന്തം വച്ച്‌ എന്നെ എറിഞ്ഞുവീഴ്ത്താൻ നോക്കി..
പിന്നെ കേട്ടത്‌ ദിഗന്തങ്ങൾ നടുങ്ങുന്ന ശബ്ദവും,അവന്റെ ആർത്തനാദവുമായിരുന്നു !
എനിക്കുനേരെ ഉയർത്തിയ അവന്റെ കൈ ഒടിഞ്ഞുതൂങ്ങി, അവസാനമവൻ തറയിലേക്ക്‌ വേച്ചുവീണു..
ഞാൻ അവരോട്‌ പറഞ്ഞു നിങ്ങൾകരുതുന്നപോലെ,നിങ്ങളെ ഉപദ്രവിക്കാൻ വന്നവനല്ല,നിങ്ങളെ സഹായിക്കാൻ വേണ്ടി വന്നതാണ്..
എന്നിട്ടും പേടിയോടെ നോക്കിയ അവരോടുപറഞ്ഞു..
"നോൺദി പ്രൊക്കൂപ്പി,സൊനൊ വെനൂത്തോ യുതാർതി"(നിങ്ങളുവിഷമിക്കണ്ടാ,സഹായിക്കാൻ വന്നതാണു ഞാൻ)ഇതുകേട്ട കോണ്ട്രാഡ്‌ എന്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം കിടന്നുകൊണ്ട്‌ പറയുകയാണ്, "തമ്പുരാനേ അടിയനോട്‌ മാപ്പാക്കണം.. അറിയാതെപറ്റിപ്പോയതാണ്.. "(തമ്പുരാനേ എന്നുവിളിച്ചതിൽ തെറ്റ്‌ പറയാനൊക്കില്ല,ആരുകണ്ടാലും തമ്പുരാനേ എന്നുവിളിച്ചുപോകും അത്ര മുഖശ്രീയല്ലിയോ എനിക്ക്‌) എന്നോടും പിള്ളേരോടും ക്ഷമിക്കണേന്ന്..
ഞാൻ പറഞ്ഞു, "നിങ്ങൾ തമ്പുരാനേയെന്നൊന്നും വിളിക്കണ്ടാ,
'പിള്ളയദ്ദിയം' എന്നുവിളിച്ചാൽമതി.. "
"ഈ രാജ്യത്തിന്റെ സ്ഥിതികണ്ടപ്പോൾ എനിക്ക്‌ സങ്കടംതോന്നി,അതുകൊണ്ട്‌ ഈ രാജ്യം പുറംലോകം മുഴുവൻ അറിയപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.അതിനായി എന്തേലും ചെയ്തുതരാം എന്നു ഞാനിപ്പൊ എന്നാലോചിക്കുകയാണ്.."
അങ്ങനെ,
അവരുടെ അതിഥിയായി അവിടെകൂടി..രാവിലെ അമൃതേത്ത്‌ കാലമായി ഞാനും കോണ്ട്രയും ഡൈനിംഗ്‌ ടേബിളിൽ ഇരിക്കുന്നു..
പാചകകാരി ക്ലൗഡിയ കൊട്ടാരം മെയിഡ്‌ പെപ്പറോണി പിസാകേക്കുമായി വന്നു..
ഞാൻ ആദ്യമായിട്ട്‌ കാണുകയായിരുന്നു പിസാ. ദേവലോകത്തും,തറവാട്ടിലും എല്ലാം പാൽകഞ്ഞി മാത്രമേ കുടിച്ചിട്ടുണ്ടായിരുന്നുള്ളു..
എന്തായാലും ഈ പിസാ എനിക്ക്‌ നന്നായങ്ങ്‌ ബോധിച്ചു.
രാവിലത്തെ ആഹാരം കഴിഞ്ഞ്‌ കൊട്ടാരത്തിൽ ആരോടും പറയാതെ ഞാനൊന്നു പുറത്തുപോയി,
നേരെ മായാസുരനെപോയികണ്ടു..
എന്നെ കാണുന്നതേ അവനുജീവനാ..
"എന്താ തമ്പ്രനേ,അയാൾ ചോദിച്ചു.. ''
"നിനക്കിപ്പോൾ പണികൾ കുറവാണന്നുകേട്ടു, നിനക്ക്‌ ഒരു വർക്ക്‌ തരാൻ വന്നതാ പക്ഷെ, പെട്ടന്ന് തന്നെ തീർത്ത്‌ കിട്ടണം.. "
കാര്യങ്ങൾ എല്ലാം പറഞ്ഞ്‌ കരാറാക്കി..
ഉടൻതന്നെ മായൻ തന്റെ പണിസാധനങ്ങൾ ബിഗ്ഷോപ്പറിലാക്കി,കുറേ മൈക്കാടിനേയും കൂട്ടി എന്റെകൂടെവന്നു..
''അങ്ങേക്ക്‌ ഏതുമോഡലിൽ ഉള്ളകെട്ടിടമാ വേണ്ടത്‌.?"
മായൻ ചോദിച്ചു.
ഞാൻപറഞ്ഞു, "ഇതുവരേയും ആരും പരീക്ഷിക്കാത്ത ഒരുമോഡലാ.. "
"നിനക്ക്‌ പിസാ എന്തുവാണന്നറിയുമോ,ആ മോഡലിൽ അടുക്കിയടുക്കി ഒരു വലിയ ടവർ ഉണ്ടാക്കിതരണം.."
പിറ്റേദിവസം മുതൽ അവർ പണിതുടങ്ങി..
മൂന്നുദിവസംകൊണ്ട്‌ പിസിസിയും,പ്ലിന്തുബീമും എല്ലാം കഴിഞ്ഞു..
ഭിത്തികെട്ടിക്കൊണ്ടിരിക്കുന്ന അന്ന്,
അസുരലോകത്തിലെ പോസ്റ്റുമാൻ പീതാമ്പരൻ ഒരു കുറിമാനവുമായിവന്നു.
എന്നെകണ്ട്‌ പറഞ്ഞു "തമ്പ്രാനേ സംഗതികുറച്ചു സീരിയസ്സാണ്.നമ്മുടെ മായന്റെ ചിറ്റപ്പനും ,കുഞ്ഞമ്മയും ഇന്നലെ പുലർച്ചയിൽ പാതാളത്തിൽപോയി മടങ്ങിവരുന്നവഴി രഥപകടമുണ്ടായി. സ്പോട്ടിൽതന്നെ ഇരുവരും ഇഹലോകം വെടിഞ്ഞു.
അസുരരാജാവിന്റെ കൽപനയെന്തെന്നാൽ, 'മായന്റെ മുത്തശ്ശൻ സീരിയസായി എണ്ണതോണിയിൽകിടക്കുകയാണന്നും, കൊച്ചുമകനെ കാണണം എന്നുപറഞ്ഞ്‌ കൂട്ടികൊണ്ടുവരണമെന്നാണ് പറഞ്ഞിരിക്കുന്നത്‌..' ''
വഴിചിലവിനുള്ള പണംകൊടുത്ത്‌ അവരെ യാത്രയാക്കി..
രണ്ടുദിവസം ഒന്നുംചെയ്യാതെ കൊട്ടാരത്തിൽ നിന്നപ്പോൾ ബോറായിതുടങ്ങി..
ഇനി സപിണ്ഡി കഴിഞ്ഞേ മായൻ വരികയുള്ളു..
ഞാൻ കരുതി എങ്കിൽ ഈ ഗ്യാപ്പിൽ നാട്ടിലൊന്നു പോയിവരാം..
ഇന്ത്യയിൽചെന്ന ഞാൻ അവിടുത്തെ പ്രജകളുടെ നന്മക്കായി പുരോഗമനമായകാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് നമ്മുടെ പീതാമ്പരൻ വീണ്ടും വരുന്നത്‌..
"അങ്ങൂന്നേ രാജാവ്‌ പറഞ്ഞിട്ട്‌ വരികയാണ്.. "
"എന്താണ് പീതാംമ്പരാകാര്യം.. "
ഞാൻ ചോദിച്ചു.
അയാൾ പറഞ്ഞു,
"ചെറുപ്പം മുതലേ ഈ മായനെ എടുത്തുവളർത്തിയത്‌ മരണപെട്ട ദമ്പതികളായിരുന്നു..
അവരുടെ വിയോഗം മായനെ വല്ലാതെ തളർത്തിയിരിക്കുകയാണ് റിക്കവറായിവരാൻ കുറേക്കാലം എടുക്കും.
ഇപ്പോൾ രാജാവിന്റെ കൊച്ചച്ചന്റെ മോളെകെട്ടിയിരിക്കുന്നവന്റെ അനിയന് കെട്ടിടം പണിയൊക്കെയറിയാം,അവർക്ക്‌ ഈ പണികൊടുക്കുമോ എന്നറിയാൻ എന്നെ അയച്ചതാണ്.. "
ഞാനാകെ ധർമ്മസങ്കടത്തിലായി..
എന്തുമറുപടിപറയും?
നല്ലൊരു പണിക്കാരനായിരുന്നു മായൻ,മറ്റൊരാളെവെച്ചാൽ എല്ലാം എന്റെ മേൽനോട്ടത്തിൽകൂടി നടക്കേണ്ടിവരും..
ആലോചിച്ച്‌ ഉടനെയറിയിക്കാമെന്ന് പീതാമ്പരന്റെകയ്യിൽ മറുപടികൊടുത്തു,
മായനുകൊടുക്കാനുണ്ടായിരുന്ന ബാക്കിതുക ഡ്രാഫ്റ്റായി അയാളുടെകയ്യിൽ കൊടുത്തുവിട്ടു..
ഇതിനിടക്ക്‌ രാജസ്ഥാനിലെ ആദിത്യ ചൗഹാന് യുദ്ധതന്ത്രങ്ങളും,രാജകൗശലങ്ങളും പഠിപ്പിക്കാൻ കഴിയുമോ എന്നുചോദിച്ച്‌ സന്ദേശം വരുന്നത്‌..
വരുന്ന ധനു നാലിന് നിങ്ങൾ കാത്തിരുന്നോ,ഞാൻ അവിടെയെത്തിയിരിക്കും എന്ന് മറുപടി കൊടുത്ത്‌ അയാളെ മടക്കിയയച്ചു. ..
നാട്ടിലെ എല്ലാതിരക്കുകളിലും പെട്ടഞാൻ ഇറ്റലിയിലെ കാര്യം സത്യത്തിൽ വിസ്മരിച്ചുപോയി.
അപ്പോഴേക്കും കാലമേറെ കടന്നിരുന്നു..
1371 ലെ ഒരു സുപ്രഭാതത്തിൽ കുറെ പണിക്കാരുമായി നേരെ ഇറ്റലിക്ക്‌ വച്ചുപിടിച്ചു. ആദ്യദിവസമായതുകൊണ്ട്‌ രായൻ മേസ്തിരിയേയും,ഒന്നുരണ്ടു മൈക്കാടുമായി സാധനങ്ങൾ വാങ്ങിക്കുവാൻ മാർക്കറ്റിൽ പോയി സാധനങ്ങൾക്ക്‌ ഓർഡർ കൊടുത്ത്‌ മടങ്ങിവരുമ്പോൾ ഒരു ശിൽപ്പി അതിമനോഹരമായ ഒരു ശിൽപം ഉണ്ടാക്കുന്നു.കണ്ടാൽ ജീവനുള്ളതുപോലെതോന്നുന്ന വർക്ക്‌ !
ഞാൻ അയാളുടെ അടുത്തേക്ക്‌ പോയി..
"എന്താണ് തന്റെ പേര്‌..?
എന്നോടൊപ്പം കൂടുന്നോ..?"
അയാൾ പണി നിർത്തി എന്റടുത്ത്‌ വന്നു..
"ബൊണാന്നോ പിസാനോ എന്നാ തമ്പുരാനേ.".(കണ്ടോ,ഞാൻ പറഞ്ഞില്ലെ ആദ്യമായി കാണുന്നവർ പോലും തമ്പ്രാനേ എന്നുവിളിക്കുമെന്ന്)..
തമ്പുരാൻ എവിടെവിളിച്ചാലും അടിയൻ വരാവേ..
അയാളുടെ പെരുമാറ്റം എനിക്കങ്ങ്‌ ഇഷ്ടപെട്ടു
ഞാൻ പറഞ്ഞു "56 മീറ്റർ ഹൈറ്റുള്ള വലിയൊരു പ്രൊജക്റ്റ്‌ ഞാൻ ചെയ്യുന്നുണ്ട്‌,അതിലേക്കാവശ്യമായ മാർബ്ബിളിനു വന്നതാ ഇവിടെ."
അപ്പോൾ ബൊണാന്നോ പറഞ്ഞു "എനിക്ക്‌ മാർബ്ബിളിന്റെ ഹോൾസയിൽ ഡീലറുമായി നല്ല കണക്ഷനാ,തമ്പ്രാനു ഞാൻ അയാളെ അങ്ങേക്ക്‌ പരിചയപെടുത്തി തരാമെന്നും പറഞ്ഞു.
അപ്പോൾ രായൻ മേസ്തിരി എന്നെ കണ്ണുകാണിച്ചു,വേണ്ടാ എന്നുള്ള ആംഗ്യവും..
അവന് പണി നഷ്ടപെടുമോ എന്നുള്ള ഭീതിയായിരുന്നു.ഞാനൊന്ന് ഇരുത്തി അവനെ നോക്കി..
''ബൊണാന്നോ നീ രാവിലെ തന്നെ വർക്ക്‌ സൈറ്റിൽ വരണം.."ലൊക്കേഷൻ പറഞ്ഞുകൊടുത്തിട്ട്‌ ഞങ്ങൾ അവിടം വിട്ടു..
പറഞ്ഞതുപോലെ രാവിലെ തന്നെ അയാൾവന്നു,
താമസംവിനാ കെട്ടിടത്തിന്റെ പണികൾ പുനരാരംഭിച്ചു...
പണികൾ എല്ലാം തീർത്ത്‌ രായനും,ബൊണാന്നോയിക്കും അളവുകാശുകൊടുത്തുകൊണ്ടിരിക്കുമ്പോളായിരുന്നു. "ചാൾസ്‌ അഞ്ചാമനും" കുറേ പടയാളികളുമായി അങ്ങോട്ടേക്ക്‌ വരുന്നത്‌.
അനധികൃതമായി ആരോ കെട്ടിടം പണിനടത്തുകയായിരുന്നു എന്നാണ് അവർ കരുതിയത്‌.
കോപാകുലരായി വരുന്ന അവരോട്‌ സമാധാനത്തിൽ ഞാൻ പറഞ്ഞു..
"പെർഫവോരെ അസ്ക്കോൾത്തമീ പസിയേൻസാമെന്റേ"..
(ദയവായി ഞാൻ പറയുന്നത്‌ ക്ഷമയോടെ കേൾക്കൂ) എന്നിട്ടും കലിപ്പിൽ വന്ന അവർ, എന്നെ ദേഹോപദ്രവം ഏൽപ്പിക്കും എന്നുമനസിലാക്കി,കെട്ടിടത്തിനു പുറത്തിറങ്ങി..
ഞാൻ പാലായനം ചെയ്യുകയാണന്നുകരുതി ഉത്സാഹത്തോടെ പുറകേ ഓടിവന്നു..
കെട്ടിടത്തിന്റെ കന്നേ മൂലക്കായി നിലയുറപ്പിച്ചഞാൻ,അവരുടെ പ്രകോപനമായ നടപടിയിൽ രോഷം പൂണ്ട്‌ അവിടെ പണിക്കുവന്ന 38000 പൗണ്ടിന്റെ ക്രയിൻ പൊക്കിയെടുത്ത്‌ തമിഴ്‌ സിനിമാ സ്റ്റയിലിൽ അവരുടെ നേർക്ക്‌ ആഞ്ഞെറിഞു.
എറിഞ്ഞുകഴിഞ്ഞപ്പോളാണ് ,വീണ്ടുവിചാരം ഇല്ലാതെ ചെയ്തുപോയതാണന്നുമനസിലായത്‌.
പടയാളികളും ക്രയിനുംകുടെ ഈ കെട്ടിടത്തിൽആണ് ചെന്നു പതിച്ചത്‌.. അങ്ങനെ ഗോപുരം ചരിഞ്ഞ്‌ വീഴുവാൻ തുടങ്ങി ..
ഇത്രയും കാലം ചെയ്തപ്രവർത്തികൾ നിഷ്ഫലമാകും എന്നുകണ്ടഞാൻ ഇടംകൈകൊണ്ട്‌ കെട്ടിടം താങ്ങിനിർത്തി,കാലുകൊണ്ട്‌ കുറച്ച്‌ മണ്ണെടുത്തിട്ട്‌ ചവുട്ടിയുറപ്പിച്ചു.അപ്പോൾ ഒരുഞരക്കം കേട്ടു. നോക്കിയപ്പോൾ രാജാവും പടയാളുകളും കെട്ടിടത്തോട്‌ ചേർന്ന് ക്രയിനിനടിയിൽ മൃതപ്രായരായികിടക്കുന്നു.
പെട്ടന്നുതന്നെ ക്രയിൻ പൊക്കിമാറ്റി അവരെ രക്ഷപെടുത്തി,പിന്നീട്‌ കെട്ടിടത്തിലേക്ക്‌ നോക്കുമ്പോൾ അത്‌ ചരിഞ്ഞുതന്നെ നിൽക്കുകയാണ്.
വെർട്ടിക്കലായി നോക്കുമ്പോൾ ഉദ്ദേശം മൂന്നര ഡിഗ്രി ചരിവ്‌ കാണിക്കുന്നു നൂർത്തുനിർത്താൻ ഒരുശ്രമംകൂടിനടത്തി.
അപ്പോഴേക്കും ഞാൻ കാലുകൊണ്ട്‌ തോണ്ടിയിട്ട മണ്ണിൽ കെട്ടിടം ഉറച്ചുപോയിരുന്നു.
ഇനി എന്റെ ശക്തി പ്രയോഗിച്ചാൽ കെട്ടിടം തന്നെ നിലംപരിശാകും എന്നുമനസിലാക്കിയ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു..
എന്തായാലും ഇപ്പോൾ ആ ചരിവിന്റെ പേരിലാണ് ഈ പിസാ ഗോപുരം പ്രശസ്തമായി നിൽക്കുന്നത്‌..
ചരിത്രത്തിൽ പോലും രേഖപെടുത്തിയിട്ടുണ്ടാവില്ല എന്നാണിതിന്റെ പണിതുടങ്ങിയതെന്ന്..
പക്ഷെ,അന്ന് മായൻ കൂടെയുണ്ടായിരുന്നെങ്കിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽതന്നെ ഇതിന്റെ പണി അവസാനിച്ചേനേ..
ചാൾസ്‌ രാജാവ്‌ സുഖപ്പെട്ട്‌ കൊട്ടാരത്തിൽ വന്നപ്പോൾ താക്കോൽകയ്യിൽകൊടുത്തിട്ട്‌ പറഞ്ഞു.
"ഇനിമുതൽ ഈ അത്ഭുതത്തിന്റെ പേരിലാകും നിങ്ങളുടെ രാജ്യം അറിയപെടുക, എന്നാൽ കഴിയുന്ന സംഭാവനയാണ്.
ഇത്‌ നന്നായി സംരക്ഷിക്കുക,രാജ്യം അഭിവൃദ്ധിപെടുകയും കീർത്തിനേടുകയും ചെയ്യും.. '' എന്നുപറഞപ്പോൾ ചാൾസിന്റെ മുഖം കുറ്റബോധത്താൽ കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

By: Ramji
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo