നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചോപ്പ് മസാലദോശ"എനിക്ക് ചോപ്പ് മസാലദോശ വേണം "
"ചോപ്പോ ?"
"ആ ചോപ്പ് ..ചെമ്പരത്തിപ്പൂവിന്റെ നിറം റെഡ് "
ഒരു ചെമ്പരത്തിപ്പൂ എടുത്തു ചെവിയിൽ വെച്ച് ഓടിയാൽ കൊള്ളാമെന്നു ഇവളെ കല്യാണം കഴിച്ച അന്ന് മുതൽ തോന്നുന്നതാ . എന്റെ പടച്ചോനെ ! ഞാൻ എവിടെ ചെന്ന് അന്വേഷിക്കും ചോപ്പ് മസാലദോശ
ഗർഭിണി ആണെന്ന് അറിഞ്ഞപ്പോളാണവൾ ചോപ്പ് മസാലദോശ തിന്നാൻ പൂതി തോന്നുന്നു എന്ന് പറഞ്ഞു തുടങ്ങിയത് .ലോകത്തെല്ലായിടത്തും വെള്ള മസാലദോശ യല്ലേ ഉള്ളു ? ചോപ്പ് ഇനി വല്ല കളറും ചേർക്കുന്നതായിരിക്കുമോ ?
"എന്റെ അച്ഛൻ വാങ്ങിത്തന്നിട്ടുണ്ടല്ലോ ? " അവൾ
എല്ലാ ഭർത്താക്കന്മാരേയും തളർത്താൻ ഉള്ള ലോകത്തിലെ എല്ലാ ഭാര്യമാരുടെയും വജ്രായുധമാണത് അച്ഛൻ .
"എന്റെ അച്ഛൻ ആനയാണ് ,ചേനയാണ് , മാങ്ങാത്തൊലിയാണ് "
പ്രേമിച്ചു നടക്കുന്ന സമയത്തു എനിക്ക് അവളുടെ അച്ഛൻ ബാലൻ കെ നായരായിരുന്നു , ജോസ്പ്രകാശായിരുന്നു , എം എൻ നമ്പ്യാരായിരുന്നു .
ഇവൾക്കാണേൽ ഏതു നേരോം അച്ഛൻ
"എന്ന ചെന്ന് നിന്റെ അച്ഛനോട് പറയടീ "
"അതിനു നിങ്ങളുടെ കൂടെ ഇറങ്ങി പോന്നത് കൊണ്ട് അവരാരും എനിക്കിപ്പോ ഇല്ലല്ലോ "
പാവം കണ്ണ് നിറയുന്നു
"പോട്ടെ ഇക്കാ വാങ്ങിത്തരാം കേട്ടോ ഇന്ന് തീർച്ചയായും എവിടെയുന്ടെലും വാങ്ങി കൊണ്ടുവന്നിരിക്കും "
"എന്നാലേവരുമ്പോൾ ഐശ്വര്യ റായിയുടേം മമ്മൂട്ടിയുടേം പിന്നെ കുറെ പൂക്കളുടെ ഒക്കെ പടം വാങ്ങി വരുമോ ?"
"ഇതൊക്കെ എന്തിനാ?"
"നമ്മുടെ ഭിത്തിമേൽ ഒട്ടിക്കാനാ .ഗര്ഭിണിയായിരിക്കുമ്പോ സൗന്ദര്യമുള്ള ചിത്രങ്ങൾ കണ്ടാൽ ജനിക്കുന്ന കുഞ്ഞും സൗന്ദര്യമുള്ളതായിരിക്കും .ആണാണോ പെണ്ണാണോ എന്നറിയില്ലല്ലോ അതാ ഐശ്വര്യാറായിയും മമ്മൂട്ടിയും "
"ഈ പൊട്ടത്തരങ്ങളൊക്കെ നിന്നോടാര് പറഞെടി കഴുതകുട്ടി ..ഹോ "
"" പണ്ട് എന്റെ 'അമ്മ ഗർഭിണിയായിരിക്കുന്ന സമയത്തു എന്റെ അച്ഛൻ ഭിത്തിയിൽ ശ്രീദേവിയുടേം ശോഭനയുടേം ഒക്കെ പടങ്ങൾ ഒട്ടിച്ചിരുന്നാണ് എന്റെ 'അമ്മ പറഞ്ഞിട്ടുണ്ട് ..അതല്ലേ എനിക്കിത്ര ഭംഗി ? "
"എന്റെ ദൈവമേ ..എടി അത് നിന്റെ അച്ഛന് കാണാനായിരിക്കും അല്ലാണ്ട് എന്താ ..ഇത് ഒരു കാരണം പറഞ്ഞിനേയുള്ളു "
"ദേ മനുഷ്യാ ഒന്നങ്ങു തന്നാലുണ്ടല്ലോ .എന്റെ അച്ഛൻ ശ്രീരാമനാ നിങ്ങളെ പ്പോലെ ശ്രീകൃഷ്ണനല്ല .."
"എടി നീ വലിയ കൃഷ്ണ ഭക്തയല്ലേ പിന്നെന്താ ഒരു പുച്ഛം ! "
"ദേ എന്റെ ദൈവങ്ങളെ തൊട്ടു കളിക്കല്ലേ "
"ഇല്ല പൊന്നെ ഞാൻ പോവാ വൈകിട്ടു വരുമ്പോ മസാലദോശ വാങ്ങി വരാം"
ഞാൻ വെറുതെ പറഞ്ഞതാണ് .ഐശ്വര്യ റായിയെ മേടിക്കാം മസാലദോശയിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല .
വൈകിട്ട് ബാക്കിയെല്ലാം വാങ്ങി വീട്ടിൽ വരുമ്പോൾ മുറ്റത്തൊരു പട
അവളുടെ അച്ഛൻ ,'അമ്മ ഏട്ടന്മാർ,
"ഗര്ഭിണിയാന്നു മറ്റുള്ളവർ പറഞ്ഞു വേണോ മോനെ അറിയാൻ എന്നൊരു ഡയലോഗും
"അവളിതെവിടെ പോയി ?
കാര്യമായിട്ട് വെട്ടി വിഴുങ്ങുന്ന മുപ്പത്തിയുടെ മുന്നിൽ
"മസാല ദോശ ചോപ്പ് മസാലദോശ "
"ദൈവമേ ഇത് ഇന്ത്യൻ കോഫീ ഹൊസ്സിലെ മസാലദോശ അല്ലെ ? ബീറ്റ്റൂട്ട് ഉള്ളിൽ വെച്ചത് ? ഇതിനാണോ ഇവള് ചോപ്പ് മസാലദോശ എന്ന് പറഞ്ഞു ഇക്കണ്ട നാളൊക്കെ ന്നെ ഓടിച്ചത്
"പൂതന ""ഭദ്രകാളി "
"ഞാൻ പറഞ്ഞില്ലേ എന്റെ അച്ഛൻ വാങ്ങിച്ചു തരുമെന്ന് .നിങ്ങളല്ലേ പറഞ്ഞത് എന്റെ അച്ഛനോട് ചോയ്ക്കാൻ ?"
ഞാൻ ചമ്മിയ ഒരു ചിരി പാസ്സാക്കി
"ഇത് ഞങ്ങളുടെ നാട്ടിൽ ഇന്ത്യൻ കോഫീ ഹൌസിൽ കിട്ടുന്നതാ . മോൾക്ക്‌ ഇത് വലിയ ഇഷ്ടമാണ് .
അവളുടെ അച്ഛൻ
"ഇവിടെയും ഉണ്ട് ഇന്ത്യൻ കോഫി ഹൌസ് പക്ഷെ മോള്ക്ക് മലയാളം പറയാൻ അറിഞ്ഞൂടാ "
ഞാൻ പറഞ്ഞിട്ടു പുറത്തേക്കു പോരുന്നു
"ചോപ്പ് മസാലദോശ തേങ്ങാക്കുല"
തോളിൽ ഒരു കൈ അവളുടെ അച്ഛൻ
"കുറച്ചു കുറുമ്പുണ്ട് എന്നാലും അവൾ പാവമാ "
ഞാൻ വല്ലാതായി .അതറിയാവുന്നതു കൊണ്ടല്ലേ എന്ത് പൊട്ടത്തരം പറഞ്ഞാലും ചെയ്താലും നെഞ്ചോടു ചേർത്ത് പിടിക്കുന്നത് എന്നയാളോട് ഞാൻ പറഞ്ഞില്ല .ഏതൊരാളെയും ബോധിപ്പിക്കാനും എനിക്കിഷ്ടമല്ല.

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot