നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണ്ടും ഒരു കണ്ണൂര്‍ശൈലി

Image may contain: 1 person, selfie, closeup and indoor

വടക്കത്തി മരുമോളും തെക്കത്തി അമ്മായിയമ്മയും....ഃ
''അമ്മേ.....മുയിപ്പത്ത് ഒരു ചാക്കിന്‍റ കെട്ടല്ലായിററ് ആരോയൊരാള് മിററത്തേക്ക് വെരുന്നണ്ട്....''
രണ്ടുദിവസംമുമ്പെ കണ്ണൂരിലെ ഒരു നാട്ടിന്‍മ്പുറത്തുനിന്നും കല്ല്യാണം കഴിച്ചുകൊണ്ടുവന്നിരിക്കുന്ന മരുമകള്‍ അങ്ങനെ പറഞ്ഞുകൊണ്ടു അടുക്കളയിലേക്കുവന്നപ്പോള്‍ ഏറണാകുളത്തുകാരിയായ അമ്മായിയമ്മ ഒന്നും മനസിലാകാതെ അന്തംവിട്ടു കുന്തം വിഴുങ്ങിയതുപോലെ മരുമകളുടെ മുഖത്തേക്കു തുറിച്ചുനോക്കി.
ചാക്കുകെട്ടുമായി ആരോ വരുന്നുണ്ടെന്നാണ് പറഞ്ഞതെന്ന് ഏകദേശം ഊഹിച്ചെങ്കിലും.....
പക്ഷെ .....''മുയിപ്പത്ത് ,മിററം ''......
അതെന്താണെന്നു മനസിലായതേയില്ല.....!
''മുയിപ്പത്തോ ....മിററത്തോ....!..''
കണ്ണുമിഴിച്ചുകൊണ്ടു ചോദിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല.
''ങാ .....മുയിപ്പത്തെന്നു പറഞ്ഞാല് ദാ......ഈട ചൊമലില്.....
നമ്മളാട്യല്ലം ഈന് മുയിപ്പെന്നാന്ന് പറയല്.....''
അവള്‍ ചുമല്‍ തൊട്ടുകാണിച്ചപ്പോള്‍ ......
''ഓ കടയിലെ വേണുവിനോട് ഇരുപത്തിയഞ്ചുകിലോ അരികൊടുത്തുവിടുവാന്‍ അച്ഛന്‍ പറഞ്ഞിരുന്നു അവിടത്തെ പയ്യനാകും...... ''
അമ്മായിയമ്മ മനസിലായെന്ന അര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ടു പുറത്തേക്കുനടന്നു.
''അമ്മേ.....അന്നു നമ്മളെ മംഗലത്തിന്‍റ തലേന്നും പിറേറന്നും ഓഡിറേറാറിയത്തില്‍ ചെര്‍മ്മിക്കാന്ണ്ടായ ആ തൊണ്ടന്‍ നമ്മളെ ബന്ധാന്നോ......
ഒരു ഡയറിയെല്ലാം തൊക്കിളില്‍വെച്ചുനടക്കുന്ന കുറിവെലിച്ച നരച്ച മുടിയെല്ലൂല്ലെ വെളുത്തതൊണ്ടന്‍.....''
അമ്മ അകത്തേക്കു തിരിച്ചുവന്നയുടനെയുളള മരുമകളുടെ ചോദ്യം കേട്ടപ്പോള്‍ അവര്‍ പകച്ചപോയി....!
കല്ല്യാണത്തിനു ഓഡിറേറാറിയത്തിലുണ്ടായ ആരെയോ കുറിച്ചാണ് ചോദിക്കുന്നതെന്നു മനസിലായെങ്കിലും.....
''ചെര്‍മ്മിക്കാന്‍,തൊക്കിള്‍,തൊണ്ടന്‍'' ഇതൊന്നും പിടികിട്ടിയില്ല......!
''ചെര്‍മ്മിക്കാനോ.....തൊക്കിളോ....തൊണ്ടനോ.....അങ്ങനെയൊക്കെ പറഞ്ഞാലെന്താണുമോളെ......''
അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ മരുമകളെ നോക്കിക്കൊണ്ടാണ് അവര്‍ ചോദിച്ചത്......
അതുകേട്ടതും മരുമകളൊന്നു ചമ്മി.
''കല്ല്യാണത്തിനു എല്ലായിടത്തും പാഞ്ഞു നടന്നുകൊണ്ടു കാര്യംനോക്കിയ ഒരു വയസനില്ലെ ഒാറയാന്ന് ഞാന്‍ ചോയിച്ചത്.....''
അതുകേട്ടതും അമ്മായിയമ്മ ഉറക്കെ ചിരിച്ചുപോയി.
''എങ്കില്‍ അങ്ങനെചോദിക്കണ്ടെ......
കക്ഷത്തില്‍ ഡയറിയുംവച്ചു നടന്നിരുന്ന പ്രായമായ ആളെക്കുറിച്ചാണോ മോള് ചോദിച്ചത്......
അതാണ് നമ്മുടെ കരയോഗം പ്രസിഡണ്ട് കുമാരന്‍നായര്‍.....
കരപ്രമാണിയും നാട്ടുപ്രമാണിയുമൊക്കെയാണ് അദ്ദേഹം.....
നിങ്ങളുടെ നാട്ടില്‍ കരയോഗവും പ്രസിഡണ്ടുമൊന്നുമില്ലെ....''
അമ്മായിയമ്മ വിശദീകരിച്ചുകൊടുത്തുകൊണ്ടു അത്ഭുതത്തോടെ ചോദിച്ചു.
''നമ്മളെട്ക്യന്നും ഇങ്ങനില്ലപ്പാ.....
ആട ബ്രാഞ്ച്സെക്രട്ടറിയും യൂനിററ് സെക്രട്ടറിയും ചെല സലത്ത് മണ്ഡലം പ്രസിലണ്ടല്ലാന്ന് മംഗലത്തിന് ചെര്‍മ്മിക്കാന്ണ്ടാകല്.....
എല്ലം പാര്‍ട്ടിക്കാരായിരിക്കും.....''
അവള്‍ തന്‍റ നാട്ടിലെ കല്ല്യാണരീതി പറഞ്ഞുകൊടുത്തുകൊണ്ടു അമ്മായിയമ്മയെ നോക്കി ചിരിച്ചു.
''അല്ല അപ്പോ ഓറ വീടേട്യാ.....''
അതിനുശേഷമുളള ചോദ്യം കേട്ടപ്പോള്‍ അമ്മായിയമ്മ വീണ്ടും കണ്‍ഫ്യൂഷ്യനായി.....!
''ഓറോ.....അതാരാണ്.....''
''അമ്മയിപ്പോള്‍ പറഞ്ഞ കരയോാഗം പ്രസിഡണ്ടിന്‍റ......''
അവളുടെ വിശദീകരണംകേട്ടപ്പോള്‍ അവര്‍ക്കു വീണ്ടും ചിരിവന്നു.
''അതു ഇതിനടുത്താണ് എന്തേ....''
''വെര്‍തേ ചോയിച്ചതാ.....''
അവളും ചിരിച്ചു.
''കല്ല്യാണദിവസം മോളുടെകൂടെതന്നെ നടന്നിരുന്ന ആ നീലസാരിയുടുത്ത പെങ്കൊച്ച് ഏതാണ്.....''
പെട്ടെന്നെന്തോ ഓര്‍ത്തതുപോലെയാണ് അമ്മായിയമ്മ ചോദിച്ചത്.
''അതാന്ന് എന്‍റ മച്ചിനിച്ചി......''
''മച്ചിനിച്ചിയോ ...''അതെന്തുപണ്ഡാരമാണ്.....! അമ്മായിയമ്മയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ലെന്നുമാത്രമല്ല മച്ചിനിച്ചിയെന്നു ഉച്ചരിക്കുവാന്‍ ശ്രമിച്ചുനോക്കിയപ്പോള്‍ നാക്ക് വഴങ്ങുന്നുപോലുമില്ല......!
''അങ്ങനെ പറഞ്ഞാലെന്താ മോളെ......''
ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു.
''എന്‍റ അമ്മാവന്‍റമോള്......''
അവളുടെ മറുപടികേട്ടപ്പോഴാണ് സംഗതി പിടികിട്ടിയത്.
''ആ കൊച്ചിനു ജോലിയുണ്ടോ......''
അമ്മായിയമ്മ വീണ്ടും തിരക്കി.
''ങാ.....ഓക്കും ജോലീണ്ട് ഓള പുരുവനും ജോലീണ്ട്......''
അഭിമാനത്തോടെയുളള ഇത്തവണത്തെ അവളുടെ മറുപടികേട്ടപ്പോള്‍ ''പുരുവന്‍''എന്താണെന്നോത്തുകൊണ്ടു അമ്മായിയമ്മയുടെ കണ്ണുകള്‍രണ്ടും ബള്‍ബുകള്‍പോലെ പുറത്തേക്കു തളളിപ്പോയി.
''എന്നുപറഞ്ഞാല്‍ .......''
അമ്മാായിയമ്മ അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയശേഷം ചോദ്യഭാവത്തില്‍ അവളുടെ മുഖത്തേക്കുനോക്കി.
''ഓള ഭര്‍ത്താവിനും ജോലീണ്ട്ന്ന്......''
ചിരിച്ചുകൊണ്ടു തിരുത്തിക്കൊടുത്തശേഷമാണ് അവള്‍ ചോദിച്ചത്.
''ഞാന്‍ പറീന്നതൊന്നും അമ്മക്ക് തിരീന്നില്ല അല്ലെ.......
പക്ഷേങ്കില് അമ്മ പറീന്നതെല്ലം എനക്ക് നല്ലോണം തിരീന്ന്ണ്ട്.........''
അവള്‍ പറഞ്ഞതെന്താണെന്നു മനസിലായില്ലെങ്കിലും പാവം അമ്മായിയമ്മ തലകുലുക്കി സമ്മതിച്ചു.......!
ാളെ .....ഞാനൊന്നു കടയില്‍പ്പോയിട്ടുവരട്ടെ കുഞ്ഞെഴുന്നേററാല്‍ നീയാ ഗുളികയെടുത്തു കെടുത്തേക്കണേ......''
കടയിലേക്കുപോകുവാനൊരുങ്ങുന്നതിനിടയില്‍ അകത്തു പനിപിടിച്ചു ഉറങ്ങുകയായിരുന്ന മകളുടെ മൂന്നുവയസുകാരനായ മകനു മരുന്നുകൊടുക്കേണ്ടകാര്യം അമ്മായിയമ്മയവളെ ഓര്‍മ്മപ്പെടുത്തി.
''മരുന്നേട്യല്ലേ.....''
അകത്തുനിന്നും അവളുടെ ചോദ്യംകേട്ടു.
''അവന്‍റ കിടക്കയുടെ താഴെയുണ്ടാവും അവിടെ നോക്കിക്കോ.....''
''ഓട്ത്തൂ ......''
അകത്തുനിന്നും അവളുടെ ശബ്ദം കേട്ടപ്പോള്‍ ഒന്നും മനസിലാകാത്തതുകൊണ്ടു അമ്മായിയമ്മ ആകാശത്തേക്കുനോക്കി.
''അമ്മേയമ്മേ......
അമ്മയോട്ത്തൂ പോയോ.....
.കുഞ്ഞീന്‍റ മരുന്നീട്യേടീം കാണുന്നില്ലല്ലാ.....''
എന്നു പിറുപിറുത്തുകൊണ്ടു അവള്‍ പുറത്തേക്കുവന്നപ്പോഴാണ് ''ഓട്ത്തൂ ''എവിടെയാണെന്നാണ് അര്‍ത്ഥമെന്ന് അമ്മയ്ക്കു മനസിലായത്......!
''അമ്മേ ഇവനെപ്പൂം ഇടത്തന്നെയാന്നോ നിക്ക്ന്നത് കുഞ്ഞളില്ല വീടാന്നെങ്കില് നല്ല രസായിരിക്കും......
എപ്പൂം ഒച്ചീം ബഹളൂണ്ടാകും........''
മരുന്നെടുത്തുകൊടുക്കുവാന്‍ അവളുടെ പിന്നാലെ അകത്തേക്കു കയറുമ്പോഴാണ് അമ്മയോടു അവളുടെ ചോദ്യം.
''അവന്‍റ അമ്മ ജോലികഴിഞ്ഞു വരുന്നതുവരെ അവനെപ്പോഴും ഇവിടെയുണ്ടാകും പോരെ,.....''
അവര്‍ മറുപടികൊടുത്തു.
''പിളേളറ എനക്കു ഭയങ്കരിഷ്ടാന്ന് എന്‍റേട്ടന്‍റ ഒരുവയസായ ചെറുതിന് എന്നെ കണ്ടാല്‍ നിക്കപ്പൊറുതിയിണ്ടാവൂല എടുക്കാന്‍വേണ്ടി കൈയ്യെടുത്തു മറിഞ്ഞുകൊണ്ടു 'കാളാന്‍' തുടങ്ങും......!
അന്നേരം എടുത്തിറേറപ്പിന്ന കാളലോടുകാളലായിരിക്കും........''
പറഞ്ഞു കഴിയുമ്പോഴേക്കും അവരെയോര്‍ത്തിട്ടാകണം അവളുടെ തൊണ്ടയിറടി...
കണ്ണുകള്‍ നനഞ്ഞു.......
വലതുകൈകൊണ്ടു കണ്ണീരൊപ്പി അവള്‍ അമ്മയുടെ മുഖത്തേക്കു നോക്കുമ്പോഴേക്കും അവര്‍ നിക്കപ്പൊറുതിയുടെയും കാളലിന്‍റയും കാളലോടു കാളലിന്‍റയും അര്‍ത്ഥം തിരയുകയായിരുന്നു......!
''കുഞ്ഞുകരയുന്ന കാര്യമാണോ മോള് പറഞ്ഞത്......''
അവര്‍ക്കു ചോദിക്കാതിരിക്കുവാന്‍ പററിയില്ല.
അതിനവള്‍ അതെയെന്നര്‍ത്ഥത്തില്‍ തലയാട്ടിയപ്പോള്‍ ചിരിക്കാതിരിക്കുവാന്‍ പാടുപെട്ടു ......!
മരുന്നുകളെടുത്തുകൊടുത്തുകൊണ്ടു പടിയിറങ്ങിറങ്ങുമ്പോള്‍ പിറകില്‍നിന്നും വീണ്ടും അവളുടെ ശബ്ദം കേട്ടു......
''അമ്മേ ഈട്യേട്യാ പീട്യാ......?
അതുശരിക്കും മനസിലാക്കിയപ്പോഴാണ് അവള്‍ കുറെ അക്ഷരങ്ങള്‍ ഒഴിവാക്കിയാണ് സംസാരിക്കുന്നതെന്നു അവര്‍ക്കു മനസിലായത്......!
''ഇതിനടുത്താണ് അരമണിക്കൂറിനുളളില്‍ ഞാന്‍ തിരിച്ചുവരും......''
അങ്ങനെ പറഞ്ഞശേഷം ഊറി്ചിരിച്ചുകൊണ്ടവര്‍ പടിയിറങ്ങി.
'' എന്തിനാ കുട്ടാ......ബെര്‍തെ ബൈരം കൊടുക്കുന്നത്.........
ഇതു മ്പേകം ബിത്ങ്ങിയാല് ആന്‍റി പീടിയേപോയിററ് മുട്ടായിവാങ്ങിതരും ആന്‍റീന്‍റ മോനല്ലെ മ്പേം ബിത്ങ്ങ്.....''
അകത്തുനിന്നും കുഞ്ഞിനോടു മരുമകള്‍ അങ്ങനെ പറയുന്നതുകേട്ടുകൊണ്ടാണ് അമ്മായിയമ്മ വീട്ടിലേക്കു തിരിച്ചുകയറിയത്......!
അവര്‍ക്കൊന്നും മനസിലായില്ല........!
''എന്താ പ്രശ്നം .......''
വറാന്തയിലേക്കു കയറുന്നതിനിടയില്‍ അവര്‍ ആകാംക്ഷയോടെ തിരക്കി.
''ഓ......അമ്മ വന്നോ......
അമ്മേ കുഞ്ഞി മരുന്നൊന്നും കുടിക്കുന്നില്ല.....
ഞാന്‍ കൊടുത്ത ഗുളികീം കൈയ്യിപ്പിടിച്ചുകൊണ്ടോന്‍ പ്ത്ക്കി പ്പ്ത്ക്കി ബൈരംകൊടുക്കോന്ന്........''
അതുകേട്ടപ്പോള്‍ സംഭവമെന്താണെന്നറിയാതെ ഭയന്നുപോയി.......!
''എന്‍റീശ്വരന്‍മാരെ........''
അങ്ങനെ വിളിച്ചുകൊണ്ടവര്‍ അകത്തേക്കു ഓടിക്കയറിയപ്പോള്‍ കണ്ടകാഴ്ച......!
ഗുളികയും കൈയ്യില്‍ പിടിച്ചുകൊണ്ടു കുഞ്ഞുവിതുമ്പുന്നു......!
ഗ്ലാസില്‍ വെളളവുമായി തലയിലും മുഖത്തും സ്നേഹത്തോടെ തലോടിക്കൊണ്ടു അടുത്തുനില്‍ക്കുന്ന മരുമകള്‍ ''വിത്ങ്ങിക്കോ വിത്ങ്ങിക്കോ യെന്നു പറഞ്ഞുകൊണ്ടു സ്നേഹപൂര്‍വ്വം നിര്‍ബന്ധിക്കുന്നു.......!
അങ്ങനെ ലൈവ് ഷോ കണ്ടപ്പോഴാണ് .....ബ്ത്ങ്ങലിന്‍റയും ബൈരംകൊടുക്കലിന്‍റയും പ്ത്ക്കലിന്‍റയും അര്‍ത്ഥം അവര്‍ക്കു പിടികിട്ടിയത്......!
''മോനെ ഗുളിക വേഗം വിഴുങ്ങിയാട്ടെ......''
അങ്ങനെ പറഞ്ഞുകൊണ്ടവര്‍ അവളുടെ കൈയ്യില്‍ നിന്നും വെളളം നിറച്ച ഗ്ലാസ് വാങ്ങുമ്പോഴേക്കും കുഞ്ഞു ഗുളിക വിഴുങ്ങികഴിഞ്ഞിരുന്നു......!
''എന്‍റേട്ടന്‍റ മൂത്തമോനും ഇങ്ങനെയാന്ന് പനിവന്നാ മരുന്നുകുടിക്കാന്‍ മടിയാന്ന്......
അന്നേരം നമ്മ അച്ഛനെ വിളിക്കും അച്ഛനപ്പേ ഒച്ചത്തി കൂറെറടുക്കും ....
അച്ഛാച്ചന ഓന് പേടിയായതുകൊണ്ടു അതോടെ വേഗം കയിച്ചോളും....!''
അതുകണ്ടപ്പോഴാണ് മരുമകള്‍ പറഞ്ഞത്.
''കൂറെറടുക്കലോ......അതെന്താ.....!.''
അമ്മായിയമ്മയ്ക്ക് ഒന്നും മനസിലായില്ല.
''ങാ......കൂറെറടുക്കലെന്നാല്‍ കലമ്പല്.....''
അവള്‍ വിശദീകരിച്ചു.
''കലമ്പലോാ.....!''
അവര്‍ക്കു വീണ്ടും സംശയം.
''ങാ.....വയക്കുപറയല്‍......''
അതോടെ അമ്മ കാര്യം ഊഹിച്ചെടുത്തു.....!
''അമ്മേയമ്മേ പൈപ്പില് വെളളം വന്നു വെളളത്തിന്‍റ പാനിയേട്യായില്ലെ.......''
മുററം തൂത്തുവാരുന്നതിനിടയില്‍ പുറത്തുനിന്നും മരുമകളുടെ ചോദ്യം കേട്ടപ്പോള്‍ അവര്‍ക്കൊന്നും മനസിലായില്ല.....!
പൈപ്പില്‍ വെളളം വന്നു എന്നു പറഞ്ഞശേഷം പാനിയേട്യാ ഇല്ലെ എന്നു ചോദിച്ചാലെന്താണു പറയുക........!
''ഈട്യല്ലാരും പാനി ഉക്കത്തുവച്ചിററാന്ന് വെളളം കൊണ്ടുവരുന്നത് നമ്മളാട്യാന്നെങ്കില് ഒന്നുക്കില് തലേലുവെക്കും അല്ലെങ്കില്‍ കൈയ്യില് ഞേററും .....''
പിറകെയവളുടെ ആത്മഗതം കേട്ടപ്പോഴാണ് വെളളം കൊണ്ടുവരുവാനുളള കുടത്തിനാണ് അവള്‍ പാനിയെന്നു പറഞ്ഞതെന്നു മനസിലായത്.......!
പക്ഷേ ''ഞേററല്‍....'' അതെന്താണെന്നു പിടികിട്ടിയില്ല......!
"വെള്ളം നിനക്കു ഒറ്റയ്ക്കുകൊണ്ടുവരാനാകുമോ...."
അമ്മായിയമ്മ അവളോട്‌ ചോദിച്ചു.
"ങാ...ഇതുഞാൻ പാനിയിൽ ഞെറ്റിക്കൊണ്ടരാം അമ്മേ...."
പറഞ്ഞുകൊണ്ടവൾ രണ്ടുകൈകളിലും രണ്ടുകുടം വെള്ളവും തൂക്കിയെടുത്തു വരുന്നത് കണ്ടപ്പോഴാണ്''ഞേററല്‍"ലിന്റെ അർത്ഥം മനസിലായത്....!."
"നമ്മുടെ മോന് വല്ല തമിഴത്തിയെയോ തെലുങ്കത്തിയെയോ വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിൽ ഇതിനേക്കാൾ ഭേദമായിരുന്നു.....
ഇവൾ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല......"
രാത്രിയിൽ അമ്മായിയമ്മ അമ്മയിയപ്പനോട് പരിഭവം പറഞ്ഞു.
"അവരുടെ ഭാഷ അങ്ങനെയാണ് തിരിയുന്നവർക്ക് തിരിയും തിരിയാത്തവർ നട്ടം തിരിയും......
എന്നാലും അവൾ അമ്മേയെന്നും അച്ഛനെന്നും വിളിക്കുന്നത് കേൾക്കുവാൻ ഒരു സുഖമില്ലേ നമുക്ക് അതുമതി.....
അതുപോലെ അവരുടെ ഭാഷാപോലെ അവളുടെ മനസ്സും നിഷ്കളങ്കമാണ് .....
നമ്മുടെ മോനെ ജീവിതകാലം മുഴുവൻ അവൾ സ്നേഹിക്കും നമുക്ക് അതല്ലേ വേണ്ടത്...."
പറഞ്ഞശേഷം അമ്മയെ നോക്കിച്ചിരിച്ചപ്പോൾ അമ്മയും ചിരിച്ചു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot