നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നീലക്കൊടുവേലി


Image may contain: 1 person, text
*******************
വർഷങ്ങൾക്കു മുൻപ് കുട്ടിക്കാലത്തു പച്ച നിറത്തിലെ പെറ്റിക്കോട്ടുമിട്ട് അപ്പൂപ്പന്റെ കൈപിടിച്ച് പറമ്പിലൂടെ നടക്കുമ്പോൾ ഒരൊറ്റ ആഗ്രഹം മാത്രമേ പറഞ്ഞിരുന്നുള്ളൂ. അത് പറയുമ്പോൾ തൊണ്ടയ്ക്കും നെഞ്ചിനുമിടയിൽ വല്ലാത്തൊരു നീറ്റലായിരുന്നു. എനിക്ക് ഇവിടുത്തെ സ്കൂളിൽ ചേരണം, ഞാൻ അപ്പുപ്പന്റെയും അമ്മുമ്മയുടെയും കൂടെ നിന്നോളാം എന്ന് മാത്രം.
നിസ്സഹായനായി നിൽക്കുന്ന അപ്പൂപ്പൻ ഒരിക്കലും അതിനു മറുപടി പറഞ്ഞിട്ടില്ല.. പകരം കഥ പറഞ്ഞുതരും. അങ്ങനെയാണ് കഥ പറയുന്ന കൂട്ടത്തിൽ നീലക്കോടുവേലിയെ കുറിച്ച് പറഞ്ഞത്. അതിന്റെ വേര് വീട്ടിലെ പൂജാമുറിയിൽ വച്ചാൽ ഐശ്വര്യം ഉണ്ടാകുമെന്ന്, ആഗ്രഹം സാധിക്കുമെന്ന്.. അതിനു മുൻപ് അലാവുദീന്റെ അദ്‌ഭുത വിളക്കും, അനിൽ കപൂറിന്റെ മിസ്റ്റർ ഇന്ത്യ എന്നാ സിനിമയിലെ വാച്ചും ആയിരുന്നു കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്ന രണ്ടു വസ്തുക്കൾ. മൂന്നാമത് മറ്റൊരാഗ്രഹം ഉടലെടുത്തു. എനിക്കൊരു വേര് വേണം എന്ന് ബാല്യകാല സുഹൃത്തായ ദീപുവിനോട് പറഞ്ഞപ്പോൾ അന്നത്തെ കാലത്തു ആയിരം രൂപയാണ് അവൻ പ്രതിഫലം ചോദിച്ചത്. ആയിരം രൂപ ഒരുമിച്ച് അക്കാലത്തു ഞാൻ കണ്ടിട്ടില്ലായിരുന്നു എന്ന് തോന്നുന്നു.
അങ്ങനെ ആ വഴിയും അടഞ്ഞു. പിന്നെ നീലക്കൊടുവേലി എവിടെകിട്ടും എന്നായി അന്വേഷണം. ഉപ്പന്റെ കൂട്ടിലുണ്ടത്രെ.. ഉപ്പന്റെ കൂടെവിടെ? അത് ഉൾക്കാട്ടിൽ ഉയർന്ന മരക്കൊമ്പിൽ ഉണ്ടാകുമ്പോലും..
ഉൾക്കാടെന്നൊക്കെ പറയുന്നത് നമ്മുടെ കാവിന്റെ അത്രെയും ഉണ്ടാകുമോ അമ്മുമ്മേ എന്ന് ചോദിച്ചപ്പോൾ അമ്മുമ്മ പൊട്ടിച്ചിരിച്ചു. മറുപടി പറയാതെ കൈക്കുള്ളിൽ കൊണ്ടുവന്ന എണ്ണ തലയിലേക്ക് ഒഴിച്ചു. തന്റെ മുടിയിഴകളിലൂടെ എണ്ണ പുരട്ടുമ്പോൾ അമ്മുമ്മ പറഞ്ഞുതന്നു, കാടിന്റെ ഒരു കുഞ്ഞു രൂപമാണ് കാവെന്ന്. അപ്പോൾ കാട്ടിൽപോയി നീലക്കൊടുവേലി വേര് സംഘടിപ്പിക്കാമെന്നത് അതിമോഹം.. നടക്കില്ല. അങ്ങനെയിരിക്കെയാണ് വീട്ടിലെ ഔഷധ തോട്ടത്തിലേക്ക് ഒരു പെട്ടി ഓട്ടോ നിറയെ ചെടികളെത്തിയത്. അപ്പുപ്പൻ ആളെ നിർത്തി തടമെടുത്തു ഓരോ ചെടികളായി നട്ടു. പൂക്കാത്ത ചെടികളായത് കാരണം എനിക്കതിൽ വലിയ താല്പര്യം തോന്നിയിരുന്നില്ല. വീട്ടിൽ അപ്പൂപ്പനും അമ്മുമ്മയും കഴിഞ്ഞാൽ പിന്നെ കൂട്ടുകാരായി പേരിടാത്ത പൂച്ചയും, ബെന്നി എന്ന നായ്ക്കുട്ടിയും, മണിക്കുട്ടി എന്നൊരാടും.
ഒരു ദിവസം രാവിലെ അമ്മുമ്മയുടെ ഉച്ചത്തിലുള്ള മണിക്കുട്ടീ എന്ന വിളികേട്ടാണ് ഉണർന്നത്.. അവളെന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട്. ശരിയാണ്, അപ്പൂപ്പന്റെ തോട്ടത്തിലെ കുറെ ചെടികൾ അവൾ കടിച്ചു .. തലയില്ലാത്ത ചെടികൾ.
ഹോ ആ നീലക്കൊടുവേലി നശിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞ് അമ്മുമ്മ ഒരു ചെടിയെ കൂടുതലായി പരിപാലിക്കുന്നു. ചെടികളെ കുറിച്ച് പഠിക്കുന്ന വിജയൻമാമനോട് നീലക്കോടുവേലിയുടെ പടം കാണിച്ചു തരാവോ എന്ന് ചോദിച്ചപ്പോൾ പടം എന്തിനാ നേരിട്ട് കാണിച്ചുതരാമെന്നു പറഞ്ഞ് കൈപിടിച്ച് കൊണ്ട് ചെന്ന് നിർത്തിയത് തലപോയ ഇളം വൈലറ്റ് പൂക്കളുള്ള ഒരു കുഞ്ഞു ചെടിക്കു മുന്നിൽ.. എനിക്കിവിടെ നിൽക്കണം.. അതിനാ വേര് വേണം. കുറെ കാര്യങ്ങൾ പ്ലാൻ ചെയ്തുറപ്പിച്ചു.
ഞായറാഴ്ച രാവിലെ ദൂരദർശനിൽ മഹാഭാരതം തുടങ്ങിയ സമയം, ആ സമയത്ത് കള്ളന്മാർ കയറിയാലും ആരും അനങ്ങില്ല, ഞാൻ മെല്ലെ തോട്ടത്തിലെത്തി നീലക്കൊടുവേലി പിഴുത് വേര് ഒടിച്ചെടുക്കാൻ നോക്കി, പറ്റുന്നില്ല, നല്ല ബലമുണ്ട്. കറുത്ത ചുള്ളിക്കമ്പുകൾ പോലുള്ള വേര്. അല്പം കഷ്ടപ്പെട്ടാണെങ്കിലും ഒടിച്ചെടുത്തു. ചെടി മണ്ണിൽ താഴ്ത്തി വച്ചു. വേര് ഉടുപ്പിരിക്കുന്ന പെട്ടിയുടെ അടിയിലൊളിപ്പിച്ചു. ആഗ്രഹങ്ങളൊക്കെ തരം കിട്ടുമ്പോലെ അതിനോട് പറഞ്ഞു. ഏതായാലും തൊടിയിലെ നീലക്കൊടുവേലി കരിഞ്ഞുപോയി. മണിക്കുട്ടി കുറച്ച് ദിവസത്തേക്ക് കുറ്റക്കാരിയായി. വേനലവധി കഴിഞ്ഞു. എന്നെ പിന്നെയും പാക്ക് ചെയ്തു.. അമ്മക്കടുത്തേക്ക്.
അപ്പൊ ഈ നീലക്കോടുവേലിക്കു ശക്തിയില്ലേ? അതെങ്ങാനാ ഒന്നറിയുക !
അപ്പുപ്പൻ പറഞ്ഞിരുന്നു ഈ വേര് പുഴയിലിട്ടാൽ ഒഴുക്കിനെതിരെ ഒഴുകുമെന്നു. അതൊന്ന് പരീക്ഷിക്കണം. അമ്മയുടെ അനുവാദത്തോടെ പുഴക്കരയിലെത്തി. ആ വേര് വെള്ളത്തിൽ വച്ചു. തിരികെ വരുമ്പോൾ പിടിക്കാൻ തയ്യാറായി നിന്നു. പക്ഷേ എന്റെ ആഗ്രഹങ്ങളെയും പേറി ഒഴുക്കിനൊത്തു അതൊഴുകിപ്പോയി.
By Uma Pradeep

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot