നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചേച്ചി

Image may contain: 1 person, smiling, selfie, closeup and indoor
**********
ഏഴാം ക്ലാസ്സിൽ സദാശിവൻ സാറിന്റെ ക്ലാസിലിരുന്ന് കണക്കിന്റെ വികൃതികൾ പഠിക്കുമ്പോഴാ പ്യൂൺ ഹരിച്ചേട്ടൻ വന്നു സാറിനോട് എന്തോ പറഞ്ഞത്.സാര് എന്നെ സ്റ്റാഫ്‌റൂമിലേക്കു വിളിപ്പിച്ചു.ഒന്നും മനസ്സിലാകാതെ നിന്ന എന്നെ അടുത്തേക്ക് ചേർത്ത് നിർത്തി സദാശിവൻ സാർ തലോടി.അദ്ദേഹത്തിന് എന്നോട് അല്പം ഇഷ്ടം ഉള്ളതാ.
പക്ഷെ സ്റ്റാഫ്‌റൂമിലേക്കു വിളിപ്പിച്ചു കാര്യം എന്താണെന്നു മനസ്സിലായില്ല.അപ്പോഴാണ് സ്റ്റാഫ്‌റൂമിന്‌ പിറകിൽ എന്റെ അയലോക്കത്തെ പ്രഭേട്ടൻ നിക്കുന്നത് ഞാൻ കണ്ടത്.എന്നെ കണ്ടതും പുള്ളി അകെ വിഷമിച്ചു ഇപ്പൊ കരയും ന്നൊരു ലക്ഷണം.
സദാശിവൻ സാർ എന്നെ പ്രഭേട്ടന്റെ കൂടെ വീട്ടിലേക്കു പറഞ്ഞുവിട്ടു .വീട്ടിലെത്ത്യപ്പോ അവിടെ വലിയ ആൾക്കൂട്ടം.അപ്പഴും എനിക്കൊന്നും പിടികിട്ടിയില്ല.പതിയെ വീടിനു അകത്തേക്ക് ചെന്നപ്പോൾ അമ്മയുടേം ചേച്ചിയുടേം നിലവിളി.കാലുകളും കൈകളും കൂട്ടികെട്ടി അച്ഛനെ നിലത്തു കിടത്തിയിരിക്കുന്നു.
കരയാതെ പിടിച്ചു നിന്ന എന്നെ അമ്മയുടെ നിറഞ്ഞ കണ്ണുകൾ കരയിപ്പിച്ചു.അല്പം വേദനയോടെ തന്നെ ആ ഏഴാംക്ലാസ്സുകാരൻ ആ സത്യം മനസ്സിലാക്കി.അന്തിനേരങ്ങളിൽ നെയ്യപ്പ പൊതിയുമായി ഇനി അച്ഛൻ വരില്ല.
കവലയിലെ ചുമട്ടു തൊഴിലാളി ആയിരുന്ന രാഘവന് അനാഥയായ മെഴ്‌സികുട്ട്യോട് ഇഷ്ടം തോന്നി കെട്ടിയതുകൊണ്ടു ബന്ധുക്കൾ ആരുമില്ല. അമ്മയുടേം ചേച്ചിയുടേം ചിന്ത ഇനി ജീവിതം എങ്ങിനെ മുന്നോട്ടു എന്നതാരുന്നു. . പഠിക്കാൻ മിടുക്കിയായിരുന്നു ചേച്ചിയെ ഒരു IAS കാരിയാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.എല്ലാ അച്ചന്മാർക്കും കാണുമല്ലോ അങ്ങനൊരു ആഗ്രഹം.
അച്ഛന്റെ കർമ്മങ്ങളൊക്കെ കഴിഞ്ഞു ആഴ്ച 2 കഴിഞ്ഞിട്ടും അമ്മക്ക് ഇപ്പഴും അച്ഛനില്ലന്നു വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. . നാളെ സ്കൂളിൽ പോയി തുടങ്ങാൻ ചേച്ചി എന്നോട് പറഞ്ഞു.
രാവിലെ സ്കൂളിൽ പോകാൻ തയാറായ എനിക്ക് ചോറ് പൊതിയുമായി ''ചേച്ചി വന്നു.ചേച്ചി പോകുന്നില്ലേ കോളേജിൽ?'' ഞാൻ ചോദിച്ചു.. ''ഇല്ല ''..എന്ന് ഉറച്ച ഒരു മറുപടി... കൊച്ചുമോന് അറിയാലോ അച്ഛൻ പോയി..ഇനി നമുക്ക് ആശ്രയം ഇല്ല..അമ്മക്ക് സുഖമില്ലാത്തതല്ലേ ...'അമ്മ ഇവിടെ ഇരുന്നോട്ടെ..ചേച്ചിക്ക് കവലയിൽ ഒരു ജോലി കിട്ടിയിട്ടുണ്ട് നാളെ മുതൽ ചേച്ചി അവിടെ പോകും. കൊച്ചുമോൻ നന്നായി പഠിക്കണം.അച്ഛന് മോനെക്കുറിച്ചു ഒരുപാടു സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു അതൊക്കെ സാധിച്ചു കൊടുത്തു അച്ഛന്റെ ആത്മാവിന് ശാന്തി നൽകണം..
എന്തൊക്കെയോ കരുതി ഉറപ്പിച്ച ചേച്ചിയുടെ ആ മുഖം ഞാൻ ആദ്യമായി കാണുകയാണ്. വീട്ടിലെ ഇളയകുട്ടി ഞാനാണെങ്കിലും അച്ഛൻ ഒരുപാടു ലാളിച്ചതു ചേച്ചിയെ ആണ്.അച്ഛന്റെ പിറകെ ഓടി നടന്ന ആ ചേച്ചിയാണ് ഇപ്പോൾ വീടിന്റെ ബലം.ആ മനസ്സിൽ എന്തൊക്കെയോ തീരുമാനങ്ങളുണ്ട്.
അടുത്ത ദിവസം മുതൽ ചേച്ചി ജോലിക്കു പോയിതുടങ്ങി. എന്നോടൊപ്പമാണ് കവലവരെ വരുന്നത്.പിന്നീട് ഞാൻ സ്കൂളിലേക്ക് പോകും.ഒരു തുണിക്കടയിലാണ് ചേച്ചി ജോലി ചെയ്യുന്നതെന്ന് മനസ്സിലായി.പക്ഷെ എന്ത് ജോലി,? പാവം കഷ്ടപ്പെടുവാണോ എന്നൊന്നും അറിയില്ല. പക്ഷെ ചേച്ചി ജോലി കഴിഞ്ഞു വന്നു വീടൊക്കെ ഒതിക്കിയിട്ടിരുന്നു പഠിക്കുന്നത് കാണാം.
ഒരു ശനിയാഴ്ച സ്കൂൾ ഇല്ലായിരുന്നപ്പോൾ ചേച്ചിക്ക് ഉച്ച ആഹാരവുമായി ഞാൻ ആ കടയിലേക്ക് പോയി.പാവം അച്ഛന്റെ IAS കാരി അവിടെ നിന്ന് തുണി മടക്കുന്നു, അടുക്കി പറക്കുന്നു. എന്നിട്ടും എന്നെ കണ്ടപ്പോൾ ആ മുഖത്തു നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു.ചേച്ചിക്ക് ചോറ് കൊടുത്തിട്ടു ഞാനും പോരുന്നു.
ഇതിനിടക്ക് ചേച്ചി ഡിഗ്രി പാസ്സായി ഞാനിപ്പോൾ പത്താം ക്ലാസ്സിലാണ് . ഒരു ദിവസം ഞാനിരുന്നു പഠിക്കുന്ന സമയത്താണ് ചേച്ചി എന്തോ തൈക്കുന്നതു ഞാൻ കാണുന്നത്.നോക്കിയപ്പോൾ മനസ്സിലായി ചേച്ചിയുടെ ചുരിദാറുകൾ പ്രായത്തിന്റെ പ്രശ്നങ്ങൾ കാട്ടി തുടങ്ങി.ഒരുപാടു തുണികൾക്കിടയിൽ ,പുതിയ പുതിയ ഫാഷനുകൾക്കിടയിൽ നിന്ന് ജോലി ചെയ്യുന്ന ചേച്ചി..പക്ഷെ ഇപ്പഴും പഴയ കീറിപ്പറിഞ്ഞ ചുരിദാറുകൾ തയ്ക്കുന്ന കാഴ്ച എനിക്ക് സഹിക്കാനായില്ല.
എങ്കിലും എനിക്ക് സമയത്തു ഉടുപ്പും നിക്കറും ചേച്ചി എത്തിക്കാറുണ്ട്. പക്ഷെ ആ കാഴ്ച എന്നിൽ ഒരു ആശ വളർത്തി .ചേച്ചിക്ക് നല്ലൊരു ചുരിദാർ വാങ്ങികൊടുക്കണം. എങ്ങിനെ? ഒരു വഴിയുമില്ല.പണ്ട് അച്ഛനുള്ള സമയത്തായിരുന്നേൽ എപ്പഴെങ്കിലും 1,2 രൂപ കിട്ടുവാരുന്നു.ഇപ്പോൾ എന്താ ചെയ്ക.എങ്കിലും ചിലതു ഞാനും ഉറപ്പിച്ചു.
ചേച്ചി അറിയാതെ ശനി ഞായർ ദിവസങ്ങളിൾ കളിയ്ക്കാൻ പോകുന്നു എന്ന് കള്ളം പറഞ്ഞു ഒരു മേസ്തിരിയുടെ കൂടെ ഞാനും പണിക്കു പോയി.കല്ലും മണ്ണും ചുമക്കാൻ.ആദ്യമായി ചെയ്യണ ജോലിയാണ്.അതുകൊണ്ടു തന്നെ ശരീരത്തിന് നല്ല വേദന.കൈകൾ പൊട്ടി തുടങ്ങി.എന്നാലും ചേച്ചിക്കൊരു ചുരിദാർ എന്ന എന്റെ സ്വപ്നത്തിനു മുന്നിൽ അതൊന്നും ഒരു വിഷയമായില്ല.
വീട്ടിൽ വരുമ്പോൾ കൈ പൊട്ടി ഇരിക്കണത് കണ്ടു ചേച്ചി ചോദിക്കും ഇതെന്താടാ ന്നൊക്കെ...കളിക്കുമ്പോൾ പറ്റുന്നതാ എന്ന് കള്ളം പറയും.അങ്ങിനെ ഒരു ഞാറാഴ്ച മേസ്തിരി എന്റെ കൂലി തന്നു.അതും വാങ്ങി ഞാൻ തെക്കേ കവലയിൽ പോയി ചേച്ചിക്കൊരു ചുരിദാർ വാങ്ങി..
വൈകിട്ട് വീട്ടിലെത്തിയ ചേച്ചിക്ക് നേരെ ഞാൻ ചുരിദാർ നീട്ടി.''ഇതാര് തന്നടാ കൊച്ചുമോനെ?''
''''ഞാൻ വാങ്ങിയതാ...''''
''നിയോ...അതിനു നിന്റെ കയ്യിലെവിടുന്ന കാശു?''
''''അതൊക്കെ ചേച്ചി അറിയണ്ട ...ദേ ഇതിട്ടിട്ടു പാകം ആണോന്നു നോക്കിയേ..''''
''പറയടാ ..എവിടുന്നാ കാശെന്നു?''
അതുവരെ കാണാത്ത ഒരു ചേച്ച്യേ ഞാൻ കണ്ടു..ദേഷ്യത്തിൽ മുഖം കടുത്തിരിക്കുന്നു...
''''ചേച്ചി ഞാൻ ...ഞാൻ ...ജോലി ചെയ്തുണ്ടാക്കിയതാ...''''
''എന്ത് ജോലി...?''
''''ആ ആ രാഘവൻ മേസ്തിരിയുടെ കൂടെ പണിക്കു പോയി..''''
എന്തിനാണെന്നറിയില്ല..അന്ന് ആദ്യായിട്ട് ചേച്ചി എന്നെ കുറയെ തല്ലി . എന്നിട്ടു മുറിയിൽ പോയി വാതിലടച്ചു.എന്റെ ചേച്ചി കരയുകയാണെന്നു എനിക്ക് മനസ്സിലായി.ഞാൻ പോയി ചേച്ച്യേ വിളിച്ചു...''''ചേച്ചി..വാതിൽ തുറക്ക് ഞാൻ പറയട്ടെ..''''അൽപനേരം കഴിഞ്ഞപ്പോൾ ചേച്ചി വാതിൽ തുറന്നു..
''''ചേച്ചി...എന്നോട് ക്ഷമിക്കണം..കൊച്ചുമോൻ നല്ല ഉടുപ്പൊക്കെയിട്ട് സ്കൂളിൽ പോകുമ്പോൾ ചേച്ചി ഈ കീറിപ്പറിഞ്ഞ ചുരിദാർ തയ്ച്ചിട്ടത് കൊച്ചുമോന് സങ്കടായി..അതാ..ഞാൻ..ഞാൻ..എന്നോട് ക്ഷമിക്കു ചേച്ചി...''''
''മോനെ....''ന്നു വിളിച്ചു എന്നെ കെട്ടിപിടിച്ചു ചേച്ചി കരഞ്ഞു...''ഇപ്പോൾ മോൻ പഠിച്ചാൽ മാത്രം മതി...പഠിച്ചു നല്ല ജോലിക്കു പോകണം..ന്റെ കുട്ടി കല്ലും മണ്ണും ചുമക്കാൻ ഞാൻ സമ്മതിക്കില്ല... നല്ല ജോലിയൊക്കെ കിട്ടിയിട്ട് ന്റെ മോൻ എനിക്ക് ഒരുപാടു ചുരിദാറും,സാരിയും ഒക്കെ വാങ്ങിത്തരണം..കേട്ടോ..വാ...നമുക്ക് ഊണ് കഴിക്കാം...''
അടുത്ത ദിവസം ചേച്ചി ആ ചുരിദാർ ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചെങ്കിലും അതു വെറും പ്രതീക്ഷ മാത്രമായിപോയി .
അങ്ങിനെ SSLC പരീക്ഷ കഴിഞ്ഞു.നന്നായി എഴുതിയിട്ടുണ്ട്. റിസൾട്ട് വരാൻ കാത്തിരുന്നു. റിസൾട്ട് വരുന്ന ദിവസം അതറിയാൻ ഞാനും കൂട്ടുകാരും സ്കൂളിൽ എത്തി. പ്രതീക്ഷിച്ചതാണെങ്കിലും എനിക്ക് ഒന്നാം റാങ്ക് ഉണ്ടെന്നു പറഞ്ഞു സദാശിവൻ സാർ കെട്ടിപ്പിടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷമാരുന്നു മനസ്സിൽ.
നേരെ ഓടിയത് ചേച്ചിയുടെ അടുത്തേക്കാണ്. സമ്മാനമായി ചേച്ചി അന്ന് നെറ്റിയിൽ തന്ന ആ ചുംബനം അതാണ് ഇന്നും എനിക്ക് കിട്ടിയിട്ടുള്ളതിൽ എന്റെ പ്രിയപ്പെട്ട സമ്മാനം.
വിജയികളെ ആശംസിക്കാൻ സ്കൂളിൽ PTA ഒരു പരിപാടി നടത്തി.അന്ന് എന്റെ ചേച്ചി ഞാൻ വാങ്ങി കൊടുത്ത ആ ചുരിദാർ ധരിച്ചാണ് എത്തിയത്.ആ സന്തോഷത്തിനു മേലെയല്ലാരുന്നു എനിക്ക് മറ്റൊന്നും.
പിന്നീട് പല പരീക്ഷകളും വിജയങ്ങളും ഞാൻ കരസ്ഥമാക്കി.ഇന്ന് എനിക്കൊരു ജോലിയുണ്ട്.എന്റെ ചേച്ചിക്ക് പ്രായവും കൂടിയിരിക്കുന്നു.ചേച്ചി ഇപ്പോൾ ആ തുണിക്കടയിലെ പഴയ ജോലിക്കാരിയല്ല.IAS ആകുക എന്ന അച്ഛന്റെ മോഹം സാധിക്കാൻ പറ്റിയില്ലെങ്കിലും നല്ലൊരു സർക്കാർ ഉദ്യോഗസ്ഥയാണ് ഇന്ന് ചേച്ചി.ഇതിനിടക്ക് എന്നേം ചേച്ചിയേം ഒറ്റക്കാക്കി അമ്മയും പോയിരുന്നു.
ഇപ്പോൾ ചേച്ചിക്ക് നല്ല കല്യാണ ആലോചനകൾ വരുന്നുണ്ട്.അമ്മയെങ്കിലും ഉണ്ടായിരുന്നേൽ ഒരുപക്ഷെ ചേച്ചിയുടെ കല്യാണം അല്പം നേരത്തെ നടത്തിയേനെ.എങ്കിലും സാരമില്ല അല്പം വൈകിയെങ്കിലും ഇന്ന് എന്റെ ചേച്ചിക്ക് നല്ലൊരു ബന്ധം കിട്ടും.
ഒരു അച്ഛന്റെയും,അമ്മയുടെയും,ജേഷ്ടന്റെയും ,അനിയന്റെയും സ്ഥാനത്തു നിന്ന് ആ കല്യാണം എനിക്ക് നടത്തണം. ചേച്ചിയുടെ കഴുത്തിൽ താലി മുറുകുന്ന ആ ധന്യ മുഹൂർത്തം അതു കണ്ടെനിക്കൊന്നു നിർവൃതി അടയണം. അതാണ് ഞാനെന്റെ അച്ഛന്റേം അമ്മെയുടെയും ആത്മാവിന്നൽകുന്ന ബലിതർപ്പണം...
ഇന്ന് എന്റെ ചേച്ചിയുടെ കല്യാണമാണ് ചേച്ചിയുടെ മേലുദ്യോഗസ്ഥനാണ് വരൻ. പ്രണയമൊന്നുമല്ല കേട്ടോ.പുള്ളിക്കാരന് ചേച്ചിയെ ഇഷ്ടമാരുന്നു.അങ്ങിനെ നേരെ വന്നു എന്നോട് ചോദിച്ചതാ.കെട്ടിച്ചു കൊടുക്കുവോന്നു.ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ന് ഇ കല്യാണപ്പന്തൽ വരെ എത്തിയത്.
അളിയന്റെയും ചേച്ചിയുടെയും ആഗ്രഹപ്രകാരമാണ് കല്യാണം ഇവിടെ ആശ്രയ ഭവനിൽ വച്ച് നടത്തുന്നത്. അവിടുത്തെ അമ്മമാരുടേം അച്ചന്മാരുടെയും ചേട്ടന്മാരുടെയും അനിയന്മാരുടേം അനുഗ്രഹത്തിൽ . എന്റെ ചേച്ചിക്ക് മംഗല്യം.
അഞ്ചു കൂട്ടം പായസമൊക്കെയായി നല്ല ഒന്നാന്തരം സദ്യയും. കല്യാണം കഴിഞ്ഞു അളിയനും ചേച്ചിയും യാത്രയാകുന്നത് കണ്ടു ഒരേ സമയം ആനന്ദിച്ചും സങ്കടപെട്ടും നിൽക്കുകയാരുന്നു ഞാൻ. അപ്പോഴാണ് ഒരമ്മ എന്റടുത്തേക്കു വന്നത്.
''മോനെ... ആരുടെ കല്യാണമായിരുന്നു അതു...?''
''''എന്റെ ചേച്ചിയുടെ ...''''
''ഒരു കല്യാണം കൂടിയ കാലം മറന്നു മോനെ...എന്തായാലും നന്ദിയുണ്ട്‌ നിങ്ങളോടു..ലക്ഷങ്ങൾ മുടക്കി ആര്ഭാടത്തിന്റെ അത്യുന്നതിയിൽ വലിയ ഹാളുകളിലേക്കു ഒതുങ്ങുന്ന ഒന്നാണല്ലോ ഇന്ന് കല്യാണങ്ങൾ..ആ ആര്ഭാടങ്ങളൊക്കെ വിട്ടു ഈ പാവം അനാഥരോടൊപ്പം ഇ സന്തോഷം പങ്കിടാൻ കാണിച്ച മനസ്സിന് ഒരുപാടു നന്ദിയുണ്ട് മോനെ ...''
''''അയ്യോ നന്ദി ഒന്നും പറയല്ലേ അമ്മെ...ഞങ്ങളും നിങ്ങളിലൊരാളാണ്... അച്ഛനോ അമ്മയോ സ്വന്തമോ ബന്ധമോ ഒന്നും ഞങ്ങൾക്കുമില്ല. പക്ഷെ ഇപ്പോൾ നിങ്ങളൊക്കെയാണ് ഞങ്ങൾക്ക് സ്വന്തങ്ങൾ.എന്റെ ചേച്ച്യേ മനസ്സ് നിറഞ്ഞു അനുഗ്രഹിച്ചില്ലേ.അതുമതി.. അതുമാത്രം മതി...എനിക്ക്..''''
''എനിക്കുമുണ്ട് കുഞ്ഞേ കല്യാണപ്രായമായ ഒരു മകൾ ...അവൾ ഡിഗ്രിക്കു പടിക്കുമ്പഴാ എന്റെ കെട്ട്യോൻ മരിക്കുന്നതു... ഒന്നും ഉണ്ടാക്കിയിട്ടില്ലാരുന്നു..ഒരു ചെറിയ വീടുണ്ടാരുന്നത് ബാങ്ക് കൊണ്ടുപോയി... അങ്ങിനെയാ എന്റെ കുഞ്ഞു എന്നെ ഇവിടെ കൊണ്ടാക്കിയത്..അവൾ ഇപ്പൊ ഏതോ വലിയ തുണിക്കടയിലാ ജോലി...അവിടെ അവർക്കു താമസ സൗകര്യമുണ്ട്..ഇടയ്ക്കു അവധി കിട്ടുമ്പോൾ എന്റെ കുഞ്ഞു ഓടി വരും എന്നെ കാണാൻ... പാവം.. ..അവളുടെ കൂട്ടുകാരൊക്കെ കെട്ടി തുടങ്ങി....ദൈവം ഇത്ര ക്രൂരനാണോ അമ്മെ ന്നു എന്റെ കുട്ടി എന്നോട് ഇടയ്ക്കു ചോദിക്കും...ഉത്തരം ഇല്ലേ എനിക്ക്.. .''
എന്റെ അച്ഛൻ മരിച്ചു കിടന്നപ്പോൾ അമ്മയുടെ കണ്ണിൽ കണ്ട അതെ കണ്ണീരാണ് ഞാൻ ആ അമ്മയിലും കണ്ടത്. കണ്ണുകൾ നിറഞ്ഞെങ്കിലും അല്പം ചിന്തിച്ചിട്ട് ഞാൻ ആ അമ്മയോട് ചോദിച്ചു...
'''''അമ്മ പോരുന്നോ ന്റെ വീട്ടിലേക്കു..?''''
''അയ്യോ...ഇല്ല മോനെ ...അത് ശരിയാകില്ല..
ജോലിയൊന്നും ചെയ്യാൻ ഇ വയ്യാണ്ടായ ശരീരം സമ്മതിക്കില്ല... എന്റെ മോൾക്ക് അത് ഇഷ്ടമാകില്ല...''
''''അയ്യോ അമ്മെ ഒരു ജോലിക്കാരി ആയിട്ടല്ല എന്റെ അമ്മയായിട്ടു വന്നാൽ മതി..''''
''മോന് വലിയ മനസ്സാ ന്നാലും വേണ്ട കുഞ്ഞേ...ഞാൻ ഇവിടെ കഴിഞ്ഞോളം...എനിക്ക് ഇവിടമാ ഇഷ്ടം...''
''''ആ മോളെക്കൂടി വീട്ടിലേക്കു കൂട്ടിയാലൊ? അപ്പോൾ വരുമോ 'അമ്മ?''''
''എന്താ മോൻ പറയണേ..?''
''''അതെ അമ്മെ ...അമ്മയുടെ മോളെക്കൂടി നമുക്ക് കൂട്ടാം... ആ വീടിനു ഇനിയൊരു ഗൃഹനായിക വേണം...''''
പ്രതീക്ഷയുടെ ഒരു തിളക്കം അമ്മയുടെ കണ്ണുകളിൽ ഞാൻ കണ്ടു.ആ തിളക്കം ഒട്ടും ചോരാതെ 2 തുള്ളികൾ താഴേക്ക് വീണു.
''വലിയ മനസ്സാ ...കുഞ്ഞേ നിന്റെ ..പക്ഷെ ഇഷ്ടപ്പെടുവോ നിനക്ക് എന്റെ കുഞ്ഞിനെ..?''
''''ഈ അമ്മയുടെ മോളല്ലേ...എനിക്കിഷ്ടപെടും...''''
നിങ്ങൾ തന്നെ പറയ്..എന്റെ ചേച്ചി വളർത്തിയ ഞാൻ ഒരു കുട്ടിക്ക് ജീവിതം കൊടുക്കണമെങ്കിൽ അതു അവൾക്കു തന്നെ ആകണ്ടേ..? ആകണം...
ആ അമ്മക്ക് ഞാൻ വാക്ക് കൊടുത്തു ..ചേച്ചിയെ വിളിച്ചു പറഞ്ഞു..ചേച്ചി ഫോണിലൂടെ കരഞ്ഞുകൊണ്ട് പറഞ്ഞത് "അതാണ് ഞാൻ ചേച്ചിക്ക് കൊടുത്ത പ്രിയപ്പെട്ട സമ്മാനമെന്നാണ്". എല്ലാം ഉറപ്പിച്ചു.. എല്ലാര്ക്കും നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ ആ 'അമ്മ ഒന്നുടെ ചോദിച്ചു ..
''മോനെ നിനക്ക് ജോലി വല്ലതുമുണ്ടോ..?''
''''അഹ്..ഒരു ചെറിയ ജോലിയുണ്ട് അമ്മെ...'അമ്മ പേടിക്കണ്ട ഒരു കുടുംബത്തിന് തരക്കേടില്ലാതെ ജീവിക്കാനുള്ള വരുമാനം എനിക്കുണ്ട്...''''
അത്രയും പറഞ്ഞുകൊണ്ട് പുറത്തു എനിക്കായി കാത്തു കിടക്കുന്ന എന്റെ വാഹനത്തെ ലക്ഷ്യമാക്കി ഞാൻ നീങ്ങി...ജില്ലാ ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം..
കിരൺ കൃഷ്ണൻ ...
07/16

1 comment:

  1. തീർച്ചയായും ഹൃദയസ്പർശിയായ എഴുത്ത്.അഭിനന്ദനങ്ങൾ..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot