നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുറ്റവാളി



**********
നഗരാതിർത്തിയിൽ നിന്നുമാണ് അവർ അവനെ പിടിച്ചത്. അവനവിടെ ഏതൊക്കെയോ രാഷ്ട്രീയ പാർട്ടികളുടെ കഴിഞ്ഞു പോയ സമ്മേളനങ്ങളുടെ ബാക്കി പത്രമായ ഫ്ലെക്സിൽ തന്റെ മെലിഞ്ഞ ശരീരം ഒളിപ്പിച്ചു, അടുക്കി വെച്ച നോട്ടീസുകളിൽ തലയുടെ ഭാരമിറക്കി വെച്ചു, തനിയെ കിടന്നു പുതിയ ഗൂഡാലോചനകൾ മെനയുകയായിരുന്നു..
എന്നത്തേയും പോലെ ഇത്തവണയും പ്രതിയെ പിടിച്ചത് സുരക്ഷ ക്യാമറ തന്നെയാണ്. പോലീസുകാരും നാട്ടുകാരും വലിയൊരു ജാഥയായി വന്നു. ചിലർ ആക്രോശിച്ചു.. ചിലർ മുഷ്ഠി ചുരുട്ടി ഇടിച്ചു.. ചിലർ അവന്റെ വസ്ത്രം വലിച്ചു കീറി.
പൊതുജന മധ്യത്തിലൂടെ കൈകൾ കൂട്ടി കെട്ടി അവർ അവനെ നടത്തിച്ചു.. ചെരുപ്പിടാതെ നടന്നു ശീലിച്ച കാലുകൾ പൊട്ടി ചോര ഒലിച്ചു.. കാട് പോലെ വളർന്ന മുടിയിൽ നിന്നും വിയർപ്പും ചോരയും ഒഴുകിയിറങ്ങി.
മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ അവന്റെ നേരെ തുറന്നു. അവർ അവനെ ചൂടുള്ള വാർത്തകളാക്കി ജനങ്ങൾക്ക്‌ ഭക്ഷിക്കാൻ കൊടുത്തു. അവർ അത് കണ്ടു കൊണ്ട് തിന്നു.. കുടിച്ചു.. സംതൃപ്തരായി ഉറങ്ങി..
കോടതി വളപ്പിൽ ആളുകൾ തിങ്ങി കൂടി. പോലീസുകാർ ലാത്തി വീശി. മഴ പെയ്തും തോർന്നും നിന്നു. വീടുകളിൽ സെറ്റിയിൽ ചാരി കിടന്നു ചിലർ ടി വി ഓണാക്കി നോക്കിയിരുന്നു. ഇന്നാണ് വിധി.
സമൂഹ മാധ്യമങ്ങളിൽ ഷെയറുകൾ കൊഴുത്തു. കൂടുതൽ ലൈക്കനായി ചിലർ ഡിക്ഷനറികൾ തുറന്നു. വ്യത്യസ്തത വേണം. ചിലർ ലൈവിൽ വന്നു. സംഭവസ്ഥലത്തു നിന്നും സെൽഫികൾ ഗ്രൂപ്പിൽ നിന്നും ഗ്രൂപ്പുകളിലേക്ക് പടർന്നു.
ന്യായാധിപൻ മൌനമായി ഇരിക്കുന്നു. മുൻപിൽ നീതി ദേവത എന്നത്തേയും പോലെ കണ്ണുകൾ അടച്ചു കെട്ടി ഇരുട്ടാക്കി. വാദങ്ങൾ നിരന്നു . അവൻ കുറ്റവാളിയായി.. അവർ അവനെ വെറുപ്പോടെ.. പുച്ഛത്തോടെ നോക്കി.. അവന്റെ വെളിച്ചം കെട്ട കണ്ണുകളിൽ ഇരുൾ മറ കെട്ടി.
അവൻ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കി. അവന്റെ തളർന്ന കണ്ണുകൾ അത്ഭുതത്തോടെ ചുറ്റും നോക്കി.. പരന്ന നെഞ്ചിൽ അവിടവിടെ കറുത്തിരുണ്ട പാടുകൾ.
ചോദ്യങ്ങൾക്ക് ഉത്തരം പറയാതിരുന്നപ്പോൾ അവൻ ധിക്കാരിയായി. പൊട്ടിയ ചുണ്ടിൽ വിടർന്ന പുഞ്ചിരി അവനെ അഹങ്കാരിയും അഹംഭാവിയുമാക്കി. കറതീർന്ന കുറ്റവാളിയാക്കി..
കുറ്റപത്രം ഇങ്ങനെ പറഞ്ഞു. ഇവൻ മോഷ്ടാവ്. ദേവാലയ ഭണ്ഡാരങ്ങൾ കുത്തി തുറക്കുന്നവൻ. വിശ്വാസികളുടെ പണം അപഹരിക്കുന്നവൻ.. ദൈവത്തിന്റെ പണം കവർന്നവൻ. വെള്ള കുപ്പായം ചിരിച്ചു. വെള്ളമുണ്ടും നേര്യതും ധരിച്ചവർ ശരി വെച്ചു. അമ്പലമണികൾ തല വെട്ടിച്ചതും പള്ളി കുരിശു ചെരിഞ്ഞതും ആരും അറിഞ്ഞില്ല.
നീതിപീഠം വീണ്ടും ചോദിച്ചു.
അവൻ വാ തുറന്നു.
" കാറും ബംഗ്ളാവും വാങ്ങിയില്ല. സ്ഥലങ്ങൾ വാങ്ങിയില്ല. നല്ല വസ്ത്രമോ മൊബൈൽ ഫോണോ വാങ്ങിയില്ല. തെരുവിൽ വിശന്നു കരയുന്നവർക്കു ഭക്ഷണം വാങ്ങി കൊടുത്തു. അതിലൊരു പങ്കു ഞാനും കഴിച്ചു. തെരുവിലുറങ്ങി. തെറ്റായിരുന്നു. അത് ദൈവങ്ങൾക്ക് കിടന്നുറങ്ങാൻ വലിയ കെട്ടിടങ്ങൾ പണിയാനുള്ള പണമായിരുന്നു. ദൈവങ്ങൾക്ക് സഞ്ചരിക്കാൻ വില കൂടിയ വാഹനങ്ങളും വേണമായിരുന്നു. ഞാൻ കാരണം എല്ലാം മുടങ്ങി. എന്നെ ശിക്ഷിക്കൂ.. "
അവൻ തല കുനിച്ചു. കോടതി നിശബ്ദമായി. വീടുകൾ നിശബ്ദമായി. സോഷ്യൽ മീഡിയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു തുടങ്ങി. ആരൊക്കയോ ചേർന്നു കേബിൾ ബന്ധങ്ങൾ വിച്ഛേദിച്ചു. മാധ്യമങ്ങൾ പുതിയ ചർച്ചകൾക്കായുള്ള വിഷയങ്ങളും നേതാക്കന്മാരെയും അന്വോഷിക്കാൻ തുടങ്ങി.
മഴ പെയ്തു. നീതിപീഠം പിരിഞ്ഞു. ന്യായാധിപൻ സി സി ടിവി ദൃക്ഷ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ച് വിധിയെഴുതി. ദൈവങ്ങൾ നന്നായി ഭക്ഷണം കഴിച്ചു, എസി റൂമിൽ വിശ്രമത്തിനായി കിടന്നു. ഉറങ്ങി.
**********
എബിൻ മാത്യു കൂത്താട്ടുകുളം
29-05-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot