Slider

കാക്കാന്റെ ഇതിഹാസങ്ങൾ തുടരുന്നു.

0
Image may contain: 1 person
തെറ്റിപ്പോയ ബംഗാളിയെ ഉടൻ തിരിച്ചുവിളിക്കണമെന്നും കച്ചവടത്തിന് കോട്ടം തട്ടാതെ കാര്യങ്ങൾ രമ്യമായി പരിഹരിക്കണമെന്നും കാക്ക അതിയായി ആഗ്രഹിച്ചിരുന്നു.
അതിനായി ഒരവസരം കാത്തിരിക്കുകയായിരുന്നു കാക്ക.അപ്പോഴുണ്ട് നമ്മുടെ റൂം മാലിക് പാഞ്ഞു വരുന്നു.
"ജാദാ പ്രോബ്ളം.... ജ്യാദാ പ്രോബ്ളം" എന്ന് പറഞ്ഞു കൊണ്ട്.
കേട്ടപാതി കേൾക്കാത്ത പാതി കാക്ക പുറത്തേക്ക് പാഞ്ഞു.
ജാഥയിലെന്തോ പ്രശ്നമുണ്ടെന്നു് കാക്ക തെറ്റിദ്ധരിച്ചിരിക്കുകയാ.
കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞതിന് ശേഷം കാക്ക എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു..
ബംഗാളി പറഞ്ഞു വന്നത് ബംഗാളികളുടെ കോട്ടേഴ്സിൽ എന്തൊക്കെയോ പ്രശ്നം നടക്കുന്നു എന്നാണ്.
ഇവരുടെ കൂടെ താമസിക്കുന്ന ബംഗാളികളൊരുത്തന്റെ മലയാളിയായ മേസ്തിരി വെള്ളമടിച്ച് വന്ന് "ബഹുത് മ്യാരക" ചെയ്തു എന്ന് റൂം മാലിക് ബംഗാളി വിശദീകരിക്കുന്നു.
ഞാനിത് കാക്കയോട് പറയേണ്ട താമസം, ഒരൊറ്റ പാച്ചിലായിരുന്നു ബംഗാളിയേം കൂട്ടി ഞമ്മളെ കാക്ക.
ഞാനാകെ ബേജാറായി.കാരണം ഞാൻ പറഞ്ഞതെന്താണെന്ന് കാക്കാക്ക് മനസ്സിലായിട്ടുണ്ടോ എന്ന് അറിയില്ല.
കാക്ക അവിടെ പോയി ബംഗാളികളേയാണോ തല്ലുക, അതോ പ്രശ്നക്കാരൻ മേസ്തിരിയേയോ എന്ന കാര്യത്തിൽ എനിക്ക് ആകെ ആശങ്കയായി.
കാക്കയാണെങ്കിലോ നിപ്പോ ബാറ്ററി ചോദിച്ചു വന്ന റൂം മാലിക്കിനെ കയ്യിലെടുക്കാനുള്ള ഒരവസരം കാത്തിരിക്കുകയല്ലെ.
അങ്ങിനെ കാക്ക അവിടെ എത്തിയപ്പോഴുണ്ട് മേസ്തിരി ബംഗാളികളെയൊക്കെ വിരട്ടുന്നു.
"ഇന്താടാ ഇബ്ടെ പിത്തന"?.
കാക്കാന്റെ ചോദ്യം കേട്ട് ആരോഗ്യ ദൃഡഗാത്രനായ മേസ്തിരി കാക്കാന്റെ നേരേ തിരിഞ്ഞു.
" ഇങ്ങളിതിലിടപെടണ്ട കിളവാ" എന്ന്.
ആ പറഞ്ഞത് കാക്കാക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
" ഇജ്ജെന്താടാ തെണ്ടീ പറഞ്ഞൂ" ന്നും പറഞ്ഞോണ്ട് കാക്ക മേസ്തിരിയുടെ കവിളിലൊരു തോണ്ടൽ..
കാക്ക പഴയ മർമ്മാണിയാ.. നാട്ടിലെ അൻപത് വയസ്സിൽ അധികമുള്ളവർ ഏറെ പേരും കളരിയഭ്യാസികളായിരിക്കും.
അതു കൊണ്ട് അവരോട് ഇടപെടുമ്പോൾ വളരെ ശ്രദ്ധിച്ച് തന്നെ ഇടപെടണം. ഇത് മേസ്തിരിക്കറിയില്ല.
കാക്കാന്റെ ആ ഒരൊറ്റ തോണ്ടലിൽ തന്നെ മേസ്തിരിയുടെ കഥ കഴിഞ്ഞു.
അസഹ്യമായ വേദനയാൽ മേസ്തിരി നിലത്തിരുന്നു പോയി. കോടിയ കവിളിൽ പിടിച്ച് മേസ്തിരി ദയനീയമായി കാക്കയെ നോക്കി.
ആ നോട്ടം കാക്കാനെ സങ്കടപ്പെടുത്തി.
കാക്ക മേസ്തിരിയുടെ താടിയെല്ലിലും പിരടിയിലും പിടിച്ചൊന്നമർത്തി. എന്നിട്ട് ഒന്ന് തിരിച്ചു..
അതോടെ മേസ്തിരിയുടെ കവിൾ പഴയ പോലെയായി.
പിന്നെ മേസ്തിരി അവിടെ നിന്നില്ല ഓടടാ ഓട്ടം.
കാക്കാന്റെ ഈ കലാ പരിപാടികളൊക്കെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ് ബംഗാളികൾ.
കാക്കായോട് വല്ലാത്ത ആദരവും ബഹുമാനവും അതിലുപരി ഭയവും ബംഗാളികൾക്കുണ്ടായി.
കാക്ക, നാട്ടിലെ ഭയങ്കര ദാദാഗിരിയാണെന്ന് ബംഗാളികൾ മനസ്സിലാക്കി.
അന്ന് വൈകീട്ട് കാക്ക കടയിലുള്ള നേരത്താണ് ഒരു ബംഗാളി ബീഡി വാങ്ങാനായ് വന്നത്.
ബംഗാളികളുടെ ബീഡിക്ക് ഹസീന, ലൈല എന്നൊക്കെയാണ് പേര്.
കാക്കാക്ക് ഹിന്ദി വശമില്ലാത്തതിനാൽ മന്ദി (മലയാളം + ഹിന്ദി)യാണ് ബംഗാളികളോട് പറയാറ്.
ബംഗാളി വന്ന് "ഹസീന ചട്ടകാ" എന്ന് കാക്കാനോ ട് പറയുകയുണ്ടായി.
കാക്ക മനസ്സിലാക്കിയത് ടിയാന്റെ ഭാര്യ ഹസീനക്ക് ചട്ടുകം വേണമെന്നാണ്.
കടയുടെ മൂലക്ക് വച്ചിരിക്കുന്ന അലൂമിനിയം പാത്രങ്ങൾക്കിടയിൽ കാക്കാന്റെ കണ്ണുകൾ പരതി.
അവിടെയാണോ ചട്ടുകം ഇരിക്കുന്നത് എന്നറിയാനായിരുന്നു ആ നോട്ടം.
ചട്ടകാ ഹസീന എന്ന് പറഞ്ഞാൽ നാല് ഹസീന എന്നാണ്.
നാല് പായ്ക്കറ്റ് ഹസീന ചോദിച്ചിട്ട് വടിയും കുന്തങ്ങളും ഒക്കെ ഇരിക്കുന്ന മൂലയിലേക്ക് കാക്ക പോയത്, നോമ്പ് കാലത്ത് പരസ്യമായി ബീഡി ചോദിച്ച എന്നെ തല്ലാനാണ് എന്ന് ബംഗാളിയും കരുതിപ്പോയി.
മൂലയിൽ നിന്ന് ചട്ടുകവും കയ്യിലെടുത്ത് വരുന്ന കാക്കാനെ കണ്ട് ബംഗാളി ആകെ പതറി.
കാക്ക ബംഗാളിയുടെ അടുത്തെത്തുന്നതിന് മുമ്പേ ബംഗാളി മെല്ലെ പുറത്തേക്കിറങ്ങി.
പിന്നെ ഒരൊറ്റ പാച്ചിലായിരുന്നു.
നാഷണൽ ഹൈവേയുടെ ഓരത്തുകൂടെ ബംഗാളിയുണ്ട് ഒരു പാച്ചിൽ പാഞ്ഞിട്ട്...കാര്യം മനസ്സിലാകാതെ ഞമ്മളെ പുന്നാര കാക്കയും?.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo