
( ഈ കവിത മുകളിൽനിന്നു താഴോട്ടും താഴെനിന്നു മുകളിലോട്ടും ചൊല്ലാൻ പാകത്തിലെഴുതിയതാണ്. അവസാനത്തെ ഖണ്ഡിക ആദ്യം ചൊല്ലി മേല്പോട്ടും ചൊല്ലിനോക്കൂ )
പാവം, പാവം, വവ്വാൽ പാവം,
പാലൂട്ടുന്നൊരു വവ്വാൽ പാവം.
കാലാൽത്തൂങ്ങും വവ്വാൽ പാവം
കാഴ്ചയിതേറുംവവ്വാൽ പാവം.
പാലൂട്ടുന്നൊരു വവ്വാൽ പാവം.
കാലാൽത്തൂങ്ങും വവ്വാൽ പാവം
കാഴ്ചയിതേറുംവവ്വാൽ പാവം.
രണ്ടുണ്ടക്കണ്ണുണ്ടതിനഴകിൽ
കണ്ടുപിടിക്കാനിരയെപ്പകലിൽ
ഉണ്ടൊരു വിദ്യയിതൊരു മാറ്റൊലിയായ്
കണ്ടുപിടിക്കാനിരയെ, തമസ്സിൽ.
കണ്ടുപിടിക്കാനിരയെപ്പകലിൽ
ഉണ്ടൊരു വിദ്യയിതൊരു മാറ്റൊലിയായ്
കണ്ടുപിടിക്കാനിരയെ, തമസ്സിൽ.
വംശം പലവിധമായിരമായി
വവ്വാൽലോകം വാസമതായി,
പഴവവ്വാലുകളുണ്ടെന്നറിയൂ
പഴവിത്തുകളുടെ വിതരണമായി.
വവ്വാൽലോകം വാസമതായി,
പഴവവ്വാലുകളുണ്ടെന്നറിയൂ
പഴവിത്തുകളുടെ വിതരണമായി.
പാർപ്പിടമേഖല വച്ചുഭരിക്കും
ഷട്പദലക്ഷം വവ്വാൽഭോജ്യം
ഷട്പദഭോജികളവരുടെ പടയില-
തർപ്പണബോധമതുള്ളവരെല്ലാം.
ഷട്പദലക്ഷം വവ്വാൽഭോജ്യം
ഷട്പദഭോജികളവരുടെ പടയില-
തർപ്പണബോധമതുള്ളവരെല്ലാം.
അസ്തമയച്ചോപ്പകലുന്നേരം
സസ്തനികളിവർ, കടവാതിലുകൾ
ഗുസ്തിപിടിച്ചുഭുജിക്കുമൊരയുതം
ഹസ്തിക്കൊതുകിനെയതിവേഗത്തിൽ
സസ്തനികളിവർ, കടവാതിലുകൾ
ഗുസ്തിപിടിച്ചുഭുജിക്കുമൊരയുതം
ഹസ്തിക്കൊതുകിനെയതിവേഗത്തിൽ
ചോരകുടിക്കുംവാവലതുലകിൽ
നരനായാട്ടുനടത്തില്ലൊട്ടും
ഭാരതരാജ്യമതിവിടെയതവരി-
ന്നൊരുപേരിനുമായൊരു തരിയില്ല.
നരനായാട്ടുനടത്തില്ലൊട്ടും
ഭാരതരാജ്യമതിവിടെയതവരി-
ന്നൊരുപേരിനുമായൊരു തരിയില്ല.
വവ്വാൽക്കാട്ടമതുത്തമവളമായ്
വിളയിടമവിടെയതൊരുപിടി കുടയാം,
വവ്വാൽ വിതറിയ വിത്തുകൾ പലതും
വന്മരമായി വളർന്നുപടർന്നു.
വിളയിടമവിടെയതൊരുപിടി കുടയാം,
വവ്വാൽ വിതറിയ വിത്തുകൾ പലതും
വന്മരമായി വളർന്നുപടർന്നു.
അണുവിൻവാഹകരല്ലീ വവ്വാൽ
മനുവിൻമിത്രമതിവരെന്നെന്നും
സായംസന്ധ്യയിലിവരെക്കാക്കാൻ
ശയ്യയൊരുക്കും വടവൃക്ഷങ്ങൾ.
മനുവിൻമിത്രമതിവരെന്നെന്നും
സായംസന്ധ്യയിലിവരെക്കാക്കാൻ
ശയ്യയൊരുക്കും വടവൃക്ഷങ്ങൾ.
അയുതം = പതിനായിരം, ഹസ്തിക്കൊതുക് = ആനക്കൊതുക് ( വലിയ കൊതുക് )
സന്ദീപ് വേരേങ്കിൽ ( വൃത്തം - തരംഗിണി )
Facebook : Sandeep Verengil
Facebook : Sandeep Verengil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക