നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒറ്റയാൽ മരം

Image may contain: 1 person, sunglasses and closeup
"അച്ഛാ.... എന്നെ തല്ലല്ലേ ഇനിയും
തല്ലിയാൽ ചത്തുപോകും ഞാൻ ...'."
മാർക്കറ്റിൽ പോയി വന്ന സുഷമ
കേൾക്കുന്നത് വീട്ടിനുള്ളിൽ നിന്നും
മോളുടെ ഉച്ചത്തിലുള്ള നിലവിളിയായിരുന്നു...
"ചേട്ടാ എന്തായിത്? മോളേ എന്തിനാണ് ഇങ്ങനെ തല്ലി ചതയ്ക്കുന്നത് ?."അയാളുടെ കരങ്ങളിൽ നിന്നും മോളെ അടർത്തിയെടുക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പുകയായിരുന്നു...
"എന്താടി...എനിക്ക് തല്ലാനും അവകാശമില്ലേ . അങ്ങോട്ട്‌ മാറിനില്ക്കടി തടഞ്ഞാൽ നിനക്കും കിട്ടും ...'"
"ഇല്ല മാറില്ല....എന്നെ തല്ലിക്കോളു
എന്റെ മോളെ തല്ലാൻ അനുവദിക്കില്ല.
ഈ കാട്ടികൂട്ടുന്നതെല്ലാം
നിങ്ങളുടെ ഉള്ളിലെ മദ്യമാണ്.
നമ്മൾ ഭാരമായെങ്കിൽ
എങ്ങോട്ടെങ്കിലും പൊയ്‌ക്കോളാം."...
"അതേ ടീ ഭാരമായി...
എന്റെ കണ്മുന്നിൽ നിന്ന് പൊയ്ക്കോണം .
എനിക്കാരും വേണമെന്നില്ല ...."
അയാളുടെ ആക്രോശവും അക്രമം വീക്ഷിച്ചു
ഒരു വാക്കുപോലും ഉരിയാടുവാൻ കഴിയാതെ വാതിൽപ്പടിയിൽ അയാൾക്ക്‌ ജന്മം നല്‌കിയ
സ്ത്രീ നില്‍പ്പുണ്ടായിരുന്നു...
"അമ്മേ ചേട്ടൻ എന്താണ് ഇങ്ങനെ?"
"മോനേ എന്താടാ..."'അവർക്കു പറയാനുള്ള
ഒരു അവസരവും അയാൾ കൊടുത്തില്ല ...
"തള്ളേ നിങ്ങള്‍ ഒരക്ഷരം മിണ്ടരുത്.
അകത്ത് കയറിപ്പോയ്ക്കോണം."
കണ്ണുനീർ പൊഴിച്ച് നിസ്സാഹായതയോടെ ആ സ്ത്രീയ്ക്ക് അകത്തേയ്‌ക്ക് കയറിപ്പോകുവാനെ കഴിഞ്ഞിരുന്നുള്ളൂ.മക്കൾ തന്നോളം വളർന്നാൽ അവരുടെ വാക്കുകൾ അതുപോലെ അനുസരിക്കാൻ മാത്രമല്ലേ നിർവാഹമുള്ളൂ...
ആടിത്തിമിർത്തു നിന്ന അന്തരീക്ഷം മൗനം പൂണ്ടു.രഘുവിന്റെ വീട്ടിനുള്ളിലെ അവസ്ഥ കുറച്ചു നാളുകളായി ഇങ്ങനെയാണ്.
മൂലകളിൽ നിന്നും ഏങ്ങലുകൾ മാത്രമേ പുറത്തേയ്ക്കു കടന്നുവരാറുള്ളു...
"എനിക്ക് വിശക്കുന്നു.."മദ്യത്തിന്റെ വീര്യം
ശമിച്ചു സ്വബോധത്തിലേയ്ക്ക് അയാൾ
കടന്നുവന്നു.നാവുകൾ ശബ്‌ദിച്ചു തുടങ്ങി...
"അമ്മേ അച്ഛൻ വിളിക്കുന്നു."
നിറഞ്ഞ മിഴികളോടെ അമ്മയെ വിളിച്ചുണർത്തുവാൻ മോളു ശ്രമിച്ചിരുന്നുവെങ്കിലും തളർന്ന മനസ്സുമായി സുഷമാ അതുപോലെ തന്നെ കിടന്നു...
മകന്റെ ശബ്ദം അമ്മയ്‌ക്ക്‌ കേൾക്കാതിരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
വിറയ്ക്കുന്ന കൈകളോടെ അയാളുടെ മുന്നിലേക്കു അവർ ചോറുപാത്രം വെച്ചു...
"ഇത്രനേരം എവിടെപ്പോയികിടന്നു തള്ളേ."
കുഴച്ച ഉരുള വായിലേയ്ക്കു എത്തിയിരുന്നില്ല ശകാരം തുടങ്ങിയിരുന്നു...
"എന്താണ് തള്ളേ ഉണ്ടാക്കി വെച്ചിരിക്കുന്നത് ഉപ്പുമില്ല പുളിയുമില്ല".ചോറു പാത്രം
വട്ടം വീശിയൊരു ഏറു.പാത്രം നിലത്തേയ്‌ക്ക്‌ പതിഞ്ഞു ഉള്ളിലെ വറ്റുകൾ ചിതറി തെറിച്ചത്
ആ സ്ത്രീയുടെ മുഖത്തേയ്‌ക്കും...
"മോനേ ... അമ്മ വേറെ കൊണ്ടുവരാം."
മുഖം തുടച്ചു വിറയാർന്ന ചുണ്ടുകളോടെ
അവർ പറയുമ്പോൾ അത് കേട്ട ഭാവം
പോലും അയാൾ കാട്ടിയില്ല...
"എനിക്ക് നിങ്ങളുടെ ഒരു പുല്ലും വേണ്ടാ.
മുന്നിൽ നിന്നും ഒന്നുപോയി തരാമോ."
ആക്രോശിച്ചു കൊണ്ടു ബെഡ്‌റൂമിലേയ്‌ക്ക്‌ അയാൾ കടന്നുചെന്നു...
"ടി.. നാളെ രാവിലെ തള്ളയേയും കൊണ്ടു ഒരു സ്ഥലം വരെ പോകണം അവരോടു പറഞ്ഞേക്കു
ഒരുങ്ങി നില്ക്കാൻ."
അയാളുടെ ശബ്ദത്തിനു
ഒരുമറുപടിയും നൽകിയില്ല .
തന്റെ ഉള്ളിലെ ദേഷ്യവും അമർഷവും
മൗനമായി തീർക്കുവാനായിരുന്നു
ആ നിമിഷം അവൾ ആഗ്രഹിച്ചിരുന്നത്...
.
"നിന്നോടാണ് പുല്ലേ പറഞ്ഞത്."
മകളെ കണ്ണുകളിലേയ്‌ക്ക്‌ നോക്കുബോ അധികം പിടിച്ചുനില്ക്കുവാൻ കഴിയുമായിരുന്നില്ല.
പലതും ക്ഷമിക്കാൻ തയ്യാറായത് മകളെ ഓർത്തിട്ടായിരുന്നുവെന്ന് ഒരു നിമിഷം കൂടി
അവളെ ഓർമ്മിപ്പിച്ചു...
"എങ്ങോട്ടാണെന്ന് മാത്രം പറഞ്ഞില്ല."
പതിഞ്ഞ സ്വരത്തിൽ അവൾ
ചോദിക്കുമ്പോൾ മുഖം കൊടുക്കാതെ
അയാൾ തിരിഞ്ഞു നിന്നു പറഞ്ഞു...
"എല്ലാവരെയും മുന്നോട്ടു ഇനിയും ചുമക്കുവാൻ
എനിക്ക് സാധിക്കില്ല.അമ്മയെ ഒരിടത്തേയ്‌ക്ക്‌ മാറ്റുവാൻ തീരുമാനിച്ചു.അവർ അവിടെ സുഖമായിരിക്കും."
അയാളുടെ സ്വരത്തിൽ നിന്നും ബോധ്യമായിരുന്നു എന്തെക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നുവെന്നു.....
കുറച്ചുനേരത്തെ മൗനത്തിനു
ശേഷം അവൾ ചോദിച്ചു ...
"നിങ്ങൾ വൃദ്ധസദനമാണോ
ഉദ്ദേശിക്കുന്നത്."
മുഖത്തൊരു ഭാവ മാറ്റവും വരുത്താതെ അയാൾ അവളുടെ മുഖത്തേയ്ക്കു നോക്കി തന്നെ പറഞ്ഞു...
"അതെ. "
"ദുഷ്ടനാണ് നിങ്ങൾ.
കണ്ണിൽ ചോരയില്ലാത്ത ദ്രോഹി.
ഇത്രയും നാൾ എല്ലാവരോടും സ്നേഹം
നടിച്ചു പറ്റിക്കുക ആയിരുന്നു അല്ലെ."
അവളുടെ കുറ്റപ്പെടുത്തലുകളൊന്നും
അയാൾ കേട്ടില്ലെന്നു നടിച്ചു...
"ഇതാണ് എന്റെ തീരുമാനം
അതുതന്നെ നടക്കും.നടക്കണം" ...
മകന്റെ വാക്കുകൾ നെഞ്ചുരുകും
വേദനയോടെ മറു മൂലയിലിരുന്നു അമ്മ
കേൾക്കുന്നുണ്ടായിരുന്നു.അവർ കേൾക്കുവാൻ വേണ്ടി മാത്രം ആയിരിന്നിരിക്കും ഇത്രയും ഉച്ചത്തിൽ അയാൾ പറഞ്ഞതും...
നെഞ്ചകം മുറിച്ചു കടന്നുപോയ വാക്കുകളിൽ ചിതറിവീണ കണ്ണുനീർ തുള്ളികൾ മാത്രമായിരുന്നു നടതള്ളാൻ വിധിക്കപ്പെട്ട അവരുടെ മനസ്സ് കാണുവാൻ കൂടെ ഉണ്ടായിരുന്നത്...
പ്രസവ വേദനയോടെ കൈലേയ്‌ക്ക്‌ മകനെ
ഏറ്റു വാങ്ങുമ്പോഴും അവരുടെ മിഴികളിൽ
ആ തുള്ളികൾ നിറഞ്ഞിരുന്നു.അന്നത് ആനന്ദ കണ്ണുനീരായിരുന്നുവെങ്കിൽ ഇന്ന് ഈ
തുളുമ്പി നില്ക്കുന്ന തുള്ളികളെ എന്ത്
പേരിട്ടു വിളിക്കണമെന്നു അവർക്കു തന്നെ
നിശ്ചയമുണ്ടായിരുന്നില്ല...
"പ്രായമായാൽ മക്കൾക്ക്
നമ്മൾ ഭാരമാകും അല്ലേ മാഷേ."
ഭിത്തിയിൽ മാലയിട്ട ഭർത്താവിന്റെ ചിത്രം നോക്കി ഓർമ്മകൾ അയവറുക്കുമ്പോൾ അടർന്നു വീഴുന്ന തുള്ളികൾക്ക് ആശ്വാസമേകാൻ തന്റെ എല്ലാമായ ഭർത്താവ് കൂടെ ഉണ്ടായിരുന്നെങ്കിലെന്നു അവർ
ഒരുപാട് ആശിച്ചുപോയിരുന്നു...
പെട്ടിയിൽ അടുക്കി വെച്ച വസ്ത്രങ്ങളുടെ മുകളിൽ തന്റെ ഭർത്താവിന്റെയും പ്രീയപ്പെട്ട മകന്റെയും ചിത്രങ്ങൾ അവർ കരുതി വെച്ചു...
ഇരുളുനിറഞ്ഞ മുന്നോട്ടുള്ള ജീവിതത്തിൽ വെളിച്ചമേകുവാൻ ഈ ചിത്രങ്ങൾക്ക്
മാത്രമേ സാധ്യമാകൂ എന്നു അവർക്കു
നന്നായി അറിയാമായിരിന്നിരിക്കണം...
സന്ധ്യദീപം തെളിഞ്ഞിരുന്നില്ല.
അന്ധകാരം നിറഞ്ഞു നിന്ന ഭവനത്തിൽ ശ്മശാന മൂകമായ പ്രതീതി ആയിരുന്നു.
പരസ്‌പരം ആരും മുഖം കൊടുക്കാതെ
ആ രാത്രി എല്ലാവരും കഴിച്ചുകൂട്ടി...
പ്രഭാതം വന്നു എന്നത്തേയും പോലെ ആയിരുന്നോ?.വെളിച്ചം നിറഞ്ഞു നില്ക്കുന്ന
പല ജീവിതങ്ങളിലും അന്ധകാരം നിറയ്ക്കുവാനായി പല പ്രഭാതങ്ങളും
പെട്ടന്ന് പൊട്ടി വിടരാറുണ്ട്.ആ അമ്മയുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നു...
ഹോൺ മുഴക്കി വാഹനം വീടിനു
മുന്നിൽവന്നു നിന്നു ...
അവരുടെ മടിയിൽ തലചായ്ച്ചു കിടക്കുന്ന കൊച്ചുമകള്‍ നെഞ്ചുപൊട്ടും വേദനയോടെ യാത്രയാക്കുവാൻ വിധിക്കപ്പെട്ട മരുമകൾ.
അന്ത്യയാത്രയ്‌ക്കു തുല്യമായ
അന്തരീക്ഷത്തിലൂടെ ആയിരുന്നു.
അയാൾക്ക് മാത്രം
ഒരു മാറ്റവും ഉണ്ടായിരുന്നില്ല...
"എടിയെ അമ്മയുടെ മരുന്നൊക്കെ എടുത്തുവെച്ചോ."..
അയാളുടെ ചോദ്യത്തിന്.
"മും."പുച്ഛഭാവത്തോടെ അവൾ
മറുപടി നല്‌കി...
"എന്താണ് അമ്മേ ഈ തിരയുന്നത്."
മരുമകളുടെ ചോദ്യം കേട്ട് ഒരു നിമിഷം
അമ്മയൊന്നു പരുങ്ങലിലായി...
"മോളെ...മോനു ഇഷ്ടപ്പെട്ട സാരിയും ഉടുത്തു ഇവിടെ നിന്നും ഇറങ്ങണമെന്നാണ് ആഗ്രഹിച്ചിരുന്നത് ഇപ്പോൾ ഇവിടെയെങ്ങും കാണുന്നില്ല.അവൻ ഒരുപാട് ഇഷ്ടപ്പെട്ടു
വാങ്ങി തന്നതല്ലേ.ഈ സാരിയിൽ അമ്മയെ
കാണാൻ ഒരുപാട് ഇഷ്ടമെന്ന് അവൻ
എപ്പോഴും പറയാറുള്ളതല്ലേ."
കൈയിൽ നുറുങ്ങിയ
സാരിത്തുമ്പുകൊണ്ട് മിഴികൾ
തുടച്ച് ഇടറിയ സ്വരത്തിൽ അവർ പറയുമ്പോൾ.
വീടിനു പുറത്തു അയാളുടെ പൊട്ടിത്തെറി കേൾക്കുന്നുണ്ടായിരുന്നു...
"ഇറങ്ങി വരുവാൻ നോക്കുന്നുണ്ടോ
കുറച്ചു നേരമായി കാത്തുനില്‍ക്കുവാൻ തുടങ്ങിയിട്ടു..."
"വിളിക്കുന്നു ഞാൻ ഇറങ്ങിക്കോട്ടെ .
ദേഷ്യം ഒന്നും എന്റെ മോളു കാട്ടരുത്
ഈ കാണുന്ന മുൻശുണ്ഠിയേഉള്ളൂ ."
അമ്മയുടെ ഇടറിയ വാക്കുകളെ ആശ്വസിപ്പിക്കാനുള്ള
ശേഷിയൊന്നും സുഷമയുടെ
തൊണ്ടകളിൽ തങ്ങി നിന്നിരുന്നില്ല.
വാരി പുണർന്നു കരയുവാൻ
മാത്രമേ അവൾക്കു ഈ നിമിഷം കഴിയുമായിരുന്നുള്ളൂ...
വലതുകാലുവെച്ചു തെളിഞ്ഞുനിന്ന പ്രകാശത്തെ സാക്ഷിയാക്കി വീട്ടിനുള്ളിലേയ്‌ക്ക്‌ കയറുമ്പോൾ മരുമകളായി ആയിരുന്നില്ല മകളായിട്ടായിരുന്നു അമ്മ എന്നെ സ്വീകരിച്ചത്...
വാഹനം വീടിന്റെ പ്രകാശത്തെയും
കൊണ്ടു ഗേറ്റുകടന്നുപോയി...
"ബാഗും ബുക്കുകളും എല്ലാം എടുത്തോളൂ മോളെ.ഇനിയൊരു നിമിഷം പോലും
നമുക്ക് ഇവിടെ നില്‌ക്കേണ്ട.
എന്റെ വീട്ടിലേയ്ക്കു പോകാം.
അവിടെ നിന്നു ആരും നമ്മളെ ഇറക്കിവിടില്ല."
"പോകാം അമ്മേ ഇങ്ങനെയൊരു
അച്ഛനെ ഇനി വേണ്ട.അച്ഛൻ ദുഷ്ടനാണ്."
യാത്രമദ്ധ്യ സുഷമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഓർമ്മകൾ ഊളയിട്ടു മനസ്സിലേയ്ക്ക് കടന്നുവന്നു...
രഘുവേട്ടൻ ഇങ്ങനെ ആയിരുന്നില്ല
നാളുകൾക്കു മുൻപ് വരെ.കളിയും
ചിരിയും നിറഞ്ഞു നിന്ന സന്തുഷ്‌ടമായ കുടുംബമായിരുന്നു നമ്മുടേത്.ഭൂമിയില്‍
ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത്
നമ്മുടെ വീടായിരുന്നു...
"ഏട്ടൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ
സ്നേഹിക്കുന്നത് ആരെയാണ്."
"ചെറുപ്പത്തിലേ വിധവ ആയതാണ് എന്റെ അമ്മ.
അന്ന് എനിക്കു അഞ്ചു വയസ്സ് മാത്രമേ പ്രായം ഉണ്ടാകൂ.പിന്നെയൊരു ജീവിതം അമ്മ തിരഞ്ഞെടുത്തിട്ടില്ല.മുന്നോട്ടുള്ള ജീവിത യാത്രയിൽ അമ്മയ്‌ക്കു ഞാനും എനിക്ക് അമ്മയും ആയിരുന്നു കൂട്ട്.അപ്പോൾ ആരെയാണ് ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കേണ്ടത്."
മറ്റൊന്ന് ചിന്തിക്കാതെ
കവിളിൽ നുള്ളി ഏട്ടൻ നല്കുന്ന ഉത്തരം
കേൾക്കുമ്പോൾ അറിയാതെ എന്റെ
കണ്ണുകളും നിറയുമായിരുന്നു...
എന്റെ മടിയിൽ കിടക്കുന്നതിനേക്കാളും
അമ്മയുടെ മടിയിൽ മയങ്ങാനായിരുന്നു
ഏട്ടൻ ഇഷ്ടപ്പെട്ടിരുന്നത്...
കൊച്ചുകുട്ടിയായി അമ്മയുടെ മുന്നിൽ
ഉരുളചോറിനു വേണ്ടി വാ തുറക്കുന്ന
മുഖം ഇപ്പോഴും എനിക്കു മറക്കുവാൻ കഴിയുന്നില്ല ...
എന്റെ മനസ്സുപോലും പല ആവർത്തി ആഗ്രഹിച്ചു പോയിട്ടുണ്ട് അടുത്തൊരു ജന്മം ഒന്നുണ്ടെങ്കിൽ ഈ മകന്റെ അമ്മയായി ജനിക്കണമെന്നു...
ഇങ്ങനെ അമ്മയെ സ്നേഹിക്കുന്ന മകന് എങ്ങനെയാണ് ഇത്രയും ക്രൂരനാകുവാൻ കഴിയുന്നത്....
ഏതോ ഒരു സ്ത്രീയോടൊപ്പം സിറ്റിയിൽ
വെച്ചു രഘു ഏട്ടനെ കാണാനിടയായെന്നു
അയല്പക്കത്തെ ജാനു പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല.ഫോണിലേക്കു നിരന്തരമായി വരുന്ന കാളുകൾ ഒന്നും ഞാൻ കാര്യമാക്കിയില്ല.
രാത്രികളിൽ ഏട്ടൻ വീട്ടിലേയ്ക്ക് വരാതായി.
വരുന്ന ദിവസങ്ങളിൽ കുടിച്ചു വഴുക്കുണ്ടാക്കുവാൻ മാത്രമായിരുന്നു ...
എന്നിൽ എന്ത് കുറവാണ് സംഭവിച്ചത്.
മനസ്സും ശരീരവും പൂർണമായും അയാൾക്കുവേണ്ടി അർപ്പിച്ചതല്ലേ.
എവിടെയാണ് എനിക്ക് പിഴച്ചത് ഉത്തരം
കിട്ടാത്ത ചോദ്യമായി അതങ്ങനെ നിലനില്ക്കുകയാണ്...
പെണ്ണ് ഒരുമ്പിട്ടിറങ്ങിയാൽ...
ഹോ ...
ഒന്നും ഓർക്കുവാൻ കൂടി എനിക്കു സാധിക്കുന്നില്ലല്ലൊ.ഈ നിമിഷം
ഭൂമി അവസാനിച്ചിരുന്നെങ്കിൽ
എന്നാഗ്രഹിച്ചു പോകുന്നു.
ഒരു കുടുംബത്തെയാണ് അവൾ ഇല്ലാതാക്കിയത്...
ഇത്രയും നാൾ ഇയാൾക്കൊപ്പം ആണെല്ലോ ജീവിച്ചതെന്നു ഓർക്കുബോൾ എന്നോട്
തന്നെ ലജ്ജ തോന്നുന്നു...
ജീവിതം ഇവിടെ അവസാനിപ്പിക്കില്ല.
മുന്നിൽ ഇനിയും ജീവിതമുണ്ട്.
കാലം ഒരുനാൾ അയാളെ നമ്മുടെ മുന്നിൽ കൊണ്ടുനിർത്തും അന്ന് ചെയ്‌ത തെറ്റുകൾക്ക് കാൽക്കൽ വീണ് മാപ്പപേക്ഷിക്കും.
ഇതു ആത്മാർഥമായി സ്നേഹിച്ചു
പോയതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട
പെണ്ണിന്റെ ശാപമാണ്...
മകളുടെ മുടിയിഴയിലൂടെ തഴുകുമ്പോൾ മുന്നോട്ടു ജീവിക്കാനുള്ള മനോധൈര്യം സുഷമക്കു കരുത്തു പകരുകയായിരുന്നു...
പ്രിയപ്പെട്ട രഘുവേട്ടന്...
അമ്മയെ ഒഴുവാക്കി ഇനി നമ്മളെയും എങ്ങനെ ഒഴുവാക്കണമെന്ന ചിന്തയിലായിരിക്കും ആ മനസ്സെന്നറിയാം...അമ്മയില്ലാത്ത ആ വീട്ടിൽ ഇനിയൊരു നിമിഷവും നമ്മൾ ഉണ്ടാകില്ല.
സ്വയമേ ഒഴിഞ്ഞുതരുകയാണ്.ഇനിയൊരു അവകാശം പറഞ്ഞു ആ വീട്ടിലേയ്ക്കു ഞങ്ങൾ കടന്നുവരില്ല.നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കാം.
ഇങ്ങനെയൊരു ഭാര്യയും മകളും നിങ്ങൾക്കിനി ഇല്ലെന്നു കരുതിക്കോളു.ആഗ്രഹത്തോടെ ചേട്ടനെന്നു വിളിച്ചുനിർത്തുന്നു...
വീട്ടിലേക്കു കയറി ചെല്ലുന്ന അയാൾക്ക് വേണ്ടി അവൾ കരുതി വെച്ചിരുന്ന അക്ഷരങ്ങൾ....
ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ ഇരുട്ടുനിറഞ്ഞ മുറിക്കുള്ളിൽ അയാൾക്ക്‌ വേണ്ടി കാത്തിരുന്നു മടുത്ത അക്ഷരങ്ങൾ...
പിന്നെ ഒരിക്കലും അയാളെ ആ പരിസരത്തും വീട്ടിനുള്ളിലും ആരും കണ്ടിരുന്നില്ല ...
എല്ലാവർക്കും എല്ലാം ബോധ്യമായി കഴിഞ്ഞു.
അമ്മയെയും മകളെയും ഭാര്യയും ഉപേക്ഷിച്ചു കാമുകിമായോടൊപ്പം നാടു വിട്ടു പോയ അയാളെ കുറിച്ച് കാട്ടുതീ പോലെ നാട്ടിൽ പല കഥകൾ വ്യാപിച്ചിരുന്നു...
തണ്ടുകളിലെ പച്ചപ്പിൽ വിടർന്നു നില്ക്കുന്ന ഇലകളും പൂവുകൾ പോലെയാണ് ഓരോ
മനുഷ്യ ജീവിതങ്ങൾ.ഒരുനാൾ ഇലകളും മാറിൽ വിരിഞ്ഞുനില്ക്കുന്ന പൂവുകളും പൊഴിഞ്ഞു തണ്ടുകൾ വാടും.പിന്നെയൊരു വസന്തത്തിന് നാളുകൾ കാത്തിരിക്കണം....
പാതിവഴിയിൽ ഉപേക്ഷിച്ചിട്ടു പോയ അയാളുടെ മകൾ ഇന്നു ആ നാട്ടിൽ അറിയപ്പെടുന്ന ഡോക്ടറാണ്.അയാൾ കടന്നുചെല്ലാത്ത വീട്
ആശുപത്രിയായും കാലം മാറ്റി കഴിഞ്ഞിരുന്നു...
സുഷമ ജീവിത പങ്കാളിയായി എല്ലാം
അറിയുന്ന ഒരാളെ ജീവിതത്തിലേയ്ക്ക് തിരഞ്ഞെടുത്തു.മറ്റൊരു കുട്ടി അവർക്കു ജനിച്ചിരുന്നില്ല അതുകൊണ്ട് തന്നെ മകൾ രണ്ടുപേർക്കും പ്രിയപ്പെട്ട മകളായി...
അനാഥാലയത്തിൽ അയാൾ ഉപേക്ഷിച്ചിട്ട്
പോയ അമ്മയെ ഒരു കുറവുകളും വരുത്താതെ തന്റെ നെഞ്ചോട്‌ ചേർത്തു സുഷമ ഇന്നും കാത്തു സൂക്ഷിക്കുന്നു...
ദിനവും പലമുഖങ്ങൾ സുഷമയുടെ
മുന്നിലൂടെ കടന്നുപോകുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ചു പോയ രഘുവിന്റെ മുഖം ഒരു നിമിഷമെങ്കിലും തന്റെ മുന്നിൽ വരുവാൻ
അവൾ ആഗ്രഹിച്ചിരുന്നിരിക്കണം ...
ഇത് അവളുടെ വിജയമാണ്.
അയാളുടെ മുന്നിൽ അവൾ ജയിച്ചിരിക്കുന്നു.
എത്ര വലിയ പ്രതിസന്തി ഘട്ടങ്ങൾ
തരണം ചെയ്യേണ്ടി വന്നിട്ടുണ്ടാകും.
ആർക്കു മുന്നിലും പതറാതെ മുന്നോട്ടു പൊരുതിയ അവൾക്കുമാത്രമുള്ളതു
അല്ലെ ഈ വിജയം...
തിളങ്ങുന്ന കണ്ണുകളോടെ ആശുപത്രി വരാന്തയിലേയ്ക്ക് ഒരാൾ കടന്നു വന്നു.
ശരീരമാസകലം രോമങ്ങൾ നിറഞ്ഞ് നിന്നു. കാഷായ വസ്ത്രം ശരീരത്തെ മുഴുവനായി മൂടിയിരുന്നു...
കാണുന്ന കാഴ്ച്ചയിൽ തന്നെ വ്യത്യസ്തനായി ആർക്കും തോന്നുന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്...
"അങ്ങ് എവിടുന്നാണ്."നേഴ്സിന്റെ
ചോദ്യത്തിന് പുഞ്ചിരിയാലെ മറുപടി നല്‌കി ഉള്ളിലേയ്ക്ക് അദ്ദേഹം കടന്നുചെന്നു...
"ഡോക്ടർ...
ഒരുരോഗിയെ അഡ്മിറ്റ്‌ ചെയ്‌തു
ആള് വല്ലാതെ അവശതയിലാണ്.മരുന്നുകളോട്
ഒന്നും പ്രതികരിക്കുന്നുമില്ല.മെന്റലി പ്രോബ്ലം
ഉണ്ടെന്നു തോന്നുന്നു....
"എന്താണ്."
"എന്റെ വീട്ടിൽ കിടന്നു മരിക്കണം എന്നാണ് അദ്ദേഹം പുലമ്പി കൊണ്ടിരിക്കുന്നത്.
കൂടുതൽ ഫെസിലിറ്റിയുള്ള ഹോസ്പിറ്റലിൽ പോകുവാൻ ഹരി ഡോക്ടർ ആവശ്യപ്പെട്ടിട്ടും അതൊന്നും കേൾക്കുവാൻ അദ്ദേഹം കൂട്ടാക്കുന്നില്ല.ആരും തന്നെ കൂടെയുണ്ടായിരുന്നില്ല ഇപ്പോഴത്തെ അവസ്ഥയെ ബോധ്യപ്പെടുത്തി കൊടുക്കുവാൻ."...
"എവിടുന്നാണ് മാഷേ...
തുണയായി ആരും കൂടെയില്ലേ .."
ഡോക്ടറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ പതിഞ്ഞിട്ടുണ്ടാകും.മിഴികളിൽ നിന്നും ഇറ്റു വീഴുന്ന തുള്ളികൾക്ക് എന്തെക്കയോ പറയുവാൻ ഉണ്ടായിരുന്നു....
നാവു കുഴഞ്ഞു തൊണ്ടയിൽ തങ്ങിനിന്ന അവസാന ഉമിനീരും അദ്ദേഹം മെല്ലെയിറക്കിയിരുന്നു.
ഒരു കൈകൊണ്ടു ഡോക്ടറിന്റെ കൈകളിൽ അമർത്തി പിടിക്കുമ്പോഴും മറുകൈകളുടെ വിരലുകൾ മുന്നിലുള്ള സഞ്ചിയിൽ മേലെ അയാൾ നീട്ടിയിരുന്നു...
നിലത്തു കിടന്ന സഞ്ചി ഡോക്ടർ കൈലേയ്‌ക്ക്‌ക്കെടുമ്പോൾ അദേഹത്തിന്റെ ഹൃദയത്തിന്റെ ചലനം പൂർണമായും നിലച്ചു...
മിഴികളിൽ വിടർന്നുനിന്ന പ്രകാശം
പൂർണമായും അസ്തമിച്ചിരിക്കുന്നു...
"അദ്ദേഹം പോയി നേഴ്‌സ്...
എന്തോ പറയുവാൻ ആഗ്രഹിച്ചിരുന്നു വെന്ന് തോന്നുന്നു."മുൻപും മരണത്തിനു
മുന്പിൽ സാക്ഷിയാകേണ്ടി വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണം ഒരു വിങ്ങലായി തങ്ങി നില്ക്കുക ആയിരുന്നു ഡോക്ടറിന്റെ മനസ്സിൽ ...
"ആരും അന്വേഷിച്ചു വരുമെന്ന് തോന്നുന്നില്ല ഡോക്ടർ."..
സഞ്ചിക്കുള്ളിൽ കൈകൾ കടത്തിയിട്ടും ഒരു അടയാളവും അതിനുള്ളിൽ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല....
"ഉം... ഇനി എന്താണ് നമുക്ക്
ചെയ്യുവാൻ കഴിയുന്നത്."
"ഒന്നേയുള്ളു ഡോക്ടർ."നേഴ്സിന്റെ വാക്കുകൾക്ക് കാതോർത്തു.
"അനാഥ ശവം പോലെ ശരീരം ഇവിടെത്തെ മോർച്ചറിയിൽ പുഴുക്കൾക്ക് ഇരയായി കൊടുക്കാതിരിക്കാം.ഇവിടത്തെ
ചുടല പറമ്പിൽ ശരീരത്തെ ദഹിപ്പിക്കാം ."
"അതെ...അങ്ങനെ തന്നെ ആവട്ടെ."
അവർക്കുള്ള നിർദ്ദേശവും നല്‌കി അവിടെനിന്നും
ഡോക്ടർ വീട്ടിലേയ്ക്കു തിരിച്ചു ...
"അദ്ദേഹം മരണ കിടക്കയിൽ ഏല്പിച്ച സഞ്ചി
അവിടെ ഉപേക്ഷിക്കുവാൻ മനസ്സ് അനുവദിച്ചിരുന്നില്ല അമ്മേ."
ഡോക്ടറിന്റെ മനസ്സ് ആയിരുന്നില്ല ഒരു മകളുടെ മനസ്സായിരുന്നു പെറ്റമ്മയോടും അച്ഛമ്മയോടും തുറന്നുകാട്ടുമ്പോൾ...
"അമ്മേ.. ഈ ഒരു സാരിമാത്രമായിരുന്നു കാഷായ സഞ്ചിക്കുള്ളിൽ അയാൾ കാത്തു സൂക്ഷിച്ചിരുന്നത്.അത്രമേൽ ആരെയോ
അയാൾ സ്നേഹിക്കുന്നുണ്ടു അല്ലെ."..
കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു വട്ടം
ചുറ്റിയ ജീവിതങ്ങൾ ഒരുപാടുണ്ട്.
ചില ജീവിതങ്ങളുടെ അടയാളങ്ങൾ എത്ര വലിയ അണകെട്ടി നിർത്തിയിരുന്നാലും കാലം ഒരുനാൾ ആ അണകളെപൊട്ടിച്ചു ഒരുപാട്
ചോദ്യങ്ങളുടെ മുന്നിൽ കൊണ്ടുനിർത്തും.
അവിടെ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും...
"ഏട്ടൻ അമ്മയ്‌ക്കു അവസാനമായി
വാങ്ങി കൊടുത്ത സാരി അല്ലെ ഇത് ."
ഏട്ടനെന്ന ശബ്ദം വർഷങ്ങൾക്കു ശേഷം സുഷമയുടെ നാവിന്റെ തുമ്പിൽ
അവളുപോലും അറിയാതെ കടന്നു വന്നു....
സുഷമ ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു.
അയാളുടെ കാമുകി ഉപേക്ഷിച്ചു അവരുടെ കാൽക്കൽ അയാൾ വന്നെത്തിയിരിക്കുന്നു...
ആരും തുണയില്ലാതെ പെരുവഴിയിൽ അനാഥനായി അയാൾ മരണത്തിനു
മുന്നിൽ കീഴടങ്ങിയിരിക്കുന്നു.
പെണ്ണിന്റെ ശാപം .....
പെറ്റമ്മയെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു. ആരോടും ഒരുവാക്കുപോലും പറയാതെ ഹിമാലയ താഴ്‌വരയിൽ അയാളുടെ കാൽപ്പാടുകൾ പതിയുമ്പോൾ അയാൾക്ക്‌ മുന്നിൽവലിയ ലക്ഷ്യം ഉണ്ടായിരുന്നു...
പെറ്റു വളർത്തിയ അമ്മയ്‌ക്ക്‌ ഒരു മകനു കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം എന്താണ്.എല്ലാവർക്കും
പറയുവാനും നേടി കൊടുക്കാനും കഴിയും. പക്ഷെ അവർക്കു കൊടുക്കുന്ന ദുഃഖം പേറ്റുനോവുപോലെ അടിവയറ്റിൽ എന്നും നീറ്റലായി ഉണ്ടാകും ?...
മകൻ മരണത്തിനും ജീവിതത്തിനു ഇടയിൽ ജീവിക്കുന്നത് അമ്മമാർക്ക് സഹിക്കുവാൻ കഴിയുമോ.?
അവരുടെ കണ്മുന്നിൽ
പിടഞ്ഞു മരിക്കുന്നത് ഒരു അമ്മയ്ക്കും സഹിക്കാൻ കഴിയുന്നതല്ല.
എന്റെ അമ്മയ്‌ക്ക്‌ അങ്ങനെയൊരു വേദന കൊടുക്കുവാൻ ഈ മകൻ ആഗ്രഹിച്ചിരുന്നില്ല....
ഭർത്താവിന് ഭാര്യയ്ക്ക് കൊടുക്കുവാൻ
കഴിയുന്ന ഏറ്റവും വലിയ ദുഃഖം എന്താണ്?...
ജീവിത അവസാനം വരെയും ഭർത്താവിന്റെ ഓർമ്മകളിൽ വീർപ്പുമുട്ടി സന്തോഷങ്ങളിൽ നിന്നകന്നു വെള്ള വസ്ത്രത്തിനുള്ളിൽ വിധവയായി ജീവിക്കേണ്ടി വരുന്നതല്ലേ.
അങ്ങനെയൊരു വേദന എന്റെ ഭാര്യയ്ക്കു നൽകുവാൻ ആഗ്രഹിച്ചിരുന്നില്ല...
എന്റെ മോളു അതെന്റെ അടയാളമാണ്.
അതിനുള്ള ഉത്തരം കാലത്തിനു വിട്ടുകൊടുക്കുന്നു ...
കാൻസർ എന്ന കാമുകി തലച്ചോറിനെ പൂർണമായും പ്രണയിച്ചു കഴിഞ്ഞപ്പോഴായിരുന്നു തിരിച്ചറിയുന്നത്...
ശരീരത്തെയും മനസ്സിനെയും വരിഞ്ഞുമുറുകുന്ന വേദന.
ആരെയും അറിയിക്കാതെ ഒരുപാട്
നാൾ സഹിച്ചു...
മാസങ്ങൾ അല്ലെങ്കിൽ ദിവസങ്ങൾ
ഡോക്ടർ വിധി എഴുതി കഴിയുമ്പോഴാണ്
മുന്നിലേയ്ക്ക് ഒരു വഴി വെളിച്ചമായി തെളിഞ്ഞുവന്നത്....
സ്നേഹിക്കുന്നവരെ നെഞ്ചിൽ നിന്നും പൂർണമായും പറിച്ചെറിയുക.എല്ലാവരിൽ
നിന്നും എന്നന്നേക്കുമായി അകന്നുപോവുക...
മരണം എനിക്കു മാത്രം അവകാശപ്പെട്ടതാണ്.എന്നെ ജീവനു തുല്ല്യം സ്നേഹിച്ചതിന്റെ പേരിൽ ആരുടെയും ജീവിതവും ശവപ്പറമ്പ് ആക്കുവാൻ
അയാൾ ആഗ്രഹിച്ചിരുന്നില്ല...
എല്ലാവരും എന്നെ വെറുത്തോട്ടെ.പക്ഷെ എന്നെ പ്രാണന് തുല്യം സ്നേഹിക്കുന്ന ജീവിതങ്ങൾക്ക് എന്റെ അകൽച്ച ഒരുനാൾ വെളിച്ചമേകുമെങ്കിൽ ആകാശത്തു നിറഞ്ഞു നില്ക്കുന്ന നക്ഷത്രങ്ങളുടെ കൂട്ടത്തിൽ ആ സന്തോഷവാനായ നക്ഷത്രം
അത് ഞാനായിരിക്കും ....
വിധിയും അയാളെ തോൽപ്പിച്ചു.
മരണം രംഗബോധം ഇല്ലാത്ത കോമാളിയാണോ.?പക്ഷെ അദ്ദേഹത്തിന്റെ കാര്യത്തിൽ മരണത്തിനു രംഗവും ബോധവും ഉണ്ടായിരുന്നു അവിടെ അയാളായിരുന്നു കോമാളി ആയത്...
ജനനവും മരണവും അതെവിടെ എങ്ങനെ ആയിരിക്കണമെന്ന് കാലം ആദ്യമേ തന്നെ നിശ്ചയിച്ചിട്ടുണ്ട്.ഒളിച്ചോടുവാൻ ശ്രമിച്ചാലും നമുക്ക് പോകാനുള്ള സമയം കടന്നു വരുമ്പോൾ
ആറടി മണ്ണു നമുക്കായി ഒരുങ്ങിയിട്ടുണ്ടാകും മരണക്കിടയിൽ അയാളെ ഓർമ്മിപ്പിച്ചിരുന്നിരിക്കും...
"ഹലോ ഡോക്ടർ...
അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചു.
അനാഥ ശവമാണെങ്കിലും
കർമ്മങ്ങൾ നടത്തണ്ടേ?"...
അദ്ദേഹം എല്ലാവരുടെ മനസ്സിലും ഇപ്പോഴും
ചോദ്യ ചിഹ്നമായി തന്നെ നില്ക്കുകയാണ്...
ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ലാതിരിക്കുന്നതാണ് നല്ലത്.അവരുടെ സന്തോഷങ്ങൾ ആ ഉത്തരങ്ങളിലാണ് തങ്ങി നില്ക്കുന്നത്.അങ്ങനെ തന്നെ നില്ക്കട്ടെ...
ശരൺ ലൈല ...

1 comment:

  1. യാദൃ്ഛികമായി കണ്ടപ്പോൾ വായിച്ചതാണ്.ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച എഴുത്ത്.ഇനിയും പ്രതീക്ഷിക്കുന്നു.അതിലെ അച്ഛൻ നമ്മുടെ ഇടയിൽ ഇന്നും എവിടെയൊക്കെയോ ഉണ്ട്.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot