Slider

ഉപ്പ

0
Image may contain: Haneef Labbakka Pakyara, beard and closeup

പേര് കേൾക്കുമ്പോൾ
സ്നേഹമാണെങ്കിലും,പേടിയുമുണ്ടായിരുന്നു.
തെറ്റുകൾക്ക് വഴക്ക് പറയും,
അടിക്കും.
ഇന്ന് ഞാൻ മൂന്ന് മക്കളുടെ ഉപ്പ ആയപ്പോഴാണ്, അതൊക്കെ എന്തിനായിരുന്നുവെന്നുള്ള ബോധം ഉണ്ടായത്.
ഉപ്പ ദുബായിലായിരുന്നു,
എനിക്ക് അറിയാനായതിന് ശേഷം
ദുബായിൽ നിന്ന് രണ്ട് പ്രാവശ്യമോ മറ്റോ നാട്ടിലേക്ക് വന്നിട്ടുണ്ട്.
അന്ന്
എനിക്ക് പതിനൊന്ന് വയസ്സായിരുന്നു പ്രായം.
ഉപ്പാനോട് സ്നേഹം തോന്നി തുടങ്ങിയിരുന്നു,
പേടി ഉണ്ടെങ്കിലും.
ആ പ്രാവശ്യം ഉപ്പ നാട്ടിലെത്തി.
ബദാം ആദ്യമായ് കഴിച്ചത്,
ഉപ്പയുടെ ഓൾഡ്സ്പൈസ് ഷേവിങ്ങ് ലോഷന്റെ മണം,
ജന്നാത്തുൽ ഫിർദൗസ് അത്തറിന്റെ മണം,
എല്ലാം ഇന്നും ഓർമ്മയിൽ മായാതെ നിൽകുന്നു.
ഉപ്പ നാട്ടിൽ വന്നു,
കുറച്ച് ദിവസ്സം കഴിഞ്ഞപ്പോൾ ഒരു ദിവസ്സം ഞാൻ ഉമ്മയുടെ തറവാട്ടിലേക്ക് പോയി.
വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വന്നില്ല.
അവിടെ തന്നെ രാത്രി കഴിച്ചു കൂട്ടാനുള്ള പരിപാടി യയിരുന്നു.
.
ഉമ്മയുടെ തറവാട് അടുത്ത് തന്നെ ആയിരുന്നു,
അവിടെ ഉമ്മയുടെ ഉപ്പ, ഉമ്മയുടെ ഉമ്മ,
മറ്റു കുടുംബാംഗൾ എല്ലാരു കൂടി
കുറെ പേർ ഉണ്ടായിരുന്നു ആ വീട്ടിൽ
ഉമ്മ പറഞ്ഞിരുന്നു,
വൈകിട്ട് തിരിച്ചു വരണം,
രാത്രി അവിടെ തങ്ങുന്നത്
ഉപ്പാക്ക് ഇഷ്ടപ്പെടില്ലാന്ന്.
ഞാൻ അനുസരിച്ചില്ല.
രാത്രി ഉപ്പ തറവാട്ടിലേക്ക് വന്നു.
ഉമ്മ വൈകിട്ട് തിരിച്ച് വീട്ടിലേക്ക് വരണമെന്നത്
പറഞ്ഞത് എന്താണ് അനുസരിക്കാതിരുന്നത് എന്ന് ചോദിച്ച്, രണ്ട് നല്ല അടി തന്നു.
ഉപ്പ കുറേ നേരം കഴിഞ്ഞപ്പോൾ
തിരിച്ചു പോയി.
ഞാൻ ഉറങ്ങിപ്പോയിരുന്നു തറവാട്ടിൽ ഉമ്മുമ്മയുടെ കൂടെ
പിറ്റേന്ന് കാലത്ത് ഞാൻ വീട്ടിലേക്കെത്തിയപ്പോൾ,
ഉപ്പ വീടിന്റെ പ്രധാന ഹാളിൽ ഇരിക്കുന്നു കസേരയിൽ.
എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചു,
ഞാൻ എനിക്ക് ദേഷ്യമാണ് എന്നറിയിക്കാൻ പുഞ്ചിരിച്ചില്ല.
കുറച്ചു ദിവസ്സങ്ങൾക്ക് ശേഷം ഉപ്പ സ്കൂളിലെ ബുക്കുകളൊക്കെ കൊണ്ട് വരാൻ ആവശ്യപ്പെട്ടു,
പറഞ്ഞപ്പോൾ തന്നെ പേടി കൊണ്ട് മുട്ട് വിറച്ചു,
ഉപ്പാക്ക് പുറം ചട്ടയടക്കം പുസ്തകങ്ങളൊക്കെ നല്ല വൃത്തി വേണം,
അന്ന് എന്റെ കാര്യമാണെങ്കിൽ നേരെ തിരിച്ചും.
ബുക്കുകളുമായി എത്തി ബുക്കുകൾ കീറിയതിനും കിട്ടി രണ്ടടി.
അടി കിട്ടിയതിനേക്കാൾ സങ്കടം,
എന്റെ രണ്ട് ചങ്ങാതിമാർ ജനലിനു പുറത്ത് നിന്ന് അത് കാണുന്നുണ്ടായിരുന്നു എന്നതായിരുന്നു.
ഉപ്പയുടെ അടിയും ഇഷ്ടവും എല്ലാം ഏറ്റ് വാങ്ങി കഴിയുന്നതിനിടയിൽ ഉപ്പ തിരിച്ചു പോകേണ്ട ദിവസ്സമടുത്തു.
ഉപ്പ ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ബസ്സ് വഴി, ബോംബൈക്കും, അവിടെ നിന്നും കപ്പൽ മാർഗ്ഗം ദുബൈക്കുമാണ് പോയിരുന്നത്
ഉപ്പ പോകേണ്ട ദിവസ്സം അടുക്കാറായപ്പോൾ
മനസ്സിൽ വല്ലാത്ത ഒരു വിഷമം.
എന്താണെന്ന് പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല,
ഒന്നിനും ഒരു ഉൽസാഹമില്ലായ്മ.
ഉപ്പ പോകേണ്ട ദിവസ്സം കാലത്ത്, പള്ളീയിൽ നിന്നും നമസ്കരിച്ചു വന്ന ഉപ്പാന്റെ കൂടെ ഒരു ഉസ്താദുമുണ്ടായിരുന്നു.
ഉസ്താദും, ഉപ്പയും ഞങ്ങളുമെല്ലാം ഒരുമിച്ചിരുന്ന് ചായ കുടിച്ചു.
ഉസ്താദ് ദുആ ചെയ്തു,
ഉപ്പ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങാൻ നേരം, എന്നെ ചേർത്ത് പിടിച്ച് ചുംബിച്ചു.
ഉപ്പ പടിയിറങ്ങി,
ഞാൻ വീടിന്റെ അകത്ത് നിന്നും
ജനാലകമ്പികളിൽ പീടിച്ച് ഉപ്പ പോകുന്നതും നോക്കി നിന്നു.
പെട്ടെന്ന് എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല,
ഞാൻ പൊട്ടിക്കരഞ്ഞു പോയി...
എനിക്കിമിന്നും അറിയില്ല,
ഞാൻ എന്തിനായിരുന്നു കരഞ്ഞതെന്ന്.
എന്റെ അടുത്ത് ഉമ്മ വന്നു പറഞ്ഞു,
“നിനക്ക് ഉപ്പ ബസ്സ് കയറുന്നിടം വരെ പോകാമായിരുന്നില്ലെ?!”
കേൾക്കേണ്ട താമസം ഞാൻ ഓടി,
മുട്ടുവരെയുള്ള ട്രൗസറും, ഷർട്ടുമായിരുന്നു
എന്റെ വേഷം.
റെയില്പാതക്കടുത്തുള്ള ചെറിയ കുന്നിൻ ചെരുവിലൂടെ ഞാൻ ഓടി,
റെയിൽ കടന്ന്, റോഡും കടന്ന്
ഉപ്പയും, മറ്റുള്ളവരും ബസ്സ് കാത്തു നിന്നിരുന്ന
കടയുടെ അടുത്തെത്തി.
ഞാൻ ഉപ്പയുടെ അടുത്ത് ചെന്ന് നിന്നു,
“എന്തിനാ നീ ഇങ്ങിനെ ഓടി വന്നെ?!”
ഉപ്പ കൈകൾ കൊണ്ട് എന്റെ നെറ്റിയിലെ വിയർപ്പ് തുടച്ചു,
പിന്നീട് എന്റെ ചുമൽ പീടിച്ച് ചേർത്ത് നിർത്തി,
ഉപ്പയുടെ മണം ഞാൻ ആസ്വദിച്ചു.
തലയിൽ തടവിക്കൊണ്ട് ഉപ്പ പറഞ്ഞു,
“നന്നായി പഠിക്കണം”,
ഉമ്മാനെ അനുസരിക്കണം”
മൂളലിൽ ഞാൻ ഉത്തരമൊതുക്കി,
ഉപ്പയുടെ മുഖത്തേക്ക് നോക്കി,
ഇല്ല ഉപ്പയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല,
നല്ല ധൈര്യമായിരുന്നു എന്റെ ഉപ്പാക്ക്.
“ദാ ബസ്സ് വരുന്നുണ്ട്”
ആരോ പറഞ്ഞു...
എല്ലാരും ബാഗുമെടുത്ത് റോഡിനരികിലേക്ക് നടന്നു,
ഉപ്പ ഒന്ന് കൂടി എന്റെ തലയിൽ തടവി,
എന്നെ നോക്കി പുഞ്ചിരിച്ചു.
മറ്റുള്ളവരോട് യാത്ര പറഞ്ഞു ബസ്സിൽ കയറി,
ഉപ്പ സ്റ്റെപ്പിൽ നിന്ന് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു,
ബസ്സ് പുറപ്പെട്ടു.
കണ്ണിൽ നിന്നും മായുന്നത് വരെ ഉപ്പ എന്നെ നോക്കി കൈ വീശിനിൽക്കുന്നത് കണ്ടു ഞാൻ.
വീട്ടിലെത്തി സാധാരണ പോലെ സ്കൂളിലൊക്കെ പോകാൻ തുടങ്ങി.
ഉപ്പയുടെ കത്തുകളും മറ്റും വന്നു.
ഉപ്പ പോയി മൂന്ന് മാസം കഴിഞ്ഞ് കാണും.
ഒരു വെള്ളിയാഴ്ച അന്ന് അരക്കൊല്ല പരീക്ഷ നടക്കുന്ന സമയം,
ഞാൻ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു വരികയായിരുന്നു.
ജംഗ്ഷനിൽ എത്തി
എന്റെ വയസ്സുള്ള ഒരു കൂട്ടുകാരൻ എന്റെ അരികിലേക്ക് ഓടി വന്നു പറഞ്ഞു
“എടാ നീ അറിഞ്ഞാ നിന്റെ ഉപ്പ മരിച്ചു പോയത്രെ..!!”
ഞാൻ അത് കേട്ട് അവനെ വെറുതെ നോക്കി.
അത് കേട്ട എന്നേക്കാൾ വലിയ ക്ലാസ്സിൽ പഠിക്കുന്ന വീടിനടുത്തുള്ള മുതിർന്ന ഒരു ഇക്ക പറഞ്ഞു, “ഒന്നു മിണ്ടാതിരിക്കടാ പിരാന്ത് പറയാതെ..”
വീട്ടിലെത്തി വീടിന്റെ വാതിൽകൽ ചെറിയ അമ്മാവൻ നിൽകുന്നു,
മറ്റാരും അവിടെ ഇല്ല,
ഞാൻ അകത്ത് കയറി.
ഉമ്മയുടെ മുറിയിൽ കുറച്ച് സ്ത്രീകൾ,
ഉമ്മ വെളുത്ത നിസ്കാരകുപ്പയമണിഞ്ഞ്
നിസ്കാരപ്പായയിൽ ഖുർആൻ പാരായണം
ചെയ്യുന്നു,
ഇടക്ക് “അല്ലാഹ്, അല്ലാഹ്” എന്ന് പറയുന്നു.
ഞാൻ അടുത്ത് ചെന്ന് ഉമ്മയെ തൊട്ടു,
അടക്കി വെച്ച എല്ലാ സങ്കടങ്ങളും അണപൊട്ടിയൊഴുകി,
“ന്റെ മോനേ... യാ അല്ലാഹ്”
എന്ന് വിളിച്ച് എന്നെ മാറോട് ചേർത്തണച്ച്
എന്നെ ചുംബിച്ച് കൊണ്ട് എന്റെ പൊന്നുമ്മ പൊട്ടിക്കരഞ്ഞു.
വെള്ളീയഴ്ച ജുമുഅ നംസ്കാരം കഴിഞ്ഞ്
ആളുകൾ വീട്ടിലേക്കെത്തി.
പരസ്പരം പലരും പലതും പറയുന്നുണ്ടായിരുന്നു.
പനിയായിരുന്നുവത്രെ സാധരണ പനിയാണെന്ന് കരുതി ആശുപത്രിയിൽ പോയില്ല.
മൂന്നാം ദിവസ്സം ബോധമില്ലതായപ്പോൾ ആരെക്കെയോ ചേർന്ന് ഹോസ്പിറ്റലിലെത്തിച്ചു
ഡോക്ടർ പറഞ്ഞു മലേരിയ പനിയായിരുന്നു
തലച്ചോറിനെ ബാധിച്ച് കഴിഞ്ഞു
രണ്ട് ദിവസ്സം ഹോസ്പിറ്റലിൽ
മൂന്നാം ദിവസ്സം വ്യാഴാഴ്ച പോയി.
അന്ന് ടെലഗ്രാം വഴി മരണവാർത്ത അറിഞ്ഞത്
പിറ്റേ ദിവസ്സമായിരുന്നു.
ഷാർജയിലെ ഒരു ഖബർസ്ഥാനിൽ ഉപ്പയെ ഖബറടക്കി.
കുറേപ്രാവശ്യം ഷാർജയിൽ ഉപ്പയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന ഖബർസ്ഥാനിൽ പോയിട്ടുണ്ട്.
ഉപ്പയുടെ ഒരോ ഓർമ്മകളും,
എന്തിനേറെ ഉപ്പ ഉപയോഗിച്ചിരുന്ന
ലോഷൻ,അത്തർ എന്നിവയുടേയും
ഉപ്പ മരണപ്പെട്ടതിനു ശേഷം കുറച്ചു നാളുകൾ
വീട്ടിൽ കത്തിച്ചു വെച്ചിരുന്ന ചന്ദനത്തിരികളുടെ
മണങ്ങൾ പോലും എനിക്ക് ഉപ്പയുടെ
സാന്നിധ്യമായ് തോന്നും..

By HaneefLabakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo