നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജോപ്പച്ചയാനും..പഞ്ചവർണ്ണക്കിളികളും..

Image may contain: 2 people, including Deepa K, people smiling
*************************************
Deepa K
************************************
"സോഫിയെ.. പൂയ് "
താഴെ പറമ്പിൽ നിന്നും ഉച്ചത്തിൽ ഉള്ള വിളികേട്ട് സോഫി ഓടി വന്നു മുറ്റത്തിനരികിൽ നിന്നും താഴോട്ട് നോക്കി..
പറമ്പിലെ ആളനക്കം കേട്ട് കൈസർ കൂട്ടിൽ കിടന്നു കുരയ്ക്കാൻ തുടങ്ങി..
"ഹ.. മിണ്ടാതെടാ.. അതെന്റെ കൂട്ടുകാരികളാ.. "
താഴെ പറമ്പിൽ കൂട്ടുകാരികളും..
ആ നാട്ടിലെ യുവാക്കളുടെ പുളകങ്ങളും, രോമാഞ്ചവുമായ സീമ, തുളസി, സൗമ്യ, ജിൻസി. എന്നിവർ.. തോട്ടിൽ കുളിക്കാൻ പോകാനായി വന്നിരിക്കുന്നു..
പറമ്പിലെ ചെമ്പരത്തിയിൽ നിന്നും പൂവും ഇലയും അടർത്തി കൊണ്ട് ജിൻസി വിളിച്ചു ചോദിച്ചു..
"നീ വരുന്നില്ലെടീ..??
കുറെയായി ഞങ്ങൾ ഇവിടെ നിൽക്കുന്നു.. "
"വരുന്നെടീ . ഒരു നിമിഷം.. "
വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ച് സോഫി അകത്തേക്കോടി, തലയിൽ നിറയെ എണ്ണ പുരട്ടി..
കുളിച്ചു മാറാനുള്ള വസ്ത്രങ്ങളും, തോർത്തും, സോപ്പുമായി.. കുത്തുകല്ലുകൾ ഓടിയിറങ്ങി വന്നു.. പിന്നാലെ കൈയിൽ ഒരു കുപ്പിയുമായി.. കുഞ്ഞാങ്ങള, ആറാം ക്ലാസ്സുകാരൻ എബിയും.. കുറിഞ്ഞിപ്പൂച്ചയും..
"മിണ്ടാതിരിക്കെടീ പെണ്ണുങ്ങളെ അപ്പനും അമ്മയും മാത്രേ വീട്ടിലില്ലാത്തുള്ളൂ.. വല്യമ്മച്ചി ഉണ്ട്.. "
ഉച്ചത്തിൽ സംസാരിക്കുന്ന പെണ്ണുങ്ങളോട് സോഫി പറഞ്ഞു..
"അല്ല സോഫി.. നമ്മൾ പെണ്ണുങ്ങൾ കുളിക്കാൻ പോകുന്നിടത്തു എന്നാത്തിനാ, ഈ ചെറുക്കനെ കൊണ്ടു വന്നത്..? !"
"ഇവന് മീൻ പിടിക്കാൻ വരണമെന്ന്..
കൊണ്ടുപോയില്ലേൽ ഇവൻ അപ്പനുമമ്മയും വരുമ്പോൾ, ഞാൻ തോട്ടിൽ കുളിക്കാൻ പോയ കാര്യം പറഞ്ഞു കൊടുക്കുമെന്ന്.. വാലുമാക്രി"
സോഫി ദേഷ്യത്തോടെ എബിയെ നോക്കി പറഞ്ഞു..പിന്നെ കുറിഞ്ഞിയെ വീട്ടിലേക്കോടിച്ചു..
പറമ്പിലെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ നിന്നും ശേഖരിച്ച മാങ്ങാപ്പഴങ്ങളും തിന്നുകൊണ്ട് അഞ്ചു പെണ്ണുങ്ങളും.. വാൽ നക്ഷത്രവും കൂടി തോടിനെ ലക്ഷ്യമാക്കി നടന്നു..
കൊറ്റികൾ തപസ്സിരിക്കുന്ന.. പച്ചപുതച്ച വിശാലമായ വയലിന്റെ നടുവിലൂടെ കളകള ശബ്ദത്തോടെ ഒഴുകുന്ന തോട്.. ഇരുകരയിലും കൊതിപ്പിക്കുന്ന ഗന്ധം പരത്തുന്ന കൈതപ്പൂക്കളുമായി കൈതക്കാടുകൾ..
പെണ്ണുങ്ങൾ കളിയും ചിരിയുമായി കുളിക്കുവാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
എബിച്ചൻ കഴുത്തിൽ ഒരു തോർത്തു കെട്ടി മീൻ പിടിക്കാൻ തുടങ്ങി..സൌമ്യ അവനെ സഹായിച്ചു.. അവർക്ക് മൂന്നാലു കല്ലേമുട്ടിയും, രണ്ടു വാഴയ്ക്ക വരയനെയും കിട്ടി..
വസ്ത്രങ്ങൾ അഴിക്കുന്നതിനു മുൻപ് പരിസരം നിരീക്ഷിച്ച സോഫി..
"പെണ്ണുങ്ങളെ.. ഒരു നിമിഷം.. "
സോഫി വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയ പെണ്ണുങ്ങൾ നിശബ്ദരായി..
തോടിന്റെ കുറച്ചു മാറി.. ഉയർന്നു നിൽക്കുന്ന ആഞ്ഞിലിമരത്തിന്റെ ഒരു ശാഖയിൽ...
കാർമുകിൽ വർണ്ണൻ, കദംബ വൃക്ഷത്തിൽ, എന്നവണ്ണം..
വിശാലമായി ഇരിക്കുന്നു..
ആ നാട്ടിലെ പ്രമുഖ വായിനോക്കിയും.. കുളിക്കടവുകളിലെ സ്ഥിരം സന്ദർശകനുമായ ജിമ്മിച്ചൻ.. കൈയിൽ ബൈനോക്കുലർ..
പെണ്ണുങ്ങൾ അഞ്ചുപേരും തോട്ടിൽ നിന്നും കരയ്ക്ക് കയറി..
"പോകാമെടീ.. അങ്ങനെ അവൻ സുഖിക്കണ്ട.. ദുഷ്ടൻ.. വേനൽക്കാലമായിട്ട് ഒന്ന് മുങ്ങിക്കുളിക്കാൻ സമ്മതിക്കില്ല.. "
സീമ അമർഷത്തോടെ പറഞ്ഞു..
എല്ലാവരും സോപ്പും, തോർത്തുമായി തോട്ടിൽ നിന്നും കരയ്ക്ക് കയറി.. തിരികെ നടന്നു..
അപ്പോൾ കൈതക്കാട്ടിൽ നിന്നും പുറത്തു വന്ന ബിജു..
വയൽ വരമ്പിലൂടെ നടന്നകലുന്ന പഞ്ചവർണ തത്തകളെ നോക്കി.. നിന്നു..
പിന്നെ.. ഷാജിയോടും, ബാബുവിനോടും അമർഷത്തോടും, നഷ്ടബോധത്തോടും കൂടി പറഞ്ഞു..
"അപ്പോഴേ ഞാൻ ജിമ്മിച്ചനോട് പറഞ്ഞതാ.. ആ മരത്തിൽ ഇരിക്കണ്ട..
ഇവിടെ ഇരിക്കാമെന്ന്.. അപ്പോൾ അവന് മൂർഖനെ പേടി..
നല്ലൊരു അവസരം നഷ്ടപ്പെട്ടു.. ഇനി നോക്കിയിരുന്നോ..
വൈകുന്നേരമാവുമ്പോൾ കുറെ കിളവിമാർ വരും.. കുളിക്കാൻ. ഞാൻ പോകുന്നു.. ഹും.. "
പെണ്ണുങ്ങളും എബിച്ചനും കൂടി സോഫിയുടെ പറമ്പിലെ വലിയ പാറക്കല്ലിൽ ഇരുന്നു കൂടിയാലോചിച്ചു..
"ശ്ശെ.. ഇനിയെങ്ങനെ കുളിക്കും."തുളസി പറഞ്ഞു..
"ഐഡിയ.. നമുക്ക് ജോപ്പച്ചായന്റെ കുളത്തിൽ പോയി കുളിച്ചാലോ..?!"
ജിൻസി തന്റെ അഭിപ്രായം അറിയിച്ചു..
വിശാലമായ അടയ്ക്ക തോട്ടത്തിന്റെ നടുക്ക്.. ഉള്ള വലിയ ഒരു കുളം.. ജലസേചനാർത്ഥവും, കുളിക്കുവാനുമായി ഉപയോഗിക്കുന്ന കുളം.. അതിന് തൊട്ടു മുകളിൽ ആണ് ജോപ്പച്ചായന്റെ വീട്..
"അവിടെ പോകാം.. പക്ഷേ അയാളുടെ സ്വഭാവം അറിയാല്ലോ."
തുളസി മുന്നറിയിപ്പ് നൽകി..
"സാരമില്ലെടീ.. നമുക്ക് പോകാം . അയാൾ ഇന്ന് പള്ളിയിൽ നൊവേനയ്ക്ക് പോയി കാണും...
ഉറപ്പാ.. "
സോഫി പറഞ്ഞു..
എല്ലാവരും കൂടി കുറച്ചകലെയുള്ള ജോപ്പച്ചായന്റെ കുളം ലക്ഷ്യമാക്കി നടന്നു.
കുളവും പരിസരവും നിശബ്ദമായി കിടന്നു. കുളത്തിനു ചുറ്റുമുള്ള ചെടികളിൽ പലതരത്തിലുള്ള പൂക്കൾ വിരിഞ്ഞു നിന്നു..
കളിയും ചിരിയുമായി എല്ലാവരും കുളത്തിലിറങ്ങി..
ജിൻസി കൈയിലിരുന്ന ഇലകൾ ഒരു കല്ലിൽ വച്ചു, ചതച്ചു, താളി ഉണ്ടാക്കാൻ തുടങ്ങി..
കുറച്ചു കഴിഞ്ഞപ്പോൾ..
ഒരു മുരടനക്കം കേട്ട് തലയുയർത്തി നോക്കിയ പെണ്ണുങ്ങൾ കാണുന്നത്.. കുളത്തിന്റെ മറുകരയിൽ നിൽക്കുന്ന ജോപ്പച്ചായനെ ആണ്..
അയാൾ പതുക്കെ.. നടന്നു, മോട്ടോർ പുരയിൽ നിന്നും ഒരു തൈലക്കുപ്പി എടുത്തുകൊണ്ടു വന്നു..
പിന്നെ ഉടുത്തിരുന്ന മുണ്ട് അഴിച്ചു മാറ്റി..
അരയിൽ കെട്ടിയ ഇളം പച്ചനിറമുള്ള വള്ളിക്കളസം ഊരി അടുത്തുള്ള കാപ്പി കമ്പിൽ തൂക്കി..
പിറന്നപടി നിന്നു കൊണ്ട് പെണ്ണുങ്ങളെ നോക്കിക്കൊണ്ട് പതുക്കെ ദേഹത്ത് തൈലം പുരട്ടി ഉഴിയാൻ തുടങ്ങി..
"കാലമാടൻ "
പിറുപിറുത്തു കൊണ്ട് എല്ലാവരും കുളത്തിൽ നിന്നും കയറി..
കുളക്കരയിലുള്ള കശുമാവിന്റെ മറവിൽ അയാൾക്ക് എതിരെ തിരിഞ്ഞു നിന്നുകൊണ്ട്.. അയാൾ കുളി കഴിഞ്ഞു പോകുന്നതും കാത്തുനിന്നു..
ജോപ്പച്ചായൻ വളരെ ഉദാരമനസ്കനായ ഒരു വ്യക്തിയാണ്
ഒരു ദൗർബല്യം അദ്ദേഹത്തെ വേട്ടയാടുന്നു..
കുളക്കടവിൽ സ്ത്രീകളുടെ ശബ്ദം കേട്ടാൽ.. തന്റെ വീട്ടിൽ നിന്നും പുറത്ത് വരികയും..പൂർണ നഗ്നനായി തൈലം പുരട്ടി.. കുളിക്കുകയും ചെയ്യും....
ഒരുദിവസം പലതവണ അയാൾ കുളിക്കും..
ആയതിനാൽ നാട്ടിലെ പെണ്ണുങ്ങൾ ആ കുളത്തിലെ കുളി മിക്കവാറും ഒഴിവാക്കിയിരിക്കുന്നു..
"നമ്മളെക്കാൾ പ്രായമുള്ള കൊച്ചുമക്കൾ ഉണ്ട് കിളവന് "
സൗമ്യ അമർഷത്തോടെ പറഞ്ഞു...
"ചേച്ചിപ്പെണ്ണുങ്ങളെ.. ഞാൻ ഇതുകൊണ്ട് അയാളെ എറിയട്ടെ....??"
കൈയിലിരുന്ന കശുമാമ്പഴം കൊണ്ട് ഉന്നം പിടിച്ചു.. എബിച്ചൻ ചോദിച്ചു..
"പോടാ ചെറുക്കാ. അപ്പൻ നമ്മളെ കാട്ടിലെറിയും "
സോഫി ദുഃഖത്തോടെ ചുറ്റും നോക്കി..
അവിടെ ചുറ്റുപാടാകെ വളർന്നു.. നിൽക്കുന്ന
ചൊറിയൻ, ചേമ്പിലയിൽ പറ്റി പിടിച്ചിരുന്നു ആർത്തിയോടെ.. ഇലകൾ ഭക്ഷിക്കുന്ന ചൊറിയൻ പുഴുക്കളെ കണ്ടപ്പോൾ,
സോഫിയുടെ കണ്ണുകൾ തിളങ്ങി
"സീമേ നീയൊന്നു മനസ്സ് വച്ചാൽ ഈ രീതിയിൽ ഉള്ള ഇങ്ങേരുടെ കുളി തല്ക്കാലം നമുക്ക് അവസാനിപ്പിച്ചു കൊടുക്കാം... "
പെണ്ണുങ്ങൾ എല്ലാവരും സോഫിയോട് അനുകൂലിച്ചു..
"ഞാൻ എന്തിനും തയ്യാർ "സീമ പറഞ്ഞു..
"നീ നോക്കൂ.. അക്കരെ നിന്നും കുളിക്കുന്നത്.. രാജശില്പിയിലെ മോഹൻലാൽ ആണെന്ന് കരുതുക.. നീ ഭാനുപ്രിയയും..
എന്നിട്ട്
"പൊയ്കയിൽ..കുളിർപൊയ്കയിൽ"
എന്ന പാട്ട് സീൻ അങ്ങ് തകർത്തു അഭിനയിച്ചോ.. "
സീമ.. അക്കരെ നിൽക്കുന്ന മോഹൻലാലിനെ നോക്കി.. നാണവും, മാനവും ഇല്ലാതെ പൂർണ നഗ്നനായി നിൽക്കുന്നു മോഹൻലാൽ ജോപ്പൻ.. സ്വയം മറന്നു.. തൈലം, കാലുകളിൽ തേച്ചു പിടിപ്പിക്കുന്നു.
വെളുത്തു തുടുത്ത..നരച്ച രോമങ്ങൾ നിറഞ്ഞ മാറിൽ.. പൂണൂലിനു പകരം.. ചെറുവിരൽ വണ്ണമുള്ള സ്വർണമാല.. ആ മാലയിൽ കുരുങ്ങി ശ്വാസം മുട്ടി പിടയുന്ന വെന്തിങ്ങ..
ഒരു കൊലുസിന്റെ കിലുക്കം കേട്ട് അക്കരയിലേക്ക് ചെരിഞ്ഞു നോക്കിയ ജോപ്പച്ചായൻ കാണുന്നത്..
ഒരു കാവിമുണ്ട് മുലക്കച്ച കെട്ടി.. അര കവിഞ്ഞു കിടക്കുന്ന മുടിയഴിച്ചിട്ടു അരയന്നത്തെ പോലെ കുണുങ്ങി കുണുങ്ങി നിൽക്കുന്ന സീമയെയാണ്..
അവൾ കുളത്തിന്റെ പടവിൽ ഇരുന്ന് മുണ്ട് മുട്ടോളം ഉയർത്തി.. അവളുടെ സ്വർണനിറമുള്ള കാലിൽ വെള്ളി കൊലുസ്സുകൾ കൊഞ്ചി..
ഈ കാഴ്ച കണ്ട ജോപ്പച്ചായന്റെ ചെരിഞ്ഞ വായിൽ നിന്നും സ്വയമറിയാതെ.. ഉമിനീർ ഒലിച്ചു..
സീമ..ഭാനുപ്രിയയായി തകർത്തഭിനയിച്ചു തുടങ്ങി..
രാജശില്പി ജോപ്പൻ സ്വയമറിയാതെ കുളത്തിലിറങ്ങി..
ആ നേരം കൊണ്ട് എബിച്ചനും സോഫിയും കൂടി,
ശബ്ദമുണ്ടാക്കാതെ പെരുകിലത്തിന്റെ ഇലയിൽ ശേഖരിച്ച ചൊറിയൻ പുഴുക്കളെ..
ജോപ്പന്റെ, കാപ്പിക്കമ്പിൽ തൂക്കിയിട്ട വള്ളിക്കളസത്തിൽ നിക്ഷേപിച്ചു..
തളിരില ആണെന്ന് കരുതി പുഴുക്കൾ കളസത്തിൽ ആർത്തിയോടെ കടിച്ചു പിടിച്ചു...
"അപ്പാ.. ഫോൺ..!! അമേരിക്കയിൽ നിന്നും കുഞ്ഞേച്ചി വിളിക്കുന്നു. "
ഇളയ മകൾ വീട്ടിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് ജോപ്പച്ചൻ.. ഞെട്ടലോടെ കരയ്ക്ക് കയറി .
സീമയെ നോക്കി കൊണ്ട് അയാൾ വള്ളിക്കളസം അരയിൽ കയറ്റി..
അപ്പോൾ അവൾ അയാളെ നോക്കി ഒന്ന് കണ്ണിറുക്കി..
ആ കണ്ണ് ഇറുക്കലിൽ അരയിൽ കെട്ടിയ വള്ളി കടുംകെട്ടായി..
പിന്നെ കാണുന്നത്.. ഒരു നിലവിളിയോടെ വീട്ടിലേക്ക് പായുന്ന ജോപ്പനെയാണ്..
"എടീ പെണ്ണമ്മേ, ആ കറിക്കത്തി ഇങ്ങ് എടുക്കെടീ.. "
അയാൾ നിലവിളിയോടെ പെണ്ണുംപിള്ളയോട് അലറി..
മുകളിലെ വീട്ടിൽ നിന്നും ജോപ്പച്ചായന്റെ ബഹളം കേട്ടുതുടങ്ങി..
"നിങ്ങൾക്കിത് വേണം മനുഷ്യാ.. മക്കളുടെ പ്രായമുള്ള പെമ്പിള്ളേരുടെ അടുത്ത് ഇങ്ങനെയൊക്കെ കാണിച്ചിട്ടല്ലേ.. കർത്താവ് തന്ന ശിക്ഷയാ..!! "
"പോടീ.. കോപ്പേ.. ആ വെളിച്ചെണ്ണ ഇങ്ങെടുക്കെടീ.. "
ജോപ്പച്ചായന്റെ അലർച്ച കുളക്കടവിൽ ആകെ മുഴങ്ങി..
പെണ്ണുങ്ങൾ ഒരു പൊട്ടിച്ചിരിയോടെ കുളത്തിലേക്ക് എടുത്തു ചാടി.. മുങ്ങിത്തുടിക്കാൻ തുടങ്ങി..
കുളത്തിലെ ഓളങ്ങൾ അവരോടൊപ്പം പൊട്ടിച്ചിരിക്കാനും..
Deepa. K
********************************

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot