നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജിമ്മി

Image may contain: 1 person, selfie and closeup
=====

Written by : UmaPradeep Puthukkattil
വീട്ടിൽ നല്ല വെളുത്ത നിറത്തിൽ ഒരു നായ്ക്കുട്ടി ഉണ്ടായിരുന്നു. സുന്ദരൻ. അവനെ ഒരു സഞ്ചിയിലിട്ടാണ് കുട്ടപ്പൻ എന്നൊരാൾ കൊണ്ടുതന്നത്. വീട്ടിലൊരു പട്ടിക്കുട്ടി വേണമെന്ന് ശരിക്കും ആഗ്രഹിച്ചിരുന്നു. എന്ത് നിറത്തിലെ വേണമെന്ന് കുട്ടപ്പൻ ചോദിച്ചപ്പോൾ ഉടനടി പറഞ്ഞു.. വെളുത്തത് എന്ന്. അയാളുടെ വീട്ടിൽ ഒരുപാട് പട്ടിക്കുട്ടികളുണ്ടായിരുന്നു.
അങ്ങനെ അവനും ഞാനും കൂട്ടായി. കുപ്പിപ്പാലൊക്കെ കുടിച്ചു പുള്ളി ഉഷാറായി. ജിമ്മി എന്ന് പേരുമിട്ടു.. അവന്റെ ചെവിക്കു നല്ല നീളമായിരുന്നു. വീട്ടിനകത്തു പോലും അവനു സർവ്വസ്വതന്ത്ര്യം കിട്ടി. ഉറങ്ങാൻ മാത്രം കൂട്ടിലേക്ക്‌ പോകും.
അവനെന്നും വൈകുന്നേരം ബസ് സ്റ്റോപ്പിനടുത്തുള്ള ചായക്കടയിൽ പോകും.. അവന്റെ ഭംഗി കണ്ടിട്ടാണോ എന്നറിയില്ല നാരായണേട്ടൻ അവനു പാൽ ഒഴിച്ചു കൊടുക്കാറുണ്ട്. അത് കുടിച്ചാൽ പിന്നെ അമ്പലത്തിലേക്ക്.. മതിലിനകത്തു കയറില്ല. ദീപാരാധന കഴിഞ്ഞ് ഞങ്ങൾ തൊഴുതു മടങ്ങുമ്പോൾ അവൻ കൂടെ വരും. സ്കൂളിൽ പോകുമ്പോൾ ബസ് സ്റ്റോപ്പ്‌ വരെ വരും. വൈകിട്ട് പുസ്തകം ഉറക്കെ വായിക്കുമ്പോൾ അവനെന്റെ വായിൽ നോക്കിയിരിക്കും.. കൂട്ടുകാർ പലരും അവനെ പുകഴ്ത്തി പറയാറുണ്ടായിരുന്നു. അച്ചടക്കമുള്ള നായ.
ഒരു ദിവസം ഞാനവനെ ഒരുക്കി..മുടി ചീകി, പുരികം വരച്ചു, കണ്ണിനു വാലിട്ടു, നെറ്റിയിൽ ചുവന്ന പൊട്ടും തൊട്ടുകൊടുത്തു. അന്ന് വൈകിട്ടും അവൻ പുറത്തേക്കു പോയി.. നാരായണേട്ടന്റെ കടയിലേക്ക്. പക്ഷേ ദീപാരാധന കഴിഞ്ഞു ജിമ്മിയെ കണ്ടില്ല. വീട്ടിലെത്തുമ്പോൾ കൂട്ടിനുള്ളിൽ അവൻ.. എന്തോ പന്തികേടുണ്ട്. അപ്പോളാണ് കണ്ടത് അവന്റെ കഴുത്തിൽ വലിയൊരു മുറിവ്. കാലിലുമുണ്ട് മുറിവുകൾ. എന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മ ഇറങ്ങിവന്നു.
അവനെ ഒരുനോക്കു നോക്കിയതും അടുത്ത് ഉണങ്ങി കിടന്ന മടലെടുത്തു എനിക്കിട്ടൊരൊറ്റ തല്ലും..
അമ്മ അങ്ങനാണ് ആദ്യം തല്ല്.. പിന്നെ പറയുന്നു എന്തിനാണ് തല്ലിയതെന്നു..
എഴുനേറ്റ് നിന്നു കണ്ണും തള്ളി നിന്ന എന്നോട് അമ്മ ഒരേയൊരു ചോദ്യം ചോദിച്ചു..
ഈ പട്ടിക്കു മേക്കപ്പ് ഇടാൻ ആര് പറഞ്ഞെടീ എന്ന്..
അപ്പോളാണ് അനിയൻ പ്രത്യക്ഷപ്പെട്ടത്.. ചേച്ചി കാരണം കുറെ പട്ടികൾ നമ്മുടെ ജിമ്മിയെ കടിച്ചുരുട്ടി എന്ന്.. അവൻ അക്കാലത്തു എരിതീയിൽ എണ്ണയൊഴിക്കാൻ മിടുക്കനായിരുന്നു.. പ്രത്യേകിച്ചും എന്റെ കാര്യങ്ങളിൽ. എനിക്ക് അനിയത്തി മതിയായിരുന്നു എന്ന് പലവട്ടം തോന്നിയതിനു കാരണം ഇതാണ്.
"അമ്മേ ഞാൻ അവനു പുരികം വരച്ചതൊരു തെറ്റാണോ?"
അതിനുത്തരം പറയാതെ ചവിട്ടിത്തുള്ളി അമ്മ കയറിപ്പോയി.
രാത്രി അത്താഴം കഴിക്കുമ്പോൾ അവനെ കൊണ്ട് കളയാൻ അനിയൻ പ്ലാൻ ചെയ്യുന്നത് ഞാനറിഞ്ഞു.
ആദ്യമായി ഞാൻ തനിയെ മെഡിക്കൽ സ്റ്റോറിൽ പോയി ജിമ്മിയുടെ പ്രശ്നം പറഞ്ഞു മരുന്ന് വാങ്ങി. വിഷു കൈനീട്ടം കിട്ടിയ പൈസ കൈയിലുണ്ടായിരുന്നു.
അപ്പോഴാണ് അവനു പേ പിടിക്കാൻ സാധ്യതയുണ്ടെന്ന് ചിലർ പറഞ്ഞത്. ആദ്യമായി ഒരു നേർച്ചയും നേർന്നു. അവന്റെ മുറിവുകൾ കരിഞ്ഞു.. പേയും പിടിച്ചില്ല.
നേർച്ച ബാക്കിയുണ്ട്. അമ്മയോട് അവതരിപ്പിക്കണം..
ഓണപ്പരീക്ഷക്ക് കണക്കിന് ഫുൾ മാർക്ക്‌ കിട്ടിയ ദിവസം.
"അമ്മേ ജിമ്മിക്ക് വേണ്ടി ഞാനൊരു നേർച്ച നേർന്നിട്ടുണ്ട് "..
ഉത്തരക്കടലാസ് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു "എന്ത് നേർച്ച?"
"നമുക്ക് ഉള്ളൂർ മുരുകന്റെ അമ്പലത്തിൽ പോണം. തൈപൂയത്തിന്.. അഗ്നി കാവടി എടുക്കണം".
"ആര് നീയോ?" അതിശയത്തോടെ അമ്മ..
"അല്ലമ്മേ, ഉണ്ണിയെ(അനിയൻ ) കൊണ്ട് ചെയ്യിക്കണം."
അല്പം ഡിസ്റ്റൻസ് ഇട്ടു നിന്നാണ് ഞാനത് പറഞ്ഞത്.
അവന്റെ കണക്കു പേപ്പറിലെ മുട്ടകൾ എണ്ണിക്കൂട്ടുന്നതിനിടയിൽ അമ്മ അവനെ നോക്കിപറഞ്ഞു..
"അടുത്ത പരീക്ഷക്കും ഇവൻ തോറ്റാൽ നമുക്ക് ഇവനെ കാവടിയെടുപ്പിക്കാം".
അടുത്ത പരീക്ഷകൾക്കും അവൻ എട്ടുനിലയിൽ പൊട്ടിക്കൊണ്ടിരുന്നു. അമ്മ വാക്ക് പാലിച്ചില്ല.
എല്ലാരും മുതിർന്നു..
ജിമ്മി വയസ്സായി മരിച്ചു.. (നായ്ക്കൾ ചത്തു എന്നാ പറയുന്നതെന്ന് അറിയാം.. എന്റെ ജിമ്മിയല്ലേ )
ഇപ്പോളും ബാക്കിയായി നിലനിൽക്കുന്നത് ആ നേർച്ച മാത്രം..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot