നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Short term memory loss

Image may contain: 2 people, people smiling, people standing


------===--------====-----===
പലചരക്കു കടയും അടച്ചു കൃഷ്ണേട്ടൻ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് തന്നെ ശോഭേച്ചി ചിന്താവിഷ്ടയായി ഇരിപ്പുണ്ടാരുന്നു.
"ഡി ശോഭേ. നീ ഇതെന്താലോചിച്ചു ഇരിക്കുവാ "
"ആഹ്ഹ് കൃഷ്ണേട്ടൻ എപ്പോഴാ വന്നേ "
"വന്നതറിയണേൽ പരിസരബോധം വേണം. പിള്ളേരെന്തിയെ. "
"അവര് പഠിക്കുവാ "
"നീ വേഗം ചോറെടുക് "
ചോറുണ്ണുന്നതിന്റെ ഇടയിലും കൃഷ്ണേട്ടൻ ശോഭയെ തന്നെയാണ് നോക്കിയത്.
"എന്താ നിനക്ക് പറ്റിയെ "
"ഒന്നുല്ല ഞാൻ പറയണ കേട്ടു നിങ്ങൾ പിടിക്കരുത്. "
"പേടിക്കാനോ ഞാനോ. നീ കാര്യം പറ "
"അതെ എനിക്കെന്തോ മാരക രോഗമുണ്ട്. "
"അത്രേയുള്ളോ. ഇതെനിക്ക് നേരത്തെ അറിയാം. "
"തമാശയല്ല കൃഷ്ണേട്ടാ. എനിക്ക് short term memory loss ആണ്. "
"അതെന്ത് കുന്തമാ. "
"ഹാ നമ്മുടെ സൂര്യേടെ ഒരു സിനിമ ഇല്ലേ അതിലുള്ള അസുഖം. "
"ഏത് തല മൊട്ട അടിച്ചുള്ളത്. അത് നല്ല അസുഖമല്ലേ. അപ്പോ നിനക്ക് എന്നെ ഓർമ ഉണ്ടാകില്ലല്ലേ. "
"അയ്യെടാ ആ പൂതി മനസ്സിൽ വച്ചാൽ മതി. എത്ര ബോധമില്ലേലും നിങ്ങളെ ഞാൻ തിരിച്ചറിയും. "
"പുല്ല്. എന്റെ മൂട് പോയി. "
"ഇത് കേള്ക്കുന്നെ. ഇന്നലെ ഞാൻ അമ്പലത്തിൽ പോയപ്പോൾ വല്യവീട്ടിലെ ശാരദ ഇല്ലേ അവള് ശോഭേച്ചിയെന്നും വിളിച്ചു വന്നു. എനിക്കാദ്യം മനസിലായെ ഇല്ല. പിന്നെ ഞാൻ കറന്റ്‌ ചാർജ് അടക്കാൻ പോയപ്പോൾ ആ വർക്കിടെ മോൻ ഓട്ടോ കൊണ്ടേ നിർത്തി. ചേച്ചി കേറിക്കോ ഞാൻ വീട്ടിൽ ആകാമെന്ന്. എനിക്കാണെങ്കിൽ ആ ചെക്കന്റെ പേരാലോചിച്ചിട്ട് ഒട്ടും ഓർമ കിട്ടണില്ല. "
"ഓഹ് ഇതാണോ കാര്യം. അത് പ്രായമായതിന്റെയ. എല്ലാർക്കും ഉണ്ടാകും "
"എനിക്കെവിടുന്ന പ്രായമായേ. 45 വയസ്സ് ഒരു പ്രായമാണോ .അല്ലേലും എനിക്കറിയാം നിങ്ങൾക്കിപ്പോ എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല. ഞാനില്ലാണ്ടാകുമ്പോ നിങ്ങള് പഠിച്ചോളും. "
"മതി മതി നാളെത്തന്നെ നമുക്കൊരു സൈക്കിയാട്രിസ്റ്റിനെ കാണാം "
"അതിനെനിക് എന്താ വട്ടാണോ "
"എന്നാപ്പിന്നെ നമുക്കാ ജേക്കബ് ഡോക്ടറെ കാണാം. അങ്ങേരാകുമ്പോ ഇതൊക്കെ പെട്ടെന്ന് മാറ്റും "
ഇതും പറഞ്ഞു പുള്ളിക്കാരൻ കൈ കഴുകാൻ പോയി. ചാരുകസേരയിൽ കിടന്നു ഓരോന്നാലോചിച്ചപോ കൃഷ്ണേട്ടനും ഒരു ശങ്ക.
"അല്ലേടി ഞാനോര്ക്കുവ എനിക്കും ഇനി നീ പറഞ്ഞ സൂക്കേടാണോ. "
"അതെന്താ "
"അല്ല ഉച്ചക്ക് ഫേസ്ബുക്കിൽ ഒരു friend റിക്വസ്റ്റ് വന്നു. ഒരു പെണ്ണ്. എവിടെയോ കണ്ടു നല്ല പരിചയം. ആലോചിച്ചിട്ട് ഒട്ടും ഓർമ കിട്ടണില്ല. "
പെണ്ണെന്നു കേട്ടതും കൃഷ്ണേട്ടന്റെ കാല് തിരുമ്മിക്കൊണ്ടിരുന്ന ചേച്ചി പെട്ടെന്ന് നിർത്തി.
"പെണ്ണോ എന്നെ ഒന്ന് കാണിച്ചേ. ങേ ഇവളൊ.ഈ മൂദേവിയെ നിങ്ങൾക്ക് അറിയില്ലല്ലേ. "
"മൂദേവിയോ സത്യായും എനിക്കറിയില്ല "
"അയ്യോ പാവം. കല്യാണം കഴിഞ്ഞു നമ്മൾ ആദ്യായി സിനിമേക് പോയപ്പോൾ നിങ്ങൾഇവളെ എനിക്ക് കാണിച്ചു തന്നത് ഓർക്കണില്ലേ. "
"എന്റെ പൊന്നു ശോഭേ വർഷം 20കഴിഞ്ഞു. ഞാനെങ്ങനെ ഓർക്കാനാ "
"വർഷം 20അല്ല 50കഴിഞ്ഞാലും ഞാൻ മറക്കില്ല. അന്ന് ആദ്യായിട്ട് സിനിമക്ക് പോയതാ. മണിവത്തൂരില്ലേ ആയിരം ശിവരാത്രികൾ. കോട്ടയത്ത്‌ അഭിലാഷ് തിയേറ്ററിൽ. മാറ്റിനിക്. ഓർക്കണില്ലേ ഇന്ത്യൻ കോഫി ഹൌസിൽ നിന്നും എനിക്ക് മസാലദോശയും വാങ്ങിത്തന്നു. സിനിമ കഴിഞ്ഞു ഇറങ്ങിയപോയ ദേ ഈ മാരണം മുൻപിൽ. അന്ന് നിങ്ങടെ മുഖത്തെ ശൃംഗാരം ഒന്ന് കാണണമായിരുന്നു. നിങ്ങളല്ലേ പറഞ്ഞത് നിങ്ങടെ ആദ്യത്തെ പ്രണയം ആണ് അവളെന്നു. "
"ഞാനങ്ങനെ പറഞ്ഞോ. "
"പറഞ്ഞു പിന്നെ നിങ്ങള് പറഞ്ഞത് എന്നെകൊണ്ട് പറയിക്കരുത് "
"നീ ഒന്ന് പതുകെ പറ. പിള്ളേര് കേൾക്കും. "
"കേൾക്കട്ടെ പിള്ളേരും അറിയട്ടെ. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ടതാണെന്നു പറഞ്ഞ ചുമല ഓയിൽ സാരി ഞാനുടുത്തിട്ടു നിങ്ങൾ നല്ലതാണെന്നു പറഞ്ഞോ. പകരം അവളുടെ മഞ്ഞേൽ കറുപ്പ് പുള്ളികളുള്ള സാരിയിൽ അവൾ സുന്ദരിയാണെന്നും പറഞ്ഞില്ലേ. ആ പറഞ്ഞത് എന്റെ ദേ ഈ ചെങ്കിലാ കൊണ്ടത് .ചത്താലും ഞാൻ മറക്കില്ല. "
"നിനക്ക് എന്ത് അസുഖമെന്ന പറഞ്ഞെ "
"Short term memory loss"
"ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു അത്കൊണ്ട് ചോദിക്കുവാ ഈ short term memory loss long term ആകാൻ പറ്റുമോ. ഇല്ലല്ലേ. സാരമില്ല. "
"കൃഷ്ണേട്ടാ.................. !!!"

By Geethu Anoop

1 comment:

  1. നന്നായിട്ടുണ്ട്. ഒരു സ്ത്രീ ആയതു കൊണ്ടാകും ശോഭയുടെ പക്ഷത്തു നിൽക്കാൻ എനിക്ക് തോന്നുന്നത്. അവൾ തന്റെ ഭർത്താവിനെ ഇത്രക്ക് സ്നേഹിക്കുന്നത് കണ്ട് എനിക്ക് അസ്സൂയ തോന്നുന്നു. ഞാനും എന്റെ ഭർത്താവും വളരെ understanding friends ആണെങ്കിലും പുള്ളിയുടെ പഴയ girlfriend മായി പഞ്ചാര അടിച്ചിരിക്കുന്ന ഫോട്ടോ വല്ലപ്പോഴും അദ്ദേഹത്തിന്റെ ആൽബത്തിൽ കാണുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീലിംഗ് ഉണ്ടാകാറുണ്ട്... പക്ഷേ ഇതറിഞ്ഞാൽ പുള്ളിക്കാരൻ കൃഷ്ണേട്ടനെ പോലെ കോമഡി ആയി മാത്രമേ അതു കാണൂ..

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot