നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യാത്രാമൊഴി

കഥ 


Image may contain: 1 person, closeup

***********
പള്ളിക്കാട്ടിലെ പുൽച്ചെടികളെ വകഞ്ഞുമാറ്റിക്കൊണ്ട് തന്റെ പ്രിയതമയുടെ കബറിടം ലക്ഷ്യമാക്കി നടന്നു അബുമാഷ് .പ്രിയപത്നിയുടെ കബറിടത്തിന് മുകളിൽ കയ്യിലിരുന്ന ചന്തനത്തിരികൾ കത്തിച്ചുവെച്ചിട്ട് ഒരുനിമിഷം നമ്രശിരസ്കനായി നിന്നു അയാൾ .അപ്പോൾ പൊട്ടിക്കരഞ്ഞുപോയി ആ ഭർത്താവ് .മൈലാഞ്ചിച്ചെടികൾ തിങ്ങിനിൽകുന്ന കബറിനുമുകളിലെ മീസാൻകല്ലുകളിലേക്ക് അയാളുടെ കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അടർന്നുവീണു .
''പ്രിയതമേ ..ഞാനിതാ നിന്നെക്കാണാനായി എത്തിച്ചേർന്നിരിക്കുന്നു .ഒരുപക്ഷേ ഇതെന്റെ അവസാന വരലാവും .നാളെഞാൻ പോവുകയാണ് .നമ്മുടെ വീടുപേക്ഷിച്ച് ,ഈ നാടുപേക്ഷിച്ച് .എവിടേക്കെന്നറിയാമോ .?ഒരു വൃദ്ധസദനത്തിലേക്ക് .അനാഥമന്ദിരത്തിലേക്ക് അങ്ങനെ പറയുന്നതാവും നല്ലത് .''
''നമ്മുടെപൊന്നുമോൾ എന്നെ ഉപേക്ഷിക്കുകയാണ് .അതെ നാളെമുതൽ ഞാനവൾക്ക് അന്യയാകുകയാണ് .''അത് പറഞ്ഞപ്പോൾ അയാളുടെ ശബ്ദമിടറി ,ചുണ്ടുകൾ വിറകൊണ്ടു ,കണ്ണിൽനിന്നും കണ്ണുനീർത്തുള്ളികൾ അണപൊട്ടിയൊഴുകി .
'' പ്രിയപത്നി ..നീ ഓർക്കുന്നുണ്ടാകുമല്ലോ .?നമ്മൾവിവാഹിതരായതും വർഷങ്ങളോളം കുട്ടികളില്ലാതെ ജീവിച്ചതുമൊക്കെ .!ഒടുവിൽ നീയല്ലേ പറഞ്ഞത് .നമുക്കൊരു കുട്ടിയെ ദത്തെടുക്കാമെന്ന് .അന്നുഞാൻ നിന്നെ എതിർത്തു .നിന്നെ സങ്കടത്തിലാഴ്ത്തിക്കൊണ്ട് അന്നുഞാൻ പറഞ്ഞവാക്കുകൾ നീ ഓർക്കുന്നുണ്ടോ .?''
''ഇത്രയുംകാലമായിട്ടും പടച്ചവൻ നമുക്കൊരു കുഞ്ഞിനെ തന്നില്ല .അതൊകൊണ്ട് ഇനി നമുക്ക് മക്കൾവേണ്ട .എനിക്ക് നീയും നിനക്ക്‌ ഞാനും മാത്രം മതി .സ്വർഗ്ഗത്തിൽവെച്ചു പടച്ചവൻ നമുക്ക് കുട്ടികളെത്തരും .''
''പക്ഷേ... എന്റെ വാക്കുകളെ നീ അംഗീകരിച്ചില്ല .ഒടുവിൽ നിന്റെ നിർബന്ധത്തിനുവഴങ്ങി അനാഥാലയത്തിൽനിന്നും ഒരുകുട്ടിയെ ദത്തെടുക്കാൻ നമ്മൾ തീരുമാനിച്ചു .അപ്പോൾ ഞാൻ പറഞ്ഞു നമുക്കൊരു ആൺകുട്ടിയെ ദത്തെടുക്കാമെന്ന് .അവിടെയും നീയെന്നെ എതിർത്തു .''
''നമുക്കൊരു പെൺകുഞ്ഞുമതി .അവൾ നമ്മളെ സ്നേഹിക്കും .അവളെവളർത്തി വലുതാക്കി വിവാഹമൊക്കെ കഴിച്ചുവിട്ട് അവളുടെ കൊച്ചുമക്കളുമൊക്കെ ഒത്ത്‌ നമുക്ക് സുഖമായി ജീവിക്കണം .അതായിരുന്നു നിന്റെ തീരുമാനം .''
''അങ്ങനെ നമ്മൾ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു .അവളെ ദത്തെടുത്ത ആ ദിനങ്ങൾ നമുക്കെത്ര സന്തോഷം നിറഞ്ഞതായിരുന്നു .നീ അന്ന് സന്തോഷത്തോടെ തുള്ളിച്ചാടിയത് ഞാനിന്നും ഓർക്കുന്നു .ഒരു പെറ്റമ്മയെപ്പോലെ അവളെ സ്നേഹിച്ചുനീ .കണ്ണിലെകൃഷ്ണമണിപോലെ കരുതി വളർത്തിവലുതാക്കി നമ്മുടെ മോളെ നമ്മൾ .ഒരു മോളേ കിട്ടിയതോടെ നിനക്ക്‌ എന്നെയും വേണ്ടാതായോ അന്നുഞാൻ നിന്നോട് തമാശയായി ചോദിച്ചത് ഞാൻ ഓർക്കുന്നുണ്ട് .''
ഈ സമയം ഒരു തണുത്തകാറ്റ് അബുമാഷിനെ തഴുകി കടന്നുപോയി .അതിൽ തന്റെ പ്രിയതമയുടെ ആത്മാവുണ്ടെന്ന് മാഷിനുതോന്നി .താൻപറയുന്നതെല്ലാം അവൾ കേൾകുന്നുണ്ടെന്ന്‌ ഒരുതെന്നലായിവന്ന് തഴുകികൊണ്ട് തന്നോട്‌ പറയുകയാണെന്ന് മാഷിനേപ്പോൾ മനസിലായി .അയാൾ വീണ്ടും തുടർന്നു .
''ഒരുപാട് സ്നേഹിച്ചും ലാളിച്ചും വളർത്തിയ നമ്മുടെമോൾ വളർന്നുവലുതായി .പഠിച്ചു വലിയ ജോലിക്കാരിയായി .അവളുടെ ഇഷ്ടത്തിനൊത്തുള്ള പുരുഷനെ വരനായി അവൾകണ്ടെത്തി .എല്ലാത്തിനും പ്രോത്സാഹനമായികൊണ്ട് നമ്മൾ മോൾക്കൊപ്പം നിന്നു .അവളുടെ ഒരിഷ്ടത്തിനും നമ്മൾ എതിരുപറഞ്ഞില്ല .ഇന്നിതാ നമ്മുടെമോൾ ഒരു കുടുംബിനിയാണ് .രണ്ടുകുട്ടികളുടെ അമ്മയാണ് .അതിനിടയിൽ അധികകാലം ഈ സന്തോഷങ്ങളൊന്നും ആസ്വദിക്കാൻ നിൽക്കാതെ നീ ഈ ലോകം വിട്ടുപോയി .എന്നെതനിച്ചാക്കി .''അതുപറഞ്ഞപ്പോൾ അയാൾ വീണ്ടും നിയന്ത്രണം വിട്ടുപൊട്ടിക്കരഞ്ഞുപോയി .
''ഇപ്പോളിതാ ..നമ്മുടെമകൾക്ക് എന്നെവേണ്ടതായിരിക്കുന്നു.ഞാനിന്ന് അവളുടെ കണ്ണിലേ കരടാണ്‌ .വെറും പാഴ്‌വസ്തു .അവളുടെ നിലക്കും ,വിലക്കും ,ബന്ധങ്ങൾക്കുമൊന്നും ചേർന്ന പിതാവല്ല ഞാനിന്ന് .എന്നെക്കാണുന്നതുപോലും അവൾക്ക് വെറുപ്പായിരിക്കുന്നു .എന്നെ വീട്ടിൽനിന്നും ഒഴിവാക്കാൻ അവളും ഭർത്താവും കൂടി തീരുമാനമെടുത്തിരിക്കുന്നു.''
''അതുകൊണ്ട് നാളെ അവർ എന്നെ വൃദ്ധസദനത്തിൽ കൊണ്ടുചെന്ന് ആക്കുകയാണ് .എല്ലാസൗകര്യവുമുള്ള വൃദ്ധസദനമാണത് .എന്നാണ് നമ്മുടെ മോളും മരുമോനും പറഞ്ഞത് .എനിക്കവിടെ ഒരു കുറവും ഉണ്ടാകില്ലത്രേ .വീട്ടിൽ കഴിയുന്നതുപോലെ കഴിയാമെന്ന് .ഒന്നുമാറിനിൽക്കാമെന്നു വെച്ചാൽ നമുക്ക് വേറെ മക്കളുടെ വീടൊന്നുമില്ലല്ലോ .?ഞാനെന്ത് പറയാനാണ് .നിറകണ്ണുകളോടെ ഞാൻ ആ തീരുമാനത്തെ ഉൾകൊണ്ടുകഴിഞ്ഞു .''
''എനിക്കിതിലൊന്നും സങ്കടമില്ല .എനിക്കാകെ ഒരുസങ്കടമേ ഉള്ളൂ .എല്ലാവെള്ളിയാഴ്ചകളിലും ജുമാനമസ്കാരത്തിനു വരുമ്പോൾ ..നിന്റെ അടുക്കൽവന്നിങ്ങനെ നിൽക്കാനും .നിന്റെ ആത്മാവിനുവേണ്ടി ഖുർആൻ ഓതി പ്രാർത്ഥിക്കാനും കഴിയില്ലല്ലോ എന്ന സങ്കടംമാത്രം .ആ ഓരോർമ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നു .''
'' ഞാൻ പോവുകയാണ് .നാടും വീടുമെല്ലാം വിട്ടുകൊണ്ട് വൃദ്ധസദനത്തിലേക്ക് പോകുന്ന എനിക്ക് ഇനി നിന്നെക്കാണാനായി ഇവിടെ എത്തിച്ചേരാൻ കഴിയുമോ എന്നറിയില്ല .എവിടെയായിരുന്നാലും ഞാൻ നിനക്കുവേണ്ടി ഖുർആനോതി പ്രാർത്ഥിക്കും .''
''പിന്നെ ഒരുകാര്യം പറയാനുള്ളത് .ഇതുവരെയും നമ്മുടെ മോളോട് ഞാൻ പറഞ്ഞിട്ടില്ല .അവളെ നമ്മൾ അനാഥമന്ദിരത്തിൽ നിന്ന് ദത്തെടുത്തതാണെന്ന് .എത്രയൊക്കെയായാലും അവളെ സങ്കടപെടുത്താൻ നമുക്കാവില്ലലോ .?അനാഥമന്ദിരത്തിൽ നിന്നും അവളെദത്തെടുത്തു വളർത്തിയതിനു പകരമായികൊണ്ട് അവളുടെ ഒഴിവിലേക്ക് എന്നെ വിളിക്കുന്നതാവും പടച്ചവൻ .എല്ലാം അല്ലാഹുവിന്റെ വിധി .അതിനെ തടയാൻ അവന്റെ അടിമകളായ നമുക്കാവില്ലല്ലോ .?''അത്രയും പറഞ്ഞിട്ട് കണ്ണുകൾതുടച്ചുകൊണ്ട് ഒരിക്കൽക്കൂടി തന്റെ പ്രിയതമയോട് യാത്രപറഞ്ഞു തിരിച്ചുനടക്കാനൊരുങ്ങി അബുമാഷ് .
ആ സമയം മൈലാഞ്ചിച്ചെടികളെ പിടിച്ചുലച്ചുകൊണ്ട് ഒരുകുളിർകാറ്റ് അബുമാഷിനുചുറ്റും വീശിയടിച്ചു .ചന്ദനത്തിരിയുടെ ഗന്ധംനിറഞ്ഞ ആ കാറ്റിൽ തന്റെ പ്രിയതമയുടെ ഗന്ധവും അടങ്ങിയിരിക്കുന്നതായി മാഷ് തിരിച്ചറിഞ്ഞു .
'' സാരമില്ല മാഷേ ..ക്ഷമിക്കൂ .നമ്മുടെ മക്കൾ സുഖമായിരിക്കട്ടെ .മാഷിനെന്നും കൂട്ടായിട്ട് എന്റെ ഓർമ്മകൾ ഉണ്ടല്ലോ .?പ്രിയതമയുടെ ആത്മാവ് ഒരിളംതെന്നലായി വന്ന് തന്റെ കാതിൽ മന്ത്രിക്കുന്നത് പോലെ മാഷിന് തോന്നി അപ്പോൾ ...
------------------------------------
രചന-അബ്ബാസ്.കെ.എം,ഇടമറുക്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot