നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്പലനടയില്‍ കേട്ടത്.

Image may contain: 1 person


രമണിയും മാലതിയും തമ്മിലുള്ള സംഭാഷണം.
രമണി : മാലതീ, തന്നെ ഭാഗവത
സപ്താഹത്തിനു കണ്ടില്ലല്ലോ?
മാലതി : കുറച്ചു തിരക്കിലായിരുന്നു രമണീ.
പിന്നെ, സപ്താഹമൊക്കെ നന്നായില്ലേ,
ആരായിരുന്നു ആചാര്യന്‍?
രമണി : അതു പിന്നെ പറയാനുണ്ടോ മാലതി, ഭാഗവത പാരായണം ഒന്നാംതരം ആയിരുന്നു. ആചാര്യന്‍ സ്വാമി നിര്‍മ്മലന്ദ ലക്ഷ്മീകാന്ത്
അപാര പണ്ഡിതനല്ലേ......എന്താ ആ മുഖത്തെ
ഒരു തേജസ്സ്......എന്താ ഒരു ചൈതന്യം
ഭക്തി രസമിങ്ങനെ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ പാരായണം കേള്‍ക്കാന്‍
കഴിഞ്ഞത് തന്നെ മഹാഭാഗ്യം.
അദ്ദേഹത്തെ കിട്ടാന്‍ എളുപ്പമല്ല, മാസങ്ങള്‍ക്കുമുന്‍പേ ബുക്കുചെയ്യണം.
കനത്ത ദക്ഷിണ വേണ്ടിവരുമെന്ന് തോന്നുന്നു, ഇപ്രാവശ്യം പിരിവു കൂടുതല്‍ വേണമെന്ന് കമ്മിറ്റിക്കാര്‍ പറഞ്ഞിരുന്നു.
മാലതി : സ്വാമിജി മഹാ ജ്ഞാനിയാണെന്നു
ഞാനും കേട്ടിട്ടുണ്ട്.
രമണി : അദ്ദേഹത്തിന്‍റെ ആത്മീയ പ്രഭാഷണം കേള്‍ക്കേണ്ടതുതന്നെയാണ്.
മാലതീ , സ്വാമിജി പറയുകയാണ് : “നശ്വരമായ ഭൌതിക ലോകത്തിന്‍റെ ഭോഗ തൃഷ്ണകളില്‍ നിന്നകന്ന്‌ ആത്മാവിനെ അടുത്തറിയണം.
സര്‍വ്വ ചരാചരങ്ങളിലും കുടിയിരിക്കുന്നത് ഏകമായ ആ പരമചൈതന്യമാണെന്ന് തിരിച്ചറിയുന്നതോടെയാണ്‌ നാം ,
യഥാര്‍ത്ഥത്തില്‍ , മോഹവലയത്തില്‍ നിന്ന് മുക്തിനേടി ശാന്തിയിലെക്കുള്ള യാത്ര ആരംഭിക്കുന്നത്."
ഞാന്‍ ആ പ്രഭാഷണത്തില്‍ ലയിച്ചങ്ങനെ ഇരുന്നു പോയി, മാലതീ. താനും കൂടെ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു. നാം ഭൌതീക ജീവിതതെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ നല്ലവണ്ണം മനസ്സിലാക്കണം, എന്നാലെ മോഹ വലയത്തില്‍ നിന്ന് നമുക്ക് മുക്തി നേടാനാവൂ.
എന്തായാലും ഭാഗവത പാരായണവും ആത്മീയ പ്രഭാഷണവും കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ പുതിയ ഒരാളായി മാറിയ പോലൊരു തോന്നല്‍.
മാലതി : അല്ല രമണീ, വേറൊരു ഒരു കാര്യം ചോദിയ്ക്കാന്‍ മറന്നു . തന്നെ ആ ഡോക്ടര്‍ കാര്‍ത്തിക്കിന്‍റെ വിവാഹത്തിന് കണ്ടില്ലല്ലോ, അവര്‍ നിങ്ങളുടെ അയല്‍ക്കാരായിരുന്നില്ലേ ?
രമണി : ഓ, അതോ. അതു പറയാതിരിക്കുകയാണ് ഭേദം മാലതീ. ഈ ചെറുക്കന്‍ കാര്‍ത്തിക്കിന്‍റെ അച്ഛന്‍ കുമാരന്‍ പണ്ട് പുരുഷേട്ടന്‍റെ തറവാട്ടു വളപ്പില്‍ തെങ്ങ് ചെത്താന്‍ വന്നിരുന്നതാണ്.
ചെറുക്കന്‍ നാലക്ഷരം പഠിച്ചപ്പോള്‍ അവര് വലിയ കൊമ്പത്തായീന്നാ അവരുടെ ഭാവം.
എം. ഡി വേണമെങ്കില്‍ ശ്രമിച്ചാല്‍ കിട്ടാവുന്നതെ ഉള്ളൂ , പക്ഷെ ഈ തറവാട്ടു മഹിമ ജന്മനാ തന്നെ കിട്ടേണ്ടേ മാലതീ.
നിനക്കറിയാല്ലോ, പുരുഷേട്ടന്‍റെ വീട്ടുകാര്‍ വലിയ തറവാട്ടുകാരാ, പഴയ ജന്മികളായിരുന്നു, ഇപ്പോഴും അന്തസ്സിനു കുറവൊന്നുമില്ല, സാമ്പത്തീകമായി തല്‍ക്കാലം കുറച്ചു ക്ഷീണിച്ചെന്നെ ഉള്ളൂ.
പുരുഷേട്ടന്‍ പറഞ്ഞു, “നമുക്കെന്തായാലും പോകണ്ട ...വീട്ടില്‍ വന്നു ക്ഷണിച്ച നിലയ്ക്ക് മോനെ പറഞ്ഞയക്കാം, അത്രയൊക്കെ മതി “ എന്ന്.

By: PrasadPazhuvil

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot