നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുറ്റിക്കാട്ടിലെ വെളുത്ത പുക

Image may contain: 1 person, closeup

ഉണ്ണികൃഷ്ണന് ഇന്നെവിടെയോ പോകാനുണ്ടെന്നു തോന്നുന്നു..രാവിലെ തന്നെ എണീറ്റു
..സാധാരണ 10 മണിയാണ് കണക്കു .
കോളജ് ജീവിതം കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് കല്ല്യാണം കഴിക്കാനുള്ള തയ്യാറെടുപ്പു തുടങ്ങിയിട്ട് ഒത്തിരി നാളായി
എല്ലാ ജോലിയില്ല തൊഴിലാളികളെയും പോലെ.... ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്ന ജോലി തന്നെയാണ് ഉണ്ണിക്കൃഷ്ണന്റെയും..
ജോലിയില്ലങ്കിലും ഉണ്ണികൃഷ്ണൻ ഇന്നുവരെയും യാതൊരു ചീത്ത കൂട്ടുകെട്ടിലും പോയിട്ടില്ല..ഒരു ചെറിയ കുറ്റി ബീഡി പോലും വലിക്കില്ല എന്ന് വേണമെങ്കിൽ പറയാം
നാട്ടുകാർക്കെല്ലാം പ്രിയങ്കരനും എല്ലാവരെയും സഹായിക്കുന്നവനും തന്നെ ആണ് നമ്മുടെ ഉണ്ണിക്കണ്ണൻ......
"രാവിലെ എങ്ങോട്ടാടാ......വല്ല ഇന്റർവ്യൂവും ഉണ്ടോ .." രാവിലത്തെ കുളിയും ഷർട്ടും വെള്ളമുണ്ടും ഒക്കെ തേക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ചോദിച്ചു
"ഞാൻ ടൗണിൽ വരെ ഒന്ന് പോകുവാണമ്മേ "
"എങ്കിൽ ഈ മാസത്തെ ചിട്ടീടെ കാശും കൂടെ കണ്ടു പൊയ്ക്കോളൂ..."
'അമ്മ ചിട്ടിക്ക് അടക്കാനുള്ള കാശും ചിട്ടിക്കാശു പതിക്കുന്ന ബുക്കും എടുത്തു കൊടുത്തു
അവൻ ചിട്ടിക്കാശും ബുക്കും വാങ്ങി പോക്കറ്റിൽ തിരുകി
അപ്പോളേക്കും അമ്മ പുട്ടും കടലയും ഉണ്ടാക്കി വെച്ചു
" അമ്മെ ഞാനിറങ്ങുവാണെ "..ഭക്ഷണവും കഴിച്ചു കൈകഴുകി അവൻ അമ്മയോട് യാത്ര പറഞ്ഞിറങ്ങി
ടൗണിലേക്കുള്ള ബസു വരുന്നേടത്തേക്കു കുറച്ചു ദൂരമുണ്ട് നടക്കാൻ
പോകുന്നവഴിക്കു നാട്ടുകാരോടൊക്കെ കുശലം ചോദിച്ചും .....ഒരു മൂളിപ്പാട്ടും ഒക്കെ പാടി ഉണ്ണികൃഷ്ണൻ അങ്ങനെ നടക്കുന്നു...
ബസ് സ്റ്റോപ്പിൽ അധികം ആളുകളൊന്നും ഇല്ല.."പത്തുമണി സമയം ആയതിനാലാവാം ആളുകൾ കുറവ് " അവൻ ചിന്തിച്ചു
ബസ് സ്റ്റോപ്പിന്റെ ഒരു മൂലക്കായിട്ടു ഒരു പട്ടി കിടന്നുറങ്ങുന്നു
ആ പട്ടിയുടെ ഉറക്കം ഉണ്ണികൃഷ്‌ണൻ വളരെ കൗതുകത്തോടെ നോക്കി നിന്നു ***എന്തൊരു ഭാഗ്യവാൻ..ജോലി അന്വേഷിക്കേണ്ട, കല്ല്യാണം കഴിക്കണ്ട...വീടുണ്ടാക്കണ്ട...കുടുംബം നോക്കണ്ട...അടുത്ത ജന്മത്തിലെങ്കിലും ഒരു പട്ടിയായി .....****അപ്പോഴേക്കും വണ്ടി എത്തി ....ഉണ്ണികൃഷ്ണന്റെ പട്ടിച്ചിന്തകൾ ഇടക്ക് വെച്ചു മുറിഞ്ഞു...
ബസിന്റെ ഏറ്റവും പുറകിലത്തെ സീറ്റിൽ ഉണ്ണി പോയിരുന്നു...ഉണ്ണികൃഷ്ണന് എപ്പോഴും പുറകിലത്തെ സീറ്റിന്റെ മൂലക്കിരിക്കുന്നതാണ് ഇഷ്ടം
കണ്ടക്ടർ വന്നു ..ഉണ്ണി പോക്കറ്റിൽ നിന്നും പത്തുരൂപ നോട്ടെടുത്തു കൊടുത്തു
"ക്രിസ്റ്റഫർ കോളേജ് " ഉണ്ണി ഇറങ്ങേണ്ട സ്ഥലം പറഞ്ഞു ..കണ്ടക്ടർ ഒരു തുണ്ടു പേപ്പറിൽ ഒരു ശരിയിട്ടു ഉണ്ണിയുടെ കയ്യിൽ കൊടുത്തു
ചെറിയ ക്ളാസ്സു മുതല് മാസ്റ്റർ ഡിഗ്രി വരെ പഠിക്കുമ്പോഴും ഉണ്ണിക്കു എല്ലായിടത്തും ശരികളാരുന്നു കിട്ടിയിരുന്നത്..എങ്കിലും ഒരു ജോലിയുടെ കാര്യം എത്തിയപ്പോൾ ശരി ഒന്നും കിട്ടുന്നില്ല
"കോളേജ് പടി ...കോളേജ് പടി ..."കണ്ടക്ടറും കിളിയും കൂടെ ഒരുമിച്ചു വിളിച്ചു പറയുന്നു...
ഉണ്ണി കോളേജിന്റെ ഗേറ്റും കടന്നു ഓഡിറ്റോറിയത്തിലേക്കു നടക്കുന്നു...ഉണ്ണിയുടെ ജീവിതത്തിന്റെ ഏഴു വർഷങ്ങൾ പിന്നിട്ട കോളേജാണ്...അവിടത്തെ ഓരോ മണൽത്തരികൾക്കും ഉണ്ണിയുടെ കാൽപാടുകൾ പരിചിതമാണ്
ഓഡിറ്റോറിയത്തിൽ എത്തിയപ്പോൾ കസേരകൾ എല്ലാം നിരത്തിയിട്ടിരുന്നു .കസേരകൾ അധികവും കാലിയായി കിടക്കുന്നു ...
സ്റ്റേജിൽ അതിഥികൾ എത്തിയാൽ പ്രസംഗം തുടങ്ങാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടായിരുന്നു ...***ലഹരി വിരുദ്ധ സെമിനാർ **എന്നെഴുതിയ ഫ്ളക്സ് ബോർഡും ..അതിൽ വിഷയം അവതരിപ്പിക്കാൻ എത്തുന്ന **മന്മഥൻ** സാറിന്റെ ഫോട്ടോയും ഉണ്ടായിരുന്നു
ഉണ്ണി ഏറ്റവും പുറകിലത്തെ മൂലക്കത്തെ കസേരയിൽ തന്നെ ഇരുന്നു ...ഉണ്ണി ഇത്രയും നേരത്തെ വന്നത് തന്നെ ആ കസേരയിൽ ഇരിക്കാൻ ആണെന്ന് തോന്നുന്നു
ഏറ്റവും നല്ല മലയാളം ലെക്ച്ചറർ ആയിരുന്നു മന്മഥൻ സാർ. കോളേജ് കുട്ടികളുടെ ഇടയിലുള്ള ലഹരി ഉപയോഗം കണ്ടു മനസ് വേദനിച്ചിട്ടു സ്വന്തം അധ്യാപക ജോലിയും ഉപേക്ഷിച്ചു ഇന്ന് കേരളത്തിന്റെ ഒരറ്റം മുതൽ അങ്ങേ അറ്റം വരെയുള്ള എല്ലാ കോളേജുകളും കയറി ഇറങ്ങി ലഹരി വിരുദ്ധ സന്ദേശം കൊടുക്കുകയാണ് ....
കുറച്ചു കഴിഞ്ഞപ്പോഴേക്കും കസേരകളൊക്കെ നിറയാൻ തുടങ്ങി...ക്രിസ്റ്റഫർ കോളേജിന്റെ അടുത്തുള്ള മറ്റു കോളേജിൽ നിന്നും ഒക്കെ വിദ്യാർഥികൾ എത്തിയിട്ടുണ്ട്
സമ്മേളനം തുടങ്ങുകയായി
"അൽപ സമയത്തിനകം നമ്മളെല്ലാം കാത്തിരിക്കുന്ന മന്മഥൻ സാറ് എത്തിച്ചേരുന്നതാണ് " ......സ്വാഗത പ്രസംഗകൻ പ്രസംഗം ആരംഭിച്ചു
"നമ്മുടെ വളരെ നാളത്തെ പരിശ്രമത്തിന്റെ ഫലമായാണ് മന്മഥൻ സാറിനെ നമുക്ക് ഇന്ന് ഈ വേദിയിൽ കിട്ടാൻ പോകുന്നത് "..സ്വാഗത പ്രസംഗകൻ പ്രസംഗം തുടരുകയാണ്
അപ്പോളേക്കും പുറത്തൊരു കാറ് വന്നു നിന്നു ...സംഘടകരാണെന്നു തോന്നുന്നു ബാഡ്‌ജ്‌ ഒക്കെ പോക്കറ്റിൽ കുത്തിയ കുറച്ചു പേര് അവിടേക്കു ചെന്നു
മന്മഥൻ സാറിനെ മാലയിടീപ്പിച്ചും ബൊക്ക കൊടുത്തും ഒക്കെ സ്വീകരിച്ചു..സദസ്സൊന്നടങ്കം എഴുനേറ്റു നിന്ന് കൈയ്യടിച്ചു....ഓഡിറ്റോറിയം ഇളകിമറിയുന്ന പോലെ തോന്നി..ഒരു മനുഷ്യന് ഒരു സദസ്സിനെ ഇത്രയും സ്വാധീനിക്കാൻ കഴിയുമോ...മന്മസ്ഥൻസാറു എല്ലാവരെയും കൈ ഉയർത്തി അഭിവാദ്യം ചെയ്തു...
സ്വാഗത പ്രസംഗകൻ തുടരുന്നു "ഞാനിനിയും നിങ്ങളെ സംസാരിച്ചു ബോറടിപ്പിക്കുന്നില്ല..നമ്മളെല്ലാം കാത്തിരുന്ന മന്മഥൻ സാറിന്റെ വാക്കുകൾ കേൾക്കാനായി അദ്ദേഹത്തെ ഞാൻ ഹാർദ്ദവമായി ക്ഷണിക്കുന്നു..."
മന്മഥൻ സാറ് മൈക്കിന്റെ മുൻപിൽ എത്തി...സൂചി വീണാൽ കേൾക്കാവുന്നത്രയും നിശബ്ദമായ അന്തരീഷം ........എല്ലാവരും കാതോർത്തിരുന്നു അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ അടർന്നു വീഴുന്നതും കാത്തു
"പ്രിയ വിദ്യാർഥികളെ....." ....സദസ്സൊന്നടങ്കം കൈക്കൊട്ടി ..... ആർത്തു വിളിച്ചു ...
അദ്ദേഹം പ്രസംഗം ആരംഭിച്ചു
"പണ്ടൊക്കെ,... എന്റെ കോളേജ് ജീവിത കാലത്തു സിഗരറ്റു വലിയായിരുന്നു കോളേജുകളിലെ ഒരു ദുശീലം ... ..അന്ന് ഞങ്ങള് പുകവലി വിരുദ്ധ സെമിനാറു നടത്തിയിട്ടുണ്ട്...എന്നാൽ ഇന്ന് സിഗരറ്റു വലിക്കുന്നവര് വളരെ കുറവാണ് കോളേജുകളില്.."
എല്ലാവരും വളരെ ശ്രദ്ധയോടെ സാറിന്റെ പ്രസംഗം കേൾക്കുകയാണ്
"എന്നാൽ ഇന്ന് കോളേജുകളിൽ മയക്കുമരുന്നും കഞ്ചാവും പോലുള്ള ലഹരികളാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത് ......"
സാറിന്റെ പ്രസംഗം ഒരു ലഹരിപോലെ കത്തിക്കയറുകയാണ്
"ഇതുപയഗിക്കുന്നവരുടെ തലച്ചോറുകളെയും...ചിന്താ ശേഷിയെയും .....നാഡീ ഞരമ്പുകൾ തളർത്തിക്കളയും ..........ഒരു വ്യക്തിയുടെ സർവ്വനാശമാണ്.......കുടുംബ ബന്ധങ്ങൾ നശിക്കും ........ക്രിമിനലുകൾ പെരുകും....."അങ്ങനെ ശാസ്ത്രീയമായ വശങ്ങളും വരെ സാറ് പറഞ്ഞു
"ഇന്ന് കൊട്ടേഷൻ സംഘങ്ങള് പോലുള്ള സാമൂഹ്യ വിരുദ്ധര് ഏറ്റവും കൂടുതലുപയോഗിക്കുന്നതു ഇത് പോലുള്ള ലഹരികളാണ്...."
ഏകദേശം നാല്പതു മിനിറ്റോളം സാറ് പ്രസംഗിച്ചു..പ്രസംഗത്തിന്റെ അവസാന ഭാഗത്തേക്ക് എത്തുകയാണെന്നു തോന്നുന്നു
"ഈ കോളേജിന്റെ പുറകു വശത്തെ ഗേറ്റിന്റെ പുറത്തുള്ള വഴിയിലൂടെ കിഴക്കുവശത്തേക്കു അരക്കിലോമീറ്റർ നടക്കുമ്പോൾ ഒരു ചെറിയ മാടക്കട നിങ്ങള് കണ്ടിട്ടില്ലേ "
ഉണ്ണികൃഷ്ണൻ ഓർക്കുന്നു...അവിടെ ഒരു മാടക്കട ഉണ്ടല്ലോ..തന്റെ ചില കൂട്ടുകാരൊക്കെ അന്ന് അവിടെ ചുറ്റിപ്പറ്റി നില്കുന്നത് കാണാറുണ്ടായിരുന്നു
മന്മഥൻസാറു പ്രസംഗം തുടരുന്നു
"ആ ചെറിയ മാടക്കടയിൽ കഞ്ചാവ് പൊതികൾ കൊടുക്കുന്നുണ്ട്...നിങ്ങള് വിദ്യാർഥികളിൽ മിക്കവർക്കും ഇതറിയാവെന്നും എനിക്കറിയാം..എന്നാൽ നിങ്ങളാരും ഇതിനെ ചോദ്യം ചെയ്യുന്നില്ല ...ഇതാണ് ഈ നാടിന്റെ ശാപം "
സാറ് എല്ലാവരെയും വിമർശിക്കുകയാണ്
"ആ കടയിൽ ചെന്ന് കഞ്ചാവ് വേണമെന്ന് പറഞ്ഞാൽ കിട്ടില്ല ...അവിടെ ചെന്ന് "കുടുക്ക" ഉണ്ടോ എന്ന് ചോദിക്കണം ....."
**സാറിനിതൊക്കെ എങ്ങനറിയാം..**ഉണ്ണികൃഷ്ണൻ ചിന്തിച്ചു
സാറ് വീണ്ടും പ്രസംഗം തുടരുന്നു
" അപ്പോൾ കടക്കാരൻ ചോദിക്കും ***ചെറിയ കുടുക്കയോ .... വലിയ കുടുക്കയോ എന്ന് ** ...ചെറിയ കുടുക്കക്കു മുന്നൂറു രൂപയും വലിയ കുടുക്കക്കു അഞ്ഞൂറ് രൂപയും ...."
"കുടുക്ക എന്നുള്ള അപരനാമത്തിലാണ് അവിടെ കഞ്ചാവ് വിൽക്കുന്നത് "
"കടയുടെ പുറകിലുള്ള കുറ്റിക്കാട് നിങ്ങൾക്കെല്ലാം അറിയാമല്ലോ....ആ കുറ്റിക്കാട്ടിലേക്ക് നിങ്ങളൊന്നു കയറി നോക്കണം..കുറ്റിക്കാടുകളുടെ ഉള്ളിൽ നിന്നും വെള്ള നിറത്തിലുള്ള പുക ഉയരുന്നത് കാണാം ...അതായത് മാടക്കടയുടെ പുറകുവശത്തു കഞ്ചാവ് വലിക്കാനും..വലിച്ചിട്ടു കിടന്നുറങ്ങാനും ഒക്കെ ഉള്ള ,..എല്ലാ സൗകര്യങ്ങളും ഉണ്ട് "
"ഒരു ചെറിയ കുടുക്ക കഞ്ചാവ് വലിച്ചാല് എല്ലാ ദുഖങ്ങളും മാറും എന്നാണു അവര് പറയുന്നത്......ആകാശത്തിലൂടെ പറന്നു നടക്കുന്നതായും..സ്വർഗത്തിൽ എത്തിയതായും ഒക്കെ തോന്നും എന്നാണു ഇതൊക്കെവലിക്കുന്നവര് പ്രചരിപ്പിക്കുന്നത്..."
"ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുകയാണ്.....എനിക്ക് ഇന്ന് വൈകുന്നേരം മറ്റൊരു സെമിനാറിൽ പങ്കെടുക്കേണ്ടതുണ്ട്...."
"ഈ സെമിനാറു കഴിയുമ്പോൾ നിങ്ങളെല്ലാവരും കൂട്ടമായി ചെന്ന് ആ മാടക്കട അടിച്ചു തകർക്കണം എന്നാണു എനിക്ക് നിങ്ങളോടു പറയാനുള്ളത്...."
"അതുപോലെ തന്നെ എല്ലാവരും വെട്ടുകത്തിയും പിക്കാസുമായി ചെന്ന് മാടക്കടയുടെ പുറകിലുള്ള കുറ്റിക്കാട് വെട്ടി തെളിക്കണം..അവിടെ കഞ്ചാവ് വലിച്ചു സ്വർഗ്ഗത്തിലൂടെ നീന്തിത്തുടിക്കുന്നവരെ അടിച്ചോടിക്കണം എന്ന് പറഞ്ഞു കൊണ്ട് ഞാൻ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു "...എല്ലാവരും എണീറ്റ് നിന്ന് കരഘോഷം മുഴക്കി
മന്മഥൻസാറു എല്ലാവരെയും കൈ ഉയർത്തി കാണിച്ചു വീണ്ടും തന്റെ കാറിൽ കയറി
ലഹരി വിരുദ്ധ സെമിനാറു കഴിഞ്ഞു..
.ഉണ്ണി കൃഷ്ണൻ കോളേജിന്റെ പുറകുവശത്തെ ഗേറ്റിങ്കൽ എത്തി...
മാടക്കട അടിച്ചു തകർക്കാൻ എല്ലാവരും എത്തുമല്ലോ
കുറച്ചുനേരം നിന്നിട്ടും ആരും വന്നില്ല..എല്ലാ വിദ്യാർഥികളും ഓഡിറ്റോറിയത്തിൽ നിന്നും പോയെന്നു മനസിലായി
"പിന്നെന്തിനാണ് ഇവിടെ ഇങ്ങനൊരു സെമിനാറു നടത്തിയത്..." ഉണ്ണികൃഷ്ണൻ സ്വയം ചിന്തിച്ചു
ഉണ്ണികൃഷ്‍ണന്റെ കാലും കയ്യും വിറക്കാൻ തുടങ്ങി ....വെള്ളമുണ്ട് മടക്കി കുത്തി...മാടക്കടയെ ലഷ്യമാക്കി അവൻ കിഴക്കോട്ടു നടന്നു...
അത്യാവശ്യം നല്ല വേഗത്തിൽ തന്നെ ഉണ്ണി നടന്നു....അവന്റെ ഞരമ്പുകൾ വലിയുന്നുണ്ടാരുന്നു.....മസിലുകൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു
മാടക്കടയുടെ മുൻപിൽ എത്തി
മൂന്ന് തടിമാടന്മാര് കടയുടെ അകത്തും പുറത്തും ഒക്കെ ആയി നിൽക്കുന്നുണ്ട്
ഉണ്ണി കൃഷ്ണൻ മാടക്കടയുടെ അകത്തിരിക്കുന്ന തടിമാടന്റെ കണ്ണുകളിലേക്കു നോക്കി
"എന്താ വേണ്ടത് " അയാളുടെ ഘന ഗംഭീരമായ ശബ്ദം
ഉണ്ണിയുടെ നെഞ്ചുംകൂടു പൊട്ടുന്നപോലെ തോന്നി
ഉണ്ണി കൃഷ്ണൻ സർവ ശക്തിയും ധൈര്യവും എടുത്തു തന്നെ പറഞ്ഞു
"ഒരു കുടുക്ക " അതും പറഞ്ഞു ഉണ്ണി കൃഷ്ണൻ മുന്നൂറു രൂപ എടുത്തു കൊടുത്തു.
കടക്കാരൻ കാശ് വാങ്ങി എണ്ണി നോക്കിയിട്ടു ഒരു ചെറിയ പൊതിയും ഒരു തീപ്പെട്ടിയും കൊടുത്തു ..എന്നിട്ടു അയാള് കുറ്റിക്കാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തു
ഉണ്ണി കൃഷ്ണൻ ഒരു മരത്തിന്റെ ചോട്ടിൽ ചെന്നിരുന്നു...എന്തിനെന്നറിയില്ല അവന്റെ കണ്ണിൽ നിന്നും കുടു കുടാ കണ്ണീരു വരുന്നുണ്ടാരുന്നു...കണ്ണുനീര് കവിളിൽ നിന്നും ഒഴുകി പോക്കറ്റിൽ കിടന്ന ചിട്ടിക്കാശിന്റെ ബുക്ക് നനയുന്നുണ്ടാരുന്നു..
********
.
=രചന --രാജേഷ് ഇരവിനല്ലൂർ കോട്ടയം =

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot