നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വീണിടം വിഷ്ണുലോകം

...Image may contain: 1 person
വീണേ..... വീണേ
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം
വീണ്ടും
വീണേ.......
വീണേ..................
വീണ്ടും നിശബ്ദത
വീണേ വീണേ വീണപ്പെണ്ണേ
വീണാവാദിനി സരസ്വതി. ഈ ചെക്കനെക്കൊണ്ട് തോറ്റു, പെണ്ണുകാണാൻ പോയിട്ടു വന്നപ്പോൾ പെണ്ണിന്റെ പേര് വീണയെന്ന് പറഞ്ഞെങ്കിലും ഇത്ര കുരിശ്ശാകുമെന്ന് കരുതിയില്ല.
കല്ലാണനിശ്ചയം കൂടെ കഴിഞ്ഞപ്പോൾ പിന്നീട് ഇരുപത്തിനാലു മണിക്കൂറും ഫോണിൽ തന്നേ. വീണേ വീണേ എന്ന വീണാനാദം കേട്ടു മടുത്തെന്ന് വീട്ടുകാരും കൂട്ടുകാരും കളിയാക്കി മടുത്തു.
രാത്രി ഉറങ്ങാനും സമ്മതിക്കില്ല എസിയുടെ മൂളലും ഇവന്റെ ചാറ്റലും, കേട്ട് കേട്ട് ഒന്നു മയങ്ങി തുടങ്ങിയപ്പോൾ ആണ് ഉറക്കത്തിലും അവന്റെയൊരു
വീണാമന്ത്രം.
കസിനാണെന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇന്ന് രണ്ടു ചീത്തപറഞ്ഞിട്ട് തന്നെ കാര്യമെന്ന് ഉള്ളിലുറപ്പിച്ച് ലൈറ്റിട്ട് നോക്കിയപ്പോൾ സുമേഷ് കട്ടിലിൽ ഇല്ല. ഇനി പാതിരാത്രിയിലും ഫോൺ ചെയ്യലാണോ എന്നു ശ്രദ്ധിച്ചു.
അപ്പാഴും ചെറുതായി കേൾക്കുന്നുണ്ട്.
വീണേ..... ചേട്ടാ...... വീണേ
രാത്രി നീ വീണയുടെ ചേട്ടനെ വിളിക്കുകയാണോ.എവിടെയാണ് കാണുനില്ലല്ലോ?
മനുഷ്യൻ കട്ടിലിൽ നിന്ന് വീണ് എഴുന്നേൽക്കാൻ വയ്യാതെ കിടക്കുമ്പോൾ ആണോ ചേട്ടന്റെ ഒരു തമാശ.
അയ്യോ പാവം കട്ടിലിൽ നിന്ന് നിലത്ത് വീണു കിടന്നിടത്ത് കിടന്നാണ് വീണേ, വീണേ എന്നു പറയുന്നത്.
ഞാൻ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു, ചിരിയ്ക്കരുത് എന്നോർത്തെങ്കിലും ചിരി പിടിച്ചു നിർത്താൻ ആവുന്നില്ല.
ചിരിച്ചോ ചിരിച്ചോ
കട്ടിലിൽ നിന്ന് ഉറക്കത്തിൽ അറിയാതെ താഴെ വീഴുമ്പോൾ ഉണ്ടാകുന്ന വേദന ചേട്ടന് മനസ്സിലാകില്ല. അതിന് എപ്പോൾ എങ്കിലും കട്ടിലിൽ നിന്ന് താഴെ വീഴണം എന്നാലേ അതിന്റെ വേദന മനസ്സിലാക്കുകയുള്ളു.
വേദനയുണ്ടായപ്പോൾ നീ നന്നായി വേദാന്തം പറയുന്നല്ലോ. ആരു പറഞ്ഞു ഞാൻ കട്ടിലിൽ നിന്ന് വീണിട്ടില്ല എന്ന് . ഒരു വിധം എല്ലാവരും ജീവിതത്തിൽ ഒരു വട്ടമെങ്കിലും കട്ടിലിൽ നിന്ന് താഴെ വീണിട്ടുണ്ടാകും പക്ഷെ ആരും പുറത്ത് പറയില്ല എന്ന് മാത്രം.
അതൊക്കെ അവിടെ നിൽക്കട്ടെ, ചേട്ടൻ എപ്പോഴാണ് കട്ടിലിൽ നിന്ന് വീണത്.
അത് പണ്ട് അമ്മയുടെ വീട്ടിൽ വച്ച് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം.
നെട്ടൂരല്ലേ അമ്മവീട്.
അതേ പക്ഷെ ഇന്നത്തെ നെട്ടൂരല്ല അന്നത്തെ നെട്ടൂർ.
കൊച്ചിയിൽ നിന്ന് കണ്ണെത്തുന്ന കൈയകലത്തിൽ ആണെങ്കിലും എത്തിപ്പെടാൻ കാതങ്ങൾ താണ്ടണം എന്നു മാത്രം. നല്ല റോഡില്ലാത്ത എന്തിന് പറയാൻ ഒരു ഓട്ടോറിക്ഷ പോലും വല്ലപ്പോഴും എത്തുന്ന കൊച്ചുഗ്രാമം. മറുകരയിൽ എത്താൻ കിഴക്കും പടിഞ്ഞാറും വടക്കും കടത്തുവള്ളങ്ങൾ. ആകെ എല്ലാപേർക്കും ഉള്ള ഏക വിനോദോപാധി എല്ലാ വെള്ളിയാഴ്ചയും സിനിമ മാറുന്ന ഞങ്ങളുടെ സ്വന്തം അയ്യപ്പാസ് തീയേറ്റർ ആണ്.
മുരളിചേട്ടനും മാലു ചേച്ചിയും
വല്യമ്മയും ഞാനും ഉൾപ്പെടെ ഗ്രാമത്തിലെ എല്ലാവരും ഒരു വിധം എല്ലാ സിനിമയും കാണാൻ പോകാറുള്ള സെക്കന്റ്ഷോകൾ എന്നും ഉത്സവാന്തരീക്ഷ മൊരുക്കിയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ്, ഈസ്റ്റ്മാൻ കളറിൽ തുടങ്ങി കളർ സിനിമയിൽ എത്തിയ സിനിമ കാണലുകളുടെ സുവർണ്ണകാലം. അങ്ങോട്ട് ഊർജ്ജസ്വലമായി പോയിട്ട് തിരിച്ച് വരുമ്പോൾ ആരുടെരെങ്കിലും തോളിലിരുന്നു കാലുകളാട്ടി ഇരുന്നുള്ള രാജകീയ പ്രൗഡി യോടെയുള്ള മടക്കയാത്രകൾ. എല്ലാവരും തമ്മിൽപരസ്പരം ഉള്ള സ്നേഹം എല്ലാം എത്ര മധുരതരമായിരുന്നു.
ഇന്നാണെങ്കിലോ നെട്ടൂരിന്റെ മുഖച്ഛായ മാറി. എട്ടുകാലി വലകൾ പോലെ തലങ്ങും വിലങ്ങും റോഡുകൾ, താഴെ കൂടെയും മുകളിൽ കൂടെയും പോകുന്ന റോഡുകളും, റോഡുകളിൽ നിറഞ്ഞോടുന്ന വാഹനവ്യൂഹങ്ങളും. തീരങ്ങളെ ചൂളം വിളികളിലൂടെ പ്രകമ്പനം കൊള്ളിക്കുന്ന, തീരദേശറെയിൽവേയിലൂടെ കൂകി പായുന്ന തീവണ്ടികളും എല്ലാം കൊണ്ടും എപ്പോഴും ചലനാത്മകമായ നെട്ടൂർ.
വല്യമ്മയും മാലു ചേച്ചിയും ഞാനും നിലത്ത് പാ വിരിച്ച് അതിലാണ് ഉറക്കം. അങ്ങിനെയിരിക്കെ അവിടെ ആദ്യമായി കട്ടിൽ വാങ്ങി. ശീലമാകാത്തതിനാൽ കട്ടിലിൽ കിടന്നാൽ ഉറക്കം വരില്ല എന്ന കാരണത്താൽ അവരാരും കട്ടിലിൽ കിടന്നു തുടങ്ങിയിട്ടില്ല. അവിടെ ആകെയുള്ളത് വല്യച്ചൻ കിടക്കുന്ന ഒരു കട്ടിൽ ആണ്. അതിനാണെങ്കിൽ ഒട്ടും ഉയരമില്ലാത്ത കുറി യകാലുള്ള ,മടക്കിവയ്ക്കാവുന്ന കട്ടിലായിരുന്നു അത്. പുതിയത് വാങ്ങിയത് നല്ല ഉയരമുള്ള കട്ടിൽ. ഒരു ദിവസം ഞാൻ പറഞ്ഞു ഇന്നു ഞാൻ പുതിയ കട്ടിലിൽ കിടന്നാണ് ഉറങ്ങുന്നത്. ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും അവസാനം അവർ സമ്മതിച്ചു. ഭിത്തിയിൽ നിന്ന് ഉറുമ്പ് കയറാതിരിക്കാൻ ഭിത്തിയിൽ നിന്ന് അകത്തിയാണ് കട്ടിൽ ഇട്ടിരിക്കുന്നത്.
രാത്രിയിൽ എപ്പോഴോ ചേച്ചിയും വല്യമ്മയും എന്നെ വിളിക്കുന്നുണ്ട്.
മോനേ കട്ടിലിൽ നിന്ന് താഴെ വീഴരുത് കേട്ടോ.
വിളിക്കുന്ന കേട്ട് ഞാൻ ഉറക്കത്തിൽ നിന്നുണർന്ന് ചുറ്റും തപ്പി നോക്കിയപ്പോൾ കട്ടിൽ കാണുന്നില്ല.
വല്യമ്മേ കട്ടിൽ കാണുന്നില്ലല്ലോ
വീണ്ടും വീണ്ടും തപ്പി നോക്കിയിട്ടും കട്ടിലിന്റെ പൊടിപോലുമില്ല കണ്ടു പിടിയ്ക്കാൻ.കട്ടിൽ ആരെടുത്ത് കൊണ്ടുപോയി ഈ പാതിരായ്ക്ക്.
ഞാൻ വീണ്ടും പറഞ്ഞു.
ചേച്ചീ കട്ടിൽ കാണുന്നില്ല കേട്ടോ, ആരോ എടുത്തോണ്ട് പോയെന്നു തന്നെയാണ് തോന്നുന്നത്.
ആ ഇരുട്ടിലും വല്യമ്മയുടേയം ചേച്ചിയുടേയും ചിരി കേൾക്കുന്നുണ്ടായിരുന്നു.
മോൻ കട്ടിലിൽ അല്ലേ കിടക്കുന്നത് അതായിരിക്കും കട്ടിൽ കാണാത്തത്. മോനൊന്ന് കൈപ്പത്തി കൊണ്ട് കട്ടിലിൽ ഒന്ന് അടിച്ചു നോക്കിക്കേ. അടിച്ചു നോക്കിയപ്പോൾ തറയിലാണ് അടികൊള്ളുന്നത്. മരത്തിൽ കൊള്ളുന്ന ഒച്ചയല്ല കേൾക്കുന്നത് എന്നു മനസ്സിലായ ചേച്ചി എഴുന്നേറ്റ് തിപ്പെട്ടി കൊള്ളി ഉരച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ചു. മുനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ കണ്ടു രാത്രിയിൽ എപ്പോഴോ കട്ടിലിൽ നിന്ന് താഴെ വീണ് അവിടെ കിടന്ന് ഉറങ്ങി പോയ എന്നെ. ആ എന്നെയാണ് അവർ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിച്ച് താഴെ വീഴരുത് എന്ന് പറഞ്ഞത്. നമ്മൾ എപ്പോഴേ വീണു, വീണിടത്ത് കിടന്ന് എപ്പോഴേ ഉറങ്ങി. വീണിടം വിഷ്ണുലോകം.
ഒരു സമാധാനം ആയി. ചേട്ടനും വീണ കാര്യം കേട്ടപ്പോൾ എന്റെ വേദന പോയി.
സുമേഷ് പറഞ്ഞത് കേട്ട് ഞങ്ങൾ ചിരിച്ചു പോയി.
അതെല്ലാം ശരി ഇനി കിടന്നുറങ്ങാൻ നോക്കാം.
സുമേഷേ ഇനിയും രാത്രി വീഴുകയാണെങ്കിൻ വീണേ.....
വീണേ എന്നല്ലാതെ മറ്റെന്തെങ്കിലും പറയണേ.

By: PS Anilkumar

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot