നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മറുനാടൻതൊഴിലാളിചെറുകഥ:-
----------------------------------------------------------------
"'റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുണ്ടോ ?.ഡോക്ടർ എന്താണ് പറഞ്ഞത്?""
നളിനാക്ഷി ടീച്ചറുടെ ചോദ്യം കേട്ടപ്പോൾ നന്ദൻ മാഷിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി..
ഇവർ നളിനാക്ഷി അല്ല വെറും 'യക്ഷി' യാ.. അസൂയയും കുശുമ്പും കൂടപ്പിറപ്പായുള്ള വെറും യക്ഷി...
കൂടെ പഠിപ്പിക്കുന്ന ഹേമലത ടീച്ചറുടെ മകൾ ആശുപത്രിയിലാണ്..എന്നാലും മകളോളം പോന്ന ഒരു കുഞ്ഞിനെ രാത്രി വരെ അന്വേഷിച്ചാണ് മെഡിക്കൽ കോളേജിൽ ഉണ്ടെന്നു കണ്ടെത്തിയത്...ഒരാപാത്തും വരുത്തല്ലേ ആ കുഞ്ഞിന് എന്നു പ്രാർത്ഥിക്കേണ്ടിടത്താണ് ഈ ചോദ്യം.ഇങ്ങനെയുമുണ്ടോ മനുഷ്യന്മാർ.മറുപടി പറയാൻ നിൽക്കാതെ മാഷ് കോൾ കട്ടു ചെയ്തു.
"പാവം ഹേമലത ടീച്ചർ! ."
ഗവ: ടീച്ചർ ആയി നാട്ടിൽ നിന്നും ഇങ്ങു അകലെയ്ക് വന്ന ടീച്ചറും കൃഷി ഓഫീസർ ഭർത്താവും പത്താം ക്ലാസുകാരി യാമി എന്ന അമിക്കുട്ടിയും സന്തോഷത്തോടെ കഴിയുമ്പോഴാണ് കഴിഞ്ഞവർഷം ടീച്ചറുടെ ഭർത്താവ് അറ്റാക്ക് വന്നു പെട്ടന്ന് മരണപ്പെടുന്നത്..ആ ദുഃഖത്തിൽ നിന്നും ഒന്നു ഉയർത്തെഴുന്നേൽക്കുമ്പോൾ ആണ് ഇതാ അടുത്ത പ്രഹരം..ദൈവത്തിന്റെ ഇങ്ങനെ ഉള്ള ചില നേരത്തെ പ്രവർത്തികൾ കാണുമ്പോൾ തന്നിൽ ഒരു നിരീശ്വരവാദി ജനിക്കുന്നതായി മാഷിന് തോന്നി..
ഹേമലത ടീച്ചർ കുട്ടികൾക്കു മാത്രമല്ല രക്ഷിതാക്കൾക്കും പ്രിൻസിപ്പാലിനും മറ്റു സ്റ്റാഫിനുമൊക്കെ പ്രിയങ്കരിയാണ്‌... തനിക്കു അവർ ഒരു സഹപ്രവർത്തക മാത്രമല്ല അതിനേക്കാൾ ഉപരി ഒരു സഹോദരി കൂടി ആണ്.എന്നാൽ നളിനാക്ഷി ടീച്ചേർക് മാത്രം ഹേമലത ടീച്ചറെ ഇഷ്ടമല്ല...അസൂയ..മൂത്ത അസൂയ. അല്ലാതെന്ത്?.ചില ജന്മങ്ങൾ അങ്ങിനെയാണ്..എല്ലാറ്റിലും മോശം വശങ്ങൾ മാത്രമേ തേടി പിടിക്കുകയുള്ളൂ ...
മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ ഹേമലത ടീച്ചറും അവരുടെ സഹോദരനും കുടുംബവും ഒക്കെ ഐസിയു വിനു പുറത്തു നിൽപ്പുണ്ടായിരുന്നു.സങ്കടത്തിന്റെ ഒരു മാറാല അവിടെ മൊത്തം വരിഞ്ഞു മുറുക്കിയിരിക്കുന്നു.ടീച്ചറുടെ സഹോദരനെ പരിചയമുള്ളതിനാൽ അവരോട് മാറി നിന്നു വിവരങ്ങൾ തിരക്കി...
."ഇന്നലെ വൈകിട്ട് ഒരു മറുനടൻതൊഴിലാളിയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.. കൂടുതൽ വിവരങ്ങൾ അറിയാൻ അവനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മോൾക് ഇപ്പോഴും ബോധം വീണിറ്റില്ല.. അപസ്മാരം വന്നത് കൂടാതെ ബ്ലഡ് പ്രെഷെർ നന്നേ താണു പോയി... റികവർ ചെയ്യുന്നുന്നുണ്ട്..""
തീവ്രപരിചരണ വിഭാഗത്തിന്റെ ചില്ലു വാതിൽ തുറക്കുകയും അടക്കുകയും ചെയ്യപ്പെടുന്നുണ്ട്..ഓരോ തവണ തുറക്കുമ്പോഴും ഹേമലത ടീച്ചർ വാതിക്കൽ ചെന്നു മകളുടെ സുഖവിവരം അന്വേഷിക്കുന്നുണ്ട്..
ടീച്ചറുടെ മുഖത്തു നോക്കാൻ വയ്യ..അത്രയ്ക് വാടിയിട്ടുണ്ട്..
അത്രക്കുണ്ടായിരുന്നു ഇന്നു രാവിലെ മുതലുള്ള ആവലാതി..
ടീച്ചറുടെ വീടിന്റ എതിർവശം മറുനാടൻ തൊഴിലാളികൾ താമസത്തിന് വന്നതിൽ പിന്നെ ടീച്ചേർക് പേടി ആയിരുന്നു ...
അടുത്തെങ്ങും വേറെ വീടുകൾ ഇല്ലാതിരുന്നതും ടീച്ചറുടെ ഭീതിക് ഒന്നൂടെ ആക്കം കൂട്ടി...സ്കൂൾ അടച്ചതിനാൽ മകളെ തനിച്ചാക്കി കോഴ്സ് നു വരുമ്പോൾ ടീച്ചറിലേ അമ്മ ഒരുപാട് ഭയപെട്ടിരുന്നു..
ഇന്നും അവളെ തനിച്ച് ആക്കിയാണ് വന്നത്..ഇന്റർവെല്ലിന് മകളെ വിളിച്ചപ്പോഴും ഉച്ചയൂണിന്റെ സമയം വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോൾ അടുത്തനിമിഷം ടീച്ചർ ഒന്നും നോക്കാതെ ബാഗും എടുത്തു പോയതാണ്..
""നന്ദൻ മാഷേ മോളെ കാണുന്നില്ല..ടെറസ്സിൽ വാതിൽ തുറന്നിട്ടുണ്ട്.ഫോൺ ഇവിടുണ്ട്..ടിവി ഓണയിരുന്നു. എനിക്കെന്തോ ഭയമാകുന്നു. പേടിച്ചപോലെ എന്തോ സംഭവിച്ചിരിക്കുന്നു എന്നു മനസു പറയുന്നു.""
മകളെ കാണാനില്ല എന്ന ടീച്ചറുടെ തേങ്ങി കരച്ചിൽ ഫോണിലൂടെ കേട്ടയുടനെ നന്ദൻ മാഷ് ഒരു നിമിഷം സ്തബ്ധനായി നിന്നുപോയി..ഒരു നിമിഷത്തെ ഞെട്ടലിന് ശേഷം നന്ദൻ മാഷ് തന്റെ ഭാര്യയെ വിളിച്ചു ടീച്ചറുടെ വീട്ടിൽ എത്തിച്ചേരാൻ പറഞ്ഞു.. അപ്പോഴേക്കും കുറച്ചകലെ താമസിക്കുന്നവരും കടക്കാരും അവിടെ എത്തിചേർന്നിരുന്നു.. വീടും പരിസരവും ഒക്കെ നോക്കിയ കടക്കാരൻ ഗോപിച്ചേട്ടൻ ആണ് പിറകിലെ പൂഴിയിൽ രകത്തിന്റെ പാട് ആദ്യം ശ്രദിച്ചത്..അപകടം മണത്ത ഉടൻ മാഷ് തന്നെ പോലീസിൽ വിളിച്ചു പരാതി നൽകി..
നന്ദൻ മാഷ് ഭാര്യയെ ടീച്ചർക്ക് കൂട്ടിരുത്തി പുറത്തു കുട്ടിയെ അന്വേഷിയ്ക്കാൻ ഇറങ്ങി..സന്ധ്യ ആയപ്പോഴേക്കും ടീച്ചറുടെ സഹോദരനും കുടുംബവും എത്തി..അതോടെ മാഷും ഭാര്യയും വീട്ടിലേക്കു തിരിച്ചു..രാത്രി എട്ടു മണി ആയപ്പോഴേക്കും ടീച്ചറുടെ സഹോദരന്റെ വിളി വന്നു.. പോലീസ് അറിയിച്ചത് മാഷിനെ അറിയിച്ചു..
കുട്ടിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.. എതിർവശം താമസിക്കുന്ന മറുനാടൻ തൊഴിലാളികളിൽ ഒരാൾ അന്ന് ജോലിക്കു പോയില്ലെന്നും വൈകുന്നേരം മറ്റുള്ളവർ വന്നപ്പോൾ അയാൾ അവിടെ ഉണ്ടായിരുന്നില്ല എന്നും ഫോൺ അവിടെ ഉണ്ടെന്നും മനസിലാക്കിയ പോലീസ് അയാളെ തിരഞ്ഞുപിടിച്ചു കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ടീച്ചറും സഹോദരനും അപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് പോകുകയാണെന്നും പറഞ്ഞു..
കുട്ടി ജീവനോടെ ഉണ്ടെന്നുഅറിഞ്ഞപ്പോൾ തന്നെ ഒരു ചെറിയ സമാധാനം ആയിരുന്നു..ഉടൻ തന്നെ മാഷും മെഡിക്കൽ കോളേജിലേക് പുറപ്പെടുകയായിരുന്നു...
അരമുക്കാൽ മണിക്കൂർ തീവ്രപരിചരണ വിഭാഗത്തിനുമുന്നിൽ നിന്ന ശേഷം എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണം എന്നു സഹോദരനെ പറഞ്ഞു ടീച്ചറെ ഒന്നു അശ്വസിപ്പിച ശേഷം നന്ദൻ മാഷ് മെല്ലെ അവിടുന്നു ഇറങ്ങി..ബസിൽ കയറി ഒന്നു തല ചായ്ക്കണമെന്നു ആഗ്രഹിചെങ്കിലും നോക്കിയപ്പോൾ ഒരുവക സീറ്റ് എല്ലാം ഫുൾ ആണ്.ഒന്നുനിവർന്നു ഇരുന്നു ശ്വാസം വിടണം, അത്രക്കായിരുന്നല്ലോ ഉച്ച മുതൽക്കുള്ള ടെൻഷൻ..ഒരു സീറ്റ് ഒഴിഞ്ഞു കിടന്നിടത്തെക്കു നടന്നതും അവിടെ ഒരു മറുനാടൻതൊഴിലാളി....ഐ സി യു വിൽ കിടക്കുന്ന ടീച്ചറുടെ മകളെ ഓർത്തപ്പോൾ അവനോടു ഒരു വെറുപ്പ് തോന്നി.. അടുത്തിരിക്കുമ്പോൾ അവൻ ചിരിച്ചെങ്കിലും താൻ പുച്ഛത്തോടെ തല വെട്ടിച്ചു കളഞ്ഞതോർത്ത നന്ദൻ മാഷിനു ആത്മസംതൃപ്തി തോന്നി..
ഫോൺ എടുത്തു വാട്സ്ആപ് നോക്കിയപ്പോൾ പുതിയൊരു ഗ്രൂപ്പ്..ഹേമലത ടീച്ചർ ഒഴികെ സ്കൂൾ സ്റ്റാഫ് എല്ലാവരും ഉണ്ട്..അഡ്മിൻ നമ്മുടെ നളിനാക്ഷി ടീച്ചർ ആണ്..അവർക്ക് അപ്ഡേറ്റുകൾ അറിയാൻ അവർ ഉണ്ടാക്കിയ ഗ്രൂപ്പ്......
ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ ആ ഗ്രൂപ്പിൽ ഒത്തിരി ചർച്ചകൾ നടന്നിട്ടുണ്ട്‌ .
""മറുനടൻതൊഴിലാളി കസ്റ്റഡിയിൽ ആണത്രേ."'
""പാവം ടീച്ചർ"'
""കുട്ടിക് ബോധം വന്നില്ല അപസ്മാരം വരാറുള്ള കുട്ടിയല്ലേ..ഇന്നും വന്നുവെന്നാ അറിഞ്ഞത്""
"റേപ്പ് നടത്താൻ നോക്കുമ്പോൾ പേടിച്ചിട്ടുണ്ടാകും..അതാകും വീണ്ടും അപസ്മാരം വന്നേ.."
""നാളത്തെ ഗോവിന്ദ ചാമി..അല്ലെങ്കിൽ ആമിർ ഇസ്സുൽ ...""
""നാളത്തെ പത്രങ്ങൾക് ആഘോഷിക്കനുള്ള വാർത്ത ആയി..പാവം ഹേമലത ടീച്ചർ""
"എന്തിനാ..ഇവനെ ഒക്കെ സർക്കാർ ചെലവിൽ ജയിൽ നിന്നും തീറ്റിപോറ്റാനാണോ??..""
""അവനെ ഒക്കെ വെടിവെച്ചു കൊല്ലുകയാനുവേണ്ടത്..""
ഇങ്ങനെ പോകുന്നു ചാറ്റ്..സഹതാപിച്ചും അരിശം പൂണ്ടും ഇമോജികളും നിറഞ്ഞു നിൽക്കുണ്ട്...ഗ്രൂപ്പ് അല്ല കോപ്പ്..എന്നും പറഞ്ഞു കൊണ്ട് നന്ദൻ മാഷ് അരിശത്തോടെ ഗ്രൂപ്പിൽ നിന്നും ലെഫ്റ് ആയി..
എങ്കിലും മാഷിനും വല്ലാത്ത ഒരു ആധി എവിടെയോ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു..എത്ര കടിഞ്ഞാണിട്ടു തളയ്ക്കാൻ നോക്കിയാലും ദിശ തെറ്റി ചിന്തിക്കുന്ന മനസ്സ്,അത് എപ്പോഴും ഒരു ആത്മനൊമ്പരമാണ്..
വീട്ടിലെത്തി ഭാര്യയോട് വിവരങ്ങൾ പറഞ്ഞു ..അത്താഴം കഴിച്ചു പുറത്തിരിക്കവെ ആണ് ഹേമലത ടീച്ചറുടെ സഹോദരൻ വിളിക്കുന്നത്..അവരുടെ കൂടെ നാളെ രാവിലെ സ്റ്റേഷൻ വരെ ചെല്ലാൻ..താൻ വരാം എന്നു മറുപടി കോടുത്തു ..വേറെ ബന്ധുക്കൾ എത്തിച്ചേർന്നിട്ടില്ലാത്തതിനാൽ ആവും തന്നെ വിളിച്ചത്..പോരാത്തതിന് ഈ നാട്ടുകാരൻ ആണല്ലോ...അതിന്റെ പരിചയം കൂടി കണക്കിൽ എടുക്കുന്നുണ്ടാവും..അതോ സഹോദരൻ ആയി ടീചർ കാണുമ്പോലെ അയാൾക്കും തോന്നികാണുമോ??
പുറത്തെ തിണ്ണയിൽ കളിച്ചു കൊണ്ടിരിക്കുന്ന തന്റെ അഞ്ചു വയസ്സുകാരിയെ നോക്കിയപ്പോൾ നന്ദൻ മാഷിന് ഭയം തോന്നി..ഈ കുഞ്ഞിക്കുരുന്നിനെ ഈ നശിച്ച ലോകത്തിൽ ഏത് മറവിലാണ് ഒളിപ്പിക്കേണ്ടത് ഈശ്വരാ എന്നു വിളിച്ചു നെടുവീർപ്പിട്ടു കൊണ്ട് അവളെ കോരി എടുത്തു അകത്തു പോയി വാതിൽ കുറ്റിയിട്ടു..
പിറ്റേന്ന് കാലത്തെ നന്ദൻ മാഷ് തന്റെ സുഹൃത്ത് എംഎൽഎ രാജേഷിനെയും കൂടെ കൂട്ടി സ്റ്റേഷനിൽ പോകാൻ..പെട്ടന്നു കാര്യങ്ങൾ നടക്കാനും കേസിന്റെ ബലത്തിനും അത് നല്ലതാണെന്നു മാഷിന് തോന്നി..ഇന്നലെയും കേസിനു രഹസ്യസ്വഭാവം വന്നത് തന്നെ രാജേഷ് ഇടപെട്ടത് കൊണ്ടായിരുന്നു..അല്ലെങ്കിൽ ഇത്രയും സമയത്തിനുള്ളിൽ പത്രങ്ങളും ചാനലുകാരും അവരുടെ ഭാവനകൾ പുറത്തെടുത്തേനെ..
അവിടെ ഹേമലത ടീച്ചറും സഹോദരനും അവർക്ക് മുന്നേ എത്തിച്ചേർന്നിരുന്നു... ഇന്നലത്തെ ഭയം മാറി ടീച്ചറുടെ മുഖത്തു അല്പം പ്രകാശം പരന്നതായി നന്ദൻ മാഷിന് തോന്നി..
ടീച്ചരുടെ സഹോദരൻ മാഷിനെയും എംഎൽഎ രാജേഷിനെയും മാറ്റി നിർത്തി പറഞ്ഞു..
""മോൾക് ഇന്നലെ രാത്രി ബോധം വീണു.. നടന്നത് അവൾ ചെറുതായി ഓർത്തെടുത്തു..ടെറസ്സിൽ നിന്നും ഉണങ്ങിയ തുണി എടുക്കുമ്പോൾ കാലു തെന്നി താഴെ വീണു..പൂഴിയിൽ ആയതിനാൽ ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നുള്ളു.. എതിർവശമുള്ള വീട്ടിൽ നിന്ന് ആ മറുനടൻതൊഴിലാളി ഇതുകണ്ട് ഓടി വന്നു ഹോസ്പിറ്റലിൽ എത്തിച്ചു. ..അവിടെ കേഷുവാലിറ്റിയിൽ കയറിയതും കുറച്ചു കഴിഞ്ഞയുടൻ ഫിറ്റ്സ് വന്നത്രെ...പിന്നെ ഒന്നും മോൾക് ഓർമയില്ല...ഭാഗ്യത്തിന് പേടിച്ചപ്പോലെ ഒന്നും സംഭവിച്ചില്ല.. എസ് ഐ യോട് കേസ് ഒഴിവാക്കാൻ പറയണം..""
മൂന്നുപേരും ടീച്ചറും അകത്തുകയറി..മൂലയിൽ ഒരു ബെഞ്ചിൽ മറുനാടൻതൊഴിലാളി കൂനി ഇരിപ്പുണ്ട്..കണ്ടാൽ അറിയാം എല്ലവരും നന്നായി കൈകാര്യം ചെയ്ത ലക്ഷണമുണ്ട്.
എസ് ഐ അതിന്റെ ബാക്കി പറഞ്ഞു..
"ബിപി കണ്ട്രോൾ ആവാത്തതിനാൽ ഹോസ്പിറ്റൽ കാര് മെഡിക്കൽ കോളേജിൽ റെഫർ ചെയ്തു.ഇവൻ തന്നെ കുട്ടിയെ ആംബുലൻസിന്റെ ഒപ്പം മെഡിക്കൽ കോളേജിൽ എത്തിച്ചു ..അവിടെ നിന്നും കുട്ടിയെ അവിടെ എത്തിച്ചിട്ടു നിങ്ങളോട് വിവരം പറയാൻ വീട്ടിൽ വരും വഴിയാണ് ഞങ്ങൾ ഇവനെ കസ്റ്റഡിയിൽ എടുക്കുന്നത്....ഏതായാലും നിങ്ങൾ വന്നിട്ടു കേസ് ഇല്ല എന്നു ഒപ്പിട്ടു തന്നിട്ട് ഇവനെ വിടമെന്നു കരുതി..""
ഹേമലത ടീച്ചർ നേരെ അവന്റെ അടുത്തേക്ക് നടന്നു..അവന്റെ മുഖം പിടിച്ചു ഉയർത്തി..
അവൻ ടീച്ചറെ നോക്കിയത്തും അടികൊണ്ടു ക്ഷീണിച്ച കൈകൾ കൂപി കലങ്ങിയ കണ്ണോടെ പറഞ്ഞു
मेरा भी एक छोटी बहन है जो गांव में रहती है। उसी की मुस्कुराहट देखने केलिए मैं यहा काम करने आया हूँ।
(""എന്റെ ഗ്രാമത്തിലും ഇതുപോലൊരു കുഞ്ഞു അനുജത്തി എനിക്കും ഉണ്ട്..അവളുടെ പുഞ്ചിരി കാണാനാണ് ഞാൻ ഇവിടെ വന്നു ജോലി ചെയ്യുന്നത്"")
.അവൻ അതു പറഞ്ഞതും ഹേമലത ടീച്ചർ അവനെ ചേർത്തണച്ചു..
""ഇന്നു മുതൽ ഇവിടെയും നിനക്കു ഒരു അമ്മയും അനുജത്തിയും ഉണ്ടായിരിക്കും എന്നും.""
അത് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞ വാത്സല്യം കൊണ്ടും തികഞ്ഞ നന്ദി കൊണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായൊരുന്നു..
കൂടെ നിന്ന നന്ദൻ മാഷിനും അറിയതെ കണ്ണും നിറഞ്ഞു പോയി..
"ഇല്ല ഇ ലോകത്തിൽ നന്മകൾ അവസാനിച്ചിട്ടില്ല..,".
നന്ദൻ മാഷ് മനസിൽ ഉരുവിട്ട് കൊണ്ടേ നിന്നു..
......
ശുഭം...
....
ഭവിത വത്സലൻ ..

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot