നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മക്കുറിപ്പുകൾ.

..Image may contain: 2 people, people smiling
നന്ദു.. ഇതൊക്ക വായിച്ചിട്ട് എനിക്കിപ്പോ തന്നെ സിദ്ധാർഥ് എന്ന ആ മനുഷ്യനെ കാണാൻ തോന്നുന്നു.. അമ്മ ഒരാളെ ഇത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് നിനക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടോ??
ഈ എട്ട് വർഷത്തിനിടയിൽ നിന്നെക്കാൾ അധികം അമ്മ അടുത്തത് എന്നോടാണ്.. ഞാൻ എന്നും ചോദിക്കാറുണ്ടായിരുന്നു ഈ പെട്ടി ഒന്ന് തുറന്ന് കാണിക്കാൻ.. ഇതിൽ അമ്മ ഒരുപാട് ഇഷ്ടപ്പെടുന്ന, അമ്മയുടെ ജീവിതത്തിന്റെ ഭാഗമായ എന്തോ ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു പണ്ടേ...
പക്ഷേ ഇങ്ങനെ ഒന്നും ഞാൻ സ്വപ്നത്തിൽ കരുതിയില്ല..
ഈ ഡയറി ഇത് അമ്മയുടെ നമ്മൾ കാണാതെ പോയ ജീവിതം ആണ്.. അമ്മ ആഗ്രഹിച്ച ജീവിതം.. ഇതിലെ ഓരോ വരികളും . ഓരോ ദിവസങ്ങളും അമ്മ ആ മനുഷ്യനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നുണ്ട് നന്ദു...
......................
മീരയുടെ വാ തോരാതെ ഉള്ള സംസാരമോ ചോദ്യങ്ങളോ നന്ദു കേൾക്കുന്നുണ്ടായിരുന്നില്ല.. അയാൾ അത്ഭുതത്തോടെ ആശ്ചര്യത്തോടെ തന്റെ അമ്മയുടെ ഡയറി വായിച്ചുകൊണ്ടേ ഇരുന്നു.. അതൊക്ക അയാൾക്ക് പുതിയ അറിവാണ് .. ഇതുവരെ താൻ കണ്ട അമ്മയേ അല്ല അയാൾ ആ വരികളിൽ കണ്ടത്... അമ്പതുകളിൽ ആണ് അമ്മ ഈ ഡയറി എഴുത്തു തുടങ്ങിയത് എന്നത് ഡയറിയിലെ വർഷം സൂചിപ്പിക്കുന്നുണ്ട്.. അതായത് അച്ഛന്റെ മരണ ശേഷം .. ഒറ്റയ്ക്കുള്ള ജീവിതത്തിനിടയിൽ..
അച്ഛൻ അമ്മയോട് വഴക്കിടുന്നതോ സ്നേഹത്തോടെ സംസാരിക്കുന്നതോ താൻ കണ്ടിട്ടില്ല എന്ന് അയാൾ ഓർത്തു... രണ്ടുപേരും പക്ഷേ തന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.. എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്തു തന്നു.. മീരയുടെ കാര്യം പറഞ്ഞപ്പോലും രണ്ടാളും ഒരു തരത്തിൽ ഉള്ള എതിർപ്പും പ്രകടിപ്പിച്ചില്ല.. അച്ഛനും അമ്മയും പരസ്പരം സ്നേഹിച്ചിരുന്നില്ല എന്നും തനിക്കു വേണ്ടി ഒരു കൂരക്കുള്ളിൽ രണ്ടു പരിചയക്കാർ മാത്രം ആയി ജീവിക്കുകയായിരുന്നെന്നും ഇപ്പോൾ ഇതൊക്കെ വായിച്ചപ്പോൾ മാത്രമാണ് അയാൾക്ക് മനസ്സിലായത്.. തനിക്കുവേണ്ടി മാത്രം അവർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു...
............
നന്ദു... നീ നോക്കൂ.. അമ്മയുടെ പെട്ടിയിലെ നാല് ഡയറികളിൽ ഒന്നിൽ സിദ്ധാർഥ് എന്ന വ്യക്തിയോടുള്ള പ്രണയം.. അയാളോടൊപ്പം ഉള്ള ഓരോ നിമിഷങ്ങൾ.. ഓർമ്മകൾ എല്ലാം അയാൾക്കുള്ള കുറിപ്പുകൾ ആയാണ് എഴുതിയിട്ടുള്ളത്.. അമ്മ അയാളോട് പറയാൻ ആഗ്രഹിച്ചത് എല്ലാം ഉണ്ടതിൽ..
ദാ.. ഇതിൽ അമ്മയുടെ അധ്യാപന ജീവിതവും കൂട്ടുകാരും.. അമ്മ ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന വിദ്യാർത്ഥികളുടെ കാര്യവും ഒക്കെ ആണ്.. അമ്മ അവർക്കൊക്കെ എത്ര പ്രീയപ്പെട്ടവൾ ആയിരുന്നു എന്ന് ഈ കുറിപ്പുകളിൽ കാണാം നന്ദു...
ഇത് നോക്ക്.. ഇത് എനിക്കും നിനക്കും മാത്രമായി അമ്മ എഴുതിയതാണ്.. അച്ഛന്റെ മരണശേഷം അമ്മ ഒറ്റയ്ക്കിവിടെ താമസിക്കാൻ നിർബന്ധം പിടിച്ചതും ആഴ്ചാവസാനം നമ്മൾ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞതും ഒക്കെ അമ്മയ്ക്ക് മനസ്സ് തുറന്ന് ഇതൊക്ക എഴുതാൻ ഉള്ള സമയത്തിന് വേണ്ടി ആയിരുന്നിരിക്കാം..
നന്ദു.. നീ ആ ഡയറി വായിച്ചു കഴിഞ്ഞില്ലേ ഇതുവരെ ???
...........
ഡയറി കൈയ്യിൽ നിന്ന് പിടിച്ചു വാങ്ങി കൊണ്ട് മീര ദേഷ്യപ്പെട്ടപ്പോൾ മാത്രമാണ് അയാൾ അമ്മ അച്ഛനെ കുറിച്ചും അവർക്കിടയിലെ ജീവിതത്തെ കുറിച്ചും എഴുതിയ ഡയറിയിലെ കുറിപ്പുകളിൽ നിന്നും മോചിതൻ ആയത്...
കോളേജ് അദ്ധ്യാപകരായ അമ്മയും അച്ഛനും ... സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞ ജീവിതം.. പഠനവും കൂട്ടുകാരും പിന്നെ മീരയും മാത്രം ആയിരുന്നു തന്റെ ജീവിതം.. അതിനിടക്ക് അച്ഛന്റെയും അമ്മയുടേയും ഇടയിലെ ചേർച്ചയില്ലായ്മയോ അകൽച്ചയോ ഒന്നും താൻ ശ്രദ്ധിച്ചിരുന്നില്ല.. അവർ തന്റെ മുൻപിൽ കാഴ്ചവെച്ച അഭിനയം തന്നെ അങ്ങനൊന്നും ചിന്തിക്കാൻ പോലും തോന്നിപ്പിച്ചിരുന്നില്ല എന്നതാണ് സത്യം...
അച്ഛന് ഹേമ മിസ്സ് നോട് എന്തോ ഒരു അടുപ്പം ഉണ്ടായിരുന്നു എന്നത് കോളേജ് പഠനകാലത്തു സുഹൃത്തുക്കൾ ഒളിഞ്ഞും തെളിഞ്ഞും തന്നോട് പറഞ്ഞിരുന്നത് അയാൾ ഓർത്തു.. പക്ഷേ അതൊക്കെ വെറും ഗോസ്സിപ് ആയി മാത്രമേ താൻ കണ്ടിരുന്നുള്ളൂ.. ഇപ്പൊ അമ്മയുടെ ഈ കുറിപ്പുകൾ ആ കഥകൾ എത്ര ആഴം ഉള്ള സത്യങ്ങൾ ആയിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ട് ... മൗനമായി അമ്മ സഹിച്ച വേദനയുടെ ആഴവും തനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്..
ഒരു മകൻ എന്ന നിലയിൽ താൻ എത്ര വലിയ പരാജയം ആയിരുന്നു എന്നതിൽ അയാൾക്ക് സ്വയം പുച്ഛം തോന്നി...
................
മീര കൊണ്ട് കൊടുത്ത ചായ കുടിച്ചു കൊണ്ട് അയാൾ അമ്മ സിദ്ധാർഥ് നു വേണ്ടി കുറിച്ച വരികളിലൂടെ വീണ്ടും മിഴികൾ ഓടിച്ചു... " എന്ത് നിഷ്കളങ്കമായ പ്രണയം അല്ലേ നന്ദു.. ഇന്നത്തെ കുട്ടികൾക്ക് ഒരിക്കലും ആ കാലത്തെ ആളുകൾ പ്രണയിച്ച പോലെ പ്രണയിക്കാൻ സാധിക്കില്ല.. വിരൽ തുമ്പിൽ പോലും തൊട്ട് അശുദ്ധം ആക്കാത്ത പ്രണയം.."അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര പറഞ്ഞു..
......
"സിദ്ധു... നീ ഇപ്പൊ എവിടെയാണ് എന്നോ എന്ത് ചെയ്യുന്നു എന്നോ.. എന്തിനേറെ നീ ഇപ്പൊ ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്ക് അറിയില്ല.. എങ്കിലും നമ്മുടെ പഴയ കാലത്തേക്ക് ഒന്ന് കൂടി മടങ്ങി പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്ന് ഞാൻ അതി തീവ്രമായി ആഗ്രഹിച്ചു പോകുന്നു.. നീയും ഞാനും അല്ലാതെ നമ്മൾ മാത്രം ഉള്ള ആ കാലം.. നീളൻ നീല പാവാടയും വെള്ള ഷർട്ടും ധരിച്ച് മുടി രണ്ടായി പിന്നി റിബ്ബൺ കെട്ടിയ ആ ഹൈ സ്കൂൾക്കാരി ആയി വീണ്ടും മാറാൻ കഴിഞ്ഞിരുന്നെങ്കിൽ..
പാടവരമ്പത്തും ഇടവഴികളിലും അമ്പലപറമ്പിലുമെല്ലാം മറ്റാരും അറിയാതെ കണ്ണുകൾ കൊണ്ട് നാം കൈമാറിയ പ്രണയം... ലൈബ്രറി ബുക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു കൈമാറിയ നമ്മുടെ സ്വപ്‌നങ്ങൾ.. സിദ്ധു... എനിക്ക് ആ കാലം വീണ്ടും അനുഭവിക്കാൻ തോന്നുന്നു..
അന്നൊരിക്കൽ തോട്ടെറമ്പിൽ വച്ച് നീ എനിക്ക് അണിയിച്ച ആമ്പൽ മൊട്ടു മാല നീ ഓർക്കുന്നുവോ? അത് നീ എനിക്ക് ചാർത്തിയ താലി പോലെ ഞാൻ ഇന്നും സൂക്ഷിക്കുന്നു.. ഏറെ പൊടിഞ്ഞുണങ്ങി തുടങ്ങി.. എങ്കിലും... അമ്പലത്തിന്റെ അരികിലെ ഇടവഴിയിൽ നീ എന്റെ മുടിയിൽ തിരുകിയ തുളസികതിരും, കൈയ്യിൽ വെച്ചു തന്ന ആലിലയിലെ ചന്ദനവും.. നീ വാങ്ങി തന്ന കുപ്പി വളകളും. നീ തന്ന മയിൽ പീലി കണ്ണും... നിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോയും എന്തിനേറെ നീ എനിക്ക് തന്ന ചെറിയ സ്നേഹ സന്ദേശങ്ങളും അതിൽ നീ " നിന്റെ സ്വന്തം നിന്റെ മാത്രം സിദ്ധു.." എന്ന് എഴുതി നിന്റെ പേരിനടിയിൽ നീ കോറി ഇടാറുള്ള ഹൃദയ ചിഹ്നവും എന്റെ സമ്പാദ്യ പെട്ടിയിൽ ഇന്നും ഞാൻ നിധി പോലെ കാത്തു വെച്ചിട്ടുണ്ട്.. ഇനി ഒരിക്കലും നിന്നെ കാണുമെന്നൊ മിണ്ടാൻ കഴിയുമെന്നോ പോലും അറിയാതെ ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ ഓർമ്മകൾ എല്ലാം...
..............
മീരാ... എത്രയെത്ര അമ്മമാർ ഇതുപോലെ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മക്കൾക്കും കുടുംബത്തിനും വേണ്ടി ത്യജിച്ചു നീറി നീറി ജീവിച്ചു മരിക്കുന്നുണ്ടാകും അല്ലേ.. നമ്മുടെ അമ്മയെ പോലെ??
മീര... ഞാൻ എന്റെ അമ്മയെ മനസ്സിലാക്കിയതിൽ.. സ്നേഹിച്ചതിൽ കൂടുതൽ നീ സ്നേഹിച്ചു.. അതാണ് അമ്മയുടെ ഈ വില മതിക്കാൻ ആവാത്ത സമ്പാദ്യം അമ്മ നിന്നെ ഏൽപ്പിച്ചത്.. അല്ലെങ്കിൽ അമ്മ നമ്മെ വിട്ട് പോകും മുൻപ് ഇത് നശിപ്പിച്ചു കളഞ്ഞേനെ.. അമ്മയ്ക്കറിയാം നിനക്കും എനിക്കും അമ്മയുടെ ഇഷ്ടങ്ങളെ മനസ്സിലാക്കാൻ സാധിക്കുമെന്ന്...
നന്ദു.. നമ്മുക്ക് പോണം.. അമ്മയുടെ നാട്ടിലേക്ക്.. ആ ഓർമകളിലേക്ക്.. പറ്റുമെങ്കിൽ സിദ്ധാർഥ് എന്ന അമ്മയുടെ സിദ്ധുവിനേയും കാണണം.. ഈ കുറിപ്പുകൾ അദ്ദേഹത്തിനെ ഏൽപ്പിക്കണം....
തന്റെ ആഗ്രഹം അവൾ വായിച്ചെടുത്തിൽ അയാൾ ഒരുപാട് സ്നേഹത്തോടെ അവളെ തന്നോട് ചേർത്തു പിടിച് നെറുകയിൽ ഒരു മുത്തം ചാർത്തി...
നിഷ സൈനു
29/05/18

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot