നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഴയോർമ്മകൾ.

Image may contain: 1 person.....


മഴ....., തുള്ളിക്കൊരു കുടം എന്ന കണക്കിന് തിമർത്തു പെയ്യുകയാണ്. ടപ് sപ് എന്ന് മുറ്റത്തു വീണ് ചിന്നിച്ചിതറുന്ന മഴത്തുള്ളികളെ നോക്കിയിരിക്കാനെന്തു രസം..!
പൂച്ചെടികളും, പച്ചക്കറിതൈകളും തോരാത്ത മഴയിൽ കുളിച്ച് ചാഞ്ചാടിയാടി നിർവൃതിയടയുകയാണ്.
തൊട്ടടുത്ത പറമ്പിലെ മൂവാണ്ടൻ മാവിൽ ഒരു കുയിലിരുന്ന് കുഹൂ... കുഹൂ എന്നുറക്കെ പാടി തന്റെ ഇണയെ വിളിച്ചു കൊണ്ടിരിക്കുന്നു..., ഈ മഴയുടെ സന്തോഷത്തിൽ ഒന്നു ചേരാൻ.
മറക്കാൻ ശ്രമിച്ച പല ഓർമ്മകളും ഓടി എത്തുകയാണ് ഈ തോരാമഴയിൽ..., ഒന്ന് പെയ്തൊഴിയാനായ്...!
സന്ധ്യക്ക് വിളക്കു കത്തിച്ച് നാമം ചൊല്ലുന്നതിനിടയിലും ഒരേ ഒരു ചിന്ത മാത്രമേ ദേവൂട്ടീടെ മനസ്സിലുണ്ടായിരുന്നുള്ളൂ... "ഈശ്വരാ..., അച്ഛനെ കാത്തോളണേ..., ഇടിമിന്നലും, മഴയുമൊക്കെയുണ്ട്.., അച്ഛനൊന്ന് വേഗം വന്നാൽ മതിയാർന്നൂ...".
നാമജപത്തിനിടയിലും ദേവൂട്ടീടെ കണ്ണുകൾ പടിക്കലേക്ക് തന്നേയായിരിക്കും. കൂരിരുട്ടിൽ, ഇടിമിന്നലിന്റെ നേരിയ വെളിച്ചത്തിൽ കാലൻകുടയും ചൂടി, കയ്യിലൊരു സഞ്ചിയിൽ നിറയെ സാമാനങ്ങളുമായ് പടി കടന്നു വരുന്ന അച്ഛനെ കാണുമ്പോൾ മനസ്സൊന്നു തണുക്കും. ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കും.
"എന്താ..., ന്റെ കുട്ടി പേടിച്ചുപോയോ.. " എന്ന് ചോദിച്ച് കുട്ടിയെ അരികിലേക്ക് ചേർത്ത് നിർത്തും.
അച്ഛന്റെ കയ്യിൽ നിന്നും സഞ്ചി വാങ്ങി അടുക്കളയിൽക്കൊണ്ടുവയ്ക്കും.
"ദേവൂട്ടീ..., ആ സഞ്ചീല് കപ്പലണ്ടിപ്പൊതി ണ്ട് ട്ടോ... അതെടുത്തോളൂ... " ന്ന് അച്ഛൻ ഉറക്കെ വിളിച്ചു പറയും.
" ദേവൂട്ടീ..., അമ്മയോട് പറയ്.., അച്ഛനൊരു ചുക്കുകാപ്പി ഉണ്ടാക്കിത്തരാൻ".
തലയാട്ടിക്കൊണ്ട് വീണ്ടും അടുക്കളയിലേക്കോടും. അമ്മ ഉണ്ടാക്കിത്തന്ന കാപ്പി അച്ഛനു കൊണ്ടു കൊടുക്കും. ന്നിട്ട് അച്ഛനാ കാപ്പി ആറ്റിക്കുടിക്കുന്നത് നോക്കി നിൽക്കും.
"ന്താ... ഇത്തിരി കാപ്പി നിനക്ക് വേണോ..?" അച്ഛൻ ചിരിച്ചുകൊണ്ട് ചോദിക്കും.
"ക്ക് വേണ്ട, ഇത് കട്ടൻ കാപ്പിയല്ലേ..., കട്ടൻ കാപ്പി കുടിച്ചാൽ കറുത്തുപോകും ന്ന് ഇവിടെ വരണ ജാനകിയമ്മ പറഞ്ഞു".
ഇത് കേട്ട് അച്ഛൻ ചിരിക്കും.., ഒപ്പം ദേവൂട്ടിയും.
മഴ കോരിച്ചൊരിയുന്ന ചില ഞായറാഴ്ചകളിൽ അച്ഛന്റടുത്ത് പോയി മൂടിപ്പുതച്ചിരിക്കും. അച്ഛനപ്പോൾ പുതപ്പോടുകൂടിത്തന്നെ ദേവൂട്ടിയെ ചേർത്ത് പിടിക്കും. അതൊരു സുഖാ..., പറഞ്ഞറിയിക്കാനാകാത്ത ഒരു സുഖം..! ദേവൂട്ടിക്കൊന്നും ചോദിക്കാനോ പറയാനോ തോന്നില്ല.., ചുമ്മാ..., ങ്ങ്നെ അച്ഛന്റെ ചൂടും തട്ടി ഇരിക്കണം.
ചിലപ്പോൾ അച്ഛൻ പറയും..,
"എന്തൊരു മഴയാ ല്ലേ...! കാലത്ത് തൊട്ട് പെയ്ത് തുടങ്ങീതാ..,പ്പൊ ദാ സന്ധ്യയായിരിക്കുണു. ദേഹമൊക്കെ വേദനിക്കുണു.., പനിവരണപോലെ. മോള് പോയി അച്ഛന് ഇത്തിരി കുരുമുളക് രസം ഉണ്ടാക്കി കൊണ്ടു താ.., ത്ര ദീസായി എന്റെ കുട്ടീടെ രസം കുടിച്ചിട്ട്...! നല്ല എരുവ് വേണം ട്ടൊ".
കേൾക്കേണ്ട താമസം, ദേവൂട്ടി വേഗം അടുക്കളയിൽ പോയി, കുറച്ച് കുരുമുളക്, ജീരകം, മല്ലി; ഒരു ഉള്ളിക്കഷണം, ഇവയെല്ലാം ചേർത്ത് അമ്മിയിൽ അരച്ചെടുക്കും.
ഇത് കാണുമ്പോൾ അമ്മ ചോയ്ക്കും..
"ഇന്ന് കുട്ടീടെ സ്‌പെഷൽ കുരുമുക് രസം ഉണ്ടാക്കാൻ പോകാ ല്ലേ.." !
കുട്ടി ഒന്ന് ചിരിക്കും.
ഒരു നെല്ലിക്കയോളo പുളി പിഴിഞ്ഞ് അരപ്പെല്ലാം ചേർത്ത്, പാകത്തിന് കായവും ഉപ്പും ചേർത്ത് നല്ല എരുവും മണവും രുചിയുമുള്ള രസം തയ്യാർ..!
ചേച്ചമ്മ അടുക്കളയിൽ വന്ന് പറയും,"ഹായ്.., എന്താ വാസന..! ക്കും ഒരു ഗ്ലാസ്സ് വേണം ട്ടൊ. ഇതങ്ട് കുടിച്ചാൽ നീരുവീഴ്ചയും പനിയുമെല്ലാം പമ്പ കടക്കും",
എന്നിട്ട് ദേവൂട്ടിയും ചേച്ചമ്മയും ചിരിക്കും.
"ദാ.., ചേച്ചമ്മ ഇതെടുത്തോളൂ",
ഒരു ഗ്ലാസ്സ് രസം ചേച്ചമ്മക്ക് കൊടുക്കും.
മറ്റൊരു ഗ്ലാസ്സിൽ അച്ഛനുള്ളതും കൊണ്ട് അച്ഛന്റടുത്തേക്ക് ചെല്ലും.
" ഉം.., ഞാൻ കാത്തിരിക്ക്യായിരുന്നു.., എന്റെ കുട്ടീടെ സ്പെഷൽ രസം കുടിക്കാൻ..", ചൂടുള്ള ഗ്ലാസ്സ് ഒരു കച്ചമുണ്ടുകൊണ്ട് കൂട്ടിപ്പിടിച്ച് അച്ഛൻ പറയും. അച്ഛനത് ഊതിയൂതി കുടിക്കുന്നത് ദേവൂട്ടി നോക്കിയിരിക്കും.
"ഹായ്.. എന്താ ഒരു സ്വാദ്.., നല്ല എരുവും..! ഈ രസങ്ങ്ട് ഉള്ളിൽ ചെന്നാൽ എല്ലാ മഴയസുഖങ്ങളും ങ്ങ്ട് മാറിക്കിട്ടും...! ന്റെ കുട്ടീടെ കൈപുണ്യം ഒന്ന് വേറെത്തന്നേയാണേയ്...!"
അത് കേൾക്കുമ്പോൾ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിക്കും.
( ആർക്കുമറിയില്ല ദേവൂട്ടി അച്ഛനെ എന്തുമാത്രം സ്നേഹിച്ചിരുന്നെന്ന്...! ആ അച്ഛന്റെ വിയോഗത്തിൽ എത്രമാത്രം തളർന്നുപോയെന്ന്..., തനിച്ചായിപ്പോയെന്ന്.....!)
ജനലിലൂടെ പുറത്തോട്ട് നോക്കിയിരിക്കുമ്പോൾ, പണ്ട് കളിവഞ്ചി ഉണ്ടാക്കിക്കളിക്കാറുള്ളത് ഓർമ്മയിലൂടെ ഒഴുകിയെത്തി.
ആരും കാണാതെ, ദേവൂട്ടിം, അനിയനും അനിയത്തിയും കൂടി, മഴ നനഞ്ഞ്, മുറ്റത്ത് കളിവഞ്ചികൾ ഒഴുക്കിവിട്ടിരുന്ന കുട്ടിക്കാലം...!
വഞ്ചികൾ വേഗം മുന്നോട്ടു പോകാനായി കൈ കൊണ്ട് തുഴഞ്ഞു കൊടുക്കുമായിരുന്നു. ആ ഒഴുക്കിൽ ചിലപ്പോൾ ദേവൂട്ടീടെ വഞ്ചി മുങ്ങിപ്പോകും.., അത് കാണുമ്പോൾ അനിയനും അനീത്തിയും കൈകൊട്ടിച്ചിരിക്കും....!
ഇന്ന്..., ഏറെ വർഷങ്ങൾക്കിപ്പുറം, ഈ ജീവിതനൗക ഒഴുകിക്കൊണ്ടിരിക്കയാണ്..., എവിടെച്ചെന്ന് കരപറ്റുമെന്നറിയില്ല. കാറ്റത്തും മഴയത്തും ആടിയാടി ഒഴുക്കിനൊത്ത് ഒഴുകിക്കൊണ്ടിരിക്കുന്നു..!
മുറ്റത്തോട്ട് നോക്കി നിൽക്കേ മഴയുടെ കനം കുറഞ്ഞു വന്നു. മഴത്തുള്ളികളുടെ ഭാരം കുറഞ്ഞു കുറഞ്ഞ് അവ അപ്രത്യക്ഷമായി..!
മറവിയുടെ ആഴങ്ങളിലേക്ക് ആഴ്ന്നുപോകുന്ന ചില മുഖങ്ങൾ, ഓർക്കാതിരിക്കാനാഗ്രഹിച്ചാലും, ഓർമ്മകളായ് ഓടി എത്തുന്നു.., ഈ മഴയിൽ....!
"എന്നെ നനച്ചു കുളിരണിയിക്കുമീ മഴ...,
പിന്നെക്കരയിക്കുമീ തോരാ മഴ...!"
~ ~ ~ ~ ~ ~ ~ ~ ~
Ambika Menon,
27/05/18.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot