നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരുവനന്തപുരം To മാവേലിക്കര


'തിരുവനന്തപുരത്ത് നിന്നും മാവേലിക്കരലേക്കുള്ള ബസ് യാത്രയിലാണ് ഞാനവനെ ആദ്യമായിട്ട് കാണുന്നത്...
ആരെയും അനുസരിക്കാത്ത രീതിയിലുള്ള മുടികൾ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ചിലതെല്ലാം അനുസരണയില്ലാതെ നിൽക്കുന്നു.ഇരുണ്ട നിറം.വട്ടമുഖം.സാമാന്യം തെറ്റില്ലാത്ത മീശ.കട്ടിപ്പിരികം.മുഖത്ത് ഗൗരവഭാവം.ആളധികം മിണ്ടാത്ത ടൈപ്പാണെന്ന് തോന്നുന്നു.
റിസർവേഷൻ ചെയ്ത സീറ്റ് ഇടത് വശത്താണ് ലഭിച്ചത്.വിൻഡോ സൈഡിൽ ഇരുന്ന് യാത്ര ചെയ്യുക എന്നത് എനിക്കൊരു ഹരമാണ്. അയാൾ ആണവിടെ ഇരിക്കുന്നതും...
ഞാൻ കലപില കൂടുന്നയിനമാണ്.കുറച്ചു നേരം പോലും മിണ്ടാതിരിക്കാൻ എനിക്ക് പറ്റൂല്ല.ഞാൻ ഇടക്കിടെ അയാളെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ആ മാന്യൻ എന്നെ മൈൻഡ് ചെയ്യുന്നില്ല....
കൂട്ടുകാരിയുടെ വീട് മാവേലിക്കരയാണ്.അവളുടെ ചേച്ചിയുടെ കല്യാണം കൂടാനായിട്ട് പോവുകയായിരുന്നു ഞാൻ...
അയാൾ ഫോണിൽ എന്തെക്കയൊ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നു.അതെന്താണെന്നറിയാനൊരു ആഗ്രഹം എന്നിലുണർന്നപ്പോൾ ഞാൻ തല പതിയെ പൊക്കി ഫോണിൽ ശ്രദ്ധിച്ചു.ആൾ പതിയെ ഒരു കഥ എഴുതി പോസ്റ്റ് ചെയ്യുന്ന താരക്കിലായിരുന്നു..
"സർ.എന്റെ ഫോണിന്റെ ചാർജ് തീർന്നു.പവർബാങ്ക് കാണുമോ...
എന്നിലെ ബുദ്ധി ഞാൻ പ്രയോഗിച്ചു. സത്യത്തിൽ എന്റെ ഫോൺ ഫുൾ ചാർജ്ജാണ്.പോരെങ്കിൽ പവർബാങ്ക് എന്റെ ബാഗിലുണ്ട്...
അയാൾ ഫോണിൽ നിന്നും തല ഉയർത്തി.
" ഇല്ല..
"സർ.ഫോൺ ഒന്നു തരുമോ ഒരു കോൾ ചെയ്യാനാണ്...
അയാൾ മടിക്കാതെ ഫോൺ തന്നു.ഞാൻ വെറുതെ ഒരു കൂട്ടുകാരിയെ വിളിച്ചു കത്തിവെച്ചു.സംസാരം കഴിഞ്ഞു ഞാൻ ഫോൺ തിരികെ നൽകി...
വീണ്ടും എനിക്ക് ബോറടിച്ചു തുടങ്ങി. പതിയെ ഞാനയാളുടെ കയ്യിൽ തോണ്ടി..
" സർ.എനിക്ക് സൈഡ് സീറ്റിൽ ഇരുന്ന് യാത്ര വലിയ ഇഷ്ടമാണ്. ബുദ്ധിമുട്ടില്ലെങ്കിൽ സീറ്റ് നമുക്ക് പരസ്പരം വെച്ചുമാറാം...
അതയാൾക്ക് ഇഷ്ടപ്പെട്ടന്ന് തോന്നി.സീറ്റ് മാറിത്തന്നു.അയാൾക്ക് ടൈപ്പ് ചെയ്യുന്നതിന് സീറ്റുമാറ്റം വലിയ അനുഗ്രഹമായിരുന്നു...
കായംകുളം എത്തുമ്പോൾ ഉച്ചയായിരുന്നു.ഊണു കഴിക്കണ്ട ടൈം ആയിരുന്നു.
"അരമണിക്കൂർ ഉണ്ട്. ഊണു കഴിക്കണ്ടവർക്ക് കഴിച്ചിട്ട് വരാം...
കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചാടിയിറങ്ങി.എനിക്ക് ശരിക്കും വിശപ്പ് തുടങ്ങിയിരുന്നു.
ഞാൻ ഇരുന്ന ടേബിളിനു എതിർവശം അവനിരുന്നു.അവൻ ഊണു കഴിച്ചപ്പോൾ ഞാൻ പൊറോട്ടയും ബീഫും അകത്താക്കി. ഊണു കഴിച്ച് അവൻ എനിക്ക് മുമ്പേ എഴുന്നേറ്റിരുന്നു.ഞാൻ കൈ വാഷ് ചെയ്തിട്ട് ക്യാഷ് കൊടുക്കാൻ ചെല്ലുമ്പോൾ അവൻ പോക്കറ്റെല്ലാം പരിശോധിക്കുന്നു...
" എന്തുപറ്റി സർ...
"അത് പോക്കറ്റടിച്ചെന്ന് തോന്നുന്നു. പേഴ്സ് കാണാനില്ല...
" ഞാൻ കൊടുക്കാം സർ പൈസ...
ഞാൻ പൈസ കൊടുത്തത് കൊണ്ടാകാം ഒരു ചമ്മൽ അയാളിൽ ഞാൻ കണ്ടു.
ബസ് പുറപ്പെടാൻ നേരം ഞങ്ങൾ വീണ്ടും കയറി. പരസ്പരം പരിചയപ്പെട്ടു.അയാൾ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ വീട്ടിൽ പോകുന്നു. ഞാനും ഒരു കല്യാണത്തിനു മാവേലിക്കരയിൽ വന്നതാണെന്ന് പറഞ്ഞു.മറ്റൊന്നും വിശദമായി സംസാരിച്ചില്ല...
ബസ് മാവേലിക്കരയിൽ എത്തി.ഞങ്ങൾ ഇറങ്ങി.
"അക്കൗണ്ട് നമ്പർ തന്നാൽ പണം ഞാൻ അയച്ചു തരാം...
അയാൾ ചമ്മലോടെ പറഞ്ഞു.
" സർ.സുഹൃത്തുക്കൾ തമ്മിൽ കണക്കു പറയുമോ.സാറിപ്പോൾ എന്റെ നല്ലൊരു സുഹൃത്ത് ആണെന്ന് ഞാൻ കരുതുന്നു...
പിന്നീട് അയാൾ മറ്റൊന്നും പറഞ്ഞില്ല.പിരിയാൻ നേരം പരസ്പരം ഫോൺ നമ്പർ കൈമാറി..
"തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കണം.ഒരുദിവസം വീട്ടിൽ വരണം ട്ടാ..."
ഞാൻ ക്ഷണിച്ചു..
"യാ..ഷുവർ...
ഞങ്ങൾ രണ്ടു വഴിക്കു പിരിഞ്ഞു. അയാൾ പോയപ്പോൾ വേണ്ടപ്പെട്ടയാരെയൊ മിസ് ചെയ്ത പോലെ എനിക്ക് അനുഭവപ്പെട്ടു..
ഞാൻ ഫോണെടുത്ത് കൂട്ടുകാരിയെ വിളിച്ചു.
" എടി.സ്റ്റാൻഡിന്റെ കിഴക്ക് വശത്ത് നിന്നാൽ കല്ലുമലക്കുള്ള ബസ് കിട്ടും.നീ ബസിൽ കയറുമ്പോൾ വിളിക്ക്.ഞാൻ സ്റ്റോപ്പിൽ കാണും...
പറഞ്ഞിട്ട് അവൾ ഫോൺ കട്ടുചെയ്തു...
ഞാൻ കല്ലുമലയിൽ ഇറങ്ങുമ്പോൾ ആക്റ്റീവയുമായി അവൾ നിൽപ്പുണ്ട്.
"എടീ യാത്രയൊക്കെ സുഖമായിരുന്നോ..
" ഉം ..കുഴപ്പമില്ലായിരുന്നു...
ഞങ്ങൾ ആക്റ്റീവയിൽ അവളുടെ വീട്ടിലെത്തി.അവൾ എല്ലാവരെയും പരിചയപ്പെടുത്തി തന്നു. യാത്ര ചെയ്ത ക്ഷീണത്തിൽ ഞാനൊന്ന് കുളിച്ച് ഫ്രഷായി.ബെഡ്ഡിൽ കിടന്നതും ഒന്നു മയങ്ങി...
എഴുന്നേക്കുമ്പോൾ മണി ഏഴു കഴിഞ്ഞിരുന്നു. കല്യാണത്തിനു ഒരാഴ്ച കൂടിയുണ്ട്. രക്ഷയുടെ നിർബന്ധം കാരണമാണ് ഒരാഴ്ച മുമ്പ് വന്നത്. തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പഴെ അവൾ പറഞ്ഞിരുന്നു ചേച്ചിയുടെ കല്യാണത്തിനു വരണമെന്ന്....
ഞാൻ ഹാളിൽ ചെല്ലുമ്പോൾ പ്രതീക്ഷിക്കാത്ത ഒരു അതിഥി അവിടെ ഇരിപ്പുണ്ടായിരുന്നു.ഞാനൊന്ന് ഞെട്ടി
"സർ...ഇവിടെ...
" ഇത് എന്റെയും കൂടി വീടാണ് വർണ്ണ.പറഞ്ഞു വരുമ്പോൾ ഞാൻ ഇവരുടെ വകയിലൊരു ഏട്ടനായി വരും.എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ ഞാൻ ഇവിടെ നിന്നാണ് വളർന്നത്...
ശരിയാണ് രക്ഷ അവളുടെ ഏട്ടനെ കുറിച്ച് ഒരിക്കൽ പറഞ്ഞിരുന്നു. മറന്നു..
"ഏട്ടൻ ഞങ്ങൾക്ക് സ്വന്തം ഏട്ടനാണ്.ഇങ്ങനെയൊന്നും പറയരുതെന്ന് പറയരുതെന്ന് പറഞ്ഞട്ടില്ലേ..
രക്ഷയുടെ ചേച്ചി രജി ഏട്ടനെ വഴക്ക് പറഞ്ഞു..
ഞങ്ങൾ കൂടുതൽ നേരം സംസാരിച്ചിരുന്നു.ബസിലെ ഗൗരവക്കാരൻ വീട്ടിൽ സിമ്പിൾ ആണ്. സംസാര പ്രിയൻ.സ്നേഹം നിറഞ്ഞ ഏട്ടൻ....
രക്ഷയുടെ നാടൊക്കെ കണ്ടു.അവളുടെ ചേച്ചിയുടെ കല്യാണത്തിനു ഞങ്ങൾ അടിച്ചു പൊളിച്ചു.അവിടെ എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് അവരുടെ ഏട്ടൻ ആയിരുന്നു..
ഞങ്ങൾ ഒരുമിച്ച് നിൽക്കുമ്പോൾ ചിലരൊക്കെ പറഞ്ഞത് കണ്ടാൽ നല്ല പൊരുത്തമുള്ള ജോഡികൾ ആണെന്ന്. അതെന്റെ മനസ്സിൽ വർണ്ണമഴ പെയ്യിച്ചു..
അവിടെ നിന്ന് മടങ്ങാൻ എനിക്ക് വലിയ മടിയായിരുന്നു.അവളുടെ ഏട്ടനും ഞാനും കൂടി ഒരുമിച്ചാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്...
മടക്കയാത്രയിൽ ഞാനാണ് ഈ പ്രാവശ്യം നിശബ്ദയായത്.എന്തോ മനസ്സിലൊരു നീറ്റൽ..
എന്റെ മൗനം കണ്ടായിരിക്കും അദ്ദേഹം എന്തോ പറഞ്ഞത് എനിക്ക് വ്യക്തമായില്ല...
" എന്താണ് സർ പറഞ്ഞത്...
"എന്റെ ജീവിതത്തിലേക്ക് ഒരു ടിക്കറ്റ് നൽകട്ടെയെന്ന്.ഇനിയെങ്കിലും ഈ സാർ വിളി ഒഴിവാക്കുമല്ലോ...
പെട്ടെന്ന് ഞാൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ കവിളിലൊരു ഉമ്മ നൽകി.
" എപ്പഴേ ഇതൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ടെൻഷനടിക്കുമായിരുന്നോ...
"ആഹാ..നീയാളു കൊള്ളാമല്ലോ..
" കൊള്ളാമെന്നുള്ളതിനാലല്ലെ എന്നെ കെട്ടാൻ പോകുന്നത്...
അദ്ദേഹം ചിരിച്ചു കൊണ്ട് എന്നെ കുറച്ചു കൂടി ചേർത്തു പിടിച്ചു....
ഒരുമിച്ചുള്ള ഈ യാത്ര ഒരിക്കലും അവസാനിക്കരുതെന്ന് ഞാൻ ഈശ്വരനോട് മൗനമായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot