Slider

ഭാര്യ പറഞ്ഞത്

0
Image may contain: Suresh SBabu, beard and closeup
............................
"ഞാൻ മരിച്ചു പോയാൽ നീ വേറെ കെട്ടുമോ "
"കെട്ടും."
"എടീ, നിനക്ക് അൻപത് വയസ്സായില്ലേ ,ഇനി കെട്ടിയിട്ട് എന്ത് ചെയ്യാൻ " .
"ദേ , മനുഷ്യ നിങ്ങൾക്ക് എപ്പഴും "ആ " ചിന്തയേയുള്ളു. "
"അതല്ലടി , പിന്നെ എന്തിനാ അൻപതും അൻപത്തഞ്ച് വയസ്സുള്ളവർ ഭർത്താവ് മരിച്ചയുടൻ വേറെ കെട്ടുന്നത്. "
"ഓ...., നിങ്ങളാണുങ്ങളാരും വേറെ കെട്ടൂല്ല അല്ലേ ."
"അല്ലാ...... പെണ്ണുങ്ങൾ പൊതുവേ, അടങ്ങി ഒതുങ്ങി കഴിയണം എന്നല്ലേ ."
"ങാ... അടങ്ങി ഒതുങ്ങി കഴിയാം. നിങ്ങളാണുങ്ങൾക്ക് എന്തു തോന്യാസവും ആവാം അല്ലേ ."
" എന്നല്ല, മക്കളും ചെറുമക്കളും ആവുമ്പോൾ , അവരെയും നോക്കി കഴിയാല്ലോ പെണ്ണുങ്ങൾക്ക് ."
" അത് തിരിച്ചും ആവാല്ലോ."
പിന്നെ ഭർത്താവോ, ഭാര്യയോ മരിച്ചാൽ രണ്ടിലൊരാൾ വീണ്ടും കെട്ടുന്നതേ, ഒരു തുണയ്ക്ക് വേണ്ടിയാണ് കോട്ടോ. അല്ലാതെ നിങ്ങളുദ്ദേശിക്കുന്നതിനു വേണ്ടിയല്ല കേട്ടോ .
മക്കളും മരുമക്കളും അവരുടെ കാര്യം നോക്കി ജീവിക്കും. പിന്നെ അവർക്ക് അച്ഛനും അമ്മയൊന്നും വേണ്ട. അതു കൊണ്ടാ വേറെ കെട്ടുന്നത് .
"അല്ല, ഞാൻ വെറുതേ പറഞ്ഞെന്നേയുള്ളു" .
അപ്പോൾ ഞാൻ പോയാൽ നീ കെട്ടും അല്ലേ .
"ങാ, കെട്ടും, ഉടനേ കെട്ടും ".
ഇങ്ങേർക്ക് ഇതു എന്തു പറ്റി, രാവിലെ മൂഡ് കളയാൻ വേണ്ടി.
അവൾ ദേഷ്യപ്പെട്ട് അടുക്കളയിലേക്ക് പോയി.
ച്ചേ, ഇന്ന് ഉച്ചവരെയുള്ള കാര്യം ജഗപൊഗ.
ഞാറാഴ്ച രാവിലെ കാപ്പി കുടി കഴിഞ്ഞുള്ള പത്രം വായന പതിവാ.
അടുത്തകാലത്തായി ആദ്യം നോക്കുന്നത് വിവാഹ പരസ്യത്തിന്റെ പേജാണ്. മൂത്തവന് 26 വയസായി. ഇപ്പഴേ ,നോക്കി തുടങ്ങിയാലേ നല്ലത് വല്ലതും കിട്ടൂ. അപ്പോഴാണ് 50 വയസുള്ള വിധവക്ക് വരനെ ആവശ്യമുണ്ടെന്ന് കുറച്ച് കറുപ്പിച്ച അക്ഷരങ്ങളിൽ കൊടുത്തിരിക്കുന്നു.
എന്തോ, ഒന്നു വായിച്ചു നോക്കാൻ തോന്നി.
" ഭർത്താവ് മരണപ്പെട്ട " ......." സ്ത്രീക്ക് (ബാധ്യതകളില്ല).
സ്വജാതിയിൽപെട്ട അനുയോജ്യമായ ആലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. ജാതകം നോക്കുന്നില്ല. സാമ്പത്തികമുണ്ട്."
ആ പരസ്യവാചകങ്ങൾ കണ്ടപ്പോൾ മുതൽ ചെറിയ ഒരു വിമ്മിഷ്ടം.
മകനു വേണ്ടി നോക്കുന്നതിൽ ആദ്യമായി ഒത്തു നോക്കുന്നത് നാളുകൾ തമ്മിൽ ചേരുമോ എന്നാണ്. അത് ചേർന്നെങ്കിൽ മാത്രമേ കൂടുതൽ അന്വേഷണം നടത്തുകയുള്ളു.
പരസ്യത്തിൽ കൊടുത്തിരിക്കുന്നത് നോക്കുമ്പോൾ ജാതകമൊക്കെ നോക്കിയായിരിക്കണം അവരുടെ കല്യാണം നടന്നിരിക്കുന്നത് .50 വയസുവരേ ദാമ്പത്യം ഉള്ളു എന്ന് ജ്യോതിഷിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞിരിക്കില്ല.
അപ്പോൾ ഇതൊക്കെ ഇത്രയേയുള്ളു.
പരസ്യത്തിലെ ഒരു കാര്യത്തോട് യോജിക്കാൻ പറ്റുന്നില്ല.
"സ്വജാതിയിൽ പെട്ടത് തന്നെ വേണം "എന്ന്
ഇനി അങ്ങോട്ട് ജീവിക്കാൻ
വെറുതേ കിട്ടുമെങ്കിൽ കുറച്ച് ആഢ്യത്വം ഇരുന്നോടെ എന്നും കരുതിയാവണം അങ്ങിനെ കൊടുത്തത്.
ചെറിയ ഒരു ഇര ഇട്ടു കൊടുത്തതാണ്, അതിൽ പറഞ്ഞിരിക്കുന്ന "സാമ്പത്തികമുണ്ട് എന്നുള്ളത് ''.
പൈസ മോഹിച്ച് വല്ല ചെറുപ്പക്കാരാരെങ്കിലും വന്നെങ്കിലോ."
അങ്ങിനെ വിവാഹ പരസ്യങ്ങൾ ഓരോന്നായി നോക്കി കൊണ്ടിരിക്കുമ്പോഴാണ്
ദേഷ്യപ്പെട്ട് പോയ ശ്രീമതിയുടെ
മണം മൂക്കിൽ അടിച്ചത് .
"നിങ്ങള് വരുന്നുണ്ടാ മുകളിൽ."
"എടി, ഇത്രയും രാവിലെ."
" ദേ, ഞാൻ വായിൽ തോന്നിയത് വിളിച്ച് പറയും."
എന്ന് പറഞ്ഞ് ആദ്യത്തേതും പിന്നെതേതും കൂടി രണ്ടു ദേഷ്യവുമായി പടികളിൽ ആഞ്ഞു ചവിട്ടി വാമം മുകളിൽ പോയി."
അല്ല , ഞാൻ ആലോചിക്കുവായിരുന്നു. ഇത്ര രാവിലെ എന്തിനാ മുകളിൽ വരാൻ പറഞ്ഞതെന്ന്.
ഹോ...ഹോ... ഹോ ഹോ ഹോ !
അപ്പഴാണ് പിടി കിട്ടിയത്,
രാവിലെ ഇസ്തിരി ചെയ്യാൻ സഹായിക്കുമോ എന്ന് ശ്രീമതി ചോദിച്ചതും ഞാൻ പറ്റൂല്ല കൈ വേദനിക്കണൂ എന്ന് പറഞ്ഞതും.
ഞാറാഴ്ച ദിവസങ്ങളിലെ കാപ്പി കുടി കഴിഞ്ഞുള്ള അവളുടെ ആദ്യത്തെ പണി,എനിക്ക് ഒരാഴ്ചത്തേക്ക്
വേണ്ട തുണിയെല്ലാം
നന്നായി ഇസ്തിരിയിട്ട് അലമാരയിൽ തൂക്കുക എന്നതാണ്.
ഞാൻ സഹായിക്കാൻ ചെന്നാൽ പറയും .
"നിങ്ങൾ അങ്ങോട്ട് മാറി നിന്നേ, ഞാൻ ചെയ്തോളം,
നിങ്ങൾ ഇട്ടാൽ ശരിയാവത്തില്ല' എന്ന് .
പക്ഷേ ഞാൻ അവിടെ തന്നെ ചുറ്റിപറ്റി നിൽക്കണം. കുറച്ച് മാറി നിന്നാൽ ,
"ഓ, അതിനിടയ്ക്ക് അങ്ങ് പോയോ എന്ന് ചോദിക്കും."
കള്ളിയുടെ കള്ളത്തരം എനിക്കറിയില്ല എന്നാണ് വിചാരം.
പക്ഷേ, ഇന്ന് അങ്ങിനെയായിരിക്കില്ല. "വയ്യാ എന്നു പറഞ്ഞിരുന്നു".
അതോ, ഞാൻ പോയി വെറുതേ അടുത്ത് നില്ക്കാനോ.
പക്ഷേ പെട്ടെന്ന് വിവാഹ പരസ്യം ഒർമ്മ വന്നു. 50 വയസുള്ള .........
അയ്യോ, ദൈവമേ, ?
" ഞാൻ തട്ടി പോയാൽ ഇവൾ വേറെ കെട്ടുമോ " .
പേപ്പർ ദൂരെയെറിഞ്ഞ് ചില സിനിമകളിൽ മോഹൻലാൽ
ചെയ്യുംപ്പോലെ മൂന്ന് സ്റ്റെപ്പുകൾ വീതം ഒന്നിച്ചുചാടി അവളുടെ അടുതെത്തി.
"എന്താ മനുഷ്യ, കിതയ്ക്കുന്നത്, അല്ലെങ്കിലും എനിക്കറിയാം നിങ്ങൾ വരുമെന്ന് ." (കള്ള ചിരി)
എന്റെ കിതപ്പ് പത്രത്തിലെ പരസ്യം ഓർത്തായിരുന്നു എന്ന് പാവത്തിന് അറിയൂല .
സുരേഷ് ബാബു .
തിരുവനന്തപുരം .
27-05-2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo