Slider

പാചകരത്‌നം

0
Image may contain: 2 people, people smiling, people standing

കല്യാണ ശേഷമാണ് അടുക്കള എന്ന വിചിത്രമായ ലോകത്തു എത്തിയത്. അതിനുമുൻപ് പലതവണ ശാസനയിലൂടെയും സ്നേഹത്തോടെയുമൊക്കെ എന്നെ അവിടെ ഒന്ന് കയറ്റാൻ പാവം അമ്മ പഠിച്ചപണി പതിനെട്ടും പയറ്റി തോറ്റുപോയതാണ്. എന്ത് ചെയ്യണം മടി, പിന്നെ വിയർപ്പിന്റെ അസുഖം ഈ രണ്ടു മാരക രോഗങ്ങൾക് അടിമയാണ് ഞാൻ എന്ന നഗ്ന സത്യം എന്നെ അടുക്കളയിൽ കയറുന്നതിൽ നിന്നും അകറ്റി. എന്റെ കല്യാണം കഴിഞ്ഞപ്പോൾ അമ്മയുടെ ഏറ്റവും വലിയ ടെൻഷനും അതാരുന്നു.
എന്ത് ചെയ്യാനാ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ അവിടെയും ചെറിയ ചെറിയ കൈസഹായങ്ങൾ ചെയ്തു ഞാൻ രക്ഷപെട്ടു. അങ്ങനെയിരുന്നപ്പോഴാണ് കെട്യോന്റെ കൂടെ പോന്നത്. എന്നെക്കുറിച്ചു നല്ല ധാരണ ഉള്ളത്കൊണ്ട് പുള്ളിക്കാരന് വല്യ പ്രതീക്ഷ ഒന്നും ഇല്ലാരുന്നു.
അങ്ങനെ ആ ദിവസം വന്നു. Alice in wonderland എന്നു പറഞ്ഞ അവസ്ഥ. ഫോൺ ഉള്ളത്കൊണ്ട് ഒരാശ്വാസം. അമ്മയോട് പറഞ്ഞു കഴുത്തിൽ ഒരു വള്ളികെട്ടി ഫോൺ അതിൽ തുക്കിക്കോളാൻ. കാരണം അമ്മ പറമ്പിൽ കൂടി നടന്നാൽ വിളിച്ചാൽ കിട്ടില്ല. എപ്പോഴാ ആവശ്യം വരികന്നു അറിയില്ലല്ലോ.
ആദ്യ ദിവസം കളരിപരമ്പര ദൈവങ്ങളെ വിളിച്ചു ഒരു കാച്ച് കാച്ചി. ഉച്ചക്ക് കെട്ടിയോൻ കഴിക്കാൻ ഇരുന്നപ്പോൾ ഓണപ്പരീക്ഷയുടെ പേപ്പർ മേടിക്കാൻ നികുന്നപോലെ ഞാൻ അടുത്ത് തന്നെയുണ്ട്.
"ഹോ അടിപൊളിയായിട്ടുണ്ട്. ഒത്തിരി നാളുകുടിയ ഇത്രേം നല്ല ഭക്ഷണം കഴിക്കുന്നേ. നീ കൊള്ളാല്ലൊടി ഭാര്യേ. "
ഞാൻ കൃതാര്ഥ ആയി ചേട്ടാ. ചേട്ടനെന്റെ മുത്താണ്.
പിന്നെ ഒരാവേശമരുന്നു. യൂട്യൂബ് നോക്കി എന്നും പരീക്ഷണങ്ങൾ. എന്നും വീട്ടിൽ വിളിക്കുമ്പോഴും ബന്ധുക്കളാരെങ്കിലും വീട്ടിൽ വരുമ്പോളും സ്വിച്ച് ഇട്ടപോലെ എന്റെ കെട്ടിയോൻ പറയും
"കാര്യമെന്തൊക്കെയാണേലും ഇവളുണ്ടാകുന്ന ഭക്ഷണം. ഹോ അത് സമ്മതിച്ചു കൊടുക്കണം. ഇത്ര സ്വാദുള്ള ഭക്ഷണം ഞാൻ വേറെങ്ങുന്നും കഴിച്ചിട്ടില്ല ".
അത് കേൾക്കുമ്പോൾ 5അടി ഉള്ള ഞാൻ 6അടി ആകുമെങ്കിലും ഇടക്ക് ഒരു ശങ്ക. ഇതെന്നെ ആക്കി പറയുന്നതാണോ. ഹേയ് എന്റെ ചേട്ടൻ പാവമാ.
വീട്ടിൽ വിളിച്ചു പറയുമ്പോൾ അമ്മ മൂക്കിൽ കൈ വക്കും. ഇവിടെ വച്ചു ഒരുഗ്ലാസ്സ് ചായ വക്കാത്തവളാണ്. അച്ഛൻ അഭിമാനത്തോടെ പറഞ്ഞു. അവളുപ്പിന്നെ എന്റെ മോളല്ലേ. (Flash back:അമ്മ രാവിലെ എവിടേലും പോയാൽ ഉച്ചക്ക് അച്ഛന്റെ വിളി വരും. "അമ്മ വന്നോടി "
"ഇല്ലച്ഛാ "
"ആഹ്ഹ് എന്നാൽ ഞാൻ കടേന്നു കഴിച്ചോളാം ")
ആ പറഞ്ഞ അച്ഛനാണ് ഇപ്പോ ഇങ്ങനെ പറഞ്ഞത്. എനിക്കെന്നെ കുറിച്ചോർത്തു അഭിമാനം വന്നു.
എന്റെ പാചക പരീക്ഷണങ്ങൾ കെട്യോനിൽ മാത്രം ഒതുങ്ങിപോകുന്നല്ലോ എന്നോർത്ത് വിഷമിച്ചിരുന്നപ്പോഴാണ് ഞങ്ങളുടെ ഇടയിൽ പുതിയൊരാൾ കൂടി വരുന്നത്. പിന്നെ ശർദിലും ഷീണവും. അച്ഛനും അമ്മയും കുറച്ചു നാൾ വന്നുനിൽകാമെന്നു പറഞ്ഞു. സത്യത്തിൽ ആ ഷീനത്തിനിടയിലും എന്റെ ഉള്ളിലെ പാചകറാണി തുള്ളിച്ചാടുകയായിരുന്നു. അമ്മയോട് പറഞ്ഞു അമ്മ ഇവിടെ വരുമ്പോൾ ഇതെല്ലാം ഉണ്ടാക്കി തരാമെന്നു.
എന്ത് ചെയ്യാനാ എന്റെ കെട്യോന് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് എന്നെ അടുക്കളയിൽ കയറ്റിയതെ ഇല്ല. അമ്മ ഉണ്ടാക്കിക്കോളുമെന്നു. എന്നാലും ദിവസം ഒരുപ്രാവശ്യമെങ്കിലും എന്റെ ഭക്ഷണത്തെ കുറിച്ച് പറയും. പാവം എന്റെ പാചക പരീക്ഷണങ്ങൾ ഒത്തിരി മിസ്സ്‌ ചെയുന്നുണ്ട്.
അച്ഛനും അമ്മയും തിരിച്ചു പോകാൻ സമയം ആയി. എന്നെക്കാൾ സങ്കടം പാവം എന്റെ കെട്യോനായിരുന്നു. എന്റെ പരീക്ഷണങ്ങൾ അവർക്കു കൊടുക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം എനിക്കും. അങ്ങനെ last week ഞാൻ തന്നെ പാചക പുരയിൽ കയറി.
വളരെ അഭിമാനത്തോടെ ഞാൻ എല്ലാം ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വച്ചു.
"ഹോ മണമടിക്കുമ്പോ തന്നെ കൊതിവരുന്നു. ഹ്മ്മ് സാമ്പാർ അടിപൊളി. "
"സാമ്പാറോ അതിനു ഞാൻ സാമ്പാർ വച്ചില്ലല്ലോ ചേട്ടാ "
"പിന്നിതെന്നതാ "
"അത് പരിപ്പുകറി അല്ലെ "
"ആഹ്ഹ് പരിപ്പുകറി ആണേലും സാമ്പാറിനെപോലെ എന്ത് ടേസ്റ്റ് ആണ്. അച്ഛാ ഇവളുടെ ചിക്കൻകറി ആണ് കഴിക്കണ്ടേ. അന്നൊരുദിവസം നീ ദോശയും ചിക്കൻ കറിയും വച്ചില്ലേ മോളു. അതിന്റെ ടേസ്റ്റ് ഇപ്പോഴും ദേ എന്റെ നാവിൻതുമ്പത്തുണ്ട് ".
"ഞാനെന്ന ദോശ ഉണ്ടാക്കിയെ. അത് അപ്പമല്ലാരുന്നോ. "
മഹിഷാസുര മർദനം കഴിഞ്ഞുനിൽകുന്ന ഭദ്രകാളിയെപോലെയുള്ള എന്റെ നിൽപ്പ് കണ്ടിട്ട് പാവം എന്റെ അച്ഛൻ പറഞ്ഞു
"മരുമോനെ എല്ലാം കൈവിട്ടു.എസ്‌കേപ്പ്. "
അപ്പോ അമ്മയുടെ വക കമന്റ്‌. "പോട്ടെ മോളെ അവനും ജീവനിൽ കൊതി ഉണ്ടാകില്ലേ. ദേ നിങ്ങൾ ഒത്തിരി കഴിക്കണ്ടട്ടോ. എന്തേലും വന്നാൽ എനിക്കാരുമില്ലാണ്ടാകും ".
"അമ്മേ. നിങ്ങളെന്റെ തള്ള തന്നെയാണോ "
"നിന്റെ തള്ള തന്നെയായത്കൊണ്ട പറഞ്ഞത്. ഉണ്ണി നീ വല്ലോം വിളിച്ചു പറ. അങ്ങേർക്കു ഷുഗറിന്റെ മരുന്നുകഴിക്കണ്ടത."
അങ്ങനെ പാചകര്തനമായിരുന്ന എന്റെ പരീക്ഷണങ്ങൾ അതോടെ നിർത്തി. അല്ലേലും കഴിവുള്ളവരെ ലോകം അംഗീകരിക്കില്ലെന്നേ.

by": Geethu Anoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo