Slider

കല്യാണം

1


അവളുടെ കഴുത്തിൽ മിന്നു കെട്ടുമ്പോൾ എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.....,
അത്‌ മറ്റൊന്നും കൊണ്ടല്ല...,
ആ മിന്നു കെട്ട്
എന്റെ താല്പര്യത്തോടെയോ, ഇഷ്ടത്തോടെയോ,
സമ്മതത്തോടെയോ,
ആഗ്രഹത്തോടയോ,
ആയിരുന്നില്ല എന്നതു കൊണ്ടാണ്.....,
വീട്ടുകാർക്ക് വേണ്ടി നാട്ടുക്കാരുടെയും ബന്ധുക്കളുടെയും മുന്നിൽ നടത്തിയ ഒരു പ്രഹസനം മാത്രമായിരുന്നു അത്‌....!
മിന്ന് അവളുടെ കഴുത്തിലാണു കെട്ടിയതെങ്കിലും സ്വന്തം കഴുത്തിൽ മരണക്കയർ മുറുകുന്നത് പോലെയാണ്
അത് എനിക്ക് അനുഭവപ്പെട്ടത്....,
ആർക്കോ വേണ്ടി,
ആരുടെയൊക്കെയോ
മുഖം രക്ഷിക്കാൻ വേണ്ടി,
നാട്ടുനടപ്പ് നടപ്പിലാക്കാൻ വേണ്ടി,
ഒരുപാട് ചോദ്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ വേണ്ടി,
ഒരു കല്യാണം......!
എന്റെ വീട്ടുകാർക്ക്
എല്ലാം അറിയാമായിരുന്നു.
പ്രേമിച്ച പെണ്ണ് മറ്റൊരുത്തന്റെ ഭാര്യയായപ്പോൾ സങ്കടം സഹിക്കാനാവാതെ കൈയ്യിലെ ഞരമ്പ്‌ മുറിച്ചു ആത്മഹത്യക്ക്‌ ശ്രമിച്ചെങ്കിലും റൂംമേറ്റ് കണ്ടതോടെ അവർ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.....
അതോടെ എല്ലാം വീട്ടിൽ അറിഞ്ഞു.....,
ആ സംഭവത്തിനു ശേഷം ഞാൻ എങ്ങോട്ട് തിരിഞ്ഞലും വീട്ടുകാരുടെ ഒരു ശ്രദ്ധ എന്റെ മേൽ എപ്പോഴും ഉണ്ടായിരുന്നു...,
അവർക്ക് ഭയമായിരുന്നു
ഞാൻ വീണ്ടും എന്തെങ്കിലും കടുംകൈ ചെയ്താലോയെന്ന്.....,
ഒരു വിവാഹത്തിനായി അവർ എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.
പക്ഷെ ഞാൻ വഴങ്ങിയില്ല...,
അവളെന്നെ വിട്ടു പോയെങ്കിലും
എന്നും എപ്പോഴും അവളുടെ ഓർമകളിൽ മുങ്ങി നിവരാനായിരുന്നു എനിക്ക് ഇഷ്ടം....,
തുടർന്ന് രണ്ട് വർഷത്തിന് ശേഷമാണ് ഇവളുമായുള്ള വിവാഹം...!
വിവാഹനിശ്ചയം കഴിഞ്ഞ ശേഷം
അവൾ പലപ്പോഴും എന്നെ ഫോണിൽ വിളിച്ചെങ്കിലും അപ്പോഴെല്ലാം തിരക്കാണെന്നു പറഞ്ഞു അവളുമായുള്ള സംസാരത്തിൽ നിന്നു ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞു മാറി,
അതിൽ നിന്നു തന്നെ എന്റെ ഒരു താൽപ്പര്യ കുറവ് അവൾ മനസിലാക്കിയിരിക്കണം...,
എന്നാൽ വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഒരപ്പന്റെ മൂന്നാമത്തെ മകൾക്ക് വൈകി കിട്ടിയ വസന്തമായിരുന്നു ഞാൻ,
അതു കൊണ്ടു തന്നെ അവൾക്കു സംഭവിക്കുന്ന ഏതു കാര്യത്തിനേയും തന്റെ വിധിയായി മാത്രം അവൾ കണ്ടു...,
എനിക്കവളെ ഒരിക്കലും അംഗീകരിക്കാനാവില്ലായിരുന്നു,
എന്നിട്ടും വീട്ടുക്കാർക്കും കുടുംബക്കാർക്കും മുന്നിൽ എനിക്കും വിഡ്ഡീവേഷം കെട്ടി നിന്നു കൊടുക്കേണ്ടി വന്നു...,
ആദ്യ ദിവസം തന്നെ
അവളോട് കട്ടിലിൽ കിടന്നോളാൻ പറഞ്ഞിട്ട് ഞാൻ സോഫയിലായിരുന്നു കിടന്നത്...,
പുതിയൊരു കുടുംബജീവിതം സ്വപ്നം കണ്ടു വന്ന അവൾക്ക് എന്റെ ഭാഗത്തു നിന്നു കിട്ടിയ ആദ്യത്തെ പ്രഹരമായിരുന്നു അത്....!
രാവിലെ അവൾ കൊണ്ടു വന്നു തന്ന ചായ പോലും ഞാൻ കുടിച്ചില്ല..,
അവളെയും കൊണ്ട് ഒരിക്കൽ പോലും പാർക്കിലോ, ബീച്ചിലോ, സിനിമക്കോ, ഐസ്ക്രീം പാർലറിലോ, ഒന്നും പോയില്ല...,
ഒരു ടൂറിനോ, ഹണിമൂണിനോ അവളോടൊത്ത് പോകുന്നതു പോയിട്ട് അങ്ങിനെ ഒന്ന് സങ്കൽപ്പിച്ചു കൂടിയില്ല...,
എന്തിനേറെ അവളോടൊന്ന് സ്നേഹത്തോടെ സംസാരിക്കാൻ കൂടി ഞാൻ തയ്യാറായില്ല.,
എന്നിട്ടും
എല്ലാം സഹിച്ചവൾ എന്റെ കൂടെ നിന്നു...,
ഒരു പരാതിയും പറഞ്ഞില്ല...,
ആരെയും ഒന്നും അറിയിച്ചതുമില്ല...,
പഴയ പ്രണയിനിയുടെ ഒാർമ്മകൾ വല്ലാതെ നെഞ്ചിൽ നിറയുമ്പോൾ അതിനെ നേരിടാൻ പലപ്പോഴും മദ്യം എനിക്കൊരു കൂട്ടായി...,
ചിലപ്പോൾ നിലമറന്നും കുടിച്ചു...,
അങ്ങിനെയുള്ള ദിവസങ്ങളിൽ
അവൾ തന്നെയാണ് വാതിൽ തുറന്നു തരുന്നതും എന്നെ താങ്ങിപ്പിടിച്ചു മുറിയിലെത്തിക്കുന്നതും...,
ചില ദിവസങ്ങളിൽ മുറിയിലെത്താത്ത വിധം ഹാളിലെ സോഫയിൽ ആവും വന്നു വീഴുക,
എന്നാലും ഒരക്ഷരം പോലും മറുത്തു പറയാതെ ഒരു പരിഭവവുമില്ലാതെ അവൾ എനിക്കു കാവലിരിക്കും., ഞാൻ ഇടക്കുണരുമ്പോൾ കുടിക്കാൻ വെള്ളവും കരുതി വെക്കും...,
ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഞാനവൾക്കു നൽകിയില്ലെങ്കിലും
ഒരു അടിമയേ പോലെ അവൾ എനിക്കു വേണ്ടി നില കൊണ്ടു..,
എന്റെ കൈ കൊണ്ട് ഒരു ഡ്രസ്സ് പോയിട്ട് ഒരു മെൻസസ് പാഡു പോലും ഞാനവൾക്കു വാങ്ങി നൽകിയില്ല...,
പക്ഷെ അമ്മ അവൾക്കു വേണ്ടതെല്ലാം വാങ്ങി കൊടുത്തു,
എനിക്കു മാറ്റം വരുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമുള്ള അമ്മയുടെ വാക്കുകൾ അവൾ അക്ഷരംപ്രതി അനുസരിച്ചു വിശ്വസിച്ചു...,
എന്റെ മാറ്റത്തിനായി പ്രാർത്ഥിച്ചവൾ കാത്തിരുന്നു.....,
പക്ഷെ എനിക്കൊരു മാറ്റവും സംഭവിച്ചില്ല....,
ആറു മാസങ്ങൾക്കു ശേഷം..,
ഒരേ സമയം സന്തോഷവും
അതേ സമയം സങ്കടവും ആയ
രണ്ടു കാര്യങ്ങൾ ഒരേ ദിവസം തന്നെ എന്നെ തേടിയെത്തി.....,
സന്തോഷമുള്ള കാര്യം
എന്റെ പഴയ കാമുകി അവളുടെ ഭർത്താവുമായി ബന്ധം പിരിഞ്ഞ് വീട്ടിലെത്തി എന്നതാണ്....,
കുറച്ചു സങ്കടം തോന്നിയ കാര്യം
എന്റെ ഭാര്യക്ക് ഇടക്കിടെ വന്നിരുന്ന തലവേദന ബ്രെയിൻട്യൂമർ ആണെന്നു ഡോക്ടർ സ്ഥിതികരിച്ചതാണ്...,
അതറിഞ്ഞ് കുറച്ചു നാൾക്കകം തന്നെ അവൾ ഹോസ്പ്പിറ്റലിൽ അഡ്മിറ്റായി...,
എല്ലാം നോക്കി നിന്നു എന്നല്ലാതെ ഒരു ഭർത്താവിന്റെ ചുമതലകളൊന്നും എന്നിൽ നിന്നും അവൾക്കു ലഭിച്ചില്ല..,
ചിലപ്പോൾ അതു കൊണ്ടൊക്കെ ആയിരിക്കാം നാൾക്കു നാൾ അവളുടെ ശാരീരിക സ്ഥിതിയെല്ലാം വളരെ വഷളായി...,
അവളെ കാണുമ്പോൾ അസുഖമുള്ള ഏതോ ബന്ധുവിനെ കാണുന്നതിനപ്പുറം വലിയ ടെൻഷനൊന്നും എനിക്കുണ്ടായില്ല...,
അവളുടെ കണ്ണുകൾ എന്നിൽ നിന്നുള്ള സ്നേഹാർദ്രമായ ഒരു വാക്കിനോ സ്പർശത്തിനോ വേണ്ടി പലപ്പോഴും എന്നെ തേടി വന്നെങ്കിലും ഞാനവയേ കണ്ടില്ലന്നു നടിച്ചു...!
കാരണം
എന്റെ മനസിൽ അന്നേരം
ഞാനൊരു ഏകസ്ത്രീ " പുരുഷനായിരുന്നു,
ഒരു സ്ത്രീയെ മാത്രം സ്നേഹിക്കുന്നവൻ, അങ്ങിനെയുള്ള എനിക്ക് എങ്ങിനെ ഇതിനു സാധിക്കും....?
അസുഖം വളരെ കൂടുതലായ ഒരു ദിവസം അവളുടെ ബഡ്ഡിനടുത്ത് നിൽക്കുകയായിരുന്ന എന്റെ വിരലുകൾ വളരെ കഷ്ടപ്പെട്ട് അവൾ അവളുടെ കൈകളാൽ ചേർത്തു പിടിച്ചു അതായിരുന്നു അവളുടെ ശരീരത്തിന്റെ അവസാന ചലനം...,
പിന്നെ അവൾ സ്വാന്ത്വനത്തിനായി നോക്കിയില്ല, അനങ്ങിയില്ല, ഉണർന്നില്ല,
പതിയെ അവളിലെ എല്ലാം നിശ്ചലമായി.....!
ശരിക്കും പറഞ്ഞാൽ അവളുടെ മരണം എനിക്ക് ഏറെ ഗുണം ചെയ്തു....,
കുറച്ചു ദിവസങ്ങൾക്കകം പഴയവളുമായി പുതിയബന്ധത്തിനു പിന്നെയും ഞാൻ തുടക്കമിട്ടു...,
നഷ്ടമായി എന്നു കരുതിയതെല്ലാം തിരിച്ചു വരാൻ തുടങ്ങി..,
ആദ്യപ്രണയത്തിലെ എതിർപ്പുകളൊന്നും രണ്ടാമത്തെതിൽ ഉണ്ടായില്ല..,
സംഭവിച്ചതെല്ലാം നല്ലതിന് എന്ന വിധം
രണ്ടു പേരുടെയും വിധി ഇതായിരിക്കാം എന്നു ഇരു വീട്ടുക്കാരും ഒരേപ്പോലെ സമ്മതിച്ചു...,
പൗലോ കൊയ്ലോ പറഞ്ഞ പോലെ നമ്മുടെ ആഗ്രഹങ്ങൾ അത്ര തീവ്രമാണെങ്കിൽ അത് സംഭവിക്കാൻ ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും എന്ന പോലെ വീണ്ടും വസന്തമായി അവളെനിൽ വിടർന്നു...,
ഒരുപാട് പ്രശ്നങ്ങളും വേദനകളും ജീവിതത്തിൽ സംഭവിച്ചെങ്കിലും വീണ്ടും അവളോടൊത്ത് എന്റെ സ്വപ്നജീവിതം സംഭവിക്കാൻ പോകുന്നു എന്നറിഞ്ഞതിൽ ഞാൻ ഏറെ സന്തോഷിച്ചു...,
കുറച്ചു മാസങ്ങൾക്കു ശേഷം വലിയ ആഘോഷമോ ആർഭാടമോ ഇല്ലാതെ ലളിതമായി ഞങ്ങളുടെ വിവാഹം നടന്നു....,
തുടർന്ന് അവൾ മുറിയിലെക്ക് വരുന്നതിനു മുന്നേ പഴയവളുടെ ഒാർമ്മകൾ പേറുന്ന ഞങ്ങളുടെ കല്ല്യാണ ആൽബവും അവളുടെ ഡയറിയും മറ്റുമെടുത്ത് ഞാൻ അലമാരക്കു മുകളിലെക്കിട്ടു..,
പുതിയ ജീവിതം ഞാൻ ശരിക്കും ആസ്വദിച്ചു, അവൾക്കായി കരുതിവെച്ച സകല സ്നേഹവും വാരിവിതറി ഞാനവളെ സ്നേഹിച്ചു...,
ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ ജീവിതം സുന്ദരമായി മുന്നേറി....!
കുറച്ചു മാസങ്ങൾ ചെന്നതോടെ ചെറിയ പൊട്ടിതെറികൾ വലിയ ശബ്ദത്തിൽ വീട്ടിൽ മുഴങ്ങാൻ തുടങ്ങി എല്ലാ ദാമ്പത്യത്തിലും അതു പതിവുള്ളതാണല്ലോ എന്നു കരുതി പലതും പലപ്പോഴും ഞാൻ കണ്ടില്ലെന്നു നടിച്ചു...,
എന്റെ വീട്ടുക്കാരോടും അവൾ തട്ടിക്കയറാൻ തുടങ്ങിയതോടെ ഞാൻ അവളെ ആദ്യമായി വാണിങ്ങ് ചെയ്തു,
ഇനി ഇതാവർത്തിക്കരുതെന്ന് ശക്തമായി താക്കീത് ചെയ്തു..,
ആ സംഭവം ഞാനവളെ എന്റെ വീട്ടുക്കാർക്കു മുന്നിൽ വെച്ച് അപമാനിച്ചെന്നും പറഞ്ഞ് അന്ന് ബെഡ്ഡ് റൂമിൽ വലിയൊരു വഴക്കിനു വഴിതെളിയിച്ചു......,
എന്നിട്ടും രാവിലെ അതിന്റെയൊന്നും പരിഭവം ഞാനവളോട് കാണിച്ചില്ല...,
കാരണം
എല്ലാം തികഞ്ഞ് ആർക്കും ആരെയും കിട്ടില്ലല്ലോ ചെറിയ പ്രശ്നങ്ങളില്ലാതെ ഒരു ജീവിതവും.....?
കൂടാതെ ഇവളെ ഞാൻ തന്നെ കണ്ടു പിടിച്ചതാണല്ലോ അപ്പോൾ അതിന്റെ ഗുണം പോലെ ദോഷവും ഞാൻ തന്നെ അനുഭവിക്കണമല്ലോ....?
പക്ഷെ അവൾ തലേദിവസത്തെ കാര്യങ്ങൾ മനസ്സിൽ വെച്ചാണ് ഉറക്കമുണർന്നത് അതു കൊണ്ടു തന്നെ അതിന്റെ ഭീകരത ആ ദിവസം മുഴുവൻ അവളുടെ മുഖത്തുണ്ടായിരുന്നു....!
എന്നാൽ അതിനടുത്ത ദിവസം അവളെക്കുറിച്ച് മറ്റൊരു സത്യം ഞാൻ അറിഞ്ഞു....!
മുൻ ഭർത്താവുമായി അവൾ പിണങ്ങിയതും പിരിഞ്ഞതും ഇതു പോലുള്ള ചെറിയ കാര്യങ്ങൾക്കായിരുന്നു എന്ന അറിവ് എന്നെ ഭയപ്പെടുത്തുന്നതായിരുന്നു....,
അവളുടെ പ്രശ്നം Comparison (താരതമ്യം)ആയിരുന്നു..."
അവൾക്ക് മുന്നേ
കിട്ടിയിരുന്നതും ലഭിച്ചിരുന്നതും
അവൾ അനുഭവിച്ചിരുന്നതുമായ
ഏതു കാര്യങ്ങളെയും
ഇപ്പോൾ ലഭിക്കുന്ന അതെ കാര്യങ്ങളുമായി തട്ടിച്ചു നോക്കി
അതിനു വേണ്ടി വാശിപ്പിടിക്കുക....!
അന്ന് എന്നിൽ നിന്നു അവൾക്ക് ലഭിച്ചിരുന്ന സ്നേഹവും, കരുതലും, പരിഗണനയും മനസിൽ വെച്ച് മുൻ ഭർത്താവിന്റെ സ്നേഹപ്രകടനങ്ങളുമായി അതു തട്ടിച്ചു നോക്കി അതിൽ പോരായ്മ കണ്ടെത്തിയാണ് അവൾ അയാളുമായി തർക്കിച്ചു കൊണ്ടിരുന്നത്....,
ഇന്ന് അയാളിൽ നിന്നു അവൾക്കു ലഭിച്ചിരുന്നതുമായി തട്ടിച്ചു നോക്കി അവൾ എന്നോട് വാശിപ്പിടിക്കുന്നു,
ദിവസം ചെല്ലും തോറും അതു കൂടി വന്നു...,
ഇരുപത്തിനാലു മണിക്കൂറും
അവളെ മാത്രം സ്നേഹിച്ച് അവളോടൊപ്പം ഇരിക്കണമെന്നു പറഞ്ഞാൽ അതെങ്ങിനെ സാധിക്കാനാണ്...?
ഒരോ പതിനഞ്ചു മിനുട്ടിലും അവളെ വിളിച്ചു സംസാരിക്കണം എന്നതൊക്കെ കുറച്ചു കഷ്ടമല്ലെ...??
എന്റെ അമ്മയോടു പോലും ഞാൻ ഒരൽപ്പം സ്നേഹം പ്രകടിപ്പിക്കാൻ പാടില്ലെന്നു പറഞ്ഞാൽ....??
ഒരു തെറ്റ് എന്റെ അടുത്തും ഉണ്ട്
അവൾ എന്തിനാണ് മുൻ ഭർത്താവുമായി പിരിഞ്ഞതെന്ന് ഞാൻ അന്വേഷിച്ചില്ല..,
അല്ല ഇനി അന്വേഷിച്ചാലും
അവൾ നമ്മളോട് അങ്ങിനെ പെരുമാറില്ലെന്ന് നമ്മൾ സമാധാനിക്കും അതാണല്ലോ പ്രണയം....!
സംഭവം സ്നേഹമാണെങ്കിലും അധികമായാൽ അമൃതും വിഷം " എന്ന പോലെ പലതും സഹിക്കാവുന്നതിലും അപ്പുറമായതോടെ.,
അതിന്റെ ഒക്കെ പേരിൽ ദിവസവും വഴക്കും ബഹളങ്ങളും പതിവായി...!
ഗംഭീരമായി വഴക്കു കൂടിയ ഒരു ദിവസം പുറത്തു പോയി രാത്രി വൈകി അത്യാവശ്യം നല്ലപ്പോലെ മദ്യപിച്ചാണ് ഞാൻ വീട്ടിലെത്തിയത്......!
എന്നാൽ രാത്രി വാതിൽ തുറന്ന അവൾ എന്റെ മദ്യപിച്ചുള്ള വരവുകണ്ട് ആ വൈകിയ രാത്രി തന്നെ ഉറങ്ങുകയായിരുന്ന അപ്പനേയും അമ്മയേയും വിളിച്ചുണർത്തി അവർക്കു മുന്നിൽ വെച്ചവൾ തർക്കിച്ചു....,
തർക്കത്തിനൊടുവിൽ അപമാനവും ദേഷ്യവും സങ്കടവും പേറി അവളോടൊത്തുള്ള ജീവിതം തന്നെ മതിയെന്ന തീരുമാനം അവളെ അറിയിച്ച ശേഷം
വളരെ വൈകിയാണ് ഞാൻ അന്നു കിടന്നത്....!!
അന്ന് പുലർക്കാലെ ഞാനൊരു സ്വപ്നം കണ്ടു....,
ഉറങ്ങി കിടക്കുന്ന എന്റെയടുത്ത് വന്ന് എന്റെ ആദ്യഭാര്യ എന്നോട് പറഞ്ഞു...,
" വിഷമിക്കരുത് എല്ലാം ശരിയാവും,
അവളോട് ദേഷ്യമൊന്നും തോന്നണ്ട,
ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുക,
ആ കുഞ്ഞ് ജനിക്കുന്നതോടെ
എല്ലാ സങ്കടങ്ങളും അവസാനിക്കും "
അതു കേട്ട് ഞാനവളെ കൈനീട്ടി തൊടാൻ ശ്രമിച്ചതും ഉറക്കത്തിൽ നിന്നു ഞാനുണർന്നു...,
ഉണർന്നതും എന്റെ ഒാർമ്മകൾ അവളെ കുറിച്ചായി,
അവളുടെ ഒരോ നന്മയും മുന്നിൽ തെളിഞ്ഞു,
അതോടെ അന്നേരം അവളോടു ചെയ്ത ഒരോ തെറ്റുകളും വാളു പോലെ എന്റെ തലക്കു മുകളിൽ വന്നു തൂങ്ങി കിടക്കാൻ തുടങ്ങി...,
കുറ്റബോധത്തിന്റെ കനൽ എരിഞ്ഞു മനസ്സു നീറി പുകഞ്ഞു....,
പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ അവളുടെ കല്ലറക്കു മുന്നിലെത്തി അവൾക്കു മുന്നിൽ മുട്ടുക്കുത്തി നിന്ന്
അവളോട് പ്രാർത്ഥിക്കാൻ തുടങ്ങി....,
മാപ്പർഹിക്കുന്നില്ലെങ്കിലും.
എന്നോട് ക്ഷമിക്കുക...,
എന്റെ കണ്ണുകൾക്ക് പ്രണയത്തിന്റെ തിമിരം ബാധിച്ചിരിക്കുകയായിരുന്നു...,
അതു കൊണ്ടു തന്നെ നിന്റെയുള്ളിലെ നന്മയും തിന്മയും തിരിച്ചറിയാൻ ഞാൻ വളരെ വൈകി പോയി....,
ഇപ്പോൾ അതു മനസിലാക്കിയതു കൊണ്ട് കാര്യമില്ലായെന്നറിയാം എന്നാലും നിയെന്നോട് ക്ഷമിക്കുക...,
ഇന്നെനിക്കറിയാം..,
" നമ്മൾ സ്നേഹിച്ചവരേക്കാൾ,
നമ്മളെ സ്നേഹിക്കുന്നവരാണ്,
യഥാർത്ഥത്തിൽ നമ്മളെ സ്നേഹിക്കുന്നതെന്ന് "
നിന്നോടു ചെയ്തതിനെല്ലാം മാപ്പ്...!
എന്നോടു പൊറുക്കു...!
നിന്റെ മുന്നിൽ
ഇങ്ങനെ നിൽക്കാനുള്ള അർഹത പോലും
ഇന്ന് എനിക്കില്ലെന്നറിയാം...!
നിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും ഞാൻ അയോഗ്യനാണ്.....!
നിയെന്ന പുണ്യത്തെ തിരിച്ചറിയാൻ വൈകിയതിലും..,
നിന്നോടു ചെയ്ത പാപങ്ങൾക്കും
ഞാൻ മാപ്പപേക്ഷിക്കുന്നു......!
ഇപ്പോൾ ഈ നിമിഷം
മറ്റെന്തിനേക്കാളും ഏറെ ഞാൻ നിന്നെ സ്നേഹിക്കുന്നു,
ഒരുപാട് ഒരുപാട് ആഴത്തിൽ...,
ഇനിയൊരു ജന്മമുണ്ടെങ്കിൽ
അന്ന് നീയെനിക്ക് പ്രണയവും ജീവിതവും ജീവിതസഖിയായും പുനർജനിക്കണം....!
അന്ന് എന്റെ ഹൃദയത്തിലെ സകല സ്നേഹവും തന്ന് രാവും പകലും ഞാൻ നിന്നെ സ്നേഹിച്ചോള്ളാം...,
പ്രാർത്ഥന കഴിഞ്ഞ്
കൈയ്യിലെ റോസ്സാപ്പൂ അവളുടെ കല്ലറയുടെ മുകളിൽ വെച്ച് ഞാൻ എഴുന്നേറ്റു....,
തിരിച്ചു വീട്ടിലെത്തിയെങ്കിലും
അവളെയും അമ്മയേയും ആരെയും അന്നേരം വീട്ടിൽ കണ്ടില്ല.....,
മുറിയിലെത്തിയ ഞാൻ കാണുന്നത് അലമാരയുടെ മുകളിലെക്ക് വാരിയിട്ട അവളുടെ സാധനങ്ങളുടെ കൂട്ടത്തിൽ അവളുടെ ഡയറിയുടെ അടയാളനൂൽ പുറത്തേക്ക് തൂങ്ങി കിടക്കുന്നതാണ്.,
അതു കണ്ടതും
ഒരു ജിജ്ഞാസ ഉടനെ അടുത്ത് ചെന്ന്
ആ ഡയറി കൈയെത്തിച്ചെടുത്ത് മേശപ്പുറത്തു വെച്ച് നൂൽ അടയാളമാക്കി വെച്ചിരുന്ന ഡയറിയിലെ ആ പേജ് തുറന്നതും...,
അവളെഴുതിയ അക്ഷരങ്ങൾക്കു മേൽ എന്റെ കണ്ണും മനസ്സും പതിഞ്ഞതും..,
ഒരിറ്റു കണ്ണീർ ആ പേജിലെക്ക് അടർന്നു വീണു...,
ആ ഡയറിയിൽ അവൾ എഴുതിയിരിക്കുന്നത്.,
കർത്താവേ....,
ഈയുള്ളവൾക്ക് ഒറ്റ മോഹമേയുള്ളൂ...,
ഒരേ ഒരു ദിവസമെങ്കിലും
എന്റെ ഇച്ചായന്റെ പെണ്ണായി
ആ മനസ്സിനോടും ശരീരത്തിനോടും ചേർന്നു ആ ഹൃദയത്തിലെ സ്നേഹമായി ജീവിക്കണമെന്ന്...,
അതിനായി
എന്റെ ഇച്ചായന് എന്നോട് സ്നേഹം തോന്നാൻ അടുത്ത ജന്മത്തിലെങ്കിലും എന്റെ ഇച്ചായന്റെ ഹൃദയത്തിലെ
ആ പെൺക്കുട്ടിയായി എന്നെ ജനിപ്പിക്കേണമേ കർത്താവേ......"
അതു മാത്രമേ ഈ ജന്മം ഞാൻ അങ്ങയോട് ആവശ്യപ്പെടുന്നുള്ളൂ....!
അവളുടെ ആ വാക്കുകൾ,
എന്റെ ഹൃദയത്തെ രണ്ടായി പിളർത്തി കൊണ്ടു കടന്നു പോയി
അതിനിടയിൽ എന്റെ ഫോൺ ബെല്ലടിച്ചു നോക്കുമ്പോൾ അമ്മയാണ്,
ഞാൻ ഫോൺ എടുത്തതും അമ്മ പറഞ്ഞു...,
ഞങ്ങൾ ഡോക്ടറുടെ അടുത്ത് പോയതാണ്.,
ടാ......?
നിയൊരച്ഛനാകാൻ പോകുന്നു....!
അതു കേട്ടതും
ഞാൻ ഒാർത്തു,
ഈശ്വരാ....,
സ്വപ്നത്തിൽ വന്നവൾ പറഞ്ഞതെല്ലാം സത്യമാവുകയാണോയെന്ന്...? ?
ആവാം...!
കാരണം.....,
അവൾ മരണത്തിലും എന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട്....!!
1
( Hide )
  1. നല്ല ഒരു കഥ. ..ഒരു കുറ്റബോധം തോന്നിപ്പിക്കുന്ന കഥ അല്ലെങ്കിൽ ചില യാഥാർത്ഥം ചൂണ്ടി കാണിക്കുന്നത് പോലെ unde. .

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo