നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരികെ 5

Image may contain: 1 person, selfie

https://www.nallezhuth.com/search/label/Thirike
സന്ധ്യയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അരവിന്ദ് തിരിഞ്ഞു നോക്കുമ്പോഴേക്കും അഞ്ജന യാതൊരു സഹായവുമില്ലാതെ നിലംതൊടാതെ വായുവിൽ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
അഞ്ചു മോളെ....
അരവിന്ദ് നിലവിളിച്ചു. പക്ഷേ അവളിൽ നിറഞ്ഞുനിന്നിരുന്നത് ഒരുതരം രൗദ്രഭാവം ആയിരുന്നു. അതിഘോമായ കാറ്റ് ആഞ്ഞടിച്ചു തുടങ്ങി. അതിനകമ്പടിയെന്നോണം ഭയങ്കരമായ ശബ്ദത്തിൽ ആകാശം പിളർക്കുമാറുച്ചത്തിൽ ഒരു വെള്ളിടി വെട്ടി. ആ മിന്നൽ പിണരിന്റെ ശക്തിയിൽ അവിടെയുണ്ടായിരുന്ന ഒരു പന ഒരു വലിയ തീപ്പന്തമായി മാറി നിന്നു കത്തി. കത്തി ജ്വലിച്ചു കൊണ്ട് നിന്നിരുന്ന സൂര്യ പ്രകാശത്തെ കാർമേഘങ്ങൾ തടഞ്ഞു നിർത്തി. അവിടമാകെ പൈശാചികമായ ഒരു തരം ഇരുട്ട് പരന്നു.
അവളുടെ മുടിയിഴകൾ വീശിയടിക്കുന്ന കാറ്റിൽ പാറിപ്പറന്നു ആകെ വികൃതമായി തീർന്നു. അവളുടെ കണ്ണുകൾക്കു ചുറ്റും കറുപ്പ് നിറം പടർന്നു പിടിച്ചിരുന്നു.
പെടുന്നനെ വീശിയടിച്ചു കൊണ്ടിരുന്ന ആ കാറ്റ് ഒരു ചുഴലി ആയി രൂപാന്തരപ്പെട്ടു. ആ കാറ്റ് ഉയർത്തിയെടുത്ത പൊടിപടലങ്ങളും കരിയിലകളും കൽ ചീളുകളും അവർ മൂവരുടെയും കാഴ്ചയെ മറച്ചു കളഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം ശുഭം. ആ ചുഴലി അഞ്ജനയും കൊണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു.
അഞ്ചു , അഞ്ചുമോളെ.... സന്ധ്യ കരഞ്ഞ് നിലവിളിച്ചു.
അവളെ ആശ്വസിപ്പിക്കാൻ അരവിന്ദിനായില്ല.
അരവിന്ദ് ഡേയ്‌സിയോടായി പറഞ്ഞു.
" നിങ്ങൾ, നിങ്ങൾ നേരിട്ട് കണ്ടില്ലേ എല്ലാം. നിങ്ങളുടെ മകൾ അവൾ എങ്ങും പോയിട്ടില്ല. അവൾ ഇവിടെ തന്നെയുണ്ട്. പക്ഷെ എന്റെ മകൾ അവൾ എന്ത് തെറ്റ്‌ ചെയ്തിട്ടാ അവളെ ഇങ്ങനെ ശിക്ഷിക്കുന്നത്. "
അരവിന്ദ് പറഞ്ഞു നിർത്തിയപ്പോഴേക്കും സന്ധ്യ അരവിന്ദിന്റെ തോളിൽ പിടിച്ചു വിതുമ്പി നിന്നു.
" സാർ നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകും. ഇനി സമയം ഒട്ടും കളയരുത്. അവളെവിടെ കാണുമെന്ന് എനിക്കറിയാം. നിങ്ങൾ വണ്ടിയെടുക്കൂ റോസ് ഗാർഡൻ ബംഗ്ലാവിലേക്ക്."
കാറിനകത്തിരുന്ന് ഡെയ്‌സി എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. പക്ഷെ അവരുടെ വാക്കുകൾക്കൊന്നും വ്യക്തത ഇല്ലായിരുന്നു. അവൾക്കേറ്റവുമിഷ്ടം ചുവന്ന പനിനീർപൂക്കളാണെന്നവർ ഇടക്കിടക്ക് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ പക്ഷെ അരവിന്ദിനും സന്ധ്യക്കും അതൊന്നും ശ്രദ്ധിക്കാനുള്ള മനസികാവസ്ഥയായിരുന്നില്ല.
അവർ മൂവരും സഞ്ചരിച്ചിരുന്ന കാർ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഗേറ്റിനു മുൻപിലെത്തി നിന്നു. പതിവിനു വിപരീതമായി ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. അരവിന്ദ് കാറിൽനിന്നിറങ്ങി ഗേറ്റ് തള്ളി തുറക്കാനായി കൈയുയർത്തി. പക്ഷേ അയാൾ ഗെയ്റ്റിന്റെ കമ്പിയഴികളിൽ സ്പർശിച്ചതും വലിയൊരലർച്ചയോടെ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.
" അരവിന്ദ് "എന്ന നിലവിളിയോടെ കൂടി സന്ധ്യാ കാറിന് പുറത്തേക്ക് ഇറങ്ങി. അരവിന്ദന് സമീപത്തേക്ക് ഓടിയെത്തി അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു.
പക്ഷേ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.അവൾ കാറിനു പുറത്തേക്കിറങ്ങി ഗേറ്റിനു സമീപത്തേക്ക് നടന്നു അദ്ഭുതമാംവണ്ണം അവൾക്കു മുൻപിൽ ഗേറ്റ് തുറന്നു വന്നു. അവൾ അകത്തേക്ക് കടന്നതും ഗേറ്റ് അതിശക്തമായി വലിയൊരു ശബ്ദത്തോടെ അടക്കപ്പെട്ടു.
അരവിന്ദ് ഗേറ്റിന് അരികിലേക്ക് ഓടിയെത്തി. പക്ഷേ അത് തുറക്കുവാനുള്ള അവന്റെ എല്ലാ ശ്രമങ്ങളും വിഫലമായി. അവൻ തളർന്നു മണ്ണിൽ മുട്ടു കുത്തിയിരുന്നു. അപ്പോഴാണ് അവൻ അത് ശ്രദ്ധിച്ചത്. ബംഗ്ലാവിന്റെ മുറ്റവും ആ താഴ്‌വരങ്ങളും ആകെ മാറിപ്പോയിരിക്കുന്നു. തരിശായി കിടന്ന ആ താഴ്വാരങ്ങൾ പച്ച പുതച്ചു കിടക്കുന്നു.അവയ്ക്കിടയിൽ തലയുയർത്തി നിൽക്കുന്ന ചുവന്ന പനിനീർ പുഷ്പങ്ങൾ. അവൻ ഗേറ്റിന്റെ കമ്പിയിഴകൾക്കിടയിലൂടെ അകത്തേക്ക് നോക്കി. ബംഗ്ലാവിന്റെ മുറ്റമാകെ ചുവന്ന പനിനീർ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന ചെടികളാൽ നിറഞ്ഞിരിക്കുന്നു.
അവിടമാകെ നിമിഷനേരംകൊണ്ട് മാറിപ്പോയിരിക്കുന്നു. ഇരുട്ട് പടർന്നു പിടിച്ച അന്തരീക്ഷം പോലും
സായന്തന ചുവപ്പണിഞ്ഞ് മേഘാവൃത്താന്തമായി ഭൂമിയിലെ പനിനീർപ്പൂക്കളോട് മത്സരിക്കുന്നതായി തോന്നിപ്പോകും.
അവൾ , ഡെയ്സി ആ പനിനീർ ചെടികൾക്കിടയിലൂടെ മെല്ലെ നടന്നു. ഒരു പനിനീർപ്പൂവിന്റെ മുള്ള് പോലും അവളെ വേദനിപ്പിച്ചിരുന്നില്ല. നിലത്തുകൂടെ ഇഴയുകയായിരുന്ന അവളുടെ സാരിയുടെ മുന്താണി ഇഴകളിൽ ഒരു പോറൽപോലും ഏറ്റില്ല. അവളെ കണ്ട് മുള്ളുകൾക്ക് തോന്നിപോയിരിക്കുമോ ഇനിയും ഇവളെ വേദനിപ്പിക്കരുത് എന്ന് ? അറിയില്ല ?
" ഡെയ്‌സി നിങ്ങൾ അങ്ങോട്ട്‌ പോകരുത്. അത് നിങ്ങളുടെ ജീവനാപത്താണ്. പറയുന്നത് കേൾക്കൂ ".
പക്ഷെ അരവിന്ദിന്റെ ശബ്‌ദം അവൾ ചെവികൊണ്ടതേയില്ല. അവന്റെ ശബ്‌ദവും നിലവിളികളും കാറ്റിൽ അലയടിച്ചുയരുക മാത്രമാണ് ചെയ്തത്.
അവൾ നടന്നടുക്കുന്നത് ഒരു പ്രകാശവലയത്തിനടുത്തേക്കാണ്. അതിനൊത്ത നടുവിൽ ഒരു കൊച്ചു പെൺകുട്ടിയെ കാണാo. മാലാഖയെപ്പോലെ സുന്ദരിയാണവൾ. പക്ഷെ അവളുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു. കണ്ണീരിന്റെ ലവണാംശമുള്ള നനവ്. പക്ഷെ ആ നീർതുള്ളികൾക്കും ചുവപ്പ് നിറം തന്നെയായിരുന്നു.
ഭയത്തോടുകൂടി സന്ധ്യ അരവിന്ദന്റെ തോളോട് ചേർന്ന് നിന്നു. ആ കുട്ടി അത് അഞ്ജന അല്ലായിരുന്നു. അരവിന്ദ് ഓർത്തു കേസ് ഡയറിയിലെ ആ പഴയ മുഖം.
അലീന........
അവന്റെ വിറയാർന്ന ചുണ്ടുകൾ ഉരുവിട്ടു.
അവർ നോക്കി നിൽക്കെ അവളുടെ ഇരു കൈകളും പതിയെ ഇരുവശത്തേക്കും വിടർന്നു. ഡെയ്‌സി ഓടിച്ചെന്ന് അവളെ ആലിംഗനം ചെയ്തു. ആ പ്രകാശ വലയത്തിന് തീവ്രത കൂടിവരുന്നതായി അരവിന്ദിനും സന്ധ്യക്കും തോന്നി.
അടുത്ത മാത്രയിൽ തന്നെ അതൊരു കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത പ്രകാശമായി മാറി , അപ്രത്യക്ഷമായി തീർന്നു. പ്രകാശത്തിന്റെ തീവ്രതയിൽ കണ്ണുചിമ്മി പോയ അരവിന്ദും സന്ധ്യയും കണ്ണുതുറന്നപ്പോൾ ഒരു കറുത്ത പുകച്ചുരുൾ അന്തരീക്ഷത്തിൽ വലയം വലയംചെയുന്നതാണ് കണ്ടത്. പിന്നീടതും വായുവിൽ ലയിച്ചില്ലാതെയായി.
അരവിന്ദിന്റെ മുൻപിൽ വല്ലാത്തൊരു ശബ്ദത്തോടുകൂടി ഗേറ്റ് തുറന്ന് വന്നു. ഓടി അകത്തേക്ക് ചെന്ന അവർക്ക് പനിനീർ പുഷ്പങ്ങള്ളോ, പച്ചപ്പുൽ മൈതാനമോ കാണാൻ കഴിഞ്ഞില്ല. കരിയിലകൾ വീണ് വികൃതമാക്കിയ മുറ്റവും ഉണങ്ങി തുടങ്ങിയിരിക്കുന്ന ഏതാനും പുൽച്ചെടികളും മാത്രമാണ് കാണാൻ കഴിഞ്ഞത്. എല്ലാം പഴയതുപോലെ.
" അഞ്ചു മോള് ", സന്ധ്യ ചൂണ്ടി കാണിച്ചു.
അരവിന്ദ് നോക്കുമ്പോൾ റോസ് ഗാർഡൻ ബംഗ്ലാവിന്റെ ഉമ്മറപ്പടിയിൽ ഒരു മയക്കത്തിലായിരുന്നു അവൾ. അരവിന്ദ് ഓടിപ്പോയി അവിടെ താങ്ങിയെടുത്തു. അപ്പോഴും അവളുടെ വലതു കൈയിൽ ഒരു ചുവന്ന പനിനീർപ്പൂവ് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.
ശുഭം
ആദ്യ ഭാഗങ്ങൾ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot