Slider

ആ ദിവസം - ഭാഗം - 4

0
Image may contain: 1 person, smiling, hat
-----------------------------------
ഒന്നാം ഭാഗം ലിങ്ക്
രണ്ടാം ഭാഗം ലിങ്ക്
മൂന്നാം ഭാഗം ലിങ്ക് താഴെ ചേർക്കുന്നു:

https://www.nallezhuth.com/search/label/SaminiGirish

ദിവസങ്ങൾ സുഗമമായി നീങ്ങിക്കൊണ്ടിരുന്നു. മാളവിക തന്റെ പരമാവധി ശ്രദ്ധ പഠിപ്പിൽ മാത്രമാക്കി ഒതുക്കി നിർത്തി. ഉഴപ്പുകളിലും ചാപല്യങ്ങളിലും ഒന്നും മനസ്സ് പെട്ട് പോകാതെ അവൾ ശ്രദ്ധിച്ചു. അന്നത്തെ സംഭവത്തിന് ശേഷം പിന്നീടാരും അവളെ റാഗ് ചെയ്യാൻ വന്നില്ല. അതുകൊണ്ട് അവൾ വളരെയധികം ആശ്വാസത്തിലായിരുന്നു.
ഉച്ചക്ക് ശേഷം ഉറക്കം വരുത്തുന്ന ഒരു ക്ളാസ് കഴിഞ്ഞ് എല്ലാവരും അതിന്റെ ആലസ്യത്തിൽ ആയിരുന്നു. പെട്ടെന്നാണ് ഒരാൾ ക്ളാസ്സിലേക്ക് കടന്നു വന്നത്. ആളെ കണ്ടപ്പോൾ മാളു അല്പമൊന്നു ഞെട്ടി. തന്നെ അന്ന് സീനിയേഴ്സിൽ നിന്നും രക്ഷിച്ച ആളാണ് മുൻപിൽ.
"ഹായ്... ഞാൻ അരുൺ. നിങ്ങൾക്ക് കംപ്യൂട്ടർ ഗ്രാഫിക്സ് എന്ന മൊഡ്യൂൾ ഞാനാണ് എടുക്കാൻ പോകുന്നത്. നിങ്ങളിൽ പലരെയും എനിക്കറിയാം. ബാക്കി ഉള്ളവരെ നമുക്ക് വഴിയേ പരിചയപ്പെടാം. സമയം കളയാനില്ല. നമുക്ക് ചാപ്റ്ററിലേക്ക് കടക്കാം."
വന്ന ഉടൻ അദ്ദേഹം തന്റെ ജോലിയിലേക്ക് കടക്കാൻ ഉത്സാഹം കാണിച്ചു. അത് ക്ളാസ്സിലെ കുട്ടികൾക്കിടയിൽ ചെറിയ അലോസരം ഉണ്ടാക്കി. എല്ലാവരും വല്ലാത്ത ആലസ്യത്തിലായിരുന്നു എന്നതാണ് പ്രധാന കാരണം. പക്ഷെ വളരെ സരസമായ, ലളിതമായ പെരുമാറ്റത്തിലൂടെ കുട്ടികളെ കൈയിലെടുക്കാൻ അദ്ദേഹത്തിന് അധികം സമയം വേണ്ടി വന്നില്ല. വളരെ പെട്ടെന്ന് എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു തുടങ്ങി.
കോളേജിൽ ഗസ്റ്റ് ലക്ച്ചറർ ആയി ജോലി നോക്കുന്ന അദ്ദേഹം കൃത്യ സമയത്ത് തന്നെ ക്ളാസ്സിലേക്ക് വന്നിരുന്നു. സുന്ദരനായിരുന്നു എന്നതുകൊണ്ട് പെൺകുട്ടികൾക്ക് അയാളോട് ഒരു പ്രേത്യേക താല്പര്യം ഉണ്ടായിരുന്നു. കണിശക്കാരനല്ലാത്തത്കൊണ്ട് ആൺകുട്ടികൾക്കും അയാളെ ഇഷ്ടമായിരുന്നു.
തന്നെ ഒരാപത്തിൽ നിന്നും രക്ഷിച്ച ആളാണ് അരുൺ സർ എന്ന് മാളവിക ആരോടും പറഞ്ഞിരുന്നില്ല. നേരത്തെ സംസാരിച്ചിരുന്നതിന്റെ ഒരു പരിചയവും അവൾ പ്രകടിപ്പിച്ചതുമില്ല. പക്ഷെ അദ്ദേഹം പലപ്പോഴും മാളവികയെ നോക്കി മന്ദഹസിക്കാറുണ്ടായിരുന്നു. അതിന്റെ അർത്ഥം അവൾക്ക് മാത്രം മനസ്സിലാകുമായിരുന്നു. ഒരു ദിവസം ക്ളാസ് കഴിഞ്ഞ നേരത്ത് അദ്ദേഹം മെല്ലെ അവളുടെ അടുത്തേക്ക് വന്നു.
"അവർ പിന്നെ ഡിസ്റ്റർബ് ചെയ്തില്ലല്ലോ..?"
"ഇല്ല.."
"ഞാൻ പറഞ്ഞിരുന്നു ഇനി ശല്യം ചെയ്യരുതെന്ന്. അന്നെന്തിനാ അത്രേം പേടിച്ച് കരഞ്ഞത്? ഇതൊക്കെ ഒരു തമാശയായി കാണണ്ടേ..?"
"ഞാൻ... അവര് വളരെ മോശമായിട്ടാ സംസാരിച്ചത്. അതാ..."
"ചുമ്മാ തന്നെ പേടിപ്പിക്കാൻ ചെയ്തതാ... തന്നെ കണ്ടാലേ അറിയാം പാവമാണെന്ന്..."
അദ്ദേഹം ചിരിച്ചു. ഒപ്പം അവളും. കൂടെ നിന്ന കൂട്ടുകാരികൾ കാര്യമറിയാതെ രണ്ടു പേരെയും മാറി മാറി നോക്കി. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ അവർ സംസാരം തുടർന്നു.
"മാളവികയുടെ വീട്ടിൽ ആരൊക്കെയുണ്ട്?"
"അമ്മാവനും അമ്മായിയും കുട്ടികളും പിന്നെ ഞാനും."
"അച്ഛനും അമ്മയും ഒക്കെ..?"
മാളുവിന്റെ മുഖം പെട്ടെന്ന് മങ്ങി. അവൾ മുഖം കുനിച്ച് നിന്നു. അതുകണ്ടപ്പോൾ അയാൾക്കും വിഷമം തോന്നി.
"സോറി ഞാൻ ചുമ്മാ അറിയാൻ ചോദിച്ചെന്നെ ഉള്ളു."
അവൾ ഒന്നും മിണ്ടിയില്ല. അതുകണ്ടപ്പോൾ അയാൾ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി. വാടിയ മുഖത്തോടെ അവളും ഇരുന്നു. കൂട്ടുകാരികളും മറ്റൊന്നും ചോദിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല.
******
അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച് ഭഗവാന്റെ തിരുനടയിൽ അയാൾ ഈറനോടെ നിന്നു. കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ഭഗവാന്റെ തിരുസ്വരൂപത്തെ കാഴ്ചയിൽ നിന്നും മായ്ചുകളഞ്ഞു. വേദനയോടെ അയാൾ നിന്നു. ഇത്രയും കാലം തനിക്ക് മുന്നിലുണ്ടായിരുന്ന പ്രതീക്ഷയുടെ തിരിനാളമാണ് കെട്ടുപോയത്. ഇനിയെന്ത് ചെയ്യും എന്നൊരു രൂപവുമില്ല.
തന്റെ മകളെ, തന്റെ ചോരയിൽ പിറന്ന പിഞ്ചോമനയെ ഒന്നും കാണുവാൻ പോലുമായില്ല ഇതുവരെ. ജീവൻ കൊടുത്തും തന്റെ കുഞ്ഞിനെ പ്രസവിച്ച തന്റെ ഭാര്യയെ അവസാനമായി ഒന്ന് കാണുവാൻ പോലും നിന്നില്ല. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതിന് പോലും അർത്ഥമില്ല. ഒന്നിനും കഴിയാത്ത ഈ ജന്മം അവസാനിപ്പിക്കുന്നതാണ് നല്ലത്. രാജി... അവൾ കാത്തിരിക്കുന്നുണ്ടാവും തനിക്ക് വേണ്ടി. ഞാനും വരുന്നു രാജി. ഇനിയും വയ്യ. തകർന്ന മനസ്സോടെ അയാൾ ആ തിരുനടയിൽ നിന്നു കണ്ണീർ തൂകി.
******
ഇടുങ്ങിയ കോണിപ്പടികൾ അശ്രദ്ധമായി കയറുന്നതിനിടക്കാണ് കാലിടറി വീഴാൻ തുടങ്ങിയത്. ഉള്ളിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു. പക്ഷെ അടുത്ത നിമിഷം തന്നെ ആരോ കൈകളിൽ താങ്ങി എന്നത് മാളവിക തിരിച്ചറിഞ്ഞു. എങ്കിലും ആ ഭയത്തിൽ നിന്നും പുറത്ത് വരാൻ അവൾക്ക് നിമിഷങ്ങളെടുത്തു.
"എന്തെങ്കിലും പറ്റിയോ..?"
അരുൺ സാറിന്റെ ശബ്ദം അവളെ സ്ഥലകാലബോധത്തിലേക്ക് എത്തിച്ചു.
"ഇല്ല."
മാളവിക അല്പം ജാള്യതയോടെ പറഞ്ഞു. അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. പിന്നെ മെല്ലെ മുന്നോട്ട് നടന്നു.
"സർ.."
അയാൾ നിന്നു.
"താങ്ക് യു.."
"എന്തിനു..?"
"ഇപ്പൊ വീഴാതെ പിടിച്ചതിന്. പിന്നെ അന്ന്... അന്ന് അവരിൽ നിന്നും രക്ഷിച്ചതിന്.."
അയാൾ ചിരിച്ചുകൊണ്ട് പിന്നെയും പോകാൻ ഭാവിച്ചു. അപ്പോഴും മാളവിക ഒരിക്കൽ കൂടി വിളിച്ചു.
"സർ..."
അയാൾ പിന്നെയും നിന്നു.
"സോറി."
"അതെന്തിന്..?"
"അന്ന് ഞാൻ പാരന്റ്സിനെക്കുറിച്ച് ചോദിച്ചപ്പോ ഒന്നും പറയാതിരുന്നതിനു..."
"ഓഹ്.. അത് സാരമില്ല. ഞാൻ ചോദിച്ചത് വിഷമമായി എന്ന് തോന്നി. അതാ ഞാൻ പിന്നെ ഒന്നും ചോദിക്കാഞ്ഞത്."
"എനിക്കറിയാം... അമ്മ... അമ്മ ഇപ്പൊ ഇല്ല. എന്നെ പ്രസവിച്ച ഉടൻ മരിച്ചു പോയി. പിന്നെ അച്ഛൻ... അച്ഛനെവിടെയാണെന്നു എനിക്കറിയില്ല. ഉപേക്ഷിച്ചു പോയി എന്നാ എന്നോട് പറഞ്ഞിട്ടുള്ളത്. അമ്മാവനും അമ്മൂമ്മയും ആണെന്നെ വളർത്തിയത്. ഇപ്പൊ അമ്മൂമ്മ ഇല്ല. അമ്മാവനും കുടുംബവും മാത്രേ ഉള്ളു എനിക്ക്..."
അത്രയും പറയുമ്പോഴേക്കും മാളുവിന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. അത് അയാളിൽ അല്പം വേദനയുണ്ടാക്കി.
"സോറി... ഞാൻ... വിഷമിക്കണ്ട."
"ഹേയ്... സാരമില്ല. ഞാൻ അവരെക്കുറിച്ചങ്ങനെ ആരോടും പറയാറില്ല. സർ അന്ന് ചോദിച്ചിട്ട് ഒന്നും പറയാതിരുന്നത് തെറ്റായോ എന്ന് തോന്നി. അതാ ഇപ്പൊ..."
"സാരമില്ല. വിഷമിക്കുന്നതൊന്നും ആലോചിക്കേണ്ട. നന്നായി പഠിക്കൂ.. എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ എന്നോട് ചോദിക്കാൻ മടിക്കേണ്ട. കേട്ടോ..?"
"ഹ്മ്..."
പുഞ്ചിരിയോടെ രണ്ടുപേരും നടന്നു നീങ്ങി. ഇതിനോടകം അവളെക്കുറിച്ച് അയാളുടെ ഉള്ളിൽ സഹതാപം കലർന്ന ഒരു സ്നേഹം മുളപൊട്ടിയിരുന്നു. അയാളുടെ പെരുമാറ്റം അവളിൽ ഒരു മതിപ്പും ഉളവാക്കിക്കഴിഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷം അവർ തമ്മിൽ കൂടുതൽ അടുത്തു. ഇതിനിടയിൽ ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo