
മനസ്സിന്ന് ശാന്തമാണവളുടെ;
കൊടുങ്കാറ്റിന്റെ ഓളങ്ങളാഞ്ഞടിച്ചു വീഴ്ത്തിയ
കണ്ണുനീരിന്നുറവയിൽ
മരിച്ചു മരവിച്ചു പോയതാവാം!
ഒരാലിംഗനത്തിലെല്ലാം ലയിച്ചി -
ല്ലാതാകുന്നവളായതിനാലാവാം!
കാമവും ക്രോധവുമില്ലവൾക്ക്
വെറും പുച്ഛനിബിഡമാം
നിർവികാരത മാത്രം!
ചോരത്തുള്ളികൾ പറഞ്ഞ ഉപ്പുനീരിന്റെ കഥ
ലോകം പറഞ്ഞത് സ്നേഹക്ഷതങ്ങളെന്ന്!
ഉള്ളം കരഞ്ഞ നേരത്ത് പോലുമവൾ
എന്തേ ചിരിയുടെ മൂടുപടം വാങ്ങി?
കരയുവാൻ വെമ്പുന്ന മുഖം തുടച്ചവൾ
അഭിനയ കളരികളിലൊന്നാമതായ്!
എന്തിനിങ്ങനെ മരിച്ചു ജീവിപ്പൂ!
ഇഷ്ടങ്ങളെ ശവപ്പറമ്പിൽ കുഴിച്ചു മൂടി!
കടമകൾ കാറ്റിൽ പറത്തി വിട്ടു !
ഒരു മനസ്സിന്റെ മാത്രം
ഇഷ്ടാനിഷ്ടങ്ങൾക്ക്കാതോർത്തിന്ന് തീർത്തും ബധിരയായ് തീർന്നിതെന്നോ?
മറ്റൊന്നും കേൾക്കുവാനാവതില്ലെന്നോ?
കർമ്മബന്ധങ്ങളുടെ നൂലാമാലക -
ളിന്നും അജ്ഞാത ഗർത്തിലാണിതല്ലോ?
ഏതോ ജന്മങ്ങളിൽ ബാക്കിയായ
ശാപശരങ്ങളിന്നും വിടാതെ പിന്തുടർപ്പൂ!
അപൂർണ്ണമായ് തുടർവിന്നും
മനസ്സിന്റെ സ്നേഹ ചങ്ങല !
ആർക്കുമേ വേണ്ടാത്ത കറുത്ത
മേനിയിലെ
ക്ലാവു പിടിച്ചൊരു മാനസം !
മരണമെന്ന മോഹ ബിംബത്തിനെ
പുണരുവാൻ വെമ്പുന്ന മാനസം!
ജീവിതത്തിന്റെ അർത്ഥശൂന്യത,
കാലം വഴിതെറ്റി വന്ന് വീഴ്‌ത്തിയ
വെള്ളക്കറ മുടി വന്ന് പറഞ്ഞപ്പോഴ-
ല്ലിന്നാണ് മാനസം കണ്ടെത്തിയത്!
കണ്ടില്ലെന്ന് വയ്ക്കുവാനിനിയു-
മാവതില്ല!
അറിയൂ ലോകമേ അവളെന്നു -
മൊരു അഭിനയിത്രി മാത്രം!
സ്നേഹ കൂടാരമെന്ന് സ്വയം
പറഞ്ഞ് പറ്റിച്ച തടവറയിൽ
പീഡിതയും ദു:ഖിതയുമായ്
മരിക്കാതെ, മരിച്ചു ജീവിക്കുന്ന
പാഴ്ജന്മം
നാളെയവളുടെ ചങ്കുപൊട്ടി
രക്തം ശർദ്ദിച്ചു മരിക്കുന്നേരം
ആരും കരയേണ്ടതില്ല..
സ്വാതന്ത്ര്യത്തിന്റെ, സന്തോഷത്തിന്റെ
അനന്തമാം വിഹായസ്സാണവിടെ
അവളെ കാത്തിരിപ്പത്!
ഇന്ദു പ്രവീൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക