നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മീൻ വാങ്ങൽ കഥന കതൈ :: (സീരിയൽ - എല്ലാ ശനിയാഴ്ചയും)



Written by Job John
സ്കൂളീന്ന് അവധിക്ക് വരുമ്പോ, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളുടെ പർച്ചേസിംഗ് ഡ്യൂട്ടി പലപ്പോഴും നമുക്കായിരുന്നു...മൂന്ന് കിമി ദൂരമുള്ള കച്ചേരി ചന്തയിലേക്ക് ഹെർക്കുലീസ് സൈക്കിളിൽ (not BSA SLR cycle, note the point) പോകാം...ഇതായിരുന്നു മുഖ്യ ആകർഷണം...😎
...പതിവ് പോലെ ആ ശനിയാഴ്ചയും കിഴക്ക് തന്നെ വെള്ള കീറി...സമയം ആറര ഏഴ്.... വാങ്ങാനുള്ള സാധനങ്ങളുടെ പേര് മൂന്നാല് തവണ ഉറക്കെയും പിന്നെ രണ്ട് തവണ മനസിലും പറഞ്ഞ് കാണാപ്പാഠമാക്കി....മുറ്റത്തിറങ്ങി സൈക്കിളിന്റെ ഹാന്റിലിൽ സഞ്ചി തൂക്കി, സ്റ്റാന്റ് തട്ടി, കയറാൻ മുന്നോട്ടാഞ്ഞതും...
"ടാ നിന്നേ...'' (അമ്മയാണ്)
(ശ്ശെ നശിപ്പിച്ച് ...പുറകീന്ന് വിളിച്ച്)"...എന്താ 😕 ? "
ഒരു കാല് സൈക്കിളിലും മറ്റേ കാല് നിലത്തും...സ്റ്റിൽ..
"ഒരു ഗ്ലാസ് പാല് കുടിച്ചേച്ച് പോ...''
''ഓ എനിക്കെങ്ങും വേണ്ട...''
''ചൂടാക്കി വെച്ചെന്ന്.. പിന്നിതാര് കുടിക്കാനാ..."
"ങാ എന്നാ കൊണ്ട് വാ..." (വല്യ താല്പര്യമില്ലാത്ത പോലെ)
ഒരൊന്ന് ഒന്നര ഗ്ലാസ് (മഗ്ഗെന്നും പറയാം) പാലെത്തി...അന്തരീക്ഷത്തിൽ ഗുളും ഗുളും ശബ്ദം മുഴങ്ങി...
"ടാ പതുക്കെ പോകണം കേട്ടോ.."
അയ്യ (പുച്ഛം) 😏 ചുമ്മാതല്ല കേരളത്തിൽ നിന്ന് ഒരു ഷൂമാക്കർ ഉണ്ടാവാത്തത്, എന്ന മട്ടിൽ ഒരു നോട്ടം മാത്രം മറുപടിയായി കൊടുത്തു...
മഗ്ഗ് തിരികെ മാതാശ്രീയുടെ കൈകളിൽ..
"ടാ ഇത് മുഴുവൻ കുടിച്ചില്ലല്ലോ.."
''അത്രേം മതി, ബാക്കി വന്നിട്ട്.." 😤 (ജഗതി ഇൻ യോദ്ധാ.jpg)
ചിറി തുടച്ച് സൈക്കിൾ മുന്നോട്ട്..
കയറ്റം വരുമ്പോ എഴുന്നേറ്റ് നിന്നാ ചവിട്ട് (പോർവാൾട്ട്കാരൻ ജംപ് ചെയ്യുമ്പോ വളയുന്ന പോൾ പോലെ മുന്നോട്ടും പിറകോട്ടും വളഞ്ഞ് താളത്തിൽ മുക്കിയും മൂളിയും)....
ഇറക്കം വരുമ്പോ വലത്തേ കൈ ഹാന്റിലിലും ഇടത്തേ കൈ ഏണിനും (വടക്കൻ വീരഗാഥയിൽ മമ്മുട്ടി കുതിരപ്പുറത്ത് വരുന്നതിനെ ഇത്തരുണത്തിൽ സ്മരിക്കാവുന്നതാണ്) ...
ഇറക്കത്ത് പെഡൽ റിവേഴ്സ് ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദമൊക്കെ ആസ്വദിച്ചങ്ങനെ...
(എന്നാലും എന്തോ ഒരു കുറവ് പോലെ...വഴിയിൽ നിക്കുന്നവർക്കൊന്നും നമ്മളെ ഒരു ബഹുമാനമില്ല...ങാ ചുമ്മാതല്ല...സൈക്കിളിന്റെ ഹാന്റിലിന്റെ രണ്ടറ്റത്തും ഓഡിയോ കാസറ്റിന്റെ വള്ളി ക്കെട്ട് തൂക്കിയിട്ടിട്ടില്ല...നമ്മള് ഫയങ്കര സ്പീഡിലാ പോകുന്നതെന്ന് അവരെങ്ങനെയറിയും...ശ്ശെ... ങാ, സാരമില്ല, അടുത്ത തവണ ശരിയാക്കാം) ,
പിന്നെ ആവശ്യത്തിലും അനാവശ്യത്തിലും കിണി കിണി ശബ്ദം ഒക്കെ ഉണ്ടാക്കി, വളവിലും തിരിവിലും ഹാൻഡ് സിഗ്നൽ ഒക്കെ ഇട്ട് (RTO എങ്ങാനും കണ്ടിരുന്നെങ്കി അപ്പത്തന്നെ ഒരു ഡ്രൈവിംഗ് ലൈസൻസ് എടുത്ത് കയ്യീ തന്നേനെ), ആഘോഷമായിട്ട് ചന്തയിലെത്തുന്നു...
20 രൂപയുടെ സാമ്പാർ കഷണങ്ങൾ, തോരൻ വെക്കാൻ നീളൻ പയർ, ചുവന്ന ചീര, മെഴുക്ക് പിരട്ടാൻ പാവക്കാ, പിന്നെ സവാള, ചുമന്നുള്ളി, ഉരുളക്കിഴങ്ങ് ഇതൊക്കെയാണ് സ്ഥിരം ഐറ്റംസ്..പിന്നെയാണ് ഡേഞ്ചർ ഐറ്റം...മീൻ...
മീൻ വാങ്ങാൻ പ്രത്യേക modus operandi തന്നെയുണ്ട്... നിരന്നിരിക്കുന്ന മീൻകാർക്കിടയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് കൈയ്യും (ഒരു കൈയ്യിൽ സഞ്ചിയാണേൽ മറ്റേ കൈയ്യെങ്കിലും) പിറകിൽ കെട്ടണം...മുഖത്ത് ഗൗരവം മസ്റ്റാ....മീൻ കാര് പല അടവും ഇറക്കും...നമ്മൾ വീഴരുത്...തടിത്തട്ടിൽ നിരത്തി വച്ചിരിക്കുന്ന മീനുകളെ കുറിച്ചുള്ള ഗഹനമായ പഠനം, അതാണ് നമ്മുടെ പ്രഥമ ലക്ഷ്യം...മീന്റെ തല മുതൽ വാൽ വരെ നമ്മൾ കണ്ണോടിക്കും...പിന്നെ വാൽ മുതൽ തല വരെ...ഒരു പിണ്ണാക്കും മനസിലാവില്ല...അത് മീൻകാരന് മനസിലാവും...പുള്ളി ഒരു മീനെടുത്ത് ചെകിള തുറന്ന് കാണിച്ചിട്ട് പറയും
"ഇത്രയ്ക്ക് നോക്കാനൊന്നുമില്ല...ആദ്യമായിട്ടാണോ മീൻ വാങ്ങാൻ വന്നത്..പച്ചയാ...ചോര കണ്ടോ.."
(ഓഹോ നമ്മളെ മാനസികമായി തളർത്താനുള്ള ശ്രമം...എന്റെ പട്ടി മേടിക്കും നിങ്ങടെ കൈയ്യീന്ന് മീൻ..ഹല്ല പിന്നെ)
അടുത്ത മീൻകാരന്റടുത്തേക്ക്...
''ചേട്ടാ ഈ മീനിനെന്താ വില...? (മീന്റെ പേരറിയില്ല, പക്ഷേ അതിന്റെ അഹങ്കാരമൊന്നുമില്ല മുഖത്ത്)(വിവരക്കേടാണെന്ന് പുള്ളിക്ക് മനസിലായപോലെ)...
"..മോനേ..ഇത് ഉണ്ണിമേരി...3 എണ്ണം അമ്പത് രൂപ..." പറഞ്ഞ് തീരുന്നതിന് മുന്നേ മൂന്നെണ്ണം പൊതിഞ്ഞെടുത്ത് കഴിഞ്ഞു...
''ഇല്ല വേണ്ട 50 കൂടുതലാ..."
''പിന്നെത്ര കൊടുക്കും ?"
"...30..."
" ങാ മുപ്പതിന് പത്ത് അളിഞ്ഞ മത്തികിട്ടും ദാ അവിടുന്ന് മേടിച്ചോ (അന്യായ പുച്ഛം)"
...പേപ്പർ പൊതി അഴിച്ച് 3 ഉണ്ണിമേരികൾ വീണ്ടും തട്ടിലേക്ക്... നുമ്മ അടുത്ത സ്റ്റോപ്പിലേക്ക് നിങ്ങാൻ തുടങ്ങുമ്പോ...
"ഹലോ, നിന്നേ...ദാ എടുത്തോ രണ്ടെണ്ണം മുപ്പതിന്..."
"രണ്ടല്ല, മൂന്നെണ്ണം വേണം" (നമ്മളാരാ മോൻ ഹും)
"സുഹൃത്തേ, നിന്നേക്കൊണ്ട് തോറ്റല്ലോ ഇന്നാ പിടി മൂന്നെണ്ണം 45 തന്നാ മതി"
"ഹേയ് 45 പറ്റില്ല 30"
"30 മൊതലാവില്ല, 40 കൊട്"
...വീണ്ടും 3 ഉണ്ണിമേരി കടലാസ് പൊതിയിലേക്ക്..
''നിക്ക് നിക്ക്, പഴുത്തതല്ലല്ലോ ല്ലേ"
"അതെന്നാ കോപ്പിലെ ചോദ്യമാടാവ്വേ"
പൊതിയഴിച്ചിട്ട്..
"കണ്ണ് പെടക്കണ കണ്ടില്ലേ" (നിന്റെ കണ്ണിലെന്താ കുരുവാണോന്ന് പുള്ളി ചോദിച്ചില്ല പക്ഷേ നമുക്ക് കാര്യം പിടി കിട്ടി)
(കണ്ണ് പെടക്കുന്നതൊന്നും കണ്ടില്ലേലും കൂടുതൽ തർക്കിച്ചാൽ അങ്ങേര് നാട്ടുകാരുടെ മുമ്പിൽ വച്ച് നാറ്റിക്കുമെന്ന് തോന്നിയത് കൊണ്ട് 40 കൊടുത്ത് കയിച്ചിലാക്കി)...
അങ്ങനെ ഞാനും ഉണ്ണിമേരിയും ഹെർക്കുലീസ് സൈക്കിളിൽ ഗമയിൽ വീട്ടിലേക്ക്...
..മുറ്റത്തെത്തി ബെല്ലടിച്ചു...
...രാവിലെ തന്നെ ഒരു 'ഫയങ്കര' ജോലി തീർത്തത് പോലെ നെറ്റിയിലെ വിയർപ്പ് കൈവിരൽ കൊണ്ട് വടിച്ച് എറിഞ്ഞ്, സൈക്കിൾ സ്റ്റാന്റിൽ വച്ച്, സഞ്ചിയുമായി അടുക്കളയിലേക്ക്...
"...ങാ വന്നോ... പെട്ടെന്നിങ്ങ് വന്നല്ലോ...ഞാനൊന്ന് മുറ്റം തൂത്ത് കഴിഞ്ഞതേയുള്ളൂ"
(ഓ ശരി ശരി വല്യ സോപ്പൊന്നും വേണ്ടെന്ന മട്ടിൽ ഞ്യാൻ)
"മീനെന്തോ കിട്ടി ?"
"...ഓ ചന്തേൽ മീനൊന്നുമില്ല..." അന്യായവിലയും...(കാർന്നോൻമാര് ചന്തേൽ പോയി വരുമ്പോ അടിക്കുന്ന സ്ഥിരം ഡയഗോലാ... അത് തന്നെ നമ്മളും കാച്ചി)
സഞ്ചീന്ന് പൊതിയെടുത്ത് തുറന്ന് നോക്കിയിട്ട്...
"..ങാ കിളിമീനാന്നോ..."
... (ങേ അപ്പോ ഉണ്ണിമേരി ?🤨)
"... മൂന്നെണ്ണത്തിനെത്രാ 20 ഓ ?"
...(ദൈവമേ പണി പാളി..🤥😟)
"... ടാ, എത്ര കൊടുത്തെന്ന്...''
"... ങേ...ആ 20..."
"...ഇതിൽ ഒരെണ്ണം, ചീഞ്ഞതാണല്ലോ..."
"...ചുമ്മാ പറയല്ലേ... പച്ചമീനാ... അതിന്റെ കണ്ണിലോട്ട് നോക്ക്..."
''... കണ്ണിലെന്തിരിക്കുന്നു, നോക്കിതിന്റെ വയറെല്ലാം ചാടി...''
"...ങാ ഞാനിത്തിരി ഡീസന്റാ, കണ്ണിലേ നോക്കൂ, വേണമെങ്കി മതി, ഇല്ലേ എടുത്ത് കള..."
"..ഓ ഇവനെയൊക്കെ മീൻ വാങ്ങാൻ പറഞ്ഞ് വിട്ട എന്നെ പറഞ്ഞാമതിയല്ലോ... അല്ലേലും കുറേ അവൻമാരൊണ്ട്, പിള്ളേര് ചെന്നാ പറ്റിക്കും..."
"...ഓ...എനിക്കിത് കേക്കുമ്പോഴാ... എന്നെയാരും പറ്റിച്ചൊന്നുമില്ല (വികാരം വ്രണപ്പെട്ടു)...അടുത്താഴ്ച തൊട്ട് തന്നെത്താനെ പോയങ്ങ് വാങ്ങിയാ മതി...''
(നായകൻ ചവിട്ടിത്തുള്ളി വീടിന് പുറത്തേക്ക്...ഇനി ഉച്ചയ്ക്ക് വിശക്കുമ്പോഴേ തിരിച്ച് വരൂ...അത് വരെ കനാലിന്റെ കരയിൽ ക്രിക്കറ്റ് കളി...ഹല്ല പിന്നെ ക്ഷമിക്കുന്നതിനും ഒരതിരില്ലേ) 

Job John

Job😛

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot