Showing posts with label SumyAlphus. Show all posts
Showing posts with label SumyAlphus. Show all posts

അനുഭവക്കുറിപ്പ്.

Image may contain: 1 person, closeup
***************
ഒരു പഞ്ചായത്തിൽ ആധാർ സീഡിംഗ് ക്യാംപ് നടത്തുകയായിരുന്ന ഞാൻ , ഇടവേളയിൽ ഉച്ചഭക്ഷണം കഴിക്കാൻ അടുത്തുള്ള ഹോട്ടലിൽ പോയി.
അഞ്ചു മിനിട്ടുകഴിഞ്ഞിട്ടു കഴിഞ്ഞപ്പോൾ ഓർഡർ എടുക്കാൻ ആൾ വന്നു.
"എന്താ വേണ്ടത് ?"
"എന്താ ഉള്ളത് "?
"പൊറോട്ട, ചപ്പാത്തി, ചിക്കൻ ബിരിയാണി, ഫ്രൈഡ് റൈസ്, ബീഫ് കറി, ചിക്കൻ കറി...... "
മുഴുവൻ പൂർത്തിയാക്കാൻ ഞാൻ അയാളെ അനുവദിച്ചില്ല.
ഉച്ച സമയം കഴിഞ്ഞതു കൊണ്ടും,വിശപ്പു മൂലം കണ്ണു കാണാൻ പറ്റാതിരുന്നതിന്നാ ലും, മുഴുവൻ കേൾക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല. അതിനാൽ ഉടൻ തന്നെ ഓർഡർ കൊടുത്തു,
"രണ്ടു പൊറോട്ടയും, ചിക്കൻ കറിയും"
വീണ്ടും അഞ്ചു മിനിട്ടു സമയം കഴിഞ്ഞപ്പോൾ, ഗ്ലാസ് , പിന്നാലെ വെള്ളം, ഓർഡർ ചെയ്ത പൊറോട്ടയും , ചിക്കൻ കറിയും എത്തി.
പൊറോട്ടയും, ചിക്കൻ കറിയും എന്നു ഓർത്ത് വിശപ്പ് കഠിനമായി കൂട്ടിയെടുത്ത, നന്നായി കഴിക്കാൻ തയ്യാറെടുത്ത എനിക്ക് , ചിക്കൻ കറി കണ്ടപ്പോൾ തന്നെ പാതി വിശപ്പ് കെട്ടു .
പ്ലേറ്റിലെ ചിക്കൻ കഷ്ണങ്ങൾ കണ്ടപ്പോൾ , കോഴി മൂന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു, വരുന്ന വഴിയാണെന്നു തോന്നി.
കാരണം കഴുത്തിന്റെ രണ്ടേ രണ്ടു കഷ്ണങ്ങളാണ് ചാറിനുളളിൽ, സവാള, ഇഞ്ചികൾക്കുള്ളിൽ കിടന്നത്.
ഒന്നു ചോദിക്കാo എന്നു വിചാരിച്ചപ്പോൾ , കൊണ്ടു വച്ച ഓർഡറെടുത്ത ആളെ കാണുന്നില്ല.
വിശപ്പ് കാരണം , ചോദിക്കാനും മനസ്സു വന്നില്ല എന്നതാവും ശരി.
അല്ലേലും, എവിടെപ്പോയാലും ഏതു ഫംഗ്ഷനുകളിൽ പങ്കെടുത്താലും എനിക്കിതേ കിട്ടാറുള്ളൂ... എന്റെ വിധി എന്നോർത്ത് കൊണ്ട്, അത്യധികമായ വ്യസനത്തോടെ , ആരും കാണാതെ വന്ന കണ്ണീരിൽ പിഴിഞ്ഞെടുത്ത ആദരാഞ്ജലികൾ ,ആ കോഴിക്ക് അർപ്പിച്ചു കൊണ്ട്, കഴുത്തുകൾ പ്ളേറ്റിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റി കിടത്തിക്കൊണ്ട്, പൊറോട്ട ചാറു കറിയിൽ മുക്കി കഴിക്കാനാരംഭിച്ചു.
ഒടുക്കം കഴിച്ചു കഴിഞ്ഞു കൈകഴുകി വന്നപ്പോഴേക്കും ബിൽ വന്നു. നോക്കിയപ്പോൾ , രണ്ടു പൊറോട്ടയ്ക്ക് 20 രൂപ, കഴുത്തു മാത്രമുള്ള ചിക്കൻ കറിയ്ക്ക് 80 /- രൂപ .😳🤪
"പറയൂ... ഈ ലോകം എങ്ങോട്ട് ...? "😥😥
-------------------------
സുമി ആൽഫസ്

ന്യൂഡിൽസ്

Image may contain: 1 person, closeup
"അമ്മേ..... ന്യൂഡിൽസ് ഉണ്ടാക്കിത്തരാമോ...?"
" നീയല്ലേ... തന്നതാനേ .. ഉണ്ടാക്കിക്കഴിക്കാറ്.... അതോണ്ട് നീ തന്നെ ഉണ്ടാക്കിക്കഴിച്ചോ...." രാവിലെ വായിച്ച പേപ്പർ വൈകുന്നേരവും ഒന്നൂടെ വായിക്കുകയായിരുന്ന ഞാൻ നീരസത്തോടെ മറുപടി പറഞ്ഞു.
" എന്റെ പൊന്നു അമ്മയല്ലേ.... പ്ലീസ്... ഒന്നുണ്ടാക്കിത്താ..."
"ശരി .., ഒരു കണ്ടീഷൻ .., നീ എനിക്ക് ചായ ഉണ്ടാക്കിത്തരണം... പറ്റ്വോ..?"
"അം...മ്....മ്മേ....."
" പറ്റ്വോന്ന് ...പറ. എന്നാൽ ഞാൻ നിനക്ക് ന്യൂഡിൽസ് ഉണ്ടാക്കിത്തരാം... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ പ്രമാണം... എന്തു പറയുന്നു."
അവനെ അങ്ങനെ വിട്ടാൽ പറ്റില്ല... ഓന് സ്വയം പര്യാപ്തത വേണം എന്നുള്ള ചിന്തയിൽ, ഞാൻ അവനോട് ചോദിച്ചു.
അവൻ അല്പനേരം ചൂണ്ടുവിരൽ താടിക്ക് കുത്തി ആലോചിച്ചു. എന്നിട്ട് പറഞ്ഞു,
" ശരി അമ്മേ.... അമ്മ ന്യൂഡിൽസ് ഉണ്ടാക്കിത്താ... ഞാൻ അമ്മയ്ക്ക് ചായ ഉണ്ടാക്കിത്തരാം..."
അതു പറയുമ്പോ അവന്റെ മുഖത്തിന് "തീരെ ഇഷ്ടപ്പെടായ്ക " എന്ന ഭാവം തെളിഞ്ഞു നിന്നു. അതൊന്നും ഗൗനിക്കാതെ ഞാൻ ഇങ്ങനെ ആത്മഗതം നടത്തി,
" ഹമ്പടാ.. കേമാ.... മടിയാ...എന്നോടാ കളി... ഹും.."
ആ പറഞ്ഞത് പുറത്തേക്ക് കേട്ടോ എന്നറിയില്ല, അവൻ ചോദിച്ചു,
"അമ്മ എന്തേലും പറഞ്ഞോ..."
" ഹേയ് ഇല്യ... വാടാ.. നമുക്ക് അടുക്കളയിൽ പോകാം..."
ഞങ്ങൾ രണ്ടാളും അടുക്കളയിൽ ചെന്നു. ഞാൻ സ്റ്റൗ ഓണാക്കി, ന്യൂഡിൽസ് ഉണ്ടാക്കാനുള്ള പാത്രം വച്ചു. അപ്പോൾ അവൻ പറഞ്ഞു,
"അമ്മേ... രണ്ടാമത്തെ സ്റ്റൗ ഓണാ
ക്കിയേ... "
" ങ്ഹാ.... ശരി" അതും പറഞ്ഞ് ഞാൻ സ്റ്റൗ ഓണാക്കി. അവൻ പാല് ചൂടാക്കാൻ മിൽക്ക് കുക്കർ എടുത്ത് സ്റ്റൗവിൽ വച്ചു.
ഞാൻ ന്യൂഡിൽസിനുള്ള പരിപാടികൾ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ ,
"അമ്മേ.... മിൽക്ക് കുക്കർ കൂവുന്നു. തീ കുറയ്ക്ക്."
" ങ്ഹാ.... ശരി"
"അമ്മേ... ചായ പാത്രം ഏതാ...?"
" ങ്ഹാ.... അത് " ഒരു പാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് ഞാൻ മറുപടി പറഞ്ഞു.
"അമ്മേ... ആവശ്യമുള്ള വെള്ളം ഒഴിക്കാമോ...?"
" ങ്ഹാ... ഒഴിച്ചു. "
"അമ്മേ..... വെള്ളം തിളയ്ക്കുന്നു . ചായപ്പൊടി ഇടാമോ..."
"ങ്ഹാ... ഇട്ടു."
"അമ്മേ.... ഇതാ ഗ്ലാസ്. ., ആവശ്യത്തിനുള്ള പാല് ഒഴിക്കാമോ...."
" ങ്ഹാ.... ഒഴിച്ചു. "
"അമ്മേ...അരിപ്പ എടുത്തേ... "
" ങ്ഹാ.... എടുത്തു."
"അമ്മേ.... ചായ എന്തോരം ഒഴിക്കണം.?"
" ങ്ഹാ.... ഇത്രേം മതി.. " ഞാൻ ചായ ഒഴിച്ചു കൊടുത്തു.
"അമ്മേ... പഞ്ചസാര വേണോ...?"
"ങ്ഹാ... വേണ്ട."
അവൻ ഒരു ടി. സ്പൂൺ എടുത്ത് ഇളക്കിയിട്ട്
ഗ്ലാസ് എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു,
"ഇതാ ചായ ... "
അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞ ന്യൂഡിൽസ്, പ്ലേറ്റിലാക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു. നടക്കുന്നതിനിടയിൽ പതുക്കെ എന്തോ ഒരു വാചകം അവൻ പറഞ്ഞു..
" എന്നോടാ ..... കളി... ഹി...ഹി...."
''ഇനി അതാണോ പറഞ്ഞെ.. എന്ന് എനിക്ക് ഉറപ്പില്ല .. അതോ എന്റെ തോന്നലോ... ആ ആർക്കറിയാം... " എന്ന ചിന്താഭാരത്തോടെ, അവന്റെ നിർദ്ദേശപ്രകാരം ഞാൻ തന്നെ ഉണ്ടാക്കിയ ചായ ഊറ്റിക്കുടിക്കാൻ തുടങ്ങി.
സുമി ആൽഫസ്
*****************

കുലുങ്ങില്ല ഞങ്ങൾ

Image may contain: 1 person, closeup
അനധികൃതമായി കൈവശം വച്ചിരിക്കുന്ന BPL കാർഡുടമകളെ തേടി വീടുകളിൽ പോയി പരിശോധന നടത്തുന്നതിനിടയിൽ എന്നെ വെള്ളം കുടിപ്പിച്ച ഒരു സംഭവം ഉണ്ടായി.
സാമാന്യം ഒരു 1600 sq.ft വലുപ്പം തോന്നിക്കുന്ന വീട്. മുറ്റം മുഴുവൻ ടൈൽ വിരിച്ചിട്ടുണ്ട്. അടിപൊളി ഗേറ്റ്.
ആ അടിപൊളി ഗേറ്റ് തുറന്ന് ഞാൻ മുന്നോട്ട് നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ആരുടെയെങ്കിലും തല പുറത്തു നീട്ടുന്നത് പ്രതീക്ഷിച്ച ഞാൻ, കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത തല.
ആ ഉയരുന്ന തല ഏതെന്ന് അറിയാൻ, ഞാൻ മുന്നോട്ട് വന്ന് പരമാവധി തല ഉയർത്തിപ്പിടിച്ചു നോക്കിയപ്പോൾ, കുറച്ച് ഉയരമുള്ള ഡാഷ് ഹണ്ട് പട്ടി.
ആ പട്ടി എന്നെ ചെരിഞ്ഞു നോക്കി. ഞാനും ചെരിഞ്ഞു പട്ടിയെ നോക്കി. ഇഷ്ടം കൊണ്ടല്ല, അതിനെ എവിടെയെങ്കിലും കെട്ടിയിട്ടുണ്ടോ എന്നറിയാൻ.
എവിടേയും കെട്ടിയിട്ടില്ല... പട്ടി ഫ്രീ ആണെന്ന് കണ്ടപ്പോൾ എന്റെ നെഞ്ചിലെ കൊള്ളിയാൻ മിന്നി. നെഞ്ച് മാത്രമല്ല, മൊത്തം മിന്നാനും വിറയ്ക്കാനും തുടങ്ങി. കുട ചൂടിയിരുന്ന ഞാൻ , ഓടാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കുട ചുരുക്കാൻ ശ്രമിച്ചു.
പക്ഷേ പട്ടി .. റാമ്പിൽ ക്യാറ്റ് വാക്ക് നടത്തുന്ന മാതിരി എന്റെ നേരെ നടന്നു വരികയാണ്. ഓരോ അടി നടക്കുമ്പോഴും കുരയ്ക്കുന്നുണ്ട്.
''എന്റെ കർത്താവേ..... പട്ടിയെ ഒന്നു പറഞ്ഞു മനസ്സിലാക്കാമോ... ഞാൻ ഉപദ്രവിക്കാൻ വന്നതല്ല എന്നും, റേഷൻ വാങ്ങുന്നുണ്ടോ എന്നറിയാനാ .... വന്നത് എന്ന്.... എന്റെ പൊന്നു ദൈവേ.... കാത്തോളണേ.... "
ഒരു നിമിഷം ജാഗരണ പ്രാർത്ഥന നടത്തി , തിരിഞ്ഞോടി, ആ വീടിന്റെ ഗേറ്റിൽ അള്ളിപ്പിടിച്ചു കയറി മതിലിന്റെ മുകളിൽ കയറി നിന്നു.
ആ പട്ടി എന്റെ ഈ സാഹസം പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. എന്റെ പിന്നാലെ ഓടി വന്ന് കുരയ്ക്കാൻ തുടങ്ങി.
പോടാ പട്ടീ.... വീട്ടുകാരെ വിളിയ്ക്ക് പട്ടീ.... എന്നു ഞാൻ പട്ടിയോട് ആജ്ഞാപിച്ചു അല്ല കേണപേക്ഷിച്ചു.
മുറ്റത്തെ ബഹളം കേട്ടിട്ടാവണം, അകത്തെ പ്രൗഢയായ ഒരു ചേച്ചി വന്നു. മതിലിന്റെ മുകളിൽ കയറി നില്ക്കുന്ന എന്നെ കണ്ടിട്ട് കൈ കൊണ്ട് 'എന്താ കാര്യം' എന്ന് ആക്ഷൻ കാണിച്ചു.
"എന്റെ പൊന്നു ചേച്ചീ.... ആദ്യം ഈ പട്ടിയെ എവിടേലും കെട്ട്. എന്നിട്ടു പറയാം."
അപ്പോഴാണ് ആ ചേച്ചി പട്ടിയെ കെട്ടുന്ന കാര്യം ചിന്തിച്ചത്. ചേച്ചി എന്തോ ഭാഷയിൽ പട്ടിയെ വിളിച്ചു. പട്ടി എന്നെ തറപ്പിച്ചു നോക്കി. ഞാൻ ആ പട്ടിയെ "പോടാ " എന്ന് വിളിച്ചു.
എന്തായാലും, ആ പട്ടിയെ കൂട്ടിൽ കയറ്റി കൂട് അടച്ചു. എന്നിട്ട് ആ ചേച്ചി പറഞ്ഞു, ഇനി പോരേ ...
എനിക്ക് ഒരു സംശയം. ഞാൻ ചോദിച്ചു,
" ചേച്ചീ.... ശരിക്കും കൂട് അടച്ചോ.,?"
"ഉവ്വന്നേ... "
എന്നാ ശരി ... എന്നു പറഞ്ഞു കൊണ്ട്, പതുക്കെ മതിലിന്റ മുകളിൽ നിന്നും ചാടിയിറങ്ങി.
"എന്താ വന്നത് "
അതു കേട്ടപ്പോൾ , എങ്ങോ പോയ് മറഞ്ഞ ഗൗരവം തിരിച്ചു വരുത്തി കൊണ്ട്, ഞാൻ പറഞ്ഞു,
" താലൂക്ക് സപ്ളൈ ആഫീസിൽ നിന്നുള്ള റേഷനിംഗ് ഇൻസ്പെക്ടർ ആണ്. റേഷൻ കാർഡ് കാണിക്കൂ..."
" ആണോ... കാർഡ് ഇപ്പം എടുത്തു തരാം.. " എന്നു പറഞ്ഞു, ആ ചേച്ചി അകത്തേയ്ക്ക് കയറിപ്പോയി.
അല്പനേരം കഴിഞ്ഞപ്പോൾ, ആ ചേച്ചീ കാർഡ് കൊണ്ട് വന്നു. നോക്കിയപ്പോൾ BPL കാർഡ്. കൃത്യമായി ഭക്ഷ്യസാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
അടുത്ത നടപടികളുടെ ഭാഗമായി ഞാൻ ആ കാർഡ് പിടിച്ചെടുത്തു. ചേച്ചി തർക്കിക്കാൻ നോക്കിയെങ്കിലും , യാതൊന്നും പറയാതെ ഇത്രേം പറഞ്ഞു,
"അടുത്ത ദിവസം ആഫീസിൽ വരണം. ഇതുവരെ വാങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വില സർക്കാരിലേയ്ക്ക് അടയ്ക്കണം എന്ന്."
ആ ചേച്ചി മുറ്റത്തേക്കിറങ്ങാതെ, ഞാൻ വേഗം ഗേറ്റ് കടന്നു പോയി. അവരെങ്ങാനും വൈരാഗ്യത്തിൽ പട്ടിയെ അഴിച്ചു വിട്ടാലോ ... എന്ന പേടിയായിരുന്നു.., എനിക്ക്.
NB : പട്ടിയെ കണ്ടാലൊന്നും കുലുങ്ങില്ല ഞങ്ങൾ. ചെയ്യേണ്ട ജോലി ചെയ്യുക തന്നെ ചെയ്യും.
സുമി ആൽഫസ്

കേട്ടുകേൾവി


Image may contain: 1 person, closeup

**************
ഒരു വീട്ടമ്മ, വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയി.
പച്ചക്കറികൾ തിരഞ്ഞെടുത്ത് , അവയുടെ വില കൊടുത്ത് വാങ്ങുന്നതിനിടയിൽ, തന്റെ തൊട്ടടുത്ത് നിന്നിരുന്ന രണ്ടു സ്ത്രീകൾ ഏതോ ഒരു വിഷയത്തെപ്പറ്റി ഗഹനമായ സംസാരത്തിലായിരുന്നു.
ആ വീട്ടമ്മ അവരുടെ സംസാരം ശ്രദ്ധിച്ചു.
അവൾ അറിയുന്ന ഒരു വ്യക്തിയെപ്പറ്റി ആയിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. അവരുടെ സംസാരത്തിൽ താല്പര്യം തോന്നിയ അവൾ, അവരുടെ കൂടെ ആ സംസാരത്തിൽ പങ്കാളിയായി.
കുറേ കഴിഞ്ഞപ്പോൾ, അവൾ അവരോട് പറഞ്ഞു,
അയ്യോ.... നേരം പോയതറിഞ്ഞില്ല. ഞാൻ പോകുകയാണ്. ഏറെ പണിയുണ്ട് വീട്ടിൽ. എന്റെ ഹസ്ബന്റ് ജോലി കഴിഞ്ഞ് വരുന്ന സമയം ആകാറായി.
മറുപടിയായി അവളോട്, ' ഞങ്ങളും പോകുകയാണ്.. ' എന്ന് അവരും പറഞ്ഞു.
അവൾക്ക് താൻ കേട്ട വർത്തമാനങ്ങൾ എത്രയും വേഗം ഭർത്താവിനെ അറിയിക്കാൻ തിടുക്കമായി.
അവൾ വേഗം വീട്ടിലെത്തി, ഭർത്താവ് ജോലി കഴിഞ്ഞ് വരുന്നതിനു മുമ്പ് , വേഗം വീട്ടിലെ ജോലികൾ എല്ലാം ഒതുക്കി തീർത്തപ്പോഴേക്കും അവളുടെ ഭർത്താവ് വന്നു.
അവൾ ഭർത്താവിന് ചായ ഉണ്ടാക്കി കൊടുത്തു. അയാൾ ചായ കുടിക്കുന്ന സമയത്ത് അവൾ ഭർത്താവിന്റെ അടുത്ത് വന്നിരുന്ന്, മാർക്കറ്റിൽ പോയ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ, താൻ കേട്ട ഒരു വ്യക്തിയെ സംബന്ധിച്ച കാര്യങ്ങൾ പറയുവാൻ തുടങ്ങി.
അലോസരം തോന്നിയ അയാൾ , അവളോട് ചോദിച്ചു,
''നീ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണോ?''
''ആർക്കറിയാം... അല്ലെന്നു തോന്നുന്നു.'' അവൾ മറുപടി പറഞ്ഞു.
'' അപ്പോൾ നീ പറഞ്ഞു വരുന്ന കാര്യങ്ങൾ നമുക്ക് വല്ല ഉപകാരവുമുണ്ടോ?"
''ഏയ് ഇല്ല ഏട്ടാ... നമ്മളെ സംബന്ധിച്ച് നമുക്ക് യാതൊരു ഉപകാരവുമില്ല.''
''എന്നാൽ... നീ പറയാൻ പോകുന്ന കാര്യങ്ങൾക്ക്, എനിക്കെന്തെങ്കിലും ചിരിക്കാൻ വകയുണ്ടോടീ..... ''
'' ഇല്ല ... ഏട്ടാ.... ഏട്ടനെന്തൊക്കെയാ... ഈ ചോദിക്കണെ...''
'' എന്നാൽ പിന്നെ ഞാനെന്തിനാ ടീ ... ഇതൊക്കെ കേൾക്കുന്നെ?"

By Sumy Alphus

കേട്ടുകേൾവി

Image may contain: 1 person, closeup

**************
ഒരു വീട്ടമ്മ, വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയി.
പച്ചക്കറികൾ തിരഞ്ഞെടുത്ത് , അവയുടെ വില കൊടുത്ത് വാങ്ങുന്നതിനിടയിൽ, തന്റെ തൊട്ടടുത്ത് നിന്നിരുന്ന രണ്ടു സ്ത്രീകൾ ഏതോ ഒരു വിഷയത്തെപ്പറ്റി ഗഹനമായ സംസാരത്തിലായിരുന്നു.
ആ വീട്ടമ്മ അവരുടെ സംസാരം ശ്രദ്ധിച്ചു.
അവൾ അറിയുന്ന ഒരു വ്യക്തിയെപ്പറ്റി ആയിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. അവരുടെ സംസാരത്തിൽ താല്പര്യം തോന്നിയ അവൾ, അവരുടെ കൂടെ ആ സംസാരത്തിൽ പങ്കാളിയായി.
കുറേ കഴിഞ്ഞപ്പോൾ, അവൾ അവരോട് പറഞ്ഞു,
അയ്യോ.... നേരം പോയതറിഞ്ഞില്ല. ഞാൻ പോകുകയാണ്. ഏറെ പണിയുണ്ട് വീട്ടിൽ. എന്റെ ഹസ്ബന്റ് ജോലി കഴിഞ്ഞ് വരുന്ന സമയം ആകാറായി.
മറുപടിയായി അവളോട്, ' ഞങ്ങളും പോകുകയാണ്.. ' എന്ന് അവരും പറഞ്ഞു.
അവൾക്ക് താൻ കേട്ട വർത്തമാനങ്ങൾ എത്രയും വേഗം ഭർത്താവിനെ അറിയിക്കാൻ തിടുക്കമായി.
അവൾ വേഗം വീട്ടിലെത്തി, ഭർത്താവ് ജോലി കഴിഞ്ഞ് വരുന്നതിനു മുമ്പ് , വേഗം വീട്ടിലെ ജോലികൾ എല്ലാം ഒതുക്കി തീർത്തപ്പോഴേക്കും അവളുടെ ഭർത്താവ് വന്നു.
അവൾ ഭർത്താവിന് ചായ ഉണ്ടാക്കി കൊടുത്തു. അയാൾ ചായ കുടിക്കുന്ന സമയത്ത് അവൾ ഭർത്താവിന്റെ അടുത്ത് വന്നിരുന്ന്, മാർക്കറ്റിൽ പോയ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ, താൻ കേട്ട ഒരു വ്യക്തിയെ സംബന്ധിച്ച കാര്യങ്ങൾ പറയുവാൻ തുടങ്ങി.
അലോസരം തോന്നിയ അയാൾ , അവളോട് ചോദിച്ചു,
''നീ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണോ?''
''ആർക്കറിയാം... അല്ലെന്നു തോന്നുന്നു.'' അവൾ മറുപടി പറഞ്ഞു.
'' അപ്പോൾ നീ പറഞ്ഞു വരുന്ന കാര്യങ്ങൾ നമുക്ക് വല്ല ഉപകാരവുമുണ്ടോ?"
''ഏയ് ഇല്ല ഏട്ടാ... നമ്മളെ സംബന്ധിച്ച് നമുക്ക് യാതൊരു ഉപകാരവുമില്ല.''
''എന്നാൽ... നീ പറയാൻ പോകുന്ന കാര്യങ്ങൾക്ക്, എനിക്കെന്തെങ്കിലും ചിരിക്കാൻ വകയുണ്ടോടീ..... ''
'' ഇല്ല ... ഏട്ടാ.... ഏട്ടനെന്തൊക്കെയാ... ഈ ചോദിക്കണെ...''
'' എന്നാൽ പിന്നെ ഞാനെന്തിനാ ടീ ... ഇതൊക്കെ കേൾക്കുന്നെ?"
Sumy Alphus
**************

അന്നാമ്മച്ചേട്ടത്തിയുടെ ബ്രാണ്ടിക്കുപ്പി

Image may contain: 1 person, closeup

*************************************
ദേ... നോക്ക് ... അച്ചായോ... അന്നാമ്മച്ചേടത്തി , ലോനപ്പൻ ചേട്ടനെ വിളിക്കുകയാണ്.
ങും... എന്താ ... പത്രത്തിൽ നിന്നും മുഖമുയർത്താതെ തന്റെ ശ്രീമതിയോട് ചോദിച്ചു.
ങ്ഹാ... ഇങ്ങോട്ടൊന്ന് നോക്ക് ന്നേ.... നമ്മുടെ മോള് സൂസി ക്കൊച്ച് വിളിച്ചായിരുന്നു.
എന്താണ് അവളുടെ വിശേഷം?
ദേ... അടുത്താഴ്ച അവളുടെ പെര കേറി താമസമാണ്. നമ്മളോടൊന്ന് ചെല്ലാൻ പറഞ്ഞേക്കണു.
ആണോ ... ഒരു കാര്യം ചെയ്യ്, നീ പോയ്ക്കോ.
അപ്പോ നിങ്ങള് വരുന്നില്ലേ ..?
ഓ.. വയസ്സായില്ലെടീ...അത്രേം ദൂരം യാത്ര ചെയ്യാനെന്നെക്കൊണ്ടൊന്നും പറ്റുകേല ടീ... നീ പോയ്ക്കോ. നിന്റെ ആങ്ങള വർഗ്ഗീസിനേയും പിള്ളേരേയും വിളിച്ചിട്ടുണ്ടായിരിക്കും. അങ്ങനെയെങ്കിൽ അവർക്കൊപ്പം പോയ്ക്കോ...
ശ്ശൊ ! നിങ്ങളെ ഒറ്റയ്ക്ക് ഇവിടെ ഇട്ടിട്ട് പോകാൻ ഒരു വിഷമം.
അതിന് ഞാൻ ഒറ്റയ്ക്കല്ലല്ലോ.. എനിക്കു കൂട്ടിന് കൈസർ ഇല്ലിയോ ... പിന്നെ നിനക്ക് ആഗ്രഹമുണ്ടെങ്കിൽ മതി പോകുന്ന കാര്യത്തിൽ.
എനിക്ക് പോണം. അല്ലേലും സൂസി ക്കൊച്ചിനെ കണ്ടിട്ട് എത്ര നാളായി. മാത്രമല്ല ബാംഗ്ലൂളൂരും കാണാമല്ലോ.
ഉം.. ശരി ശരി. ലോനപ്പൻ ചേട്ടൻ വീണ്ടും പത്ര പാരായണത്തിലേക്ക് മുഴുകി.
അന്നാമ്മച്ചേട്ടത്തി തന്റെ ബ്രദറായ വർഗ്ഗീസിനെ വിളിക്കാൻ ഡയറിയിൽ നിന്ന് നമ്പർ തപ്പിയെടുത്ത് , ലാൻഡ് ഫോണിൽ നമ്പർ കറക്കി വിളിച്ചപ്പോൾ, അങ്ങേത്തലയ്ക്കൽ ഫോൺ എടുക്കുന്ന ശബ്ദം കേട്ടു .
ഹലോ.... വർഗീസിന്റെ ഭാര്യ ജെസി ആയിരുന്നു ഫോൺ എടുത്തത്.
ആ .. ജെസീ... ഇത് ഞാനാടീ നിന്റെ നാത്തൂൻ .
ആ .. അന്നാമ്മച്ചേടത്തിയേ ... എന്നാണ്ട് വിശേഷങ്ങൾ‌? ദേ... ഇപ്പം സൂസിക്കൊച്ച് ഫോൺ വിളിച്ച് വച്ചതേയുള്ളൂ. അടുത്താഴ്ച അവളുടെ വീടു കേറിത്താമസത്തിന് ചെല്ലണംന്നു പറഞ്ഞു.
ങ്ഹാ... അതിനെക്കുറിച്ച് പറയാനാ ഞാനിപ്പ വിളിച്ചേ .. നമുക്ക് പോകണ്ടേ..
ആ പിന്നെ നമുക്ക് പോകണ്ടായോ...
അച്ചായൻ വരുന്നില്ല എന്നാണ് പറഞ്ഞത്. നിങ്ങൾ എങ്ങനെയാണ് പോകുന്നത് എന്നു തീരുമാനിച്ചാൽ എനിക്കും കൂടി യങ്ങ് ടിക്കറ്റ് ബുക്കു ചെയ്തോളൂ..
ങ്ഹാ...ശരി നാത്തൂനേ ...
അല്ലാ വർഗ്ഗീസ് എന്തിയേ?
അച്ചായൻ പറമ്പിലാണ്. വിളിക്കണോ...?
ഓ... വേണ്ട . വിവരങ്ങൾ പറഞ്ഞാൽ മതി. ടോമിച്ചനും ,മറ്റും എവിടെ?
ങ്ഹാ... അവനും, അവന്റെ കെട്ടിയോളും പിള്ളേരും കൂടി സിനിമയ്ക്ക് പോയിരിക്കുവാ..
എന്നാൽ ശരി, ഫോൺ വയ്ക്കട്ടെ..
ശരി നാത്തൂനേ ....
അങ്ങനെ പോകാനുള്ള ദിവസം വന്നെത്തി. ബാംഗ്ലൂർക്ക് പോകാൻ അവർ ഒരു 'ടാറ്റാ സുമോ' ആയിരുന്നു ഏർപ്പാടാക്കിയത്. വർഗ്ഗീസും, ജെസി യും , ടോമിച്ചൻ, ഭാര്യ ട്രീസയും അവരുടെ രണ്ടു പിള്ളേർ, അന്നമ്മച്ചേട്ടത്തി, അന്നാമ്മ ച്ചേടത്തിയുടെ രണ്ടാമത്തെ മോളുടെ മോൻ എന്നിവരായിരുന്നു ഡ്രൈവറെക്കൂടാതെയുള്ള യാത്രക്കാർ .
വൈകുന്നേരം അവർ എല്ലാവരും കൂടി ബാംഗ്ലൂർക്ക് തിരിച്ചു. യാത്രയിൽ നർമ്മ സംഭാഷണങ്ങളും പൊട്ടിച്ചിരികളും മുഴങ്ങിക്കൊണ്ടേയിരുന്നു. പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും അവർ ബാംഗ്ലൂരിൽ എത്തി.
ആഘോഷമായിട്ടായിരുന്നു വീടു കേറി താമസത്തിന്റെ ചടങ്ങുകളെല്ലാം .നല്ലൊരു വീടായിരുന്നു സൂസി ക്കൊച്ചിന്റേത്. അന്നാമ്മച്ചേടത്തി അതിൽ അഭിമാനം കൊണ്ടു. തന്റെ മോളുടെ വീട് കണ്ടിട്ട് നാത്തൂന്റെ മുഖഭാവം എങ്ങനെയുണ്ടെന്നറിയാൻ അന്നാമ്മച്ചേടത്തി നാത്തൂന്റെ മുഖത്തേക്ക് ഏറുകണ്ണിട്ടു നോക്കി.
അങ്ങനെ രണ്ടു ദിവസം അവർ അവിടെ താമസിച്ചു. അതിനിടയിൽ അവർ ബാംഗ്ലൂർ മുഴുവൻ ചുറ്റിക്കണ്ടു. പാർക്കുകളും എല്ലാം കണ്ടപ്പോൾ അന്നാമ്മച്ചേടത്തി ബാംഗ്ലൂർ നന്നായിട്ടങ്ങു പിടിച്ചു. അച്ഛായൻ ഇതെല്ലാം കാണ്ടേണ്ടതായിരുന്നു എന്നോർത്ത് ചേട്ടത്തി വ്യാകുലപ്പെട്ടു.
തിരിച്ച് നാട്ടിൽ പോകാൻ നേരത്ത് ചേടത്തി സൂസി ക്കൊച്ചിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
പിറ്റേന്ന് നാട്ടിലെത്താറായപ്പോൾ , അന്നാമ്മച്ചേടത്തിക്ക് ഒരു ചിന്ത.
തന്റെ വക ഒരു സ്പെഷ്യൽ അച്ചായന് കൊടുക്കണം. അച്ചായന് ഏറ്റവും ഇഷ്ടമുള്ളത്. അതിനായി അവർ ജെസിയും മക്കളും കേൾക്കാതെ സ്വകാര്യമായിട്ടങ്ങു അവതരിപ്പിക്കാൻ തന്റെ ആങ്ങള ആയ വർഗ്ഗീസിനെ വിളിച്ചു .
ശ്യു... ശ്യു... ശബ്ദം ഉണ്ടാക്കിയിട്ട് വർഗ്ഗീസിനെ തോണ്ടി. വർഗ്ഗീസ് തിരിഞ്ഞു നോക്കി. അപ്പോൾ അന്നാമ്മച്ചേടത്തി തന്റെ കൈമുട്ടുവരെ ഉയർത്തിപ്പിടിച്ച് 'കുപ്പി' എന്നർത്ഥത്തിൽ ശബ്ദമുണ്ടാക്കാതെ ബ്രാ.....ണ്ടി...., ബ്രാ......ണ്ടി ...., എന്നു ചുണ്ടും,വായും കൊണ്ട് ആംഗ്യം കാണിച്ചു.
അപ്പോൾ വർഗ്ഗീസ് തിരിച്ച് കൈക്കൊണ്ട് ആക്ഷൻ കാണിച്ചിട്ട് 'എനിക്കു വയ്യ, വാങ്ങാൻ' എന്നു മറുപടി പറഞ്ഞു.
എന്റെ പൊന്നു ആങ്ങളയല്ലേ .. എന്നു ആംഗ്യ ഭാഷയിൽ കാണിച്ചിട്ട് വീണ്ടും വീണ്ടും ബ്രാണ്ടി കാര്യം അവതരിപ്പിച്ചു.
ചേച്ചിയുടെ തോണ്ടൽ സഹിക്കാൻ വയ്യാതായപ്പോൾ, വർഗ്ഗീസ് ഡ്രൈവറോട് വണ്ടി റോഡരികിൽ നിർത്താൻ നിർദ്ദേശം കൊടുത്തു.
വണ്ടി നിറുത്തിയപ്പോൾ, വർഗ്ഗീസ് ഇപ്പം വരാം എന്നു പറഞ്ഞിട്ടു പോയി.
ജെസി ചേടത്തിയോട് ചോദിച്ചു, അച്ചായൻ എവിടെ പോകുന്നതാ..?
ആ ...ആർക്കറിയാം എന്നു ചേടത്തി പറഞ്ഞു. എന്നിട്ട് ഗൂഢസ്മിതത്തോടെ ആങ്ങള വരുന്നതും നോക്കിയിരുന്നു.
അല്പം കഴിഞ്ഞ് വർഗ്ഗീസ് വന്നു. എന്നിട്ട് ആരും കാണാതെ പിന്നിലൊളിപ്പിച്ച ഒരു പൊതി എടുത്ത് അന്നാമ്മ ച്ചേടത്തിയുടെ കൈയിൽ കൊടുത്തു .
അന്നാമ്മ ചേടത്തി അതു മേടിച്ച് വേഗം തന്റെ ബാഗിൽ വച്ചു.
വർഗ്ഗീസ് ചേടത്തിയോട് പറഞ്ഞു, ഞാൻ, ജെസി ആവശ്യപ്പെട്ടിട്ടുപോലും ഒരിക്കലും മേടിക്കാത്ത ആളാണ്. അവൾ ഇത് കാണണ്ട ... ഇത്തരം കാര്യങ്ങളിൽ അവനവന് ആവശ്യമുള്ളത് അവനവൻ തന്നെ പോയി വാങ്ങണം അതാണ് എന്റെ ലൈൻ.
അതെങ്ങനെയാടാ... പെണ്ണുങ്ങള് ഇക്കാര്യത്തിന് പോകുന്നത്? നിങ്ങൾ ആണുങ്ങൾ അല്ലേ.. ഇതിനൊക്കെ പോകാ...
ഓ...പിന്നേ.. . ചേച്ചി ചുമ്മായിരി...ഇനി ജെസി അറിയണ്ട, എന്നു പറഞ്ഞിട്ട് വർഗ്ഗീസും പിന്നാലെ ചേടത്തിയും വണ്ടിയിൽ കയറി. വണ്ടി നിറുത്തിയ സമയത്ത് ഫ്രൂട്ട്സും, മറ്റും വാങ്ങാൻ പോയ ബാക്കിയുള്ളവർ അപ്പോഴേക്കും മടങ്ങിയെത്തി വണ്ടിയിൽ കയറി യാത്ര തുടർന്നു.
പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോഴേക്കും, അവരുടെ വണ്ടി അന്നാമ്മച്ചേടത്തിയുടെ വീട്ടിൽ എത്തി. ലോനപ്പൻ ചേട്ടൻ വീടിന്റെ മുറ്റത്ത് ചെടി നനയ്ക്കുന്നുണ്ടായിരുന്നു.
അന്നാമ്മ ച്ചേടത്തിയെ അവിടെ ഇറക്കിയിട്ട്, അളിയാ... പിന്നെ കാണാട്ടോ ... എന്നു പറഞ്ഞ് പരസ്പരം കൈ വീശി കാണിച്ചിട്ടു പോയി.
എങ്ങനെയുണ്ടായിരുന്നെടീ ബാംഗ്ലൂർ യാത്ര..?
ഒന്നും പറയണ്ട അച്ചായാ... നല്ല രസമുണ്ടായിരുന്നു. സൂസി ക്കൊച്ചിന്റെ വീട് അടിപൊളിയാണ് കേട്ടോ. ജെസിക്ക് കുശുമ്പുണ്ടോന്ന് ഒരു സംശയം എനിക്ക് തോന്നാതിരുന്നില്ല...
അതു നിന്റെ തോന്നാലായിരിക്കും....
വിശേഷങ്ങൾ പറഞ്ഞു കൊണ്ട് അവർ രണ്ടാളും വീടിനകത്തേക്ക് കയറി.
വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക്, ലോനപ്പൻചേട്ടൻ ചോദിച്ചു ..
നീയൊക്കെ അടിച്ചു പൊളിച്ചല്ലോ... എന്നെക്കുറിച്ച് നീ ഓർത്തോ ...?
പിന്നല്ലാതെ അച്ചായാ... ഞാൻ അച്ചായനെ മറക്കുമോ?... ഞാൻ അച്ചായന് എന്നതാ കൊണ്ടു വന്നിരിക്കുന്നത് എന്നു നോക്കിയേ... എന്നു പറഞ്ഞു കൊണ്ട് അന്നാമ്മച്ചേടത്തി വർഗ്ഗീസ് തന്ന പൊതി എടുത്ത് അച്ചായന് കൊടുത്തു.
കൊടുക്കുമ്പോൾ തന്നെ ചേടത്തിക്ക് സംശയം വന്നു, ഈ പൊതി എന്താണ്
പതുപതുത്തിരിക്കുന്നത്‌ എന്ന് ? ആ ... ചിലപ്പോൾ കുപ്പി പൊട്ടാതിരിക്കാൻ തുണി ചുറ്റിച്ചതായിരിക്കും എന്ന് ഓർത്തു സമാധാനിച്ചു.
ലോനപ്പൻ ടെക്സ്റ്റയിൽസിന്റെ പൊതി വാങ്ങി അതിനുള്ളിലുള്ള സാധനം പുറത്തേക്കെടുത്തപ്പോൾ , അച്ചായനോടൊപ്പം, ഞാനെന്താ അച്ചായന് കൊണ്ടു വന്നേന്നു നോക്കിക്കേ... എന്നു പറഞ്ഞു സന്തോഷിച്ചിരിക്കുന്ന അന്നമ്മാ ചേടത്തിയും ....ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.
അപ്പോഴാണ് അന്നാമ്മ ചേടത്തിയ്ക്കു മനസ്സിലായത്, താൻ ആംഗ്യ ഭാഷയിൽ വർഗ്ഗീസിനോട് പറഞ്ഞ ബ്രാ...ണ്ടി...യ്ക്കു പകരം .... വർഗ്ഗീസിനു പകുതിയേ തിരിഞ്ഞുള്ളൂ എന്ന് .
സുമി ആൽഫസ്
*****************

സമാധാനം

Image may contain: 1 person, smiling

************
ഒരിടത്ത് ഒരു മനുഷ്യൻ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിൽ എപ്പോഴും ഉത്കണ്ഠകളും, ആശങ്കകളും നിറച്ചിരുന്ന ജീവിതമായിരുന്നു അയാൾ നയിച്ചിരുന്നത്.
സ്വന്തം കുടുംബാഗങ്ങളും, സുഹൃത്തുക്കളും ,എപ്പോഴും ഉത്കണ്ഠ നിറഞ്ഞ മുഖഭാവത്തോടെ മാത്രമേ അയാളെ കണ്ടിരുന്നുള്ളൂ.
പല പ്രകാരത്തിലും അയാളെ ആ സ്വഭാവത്തിൽ നിന്നും മാറ്റിയെടുക്കാൻ അവർ ശ്രമിച്ചു. എങ്കിലും അയാളെ മാറ്റിയെടുക്കാൻ കഴിഞ്ഞില്ല ... എന്നു മാത്രമല്ല കാര്യങ്ങൾ കൂടുതൽ വഷളവാകുകയും ചെയ്തു.
അയാളുടെ ഈ അവസ്ഥ കണ്ട് അയാളുടെ സുഹൃത്ത് , അയാളോട് പ്രശസ്തമായ ഒരു ധ്യാനകേന്ദ്രത്തെ ക്കുറിച്ചും, അത് നടത്തുന്ന ഫാദറിനെക്കുറിച്ചും പറഞ്ഞു. ഒരു പക്ഷേ ആ ഫാദറിന് നിന്നെ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്താനാവും. നീ ഒന്നു പോയി നോക്ക് ... എന്നു പറഞ്ഞ് അയാളെ ഉപദേശിച്ചു.
ആ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം അവിടെ പോകാൻ തീരുമാനിച്ചു.
അതിനായി ഒരു ദിവസം അയാൾ അവിടെ പോയി. ധ്യാനകേന്ദ്രത്തി ലെത്തിയ അയാൾ ആ സുഹൃത്ത് പറഞ്ഞ പ്രകാരത്തിലുള്ള ഫാദറിനെ കാണാനിടയായി.
ആ ഫാദർ അയാളെ തന്റെ ഓഫീസ് മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെ ഒരു കസേര ചൂണ്ടിക്കാണിച്ചു കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
എന്നിട്ട് ഫാദർ തന്റെ സീറ്റിൽ ഇരുന്നതിനു ശേഷം , അയാളോട് എന്താണ് നിന്റെ പ്രശ്നം..? എന്നു ചോദിച്ചു.
അയാൾ ഫാദറിനോട് പറഞ്ഞു,
'' ഫാദർ എന്താണ് എന്നറിയില്ല, എന്നെ, ഇനി എന്ത്? എന്ന ചോദ്യം എപ്പോഴും അലട്ടുന്നു. എപ്പോഴും അതിനെക്കുറിച്ച് ഉത്കണ്ഠകളും, ആശങ്കകളും എന്നിൽ നിറയുന്നു. എനിക്ക് ഇതിൽ നിന്ന് മോചനം വേണം. ഫാദർ എന്നെ സഹായിക്കണം.''. അയാൾ മുന്നോട്ടാഞ്ഞ് ഫാദറിന്റെ കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
അപ്പോൾ ആ ഫാദർ പുഞ്ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു..,
'' നീ തന്നെയാണ് നിന്റെ പേടിയെ മുറുകി പിടിച്ചു വച്ചിരിക്കുന്നത്. പിന്നെ നിനക്ക് എങ്ങനെ മോചനം കിട്ടും?"
''ഫാദർ അങ്ങെന്താണ് പറയുന്നത്. ഞാൻ തന്നെയാണ് അത് പിടിച്ചു വച്ചിരിക്കുന്നത് എന്നോ? ഞാൻ അത് വിശ്വസിക്കില്ല''. അയാൾ വളരെ ക്ഷീണിതനായി പറഞ്ഞു.
''കുഞ്ഞേ.. നീ ആലോചിച്ചു നോക്കൂ... നിന്റെ ഭയം എന്തിൽ നിന്നാണ് നിന്നെ സംരക്ഷിക്കുന്നത് എന്ന്. അപ്പോൾ നിനക്ക് ഉത്തരം കിട്ടും. നീ സ്വയം സമ്മതിക്കുകയും ചെയ്യും . നിന്റെ വിഡ്ഢിത്തം നിനക്ക് മനസ്സിലാവും. എന്ന് ഇത് തിരിച്ചറിയുന്നുവോ അന്ന് നിന്റെ ജീവിതത്തിൽ സന്തോഷവും, സമാധാനവും നിറയും.''
സുമി ആൽഫസ്

ചിക്കൻഗുനിയാ മഹാത്മ്യം

Image may contain: 1 person, closeup
*************************
ഡോക്ടർ ബഞ്ചമിൻ തരകന് ആകെ ഒരു മൂഡൗട്ട്. കുറേ നാളുകളായി തുടങ്ങിയിട്ട്.
അദ്ദേഹത്തിന്റെ ഭാര്യ ആനി ബഞ്ചമിന്, ഭർത്താവിന്റെ മൂഡൗട്ടിന്റെ കാര്യം എന്താണെന്നുള്ളതിന് അറിയാം. ആ പേരും പറഞ്ഞ് ഭർത്താവിനെ ശല്യം ചെയ്യാനൊന്നും പോകാറില്ല.
ഡോക്ടർ ബഞ്ചമിൻ, സർക്കാരാശുപ ത്രിയിൽ ഫിസിഷ്യനായിരുന്നു. വിരമിക്കുന്നതിനു ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു , തന്റെ വീട് ഒന്നു പുതുക്കി പണിയണം എന്ന ഒരു ചിന്ത വന്നത്. അത് ഭാര്യയോടും പങ്കു വച്ചു.
പ്രശസ്തനായ ഒരു ആർക്കിടെക്ചറിനെ ക്കൊണ്ട് തന്റെ മനസ്സിലുള്ള ആശയങ്ങൾ വച്ച് , പ്ലാൻ വരച്ചുണ്ടാക്കിയപ്പോൾ, തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല , വീട് പണിയുമ്പോൾ വേണ്ടി വരുന്ന ചെലവ് എന്ന് അവർക്ക് മനസ്സിലായി.
അപ്പോൾ ഇനി എന്തു ചെയ്യും? വിഷമത്തോടെ ആനി ചോദിച്ചു.
അതാണ് ഞാനും ആലോചിക്കുന്നത്. ഇനി വിരലിലെണ്ണാവുന്ന മാസങ്ങളേയുള്ളൂ സർവ്വീസിൽ നിന്നും വിരമിക്കാൻ .... ഇത്രയും കാലം ജോലിയിൽ നിന്ന് സമ്പാദിച്ചതിൽ ഒരു തുക ഉപയോഗിച്ച് നമ്മുടെ രണ്ടുമക്കളുടെ കല്യാണം നടത്തിയില്ലേ ... പിന്നെ കുറച്ചു തുക ബാക്കിയുണ്ട്. അത് ഉപയോഗിച്ച് വീട് പണി ആരംഭിക്കാം . ബാക്കി തുക ലോണെടുക്കാം.
അതിന് എങ്ങനെ അടവു വരുത്തും?..
ആനി ചോദിച്ചു.
എന്റെ പൊന്നു ആനീ... റിട്ടയർ ചെയ്തു കഴിഞ്ഞാൽ പിന്നെ വീട്ടിലിരുന്ന് പ്രാക്ടീസ് നടത്താമല്ലോ. അതുവഴി വരുന്ന തുക മാസത്തവണകളായി അടയ്ക്കാമല്ലോ..?
ഓ...! അതു ശരിയാ... ആനി പറഞ്ഞു.
പിന്നെയുള്ള നടപടികൾ വേഗത്തിലായി. ബാങ്കിൽ നിന്ന് ലോണെടുത്ത് വീടിന്റെ നിർമ്മാണം ആരംഭിച്ചു. മൊത്തം പൊളിച്ചു കളയാതെ ചില ഭാഗങ്ങൾ നിലനിർത്തിക്കൊണ്ടായിരുന്നു നിർമ്മാണം. ആയതിനാൽ അവർക്ക് അവിടെത്തന്നെ താമസിക്കാൻ സാധിച്ചു .
അങ്ങനെ കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും, വീടിന്റെ പണി പകുതി ആയി . അധികം വൈകാതെ തന്നെ ഡോക്ടർ ബഞ്ചമിൻ തരകൻ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തു.
നേരത്തെ തീരുമാനിച്ചുറപ്പിച്ചതു പോലെ, വീടിന്റെ ഒരു ഭാഗത്ത് ക്ലിനിക് ആരംഭിച്ചു. പക്ഷേ ഉദ്ദേശിച്ച വരുമാനം കിട്ടിയില്ല . രോഗികൾ ഡോക്ടറുടെ ക്ലിനിക്കിലേക്ക് വരുന്നത് കുറവായിരുന്നു. സ്വപ്ന വീടിന്റെ പണി മന്ദഗതിയിലായി.
അങ്ങനെ ആകെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഒരു രോഗം പകർച്ച വ്യാധിപോലെ അക്കാലത്ത് പടർന്നത്. പനി, ശരീരവേദന പ്രത്യേകിച്ചും കാലുകളിലെ സന്ധിവേദന എന്നിവയായിരുന്നു ലക്ഷണങ്ങൾ. ഇത് അനുഭവിച്ച ആളുകൾ സന്ധിവേദന മൂലം ഞൊണ്ടി നടക്കുന്നത്, കാണുമ്പോൾ കാലിൽ കല്ലേറുകൊണ്ട കോഴി ഞൊണ്ടി നടക്കുന്നതുമായി സാമ്യം കണ്ടിട്ടാണോ എന്തോ ആ അസുഖത്തിന് പിന്നീട് 'ചിക്കൻ ഗുനിയ ' എന്ന പേര് ചാർത്തി കിട്ടി.
എന്നതായാലും ആ അസുഖത്തിന് മരുന്ന് കണ്ടു പിടിച്ചതോടു കൂടി ഡോക്ടർ ബഞ്ചമിൻ ആ മരുന്നിന്റെ സ്റ്റോക്ക് വീട്ടിൽ സൂക്ഷിച്ചു.
പനിയും, സന്ധിവേദനയുമായി രോഗികൾ ഡോക്ടറുടെ അടുത്തേക്ക് വരാൻ തുടങ്ങി. ഓരോ കുത്തിവെയ്പ്പിനും, നൂറു രൂപാ നിരക്കിൽ ഓരോ രോഗികളിൽ നിന്നും വാങ്ങാൻ തുടങ്ങി.
ഫീസ് വാങ്ങുന്നതും, പരിശോധനയും, കുത്തിവെയ്പ്പും എല്ലാം ഡോക്ടർ തന്നെയായിരുന്നു ചെയ്തിരുന്നത്.
ആദ്യമായി, ഡോക്ടർ ജോലിയുടെ സമ്മർദ്ദം എന്താണെന്ന് അറിയാൻ തുടങ്ങി.
ക്ലിനിക്കിൽ തിരക്കേറിയതോടു കൂടി , കാശ് കൈകാര്യം ചെയ്യാൻ ഒരാളെ അസിസ്റ്റൻഡായി വെയ്ക്കേണ്ടി വരും എന്ന അവസ്ഥ വന്നു. അതിന് ഡോക്ടറെ സംബന്ധിച്ചിടത്തോളം വിഷമകരവുമായിരുന്നു.
വേറെ ഒരാളെ വച്ചാൽ അയാൾക്കുള്ള ശമ്പളയിനത്തിൽ അത്രയും രൂപ നഷ്ടപ്പെടുമല്ലോ എന്നോർത്തായിരുന്നു ആ വിഷമം.
അന്നേരം ഭാര്യ ആനി പറഞ്ഞു, ഞാൻ തന്നെ നില്ക്കാം എന്നു .
അതിന് നിനക്ക് നേരാവണ്ണം കണക്കു കൂട്ടാൻ അറിയുമോ?
ഒന്നു പോ മനുഷ്യാ.. എനിക്കു അറിയാം.
എനിക്ക് വിശ്വാസമില്ല... ഡോക്ടർ പറഞ്ഞു.
എന്നെ വിശ്വാസമില്ലേ...? പിന്നെ എന്തു വിശ്വസിച്ചാ എന്നെ കെട്ടിയെ? ആനി ചൂടായി.
നിന്റെ അപ്പൻ നല്ല സ്ത്രീധനം തരും എന്നുള്ള ഓഫർ കണ്ടിട്ടാ ടീ കെട്ടിയെ..
ഓഹോ... അങ്ങനെയാണോ?
പിന്നല്ലാതെ ... പറഞ്ഞിട്ടെന്താ കാര്യം. കിട്ടിയ സ്ത്രീധനം മുഴുവൻ നിന്നെയും, പിള്ളേരേയും പരിപാലിച്ച്, പരിപാലിച്ച് വേഗം തീർന്നില്ലേ.
ഇനി ഇതൊക്കെ പറഞ്ഞ് എന്നോട് എന്തിന് തർക്കിക്കുന്നു. കാല്ക്കുലേറ്റർ ഉപയോഗിക്കാൻ എനിക്ക് അറിയാം. ആ ഒരു യോഗ്യത പോരേ കാഷ്യാറായിട്ട് എന്നെ നിയമിക്കാൻ . വേണോങ്കീ .... മതി. പൈസ പുറത്തോട്ട് പോകാതിരിക്കണമെങ്കിൽ .
ഡോക്ടർ ഒന്നാലോചിച്ചു. ഒരു കണക്കിൽ ആനി പറയുന്നത് ശരിയാണ്. എന്തായാലും അവളെ വയ്ക്കാം. തന്റെ ഒരു കണ്ണ് എപ്പോഴും ആ വശത്ത് ഉണ്ടായാൽ മതീലോ...
അങ്ങനെ ഡോക്ടർ തന്റെ ഭാര്യയെ കാഷ്യറായിട്ടു വച്ചു.
പിന്നെ ഡോക്ടർക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു. മനസ്സിൽ കണ്ടിരുന്ന പ്ലാൻ അനുസരിച്ച് വീടിന്റെ നിർമ്മാണം വളരെ വേഗത്തിലായി.
വീടിന്റെ നിർമ്മാണം കഴിഞ്ഞപ്പോഴേ ക്കും ,
' ചിക്കൻ ഗുനിയ ' നിയന്ത്രണ വിധേയമായിരുന്നു.
വീടിന് എന്തു പേരിടണം എന്നതായിരുന്നു ഡോക്ടറുടെയും, ഭാര്യയുടേയും പിന്നത്തെ ചിന്ത. ഒടുവിൽ അവർ തീരുമാനത്തിലെത്തി. സുവർണ പശ്ചാത്തലത്തിൽ കറുത്ത ലിപികളാൽ പേര് കുറിച്ച് വീടിന്റെ ഗേറ്റിന്റെ മതിലിൽ കുറിച്ചു വച്ചു.
ഡോക്ടറെ കാണാൻ വന്ന രോഗികൾ ഗേറ്റിന്റെ മുന്നിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ വായിച്ചു, " ചിക് ഗുനിയാ വില്ല'' എന്ന്.
സുമി ആൽഫസ്

ഭ്രാന്തൻ



**********
അയാൾ ഒരു ഭ്രാന്തൻ ആയിരുന്നു. അങ്ങനെയാണ് വീണയ്ക്കു തോന്നിയത്. നരച്ച താടിയും, പാറിപ്പറന്ന മുടിയുമുള്ള, മുഷിഞ്ഞ പാൻറ്റും, ഷർട്ടും ധരിച്ച ഒരു ഭ്രാന്തൻ.
ജോലിക്കു പോകുന്നതിനായി ബസിൽ യാത്ര ചെയ്യുമ്പോഴെല്ലാം , അയാൾ റോഡരികിൽ നിന്ന്, ട്രാഫിക് വാർഡനെപ്പോലെ ,വാഹനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാണാം. പക്ഷെ ആരും അയാളെ ഗൗനിക്കാറില്ല . അന്നേരം, അത്യധികം കോപത്തോടെ അയാൾ, എന്തൊക്കെയോ പിറുപിറുക്കും.
പിന്നീടുള്ള ദിവസങ്ങളിൽ , പതിവായി അയാളെ കാണുന്ന സ്ഥലത്തു ബസ് നിർത്തുമ്പോൾ, അവൾ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. ഇങ്ങനെ പതിവായുള്ള നിരീക്ഷണത്തിന്റെ ഫലമായി, ഒരു കാര്യം വ്യക്തമായി, താൻ വായിച്ചും , കേട്ടിട്ടും ഉള്ള കഥകളിലെ ഭ്രാന്തൻ കഥാപാത്രങ്ങളെ പോലെ അല്ല ഈ ഭ്രാന്തൻ. എന്തൊക്കെയോ ഒരു ദുരൂഹത അയാളിൽ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്നു വീണയ്ക്കു തോന്നി. അത് കണ്ടുപിടിക്കണം എന്ന ഉൽക്കടമായ ആഗ്രഹം മനസ്സിൽ പൊന്തി വന്നു.
പക്ഷെ എങ്ങനെ….? ജീവിക്കാൻ വേണ്ടിയുള്ള ഈ ഓട്ടപ്പാച്ചിലിൽ ഭർത്താവിന്റെയും , കുട്ടികളുടെയും കാര്യങ്ങൾ തിരക്കുന്നതിനിടയിൽ തന്റെ കാര്യം തന്നെ ശ്രദ്ധിക്കാൻ പോലും നേരം കിട്ടുന്നില്ല. പക്ഷെ അവളുടെ മനസ്സിൽ , വ്യത്യസ്തനായ ഈ ഭ്രാന്തനെക്കുറിച്ചു അറിയാനുള്ള മോഹങ്ങൾ തിരയടിക്കുന്നുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് , താൻ ജോലി ചെയ്യുന്ന കമ്പനി , ആ കമ്പനിയുടെ ചില ഉൽപ്പന്നങ്ങളെ , സൂപ്പർമാർക്കറ്റുകൾ പോലെയുള്ള വിവിധ സ്ഥാപനങ്ങളിൽ പോയി പരിചയപ്പെടുത്തി , പ്രസ്തുത സ്ഥാപനങ്ങളിൽനിന്നും ഓർഡറുകൾ മേടിച്ചെടുക്കാനുള്ള ഡ്യൂട്ടി വീണയ്ക്കു കിട്ടിയത്.
പരിശീലനത്തിന്റെ ഭാഗമായി കമ്പനി ഇങ്ങനെ ഇടയ്ക്കു ഇടയ്ക്കു ഇങ്ങനെയൊരു ചുമതല തങ്ങളുടെ ജീവനക്കാർക്ക് നൽകാറുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കു കമ്പനി സ്ഥാന കയറ്റവും, ഇൻസെന്റീവും നൽകും.
തന്നെ അത്തരമൊരു ഡ്യൂട്ടിക്ക് വെച്ചപ്പോൾ, എവിടെയാണ് ഡ്യൂട്ടി എന്ന് അന്വേഷിച്ച വീണ , താൻ പതിവായി കാണാറുള്ള ഭ്രാന്തൻ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭാഗത്താണെന്നു അറിഞ്ഞപ്പോൾ, അവൾക്കു വളരെയധികം സന്തോഷം തോന്നി.
പിറ്റേന്ന്, രാവിലെ തന്നെ വീട്ടിലെ ജോലികളെല്ലാം ഒതുക്കി , ആദ്യം തന്നെ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞുവിട്ടു, ഭർത്താവിനു ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി , കൊണ്ടുപോകാനുള്ള പൊതിച്ചോറ് തയ്യാറാക്കി വച്ച് , തനിക്കും കഴിക്കാനുള്ളത് പൊതിഞ്ഞെടുത്തു , എന്നിട്ടവൾ ഭർത്താവിനോട് പറഞ്ഞു, ഏട്ടാ… , ജോലിക്കു പോകുമ്പോൾ ,അടുക്കള ഭാഗത്തെ വാതിൽ പൂട്ടാൻ മറക്കല്ലേ..... ഞാൻ ഇറങ്ങുവാ...എന്ന് പറഞ്ഞു, വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ എടുത്തു ബാഗിൽ വച്ച് , വേഗം ബസ് സ്റ്റോപ്പിൽ ചെന്നു.
അൽപനേരം കാത്ത് നിന്നപ്പോഴേക്കും , അവൾക്കു പോകാനുള്ള ബസ് വന്നു. ബസിൽ കയറി, സീറ്റ് കണ്ടുപിടിച്ചു ഇരുന്നപ്പോഴേക്കും, ടിക്കറ്റ് എന്ന് പറഞ്ഞു വന്ന കണ്ടക്ടർക്ക് , ഇറങ്ങേണ്ട സ്റ്റോപ്പ് പറഞ്ഞു , ചില്ലറ കൊടുത്തു ടിക്കറ്റു വാങ്ങി , വീണ ചിന്തകളിൽ മുഴുകി.
അവിടെ എത്തുമ്പോൾ , ആദ്യം എവിടുന്ന് തുടങ്ങണം എന്നായിരുന്നു അവളുടെ ചിന്ത. ഓർഡർ ആദ്യം പിടിക്കാൻ പോകണോ അതോ ആ ഭ്രാന്തന്റെ വിവരങ്ങൾ അന്വേഷിക്കണോ എന്നതായിരുന്നു ചിന്താവിഷയം.
അവസാനം അവൾ തീരുമാനിച്ചു,, ആദ്യം ഓർഡർ പിടിക്കുക. തന്റെ ജീവിതത്തിന്റെ പ്രശ്നമാണല്ലോ. അതിനിടയിൽ , ഒത്താൽ ഭ്രാന്തന്റെ വിവരങ്ങളും തിരക്കുക. അവൾക്കു ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയപ്പോഴേക്കും, ആളിറങ്ങാനുണ്ട് എന്ന് പറഞ്ഞു , വീണ തിരക്കിനിടയിലൂടെ നൂഴ്ന്നു ഇറങ്ങി.
ഒന്ന് രണ്ടു സൂപ്പർമാർക്കറ്റിൽ കയറി, അവിടത്തെ മാനേജ്മെന്റിനോട് , തന്റെ കമ്പനിയുടെ ഉത്പന്നങ്ങളെക്കുറിച്ചു വാ തോരാതെ സംസാരിച്ചു പരിചയപ്പെടുത്തിയപ്പോഴേക്കും , തരക്കേടില്ലാത്ത ഓർഡറുകൾ അവൾക്കു നേടാനായി. അങ്ങനെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായ അവൾ അടുത്ത സ്ഥാപനത്തിലേക്കു ഓർഡറുകൾ പിടിക്കുന്നതിനായി കയറുമ്പോഴാണ്, ആ ഭ്രാന്തനെ കാണുന്നത്.
ആ സ്ഥാപനത്തിന്റെ മൂലയിൽ ചമ്രം പടിഞ്ഞിരുന്നു , അയാളുടേതായ മനോരാജ്യത്തിൽ മുഴുകിയിരിക്കുകയാണ്.
അയാളുടെ അടുത്തേക്ക് പോകണം എന്ന് ഒരുവേള വീണ ആഗ്രഹിച്ചെങ്കിലും, അവളുടെ നിൽപ്പ് കണ്ട ഒരാൾ , അവളോട് പറഞ്ഞു, മോളെ അങ്ങോട്ട് നോക്കിയിരിക്കുന്നത് എന്തിനാണ്..? അയാൾ ഭ്രാന്തനാണ് കേട്ടോ. എപ്പോഴാ ഉപദ്രവിക്കുക എന്ന് പറയാൻ പറ്റില്ല, എന്നും പറഞ്ഞേച്ചു പോയി.
കുറച്ചുനേരം നോക്കി നിന്ന അവൾ, ആ സ്ഥാപനത്തിന്റെ ഉള്ളിലേക്ക് കയറിപ്പോയി. അവിടത്തെ മാനേജരോട് താൻ വന്നതിന്റെ കാര്യങ്ങൾ വിശദീകരിക്കുമ്പോഴും , തരക്കേടില്ലാത്ത ഓർഡറുകൾ അവിടെനിന്നും ഒപ്പിച്ചപ്പോഴും അവളുടെ ചിന്തകൾ മുഴുവനും ആ ഭ്രാന്തനെ ക്കുറിച്ചുള്ളതായിരുന്നു.
അവൾ വേഗം അവിടെനിന്നും ഇറങ്ങി വന്നപ്പോൾ, അയാൾ അവിടെത്തന്നെ ഉണ്ടായിരുന്നു. തന്റെ കൈവശമുള്ള കുപ്പിയിലെ വെള്ളം അടപ്പു തുറന്നു, എടുത്തു കുടിക്കുകയായിരുന്നു അയാൾ.
അയാളുടെ പ്രവർത്തികൾ അൽപനേരം കണ്ടുനിന്ന വീണയ്ക്കു ഒരു കാര്യം മനസ്സിലായി , തനിക്കു തോന്നിയപോലെയോ, ആളുകൾ അയാളെ കുറിച്ച് പറയുന്നത്പോലെയോ ഒരു ’ ഭ്രാന്തൻ ‘ അല്ല എന്നുള്ളത്. വീണ അയാളുടെ അടുത്തേക്ക് ചെന്നു , എന്നിട്ടു ചോദിച്ചു,
വിശക്കുന്നുണ്ടോ ..?
അയാൾ മറുപടിയൊന്നും പറയാതെ വീണയെ നോക്കി.
അപ്പോൾ വീണ ചോദ്യം വീണ്ടും ആവർത്തിച്ചു, വിശക്കുന്നുണ്ടോ ..?
ദയാപൂർണത്തോടെയുള്ള വീണയുടെ ചോദ്യം കേട്ടപ്പോൾ, അയാളുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ വീണ വല്ലാതായി.
എന്തിനാണ് വിഷമിക്കുന്നത്? എന്റെ കൈയ്യിൽ പൊതിച്ചോറുണ്ട്. വിശക്കുന്നുണ്ടെങ്കിൽ ഞാൻ അത് തരാം, എന്ന് പറഞ്ഞുകൊണ്ടവൾ , തന്റെ ബാഗിന്റെ സിബ് ഊരി , ഭദ്രമായി വച്ചിരിക്കുന്ന പൊതി എടുത്തു , അയാളുടെ നേരെ നീട്ടി.
മോൾക്ക് വിശക്കുന്നില്ലേ. മോള് വല്ലതും കഴിച്ചോ എന്ന അയാളുടെ ചോദ്യം കേട്ട് വീണ ഞെട്ടി. താൻ വിചാരിച്ച പോലെ അല്ല. അതൊരു ഭ്രാന്തന്റെ ചോദ്യവുമല്ല. സ്വബോധത്തോടെയുള്ള ചോദ്യം.
ഉടനെ അവൾ മറുപടി പറഞ്ഞു , “എനിക്ക് വിശപ്പില്ല. അച്ഛൻ ഇത് കഴിച്ചോളൂ”... അവളുടെ വായിൽനിന്ന് പെട്ടെന്ന് തന്നെ ‘അച്ഛൻ ‘എന്ന വാക്ക് വിളിച്ചുപോയതാണ് , അവൾ പോലും അറിയാതെ.
അച്ഛൻ എന്ന വിളി കേട്ട് അയാളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
തനിക്കു നേരെ നീട്ടിയ പൊതി വാങ്ങി , വളരെ സൂക്ഷ്മമായി അഴിച്ചു , അതിലെ ചോറും,കറികളും കൂട്ടി അയാൾ ഉണ്ണുന്നത് , നിർന്നിമേഷയായി അവൾ നോക്കി നിന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ, കുപ്പിയിൽ നിന്നും വെള്ളം എടുത്തു കൈ കഴുകി ,അല്പം വെള്ളം കുടിച്ചതിനുശേഷം, അയാൾ , വീണയെ നോക്കി നന്ദി സൂചകമായി ഒന്ന് മന്ദഹസിച്ചു.
അതുകണ്ടപ്പോൾ ഒരു ധൈര്യം വന്ന വീണ , അയാളോട് വിവരങ്ങൾ ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു.
ഞാൻ നിങ്ങളെ അച്ഛാ എന്നു തന്നെ വിളിക്കട്ടെ എന്ന് വീണ ചോദിച്ചപ്പോൾ അയാൾ ഒന്നും മിണ്ടിയില്ല.
പകരം സമ്മതഭാവത്തിൽ തലകുലുക്കി.
എന്താ പേര്? എവിടെയാണ് നാട്..? അതോ ഇത് തന്നെയാണോ നാട്..? വീട്ടിൽ ആരൊക്കെയുണ്ട്..? എന്ന് ഒറ്റ ശ്വാസത്തിലവൾ ചോദിച്ചു.
അൽപ്പനേരം മിണ്ടാതെയിരുന്ന ആൾ , പിന്നെ പറയാൻ തുടങ്ങി, എന്റെ പേര് ചാൾസ് എന്നാണ്. എന്റെ നാട് കുറച്ചു ദൂരെയാണ്. എന്നെ സംബന്ധിച്ച് വീട് എന്ന് പറയുന്നത്, ഞാൻ എവിടെ ആയിരിക്കുന്നുവോ ,അവിടം ആണ് എന്റെ വീട്.
അതെന്താ .. വീണ ജിജ്ഞാസയോടെ ചോദിച്ചു.
എനിക്ക് എന്തിനാണ് വീട്..? ദുഖത്തോടെ അയാൾ തുടർന്നു, അതെ.! എനിക്ക് ഒരു കാലത്തു വീടുണ്ടായിരുന്നു. ആ വീട്ടിൽ സ്നേഹനിധിയായ ഭാര്യയും, പ്രിൻസ് എന്ന ഒരു മോനും ഉണ്ടായിരുന്നു. വളരെ സന്തോഷകരമായ ഒരു ജീവിതം ആയിരുന്നു എന്റേത്. പക്ഷെ അധികം നാൾ സന്തോഷിക്കാൻ ദൈവം എനിക്ക് ഇട തന്നില്ല.
എന്നിട്ടു അവരൊക്കെ എന്തിയെ..?
അവരെല്ലാം ഈ ലോകത്തു ജീവിച്ചിരിപ്പില്ല മോളെ. ആകാശത്തേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് , അയാൾ പറഞ്ഞു അവരെല്ലാം പരലോകത്താണ് . അവർ എന്നെ ഒറ്റക്കാക്കി പോയി.
അതുകേട്ടു വീണ വല്ലാതായി. അവൾ ചോദിച്ചു, എന്താ സംഭവിച്ചേ..?
കോളേജിൽ പഠിക്കുന്ന കാലത്തു , പ്രിൻസിനെ , അവന്റെ നിർബന്ധത്തിനു വഴങ്ങി ബൈക്ക് വാങ്ങിക്കൊടുത്തു. ഇപ്പോഴത്തെ മോഡൽ ബൈക്ക് പോലെ അല്ല. ഒരു സാധാരണ ബൈക്ക് ആണ്. അവൻ വളരെ സൂക്ഷിച്ചേ ഓടിക്കുമായിരുന്നുള്ളൂ. പക്ഷെ എത്ര ശ്രദ്ധിച്ചാലും , വിധി അതിന്റെ തനിസ്വരൂപം പുറത്തെടുക്കുവാൻ അധികകാലതാമസം ഉണ്ടാവില്ല.
മോള് ..ആ കവല കണ്ടോ..? അവിടെ വച്ചാണ്, ഒരു ബസ് എന്റെ മോന്റെ ബൈക്കിനു പുറകിൽ വന്നിടിച്ചതു. തെറിച്ചു വീണ അവൻ റോഡിൽ തലയിടിച്ചു ചോര ഒഴുകിവാർന്നാണ് മരിച്ചത്. അന്നേരം അപകടം കണ്ടു ഓടിക്കൂടിയവർ വന്നു എന്റെ മോനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ , എനിക്ക് ഇപ്പോഴും എന്റെ വീടും ഭാര്യയും,മകനും കാണുമായിരുന്നു.
അവന്റെ മരണവിവരം അറിഞ്ഞ അവന്റെ 'അമ്മ രക്തസമ്മര്ദം മൂർച്ഛിച്ചു, സ്ട്രോക്ക് വന്നു അധികം വൈകാതെ തന്നെ മരിച്ചു. എല്ലാവരും ഉണ്ടായിരുന്ന ആ വീട്ടിൽ , ഒടുവിൽ ഞാൻ മാത്രം അവശേഷിച്ചു. ഇനി എനിക്കെന്തിന് വീട് ..? എന്റേതായ ഒന്ന് രണ്ടു ജോഡി വസ്ത്രം മാത്രമെടുത്തു , ആ വീടും, അതിലെ സാധനങ്ങൾ എല്ലാം ഉൾപ്പടെ ഒരു അനാഥാലയത്തിനു എഴുതിക്കൊടുത്തു , ഞാൻ ഇങ്ങു പോന്നു. എന്റെ ഗതി ഒരു പിതാവിനും ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണ് , ആ കാണുന്ന കവലയിൽ ഗതാഗതം നിയന്ത്രിക്കാൻ നോക്കുന്നത്. അതിനു സ്ഥിരമായ ഒരു സംവിധാനം വരുന്നത് വരെയോ, എന്റെ അവസാനശ്വാസം വരെയോ ഞാൻ ഇവിടെത്തന്നെ ഉണ്ടാകും.
അയാൾ ഇത് പറഞ്ഞു തീരുമ്പോഴേക്കും അവിടെ ഇരുൾ പരക്കാൻ തുടങ്ങിയിരുന്നു. അതുകണ്ട അയാൾ , വീണയോട് ഇനി അധിക സമയം നിൽക്കണ്ട ,വേഗം പോകാൻ നോക്കിക്കോളൂ. ഞാൻ എന്റെ പണി തുടങ്ങട്ടെ, എന്നും പറഞ്ഞു അയാൾ കവലയിൽ പോയി ഗതാഗതം നിയന്ത്രിക്കാൻ തുടങ്ങി , പതിവുപോലെ ആരും അയാളെ ഗൗനിക്കുന്നില്ലെങ്കിൽ പോലും.
സുമി ആൽഫസ്
****************

സങ്കല്പം

Image may contain: 1 person, closeup

*******
ഷെറിൻ ... ഒന്നു വേഗം വാ.. ക്ലാസ് തുടങ്ങാറായി, ജീന അവരുടെ ക്ലാസിലേക്ക് പോകാൻ തിടുക്കപ്പെട്ടു.
ക്ലാസിലെ രണ്ടു പീരീഡ് കഴിഞ്ഞപ്പോൾ കിട്ടിയ ഇന്റർവെൽ സമയത്ത് , മലയാളം ടെക്സ്റ്റ് ബുക്ക് അടുത്ത ക്ലാസ്സിൽ പഠിക്കുന്ന താരയുടെ കൈയ്യിൽ നിന്ന് വാങ്ങുവാൻ പോയതാണ്, രണ്ടു പേരും.
ഇനി അടുത്ത പിരീഡ് മലയാളം ആണ്. ബുക്ക് കൊണ്ടു വന്നില്ലെങ്കിൽ ക്ലാസ്സിനു പുറത്തു നിൽക്കേണ്ടി വരും. ക്ലാസ് മുകൾനിലയിലായതുകൊണ്ട്,
പുറത്തു നിൽക്കുകയാണെങ്കിൽ, കിഴക്കോട്ട് നോക്കിയാൽ കുറച്ചു ദൂരെ ബസ് സ്റ്റാൻഡ് കാണാം. തെക്കോട്ട് നോക്കുകയാണെങ്കിൽ പ്രിൻസിപ്പാളിന്റെ ഓഫീസ് കാണാം.
അങ്ങോട്ട് കാണാം എന്നതുപോലെ ഓഫീസിലിരിക്കുന്ന പ്രിൻസിപ്പാളിനും ഇങ്ങോട്ട് കാണാം. പ്രിൻസിപ്പാൽ നോക്കുന്ന കാഴ്ച എത്രമാത്രം ദയനീയമായ അവസ്ഥയോടെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.
അതു കൊണ്ട് അങ്ങോട്ടു നോക്കാതെ, ബസ് സ്റ്റാൻഡിലേക്ക് നോക്കി നിന്നാൽ , ഒരു മണിക്കൂർ ക്കൊണ്ട് എത്ര ബസുകൾ സ്റ്റാൻഡിൽ വന്നു , എത്ര ബസുകൾ പുറത്തു പോയി എന്നു ബോറടിക്കാതെ ചുമ്മാ എണ്ണിക്കൊണ്ടു നിൽക്കാം. എന്നാലും .... നിൽക്കണ്ടേ..... അതോർത്തു കൊണ്ടു മാത്രമാണ് അടുത്ത ക്ലാസിലെ കൂട്ടുകാരികളുടെ കൈയ്യിൽ നിന്നും ബുക്ക് വാങ്ങേണ്ടി വരുന്നത്.
എന്തു ചെയ്യാം? മറവി കൊണ്ടുവരുന്ന നിർഭാഗ്യമേ..
അങ്ങനെ ബുക്ക് ഒപ്പിച്ചു ക്ലാസിൽ വന്നിരിക്കുമ്പോൾ മലയാളം സാറായ മദൻലാൽ സാർ ഉരുണ്ടു.. ഉരുണ്ട് വന്നു.
എല്ലാവരും എണീറ്റ് നിന്ന് കോറസ്സായി ഗുഡ് ആഫ്റ്റർ നൂൺ സാർ ർ ർ ർ ........ ർ... എന്നു തൊള്ള തുറന്നു ആശംസിച്ചപ്പോൾ, ഒരു നിമിഷം ഹിരോഷിമാ നാഗസാക്കിയിലെ ആറ്റംബോംബ് വീണ പോലെ ഇവിടെയെങ്ങാനും വീണോ എന്നു തെറ്റിദ്ധരിച്ച സാർ , ചുറ്റിലും നോക്കി "ഏയ് ഇവിടെ ഒന്നും സംഭവിച്ചില്ല" എന്നു ആശ്വാസം കൊണ്ട്, തിരിച്ച് ഗുഡ് ആഫ്റ്റർ നൂൺ എന്നു ആശംസിച്ചു .
സാറിനെ പറഞ്ഞിട്ട് കാര്യമില്ല, ഒരു ക്ലാസ്സിൽ 130 കുട്ടികൾ എന്നാണ് കണക്ക്. എല്ലാവരുടേയും കൂടിയുള്ള ശബ്ദം കേട്ടാൽ ക്ലാസ് റൂമു പോലും കുലുങ്ങും, അത്രയ്ക്കുണ്ട്.
മദൻലാൽ സാറിനെ കാണുകയാണെങ്കിൽ, സാമാന്യം നല്ല തടിയുള്ള ആളാണ്. കുടവയറും കുലുക്കി കുലുക്കി യുള്ള ഒരു വരവുണ്ട്. അത് ഒന്നൊന്നര വരവാണ്. തല അങ്ങോട്ടും ഇങ്ങോട്ടും ആടിയുള്ള വരവ് കണ്ടാൽ സാക്ഷാൽ ആനയുടെ കസിനാണെന്ന് തോന്നും.
എങ്കിൽപ്പോലും മദൻലാൽ സാറ് രസകരമായിട്ടാണ് ക്ലാസ് എടുക്കുക.
സാറ് പഠിപ്പിക്കുന്ന ബുക്ക് കൈയിൽ ഇല്ലങ്കിലേ സാറിന് ദേഷ്യം വരുകയുള്ളു.
അന്നേരം സാർ നമ്മുടെ ബന്ധുക്കളെയെല്ലാവരേയും അനുസ്മരിക്കും.
സ്വർഗ്ഗത്തിലിരിക്കുന്നവരേപ്പോലും സാർ അനുസ്മരിക്കുന്നതു കൊണ്ടാണ്, വേറെ വിഷയങ്ങളുടെ ബുക്കുകൾ എടുക്കാൻ മറന്നാലും, മലയാളം ബുക്ക് എടുക്കാൻ ആരും മറക്കാത്തത്.
അങ്ങനെ ക്ലാസിൽ ഒരു പാo ഭാഗം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ 'മരണം ' എന്ന വാക്ക് കടന്നു വന്നു.
അന്നേരം സാർ കയ്യിലിരുന്ന പുസ്തകം മേശപ്പുറത്തു വച്ചു കൊണ്ടുപറഞ്ഞു, പ്രമുഖർമാരുടെ മരണത്തിന് പല പേരുകളുണ്ട്...?
അതെന്തു പേർ? എല്ലാവരും സാറിനെ നോക്കി.
നിങ്ങൾ പത്രത്തിലൊക്കെ വായിക്കാറുള്ളതല്ലേ, മരണം എന്ന വാക്കിന് പല വിധപ്പേരുകൾ ...?
ആരും ഒന്നും മിണ്ടിയില്ല.
സാർ തുടർന്നു, രാഷ്ട്രീയക്കാരാണെങ്കിൽ അന്തരിച്ചു എന്നും, ക്രിസ്ത്യൻ പള്ളികളിലെ തിരുമേനിമാരാണെങ്കിൽ കാലം ചെയ്തു എന്നും, പണ്ടു കാലത്തെ നാടുവാഴിമാർ / തമ്പുരാക്കന്മാർ നാടുനീങ്ങി എന്നും , പത്രങ്ങളിൽ സാധാരണക്കാരുടെ മരണത്തെ നിര്യാതരായി എന്നുമാണല്ലോ വിശേഷിപ്പിക്കുന്നത്.
ആ..... ശരിയാ... സാർ. കുട്ടികളുടെ ശബ്ദം ക്ലാസ് മുറിയിൽ പ്രകമ്പനം കൊണ്ടു.
എങ്കിൽ ഞാൻ മരിച്ചു പോയാൽ നിങ്ങൾ എന്താണ് വിശേഷിപ്പിക്കുക?
സാറെന്താ അങ്ങനെ പറയുന്നത്? അത് കുറച്ചു കടുപ്പമല്ലേ?
നിങ്ങൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണോ ... ? എന്നാൽ നിങ്ങൾ അനുയോജ്യമായ പേര് പറ, എന്റെ മരണത്തെ നിങ്ങൾ എന്തു വിശേഷിപ്പിക്കും?
സാർ മരിച്ചു പോയി എന്നു പറഞ്ഞാൽ പോരെ. ക്ലാസിലെ ധൈര്യവതിയായ രമ്യ ചോദിച്ചു.
അത്രയേയുള്ളു.. അത്രയേ പറയുള്ളു.
ഇതാണോ നിങ്ങളുടെ സ്നേഹം? ഉള്ളിൽ
തട്ടി പറയാൻ നിങ്ങൾക്ക് വേറെ വാക്കുകൾ ഇല്ലേ? മദൻലാൽ സാർ , വികാരധീനനായി, അതിലേറെ സ്വരം ഇടറിക്കൊണ്ട് ചോദിച്ചു.
അന്നേരം ഷെറിൻ പറഞ്ഞു, സാർ വിഷമിക്കരുത്, സാർ മരിച്ചാൽ , അതിനെ വിശേഷിപ്പിക്കാനുള്ള ഒരു വാക്ക് ഉണ്ട്.
എന്നാൽ പറയൂ ഷെറിൻ... എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം.. ഷെറിൻ എന്താ പറയുന്നത് എന്ന്.
ആകാംക്ഷയോടെ എല്ലാവരും ഷെറിനെ ഉറ്റുനോക്കി.
അത്.... അത്.... "സാർ ചെരിഞ്ഞു "
സുമി ആൽഫസ്

താടി

Image may contain: 1 person, closeup

*****
'ചേട്ടാ.... എണീറ്റേ ചേട്ടാ.... നേരം വെളുത്തിട്ട് എത്ര നേരമായി എന്നറിയ്യോ....'
രമണി കെട്ടിയോൻ കുഞ്ഞാപ്പുവിനെ വിളിച്ചെഴുന്നേല്പിക്കാൻ നോക്കി.
യാതൊന്നും കേൾക്കാത്ത മട്ടിൽ കുഞ്ഞാപ്പു കൂർക്കം വലിച്ചുറങ്ങു കയാണ്. കേൾക്കുന്നവർക്ക് അസഹ്യവും, എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ, താളാത്മകവുമായ ശ്വാസോശ്ചാ സത്തിന്റെ, അല്ലെങ്കിൽ കൂർക്കംവലി യുടെ അങ്ങേയറ്റത്തെ അവസ്ഥയാണ്, അയാളുടെ നീണ്ട താടിയിലുള്ള ഒന്നു രണ്ടു രോമങ്ങളുടെ ചാഞ്ചാട്ടം.
രമണിക്ക് കെട്ടിയോന്റെ താടി കാണുന്ന തേ കലിപ്പാണ്. എന്നാൽ കുഞ്ഞാപ്പുവിന് ഹരവും.
കൂടെ കിടക്കുമ്പോൾ , കെട്ടിയോന്റെ ഈ കൂർക്കംവലി പോരാഞ്ഞിട്ട് , ഈ നീളൻ താടിയും കാരണം, സ്വന്തം മുഖം ചൊറിഞ്ഞ് സഹിക്കെട്ട അവൾ ഒരിക്കൽ കെട്ടിയോനോട് പറഞ്ഞു,
' താടി ഒന്ന് വടിച്ചു കളയൂ മനുഷ്യാ.... ഞാനീ പണിയെല്ലാം കഴിഞ്ഞ് രാത്രി സ്വസ്ഥമായി കിടന്ന് ഒന്നു ഉറക്കം പിടിച്ചു വരുമ്പോഴാണ് നിങ്ങളുടെ ഈ മുടിഞ്ഞ രോമങ്ങൾ എന്റെ മുഖത്ത് ഉരസുന്നത്. പിന്നെ രാത്രി മുഴുവൻ എന്റെ മുഖം ചൊറിയാനേ എനിക്കു നേരം കിട്ടുന്നൂള്ളൂ.... '
കെട്ടിയോളുടെ വാക്കുകൾ തെല്ലും മൈൻഡു ചെയ്യാതെ, സ്വന്തം താടി ഓമനയോടെ ഉഴിഞ്ഞു കൊണ്ട് കുഞ്ഞാപ്പു പറയും,
'എടീ... രമണീ.... നിനക്കെന്തറിയാം...ഒരു മനുഷ്യൻ ഗൗരവമായി ചിന്തിക്കുന്നതിനും, തീരുമാനങ്ങൾ നടപ്പാക്കുന്നതിനും താടിയ്ക്കുള്ള പങ്ക് അത്ര ചെറുതല്ല. ക്യൂബൻ പ്രസിഡന്റ് നെ നോക്കിയേ.. മൂടൽ കാസ്ട്രോ...യ്ക്കും താടിയുണ്ട്.'
''മൂടൽ അല്ല ചേട്ടാ... ഫിഡൽ ആണ്.''
രമണി ഇടയ്ക്ക് കേറി പറഞ്ഞു.
പെട്ടെന്നു വന്ന ചമ്മൽ പുറത്തു കാണിക്കാതെ കുഞ്ഞാപ്പു ഉടനെ തന്നെ പറഞ്ഞു,
'ശരി... ശരി... നിനക്ക് ആളാരാണെന്ന് മനസ്സിലായല്ലോ..... അതു മതി. ഇനി നീ എന്റെ താടിക്കാര്യത്തെ കുറിച്ച് മേലിൽ സംസാരിച്ചു പോകരുത്. ഉം....'
അതിൽ പിന്നെ കിടക്കാൻ നേരത്ത് രമണി ഒരു തോർത്ത് എടുത്ത് കണ്ണ് പുറത്തേക്ക് കാണാൻ പറ്റാവുന്ന വിധത്തിൽ തലയും മുഖവും മൂടിക്കെട്ടിവച്ചിട്ടാണ് ഉറങ്ങുന്നത്.
ഇതൊക്കെ ഓർത്ത രമണി , ഇനിയും എഴുന്നേല്ക്കാതെ ചുരുണ്ടുകൂടി കിടക്കുന്ന കെട്ടിയോനെ നോക്കി പല്ലിറുമ്മി .
രമണി ഒരിക്കൽ കൂടി കുഞ്ഞാപ്പുവിനെ കുലുക്കിയുണർത്താൻ നോക്കി.
'എഴുന്നേല്ക്കൂ മനുഷ്യാ... പ്ലാവേൽ കേറി ഒന്നു ചക്കയിട്ടു താ....'
എന്നിട്ടും ഒരു അനക്കവുമില്ല. ദേഷ്യം വന്ന രമണി, പതുക്കെ കുഞ്ഞാപ്പുവിന്റെ താടിയിൽ നിന്നുള്ള ഒന്നു രണ്ടു നീണ്ട രോമങ്ങളെ പതുക്കെ അയാളുടെ മൂക്കിലേക്ക് കേറ്റി വച്ചു.
'ഹാച്ഛീ... ' എന്നു വച്ചതല്ലാതെ അയാൾ കണ്ണു തുറന്നതേയില്ല.
'എന്നാ വേണ്ട... ഞാൻ തന്നെ ചക്കയിട്ടോണ്ട്. സ്ത്രീകൾ അത്ര ദുർബലർ അല്ല ... ഞാൻ കേറിയാൽ എന്തു സംഭവിക്കും എന്നറിയാമല്ലോ.... എന്നു പിറുപിറുത്തു കൊണ്ട് രമണി വീടിന്റെ പിന്നാമ്പുറത്തു പോയി, അരിവാൾ നീണ്ട കോലിൽ കെട്ടിവച്ച്, ഏണി എടുത്തു കൊണ്ട് വന്ന് പ്ലാവിൽ ചാരി വച്ചു.
പിന്നെ അവൾ അകത്തു പോയി കെട്ടിയോന്റെ ഡാമേജായി വന്ന പാന്റും, ഷർട്ടും എടുത്തിട്ട് , പുറത്തേക്ക് വന്ന് കോണിയേൽ ചവിട്ടി പ്ലാവേൽ കേറാൻ തുടങ്ങി. കോണിയുടെ അറ്റത്ത് എത്തുന്നതിനു മുമ്പ് , അവൾ അരിവാൾ ഉറപ്പിച്ച തോട്ടി എടുത്ത് , നേരത്തെ കണ്ടു വച്ച , ചക്കയിരിക്കുന്ന കമ്പിൽ തോട്ടി തൂക്കിയിട്ടു.
പിന്നെ അവൾ തിരിഞ്ഞു നോക്കാതെ ആത്മവിശ്വാസത്തിന്റെ പടവുകൾ താണ്ടി , ഉയരങ്ങളിലിരിക്കുന്ന ചക്കയുടെ അടുത്ത് എത്തി.
തോട്ടി നീട്ടിപ്പിടിച്ച് , കഷ്ടപ്പെട്ട് , ഒരു തരത്തിൽ ചക്ക താഴെയിട്ടു. ലക്ഷ്യം വിജയം കണ്ട സന്തോഷത്തിൽ തോട്ടിയും താഴെയിട്ടു.
തിരിച്ചിറങ്ങാൻ പിന്നെ താഴേയ്ക്ക് നോക്കിയപ്പോഴാണ് രമണിക്ക് തന്റെ ആത്മവിശ്വാസം എത്ര ദുർബലമാണെന്നു മനസ്സിലായത്.
അവൾ ആ കമ്പിൽ അള്ളിപ്പിടിച്ചു കിടന്നു.
ചേട്ടാ.... ചേട്ടാ.... ഓടിവായോ.... എന്നെയൊന്നു താഴെയിറക്കണേ.... എന്നവൾ ഉറക്കെ വിളിച്ചു കൂവി.
കുറച്ചു നേരം അവൾ വെയ്റ്റു ചെയ്തു നോക്കിയെങ്കിലും, കെട്ടിയോൻ വരുന്നത് കാണാതായപ്പോൾ ഒരിക്കൽ കൂടി ഉച്ചത്തിൽ വിളിച്ചു. പിന്നേയും അല്പനേരം കാത്തു.
താൻ അള്ളിപ്പിടിച്ചു കിടക്കുന്ന കമ്പിൽ, അകാലത്തിൽ ശോഷിച്ചു പോയ കറുത്തിരുണ്ട ചക്ക കുഞ്ഞിനെ പറിച്ചെടുത്ത്, കുഞ്ഞാപ്പു കിടക്കുന്ന മുറിയുടെ ഓടുമേഞ്ഞിരിക്കുന്ന ഭാഗത്ത് എറിഞ്ഞു.
അതേ സമയം, എന്തോ സാധനം ഓടിൽ തട്ടി വീണ ശബ്ദം കേട്ട് , കുഞ്ഞാപ്പു ഞെട്ടിയുണർന്നു.
'എടീ... രമണീ.... എന്തോ ഓടിൽ തട്ടി വീണ ശബ്ദം...'
രമണിയുടെ പ്രതികരണം കേൾക്കാതായപ്പോൾ, കുഞ്ഞാപ്പു വീണ്ടും വിളിച്ചു.
രമണീ.... എടീ....
പിന്നെയും അനക്കമൊന്നും കേൾക്കാ തായപ്പോൾ, 'ഈ പണ്ടാരം എവിടെപ്പോയിക്കെടക്കാണാവോ...' എന്നു കുഞ്ഞാപ്പു പിറുപിറുത്ത്‌, കട്ടിലിൽ നിന്ന് എഴുന്നേറ്റ് മുണ്ട് ഒന്നു തട്ടിക്കുടഞ്ഞ് ഇട്ടതിനു ശേഷം, രമണിയെ അന്വേഷിച്ചിറങ്ങി.
ആദ്യം അടുക്കളയിൽ പോയി നോക്കി. അവിടെയെങ്ങും കണ്ടില്ല. പിന്നെ മറ്റു മുറികളിലും അന്വേഷിച്ചു. എന്നിട്ടും കണ്ടില്ല. അതോടെ അയാൾക്ക് പരിഭ്രാന്തിയായി.
'ഭഗവാനേ... ഇതെവിടെപ്പോയി കിടക്കുവാ... എന്നോർത്ത്‌ അത്യന്തം വേവലാതിയോടെ , രമണീ.... എന്ന് ഉറക്കെ വിളിച്ചു കൊണ്ട് മുറ്റത്ത് ഇറങ്ങി.
ചേട്ടാ....
ദേ.... അവളുടെ ശബ്ദമാണല്ലോ കേൾക്കുന്നത്.
അയാൾ വേഗം കിണറ്റിലേക്ക് നോക്കി.
അവിടെയൊന്നും അവളെ കണ്ടില്ല .
പിന്നേയും,
ചേട്ടാ... എന്ന വിളി കേട്ടു.
രമണീ... നീയെവിടെയാ....
ചേട്ടാ... എന്ന വിളിയ്ക്കു പിന്നാലേ എന്തോ സാധനം കുഞ്ഞപ്പന്റെ തലയിൽ വീണതും ഒരുമിച്ചായിരുന്നു.
ഒന്നു ഞെട്ടിയ അയാൾ മുകളിലേയ്ക്ക് നോക്കിയപ്പോഴാണ്, അടുക്കളയിൽ നില്ക്കേണ്ട ആൾ പ്ലാവിന്റെ മുകളിൽ ഇരിക്കുന്നത് കണ്ടത്.
അയാൾക്ക് ആധി കേറി. അയാൾ വിചാരിച്ചത്, താടി വടിക്കാത്തതിൽ പ്രതിഷേധിച്ച് , ആത്മഹത്യ ചെയ്യാൻ വേണ്ടി രമണി പ്ലാവിന്റെ മുകളിൽ കേറിയതാണ് എന്നാണ് .
എന്റെ പൊന്നു രമണീ... നീ കടുംകൈ ചെയ്യരുതേ.... താഴേക്ക് ചാടരുതേ.... അയാൾ തന്റെ കൈകൾ നെഞ്ചത്തു വച്ച് മുകളിലേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
അയാൾ എന്താണ് പറഞ്ഞത് എന്ന് പ്ലാവിൽ അള്ളി പിടിച്ചു കിടക്കുന്ന രമണി കേട്ടതുമില്ല.
അവൾ വിളിച്ചു പറഞ്ഞു, എങ്ങനെയെങ്കിലും എന്നെ ഒന്നു താഴെയിറക്കൂ മനുഷ്യാ.... എനിക്ക് തല കറങ്ങുന്നൂ....
രമണി പറഞ്ഞത് കുഞ്ഞാപ്പുവിനും മനസ്സിലായില്ല.
അയാൾ വിചാരിച്ചത്, രമണി പറയുന്നത്, അവളുടെ മുന്നിൽ വച്ച് താടി വടിച്ചു കളയണം എന്നും, അല്ലേൽ ഇപ്പം ചാടും എന്നാണ്.
ഇപ്പം ശരിയാക്കാം.... എന്ന് രമണിയെ നോക്കി ആംഗ്യം കാണിച്ചു കൊണ്ട് അയാൾ വേഗം അകത്തേയ്ക്ക് കയറി, കത്രിക, ഷേവിംഗ് സെറ്റ് എന്നീ ലൊട്ടുലൊടുക്കു സാധനങ്ങളുമായി വന്ന് പ്ലാവിന്റെ മുന്നിൽ സ്റ്റൂളിട്ട് ഷേവ് ചെയ്യാനാരംഭിച്ചു.
അതേ സമയം, പ്ലാവിന്റെ മുകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന രമണി കെട്ടിയോന്റെ ചെയ്തതികൾ കണ്ട് അത്ഭുതം കൂറി. ഇതെന്തു കഥ. തന്നെ താഴെയിറക്കാൻ നോക്കാതെ , ഷേവ് ചെയ്യുന്നത് കണ്ട രമണിയ്ക്ക് കരച്ചിൽ വന്നു.
പെട്ടെന്ന് തന്നെ , മീശ മാത്രം മുഖത്ത് വച്ചിട്ട്, ബാക്കിയെല്ലാം കുഞ്ഞാപ്പു ഷേവ് ചെയ്ത് കളഞ്ഞു. എന്നിട്ട് അയാൾ രമണിയെ നോക്കി വിളിച്ചു പറഞ്ഞു,
'മുത്തേ.... നീ പറഞ്ഞതുപോലെ താടി വടിച്ചു കളഞ്ഞൂട്ടോടീ.... ഇനി എന്റെ മുത്ത് ചാടരുത് ട്ടോ. .ഈ ചേട്ടൻ നിന്നെ താഴെയിറക്കാമേ.... ' എന്നു പറഞ്ഞു, അയാൾ ഫയർഫോഴ്സിനെ വിളിക്കാൻ ഓടി.
അല്പസമയത്തിനു ശേഷം , അലാറം മുഴക്കി കൊണ്ട് ഫയർഫോഴ്സ് എത്തി . കുറച്ചു നേരത്തെ പരിശ്രമത്തിനു ശേഷം, പ്ലാവിൽ അള്ളിപ്പിടിച്ചു കിടക്കുന്ന രമണിയെ അതിസാഹസികമായി താഴെയിറക്കി.
ഓടി വന്ന് ഭാര്യയെ പുണർന്ന കുഞ്ഞാപ്പു സങ്കടത്തോടെ പറഞ്ഞു,
'എന്റെ മുത്തേ... നീ ഒന്നു കൂടെ എന്നെ നിർബന്ധിച്ചാൽ പോരായിരുന്നോ... ഞാൻ താടി കളയുമായിരുന്നില്ലേ... നീ ചാവാൻ പോയത് എന്തിനാടീ....
എന്നെ ഇങ്ങനെ സങ്കടപ്പെടുത്താൻ നിനക്കെങ്ങനെ മനസ്സു വന്നു...'
'താടി കളഞ്ഞ കെട്ടിയോനെ കണ്ടപ്പോൾ, സുന്ദരമായി തോന്നിച്ച ആ മുഖത്തെ സങ്കടം കണ്ടപ്പോൾ, രമണി കെട്ടിയോനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു,
'അതേയ്... ഞാനേയ്.... ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല. ചക്കയിടാൻ കേറിയതാ...'
'ങ്ങേ... അപ്പോ എന്റെ താടി' ഞെട്ടിത്തരിച്ചു പോയ കുഞ്ഞാപ്പു , രമണിയെ തള്ളിമാറ്റിക്കൊണ്ട്,
'ഇപ്പം ശരിയാക്കിത്തരാ ടീ...' എന്നു പറഞ്ഞ് വടി വെട്ടിയൊടിക്കാൻ വേണ്ടി കുഞ്ഞാപ്പു പറമ്പിലേക്ക് പാഞ്ഞു.
സുമി ആൽഫസ്
****************
30.07.2018.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo