***************
ഒരു പഞ്ചായത്തിൽ ആധാർ സീഡിംഗ് ക്യാംപ് നടത്തുകയായിരുന്ന ഞാൻ , ഇടവേളയിൽ ഉച്ചഭക്ഷണം കഴിക്കാൻ അടുത്തുള്ള ഹോട്ടലിൽ പോയി.
അഞ്ചു മിനിട്ടുകഴിഞ്ഞിട്ടു കഴിഞ്ഞപ്പോൾ ഓർഡർ എടുക്കാൻ ആൾ വന്നു.
"എന്താ വേണ്ടത് ?"
"എന്താ ഉള്ളത് "?
"പൊറോട്ട, ചപ്പാത്തി, ചിക്കൻ ബിരിയാണി, ഫ്രൈഡ് റൈസ്, ബീഫ് കറി, ചിക്കൻ കറി...... "
മുഴുവൻ പൂർത്തിയാക്കാൻ ഞാൻ അയാളെ അനുവദിച്ചില്ല.
ഉച്ച സമയം കഴിഞ്ഞതു കൊണ്ടും,വിശപ്പു മൂലം കണ്ണു കാണാൻ പറ്റാതിരുന്നതിന്നാ ലും, മുഴുവൻ കേൾക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല. അതിനാൽ ഉടൻ തന്നെ ഓർഡർ കൊടുത്തു,
"രണ്ടു പൊറോട്ടയും, ചിക്കൻ കറിയും"
വീണ്ടും അഞ്ചു മിനിട്ടു സമയം കഴിഞ്ഞപ്പോൾ, ഗ്ലാസ് , പിന്നാലെ വെള്ളം, ഓർഡർ ചെയ്ത പൊറോട്ടയും , ചിക്കൻ കറിയും എത്തി.
പൊറോട്ടയും, ചിക്കൻ കറിയും എന്നു ഓർത്ത് വിശപ്പ് കഠിനമായി കൂട്ടിയെടുത്ത, നന്നായി കഴിക്കാൻ തയ്യാറെടുത്ത എനിക്ക് , ചിക്കൻ കറി കണ്ടപ്പോൾ തന്നെ പാതി വിശപ്പ് കെട്ടു .
പ്ലേറ്റിലെ ചിക്കൻ കഷ്ണങ്ങൾ കണ്ടപ്പോൾ , കോഴി മൂന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു, വരുന്ന വഴിയാണെന്നു തോന്നി.
കാരണം കഴുത്തിന്റെ രണ്ടേ രണ്ടു കഷ്ണങ്ങളാണ് ചാറിനുളളിൽ, സവാള, ഇഞ്ചികൾക്കുള്ളിൽ കിടന്നത്.
ഒന്നു ചോദിക്കാo എന്നു വിചാരിച്ചപ്പോൾ , കൊണ്ടു വച്ച ഓർഡറെടുത്ത ആളെ കാണുന്നില്ല.
വിശപ്പ് കാരണം , ചോദിക്കാനും മനസ്സു വന്നില്ല എന്നതാവും ശരി.
അല്ലേലും, എവിടെപ്പോയാലും ഏതു ഫംഗ്ഷനുകളിൽ പങ്കെടുത്താലും എനിക്കിതേ കിട്ടാറുള്ളൂ... എന്റെ വിധി എന്നോർത്ത് കൊണ്ട്, അത്യധികമായ വ്യസനത്തോടെ , ആരും കാണാതെ വന്ന കണ്ണീരിൽ പിഴിഞ്ഞെടുത്ത ആദരാഞ്ജലികൾ ,ആ കോഴിക്ക് അർപ്പിച്ചു കൊണ്ട്, കഴുത്തുകൾ പ്ളേറ്റിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റി കിടത്തിക്കൊണ്ട്, പൊറോട്ട ചാറു കറിയിൽ മുക്കി കഴിക്കാനാരംഭിച്ചു.
ഒടുക്കം കഴിച്ചു കഴിഞ്ഞു കൈകഴുകി വന്നപ്പോഴേക്കും ബിൽ വന്നു. നോക്കിയപ്പോൾ , രണ്ടു പൊറോട്ടയ്ക്ക് 20 രൂപ, കഴുത്തു മാത്രമുള്ള ചിക്കൻ കറിയ്ക്ക് 80 /- രൂപ .😳🤪
"പറയൂ... ഈ ലോകം എങ്ങോട്ട് ...? "😥😥
-------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക