Slider

കാര്‍ഡിനല്‍ സിദ്ധാന്തവും സമയയന്ത്രത്തിന്റെ ഗണിതമാതൃകയും

0

*************************************************************************
by: അരവിന്ദ് രഘുനാഥന്‍
*********************************************************************
:സംക്ഷിപ്തം:
വര്‍ഷം രണ്ടായിരത്തി നാല്പത്തിരണ്ട്..അരവിന്ദ് എന്ന പതിനേഴുകാരന്‍,അതായതു ഞാന്‍ , ഒരു സമയയന്ത്രം [TIME MACHIINE]നിര്‍മ്മിക്കുന്നു.അതുപയോഗിച്ചു ഭാവിയിലേക്ക് സഞ്ചരിച്ചപ്പോള്‍ എന്റെ പതിനെട്ടാം പിറന്നാളിന് എന്റെ അമ്മ ആത്മഹത്യ ചെയ്യും എന്ന സത്യം മനസ്സിലാക്കുന്നു..വരാനിരിക്കുന്ന ദുരന്തം തടയാന്‍ ഞാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് ഈ ജേര്‍ണലില്‍ വിവരിക്കുന്നത്.
1.:ആമുഖം :
.പത്താം വയസ്സിലാണ് ഞാന്‍ ആദ്യമായി ഒരു ജേര്‍ണലില്‍ എന്റെ പേപ്പര്‍ പ്രസിദ്ധീകരിച്ചത്.സമയയന്ത്രത്തെകുറിച്ചുള്ള ,പേപ്പര്‍ ,ആനല്‍സ് ഓഫ് ആസ്ട്രോഫിസിക്സ് എന്ന ലോകത്തെ ഒന്നാം നമ്പര്‍ ശാസ്ത്ര ജേര്‍ണലില്‍,ഇരുപതാം വയസ്സിനു മുന്‍പ് പ്രസിദ്ധീകരിക്കണം എന്നത് എന്റെ വലിയ അഭിലാഷമായിരുന്നു..സയന്റിഫിക്ക് പേപ്പറുകള്‍ ഒരു കഥയുടെ നരേഷന്‍ പോലെയാണ്.തുടക്കവും മധ്യഭാഗവും ഒടുക്കവുമുള്ള മനോഹരമായ കഥ.പക്ഷേ നമ്മുടെ ആഗ്രഹം പോലെ എല്ലാം സാധിക്കില്ലല്ലോ.എനിക്ക് ആസ്ട്രോഫിസിക്ക്സ് ജേര്‍ണലില്‍ സമയയന്ത്രത്തെക്കുറിച്ച് ഇനി ഒരു പേപ്പര്‍ എഴുതാന്‍ സാധിക്കില്ല.എങ്കിലും ഇതുവരെ സംഭവിച്ച കാര്യങ്ങള്‍ രേഖപെടുത്തുമ്പോള്‍ ,എന്റെ കഥയ്ക്ക് ഒരു ശാസ്ത്രപ്രബന്ധത്തിന്റെ ദു:ഖകരമായ രൂപം കൈവരുന്നു.
2.:സമയയന്ത്രത്തിലേക്ക് :
ഞങ്ങള്‍ ,ഞാനും അമ്മയും താമസിച്ചു കൊണ്ടിരുന്നത് എന്റെ അച്ഛന്‍ രഘുനാഥന്റെ തറവാട്ട് വീട്ടിലായിരുന്നു.രണ്ട്നില വീടിന്റെ മുകള്‍ നിലയിലെ മുറികള്‍ അച്ഛന്‍ ഉപയോഗിച്ചുകൊണ്ടിരുന്നതായിരുന്നു.അച്ഛന്റെ ലാബ്,വായനാമുറി തുടങ്ങിയവയായിരുന്നു അവ .മുകള്‍നില സദാ അടഞ്ഞുകിടന്നു.എനിക്ക് അങ്ങോട്ട്‌ പ്രവേശനം ഉണ്ടായിരുന്നില്ല.ആ മുറികള്‍ തുറന്നുനോക്കാന്‍ അമ്മ അനുവദിച്ചില്ല.ഞാന്‍ ജനിക്കുന്നതിനു മുന്‍പേ എന്റെ അച്ഛന്‍ ആത്മഹത്യ ചെയ്തിരുന്നു. .
എന്റെ അമ്മ ഒരിക്കലും എന്റെ നേര്‍ക്ക് നോക്കി ചിരിക്കുകയോ എന്നെ ഓമനിക്കുകയോ ചെയ്തിരുന്നില്ല. എന്റെ ഏഴാം വയസ്സില്‍,രാജ്യമോട്ടാകെ നടന്ന ഒരു ഗണിതമത്സരത്തില്‍ ,മുതിര്‍ന്നവര്‍ക്ക് പരിഹരിക്കാനാകാഞ്ഞ ഒരു ഗണിതപ്രശ്നം അഞ്ചാം ഡിഗ്രി ഡിഫറന്‍ഷ്യല്‍ കാല്‍ക്കുലസ് ഉപയോഗിച്ചു പരിഹരിച്ചു വലിയ ഒരു തുക സമ്മാനവും പ്രശസ്തിയും കൈവന്നപ്പോള്‍ അമ്മ അച്ഛനെക്കുറിച്ച് ഒരു വാചകം എന്നോട് പറഞ്ഞു.
“നീയും അയാളെപോലെയാകുകയാണോ ?ചുറ്റും നടക്കുന്നത് അറിയാതെ ,ഒരു കുമിളയില്‍ തനിച്ചു കഴിയാന്‍ പോവുകയാണോ നീയും ?”
അച്ഛനെക്കുറിച്ച് അമ്മ ,പറഞ്ഞ വാക്കുകളില്‍ വെറുപ്പിന്റെ രേണുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും അതെന്നെ സന്തോഷിപ്പിച്ചിരുന്നു.അതിനു കാരണം ,അമ്മ ഏറെനാള്‍ കൂടി,ഒരുപക്ഷേ ജീവിതത്തില്‍ത്തന്നെ ഏറ്റവും ഗൗരവമായി സംസാരിച്ചത് അപ്പോഴായിരുന്നു.അമ്മ പറഞ്ഞ വാചകം ഒരു ഗണിതപ്രശ്നംപോലെ എന്റെ മനസ്സിന്റെ താളുകളില്‍ ഉറച്ചു.പിന്നീട് ,പതിനെട്ടാം വയസ്സ് തികയാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെ സമയയന്ത്രം കണ്ടുപിടിക്കാന്‍ ആ വാചകം എന്നെ സഹായിച്ചു.
അമ്മ സര്‍ക്കാരില്‍ ഒരു ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായിരുന്നു.അച്ഛന്‍ രഘുനാഥന്‍ എന്ന ഡിഫന്‍സ് സയന്റിസ്റ്റും.സ്കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ശാസ്ത്രവിഷയങ്ങള്‍ മുഴുവന്‍ എനിക്ക് അറിയാമായിരുന്നു.ഡിഗ്രി കുട്ടികള്‍ പഠിക്കുന്ന ഗണിതം വെറും കുട്ടിക്കളി മാത്രം.അത് കൊണ്ട് തന്നെ സ്കൂളില്‍ താഴ്ന്ന ക്ലാസുകളില്‍ ചെലവിടുന്ന സമയം മുഴുവന്‍ എനിക്ക് നഷ്ടമാകുമെന്ന് അധ്യാപകര്‍ കണ്ടെത്തി.അങ്ങിനെയാണ് പതിനഞ്ചാം വയസ്സില്‍ ഡിഗ്രി റാങ്കോടെ പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞത്.നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിഗ്രി ഹോള്‍ഡര്‍.
.മറ്റാരും സംസാരിക്കാനില്ലാത്തത് കൊണ്ട് ,എന്റെ ഏകാന്തതയില്‍ കൂട്ട് ഗണിതവും ഫിസിക്ക്സുമായിരുന്നു.മിട്ടായി തിന്നുന്നത് പോലെ ഞാന്‍ ഗണിതപുസ്തകങ്ങള്‍ വായിച്ചു തീര്‍ത്തു. പ്രിന്‍സ്റ്റണിലെയും ,എം.ഐ.റ്റിയിലേയും പ്രഫസര്‍മാരുമായി ഞാന്‍ സംവേദനം നടത്തി..ഞാന്‍ എന്റെ മുറിയില്‍ തന്നെ രാവും പകലും ചെലവഴിച്ചു.അമ്മയെ തോല്‍പ്പിക്കുക ,അമ്മയില്‍ നിന്ന് അംഗീകാരത്തിന്റെ പുഞ്ചിരി നേടുക എന്നതായിരുന്നിരിക്കാം എന്റെ അബോധമായ വാശി.അറിയില്ല.ഞാന്‍ കൂടുതലൊന്നും കാരണങ്ങളെക്കുറിച്ച് ചിന്തിച്ചില്ല.അപ്പോഴേക്കും ഞാന്‍ കാര്‍ഡിനലുകളുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നു.
2.1:കാര്‍ഡിനല്‍ തിയറി:
.അച്ഛന്റെ അടഞ്ഞു കിടന്ന രണ്ടാം നിലയിലെ മുറിയിലേക്ക് അമ്മയറിയാതെ ഞാന്‍ കയറിയത് എന്റെ പന്ത്രണ്ടാം വയസ്സിലാണ്.അവിടെനിന്ന് അച്ഛന്റെ കുറച്ചു നോട്ടുകള്‍ എനിക്ക് കിട്ടി.അവിടെ അധികനേരം തിരയാന്‍ സാധിച്ചില്ല.കാരണം അമ്മ വരുമോയെന്ന ഭയം തന്നെയായിരുന്നു. പിന്നീട് പല പ്രാവശ്യം ഞാന്‍ അച്ഛന്റെ മുറികള്‍ പരിശോധിച്ചു.ആ പരിശോധനകളിലൂടെയാണ് സമയത്തിന്റെ ഇരുപത് വര്‍ഷം പുറകോട്ടു സഞ്ചരിച്ചു രണ്ടായിരത്തി പത്തൊന്‍പതാം വര്‍ഷത്തിലേക്ക് എത്താന്‍ എനിക്ക് സാധിച്ചത്.
അച്ഛന്റെ നോട്ടുകളില്‍ നിന്നായിരുന്നു കാര്‍ഡിനലുകള്‍ എന്റെ മുന്നില്‍ അവതരിച്ചത്.നിങ്ങള്‍ കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ ശ്രദ്ധിക്കുക.അവയുടെ എണ്ണം അനന്തമാണ്‌.ആകാശത്തെ നക്ഷത്രങ്ങളോ,അവയുടെ എണ്ണവും അനന്തമാണ്.ആകാശത്തിലെ നക്ഷത്രങ്ങളുടെ എണ്ണവും മണല്‍ത്തരികളുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്യുകയെങ്കില്‍ ഏതാവും വലുത് ?ഒറ്റയടിക്ക് മണ്ടത്തരമെന്നു തോന്നാമെങ്കിലും ,അനന്തമായ ശ്രേണികളുടെ വലുപ്പത്തിനു വ്യതാസമുണ്ട്.ആ വലുപ്പത്തിനെ ,ശ്രേണിയുടെ ശക്തിയെ നിര്‍ണ്ണയിക്കുന്ന അനന്തതയുടെ പ്രത്യേകതയാണ് കാര്‍ഡിനല്‍ സംഖ്യകള്‍.ഈ കാര്‍ഡിനല്‍ നമ്പരുകള്‍ ,സാധാരണ നമ്പരുകള്‍ പോലെ പരസ്പരം കൂട്ടുകയും കുറയ്ക്കയും ചെയ്യാം.
എന്റെ മാറ്റം അമ്മ അറിയുന്നുണ്ടായിരുന്നു.എന്റെ മുറിയിലേക്ക് അമ്മ തീരെ കടന്നുവരാതായി.അച്ഛന്റെ മുറികളില്‍ ലാബ് മാത്രം ഞാന്‍ തുറന്നില്ല.അതിനുള്ള സമയമായില്ല എന്ന് ഉള്ളില്‍ ആരോ പറഞ്ഞു.
പതിനഞ്ചാം വയസ്സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയപ്പോള്‍ ഒരുപാട് ഓഫറുകള്‍ വന്നു.എങ്കിലും എന്റെ ലക്ഷ്യം ലോകത്തെ മാറ്റിമറിക്കുന്ന ഒരു തിയറി കണ്ടെത്തുക എന്നതായിരുന്നു.വളരെ മഹത്തായ ലക്ഷ്യമായിരുന്നുവെങ്കിലും അസാമാന്യ ഭാഗ്യവും കൂടെയുണ്ടാകണം.
ഇതിനിടയില്‍ ഒരു ദിവസം അമ്മ എന്റെ മുറിയില്‍ വന്നു.അത്തരം കൂടിക്കാഴ്ചകള്‍ വളരെ അപൂര്‍വമാണ്.
“വേനല്‍ക്കാലം തുടങ്ങാറായി.അടുത്ത ആഴ്ച നഗരത്തില്‍ ഹീറ്റ് അലര്‍ട്ട് തുടങ്ങും.” അമ്മ തല ചരിച്ചു ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.അമ്മ എന്റെ മുഖത്ത് നോക്കിയില്ല.ഞാന്‍ അതിനു മറുപടി പറഞ്ഞില്ല.വര്‍ക്ക് സ്റ്റേഷനില്‍ ഞാന്‍ ആസ്ട്രോഫിസിക്ക്സ് പി.എച്ച്.ഡിയുടെ ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങള്‍ തിരയുകയായിരുന്നു.ആസ്ട്രോ ഫിസിക്ക്സില്‍ ഗവേഷണവിഷയം കണ്ടുപിടിക്കാനും പ്രശസ്തിയുണ്ടാക്കാനും വളരെ എളുപ്പമാണ്.ഐന്‍സ്റ്റീന്‍ വികസിപ്പിച്ച ജനറല്‍ തിയറി ഓഫ് റിലെറ്റിവിറ്റിയുടെ സ്പേസ് ടൈം ഇക്വേഷനുകളില്‍ ഏതിനെങ്കിലും പുതിയ ഒരു പരിഹാരം കണ്ടെത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് പി.എച്ച്.ഡി ഉറപ്പാണ്.
“ഞാന്‍ വിലക്കിയിട്ടും നീ രണ്ടാംനിലയില്‍ കയറുന്നുണ്ട് അല്ലെ .”അമ്മ വീണ്ടും പറഞ്ഞു.
ഞാന്‍ സ്ക്രീനില്‍നിന്ന് കണ്ണുകള്‍ പറിച്ചു അമ്മയുടെ കല്ല്‌ പോലെയുള്ള മുഖത്തേക്ക് നോക്കി.എന്നിട്ട് പറഞ്ഞു.
“എനിക്ക് അച്ഛന്റെ മുറികളില്‍ ഇനിയും കയറേണ്ടി വരും.എനിക്ക് പ്രയോജനകരമായ പല വിവരങ്ങളും അവശേഷിപ്പിച്ചാണ് അച്ഛന്‍ പോയത്.”
ആദ്യമായാണ് അമ്മയോട് പറയുന്ന ഒരു വാചകത്തില്‍ അച്ഛന്‍ എന്ന പദം ഞാന്‍ ഉപയോഗിച്ചത്.എന്റെ നാവില്‍നിന്ന് ആ വാക്ക് കേട്ടപ്പോള്‍ പ്രേതത്തെകണ്ടു ഭയന്നതുപോലെ അമ്മയുടെ മുഖം വിളറിവെളുക്കുന്നത്‌ ഞാന്‍ കണ്ടു.
“നീ എനിക്ക് ഒരു വാക്ക് തരണം.രണ്ടാം നിലയിലെ ലാബില്‍ ഒരു കാരണവശാലും നീ കടക്കാന്‍ പാടില്ല.” അമ്മ പറഞ്ഞു.
ഞാന്‍ അമ്മയുടെ മുഖത്ത് നോക്കിയതല്ലാതെ വാക്ക് പറഞ്ഞില്ല.അച്ഛനെക്കുറിച്ച് ഞാന്‍ കേട്ട കാര്യങ്ങളിലൊന്നു അച്ഛന്‍ അവസാനകാലത്ത് പലപ്പോഴും സെമിത്തേരികളില്‍ പോകുമായിരുന്നു എന്നതാണ്.അത്തരം യാത്രകള്‍ അച്ഛന്‍ എന്തിനാവാം നടത്തിയത്?ആ ലാബില്‍ അച്ഛന്‍ എന്താണ് ഒളിപ്പിച്ചിരിക്കുന്നത്.പാസ്വേര്‍ഡ് ലോക്കുള്ള ഒരു ഡിജിറ്റല്‍ പൂട്ടാണ് അതിനുള്ളത് .അതിന്റെ പാസ്വേര്‍ഡ് എനിക്കറിയില്ല.അത് കൊണ്ട് ഞാന്‍ അതില്‍ കടന്നിട്ടില്ല എന്ന് അമ്മക്ക് ഉറപ്പായിരുന്നു.ഞാന്‍ അതില്‍ കയറില്ല എന്ന് അമ്മക്ക് വാക്ക് കൊടുത്തില്ല.നിശബ്ദതയായിരുന്നു എന്റെ ഉത്തരം.ആ കൂടിക്കാഴ്ചയോടെ അമ്മയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ കണ്ണികള്‍ വീണ്ടും അകന്നു.
“നീ എന്നാണു നഗരം വിടുന്നത് ?വേനല്‍ തുടങ്ങാറായി.”അമ്മ വീണ്ടും ചോദിച്ചു.
“ഈ വേനല്‍ ഞാന്‍ ഇവിടെ ത്തന്നെ കാണും.റിസര്‍ച്ച് ആരംഭിക്കാനാണ് ഞാന്‍ പ്ലാന്‍ ചെയ്യുന്നത്.അതിനു ആവശ്യമായ നിശബ്ദതയും എകാഗ്രതയും വേനല്‍ക്കാലത്ത് ലഭിക്കും.” ഞാന്‍ പറഞ്ഞു.
“എന്ത് മണ്ടത്തരമാണ് നീ പറയുന്നത് !അത് വളരെ അപടകരമാണ്!”അമ്മ പറഞ്ഞു.
താപതരംഗം സൂചിക നാല് കടക്കും എന്ന് റിപ്പോര്‍ട്ടുകളിലുണ്ടായിരുനു.അതായത് വെയില്‍ത്തട്ടിയാല്‍ കരിഞ്ഞു വീഴുന്ന ചൂട്.പക്ഷേ ഞാന്‍ അതൊന്നും അപ്പോള്‍ ഓര്‍ത്തില്ല.കാരണം ആദ്യമായാണ്‌ അമ്മ എന്റെ കാര്യത്തില്‍ ടെന്‍ഷന്‍ അനുഭവിക്കുന്നത് പോലെ എനിക്ക് തോന്നിയത്.സത്യത്തില്‍ അപ്പോള്‍ എന്റെ മനസ്സില്‍ മഞ്ഞുവീണത്‌ പോലെ തോന്നിയിരുന്നു. ഞങ്ങൾ ഇത്രയും നേരം സംസാരിക്കുന്നത് തന്നെ വളരെ അപൂര്‍വമാണ്.ഒരു ജില്ലയുടെ സര്‍ക്കാര്‍ മേധാവിയായ അമ്മക്ക് സമയം എന്നും തീരെക്കുറവായിരുന്നു.യന്ത്രമനുഷ്യരായിരുന്നു എന്റെ ചെറുപ്പത്തിലെ കൂട്ടുകാര്‍.എന്നാല്‍ ആറുവയസായപ്പോള്‍ ഞാന്‍ അവയുമായുള്ള കൂട്ട് ഉപേക്ഷിച്ചു.എന്റെ ബുദ്ധിശക്തി അവരുടെ യാന്ത്രികതയുടെ സ്വാധീനത്തില്‍ അകപ്പെട്ട് പോകുമോ എന്ന ഭയമായിരുന്നു അതിനു കാരണം.
അമ്മ എന്റെ തലയില്‍ ഒന്ന് തലോടിയിരുന്നെങ്കില്‍.ഞാന്‍ വെറുതെ ആഗ്രഹിച്ചു.അവരോടുള്ള വെറുപ്പ്‌ ആ ഒരു നിമിഷംകൊണ്ട് എന്നില്‍ അലിഞ്ഞു പോകും..എല്ലാം ഉപേക്ഷിച്ചു അമ്മയുടെ അടിമയായി ജീവിക്കാന്‍ എനിക്ക് അമ്മയുടെ വാത്സല്യത്തിന്റെ ഒരു കണിക മാത്രം മതിയായിരുന്നു.പക്ഷേ...
“അത് സാരമില്ല.അമ്മക്ക് പേടിയാണെങ്കില്‍ ഞാന്‍ വരാം.” ഞാന്‍ മുറിഞ്ഞ സ്വരത്തില്‍ പറഞ്ഞു.അമ്മയുടെ മുഖം തെളിയുന്നത് കാണാന്‍ തലയുയര്‍ത്തി.
പക്ഷേ അപ്പോഴേക്കും അമ്മ മുറിവിട്ടു പോയിരുന്നു.
എന്റെ മനസ്സിലെ എല്ലാം പഴയത് പോലെയാകാന്‍,അല്ലെങ്കില്‍ പഴയതിനേക്കാള്‍ ദു:ഖകരമാകാന്‍ ആ ഒരു നിമിഷം മതിയായിരുന്നു.വല്ലാത്ത ഒരു സങ്കടം എന്നെ പൊതിഞ്ഞു.ഞാന്‍ കട്ടിലിലേക്ക് ചരിഞ്ഞു.
കരഞ്ഞുകൊണ്ട് ഞാന്‍ ഉറക്കത്തിലേക്ക് നടന്നുപോയി.പക്ഷേ എന്റെ ദു:ഖങ്ങള്‍ അലിയിച്ചു കളയുന്ന ഒരു അത്ഭുതം ഉറക്കത്തില്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
2.2:സ്ഥലസമയ വക്രതയും[2] കാര്‍ഡിനല്‍ തിയറിയും.
ഉറക്കത്തില്‍ ഞാന്‍ ഒരു ജ്യോമെട്രിക്ക് ഫിഗര്‍ ആണ് സ്വപ്നമായി കണ്ടത്.ഉറക്കത്തില്‍ നമ്മുടെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുന്നു.അതിസുന്ദരമായ ഈ ഗണിത സ്വപ്നം എന്റെ പി.എച്ച് ഡി വിഷയത്തിന്റെ പ്രോബ്ലം (പ്രശ്നം) കണ്ടുപിടിക്കാന്‍ ഉതകുന്നതായിരുന്നു.ചരിഞ്ഞ ത്രികോണങ്ങളില്‍ നിന്ന് അനന്തതയിലേക്ക് കുതിക്കുന്ന ഒരു പാരബോള ജനികുന്നത് ഞാന്‍ സ്വപ്നത്തില്‍ അത്ഭുതത്തോടെ കണ്ടു.അതിന്റെ കേന്ദ്രത്തില്‍ അപരിചിതമായ ഒരു മുഖം.അത് അച്ഛന്റെ മുഖമാണ്.പാരബോളകള്‍ തമ്മില്‍ ചേരുന്ന അനന്തതയുടെ കേന്ദ്രം.ഞാന്‍ അവിടെയാണ് നില്‍ക്കുന്നത്.ഓരോ ത്രികോണത്തിലും മറ്റൊരു ത്രികോണം സ്പര്‍ശിക്കുന്നു.അത്തരം അനന്തമായ സ്പര്‍ശനങ്ങള്‍ ചേര്‍ന്നാണ് ആ പാരബോള ജനിക്കുന്നത്.ആ അനന്തയ്ക്കും ഒരു കാര്‍ഡിനാലിറ്റി ഉണ്ടാകില്ലേ?ഒരു മിന്നല്‍ പോലെ ആ ചിന്ത എന്നിലൂടെ കടന്നു പോയി.
ഓരോ സ്പെയിസ് ടൈം ഫീല്‍ഡും ഓരോ ത്രികോണങ്ങളായി ഞാന്‍ സങ്കല്‍പ്പിച്ചു.ഐന്‍സ്റ്റീന്റെ ജനറല്‍ റിലെറ്റിവിറ്റി ഇക്വെഷനുകളില്‍നിന്ന് പ്രകാശത്തിന്റെ വേഗതയെക്കാളും സഞ്ചാരവേഗത പരിഗണിക്കുന്ന ചില പരിഹാരങ്ങളില്‍ ഭൂതകാലത്തേക്കുള്ള സഞ്ചാരം ഗണിതപരമായി സാധ്യമാണ്.പക്ഷേ അത്തരം പരിഹാരങ്ങള്‍ കണ്ടുപിടിക്കുന്നതിനു സ്പെയ്സ് ടൈം മണ്ഡലങ്ങളുടെ വക്രത ഗണിക്കാനുള്ള ഗണിതമാര്‍ഗങ്ങള്‍ ആവശ്യമാണ്.ഇത്രയും കാലം ഞാന്‍ ഒരു ഹോബി പോലെ കൊണ്ട് നടന്ന കാര്‍ഡിനലുകളുടെ പഠനം എനിക്ക് അതിനായി ഒരു പുതിയ മാര്‍ഗം തുടങ്ങി.
ഉറക്കം ഉണര്‍ന്നയുടനെ ഞാനെന്റെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ലക്ഷ്യം ഡയറിയില്‍ കുറിച്ചിട്ടു.ഒരു മനുഷ്യനും ഒരിക്കലും നേടിയിട്ടില്ലാത്ത,കഥകളില്‍ മാത്രം പരിചയിച്ചിടുള്ള സമയയന്ത്രത്തിന്റെ (time machine)ഗണിത മാതൃക ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അത്തരം ഒരു ഗണിതമാതൃകയില്‍നിന്ന് ,ഒരു മില്ലി സെക്കന്‍ഡ് എങ്കിലും ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്ന ഒരു ടൈംമെഷീന്‍ നിര്‍മ്മിക്കുക എന്നത് എന്റെ ഒരു സ്വപ്നമായി മാറി.പതിനെട്ടു വയസ്സിനുള്ളില്‍ അത് ഞാന്‍ സാധിക്കും.ഞാന്‍ മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിച്ചു.
3:സമയയന്ത്ര നിര്‍മ്മാണം
ഇപ്പോള്‍ എന്റെ ദിവസങ്ങള്‍ അതിഭയങ്കര വേഗത്തിലാണ് പോകുന്നത്.ഒരു ലക്ഷ്യം നമ്മുടെ മനസ്സില്‍ കുടിയേറിയാല്‍ ചുറ്റുമുള്ള മറ്റു കാര്യങ്ങള്‍ ഏകാഗ്രത നഷ്ടപെടുത്തുന്ന ശല്യമായെ തോന്നൂ.സമയയാത്രയുമായി ബന്ധപ്പെട്ട എല്ലാ പുസ്തകങ്ങളും ഇന്റര്‍നെറ്റിലും മറ്റും എഴുതപ്പെട്ട എല്ലാ വിവരങ്ങളും ഞാന്‍ സ്വായത്തമാക്കി കഴിഞ്ഞിരുന്നു.ഇപ്പോഴത്തെ നിമിഷത്തില്‍ നിന്ന് ഭൂതകാലത്തേക്കും ഭാവികാലത്തേക്കും സഞ്ചരിക്കുക എന്നത് വെറും ഫിക്ഷന്‍ അല്ല എന്ന് ഉറപ്പിക്കാവുന്ന ഗണിതതെളിവുകള്‍ എനിക്ക് ലഭിച്ചു.ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കൊണ്ട് ,സമയസ്ഥലമണ്ഡലങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാവുന്ന ഒരു സമയയന്ത്രത്തിന്റെ ഗണിതമാതൃക ഞാന്‍ രൂപപ്പെടുത്തി.
കാര്‍ഡിനല്‍തിയറി ഉപയോഗിച്ച് അനന്തമായ പ്രപഞ്ചങ്ങള്‍ നിലനില്‍ക്കുവെന്നും അവയിലൂടെ സഞ്ചരിക്കാമെന്നും ഞാന്‍ കടലാസില്‍ പ്രൂവ് ചെയ്തു.എങ്കിലും എന്റെ ഫോര്‍മുലകല്‍,കണക്കുകള്‍ ഒക്കെ കടലാസില്‍ മാത്രം നില്‍ക്കുന്നവയാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല.അവയൊക്കെ ഒരു ഭ്രാന്തന്റെ ജല്‍പ്പനങ്ങളായെ ആളുകള്‍ ,എന്തിനേറെ അക്കാദമിക്ക് രംഗത്തുള്ളവര്‍ വരെ പറയുകയുള്ളൂ.തിയറിയില്‍നിന്നും പ്രായോഗികമായി നടപ്പില്‍ വരുത്തുന്നവയ്ക്ക് മാത്രമേ നിലനില്‍പ്പ് ഉള്ളു.ഒരു സമയയന്ത്രം നിര്‍മ്മിക്കുക എന്നത് മാത്രമേ പരിഹാരമുള്ളൂ.
അത്തരം ഒരു സമയയന്ത്രം നിര്‍മ്മിക്കണമെങ്കില്‍ പ്രത്യേകതയുള്ള ചില വസ്തുക്കള്‍ വേണം.പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന ,നെഗറ്റീവ് മാസ് ഉള്ള വസ്തുക്കള്‍.അത്തരം ഒരു വസ്തു ലോകത്ത് ഒരിടത്തും കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
ഞാന്‍ ഗവേഷണം തുടങ്ങിയ വേനല്‍ക്കാലത്ത് തന്നെ അമ്മയുമായുള്ള എന്റെ ബന്ധം ഏറെക്കുറെ അറ്റ മട്ടിലായിക്കഴിഞ്ഞിരുന്നു.ഞാന്‍ താടിയും മുടിയും നീട്ടി ജടപിടിച്ചു എന്റെ ലാബില്‍ കഴിഞ്ഞുകൂടി.വളരെ അപൂര്‍വമായേ ഞാന്‍ പുറത്തുവന്നിരുന്നുള്ളൂ.
എങ്കിലും ഒരിക്കല്‍ എനിക്ക് അമ്മയുടെ മെസേജ് കിട്ടി.അച്ഛന്റെ ലാബിലേക്ക് ഉള്ള പാസ് വേഡ് ആയിരുന്നു അതിലുണ്ടായിരുന്നത്‌.ഒരുപക്ഷേ അമ്മക്ക് ഞാനുമായുള്ള ബന്ധം പൂര്‍വസ്ഥിതിയിലാക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നിരിക്കണം.
ഞാന്‍ അച്ഛന്റെ ലാബില്‍ കയറി.
ആ ലാബ്‌ നിറയെ അസ്ഥികൂടങ്ങളായിരുന്നു.
അച്ഛന്‍ അവസാനദിവസങ്ങളില്‍ കൂടുതലും ചെലവഴിച്ചത് മോര്‍ച്ചറികളിലും സെമിത്തേരികളിലുമായിരുന്നു.അമ്മയും മറ്റുള്ളവരും കരുതിയത്‌ അച്ഛന് ഭ്രാന്തായിരുന്നു എന്നാണു.ആ ലാബ്‌ കണ്ടപ്പോള്‍ എനിക്കും ആദ്യം തോന്നിയത് അതായിരുന്നു.പക്ഷേ കോഡ് രൂപത്തിലെഴുതിയ ഒരു റിസര്‍ച്ച് ഡയറി അലമാരയില്‍നിന്ന് ഞാന്‍ കണ്ടെടുത്തു.ഇത് വരെ ആരും വായിക്കാത്ത ഡയറി.ഗണിതത്തില്‍ അച്ഛനൊപ്പം ലഹരി എനിക്കും ഉണ്ടായതിനാല്‍ ആ കോഡ് ബ്രേക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചു.അച്ഛന്‍ ചിന്തിക്കുന്ന പോലെ ഞാന്‍ ഗണിത രീതിയിയില്‍ ചിന്തിച്ചു എന്ന് വേണമെങ്കില്‍ പറയാം.
അച്ഛന്‍ ശേഖരിച്ചത് ആത്മഹത്യ ചെയ്ത മനുഷ്യരുടെ അസ്ഥികൂടങ്ങളായിരുന്നു.
ആ ഡയറി വായിച്ചതോടെ എനിക്ക് ചില ചോദ്യങ്ങള്‍ക്ക് അമ്പരപ്പിക്കുന്ന ഉത്തരം ലഭിച്ചു.ഒപ്പം മറ്റു ചില പുതിയ ചോദ്യങ്ങള്‍ ഉള്ളില്‍ രൂപംകൊണ്ടു.
3.1നെഗറ്റീവ് എനര്‍ജി[3]
ജനുവരി അഞ്ച്,2019:
“ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ്.ചില പ്രത്യേകതരം മനുഷ്യ അസ്ഥികൂടങ്ങളില്‍നിന്ന് നെഗറ്റീവ് മാസ് ഉള്ള മൂലകം ഞാന്‍ വേര്‍തിരിച്ചെടുത്തു.അസ്ഥികൂടങ്ങളിനിന്ന് രാസപരിവര്‍ത്തനം നടത്തി വേര്‍തിരിക്കുന്ന ഈ വസ്തുക്കള്‍ 500 degree Celsius ചൂടിലും 1200G മര്‍ദ്ദത്തിലും നെഗറ്റീവ് മാസ് കൈവരിക്കുന്നുതായി കാണുന്നു.ആത്മഹത്യ ചെയ്യുന്ന മനുഷ്യരില്‍ മരണത്തിനു തൊട്ടുമുന്‍പ് ഉണ്ടാകുന്ന അതിതീവ്രമായ വിഷാദം ,ശരീരത്തുണ്ടാക്കുന്ന പ്രത്യേകതരം കെമിക്കലുകളാണ് ഈ വസ്തു ഉണ്ടാക്കാന്‍ കാരണം എന്ന് അനുമാനിക്കുന്നു.ഈ കണ്ടുപിടുത്തം മനുഷ്യരാശിയുടെ ,ശാസ്ത്രപുരോഗതിക്ക്,പ്രത്യേകിച്ചു ഫിസിക്ക്സിന് ഒരു നാഴികക്കല്ലാകും എന്ന് ഞാന്‍ കരുതുന്നു.നോബല്‍ പ്രൈസ് എന്ന ഏറ്റവും വലിയ അവാര്‍ഡ് ഇപ്രാവശ്യം എനിക്ക് തന്നെ ലഭിക്കും എന്നുറപ്പാണ്.കാരണം ഈ കണ്ടുപിടുത്തത്തെ മറികടക്കുന്നത് ഒന്നും ഈ നൂറ്റാണ്ടില്‍ത്തന്നെ ഉണ്ടായിട്ടില്ല.”
അച്ഛന്റെ ഡയറിയിലെ ഏറ്റവും അവസാന താള്‍ ആയിരുന്നു ഇത്.ജനുവരി അഞ്ച്.അന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായി അദ്ദേഹം രേഖപ്പെടുത്തി.ആ തിയതിക്ക് എന്തോ പ്രത്യേകത എനിക്ക് തോന്നി.ജനുവരി ആറു,2019..അന്നായിരുന്നു അച്ഛന്‍ മരിച്ചത്.ആത്മഹത്യ! താന്‍ മരിക്കുന്നതിനു തൊട്ടു തലേന്ന് ഇത്ര ആത്മവിശ്വാസവും സന്തോഷവുമുണ്ടായിരുന്ന മനുഷ്യന്‍ എന്തിനായിരിക്കും ആത്മഹത്യ ചെയ്തതത്?
എന്തിനായിരിക്കും അച്ഛന്‍ മരിച്ചത് എന്ന് ഞാന്‍ എങ്ങിനെ കണ്ടെത്തും ?
അച്ഛന്‍ നെഗറ്റീവ് മാസ് ഉള്ള മൂലകത്തെ വേര്‍തിരിച്ചു.ആ വസ്തു ഉപയോഗിച്ച് ,ഒരു സമയയന്ത്രം ഉണ്ടാക്കാന്‍ എനിക്ക് സാധിക്കും.മനുഷ്യന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ,എല്ലാ നിഗൂഡതകള്‍ക്കും ഉത്തരംതരാന്‍ സമയയന്ത്രത്തിനു സാധിക്കും.
4.0സമയയന്ത്രയാത്രകള്
‍“ചുറ്റും നടക്കുന്നത് അറിയാതെ ,ഒരു കുമിളയില്‍ തനിച്ചു കഴിയാന്‍ പോവുകയാണോ നീയും?”
ഒരു സമയയന്ത്രം ഉപയോഗിച്ചു ഇപ്പോഴത്തെ സമയത്തില്‍നിന്നും ഭൂതകാലത്തേക്കും പിന്നെ ഭാവികാലത്തെക്കും സഞ്ചരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ,നമ്മുടെ മനസ്സിലുണ്ടാകുന്ന ഒരു ചോദ്യമാണ് ഭൂതകാലം ,ഇതിനകം തന്നെ കഴിഞ്ഞതല്ലേ ?അത് വീണ്ടും എങ്ങിനെ പുനസ്ഥാപിക്കാന്‍ കഴിയും എന്നത് .സമയത്തെക്കുറിച്ചുള്ള നിങ്ങളുടെ ലീനിയര്‍ ആയ ചിന്താഗതിയാണ് ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്.സമയം നിങ്ങള്‍ കരുതുന്നത് പോലെ നേര്‍രേഖയില്‍ പോകുന്ന ഒന്നല്ല.നിങ്ങള്‍ ഒരു തമോഗര്‍ത്തത്തിന്റെ അരികിലേക്ക് ചെല്ലുമ്പോള്‍ സമയം ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുന്നത് പോലെ.അതിനര്‍ത്ഥം നിങ്ങള്‍ സമയമെന്നു കരുതുന്നത് യഥാര്‍ത്ഥമല്ലെന്നാണ്.
ഒരു കുമിളയുടെ ആകൃതിയില്‍ ഞാന്‍ ആദ്യ സമയയന്ത്രം രൂപകല്‍പന ചെയ്തു.അനേകം പരീക്ഷണപരാജയങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ആ ആകൃതി കണ്ടെത്തിയത്.
4.1:സമയയന്ത്രയാത്ര-ഭാവിയിലേക്ക്
എന്റെ പതിനെട്ടാം പിറന്നാളിനു മൂന്നു ദിവസം മുന്‍പായിരുന്നു ഞാന്‍ ആദ്യമായി സമയസീമകള്‍ ലംഘിച്ച യാത്ര നടത്തിയത്.മൂന്നു ദിവസം മുന്‍പോട്ടു എന്റെ ജന്മദിനത്തിലേക്ക് ഞാന്‍ സഞ്ചരിച്ചു.
വൃക്ഷങ്ങള്‍ ഇലകൊഴിഞ്ഞു നില്‍ക്കുന്ന വേനല്‍ക്കാലമായിരുന്നു അത്.നീലതടാകം പോലെ കിടന്ന ആകാശം ഭൂമിയിലെ ഇരുട്ടിനെ ചുംബിച്ചു.ഞാന്‍ അമ്മയുടെ മുറിക്കരികില്‍ എത്തി.ജനാലയ്ക്ക് വെളിയില്‍ തോട്ടിലിലാടുന്ന കുഞ്ഞിനെപ്പോലെ എന്റെ സമയയന്ത്രകുമിളയ്ക്ക്ള്ളില്‍ ഒഴുകിക്കിടന്നു കൊണ്ട് അമ്മയെ നോക്കി.അമ്മ ഒരു വിളറിയ സ്വപ്നം പോലെ തോന്നി.
അമ്മ ഒരു കത്തെഴുതുകയായിരുന്നു.ഒരേ ഒരു വരി മാത്രമുള്ള കത്ത്.ആ കത്ത് എഴുതിയതിനു ശേഷം അമ്മ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നത് ഞാന്‍ കണ്ടു.ഞാന്‍ കുമിളയ്ക്കുള്ളില്‍ കിടന്നു ഉറക്കെ കരഞ്ഞു.ഒരുപക്ഷേ ജനിച്ചതിനുശേഷം അമ്മയ്ക്ക് വേണ്ടി ഞാനാദ്യമായാവാം കരയുന്നത്.
എന്റെ കരച്ചില്‍ അമ്മ കേട്ടുവോ?ഒരു നിമിഷം അമ്മ അന്തരീക്ഷത്തിലേക്ക് ഞാന്‍ ,ഒഴുകിനടക്കുന്ന ഇടത്തേക്ക് ഉറ്റു നോക്കി.അമ്മയ്ക്ക് എന്നെ കാണാനാവില്ല.കാരണം കാര്‍ഡിനല്‍ തത്വങ്ങള്‍ അനുസരിച്ച് ഞാന്‍ അമ്മയുടെ ലോകത്തല്ല.പകരം രണ്ടു ലോകങ്ങള്‍ പരസ്പരം സ്പര്‍ശിക്കുന്ന സമയസ്ഥല സംക്രമബിന്ദുവിലാണ്..അമ്മ ആത്മത്യ ചെയ്യുന്നത് കാണാനാവാതെ ഞാന്‍ വീണ്ടും തിരികെപാഞ്ഞു.ആ കത്തില്‍ അമ്മ എഴുതിയ ഒരേയൊരു വാചകം മാത്രമേ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ.
“നിനക്ക് പതിനെട്ടു വയസ്സാവുന്നത് വരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു.”
4.2: സമയയന്ത്രയാത്ര-ഭൂതകാലത്തേക്ക്
ലോകത്തെ മാറ്റിമറിക്കുന്ന ആ കണ്ടുപിടുത്തം ഒരുപിടി ചോദ്യങ്ങള്‍ എന്നിലേക്ക് എറിഞ്ഞു.മൂന്നു ദിവസം കഴിഞ്ഞു പതിനെട്ടു തികയുന്ന രാത്രിയില്‍ അമ്മ ജീവിതം ഉപേക്ഷിക്കുന്നു.എന്തിനാണ് അമ്മ ഇത്ര നാള്‍ കാത്തിരുന്നത്?അമ്മയുമായി സംസാരിച്ചു അമ്മയെ പിന്തിരിപ്പിക്കാന്‍ എനിക്ക് കഴിയും എന്ന് തോന്നിയില്ല.ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ സംസാരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരുന്നു..അമ്മ എന്നില്‍നിന്ന് ഓടിയകലുകയായിരുന്നു .ആ അമ്മയോട് നിങ്ങള്‍ മൂന്ന് ദിവസം കഴിഞ്ഞു ആത്മഹത്യ ചെയ്യുന്നത് എന്തിനാണ് എന്ന് എനിക്ക് ചോദിയ്ക്കാന്‍ കഴിയില്ല.
.എല്ലാത്തിനും ഉത്തരം തരാന്‍ സമയയന്ത്രം നിന്റെ പക്കല്‍ ഇല്ലേ ?അച്ഛന്‍ ചോദിക്കുന്നത് പോലെ തോന്നി.
അങ്ങിനെ ഞാന്‍ ഭൂതകാലത്തേക്ക് യാത്ര നടത്തി.സമയ സ്ഥലചക്രങ്ങളുടെ നിഗൂഡമായ ചരിവുകളിലൂടെ,നിലാവ് വീണു കിടക്കുന്നകുന്നുകള്‍ക്ക് മുകളിലൂടെ ,ലില്ലിപൂക്കള്‍ വീണുറഞ്ഞ തടാകങ്ങള്‍ക്കിടയിലൂടെ വര്‍ഷങ്ങള്‍ ഞാന്‍ പുറകോട്ടു യാത്ര ചെയ്തു.അച്ഛന്‍ മരിക്കുന്ന രണ്ടായിരത്തി പത്തൊന്‍പതു ജനുവരി ആറിലേക്ക് ഞാന്‍ സഞ്ചരിച്ചു.
ഞാനിപ്പോള്‍ ആ ലാബിന്റെ മുന്‍പിലാണ്.ആഹ്ലാദം വിടര്‍ന്ന മുഖവുമായി അദ്ദേഹം പുറത്തുവരുന്നു.ഏറെനാളത്തെ ഗവേഷണം അതിന്റെ ഫലപ്രാപ്തിയിലെത്തിയ സന്തോഷത്തിലാണ് അച്ഛന്‍.അച്ഛന്‍ അമ്മയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങുന്നു.പെട്ടെന്ന് അച്ഛന്റെ ഫോണില്‍ ഒരു മെസേജ് വരുന്നു.അത് നോക്കുന്ന അച്ഛന്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങുകയാണ്.ആ ഫോണ്‍ അച്ഛന്റെ കയ്യില്‍നിന്ന് തെറിച്ചു ദൂരെ വീഴുകയാണ്.ഒരു നിമിഷം കൊണ്ട് ഫോണില്‍ വന്ന സന്ദേശത്തിന്റെ കണ്ടെന്റ് എന്റെ മുന്‍പിലൂടെ കടന്നു പോയി.
അത് അമ്മയുടെ നഗ്നദൃശ്യങ്ങളായിരുന്നു.അമ്മ മറ്റൊരാള്‍ക്കൊപ്പം ഏതോ ഹോട്ടല്‍ മുറിയില്‍ രതിയില്‍ ഏര്‍പ്പെടുന്നതിന്റെ ക്ലിപ്പുകള്‍.ആഡിയോ സന്ദേശങ്ങള്‍.ജോണ്‍ എന്ന ആ ജാരന്‍ തന്നെയാണ് ആ സന്ദേശങ്ങള്‍ അച്ഛന്റെ ഫോണിലേക്ക് അയച്ചത്.അവ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാതിരിക്കുന്നതിന് പണം ചോദിച്ചാണ് അയാള്‍ സന്ദേശം അയച്ചിരിക്കുന്നത്.
അച്ഛന് വീണ്ടും ഒരു ഫോണ്‍ വന്നു.അതിലെ സംഭാഷണങ്ങള്‍ക്കിടയില്‍ എനിക്ക് ഒരു കാര്യം മനസ്സിലായി.ഞാന്‍ അച്ഛന്റെ,രഘുനാഥന്‍ എന്ന ആ ശാസ്ത്രജ്ഞന്റെ മകനല്ല.ഹോട്ടലില്‍ രതിയിലെര്‍പ്പെടുന്ന അമ്മയുടെ ജാരന്റെ മകനാണ് ഞാന്‍.ദു:ഖം സഹിക്കവയ്യാതെ ,അച്ഛന്‍ ആത്മഹത്യ ചെയ്തു.അസ്ഥികൂടങ്ങള്‍ക്ക് പിറകെ നടന്നു അച്ഛന് ഭ്രാന്തു വന്നാണ് ആത്മഹത്യ ചെയ്തത് എന്ന് എല്ലാവരും കരുതി.അമ്മക്ക് എന്നോട് വെറുപ്പായിരുന്നു.ശാസ്തത്തിനു വേണ്ടി ജീവിതം ത്യജിച്ച അച്ഛനുമായുള്ള വിവാഹം അമ്മക്കിഷ്ടപ്പെട്ടു കാണില്ല.ആ ജാരന്‍ വിവാഹത്തിന്മുന്‍പേ അമ്മയുമായ് പ്രണയബന്ധത്തിലായിരുന്നു.ജീവിതത്തില്‍ സുഖത്തിനു പിറകെ പോയപ്പോള്‍ ,പറ്റിയ കയ്യബദ്ധമായിരുന്നു ഞാന്‍.അച്ഛന്‍ അമ്മയെ ആത്മഹത്യ ചെയ്തു തോല്‍പ്പിച്ചു.അമ്മ പക്ഷേ എന്നോട് ദയ കാണിച്ചു.എനിക്ക് പതിനെട്ടു വയസ്സ് തികയാന്‍ കാത്തിരുന്നു.ഇത്രനാളും അമ്മ ആ വിഷം മനസ്സിലിട്ടിരുന്നത് എനിക്ക് പ്രായം തികയാന്‍ വേണ്ടിയായിരുന്നു.ഒരു ജാരസന്തതതിയോടുള്ള കാരുണ്യം.
ജോണ്‍ എന്ന വിഷയലമ്പടന്റെ മകനായ എനിക്ക് .എങ്ങനെയാണ് ശാസ്ത്രത്തോടും ഗണിതത്തോടും സാമിപ്യം തോന്നിയത് ?എന്റെ വീടിന്റെ മുകള്‍നിലയിലെ മുറികളിലെ ആ വലിയമനുഷ്യന്റെ ആത്മാവിന്റെ വാത്സല്യം നിറഞ്ഞ സാന്നിധ്യമോ ?
ഞാന്‍ ഒരു വലിയ നുണയായിരുന്നു.
4.4:സമയയന്ത്ര യാത്രയുടെ അവസാനം
ഭാവിയില്‍നിന്നും ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന ഒരാള്‍ക്ക് ആ ലോകത്ത് നടക്കുന്ന ഇവന്റില്‍ പങ്കെടുക്കാന്‍ സാധിക്കും.ഒരിക്കല്‍ മാത്രം.അതിനായി അയാള്‍ സമയയന്ത്രത്തിനു പുറത്തുകടക്കണം.സമയയന്ത്രത്തിനുള്ളില്‍ നിന്ന് കൊണ്ട് അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.ചുറ്റും നടക്കുന്നത് കാണുകയല്ലാതെ.
ഞാനിപ്പോള്‍ നില്‍ക്കുന്നത് മെട്രോ സിറ്റിയിലെ ഒരു പഴയ ഹോട്ടലിനു പുറത്താണ്.ഈ ഹോട്ടലിലെ ജോണ്‍ എന്ന കാമുകന്റെ മുറിയിലേക്കാണ് അമ്മ ആരുമറിയാതെ വരുന്നത്.അയാള്‍ ഹോട്ടലിന്റെ ആറാം നിലയിലെ ബാല്‍ക്കണിയില്‍ തനിച്ചു നില്‍ക്കുന്നു.അമ്മയെ പോലെ വേറെയും പെണ്‍കുട്ടികള്‍ അയാളുടെ വലയില്‍ വീണിട്ടുണ്ട്.അവരില്‍ ചിലരുമായി ഫോണില്‍ സല്ലപിച്ചുകൊണ്ട് അമ്മ വരാന്‍ അയാള്‍ കാത്തുനില്‍ക്കുകയാണ്.ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് താഴെ ഹോട്ടലിന്റെ മുന്‍പിലെ വിശാലമായ ലോണിലൂടെ നടന്നു വരുന്ന അമ്മയെ നോക്കി അയാള്‍ ചുണ്ടുകള്‍ നനയ്ക്കുന്നു.
ഞാന്‍ സമയയന്ത്രത്തിനു പുറത്തു ,ഭൂതകാലത്തേക്ക് പ്രവേശിച്ചു.
അയാള്‍ എന്റെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.ഒരു വല്ലാത്ത ഭാവം അയാളുടെ മുഖത്ത് മിന്നിമറഞ്ഞു.അയാള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞില്ല.ആറാംനിലയില്‍നിന്ന് അയാളെ ഞാന്‍ താഴേക്ക് വലിച്ചെറിഞ്ഞു.
അയാളുടെ ശരീരം അമ്മയുടെ മുന്നില്‍ വീണു ,ശിരസ്സ് പൊട്ടിച്ചിതറുന്നത് ഞാന്‍ കണ്ടുനിന്നു.അമ്മ ഞെട്ടിത്തരിച്ചു അത് കാണുന്നു.മുകളിലേക്ക് നോക്കിയ അവര്‍ ഒരുനിമിഷം എന്റെ മുഖം കണ്ടിരിക്കണം.ഒരു മാത്ര ,ഒരേ ഒരു മാത്ര ഞാന്‍ അമ്മയുടെ മുഖം കാണുകയാണ്.അവരുടെ അവിശ്വസനീയത കലര്‍ന്ന നോട്ടം. എന്തായിരിക്കും അവര്‍ എന്നെ നോക്കിയപ്പോ കണ്ടിട്ടുണ്ടാകുക ?ഒരുപക്ഷേ ഒരു വിദൂരസ്വപ്നമായി തോന്നിയിട്ടുണ്ടാകാം.
5:ഉപസംഹാരം
അരവിന്ദ് രഘുനാഥന്‍ ഇരുപതു വര്‍ഷം പിന്‍പോട്ട് സഞ്ചരിച്ചു ഭൂതകാലത്തിലെ ഒരു ഇവന്റില്‍ മാറ്റം വരുത്തി.ജോണിന്റെ മരണം.അതോടെ അയാളുടെ അമ്മയുടെ ആത്മഹത്യവരെ എത്തുമായിരുന്ന സംഭവപരമ്പരകള്‍ക്ക് അരവിന്ദ് മാറ്റം വരുത്തി.അയാളുടെ അച്ഛന്റെയും അമ്മയുടെയും ജീവിതം കൂടുതല്‍ സുന്ദരമാവുകയാണ്.പക്ഷേ ആ ജീവിതത്തില്‍ അരവിന്ദ് ഉണ്ടാവില്ല.ഭൂതകാലത്തിലെ ഇവന്റില്‍ പങ്കെടുക്കുന്നതോടെ അനന്തതയുടെ ക്രമം നിങ്ങള്‍ തെറ്റിക്കുന്നു.ഒരിക്കലും നിങ്ങള്‍ക്ക് ഒരു മടങ്ങിപോക്കില്ല..എങ്കിലും അരവിന്ദ് തന്റെ കണ്ടുപിടുത്തം ഒരു സയന്റിഫിക്ക് പേപ്പര്‍ രൂപത്തിലാക്കി,ഇന്റര്‍നെറ്റില്‍ നിക്ഷേപിച്ചിരിക്കുന്നു.അതാണ്‌ നിങ്ങളിപ്പോള്‍ വായിക്കുന്നത്.ചതിക്കുഴികള്‍ നിറഞ്ഞ നിങ്ങളുടെ ഈ ലോകത്തിന് ഒരു മുന്നറിയിപ്പു തരാന്‍ വേണ്ടിയാണ് അവന്‍ അത് ചെയ്തത്. ഈ സയന്റിഫിക്ക് പേപ്പര്‍ നിങ്ങള്‍ വായിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ജീവിക്കുന്നത് രണ്ടായിരത്തിപത്തൊന്‍പതു -ഇരുപതു കാലഘട്ടങ്ങളിലാണ് എന്നാണ്. അരവിന്ദ് ഇപ്പോള്‍ എവിടെയാണ് എന്നറിയില്ല.ഒരുപക്ഷെ ,സ്ഥലസമയങ്ങളുടെ ആരും കാണാത്ത സുന്ദരമായ പുല്‍മേടുകളിലൂടെ ഒരു സ്വപ്നമായി അവന്‍ പാറിനടക്കുന്നുണ്ടാവും.ആ സ്വപ്നത്തില്‍ തന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലുണ്ടാകുന്ന സുന്ദരമായ മാറ്റങ്ങള്‍ ആഹ്ലാദത്തോടെ വീക്ഷിക്കുകയാവും.
(അവസാനിച്ചു)

Written BY Aneesh Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo