നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം ഒരു നാടകം

Image may contain: 1 person, tree and outdoor
തറവാടിന്റെ അന്തസ്സു നോക്കാതെ ഏകമകൾ അന്യജാതിക്കാരന്റെകൂടെ പോകാനായിട്ട് നിൽക്കുവാണ്. അതും വിവാഹിതൻ.
ഏതൊരച്ഛനാണ്, ഏതൊരമ്മയാണ് ഈ ബന്ധം അംഗീകരിക്കുക. ഏകമകൾ സുന്ദരി, വിദ്യാഭ്യാസമുള്ളവൾ. നൂറിൽ നൂറ് മാർക്കും കിട്ടാൻ അർഹതയുള്ള കുട്ടി, അവൾക്കു വേണ്ടി ഏതൊരു മേഖലയിൽ ജോലി ചെയ്യുന്നവനായാലും, എത്ര കഴിവുള്ളവനായാലും കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും അവളിങ്ങനെ...
ലാളനയ്ക്കപ്പുറം മകളെ പെട്ടെന്ന് പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടായിരുന്നു ഇരുപത്തിനാല് വയസ്സെങ്കിലും ആയിട്ട് അവളെ കെട്ടിച്ചുവിട്ടാൽ മതിയെന്നു തീരുമാനിച്ചത്. അത് അവളുടെ അമ്മയും അച്ഛനും ചേർന്നെടുത്ത തീരുമാനം തന്നെയായിരുന്നു. മോൾക്കായിരുന്നു ആ കാര്യത്തിൽ ഏറെ സമ്മതമുണ്ടായിരുന്നതും.
എന്നിട്ടാണിപ്പോൾ ഇങ്ങനെ.
ഓരോന്നോർത്ത് ഭ്രാന്തു വരുന്നതുപോലെ അയാൾക്കു തോന്നി. കുടുംബത്തിന്റെ അന്തസ്സ്, നാട്ടുകാരുടെ മുമ്പിൽ എങ്ങനെ നോക്കും. അവൾക്കായി നേരത്തേ ഒരുക്കിവച്ച നൂറ്റമ്പത് പവൻ, മറ്റു സമ്പാദ്യങ്ങൾ, എല്ലാം അവൾക്കുമാത്രമുള്ളത്. നാട്ടുകാരെയൊക്കെ ക്ഷണിച്ച് കരയടച്ചുള്ള ഒരു കല്യാണം ഇതൊക്കെയായിരുന്നു മോഹം. എന്നിട്ടാണിപ്പോൾ.. ഓർക്കുംതോറും അയാൾക്ക് എത്തുംപിടിയും കിട്ടാതായി.
കാര്യം അറിഞ്ഞിട്ടോ എന്തോ അയൽപക്കത്തെ ശ്രീദേവി കയറിവന്നു. അവരുടെ മുന്നിൽനിന്നും ജ്യോതി പൊട്ടിക്കരഞ്ഞു. മകളുടെ ചെയ്തികളെ അംഗീകരിക്കാൻ ജ്യോതിക്ക് കഴിഞ്ഞില്ല.
ആളുകളുടെ മുന്നിൽ കുംടുംബനാഥൻ കരയുന്നത് മോശമല്ലെ എന്ന ചിന്തയാൽ
ഉള്ളിൽനിന്നും പുറത്തെക്ക് ചാടാനൊരുങ്ങിയ കണ്ണുനീർ, പുറത്തെക്ക് തുളുമ്പാതെ കണ്ണിൽ നിറച്ചുവച്ച്‌ രവി അകത്തേക്ക് നടന്നു. ശ്രീദേവി തിരിച്ചുപോയപ്പോൾ ജ്യോതിയും ഭർത്താവിന്റെ പിന്നാലെ അകത്തേക്കു കയറി.
അകത്ത് മുറിയിൽ കിടക്കയിൽ ചെരിഞ്ഞുകിടക്കുന്ന മകൾ നീലിമ.
അവളുടെ മുഖത്ത് കാണുന്ന ചുവന്ന അടയാളങ്ങൾ, അയാളുടെ കൈവിരലുകളുടെതായിരുന്നു. എന്നിട്ടും മകൾ കണ്ണിൽനിന്നും ഒരുതുള്ളി കണ്ണുനീർപോലും പുറത്തേക്ക് കാണിക്കാതെ നിന്നപ്പോൾ അച്ഛന് മകളുടെ മുന്നിൽ തോറ്റു പിൻമാറേണ്ടി വന്നു. ഒരിക്കലും മകളെ വഴക്കുപറയാത്ത ജ്യോതിയും അവളെ ആവോളം ശകാരിച്ചെങ്കിലും നീലിമ തീരുമാനത്തിൽനിന്നും പിന്മാറിയില്ല. ഇനിയൊന്നു കരഞ്ഞുപറഞ്ഞാലെങ്കിലും അവൾ അനുസരിച്ചെങ്കിൽ..
ജ്യോതിയും രവിയും മകളുടെ അരികിലിരുന്നു.
മോളെ...അച്ഛൻ അറിയാതെ എന്റെ മോളെ നോവിച്ചുപോയി ക്ഷമിക്കു.
വേണ്ടച്ഛാ. അച്ഛന്റെ ക്ഷമാപണം പുറത്തേക്ക് വരുന്നതിനു മുൻപായി അവൾ അച്ഛന്റെ വായപൊത്തി. തെറ്റുചെയ്തതു ഞാനല്ലേ. എനിക്കു നൊന്തില്ല. അയാൾ മകളെ ചേർത്തുപിടിച്ചു മുടിയിൽ തലോടി.
'മോളെ ഇനിയെങ്കിലും പറയൂ. അയാളുടെ കൂടെ പോകുന്നില്ല. അച്ഛനെയും അമ്മയെയും വേർപിരിയില്ലാന്ന്.'
'ഇല്ലച്ഛാ..ഞാനെങ്ങും പോകില്ല. പക്ഷെ ശ്രീയേട്ടനല്ലാതെ മറ്റൊരാളെ ഭർത്താവായി സ്വീകരിക്കാൻ എന്നെ നിർബന്ധിക്കരുത്. ഞാനൊരിക്കലും ആർക്കും ചീത്തപ്പേരുണ്ടാക്കാതെ ഇവിടത്തന്നെ കഴിയാം'.
'മോളെ നീ വീണ്ടും..'
രവി അങ്ങനെ പറഞ്ഞപ്പോൾ ജ്യോതി മകളോട് അല്പം ദേഷ്യത്തോടെയാണ് സംസാരിച്ചത്.
'ഇനി അവളെന്തെങ്കിലും ചെയ്യട്ടെ'
എന്ന് ക്ഷോഭത്തോടെ പറഞ്ഞു അവർ പിന്തിരിഞ്ഞു.
'അച്ഛാ, എനിക്ക് ഒരു കാര്യം പറയാനുണ്ട് കേൾക്കാമോ?'
നീലിമ രവിയുടെ മുഖത്തേക്ക് നോക്കി.
'ഉം..മോളു പറയൂ '
'ശ്രീയേട്ടൻ എന്നെ പ്രണയിച്ച് വശത്താക്കിയ ആളല്ല. അപ്രതീക്ഷമായി ഭാര്യ നഷ്ടപ്പെട്ടപ്പോൾ മനസ്സിന്റെ സമനില തെറ്റാറായ ആ മനുഷ്യനെ നേഴ്സായ താനാണ് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു കൊണ്ടുവന്നത്. ഭാര്യയെ ഇത്ര അധികം സ്നേഹിച്ച അദ്ദേഹത്തോടുള്ള ഇഷ്ടം അതായിരുന്നു ആ ബന്ധം.'
'മറ്റൊന്നുകൂടി ചോദിക്കട്ടെ,
അച്ഛനും അമ്മയും തനിക്കുവേണ്ടി കണ്ടെത്തുന്ന ഭർത്താവ് പൂർണ്ണമായും എന്നെ സ്നേഹിക്കും എന്നുറപ്പുണ്ടൊ?
അല്ലെങ്കിൽ ആ ഭർത്താവ് അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടത്താൽ വൈധവ്യം തനിക്കും വന്നുകൂട എന്നുറപ്പിച്ചു പറയാനാകുമൊ?'
മകളുടെ ചോദ്യത്തിന് ഉത്തരം നൽകാനാകാതെ ആ അച്ഛനും അമ്മയും നിശ്ശബ്ദരായി.
........
പിറ്റെദിവസം വീടിനു പുറത്ത് ഒരു കാർ വന്നുനിന്ന ശബ്ദംകേട്ട് ജ്യോതിയും രവിയും വീടിനു പുറത്തേക്കിറങ്ങി.
കാറിൽനിന്നും പുറത്തേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
'ഞാനാണ് ശ്രീകുമാർ. കഴിഞ്ഞ ദിവസം ശ്രീദേവിചേച്ചി പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്‌ '
'എന്റെ ഭാര്യയായ ലക്ഷ്മിയുടെ ഓർമ്മകളിൽനിന്നും പൂർണ്ണമായും മുക്തനാകാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഞാൻ നീലിമയെ പറഞ്ഞുതിരുത്താം, അവളെയൊന്നു വിളിക്കാമോ?'
പുറത്തെ വാതിൽപ്പടിക്ക് പിറകിൽനിന്നും രവിയും ജ്യോതിയും മകളുടെ തേങ്ങൽ കേട്ടു . രവി മെല്ലെ അകത്തേക്കു പോയി മകളെ പുറത്തേക്കു കൂട്ടിക്കൊണ്ടുവന്നു. ശ്രീകുമാറിന്റെ അടുത്തെക്ക് മകളെ ചേർത്തുനിർത്തി. ശേഷം എല്ലാവരും കേൾക്കത്തവിധം ശ്രീകുമാറിനോടായി പറഞ്ഞു.
'നിനക്ക് സമ്മതമാണെങ്കിൽ എന്റെ മോളെ കൂടെ കൊണ്ടുപോയ്ക്കൊളു. എനിക്കു സമ്മതമാണ്. കാരണം മരിച്ചുപോയ ഭാര്യയെ ഇത്രയധികം സ്നേഹിക്കുന്നുവെങ്കിൽ തീർച്ചയായും എന്റെ മകളെയും നീ സ്നേഹിക്കും.'
നീലിമ ശ്രീകുമാറിന്റെ കണ്ണുകളിലേക്കു നോക്കി. അയാൾ അവളേയും.
നീലിമയുടെ സൗന്ദര്യം ശ്രീകുമാർ ആദ്യമായി കാണുകയായിരുന്നു..!!
_ ബിന്ദു സുന്ദർ -

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot