Slider

കറുമ്പി..

0
Image may contain: 1 person, smiling, closeup
കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞു.. വീട്ടിലേക്ക് വിളിച്ചാൽ എല്ലാവർക്കും വിശേഷം മാത്രെ ചോദിക്കാനുള്ളു..
എന്റെ വിശേഷം എനിക്ക് മാത്രല്ലേ അറിയൂ..
അച്ഛൻ കറുപ്പും അമ്മ വെളുപ്പും ആയത് കൊണ്ട് ഞങ്ങൾ മൂന്നു പെൺമക്കളിൽ മറ്റു രണ്ടാളും അമ്മയെ പോലെയും ഞാൻ അച്ഛനെ പോലെയുമായി..
അവരൊക്കെ നല്ല സുന്ദരി കുട്ടികൾ..
ഞാൻ കറുത്തിരുണ്ടതോണ്ട്
ആവണം എനിക്ക് ഭയങ്കര അപകർഷതാ ബോധമാണ്.
തന്നെക്കാൾ കൂടുതൽ ആരെങ്കിലും അവരെ സ്നേഹിച്ചാൽ എനിക്കത് സഹിക്കാൻ കഴിയില്ല.. ഒറ്റയ്ക്കിരുന്നു കരഞ്ഞു തീർക്കും..
പക്ഷെ അച്ഛനെന്നും എന്നെ ചേർത്ത് പിടിച്ചിരുന്നു..
"അവര് രണ്ടാളും അമ്മയെ പോലെ അല്ലെ.. അപ്പൊ എന്നെപോലെ ആരേലും വേണ്ടേ.. "
ആ ചോദ്യം കേൾക്കുമ്പോൾ എന്റെ സങ്കടം മാറിപ്പോകും.. ഒരുപക്ഷേ അച്ഛനും നിറത്തിന്റെ പേരിൽ വിഷമിച്ചിട്ടുണ്ടാകും എന്നോർത്തു..
കല്യാണ പ്രായമായപ്പോൾ നിറം അവിടെയും വില്ലനായി..
വന്ന ആലോചനകൾ എല്ലാം മുടങ്ങി.. അവസാനം വന്ന ആലോചന ആയിരുന്നു നിരഞ്ജന്റെ..
അമ്മയും മേമയും ആണ് ആദ്യം എന്നെ കാണാൻ വന്നത്.. അവർക്കെന്നെ എങ്ങനെ ഇഷ്ടമായെന്ന് അറിയില്ല..
പിന്നെയാണ് ചെറുക്കൻ വന്നത്.. ചെറുക്കനെ കണ്ടപ്പോഴേ ഞാനുറപ്പിച്ചു ഇത് നടക്കില്ലെന്നു..
കാരണം നല്ല വെളുത്തിട്ടാണ് നിരഞ്ജൻ അത് പോലെ നല്ല ഉയരവും..
ഞാൻ ആണെങ്കിൽ അര കുറ്റി പുട്ട് പോലെ നീളവുമില്ല അത്യാവശ്യം തടിയുമുണ്ട് എന്ന അവസ്ഥയിൽ ആണ്..
പിന്നെ ആകെയുള്ള സമ്പാദ്യം ബിഎഡ്കാരി എന്ന ലേബൽ ആണ്..
അടുത്തുള്ള ഒരു സ്കൂളിൽ തല്ക്കാലിക വേക്കൻസിയിൽ കയറിയതാ.
പക്ഷെ എന്നെയും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവർക്ക് കല്യാണത്തിന് സമ്മതമാണെന്ന വാർത്ത അറിഞ്ഞു..
ചേച്ചിയും അനിയത്തിയും ചെറിയൊരു കുശുമ്പോടെ തന്നെ നോക്കിയോ എന്ന് സംശയം..
കല്യാണം വിളിക്കാൻ കൂട്ടുകാരുടെ അടുത്ത് പോയപ്പോൾ ചെറുക്കന്റെ ഫോട്ടോ കണ്ട് അവർ കളിയായി ചോദിച്ചു ചെറുക്കന് കണ്ണിന് കുഴപ്പമുണ്ടോ എന്ന്..
സത്യം പറഞ്ഞാൽ എല്ലാവരും സന്തോഷിച്ചപ്പോൾ എനിക്കധികം സന്തോഷം തോന്നിയില്ല..
കാരണം കല്യാണം ഉറപ്പിച്ചിട്ടും അയാൾ തന്നെ വിളിക്കാറില്ല..
എന്നാ അമ്മയും മേമയും നാത്തൂനും ഏട്ടത്തിയുമൊക്കെ ഇടയ്ക്ക് വിളിക്കും..
അവിടെയും മൂന്നു മക്കളാണ്.. ഒരു ചേട്ടനും പെങ്ങളും..
സാധാരണ പെൺകുട്ടികൾ കാണുന്ന പോലെ നിറമുള്ള സ്വപ്നം കാണാൻ എന്തോ ഒരു പേടി തോന്നി..
അങ്ങനെ എല്ലാവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്ന് എന്റെ ജീവിതത്തിലും വന്നു..
എല്ലാവരുടെയും അനുഗ്രഹത്തോടെ നിരഞ്ജന്റെ ഭാര്യയായി മാറി..
തന്റെ തോന്നലുകൾ ഒന്നും തെറ്റിയില്ലെന്ന് കല്യാണ രാത്രി മനസിലായി..
"രാഖി.. തന്നെ എനിക്കൊരിക്കലും ഭാര്യയായി കാണാൻ ആവില്ല..
പിന്നെ ഈ നടന്നതൊക്കെ വീട്ടുകാർക്ക് വേണ്ടിയാണ്...
തനിക്കിവിടെ തുടരാനാവില്ലെങ്കിൽ തിരിച്ചു പോകാം.. ആരും തടയില്ല..
അല്ല എന്നാണെങ്കിൽ ഒരു വർഷം കഴിഞ്ഞു ഡിവോഴ്സ്ന്റെ കാര്യം നോക്കാം..
എന്തായാലും എനിക്ക് സമ്മതമാണ്.. "
കൂടുതൽ ഒന്നും സംസാരിക്കാതെ അയാൾ കിടന്നുറങ്ങി...
അങ്ങോട്ട്‌ എന്ത് പറയാനാ.. നാളെത്തന്നെ ഇറങ്ങിയാൽ മറ്റുള്ളവർക്ക് മുന്നിൽ പരിഹാസപാത്രമായി നിൽക്കേണ്ടി വരും..
മാത്രമല്ല കല്യാണത്തിന് ചിലവ് എത്ര ആയിരുന്നു.. ആ പണമൊക്കെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത..
അവരുടെ കണ്ണീരു കാണാൻ വയ്യ.. അത് കൊണ്ട് തന്നെ ആ വീട്ടിൽ കഴിയാൻ തീരുമാനമെടുത്തു..
മറ്റുള്ളവർക്ക് മുൻപിൽ എന്തൊക്കെയോ സംസാരിച്ചു തീർക്കാറാണ് നിരഞ്ജൻ.. അവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം..
അയാൾ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്.. കുറച്ചകലെ ആണ് ബാങ്ക് അത് കൊണ്ട് അവിടെ ഫ്ലാറ്റ് എടുത്തു താമസിക്കുകയാണ് കക്ഷി..
കല്യാണം കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആൾക്ക് പോകാൻ സമയമായി..
സത്യം പറഞ്ഞാൽ അതൊരു ആശ്വാസമാണ്..
അഭിനയത്തിൽ നിന്ന് പുറത്ത് കടക്കാലോ..
പക്ഷെ എന്റെ പ്രതീക്ഷയെ തെറ്റിച്ചു അമ്മ നിരഞ്ജനോടൊപ്പം പോകാൻ നിർദേശിച്ചു..
രണ്ടുപേർക്കും കൂടുതൽ എതിർക്കാൻ ആവാത്തത് കൊണ്ട് കൂടെപോയി..
നിരഞ്ജന് അത് തീരെ ഇഷ്ടമായിട്ടില്ല എന്ന് അയാളുടെ മുഖം കണ്ടാൽ അറിയാം..
പക്ഷെ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ഞാൻ നിന്നു..
ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈകുന്നേരം ആയി..
"രാഖി.. ഈ കാണുന്നതാണ് എന്റെ മുറി.. നിനക്ക് മറ്റേ മുറി ഉപയോഗിക്കാം.. "
അതും പറഞ്ഞു തന്റെ മുറിയിലേക്ക് അയാൾ പോയി..
ഒരുകണക്കിന് അത് നന്നായെന്ന് എനിക്കും തോന്നി..
ശ്വാസം മുട്ടുന്നത് പോലെ ഒരു മുറിക്കുള്ളിൽ ഒതുങ്ങുന്നതിലും നല്ലതാണ് ഇത്..
ആ മുറിയിലേക്ക് കയറി.. സാധനങ്ങൾ ഒക്കെ അടുക്കി വെച്ചു എന്നിട്ട് ഫ്രഷ് ആയി പുറത്ത് വന്നു..
ഫ്ലാറ്റ് ആകമാനം നോക്കി.. അധികം വലുതല്ല.. എങ്കിലും അറ്റാച്ഡ് ബാത്രൂം ഉള്ള രണ്ടു റൂമും ഹാളും കിച്ചണും.
പിന്നെ ചെറിയൊരു ബാൽക്കണി.. തുണി ഒക്കെ വിരിച്ചിടാം..
അധികം വലിപ്പമൊന്നുമില്ലാത്തത് കൊണ്ട് ചെയർ ഒന്നും ഇടാൻ കഴിയില്ല....
അടുക്കളയിൽ നോക്കിയപ്പോൾ സാധനങ്ങൾ ഒന്നുമില്ല..
നിരഞ്ജനോട് പറഞ്ഞപ്പോൾ പുറത്തു പോകാൻ റെഡി ആവാൻ പറഞ്ഞു..
ആദ്യം ചെന്നത് ഭക്ഷണം കഴിക്കാൻ ആണ്.. അത് കഴിഞ്ഞു സൂപ്പർ മാർകറ്റിൽ കയറി വേണ്ടതൊക്കെ വാങ്ങി..
പിറ്റേന്ന് അയാൾക്ക് പോകേണ്ട എന്ന് പറഞ്ഞിരുന്നു. അത് കൊണ്ട് തിരികെ വന്നു വേഗം അങ്ങ് കിടന്നുറങ്ങി..
പിന്നീടുള്ള ദിവസങ്ങൾ യന്ത്രം പോലെ ആയിരുന്നു..
ഭക്ഷണം ഉണ്ടാക്കുക ഉറങ്ങുക വീട് വൃത്തിയാക്കുക.. തീർന്നു..
പിന്നെ ആകെ ബോർ അടി ആയി.. മിണ്ടാൻ പോലും ആരുമില്ല..
നിരഞ്ജൻ ആണെങ്കിൽ രാവിലെ പോകും വൈകിട്ട് വരും..
വന്നാൽ ഒന്നുങ്കിൽ ഫോണിൽ അല്ലെങ്കിൽ ടി വി...
കഴിക്കാൻ വിളിച്ചാൽ കഴിച്ചിട്ട് പോകും.. ഈ ഒരു മനുഷ്യൻ ആ വീട്ടിൽ ഉണ്ടെന്ന് പോലും ഭാവിക്കാറില്ല..
ഞാൻ കഴിച്ചോ..? എനിക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ??
അതൊന്നും അറിയാനോ കേൾക്കാനോ ശ്രമിച്ചില്ല..
ശനിയാഴ്ച ഉച്ചവരെ ഉള്ളു ജോലി എങ്കിലും വരുമ്പോൾ ഒരു നേരമാവും..
ഞായറാഴ്ച ആണെങ്കിൽ രാവിലെ എഴുന്നേൽക്കുന്നത് പതിനൊന്നു മണി കഴിഞ്ഞു ആയിരിക്കും പിന്നെ ഫ്രണ്ട്സിന്റെ കൂടെയോ അല്ലെങ്കിൽ ഒറ്റയ്ക്കോ എങ്ങോട്ടെങ്കിലും പോകും..
എവിടെയാ പോകുന്നതെന്ന് പോലും പറയാറുമില്ല ഞാനൊട്ടു ചോദിക്കാറുമില്ല..
ആകെ ഒരുമിച്ചു പുറത്തിറങ്ങുന്നത് ആഴ്ചയിൽ ഒരു ദിവസം സൂപ്പർ മാർകറ്റിൽ പോകുന്നത് മാത്രമാണ്..
ബോറടി മാറ്റാൻ അവസാനം കഥ എഴുത്തിലേക്ക് ഞാൻ കടന്നു.. മുൻപ് സ്കൂളിൽ പഠിക്കുമ്പോ എഴുതുമായിരുന്നു..
ഇപ്പോഴാണെങ്കിൽ എഫ്ബിയിൽ അവസരമുണ്ട്..
അങ്ങനെ എഴുതി തുടങ്ങി.
പിന്നെ പാട്ട് പാടുക ഡാൻസ് കളിക്കുക.. ഇത്യാതികളിൽ മുഴുകി സമയം കളയാൻ തുടങ്ങി...
ഒരു ജോലി നോക്കണമെന്നുണ്ടെങ്കിലും അടുത്ത അധ്യയന വർഷത്തിലേക്ക് വേക്കൻസി ഉണ്ടെന്ന് ഒന്ന് രണ്ട് സ്കൂളിൽ പറഞ്ഞിരുന്നു..
അതിനിനിയും കിടപ്പുണ്ട് ആറേഴു മാസം..
മാസങ്ങൾ അങ്ങനെ കടന്നു പോയി.. ഇതിനിടയിൽ മൂന്നാല് വട്ടം വീട്ടിൽ പോയി വന്നു..
ദാ ഇപ്പൊ കല്യാണം കഴിഞ്ഞു ആറു മാസമായി.. അക്കരെ ഇക്കരെ നിന്ന് വിശേഷം ഉണ്ടാക്കാൻ കഴിയില്ലല്ലോ.. അതിപ്പോ ആരോട് പറയാനാ ആര് കേൾക്കാനാ.
ആലോചിച്ചാലോചിച്ചു സമയം പോയതറിഞ്ഞില്ല.. അങ്ങേരിപ്പോ എത്തും....
കോഫീ റെഡി ആകുമ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ..
ആള് ഫ്രഷ് ആയി വന്നപ്പോഴേക്കും കോഫിയും സ്‌നാക്‌സും ടേബിളിൽ വെച്ചു തിരിഞ്ഞു നടന്നു..
"രാഖി.. കഥ എഴുതാറുണ്ടോ..? "
പിന്നിൽ നിന്ന് നിരഞ്ജന്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി..
ഉണ്ടെന്ന് തലയാട്ടി..
"തനിക്ക് നല്ല ഫാൻസ്‌ ഒക്കെ ഉണ്ടെന്ന് തോന്നുന്നു.. എന്റെ കൊളീഗ് ഒരാൾ സ്ഥിരമായി തന്റെ കഥ വായിക്കാറുണ്ടെന്ന് പറഞ്ഞു..
പക്ഷെ എന്റെ ഭാര്യ ആണെന്ന് അറിഞ്ഞത് ഇന്നാണ്..
എന്നോട് ഭാര്യയെ കണ്ടില്ല എന്ന് പറഞ്ഞപ്പോഴാണ് കല്യാണ ഫോട്ടോ കാണിച്ചത്..
അപ്പോഴാണ് അവർ കാര്യം പറഞ്ഞത്.. "
ചിരിയോടെ അത്രയും നേരം സംസാരിച്ച നിരഞ്ജനെ ഞാനൊന്ന് അന്തിച്ചു നോക്കി.. എന്നിട്ട് ഒരു പുഞ്ചിരി നൽകി..
"എന്റെ അന്വേഷണം പറഞ്ഞേക്കൂ ആളോട്.. "
അത്രയും പറഞ്ഞു ഞാൻ പിന്തിരിഞ്ഞു..
അല്ലാതെ വേറെന്താ പറയുക.. സംസാരിക്കാൻ ഞങ്ങൾക്കിടയിൽ വിഷയം ഒന്നുമില്ലല്ലോ..
അത്താഴത്തിനു വിളിക്കാൻ വരുമ്പോഴാണ് കണ്ടത് തന്റെ കഥ അയാൾ വായിക്കുന്നത്..
കാണാത്ത പോലെ കഴിക്കാൻ വിളിച്ചിട്ട് ഇങ്ങു പോന്നു..
ദിവസങ്ങൾ പിന്നെയും ഓരോന്നായി കൊഴിഞ്ഞു..
വല്ലപ്പോഴും നീ കഴിച്ചോ എന്നൊക്കെ ചോദിക്കാറുണ്ട്..
എന്ത് പറ്റിയോ ആവോ..
സ്കൂൾ വെക്കേഷൻ തുടങ്ങി..
ജോലിക്ക് പോകാനുള്ള പെർമിഷൻ വാങ്ങണം എന്ന് കരുതി ഇരുന്നു..
ഈ മാസം ആണ് ഇന്റർവ്യൂ പറഞ്ഞത്..
കിട്ടിയാൽ ഈ ബോറടി മാറുകയും ചെയ്യും. ഇനി ഡിവോഴ്സ് ആയാലും ആരെയും ആശ്രയിക്കാതെ ജീവിക്കാനും പറ്റും..
രാവിലെ തന്നെ ഭക്ഷണം ഒക്കെ ആവുന്നത് കൊണ്ട് പണി ഇല്ലായിരുന്നു.. പെട്ടെന്നെന്തോ പായസം കുടിക്കാൻ ഒരു കൊതി തോന്നി..
പിന്നൊന്നും നോക്കിയില്ല പായസം ഉണ്ടാക്കി തുടങ്ങി..
പാട്ടൊക്കെ പാടി ആടിപ്പാടി ആണ് ഉണ്ടാക്കിയത്..
പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം കേട്ടപോലെ തോന്നി..
തിരിഞ്ഞു നോക്കുമ്പോൾ സാക്ഷാൽ കെട്ടിയവൻ..
ആകെ ചമ്മി പോയി.. പക്ഷെ ആളുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും കണ്ടില്ല..
അത് കൊണ്ട് ചമ്മലും മറച്ചു വീണ്ടും പണി തുടർന്നു..
എന്തെ നേരത്തെ വന്നതെന്ന് പോലും ചോദിച്ചില്ല..
"എനിക്കൊരു കാപ്പി ഉണ്ടാക്കി തരാവോ.. നല്ല തലവേദന.. "
ഞാൻ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ മൂപ്പര് ചോദിച്ചു..
ശരി എന്നും പറഞ്ഞു കാപ്പി ഉണ്ടാക്കാൻ തുടങ്ങി..
"താൻ ഒരു കലാകാരി ആണല്ലേ.. പാട്ടും ഡാൻസും കഥ എഴുത്തും ഒക്കെ ഉണ്ടല്ലോ.. "
എന്റെ കൈയിൽ നിന്ന് കാപ്പി കപ്പ് വാങ്ങി കൊണ്ടാണ് അത് ചോദിച്ചത്..
ആ ചോദ്യവും ചിരിയും കണ്ടപ്പോൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്..
"ഡോ.. "
നിരഞ്ജന്റെ വിളി കേട്ടപ്പോൾ കണ്ണുമിഴിച്ചു നോക്കി..
"സ്വപ്നം കാണുവാണോ..? "
"അല്ല.. എന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത് ആദ്യമായല്ല അതോണ്ട് നോക്കി നിന്നതാ.. "
ചിരിയോടെ അത് പറഞ്ഞു..
"പായസം ഉണ്ട് എടുക്കട്ടെ.. "
"എന്താ സ്പെഷ്യൽ..? "
"ഒന്നുല്ല കഴിക്കാൻ തോന്നി ഉണ്ടാക്കിയതാ.. എന്തെങ്കിലും കൊതി തോന്നിയാൽ അത് കൈയിൽ കിട്ടുമ്പോഴല്ലേ ഒരു സന്തോഷം.. "
"എന്നാ ഒരു ഗ്ലാസ് ഇങ്ങു പോരട്ടെ.. "
ഞാൻ അവനത് കൊടുത്തു.. കാപ്പി കപ്പ് തിരികെ വെച്ചിട്ട് പായസം കുടിക്കാൻ തുടങ്ങി..
ഞാനും വന്നിപ്പുറത്ത് ഇരുന്നു കുടിക്കാൻ തുടങ്ങി..
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.. "
"പറഞ്ഞോ.. "
ഞാൻ പറയുന്നത് കേൾക്കാൻ നിരഞ്ജൻ തയ്യാറായി.. സാധാരണ ചോദ്യവും പറച്ചിലും ഒന്നും ഉണ്ടാവാറില്ലല്ലോ..
"എനിക്ക് ഇങ്ങനെ ഇരുന്നു ബോറടിച്ചു തുടങ്ങി.. ജോലിക്ക് പോകണമെന്നുണ്ട്..
കല്യാണം കഴിഞ്ഞ സമയത്തു നോക്കിയപ്പോൾ വേക്കൻസി ഒന്നും ഇല്ലായിരുന്നു..
ഇതിപ്പോ ഒന്ന് രണ്ടു സ്ഥലത്തു ഇന്റർവ്യൂ ഉണ്ട്.. അത് അടുത്ത മാസമാണ്.. "
"ആയിക്കോട്ടെ.. ഇവിടെ അടുത്തുള്ള സ്ഥലമാണോ..?? "
"അല്ല വീടിനടുത്താ.. ഇവിടെ മിണ്ടാതെ എത്ര നാൾ നിൽക്കാനാ.. അവിടാകുമ്പോൾ എല്ലാരും ഉണ്ട്.. "
"അപ്പൊ ഞാൻ തനിച്ചാവില്ലേ.. "
"ഞാനിവിടെ ഉണ്ടായിട്ട് എന്ത് കാര്യം.. ഭക്ഷണം മാത്രം കൃത്യമായി കിട്ടും അത്ര അല്ലെ ഉള്ളു...
എനിക്ക് തോന്നുന്നേ ആദ്യായിട്ടാ നമ്മളിത്രേം സംസാരിച്ചത്.. ശരിയല്ലേ.. "
"പക്ഷെ താൻ പോകണ്ടടോ.. ഇവിടെ എവിടേലും നോക്കാം.. "
"ഞാൻ ഒരു കാര്യം ചോദിച്ചാൽ നിങ്ങൾ സത്യം പറയുമോ..? "
ഞാൻ അവനെ നോക്കി.. എന്തെന്ന ഭാവത്തിൽ ഇങ്ങോട്ടും..
"ഞാൻ കറുത്ത് ഭംഗി ഇല്ലാത്തതു കൊണ്ടാണോ എന്നെ ഭാര്യയായി കാണാൻ കഴിയില്ലെന്ന് പറഞ്ഞത്.."
എന്റെ സ്വരം ഇടറിപ്പോയോ എന്നൊരു സംശയം എനിക്ക് തോന്നി..
"ഏയ്‌.. അങ്ങനെ അങ്ങനെ ഒന്നുമല്ലടോ.. ഞാൻ ഞാൻ.. "
നിരഞ്ജൻ ഒന്ന് വിക്കി..
"സാരമില്ല എനിക്ക് മനസ്സിലാവും.. കാരണം ചെറുപ്പം തൊട്ടേ എല്ലാവരും കറുമ്പി എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു..
കാരണം എന്റെ ചേച്ചിയും അനിയത്തിയും എങ്ങനെ എന്നറിയാലോ...
അവർക്കിടയിൽ ഞാൻ മാത്രം ഇങ്ങനെ നിറമില്ലാതെ..
ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ആളുകൾ കളിയാക്കുമ്പോൾ.
പക്ഷെ എന്റെ സഹോദരങ്ങൾ എന്നെ ചേർത്തു പിടിച്ചിട്ടേയുള്ളു..
നിങ്ങക്ക് അറിയാവോ ഈ നിറം കാരണം എത്ര കല്യാണാലോചന മുടങ്ങി എന്ന്..
എനിക്ക് ആദ്യമൊക്കെ വിഷമം ആയിരുന്നു പിന്നെ അതങ്ങു അഡ്ജസ്റ് ആയി..
പിന്നെയാണ് ഈ ആലോചന വന്നത്. ചെക്കനെ കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായി ഇത് നടക്കില്ല എന്ന്..
പക്ഷെ നിങ്ങളീ കല്യാണത്തിന് സമ്മതിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ..
നിങ്ങൾ എന്നെ വിളിക്കും അപ്പൊ ചോദിക്കാം എന്ന് കരുതി കാത്തിരുന്നു.. പക്ഷെ വിളിച്ചില്ല..
കല്യാണം കഴിഞ്ഞ ദിവസം സംസാരിക്കാം എന്ന് കരുതി പക്ഷെ എനിക്ക് മുന്നേ തന്നെ നിങ്ങൾ കാര്യങ്ങൾ പറഞ്ഞു..
വേണെങ്കിൽ തിരിച്ചു പോകാൻ പറഞ്ഞെങ്കിലും ഞാൻ അവിടെ നിന്നത് എന്റെ അച്ഛനെ ഓർത്താണ്..
എനിക്ക് വേണ്ടി സ്വർണത്തിനും ഡ്രെസിനും അങ്ങനെ എല്ലാത്തിനും ആ പാവം ഒരുപാട് ഓടിട്ടുണ്ട്..
പിറ്റേന്ന് ഈ ബന്ധം വേണ്ടെന്ന് പറഞ്ഞു തിരിച്ചു കയറിയാൽ അതവരെ എങ്ങനെ ബാധിക്കും എന്നെനിക്കറിയാം അതാ പോകാഞ്ഞത്..
ഇനി ഒരാളെ കൂടെ കെട്ടിച്ചയക്കാൻ ഉണ്ട്.. അതും ഞാൻ ഓർക്കണ്ടേ..
ഇനി മൂന്നാല് മാസം കഴിഞ്ഞാൽ നമ്മുടെ ഒന്നാം വിവാഹവാർഷികം ആണ്..
നിങ്ങള് പറഞ്ഞ കാലാവധി.. ഡിവോഴ്സ് വേണമെന്നല്ലേ അന്ന് പറഞ്ഞത്.. "
ഞാൻ പറയുന്നത് മുഴുവൻ മിണ്ടാതെ കേട്ട് നിന്നു അയാൾ..
എന്നിട്ട് ഒരു പുഞ്ചിരിയോടെ അടുത്ത് വന്നു..
"അത് അന്നല്ലേ പറഞ്ഞത്.. ഇപ്പോഴും അങ്ങനെ ആവണമെന്നുണ്ടോ..? "
"ആ അറിയില്ല.. "
"സോറി.. അന്ന് പറഞ്ഞതിന്.. തലവേദന ആയിട്ടല്ലടോ ഞാൻ ഇപ്പൊ വന്നത്..
എന്റെ മനസിനാ വേദന.. മനസ്സിൽ നിന്നത് പടർന്നു തലയിലേക്ക് കയറിയതാ .. "
ബുൾസൈ പോലെ കണ്ണും മിഴിച്ചു ഞാനയാളെ നോക്കി..
"എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. ഒരു രണ്ടു വർഷം..
നല്ല ഡീപ് ആയിരുന്നു.. മനസ് മുഴുവൻ അവൾ മാത്രമായിരുന്നു..
അവൾക്ക് വേണ്ടി എന്റെ മുഴുവൻ സമയവും മാറ്റിവെച്ചു....
അമ്മയോട് പോലും അകൽച്ച കാണിച്ചു..
പിന്നെയാണ് ഞാനറിഞ്ഞത് അവളുടെ ഒരുപാട് കാമുകന്മാരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന്..
പിന്നെ സാധാരണ എല്ലാരേം പോലെ മാനസമൈനേ പാടി നടന്നു.. അതോടെ പെണ്ണെന്ന വർഗത്തോടെ ഒരുതരം പുച്ഛം ആയിരുന്നു..
അമ്മയും മേമയും നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത് പോലും..
ദാ ഇന്നിപ്പോൾ ഞാനവളെ കണ്ടു ഏതോ ഒരു കാശുകാരന്റെ തോളിൽ തൂങ്ങി നടക്കുന്നുണ്ട്..
കല്യാണം കഴിഞ്ഞതാ..
എന്നെ ബാങ്കിൽ കണ്ടപ്പോൾ അവൾക്ക് പുച്ഛം.. കണ്ടില്ലേ കാള കളിച്ചു നടന്നവളിപ്പോ കോടീശ്വരി.. "
"ഓ അങ്ങനെ ആണല്ലേ കാര്യങ്ങൾ.. അല്ലെങ്കിലും അങ്ങനെയാ ഇങ്ങനെ നടക്കുന്ന പിള്ളേർക്ക് നല്ല പൂപോലത്തെ ചെക്കനെ കിട്ടും..
എന്നെപോലെ സൽസ്വഭാവി ആയ പെൺപിള്ളേർക്കൊ വല്ല കോന്തനെയും.. "
ഞാൻ നെടുവീർപ്പിട്ട് എഴുന്നേറ്റു..
പെട്ടെന്നാണ് അവനെന്റെ കൈയിൽ പിടിച്ചു വലിച്ചത്.. ഞാൻ നേരെ അവന്റെ നെഞ്ചിൽ തട്ടി നിന്നു..
"അപ്പൊ ഞാൻ കോന്തനാണ് എന്നല്ലെടി നീ പറഞ്ഞേ.. "
അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആണ് കണ്ണുകളിൽ നിറയെ പ്രണയം കണ്ടു..
ഏയ്‌.. എന്നെ ഒരിക്കലും ഭാര്യ ആയി കാണാൻ കഴിയാത്ത ഒരാൾക്ക് എന്നോട് പ്രണയമോ.. ഒരിക്കലുമില്ല..
ചോദ്യവും ഉത്തരവുമെല്ലാം ഞാൻ തന്നെ എന്നോട് പറഞ്ഞു..
അപ്പോഴേക്കും ആ മുഖം എന്നിലേക്ക് അടുത്തു..
"ചോദിച്ചതിന് മറുപടി പറയെടോ.. "
വീണ്ടും ആ ചോദ്യം.. അന്നേരം ആ കണ്ണുകളിൽ നിറയെ പ്രണയമായിരുന്നു..
അതും തോന്നൽ മാത്രമാണോ..
"എന്താടി മറുപടി ഇല്ലേ.. അത് പറയാതെ ഞാൻ വിടില്ല.. "
തന്റെ ദേഹം അവനിൽ അമർന്നു.. ഗാഢമായ ആലിംഗനത്തിൽ ഞാൻ സ്തബ്ദയായ് നിന്നു..
എന്നിൽ നിന്ന് ഒരു പ്രതികരണവും കാണാഞ്ഞിട്ടാവും ആ പിടി അയഞ്ഞത്..
അപ്പോഴേക്കും ഞാൻ പോലുമറിയാതെ എന്റെ മിഴികൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു..
സ്നേഹമില്ല... കുറച്ചു നാളുകൾ കഴിഞ്ഞാൽ ഡിവോഴ്സ് ചെയ്യാം..
എന്നൊക്കെ എന്നോട് തന്നെ ഇടയ്ക്കിടെ പറയുമെങ്കിലും എന്റെ ഉള്ളെന്നോ ആ സ്നേഹം ആഗ്രഹിച്ചിരുന്നു എന്ന തെളിവാണ് ആ കണ്ണുനീർ..
അതെന്നിൽ അത്ഭുതം തീർത്തു.. കണ്ണുനീരിനു ശമനം വന്നപ്പോൾ ഞാൻ മനസിലാക്കി ആ കൈകൾക്കുള്ളിൽ എന്തോ ഒരു സുരക്ഷ ഉണ്ടെന്ന്..
ആ ഹൃദയമിടിപ്പ് തന്റെ കാതിലാണ് മുഴങ്ങുന്നത്.. അതെന്നോടുള്ള പ്രണയം പറയുന്നതാവോ..?
തന്റെ തലമുടിയെ അരുമയോടെ തലോടി സങ്കടങ്ങളെ മായ്ച്ചു കളയാൻ ആ മനുഷ്യൻ ശ്രമിച്ചു കൊണ്ടേയിരുന്നു..
പെട്ടെന്ന് എന്തോ ഓർത്തപോലെ ഞാൻ അവനിൽ നിന്ന് അടർന്നു മാറി..
പക്ഷെ അവൻ പിന്നെയും അടുത്ത് വന്നു..
"ദേഷ്യമാണോ എന്നോട് അതോ വെറുപ്പോ..? "
രണ്ടുമല്ലെന്ന് തലയാട്ടി.. എന്നിട്ട് കണ്ണുകൾ തുടങ്ങി അവനെ തന്നെ നോക്കി..
"ആ പ്രണയായപരാചയമാണോ അതോ എന്റെ നിറമാണോ എന്നോടുള്ള ഇഷ്ടക്കുറവിന് കാരണം ? "
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചോദിച്ചു..
അത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു..
"ആ പറഞ്ഞപോലെ എന്റെ ഭാര്യ കറുമ്പി ആണല്ലേ.. "
എന്നിട്ട് വീണ്ടും ചിരിച്ചു കൊണ്ട് എന്റെ കവിളിൽ തലോടി...
"കറുപ്പാണെങ്കിലും നീ സുന്ദരി അല്ലേടി.. "
"പിന്നെ..? "
"എന്ത് പിന്നെ..? അമ്മയെയും മേമയെയും പെങ്ങളെയും ഒക്കെ ഞാൻ സ്‌നേഹിക്കുന്നില്ലെ...
ഒരാൾ ചതിച്ചു പോയെന്ന് കരുതി എല്ലാരും അവളാകണം എന്നില്ലല്ലോ.. അല്ലെടോ..
എന്തോ.. സത്യം പറഞ്ഞാൽ നിന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് ഈ അടുത്താണ്..
ഞാൻ അകന്നിട്ടും ഒരു ദേഷ്യവുമില്ലാതെ രാവിലെ എഴുന്നേറ്റ് എനിക്ക് വച്ചു വിളമ്പി തരിക.. എന്റെ കാര്യങ്ങളെല്ലാം നോക്കി ചെയ്തു തരിക..
പരാതിയും പരിഭവവുമില്ലാതെ നീയിങ്ങനെ നിന്റെ ലോകം തീർത്തു നടക്കുവല്ലേ.... എന്തോ എപ്പഴോ ഇഷ്ടം തോന്നി തുടങ്ങി..
പക്ഷെ നിന്റെ മുന്നിൽ തോറ്റു തരാൻ ഒരു മടി.. ഇന്നെന്തോ പറയണം എന്ന് തോന്നി.. നിന്നെ ചേർത്തു നിർത്തണം എന്ന് തോന്നി...
നമ്മുക്ക് ഒരുമിച്ചൊരു ജീവിതം തുടങ്ങിക്കൂടെ.. അടിയും വഴക്കും സ്നേഹവും ഒക്കെയായി..
നിന്നോട് മാപ്പ് പറയാൻ അർഹത ഇല്ലെന്നറിയാം പക്ഷെ പറയാതെ വയ്യ.. എന്നോട് ക്ഷമിച്ചൂടെ നിനക്ക്.. "
കേട്ടത് സത്യമാണോ സ്വയം നുള്ളി നോക്കിയപ്പോൾ വേദന ഉണ്ട്...
അപ്പൊ സത്യം ആയിരിക്കും..
"ഓ ഞാൻ ആണെങ്കിൽ ഡിവോഴ്സ് ആകുന്നതും ഞാൻ ഒരു ജോലിക്ക് പോകുന്നതും ഒക്കെ സ്വപ്നം കണ്ടിരിക്കുവാ..
ഇതിപ്പോ എന്താ അവസ്ഥ.. "
"വേണേൽ ജോലിക്ക് പൊയ്ക്കോ.. ആദ്യം പറഞ്ഞത് പറ്റില്ലട്ടോ.. "
"ഞാനല്ലലോ പറഞ്ഞത് ഇയാള് തന്നെ അല്ലെ.. "
"അതന്ന്.. ഞാൻ പറഞ്ഞില്ലേ ആ അവസ്ഥയിൽ പറഞ്ഞു പോയതാ.. ഇനി അത് ഓർക്കേണ്ട.. ഈ കറുമ്പി ആയ കുട്ടികുറുമ്പിയെ എനിക്ക് മാത്രമായിട്ട് വേണം.. "
ഒന്നൂടെ അവനിലേക്ക് എന്നെ ചേർത്തു കൊണ്ട് പറഞ്ഞു..
"അല്ലെങ്കിലും ഈ നിറത്തിലൊന്നും ഒരു കാര്യവുമില്ലെന്നേ.. സ്നേഹം ഉള്ളിടത്തു നിറമോ സൗന്ദര്യമോ ഒന്നും അത്ര പ്രധാനം അല്ല..
പരസ്പരവിശ്വാസം ആണ് വേണ്ടത്..
നിന്നെ എനിക്ക് നല്ല വിശ്വാസമുണ്ട്.. നീയെന്റെ നല്ല പാതി ആയിരിക്കും എന്നുറപ്പുണ്ട്..
നിനക്കും ആ ഉറപ്പുണ്ടെങ്കിൽ എന്റെ ജീവൻ പൊലിയുന്ന വരെ ദേ ഈ നെഞ്ചോട് ചേർന്നു നീയും കാണും ... "
ആ കണ്ണുകളിൽ നിറയെ ഞാനായിരുന്നു.. എന്നോടുള്ള പ്രണയമായിരുന്നു...
പിന്നെ ഈ കുറച്ചു കാലം അത് മാറ്റത്തിനാവശ്യമായ സമയമായിരുന്നു.. തിരിച്ചറിവിലേക്കുള്ള ദൂരം..
അത് ക്ഷമിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ ഭാര്യ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ..?
അകന്നു നിന്നിരുന്നെങ്കിലും വഴക്ക് കൂടാനോ വെറുപ്പ് കാണിക്കാനോ ഒന്നും വന്നിട്ടില്ലല്ലോ പിന്നെ എന്തിനാ അങ്ങോട്ട്‌ വെറുപ് കാണിക്കുന്നത്..
ഞാൻ ചിരിയോടെ അയാളിലേക്ക് ചേർന്നു നിന്നു..
"കഥയിലൊക്കെ ഭയങ്കര പ്രണയമാണല്ലോ.. എന്താ ഒരു ഫീൽ. നമ്മുക്ക് ജീവിതത്തിലും അങ്ങനെ ആവാല്ലേ.. "
"ആണോ.. അത്ര വേണോ..? "
"പിന്നെ വേണ്ടാതെ... "
ഞങ്ങൾ രണ്ടാളും ചിരിച്ചു..
ഇപ്പൊ ഞങ്ങൾക്കിടയിൽ അകലമില്ല.. ഈ പ്രണയം ഉറവവറ്റാതെ നിറഞ്ഞു കൊണ്ടേയിരിക്കും...
By: Chethana Rajeesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo