#ഒന്ന് .
സാധാരണയിലധികം ഇരുളും നിശബ്ദതയും നിറഞ്ഞു നിന്ന ചില രാത്രികളാണ് ഉമ ആ സ്വപ്നം കാണാറുണ്ടായിരുന്നത് . ഇരുളിലൂടെ എവിടേക്കെന്നറിയാതെ ഒറ്റയ്ക്ക് നടക്കുകയാവും ഉമ . അകലെ എങ്ങോ തെളിഞ്ഞു നിൽക്കുന്ന വെളിച്ചമെന്നു തോന്നിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഒരു പ്രകാശഗോളത്തിനെ ലക്ഷ്യമാക്കിയാണ് അവൾ നടക്കുന്നത് . എത്ര വേഗത്തിൽ നടന്നിട്ടും ഒരിയ്ക്കലും ആ വെളിച്ചത്തിനു അടുത്തെത്തുവാൻ അവൾക്കു സാധിച്ചിട്ടില്ല . നടക്കും തോറും വെളിച്ചത്തിൽ നിന്നും അകന്നു പോകുന്നതായി അവൾക്ക് അനുഭവപ്പെടുകയും ചെയ്തു . നക്ഷത്രങ്ങളും നിലാവുമില്ലാതെ കടുത്ത മൂടൽ മഞ്ഞിനാൽ ജഡീകരിക്കപ്പെട്ട എത്രയോ രാത്രികളിൽ അവൾ ഇങ്ങനെ നടക്കുകയും വളരെ പെട്ടെന്ന് എവിടെ നിന്നറിയാതെ പൊട്ടി വീഴുന്നൊരു നിലവിളിയിൽ തട്ടി അഗാധമായ ആഴങ്ങളിലേക്ക് വീഴുകയും ചെയ്യും .ചുറ്റും ഇരുൾ നിറഞ്ഞൊരു കുഴിയിൽ കിടന്നവൾ ഉറക്കെ കരയുകയും കൈകൾ ചലിപ്പിക്കുകയും ചെയ്യും . ആ നിലവിളി ശബ്ദം ആരുടേതാണെന്ന് ഒരിയ്ക്കൽ പോലും കാണാൻ അവൾക്കു സാധിച്ചില്ല . എപ്പോഴും രാത്രിയുടെ അവസാന നിമിഷങ്ങളിലാകും ഈ സ്വപ്‌നങ്ങൾ കാണുക . ആറാം തവണ ഇതേ സ്വപ്നം കണ്ടപ്പോഴാണ് ഉമ , ഇതിനെ പറ്റി ഹരിയോട് പറഞ്ഞത് . എന്നാൽ അയാളത് യാതൊരു പ്രാധാന്യവും കൊടുക്കാതെ തള്ളി കളയുകയാണുണ്ടായത് . ഹരിയും ഉമയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് . ഹരി പോലീസിലാണ് . ഉമ കോളേജ് അധ്യാപികയും .
സ്ഥിരമായി കാണുന്ന അതേ സ്വപ്നത്തിൽ ,ഒരു മിന്നായം പോലെ മിന്നി മറയുന്ന യേശുവിന്റെ ക്രൂശിത രൂപയും പൂർണമായും കരിങ്കല്ലിനാൽ ഭിത്തികൾ കെട്ടിയ വലിയ മുഖവാരമുള്ള ഒരു ക്രിസ്ത്യൻ ദേവാലയവും മുന്നിൽ തൂങ്ങിയാടുന്ന ഒരു ജപമാലയും വന്നു തുടങ്ങിയതിൽ പിന്നെ ഭയം കൊണ്ട് പലപ്പോഴും ഉറങ്ങാൻ പോലും സാധിച്ചിട്ടില്ല ഉമയ്ക്ക് . എന്നാൽ ഹരി ഓരോന്നിനും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു അവളുടെ ഓഫിസ് കാർ കടന്നു പോകുന്ന വഴിയുടെ ഓരത്തുള്ള ഏതോ ഒരു പള്ളി എങ്ങനെയോ അവളുടെ ഉപബോധ മനസ്സിൽ പതിഞ്ഞു പോയെന്നും അതിന്റെ ചില അടയാളങ്ങൾ മാത്രമാണ് ഈ സ്വപ്നമെന്നും അയാൾ അവളോട് പറഞ്ഞു . ഒരു കുഞ്ഞില്ലാത്തതിന്റെ ദുഖമാകാം ഒറ്റയ്ക്കുള്ള യാത്രയും നിലവിളിയും ഒക്കെയെന്നു അയാൾ പിന്നെയും കണ്ടെത്തലുകൾ നടത്തി കൊണ്ടിരുന്നു . പക്ഷെ ഈ കണ്ടെത്തലുകൾക്ക് ഒന്നും തന്നെ അവളുടെ മനസ്സിൽ കത്തി കൊണ്ടിരുന്ന അഗ്നിയെ ശമിപ്പിക്കാൻ തക്കതായിരുന്നില്ല. ഇരുളിൽ മുഴങ്ങി കേട്ട ആ നിലവിളിയുടെ ഉറവിടം തേടി അവളുടെ മനസ്സ് അസ്വസ്ഥമായി കൊണ്ടേയിരുന്നു .
പാതിയിൽ മുറിഞ്ഞു പോകുന്ന ആ സ്വപ്നം ഉമയുടെ ഉറക്കത്തെയും ദിനചര്യകളെയും സാരമായി ബാധിക്കാൻ തുടങ്ങിയപ്പോഴാണ് രണ്ടു പേരുടെയും കലാലയ സുഹൃത്ത് കൂടിയായ ഡോക്ടർ റോയ് മാത്യുവിനെ കാണാൻ അവർ തീരുമാനിച്ചത്.
നല്ല മഴയുള്ളൊരു വൈകുന്നേരമാണ് രണ്ടു പേരും കൂടി റോയിയെ കാണാൻ ഇറങ്ങിയത്. കറുത്തിരുണ്ട ആകാശം തുള്ളി വിടാതെ പെയ്യുകയാണ്. കാറിന്റെ വിൻഡോയിലൂടെ നോക്കി ഇരിക്കുമ്പോൾ നൂല് പൊട്ടിപ്പോയൊരു പട്ടം പോലെ പറക്കുകയായിരുന്നു ഉമയുടെ മനസ്സ്. അധികം സ്വപ്നം കാണാത്ത ആളാണ് ഉമ. കണ്ടതൊന്നും അങ്ങനെ ഓർത്തിരിക്കാറുമില്ല. പക്ഷെ ഇതിപ്പോൾ കഴിഞ്ഞ ആറുമാസമായി പലപ്പോഴായി ഒരു ഒഴിയാബാധ പോലെ എപ്പോഴും പിന്തുടരുകയാണ്. മഴയുടെ താളവും തണുപ്പും ശരീരവും മനസ്സും ഒരേ പോലെ സ്പർശിച്ചപ്പോഴാകാം എപ്പോഴോ അധികം ആഴമില്ലാത്തൊരു ഉറക്കത്തിലേക്കു ഉമ പ്രവേശിച്ചു.
ഇരു വശങ്ങളിലും നിറയെ പൂത്തു നിൽക്കുന്ന വാകമരങ്ങളുടെ ഇടയിലൂടെ പരസ്പരം കൈകൾ കോർത്തു പിടിച്ചു നടന്നു നീങ്ങുന്ന രണ്ടു പെൺകുട്ടികൾ. ഒരാൾ അല്പം തടിച്ചതും രണ്ടാമത്തെ പെൺകുട്ടി നന്നേ മെലിഞ്ഞതുമാണ്. അകലെ നിന്നും കുറച്ചു പേർ അവരെ കൈകാണിച്ചു വിളിക്കുകയാണ്. മണ്ണ് പാകിയ നിലത്തു വീണു കിടക്കുന്ന പഴയതും പുതിയതുമായ ഗുൽമോഹർ പൂക്കൾ . അകലെ കൈകാട്ടി വിളിക്കുന്നവരിൽ ഒരാൾ ഹരിയാണ് ഒരാൾ റോയ് ...ഒരാൾ കൂടി ഉണ്ടല്ലോ .അയാൾദേവനാണ്
വളരെ വേഗത്തിൽ അവരെ കടന്നു പോയൊരു ലോറിയ്ക്കു സൈഡ് കൊടുക്കകയായിരുന്നു ഹരി . ആകെ ഉലഞ്ഞു പോയ കാറിൽ പാതി ഉറക്കത്തിലായിരുന്ന ഉമ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു .
" ഞാൻ കേട്ടത് ആനിയുടെ കരച്ചിലായിരുന്നു ഹരി "
വളരെ പെട്ടെന്ന് ഒറ്റ ശ്വാസത്തിലാണ് ഉമ അത് പറഞ്ഞത് . ഹരി കാർ റോഡിന്റെ ഇടതു വശം ചേർത്ത് നിർത്തി . പുറത്തു മഴ തോർന്നിട്ടില്ല . കാർ ഏസി ഓണിലാണ് എന്നിട്ടും ഉമ ആകെ വിയർത്തിരുന്നു .
"താൻ എന്താ പറഞ്ഞത് .."
ഉമ കണ്ണുകൾ ചേർത്തടച്ചു . ഇരുകൈകളും കൊണ്ട് മുഖം അമർത്തി തുടച്ചു .
" അതെ ഹരി , ഞാൻ കേട്ട കരച്ചിൽ അത് ആനിയുടേതാണ് . ആ പള്ളി , അതും ആനിയുടെ ഓർഫനേജിനോട് ചേർന്നുള്ളതാണ് . ആ കൊന്ത അതും അവളുടേതാണ് . അതൊരു പ്രത്യേക തരം കൊന്തയാണ് . റോമിൽ നിന്നും ഓർഫനേജ് സന്ദർശിച്ച ഏതോ ഒരു ബിഷപ്പ് ആനിയുടെ പാട്ടു കേട്ട് അവൾക്കു സമ്മാനമായി നൽകിയതാണത് . നൂറ്റി അമ്പത്തിമൂന്നു മണി കൊന്ത . ആനിയുടെ കൈയ്യിൽ അല്ലാതെ മറ്റാരുടെയും കൈയ്യിൽ കണ്ടിട്ടില്ല ഞാനത് . "
"അപ്പോൾ അത്രേ ഉള്ളൂ കാര്യം . ആനിയുടെ ഓർമ്മകളാണ് ഈ പ്രശ്നങ്ങൾ മുഴുവൻ ഉണ്ടാക്കുന്നത് . അവൾ എവിടെ എങ്കിലും പോയി സുഖമായി ജീവിക്കുന്നുണ്ടാകും ഉമാ . ഇനി റോയ് യെ കാണാൻ പോകണോ ... "
ഹരി ഉമ്മയുടെ മുഖത്തേയ്ക്കു നോക്കി . സീറ്റ് പിന്നോട്ട് ചായ്ച്ചു കണ്ണുകൾ അടച്ചു കിടക്കുകയാണ് ഉമ .
" പോകണം ഹരി ഇത്രയും വർഷങ്ങൾക്കു ശേഷം അവൾ എന്തിനാണ് എന്റെ സ്വപ്നങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതെന്നു എനിക്കറിയണം "
മഴ തോർന്നു നിൽക്കുകയാണ് . ഇനി ഏകദേശം അരമണിക്കൂർ ഡ്രൈവ് മാത്രമേ ഉള്ളൂ റോയിയുടെ ഹോസ്പിറ്റലിലേക്ക് .
#രണ്ട് .
ഇല പൊഴിഞ്ഞു ആകാശത്തു നിഴൽ ചിത്രം വരയ്ക്കുന്ന വാകമരങ്ങളുടെ കീഴെ അവർ അവൾക്കു വേണ്ടി കാത്തു നിന്നു . കൂടണയാൻ വെമ്പുന്ന പക്ഷിക്കൂട്ടങ്ങൾ ചിറകടിച്ചു അകലേയ്ക്ക് പറക്കുന്നുണ്ടായിരുന്നു . വേനൽ മഴയ്ക്ക് കോപ്പുക്കൂട്ടിക്കൊണ്ടൊരു തണുത്ത കാറ്റ് അവരെ തൊട്ടു കടന്നു പോയി . കാറ്റിൽ ഒളിപ്പിച്ചു വെച്ച നനഞ്ഞ കൈകൾ കൊണ്ടാ കാറ്റ് എല്ലാവരെയും തൊട്ടു നനച്ചു. മഴക്കാറ് മൂടി ആകെ ഇരുണ്ടു കിടക്കുകയാണ് ചുറ്റിനും . അവർ എന്ന് പറഞ്ഞാല്‍ മൂന്നു പേർ , ഹരി ,റോയ് പിന്നെ ദേവനും .ഉമയ്‌ക്കൊപ്പം എന്നത്തെയും പോലെ ഒരു നനഞ്ഞ ചിരിയോടെ നടന്നു വരുന്ന ആനിയെ കാണാൻ മൂന്നു പേരും അകലേക്ക് നോക്കി . കലാലയത്തിലെ അവസാന ദിവസം പരസ്പരം യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങുന്ന അവർ കാത്തിരിക്കുന്നത് അവൾക്കു വേണ്ടിയാണു ആനിയ്ക്ക് വേണ്ടി . ഉമയാണ് അവരുടെ നാൽവർ സംഘത്തിലേക്ക് ആനിയെ ചേർക്കുന്നത് . പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ അവർക്കൊപ്പം ചേർന്നവൾ . ഉമയും മറ്റു മൂന്നു പേരും ഒരേ ബാച്ചാണ് ഫിലോസഫി . ആനി ഒരു ഓർഫനാണ് . അച്ഛനും അമ്മയും നഗരതിർത്തിയിലുള്ള ഓർഫനേജിൽ അവളെ ഉപേക്ഷിക്കുകയായിരുന്നു .ചേച്ചി എന്ന് വിളിച്ചു പുറകെ കൂടിയ അവളെ ഉമയ്ക്ക് ഒരുപാടിഷ്ടമായിരുന്നു , ഇരുണ്ട നിറത്തില്‍ കൊലുന്നനെയുള്ള ഒരു പെണ്‍കുട്ടി . അധികം സംസാരമില്ല . ചിരിയോ കളിവാക്കുകളോ ഇല്ല ..ഉമയുമായി നല്ല കൂട്ടാണ്, എന്തെങ്കിലും രണ്ടക്ഷരം മിണ്ടുന്നത് അവളോട് മാത്രം .അങ്ങനെയാണ് ഈ ഗ്രൂപ്പില്‍ വന്നു പെട്ടത് . ഒരുനാള്‍ ഉമയാണ് പറഞ്ഞത് ആനി പാടുമെന്നു .ഒരുപാട് നിർബന്ധിച്ചിട്ടാണ് അവസാനം രണ്ടു വരി അവള്‍ പാടിയത് ..അതും അവര്‍ അഞ്ചു പേർ മാത്രമുള്ള ഒരു സന്ധ്യയില്‍ . കോളേജിന്റെ മുറ്റത്തെ തണല്‍ വിരിച്ച വാകമരത്തിന്റെ ചുവട്ടില്‍ വെച്ചു .
"ഒറ്റയ്ക്കൊരു പൂമരം പാടുന്നു
കാണികൾ ഇല്ലാതെ
ശ്രോതാക്കൾ ഇല്ലാതെ
സന്ധ്യയിൽ
ഒറ്റയ്ക്കൊരു പൂമരം പാടുന്നു .
കാണികൾ ഇല്ലാതെ
ശ്രോതാക്കൾ ഇല്ലാതെ
സന്ധ്യയിൽ
ഒറ്റയ്ക്കൊരു പൂമരം പാടുന്നു .
മൗനമാക്കപ്പെട്ട
നൊമ്പരങ്ങൾ ഒക്കെയും
തടവിലാക്കപ്പെട്ട
സ്വപ്‌നങ്ങൾ ഒക്കെയുമോർത്തു
ഒറ്റയ്ക്കൊരു പൂമരം പാടുന്നു
നൊമ്പരങ്ങൾ ഒക്കെയും
തടവിലാക്കപ്പെട്ട
സ്വപ്‌നങ്ങൾ ഒക്കെയുമോർത്തു
ഒറ്റയ്ക്കൊരു പൂമരം പാടുന്നു
അനാഥാലയത്തില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വേദനകള്‍ നിറഞ്ഞൊരു കവിതയായിരുന്നു അത് പാടി പൂർത്തിയാക്കിയതും ആനിയുടെ കണ്ണുകൾ നിറഞ്ഞു . അത് ദേവൻ എഴുതിയ കവിത ആയിരുന്നുവെന്നു എല്ലാവരും പിന്നീടാണ് അറിഞ്ഞത് .പതിയെ പതിയെ ദേവനെ അവളെ ഒരുപാടു ഇഷ്ടമാവുകയായിരുന്നു . ശരിയാകില്ലെന്നു പലവട്ടം ഹരിയും റോയിയും പറഞ്ഞിട്ടും ദേവൻ കേട്ടില്ല . പലപ്പോഴും വാക്കിലും നോക്കിലും ദേവൻ തന്റെ ഇഷ്ടം ആനിയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞു മാറി. ഇന്നലെ വൈകുന്നേരം അതിന്റെ പേരിൽ ഉമയും ആനിയും വഴക്കിടുകയും .അലറി പെയ്യുന്ന മഴ പോലും വക വെയ്ക്കാതെ ആനി ഹോസ്റ്റൽ വിട്ടു ഇറങ്ങുകയും ചെയ്തു . മഴയിൽ ഒരു പൊട്ടു പോലെ മാഞ്ഞു പോകുന്ന അവളെ നോക്കി ഉമ ഒരുപാട് കരഞ്ഞു .
തനിയെ ആകെ തളർന്നത് പോലെ നടന്നു വരുന്ന ഉമയെ കണ്ടു ദേവന്റെ നെഞ്ചു നീറി . അടുത്തെത്തിയപ്പോഴാണ് ഉമ കരയുകയാണെന്നു മൂന്നു പേർക്കും മനസ്സിലായത് ...
"ഹരി , ആനി ഇന്നലെ ഓർഫനേജിൽ എത്തിയിട്ടില്ല . അവളുടെ ബാഗ് ഹോസ്റ്റലിൽ നിന്നും കുറച്ചകലെ കിടപ്പുണ്ട് . അവള് മിസ്സിങ്ങാണ് ഹരി ... " ഉമ കരഞ്ഞു കൊണ്ട് ഹരിയുടെ ദേഹത്തേയ്ക്ക് വീണു . ഹരിയും റോയിയും ചേർന്ന് ഉമയെ ആശ്വസിപ്പിച്ചു തിരിഞ്ഞു നോക്കുമ്പോൾ വളരെ വേഗത്തിൽ കോളേജിൽ നിന്നും പുറത്തേയ്ക്കു നടന്നു പോകുന്ന ദേവനെയാണ് കണ്ടത് ...
#മൂന്ന് .
ഡോക്ടർ റോയ് ഉമയുടെ മുഖത്ത് നിന്നും കണ്ണുകൾ പറിച്ചു ആലോചനനിമഗ്നനായി ഇരിയ്ക്കുന്ന ഹരിയുടെ നേരെ നോക്കി .
' ഹരി , ഉമ പറയുന്നതൊന്നും കള്ളങ്ങളല്ല . നമ്മുടെ ഉപബോധ മനസ്സിന് അങ്ങനെ ഒരുപാട് കുസൃതികളുണ്ട് . ഇവിടെ ഉമ ഒരേ സ്വപ്നം തന്നെ വീണ്ടും വീണ്ടും കാണുകയാണ് .റികറണ്ട് ഡ്രീംസ് എന്നാണ് ഇതിനെ വിളിക്കുന്നത് . ഒരു ഹ്രസ്വ കാലയളവിലോ അവരുടെ ജീവിതകാലത്തോ ഇങ്ങനെ പലർക്കും ഒരേപോലെയുള്ള അല്ലെങ്കിൽ സമാനമായ ഒരു സ്വപ്നം പലതവണയുണ്ടാകാറുണ്ട് . ആവർത്തിച്ചുള്ള സ്വപ്നങ്ങൾ സാധാരണയായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അംഗീകരിക്കാത്ത എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടെന്ന് അർത്ഥമാക്കുന്നു, നിങ്ങൾ പ്രശ്നം ശരിയാക്കാത്തതിനാൽ സ്വപ്നം ആവർത്തിക്കുന്നു.
പുറത്തേക്കു തുറക്കുന്ന ചെറിയ അഴികളിട്ട ജനാലയിലേക്കു വെറുതെ നോക്കി ഇരിയ്ക്കുകയാണ് ഉമ . വെളുത്ത ചില്ലു ജനാലകളിൽ മഴത്തുള്ളികൾ വരച്ചിട്ട ചിത്രപ്പണികൾ.
'പിന്നെ ഉമ ഇവിടെ ആഗ്രഹിക്കുന്നത് , ആ സ്വപ്നം ഇല്ലാതെയാക്കാനല്ല . അതിലൂടെ ആനിയെ കണ്ടെത്താനാകും എന്നൊരു പ്രതീക്ഷ ഉമയ്ക്കുണ്ട് .അത് പോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം . ഇത്രയും വർഷങ്ങൾക്കു ശേഷം ആനിയുടെ ചിന്തകൾ ഉമയെ വേട്ടയാടുന്നുവെങ്കിൽ , ആനിയുമായി റിലേറ്റ് ചെയ്യുന്ന എന്തോ ഒരു കാഴ്ച , അല്ലെങ്കിൽ വാർത്ത അവൾ കണ്ടിട്ടുണ്ട് . അവളുടെ ബോധമനസ്സ് അവഗണിച്ചു കടന്നു പോയ ആ കാര്യത്തെ ഉപബോധ അവളെ ഓർമ്മപ്പിക്കുവാൻ ശ്രമിക്കുന്നതാണ് ഇത്തരം സ്വപ്നങ്ങളിലൂടെ '
ഗോളാകൃതിയിലുള്ള ഒരു പേപ്പർ വെയിറ്റ് കൈയ്യിലിട്ടു കറക്കുകയായിരുന്നു ഹരി . കണ്ണുകൾ പൂർണമായും റോയിയുടെ മുഖത്തും . പേപ്പർ വെയിറ്റ് ന്റെ ചലനം വളരെ പെട്ടെന്ന് നിശ്ചലമായി .
റോയ് ഒന്നുകൂടി കസേര മുന്നോട്ടു കയറ്റിയിട്ടു. കൈമുട്ടുകൾ മേശയിൽ അമർത്തി ശബ്ദം താഴ്ത്തി സംസാരിച്ചു തുടങ്ങി ..
'ഇനി പറയുന്ന കാര്യങ്ങൾ രണ്ടു പേരും സൂക്ഷിച്ചു കേൾക്കണം . ആനി എവിടെ പോയി എന്നറിയാനുള്ള ആഗ്രഹം എനിക്കും ഉണ്ട് . ആനി മാത്രമല്ല . അന്ന് അവിടെ നിന്നും കാണാതായ ദേവനും . അത് കൊണ്ട് ഉമ താൻ ലൂസിഡ് ഡ്രീമിങ്ങിനു തയ്യാറാകണം . സ്വപ്‌നമാണെന്ന് അറിഞ്ഞു കൊണ്ടുള്ളൊരു സ്വപ്നം കാണൽ അതാണ് ലൂസിഡ് ഡ്രീമിങ് . ആ സമയത്തു ഉമയ്ക്ക് സംസാരിക്കാനും കഴിയും . താൻ കാണുന്ന കാഴ്ചകളിൽ നിന്നും ആനിയ്ക്ക് എന്ത് സംഭവിച്ചുവെന്നോ ..അതല്ലെങ്കിൽ താൻ കണ്ട എന്ത് കാഴ്ചയാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയ്ക്ക് കാരണമെന്നോ ഒരു പക്ഷെ നമുക്ക് അറിയാൻ സാധിച്ചേക്കാം . ആ സ്വപ്നത്തെ പൂർണമായും നിയന്ത്രിക്കുന്നത് ഉമ തന്നെയാകും . ഞാൻ ഒരു തുണയായി സ്വപ്നത്തിൽ കൂടെ ഉണ്ടാകും എന്ന് മാത്രം . അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല , എന്നാൽ അസാധ്യവുമല്ല . '
റോയ് രണ്ടു പേരുടെയും മുഖത്തേയ്ക്കു മാറി മാറി നോക്കി .
' ഞാൻ തയ്യാറാണ് റോയ് .' ഉമ സംസാരിച്ചതല്ല ആ വാക്കുകൾ അവളിൽ നിന്നും ഉതിർന്നു വീണതാണെന്നാണ് റോയിക്കു തോന്നിയത് . തിരിച്ചുള്ള യാത്രയിൽ കാറിൽ ഇരിക്കുമ്പോഴും വീട്ടിൽ എത്തിയതിനു ശേഷവും ഹരി ഉമയോട് ഒരക്ഷരം സംസാരിച്ചില്ല . ഉമ ആണെങ്കിൽ വർത്തമാനകാലത്തിൽ നിന്നും പൂർണമായും ഉൾവലിഞ്ഞ മട്ടിലാണ് . കിടക്കാൻ നേരമാണ് ഹരി ഉമയോട് ചോദിച്ചത് .
' അത് വേണോ ഉമാ .. ചില അപകടസാധ്യതകൾ ഒക്കെ ഉള്ള ഒരു പരീക്ഷണം മാത്രമാണ് ഈ ലൂസിഡ് ഡ്രീമിങ് . ഒരു റിസൾട്ട് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല .'
പുറത്തു മഴ വീണ്ടും പെയ്തു തുടങ്ങിയിട്ടുണ്ട് . മരങ്ങളെ ആകെ ഉലച്ചു കൊണ്ട് മഴ തകർത്തു പെയ്യുകയാണ് തുലാമാസം . എവിടെയോ ഒരു ഒറ്റമരം കടപുഴകി വീഴുന്നൊരു ശബ്ദം .
' വേണം ഹരി . അല്ലെങ്കിലും ഇങ്ങനെ ജീവിച്ചിട്ടെന്തിനാണ് . ഓമനിക്കാൻ ഒരു കുഞ്ഞു പോലുമില്ലാതെ .മടുത്തു തുടങ്ങി .അവൾ പുതപ്പിന്റെ അടിയിലേക്ക് നൂഴ്ന്നിറങ്ങി .
രാത്രിയിൽ എപ്പോഴോ വല്ലാതെ ദാഹിച്ചപ്പോഴാണ് ഉമ ഉണർന്നത് . കിടന്ന കിടപ്പിൽ ഇടതു കൈ നീട്ടി ഹരിയെ തപ്പി നോക്കി . ഇപ്പോൾ കുറച്ചു നാളായി ഇങ്ങനെയാണ് മുറിയിൽ നിന്നും പുറത്തിറങ്ങാൻ പോലും വല്ലാത്ത ഭയമാണ് . ധൃതി വെച്ച് കിടന്നതിനാൽ പതിവുള്ള വെള്ളം എടുത്തു വെയ്ക്കാനും മറന്നു രണ്ടു വട്ടം കൈ നീട്ടി നോക്കിയപ്പോഴും ഹരിയുടെ സാമീപ്യം അറിയാത്തതു കൊണ്ട് കണ്ണ് തുറന്നു എഴുന്നേറ്റിരുന്നു . ഹരി മുറിയിൽ ഇല്ല . ലൈറ്റ് പോലും ഓണാക്കാതെ ഉമ പതിയെ എഴുന്നേറ്റു .എവിടെയോ ചെറിയ അനക്കം കേൾക്കുന്നു . താൻ സ്വപ്നത്തിലല്ല എന്ന് ഉറപ്പിക്കാൻ അവൾ തന്റെ കൈയ്യിൽ രണ്ടു തവണ നുള്ളി നോക്കി . ഹരി എവിടെ ഉണ്ടെന്നു അവൾക്കു ഏകദേശം നിശ്ചയമുണ്ടായിരുന്നു . ഏകദേശം ആറു മാസങ്ങൾക്കു മുൻപാണ് ഈ പുതിയ ഫ്ലാറ്റിലേക്ക് രണ്ടു പേരും താമസം മാറുന്നത് , മൂന്നു ബെഡ്‌റൂമുകളുള്ള ഫ്ലാറ്റിൽ ഒരു മുറിയിൽ പഴയ വീട്ടിൽ നിന്നും കൊണ്ട് വന്ന അധികം ആവശ്യമില്ലാത്ത സാധനങ്ങളാണ് . ഉമ അങ്ങോട്ട് തന്നെയാണ് നടന്നത് . പെട്ടെന്ന് അവളൊന്നു നിന്നു . ഈ മുറിയിലൊരു നാൾ കയറിയതിനു ശേഷമാണു താൻ സ്വപ്‌നങ്ങൾ കണ്ടു തുടങ്ങിയത് . പെട്ടെന്നൊരു ജപമാലയുടെ ഓർമ്മ അവളുടെ ബോധമനസ്സിലേക്കു തിരയടിച്ചു കയറി .കുറച്ചു സമയത്തിന് ശേഷം അവൾ ചാരിയിട്ട വാതിൽ മെല്ലെ തുറന്നു . ഹരി അകത്തുണ്ട് , മൊബൈൽ വെട്ടം തെളിച്ചു എന്തോ പരതുകയാണയാൾ ...നല്ല കാറ്റും മിന്നലുമാണ് പുറത്തു .കർട്ടൻ ഇടാത്ത ജനാല വഴി അകത്തെത്തിയ ഒരു മിന്നലിൽ അവൾ അയാളുടെ മുഖം കണ്ടു . ആകെ വിയർത്തു പരിഭ്രമിച്ച മുഖം .
' കിട്ടിയോ ഹരി ..."
വലിയൊരു ഇടമിന്നലിൽ പെട്ടു പോയത് പോലെ വിറച്ചു പോയി ഹരി . കൈയ്യിൽ നിന്നും താഴെ വീണ മൊബൈൽ വെളിച്ചം അയാളുടെ മുഖത്തെ കൂടുതൽ ഭീകരമാക്കി .
ചുരുട്ടി പിടിച്ച കൈ ഉമ മുന്നോട്ടു നീട്ടി . അവളുടെ കൈയ്യിൽ നൂറ്റി അമ്പത്തി മൂന്ന് മണികളുള്ള ഒരു ജപമാല ഉണ്ടായിരുന്നു . പൊട്ടി പോയെങ്കിലും വളരെ പെട്ടെന്ന് ഹരിയത് തിരിച്ചറിഞ്ഞു . ആനിയുടെ ജപമാല . ഒരിയ്ക്കൽ ആനി പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നത് . പണ്ട് റോസാപ്പൂക്കളുടെ കിരീടം എന്നാണത്രെ ജപമാലകൾ അറിയപ്പെട്ടിരുന്നത് . അയാൾ തല കുനിച്ചു .
" ഇതല്ലേ ഹരി തിരയ്ക്കിയത് . "
ഹരി ആകെ തളർന്നത് പോലെ അടുത്ത് കിടന്ന മരക്കസേരയിൽ ഇരുന്നു . ഒരു അപരാധിയെ പോലെ അയാൾ തന്റെ ഇടതു കൈയ്യിൽ തല താങ്ങി കുനിഞ്ഞിരുന്നു . .അയാൾ അപ്പോൾ അക്ഷരാർത്ഥത്തിൽ കരയുക ആയിരുന്നു .
' എന്തിനായിരുന്നു ഹരി എന്നോടീ ചതി ...പറ ...ആനിയ്ക്കും ദേവനും എന്താണ് സംഭവിച്ചത് ? അവർ എവിടെയാണ് ? ഈ കൊന്ത എങ്ങനെയാണു ഹരിയുടെ കൈയ്യിൽ വന്നത് .. ?
കരച്ചിലിനിടയിലും ഉമയുടെ ഓരോ വാക്കുകളും ശക്തമായിരുന്നു . അതയാളെ ഉമിത്തീയിലെന്ന പോലെ നീറ്റി .
' പറ്റി പോയി ...അറിഞ്ഞു കൊണ്ടല്ല മോളെ ...അന്ന് , ഹോസ്റ്റലിൽ നിന്നും പുറത്തേക്കിറങ്ങിയ ആനി കയറിയത് എന്റെ വണ്ടിയിലാണ് ..അവളെ ഓർഫനേജിൽ വിടാമെന്ന് മാത്രമേ അന്നേരം ചിന്തിച്ചുള്ളൂ , പക്ഷെ "
ഭിത്തിയിൽ ചാരി താഴേയ്ക്ക് ഒഴുകി ഇറങ്ങുമ്പോൾ ഉമയുടെ കരച്ചിലിന് ശബ്ദമില്ലായിരുന്നു .
" അവളെ നിങ്ങൾ കൊന്നതാണല്ലേ ... "
അതിനു മറുപടിയായി ഒരു ന്യൂസ് പേപ്പർ കട്ടിങ്ങും നാലായി മടക്കിയ ഒരു കത്തും അയാൾ അവൾക്കു നേരെ നീട്ടി .
ഹരി ,
ഇനിയും എനിക്ക് വയ്യെടോ .. എത്ര നാളാണ് ഈ പാപഭാരം ഇങ്ങനെ ചുമയ്ക്കുക . ആരെയും അറിയിക്കാതെ .മടുത്തു . ആദ്യം പോലീസിൽ അറിയിക്കാനാണു തോന്നിയത് . പക്ഷെ അത് നിന്നെയും ബാധിക്കുമല്ലോ . ഞാൻ കാരണം പെട്ട് പോയതല്ലേ നീ . ഇപ്പോൾ തുടർച്ചയായി ഞാനവളെ സ്വപ്നം കാണുന്നു . അവളുടെ പാട്ടു കേൾക്കുന്നു . ആ പള്ളിയും കൊന്തയും , ശവക്കോട്ടയിലെ ആ കുഴിയും ഒക്കെ എന്നെ വല്ലാതെ ഭയപ്പെടുത്തുകയാണ് ഹരി . ദേഷ്യവും വാശിയും കള്ളും . ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ കാരണം ഇല്ലാതെയായി . ഞാൻ പോവുകയാണ് ഹരി . ഈ കത്ത് നിനയ്ക്കു കിട്ടുമ്പോൾ ഞാൻ എന്നന്നേയ്ക്കുമായി ഈ ലോകത്തോട് യാത്ര പറഞ്ഞിട്ടുണ്ടാകും .
ദേവൻ .
ആ കടലാസ് കഷണം അവളുടെ കൈയ്യിലിരുന്ന വിറച്ചു .ഹിന്ദിയിലുള്ള ഏതോ ലോക്കൽ ന്യൂസ് പേപ്പറാണ് . അതിൽ വിഷം കഴിച്ചു മരിച്ചൊരു യുവാവിന്റെ ഫോട്ടോ ഉണ്ടായിരുന്നു . അയാൾക്ക് ദേവന്റെ അതേ ഛായ .
വാതിൽ തുറന്നു പുറത്തേയ്ക്കു ഇറങ്ങുമ്പോൾ അവൾ ഒന്ന് കൂടി തിരഞ്ഞു നോക്കി . രണ്ടു കൈയ്യിലും ശിരസ്സ് താങ്ങി പൊട്ടിക്കരയുന്ന ഹരി .
ഉമ മുറിയിലെത്തി ആനി പഠിപ്പിച്ചിരുന്നത് പോലെ പ്രാർത്ഥിക്കാൻ തുടങ്ങി . അവൾ വലതു കൈയ്യിലെ കൊന്തമണികളിൽ വിരലുകൾ ചേർത്തു . ഇന്ന് വെള്ളിയാഴ്ചയാണ് " ദുഖകരമായ രഹസ്യങ്ങളുടെ മഹിമ ചൊല്ലേണ്ടുന്ന ദിവസം . അവളുടെ ചുണ്ടുകൾ " നന്മ നിറഞ്ഞ മറിയമേ ചൊല്ലാൻ തുടങ്ങി . മൂന്നു ദശകങ്ങൾ ചൊല്ലി തീർന്ന നിമിഷത്തിലാണ് , അവളുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടൊരു വെടിയൊച്ച മുഴങ്ങിയത് . ഞെട്ടലിൽ നിന്നും മുക്തയായി ഓടി ചെല്ലുമ്പോൾ മുറിയിൽ രക്തത്തിൽ കുളിച്ചു ഹരി കിടന്നിരുന്നു . അയാളുടെ ഹൃദയത്തിൽ കൈകൾ ചേർത്ത് പിടിക്കുമ്പോൾ അവളറിഞ്ഞു . അവിടെ തനിക്കു വേണ്ടി മിടിച്ചിരുന്നൊരു ഹൃദയം ഇപ്പോൾ നിശ്ചലമായെന്ന് . അയാൾക്ക് വേണ്ടി ചൊല്ലി തുടങ്ങിയ പ്രാർത്ഥന മുഴുവിപ്പിക്കാനായി അവൾ കൊന്തയിലേക്ക് വിരലുകൾ ചേർത്തു . ചുണ്ടുകൾ അസാധാരണമായ വേഗത്തിൽ ചലിയ്ക്കാൻ തുടങ്ങി .
റോയിയുടെ ഹോസ്പിറ്റലിൽ നിന്നും പുറത്തേയ്ക്കു ഇറങ്ങുമ്പോൾ ഉമ പ്രസന്നവദിയായിരുന്നു . യാത്രയാക്കാൻ വന്ന റോയിയെ നോക്കിയവൾ കൈ വീശി .
"ഇനി എന്താ പരുപാടി ... 'ഉമയുടെ കണ്ണുകളിലേക്കു നോക്കിയാണ് അയാൾ ചോദിച്ചത് .
"പേടിക്കണ്ട .ഇനിയിങ്ങോട്ട് ഒരിയ്ക്കലും ഉമ തിരിച്ചു വരില്ല റോയ് . അനാഥകുട്ടികൾക്ക് വേണ്ടിയൊരു ആശ്രമം തുടങ്ങണം . "
ചിരിച്ചു കൊണ്ടാണ് ഉമ ഉത്തരം പറഞ്ഞത് . അപ്പോഴും അവളുടെ കൈയ്യിലാ ജപമാല ഉണ്ടായിരുന്നു . നൂറ്റിയമ്പത്തിമൂന്നു മണികളുടെ അതി വിശേഷമായൊരു ജപമാല . ആനിയുടെ ജപമാല .
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക