നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭക്തക്ക് കിട്ടിയ വെളിപാട് !

Image may contain: 2 people, including Vandana Sanjeev, people smiling
----------------------------
"ശാന്ത ചേച്ചി ഇല്ലേ കുമാരേട്ടാ ?"
"ഇല്ലല്ലോ രാജപ്പാ .. അവര് രാവിലെ അമ്പലത്തിൽ പോയി "
"ഈ ചിട്ടിപൈസ ഒന്ന് ഏപ്പിക്കാനാരുന്നു... സാരമില്ല .. വൈകിട്ട് വരാം "
"നീ ആ പൈസ ഇങ്ങ് തന്നേച്ചു പൊയ്ക്കോ രാജപ്പാ ... അവരിനി സന്ധ്യ കഴിയും വരാൻ"
ഉമിക്കരി തുപ്പിക്കളഞ്ഞ് വായ കഴുകി നനഞ്ഞ കൈ തോളത്തു കിടന്ന തോർത്തുമുണ്ട് കൊണ്ട് തുടച്ച് കുമാരൻ കൈ നീട്ടി .
രാജപ്പൻ ഒന്ന് മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ കുമാരൻ പറഞ്ഞു
" ഡാ .. അവര് രാമായണീയം വായിക്കാൻ പോയതാ . താമസിക്കും "
"രാമായണീയമോ?"
"ങേ ! അല്ലെ ?? ന്നാ പിന്നെ ഭാരതീയം!"
"ഭാരതീയം ??!!! എന്റെ കുമാരേട്ടാ അത് നാരായണീയമാ!"
"ങാ ... ആന്നോ .. ആ .. ആർക്കറിയാം .. അതെങ്കിൽ അത് .. ആ അത് വായിക്കാൻ പോയാൽ അവര് സന്ധ്യയാവും വരാൻ . അതോണ്ട് നീ തന്നേച്ചും പൊയ്ക്കോ "
"അല്ല ചേട്ടാ ...അത് .. പിന്നേ ..."
"ആ എന്നാ നീ നിന്നോണ്ട് വട്ടം തിരിയാണ്ട് നിന്റെ പണിക്ക് പോ .. എനിക്കെന്റെ വഴിക്ക് പോണം "
തിണ്ണയിലെ അയയിൽ നിന്നും ഷർട്ടെടുത്തിട്ട് കഴുക്കോലിന്റെ ഇടയിൽ തിരുകിയിരുന്ന മുറുക്കാൻ പൊതി കൈലിമുണ്ടിന്റെ കൊന്തലിൽ തിരുകി കുമാരൻ വീടിന്റെ വാതിൽ വലിച്ചടച്ച് താഴിട്ടു പൂട്ടി ഇറങ്ങി
" എങ്ങോട്ടാ ചേട്ടാ? പണിക്ക് പോകാൻ സമയമൊന്നും ആയില്ലല്ലോ ? മണി ഏഴു കഴിഞ്ഞേ ഉള്ളൂ "
" പണിക്കല്ലെടാ ഊവ്വേ .. ഞാനാ സുരേഷിന്റെ ചായക്കട വരെ പോവാ . ഒരു ചായ കുടിക്കണം"
"അതെന്നാ ചേട്ടാ .. കാലത്തെ ശാന്തചേച്ചി ചായയൊന്നും ഉണ്ടാക്കി തന്നില്ലയോ ?"
"നീ ഒന്ന് പോടാ രായപ്പാ .. ചായ !! അവർക്ക് ഭക്തി തലക്ക് പിടിച്ചേക്കുവാ "
"മരുമോള് ഇല്ലായോ ഇവിടെ ?"
"അവള് അവളുടെ വീട്ടിൽ പോയി .. അല്ലേലും അതിനിവിടെ സ്വയിര്യവും സ്വസ്ഥതയും ഇല്ലല്ലോ .. അത് എവിടേലും പോയി രണ്ടുദിവസം നിക്കട്ടെ "
"വഴക്കിട്ട് പോയതാന്നോ? ദേ മോൻ പട്ടാളത്തീന്ന് അവധിക്ക് വരുമ്പം അവന്റെ ഭാര്യയെ നിങ്ങള് രണ്ടും കൂടി വഴക്കിട്ട് പറഞ്ഞു വിട്ടെന്നും പറഞ്ഞ് പ്രശ്നമാകുമെ .. ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ "
" വഴക്കിട്ട് പോയതല്ലെടാ രായപ്പാ .. വഴക്ക് ഉണ്ടാകാതിരിക്കാൻ പോയതാ . ഇവിടുത്തെ ഭക്ത മീരക്ക് ആ പെങ്കൊച്ച് തൊടുന്നതും പിടിക്കുന്നതും ഒക്കെ കുറ്റമാ . അതോണ്ട് ഞാനാ പറഞ്ഞെ അതിനോട് എല്ലാ മാസോം ഈ മൂന്നു ദിവസം വീട്ടിൽ പോയി നിന്നോളാൻ."
"ഇങ്ങനൊക്കെ നോക്കിയാൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റുമോ ..?"
" അതൊന്നും പറഞ്ഞീട്ട് കാര്യമില്ല .. ശുദ്ധം ആല്ല്യോ ശുദ്ധം .. വിവരക്കേട് !"
"പണ്ട് കാലത്ത് പെണ്ണുങ്ങൾക്ക് അടങ്ങി ഒതുങ്ങി സമാധാനമായി മൂന്നു ദിവസം ഇരിക്കാൻ വേണ്ടി അവര് കണ്ടുപിടിച്ച മാർഗമാ .. ഇപ്പം വന്ന് വന്ന് അതേതാണ്ട് വല്യ സംഭവമായി .. വന്ന് വന്ന് സമരം വരെ തുടങ്ങി അതിന്റെ പേരിൽ .. ഹ ഹ "
"ഇങ്ങനെ ഒന്നില്ലേൽ ഇവിടെ മനുഷ്യര് തന്നെ ഉണ്ടാവൂല്ലാന്ന് വല്യ പഠിപ്പൊന്നും ഇല്ലാത്ത എനിക്ക് വരെ അറിയാം .. അല്ല .. നമ്മൾ ആണുങ്ങൾ അല്ലല്ലോ ഇതിനെ ചൊല്ലി പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാക്കുന്നത് . പ്രശ്നം ഉണ്ടാക്കുന്നത് മുഴുക്കെനെ ഈ പെണ്ണുങ്ങള് തന്നല്ലയോ "
"ആ അത് സത്യം "
"ആ .. എന്നേലും ആട്ടെ .. താനെന്നാ അങ്ങോട്ട് ചെല്ല് . ചിട്ടി പൈസ വേറെ ഒരുത്തന്റെടുത്തും കൊടുക്കരുതെന്ന് തന്നോട് പറഞ്ഞീട്ടുണ്ടാകും അവര് . അതോണ്ട് നാളെയോ മറ്റോ അവരുടെ കയ്യിൽ തന്നെ കൊടുത്താൽ മതി . അവർക്കീ ഭൂമിക്ക് മുകളിൽ ഒരുത്തനേം വിശ്വാസമില്ല "
കുമാരൻ ചായക്കടയിലേക്ക് തിരിയുന്ന ഇടവഴിയിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.
സന്ധ്യക്ക് കുമാരൻ പാടത്ത് പണി കഴിഞ്ഞ് വരുമ്പോഴും ശാന്തമ്മ എത്തിയിരുന്നില്ല . അയാൾ കിണറ്റിൻ കരയിൽ ചെന്ന് കുളിച്ച് വന്നപ്പോൾ അകത്തുനിന്ന് ശാന്തമ്മയുടെ പിറുപിറുകൽ കേൾക്കാൻ തുടങ്ങിയിരുന്നു.
" അശ്രീകരം പിടിച്ച വീട് .. ഇതുവരെ ആ വിളക്കൊന്ന് കൊളുത്തി വെക്കാറായില്ല ഇവിടാർക്കും .. ഒരെണ്ണം കെട്ടിക്കേറി വന്നീട്ടുണ്ട്‌ ... അവളെന്ന് ഈ വീട്ടിൽ കാലെടുത്തു വെച്ചോ അന്ന് തുടങ്ങി ഇവിടുത്തെ ഐശ്വര്യക്കേട് "
അവർ വേറെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് വിളക്ക് കൊളുത്തി തിണ്ണയിൽ കൊണ്ടുവന്ന് വെച്ചു .
" എന്റെ ശാന്തേ ... തൃസന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോഴെങ്കിലും നിനക്ക് ആ കൊച്ചിനെ ഒന്ന് പ്രാകാതിരുന്നൂടെ ?"
" ഞാൻ പറയും ... ഇനീം പറയും .. എനിക്കേ ദണ്ണം ഉണ്ട് ദണ്ണം . നല്ല ഒന്നാന്തരം സർക്കാർ ജോലിയുള്ള എന്റെ ചെറുക്കനെ കണ്ണും കയ്യും കാട്ടി വശത്താക്കിയതല്ലേ ആ മൂധേവി "
" നീ രാവിലെ മുതൽ നാമം ജപിച്ച നാവ് കൊണ്ട് സന്ധ്യയാകുമ്പോൾ ഇങ്ങനെ മറ്റുള്ളവരെ പള്ളു പറഞ്ഞാൽ കാലത്ത് മുതൽ ജപിച്ചതിന് എന്ത് അർഥം ശാന്തമ്മോ ?"
ശാന്തമ്മ രൂക്ഷമായി കുമാരനെ ഒന്ന് നോക്കി അകത്തേക്ക് പോയി . അടുക്കളയിൽ പാത്രങ്ങൾ അന്ന് പതിവിൽ കൂടുതൽ ഒച്ചയുണ്ടാക്കുന്നത് കേട്ടുകൊണ്ട് കുമാരൻ നിസംഗനായി നിലവിളക്കിലേക്ക് നോക്കിയിരുന്നു .
"എന്റെ ശാന്തമ്മെ ... കഞ്ഞി കുടിക്കാൻ ഇച്ചിരി ചമ്മന്തി എങ്കിലും അരച്ചൂടാരുന്നോ നിനക്ക് . ഇന്നും ഈ പപ്പടം ചുട്ടതെ ഉള്ളോ"
" അതെ .. വേണേൽ കഴിച്ചാൽ മതി . "
"ഉം .. തലേ വര ... അഞ്ചു ഉണ്ടാരുന്നേൽ എന്നേലും കൂട്ടാൻ ഉണ്ടാക്കി വെച്ചേനെ "
" ആഹാ ... എന്നാലെ ഞാനങ്ങ് മാറി തന്നേക്കാം . അമ്മായിയപ്പന് മരുമോള് വെക്കുന്നതൊക്കെയെ പിടിക്കുവൊള്ളേലേ അവടെ കൂടങ്ങു പൊറുത്തോ .. അല്ലപിന്നെ !"
" ശാന്തമ്മെ .. വായീന്ന് വരുന്ന വാക്കുകൾ സൂക്ഷിച്ച് വേണം . തിരിച്ചെടുക്കാൻ പറ്റുകേല "
" ഓ .. പിന്നേ .. നിങ്ങളൊരു മാന്യൻ .. ഒക്കെ എനിക്കറിയാം .. അവളെ കാണുമ്പം നിങ്ങടെ ഒരു സ്‌നേഹം .. ത്‌ഫൂ ... നാണം കേട്ടതുങ്ങൾ"
കുമാരൻ ചാടി എഴുന്നേറ്റ് ശാന്തമ്മയുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു .
അടികൊണ്ട ശാന്തമ്മ അറിയാതെ നിലത്തിരുന്നു പോയി
" ശാന്തമ്മോ .. നിന്നെ ഞാൻ എന്റെ കൂടെ കൂട്ടീട്ട് മുപ്പത് കൊല്ലം കഴിഞ്ഞു . ഇന്നീ നിമിഷം വരെ ഒന്ന് നുള്ളി പോലും ഞാൻ നിന്നെ നോവിച്ചീട്ടില്ല . പക്ഷെ ഇന്ന് ഇത് നീ ചോദിച്ച് വാങ്ങിച്ചതാ . എന്നാത്തിനാടീ നീയൊക്കെ രാവും പകലും രാമായണോം ഭാഗവതോമൊക്കെ ചുമന്നോണ്ട് നടന്ന് വായിക്കുന്നെ ?? ആദ്യം അവനവന്റെ കുടുംബം മര്യാദക്ക് നോക്കണം . അത് കഴിഞ്ഞ് ഭക്തി . മോന്റെ കല്യാണം കഴിയും വരെ നിനക്കില്ലാതിരുന്ന ഭക്തി അവന്റെ കല്യാണം കഴിഞ്ഞ പിറ്റേ ആഴ്ച്ച മുതൽ എവിടുന്ന് വന്നു ? എല്ലാ പണിയും ആ കൊച്ചു പെങ്കൊച്ചിന്റെ തലയിൽ വെച്ച് കെട്ടാൻ അല്ലാരുന്നോടീ അത് .. എന്നീട്ടും നീ അതിന് സ്വസ്ഥത കൊടുത്തോ ?? തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ശുദ്ധം !! നീ ഇവിടുന്ന് വെളുപ്പാന്കാലത്ത് ഇറങ്ങി പോകുമ്പോൾ ഞാൻ ഇതുവരെ ഒന്നും പറയാഞ്ഞത് അത്രയും സമയം ആ കൊച്ചിന് സ്വസ്ഥത കിട്ടിക്കോട്ടെ എന്ന് കരുതീട്ടാ . പക്ഷെ നീ അടങ്ങുന്ന ലക്ഷണമൊന്നും ഇല്ല . കഴുത്തിൽ ഒരു കറുപ്പുചരടും അതിലൊരു താലിയും ആയി നീ ഇവിടെ വന്ന് കയറുമ്പോൾ എന്റെ അമ്മ നിന്നോട് എന്നേലും മുഷിച്ചില് കാണിച്ചോ? പക്ഷെ നീ അഞ്ചുവിനോട് കാണിക്കുന്നതോ?? ദൈവം പൊറുക്കില്ലെടീ നിന്നോട് . ഓർത്തോ "
അയാൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി
തിണ്ണയിൽ കത്തിച്ചു വെച്ചിരുന്ന നിലവിളക്ക് എപ്പോഴോ എണ്ണ വറ്റി അണഞ്ഞിരുന്നു .
അന്ന് തിണ്ണയിൽ കിടന്നുറങ്ങിയ കുമാരൻ ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ഉണർന്നു
രാജപ്പൻ രാവിലെ തന്നെ ചിട്ടികാശും കൊണ്ട് വന്നതായിരുന്നു .
" ഇന്ന് കുറി വിളിക്കും .. ഇത് എനിക്കുള്ളതാ രാജപ്പാ .. നീ വെറുതെ തലയും ചൊറിഞ്ഞു നിക്കണ്ട "
ശാന്തമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടുകൊണ്ട് കുമാരൻ ഉമിക്കരി എടുത്ത് കയ്യിൽ വെച്ച്‌ തിരുമ്മി പൊടിയാക്കി
" അല്ല ചേച്ചീ .. മുഖത്തെന്തോ പറ്റി ? ഒരു വശം നീരുവെച്ച് ഇരുന്നല്ലോ ?"
" ഓ പല്ലുവേദനയാടാ രായപ്പാ . നീ ഒന്ന് പോയെ . എനിക്ക് കുളിച്ച് അമ്പലത്തിൽ പോകാനുള്ളതാ "
കൂടുതൽ വിസ്തരിച്ചാൽ അടികിട്ടിയ കഥ നാട്ടിൽ പാട്ടാകും എന്ന് അറിയാവുന്നത് കൊണ്ട് ശാന്തമ്മ കുമാരനെ ആക്കി ഒരു നോട്ടവും നോക്കി അകത്തേക്ക് പോയി .
" ഈ ജന്തു ഈ ജന്മം നന്നാവൂലാ "
പിറുപിറുത്തുകൊണ്ട് കുമാരൻ കിണറ്റിൻ കരയിലേക്ക് നടന്നു .
ശാന്തമ്മ ചിട്ടി കാശ് മുപ്പതിനായിരം രൂപ ട്രങ്ക് പെട്ടിക്കുള്ളിൽ വെച്ച് ധൃതിയിൽ കുളിക്കാൻ പോയി .
സന്ധ്യക്ക് കുമാരൻ വീട്ടിൽ വരുമ്പോൾ വീട്ടു മിറ്റത്ത് നിറയെ ആൾക്കാർ ..
കുമാരൻ വീടിന്റെ ഉള്ളിലേക്ക് ഓടി
നോക്കുമ്പം ശാന്തമ്മക്ക് ഒന്നും സംഭവിച്ചീട്ടില്ല . ട്രങ്ക് പെട്ടിക്ക് അരികിൽ തലക്ക് കൈയും കൊടുത്ത് ഇരിപ്പുണ്ട് . അയലോക്കത്തെ രണ്ടു പെണ്ണുങ്ങൾ അവരെ ആശ്വസിപ്പിക്കുന്നു .
" എന്താ .. എന്താ പ്രശ്നം ?"
" ശാന്തമ്മചേച്ചീ ട്രങ്ക് പെട്ടീല് വെച്ചിരുന്ന മുപ്പതിനായിരം രൂപാ ആരാണ്ടോ കട്ടോണ്ട് പോയി "
" ഞാനപ്പഴേ പറയാറില്ലേ ശാന്തമ്മെ .. ഇത്രെം കാശ് വീട്ടിൽ വെക്കരുതെന്ന് .. അതെങ്ങനാ .. ബാങ്ക് കാരെ വിശ്വാസമില്ലല്ലോ . ആ .. എന്നേലും ആട്ടെ ... പോയത് പോയി .. അതങ്ങ് വിട്ടേരെ "
ശാന്തമ്മ ഒന്നും മിണ്ടാതെ അയാളെ ഒന്ന് അടിമുടി നോക്കി തിരിഞ്ഞിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ നാട്ടുകാർ പിരിഞ്ഞു
തിണ്ണയിൽ കാറ്റുംകൊണ്ട് കൂസലില്ലാതെ കാലും ആട്ടി ഇരിക്കുന്ന കുമാരന്റെ അടുത്തുവന്ന് ശാന്തമ്മ ഒന്ന് തുറിച്ചു നോക്കി
"സത്യം പറ മനുഷ്യാ .. നിങ്ങളെന്നാത്തിനാ ആ കാശ് എടുത്തേ ?"
" നിനക്ക് മനസിലായി അല്ലെ ... സത്യമാ .. ഞാനാ എടുത്തേ ... എനിക്ക് അതുകൊണ്ട് ഒരാവശ്യം ഒണ്ടാരുന്നു "
" ഞാനറിയാതെ എന്താവശ്യമാ മനുഷ്യാ നിങ്ങക്ക് "
" അതെ .. നമ്മുടെ അഞ്ചുവിന് ഒരു ഓപ്പറേഷൻ ചെയ്യാനാ "
" അതിന് അവക്കെന്നാ അസുഖം ?"
" മാസം കൃത്യമായി മൂന്നു ദിവസം അവൾക്കൊരു അസുഖം വരാറില്ലേ ?? അതൊന്ന് മാറ്റാനാ .. ആ അസുഖം ഉണ്ടാക്കുന്ന സാധനം അങ്ങ് എടുത്തു കളഞ്ഞാൽ പിന്നെ കാര്യം കഴിഞ്ഞല്ലോ "
" അയ്യോ .. .. കാലമാടാ .. നിങ്ങളിത് എന്നാ വാർത്താനമാ ഈ പറയുന്നേ .. അതൊക്കെ എല്ലാ പെണ്ണുങ്ങക്കും ഉള്ളതല്ലേ .. അതെങ്ങനാ മനുഷ്യാ അസുഖം ആകുന്നെ .. ???"
" ങേ .. അപ്പം അത് അസുഖം അല്ലെ ?? ഞാൻ കരുതി ആണെന്ന് . നിന്റെ പെരുമാറ്റം അങ്ങനെയല്ലയോ ? വേറെ മുറി .. പായ് .. തലേണ .. പ്ളേറ്റ് .. ഗ്ളാസ് .. ഒക്കെ അല്ലെ .. സാധാരണ പകർച്ച വ്യാധി ഉള്ളവർക്കല്ലേ അങ്ങനൊക്കെ "
"അയ്യോ .. ഭഗവാനെ .. ഞാനിനി എന്റെ ചെക്കനോട് എന്നാ പറയും . മനുഷ്യാ .. അങ്ങനൊക്കെ ചെയ്‌താൽ ഈ കുടുംബം നമ്മുടെ മോനോടെ തീരില്ലേ "
ശാന്തമ്മ തലയിൽ കൈ വെച്ച് തൂണിൽ ചാരി ഇരുന്നു .
" അതിപ്പം .. ഞാനെന്നാ ചെയ്യാനാ .. എനിക്ക് കുടുംബത്ത് സമാധാനം വേണം ശാന്തമ്മെ . ആ കൊച്ചിനോട് പറഞ്ഞപ്പം അതിന് നൂറ് വട്ടം സമ്മതം .. എല്ലാ മാസവും നിന്റെ താടക വേഷം കാണണ്ടല്ലോ "
" വേഗം ഷർട്ടെടുത്തിട്ട് ഇറങ്ങ് മനുഷ്യാ .. ഏത് ആശൂത്രീലാ ?? "
" ഓ .. നമ്മൾ അങ്ങോട്ടൊന്നും പോകണ്ട .. അവള് ആശൂത്രീന്ന് വിടുമ്പം ഇങ്ങ് വന്നോളും"
"ദേ മനുഷ്യാ .. എന്റെ കൊച്ചിന്റെ മേത്തെങ്ങാനും കത്തി വെച്ചാൽ ആ ആശൂത്രി ഞാൻ കത്തിക്കും .. നിങ്ങള് വരണ്ട .. ഞാൻ പൊയ്ക്കോളാ "
ശാന്തമ്മ മിറ്റത്തേക്ക് ഇറങ്ങി
" നീ ഒന്നവിടെ നിന്നെ ശാന്തമ്മെ .. അവളിങ്ങ്‌ വന്നോളും .. അവളൊരു ആശൂത്രീലും പോയില്ല .. അവളേ വേറെ ഒരിടത്ത് പോയേക്കുവാ "
" ങേ .. അതെവിടാ "
"ഡെറാഡൂണിൽ "
" നമ്മുടെ മൊന്റടുത്തോ "
"ആ അതേടീ .. ഞാനാ അവളെ ട്രെയിൻ കയറ്റി വിട്ടേ .. അവര് രണ്ടും രണ്ടാഴ്ച കഴിയുമ്പോൾ ഇങ്ങു വരുമെടീ ."
" ഹോ ... എന്നാലും .. ഞാനങ്ങ് പേടിച്ചു പോയി മനുഷ്യാ "
" ശാന്തമ്മോ .. ദൈവം സൃഷ്ടിച്ച ശരീരം . അതിൽ ദൈവം തന്നെ ഏർപ്പെടുത്തിയ ചില കാര്യങ്ങൾ . അവിടെ എവിടെയാ ശുദ്ധിയും അശുദ്ധിയും . എല്ലാം വേണം .. ഭക്തിയും ചിട്ടയും ശീലങ്ങളും ഒക്കെ . പക്ഷെ ഒക്കേത്തിനും വേണം പരിധി . ആദ്യം മനുഷ്യനാവണം .. അത് കഴിഞ്ഞു ഭക്തി .. മനസ്സിലായോ "
" ഉം .. ന്നാലും ഇന്നലത്തെ തല്ല് ഇച്ചിരി കടന്നു പോയി "
" ഓ അതങ്ങ് പോട്ടെടീ .. പറ്റിപ്പോയി "
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കുമാരൻ മനസ്സിൽ പറഞ്ഞു
" കുറച്ചു നാളായി ഓങ്ങി വെച്ചിരുന്നതാടീ ഇന്നലെ കിട്ടിയത് . പക്ഷെ തല്ലിനേക്കാൾ ശക്തി മുപ്പതിനായിരത്തിനാ !!"
വന്ദന 🖌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot