നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുമ്പസാരം


-------------------
" മരണത്തെ നിങ്ങൾക്ക് ഭയമുണ്ടോ " ?
അയാളോട് ചേർന്നു കിടന്നു കൊണ്ടവൾ മന്ത്രിക്കും പോലെ അയാളുടെ ചെവിയിൽ ചോദിച്ചു .
" എന്തിനാണ് മരണത്തെ ഭയക്കുന്നത് , അതും മനുഷ്യജീവിതത്തിലെത്തന്നെ ഒരവസ്ഥയല്ലേ " ?
അയാൾ തളർച്ചയിൽ കിടന്നു കൊണ്ട് മുരണ്ടു .
" അതെങ്ങനെ ഒരവസ്ഥയാകും , രോഗാവസ്ഥ എന്നത്പോലെ മരണവും മറ്റൊരവസ്ഥയാണോ " ?
അവളുടെ ചോദ്യത്തിൽ അയാൾക്കുത്തരം മുട്ടി
" ശരീരമല്ലേ മരിക്കുന്നുള്ളു , ആത്മാവ് ശരീരം വിട്ട് മാറി പോവുകയാണ് ചെയ്യുന്നത് " ?
അതയാൾ അവള ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് .
" ആത്മാവിന് അസ്തിത്വമുണ്ടോ , അസ്തിത്വമില്ലാത്തത് എങ്ങനെയാണ് ഒരിടത്ത്‌ സ്ഥിതി ചെയ്യുക , ശരീരം ഉപേക്ഷിച്ച ആത്മാവിന് എവിടെയെങ്കിലും സ്ഥിതി ചെയ്യണമല്ലോ , അതിന് വേണ്ടിയെങ്കിലും അസ്തിത്വം വേണ്ടേ "?
പറഞ്ഞത് അബദ്ധമായി എന്നയാൾക്ക് തോന്നി . അവൾ പിന്നെയും ചോദ്യങ്ങൾ തുടരുകയാണ് .
" കാറ്റ് നില നിൽക്കുന്നില്ലേ , അത് പോലെ തന്നെ ആത്മാവും പറന്ന് നടക്കും " .
" കാറ്റിന് തണുപ്പുണ്ട് , ചൂടുണ്ട് , ചിലപ്പോൾ നല്ല മണവും ഉണ്ട് . അത് തമ്മുടെ ദേഹത്ത് തട്ടി പോകുമ്പോൾ , ഇലകൾ ചലിക്കുമ്പോൾ , മണൽപ്പൊടികൾ പറന്നു പൊങ്ങുമ്പോൾ , ജലാശയങ്ങളിൽ ഓളം ഉണ്ടാകുമ്പോൾ , അപ്പോഴൊക്കെ നമ്മൾ കാറ്റിനെ അനുഭവിക്കുന്നുണ്ട് , അതുപോലെ അലയുന്ന ആത്മാവിനെയും അനുഭവിക്കാൻ നമുക്ക് പറ്റുമോ " ?
ചോദ്യങ്ങൾ കൊണ്ടവൾ അയാളെ ശ്വാസം മുട്ടിച്ചു , അതയാൾ അവളോട് തുറന്നു പറയുകയും ചെയ്തു .
" നീ എന്നെ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ പോകയാണോ " ?
" നിങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടോ " ?
അപ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി .
" ശ്വാസം മുട്ടി മുട്ടി അവസാനം അത് നിലയ്ക്കും , പക്ഷേ അതല്ല എന്റെ ഇപ്പോഴത്തെ പ്രശ്നം , എനിക്കൊന്ന് എണീറ്റിരിക്കണമെന്ന് തോന്നുന്നുണ്ട് . എന്നാൽ എന്റെ കാലുകൾ രണ്ടും വല്ലാതെ തണുത്തുറഞ്ഞിരിക്കുന്നു " .
അത് പറഞ്ഞവൾ അയാളുടെ വലത് കയ്യിൽ അവളുടെ ഇടത് കൈ അമർത്തി .
" തണുപ്പ് അരിച്ചിറങ്ങുന്ന സുഖം , അത് കാലുകളിൽ കൂടി മേലോട്ട് കയറുന്നില്ലേ , അങ്ങിനെയാണെന്ന് ആരോ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ".
ഒന്നനങ്ങാൻ ശ്രമിച്ചു കൊണ്ടയാൾ തുടർന്നു .
" ഇത്തിരി കൂടി ചേർന്ന് കിടക്കാമോ നിനക്ക് " ?
" പറ്റുമെന്ന് തോന്നുന്നില്ല , കാരണം ഞാൻ നിങ്ങളോട് ഒട്ടിയാണ് കിടക്കുന്നത് , ഇതിൽ കൂടുതൽ ചേരാൻ ഇനി നമുക്കിടയിൽ സ്ഥലമില്ല " .
അത് പറയുമ്പോൾ അവളൊന്നു തേങ്ങി .
" നീ കരയുകയാണോ , എന്തിനാണ് നീ കരയുന്നത് , നമ്മൾ ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളിൽ നിന്നും എന്നേക്കുമായി സ്വതന്ത്രരാവുകയല്ലേ " ?
" അതെ , പക്ഷേ തണുപ്പ് മേലോട്ടു മേലോട്ടു കയറുകയാണ് , എന്റെ അരക്കെട്ടും കഴിഞ്ഞ് , ഗർഭപാത്രത്തിന് അകത്തേക്ക് തണുപ്പ് കയറുമ്പോൾ അത് ചുരുങ്ങി ചുരുങ്ങി ഇല്ലാതാവില്ലേ " ?
ഇപ്പോൾ അയാൾ അവളുടെ ഇടത് കയ്യിൽ അമർത്തി പിടിച്ചു .
" ഇനി അത് മാത്രമായി ബാക്കി വെക്കണോ ? അല്ലെങ്കിൽത്തന്നെ എന്തിനാണ് നമുക്കിനി ഒരു ഗർഭപാത്രം " ?
" എന്നാലും നമ്മുടെ മക്കൾ കിളിർത്തതും രൂപം കൊണ്ടതും അവിടെയല്ലേ " ?
" എന്നെ ബലമായി പിടിച്ചു കൊള്ളൂ , ഇതിലും വലിയ സങ്കടം ഇനിയും വരാൻ പോകുന്നു " .
" ഞാനറിയുന്നു ഹൃദയത്തോടൊപ്പം എന്റെ മുലകളും മരവിക്കുന്നു , അതിന്റെ സ്പന്ദനം പതുക്കെപ്പതുക്കെ നിലയ്ക്കാൻ തുടങ്ങിയിരിക്കുന്നു " .
" എനിക്കു സങ്കടം വരുന്നുണ്ട് , ഇളയവൻ ആറു മാസം പോലും തികച്ച് മുലകുടിച്ചില്ല , അത്രയുമായപ്പോഴേക്കും എന്റെ വലത്തേ മുലക്കണ്ണുകൾ പഴുത്തു തുടങ്ങിയിരുന്നു , വലത് ഭാഗത്തെ മുല മുറിച്ചു മാറ്റുമ്പോൾ ഇടത്തേ മുല കരഞ്ഞിട്ടുണ്ടാവും , ഇല്ലേ " ?
അയാൾ അവളെ തന്റെ തളർന്ന കണ്ണുകൾകൊണ്ട് നോക്കി
" മറ്റു രണ്ട് മക്കളും മുല കുടിച്ച കണക്കെടുത്താൽ ഇളയവന് നീയിപ്പോൾ കടക്കാരിയാണ് . അന്ന് ബാക്കി വെച്ച മുലപ്പാൾ ഇപ്പോൾ തണുത്തുറഞ്ഞ് കട്ടിയായിട്ടുണ്ടാവും " .
അയാൾ ഒന്ന് നീട്ടി ശ്വാസം വലിച്ചു , പക്ഷേ , അതിടയ്ക്ക് എവിടെയോ വെച്ച്‌ മുറിഞ്ഞു പോയി .
" നിങ്ങൾ കാര്യങ്ങൾ വിശദമാക്കിയല്ലേ അയാളോട് സാധനം വാങ്ങിയത് " ?
" അതെ എല്ലാം പറഞ്ഞിരുന്നു , വളരെ രഹസ്യമായിത്തന്നെയാണ് കാര്യങ്ങൾ പറഞ്ഞതും സാധനം വാങ്ങിയതും , പിന്നെന്തേ ഇടയ്ക്ക് അൽപം വേഗത കൂടുന്നത് , അതും എനിക്ക് മാത്രം , ഇതിൽ അയാൾ എന്തെങ്കിലും കൃത്രിമം നടത്തിക്കാണുമോ " ?
അപ്പോൾ അവൾ വീണ്ടും വിതുമ്പി , പിന്നെ ഇഴയുന്ന ശബ്ദത്തിൽ പറഞ്ഞു .
" കാണിച്ചത് ഞാനാണ് , കൃത്രിമം കാണിച്ചതല്ല , ഇന്നും പതിവ് പോലെ ഒരൽപം കൂടുതൽ ഞാൻ നിങ്ങൾക്ക് വിളമ്പി , ഇന്നിക്കാലം വരെ ഞാൻ അങ്ങനെയല്ലേ ചെയ്തിട്ടുള്ളു . എന്തും ഒരൽപം എനിക്കെടുക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് തരാറുണ്ടല്ലോ " .
അയാൾ അവളുടെ ഇടത് കയ്യിൽ വീണ്ടും വലത് കൈ അമർത്തി , അധികരിച്ച സ്നേഹത്തോടെ
" എന്റെ വായ വല്ലാതെ കയ്ക്കുന്നു "
അത് കേട്ട് അവളൊന്നു ചുണ്ടുകൾ കോട്ടി ചിരിച്ചു
'' വിഷത്തിന് മധുരമാണെന്നാരാണ് നിങ്ങളോട് പറഞ്ഞത് " ?
അയാൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല .
" നിങ്ങൾക്കിപ്പോൾ ചിരിക്കാൻ തോന്നുന്നില്ലേ " ?
" ഇല്ല , എനിക്ക് ഭയമാണ് തോന്നുന്നത് " .
" മരണത്തെയാണോ നിങ്ങൾ ഭയക്കുന്നത് , ഇത് നമ്മൾ സ്വയംവരിച്ചതല്ലേ " ?
" മരണത്തെയല്ല , മരണാനന്തരത്തെയാണ് ഞാൻ ഭയപ്പെടുന്നത് "
" അതിന് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ , ഈ കാർന്നെടുക്കുന്ന വേദനയിൽ നിന്നും എന്റെ മോചനം തേടിയല്ലേ , എനിക്കൊപ്പം നിങ്ങളും മരിക്കാൻ തീരുമാനിച്ചത് . മക്കൾക്ക് ഭാരമാവരുതെന്ന് തീരുമാനിച്ചതും നിങ്ങൾ തന്നെയല്ലേ ? പിന്നെന്തിനാണ് മരണാനന്തരത്തെ ഓർത്ത് ഭയപ്പെടുന്നത് ? നോക്കു എനിക്ക് സന്തോഷം വരുന്നുണ്ട് , പക്ഷേ ചിരിക്കാൻ കഴിയുന്നില്ല , എന്റെ കീഴ്ത്താടി മരവിച്ചിരിക്കുന്നു , എന്നാൽ എനിക്കിപ്പോൾ സ്വർഗം കാണാം " ..
" ഞാനും കാണുന്നുണ്ട് ചില കാഴ്ചകൾ , പക്ഷേ നരകതുല്യമായ കാഴ്ചകളാണ് ഞാൻ കാണുന്നതത്രയും " .
" നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ ? പാപികളല്ലേ നരകത്തിൽ പോവുക " ?
അപ്പോഴയാൾ പറഞ്ഞു തുടങ്ങി , അവളറിയാതെ , ലോകമറിയാതെ അയാൾ ചെയ്ത പാപങ്ങൾ , അവളോട് കാണിച്ച വിശ്വാസവഞ്ചന , മക്കളോട് ചെയ്ത ചതി ... എല്ലാ മറകളും പൊളിച്ച് ദൈവം മാത്രം കണ്ട സത്യങ്ങൾ എല്ലാം അയാൾ അവളെ പറഞ്ഞു കേൾപ്പിച്ചു ....
അയാൾ പറഞ്ഞു നിർത്തിയപ്പോൾ ഒരു നീർക്കണം അയാളുടെ കണ്ണിൽ പതിച്ചു , അതവളുടെ ആത്മാവിന്റേതായിരുന്നു ....
ഇബ്രാഹിംകുട്ടി
പാണപറമ്പ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot