Slider

കൃഷ്ണമ്മ

0

..................
കൃഷ്ണമ്മ വീട്ടിൽ വന്നിട്ട് കുറേ ദിവസമായിരിക്കുന്നു. എനിക്ക് അവരെ കാണാതെ എന്തോ നഷ്ടപ്പെട്ടത് പോലെ.. മൂന്ന് വർഷമായി അവരെ കാണാൻ തുടങ്ങിയിട്ട്..
ഞാൻ കോയമ്പത്തൂർ താമസമാക്കിയതു മുതൽ കൃഷ്ണമ്മയെ എനിക്കറിയാം. കറുത്ത് മെലിഞ്ഞു ഇരുവശങ്ങളിലും മൂക്കുത്തിയിട്ട തമിഴത്തി..വെറ്റില കറ പുരണ്ട അവരുടെ ചിരി കാണാൻ നല്ല രസമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം അവർ വീട്ടിൽ വരും.. കുട്ടയിൽ നിറയെ ചീരയും പച്ചക്കറികളുമായി..മധുക്കരയിലെ അവരുടെ വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന വളമിടാത്ത നല്ല പച്ചക്കറികൾ. കുട്ട നിലത്തിറക്കി വച്ചു തെല്ലു കിതപ്പോടെ അവർ നിലത്തു കാല് നീട്ടിയിരിക്കും.
അമ്പതു വയസ്സിനു മേൽ പ്രായമുണ്ട് അവർക്ക്..
പലതരത്തിലുള്ള ചീരകളും പച്ചക്കറികളും ആ കുട്ടയിലുണ്ടാവും.
അതെങ്ങനെ പാചകം ചെയ്യണമെന്നും അതിന്റെ ഗുണങ്ങളെ പറ്റിയൊക്കെ അവർ പറഞ്ഞു തരും.
വെള്ളാരക്കീര എന്ന ഇല ഞാൻ കാണുന്നത് അവർ കൊണ്ടുവന്നിട്ടാണ്.. താമരയുടെ ഇല പോലെ തോന്നും കണ്ടാൽ.. അതു നല്ല ഭംഗിയിൽ കെട്ടി അടുക്കി വച്ചിരിക്കും കുട്ടയിൽ.
വന്നാൽ കുറേ നേരം സംസാരിച്ചിരിക്കും. അവർക്കു ഒരു മകനുണ്ടെന്നും അവന്റെ കല്യാണം കഴിഞ്ഞു കുട്ടികളൊക്കെ ആയിയെന്നും എന്നോട് പറഞ്ഞു.
"പയ്യനുക്കും മരുമകൾക്കും നാൻ ഇന്ത വേല സെയറുത്‌ പുടിക്കല്ല.
എന്നാലേ ചുമ്മാ ഇരുക്ക മുടിയാത്.."
അവർ ചിരിച്ചിട്ട് പറയും.
കൃഷ്ണമ്മ വന്നാൽ വീട്ടിൽ നിന്നും ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കില്ല.. എന്തെങ്കിലും കഴിക്കാൻ കൊടുത്താൽ പോലും വാങ്ങില്ല..
ചോദിച്ചാൽ പറയും. മകന് അതൊന്നും ഇഷ്ടമല്ല. ആരുടെ വീട്ടിൽ നിന്നും ഒന്നും വാങ്ങി കഴിക്കാൻ പാടില്ലെന്ന് നിർബന്ധമായി പറഞ്ഞിട്ടുണ്ട്. ആ കാര്യം അവർ അതേ പടി പാലിച്ചിരുന്നു.
എനിക്കെന്തോ അവരോടു വല്ലാത്തൊരു അടുപ്പം തോന്നുമായിരുന്നു..
ചെങ്കോട്ടയിൽ നിന്നും അവരെ കല്യാണം ചെയ്തു കൊണ്ടു വന്ന കഥയൊക്കെ പറയും.
ഭർത്താവ് മരിച്ചു എന്ന് പറയാൻ അവർ എന്തോ ഇഷ്ട്പ്പെട്ടിരുന്നില്ല. അകന്നു എവിടെയോ മാറി നിൽക്കുന്ന ഭാവത്തോടെയാണ് കൃഷ്ണമ്മ പറയുക.
കണ്ണുകളിൽ തെളിയുന്ന നീര് വലിച്ചെടുത്തു ചിരിക്കും..
തനി തമിഴ് നാട്ടിൻ പുറങ്ങളിലെ ശുദ്ധമായ ഹൃദയങ്ങളിലെ സ്നേഹം ഞാൻ അനുഭവിച്ചത്‌ അവരുടെ നാട്ടിൽ പോയപ്പോഴാണ്.. നിർബന്ധപൂർവ്വം ഒരിക്കൽ എന്നെ അവർ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു.
ചിരിച്ച മുഖങ്ങളിലെ സ്നേഹത്തിന്റെ ആഴം. ഒരു മടിയും കൂടാതെ അവർ അവരുടെ കൂട്ടത്തിലെ ഒരാളെ പോലെയാണ് എന്നോടും പെരുമാറിയത്... വാസുകി.. കറുത്ത് മെലിഞ്ഞു അഴകുള്ള പെണ്ണ്.. അവരുടെ മരുമകൾ.. വാസുകിക്ക് വരട്ടുമഞ്ഞളിന്റെ ഗന്ധമായിരുന്നു.. കൈകളിൽ ഉടഞ്ഞു ചിരിക്കുന്ന കുപ്പിവളകൾ. നെറ്റിയിൽ മഞ്ഞയും ചുവപ്പും കലർന്ന കുറി. കണ്ണിൽ പടർന്നു കലങ്ങിയ കണ്മഷി.. കൈയിലെ മയിലാഞ്ചി നിറം.. മാറിലെ വിയർപ്പിൽ ഒട്ടി കിടക്കുന്ന വരട്ടു മഞ്ഞൾ താലി..
എല്ലാ സ്ത്രീകളിലും ഒരേ ഭാവം.. ഒരേ താളം.. കാലിൽ കിലുങ്ങുന്ന ഭാരമേറിയ കൊലുസിന്റെ നാദം..
വെറുതെയെങ്കിലും മോഹിച്ചു പോയി ഞാൻ ഒരു തമിഴത്തി ആയിരുന്നുവെങ്കിലെന്ന്..
കൃഷ്ണമ്മക്ക് ഏറെ സന്തോഷമായി അന്ന് ഞാൻ അവിടെ ചെന്നത്..
എപ്പോഴും നിറഞ്ഞു വരുന്ന എന്റെ കണ്ണുകളിൽ ഞാൻ മഷി എഴുതാറില്ല.. എഴുതിയാൽ അതു കണ്ണുനീരിനൊപ്പം പടർന്നു കണ്ണിനെ വേദനിപ്പിക്കും. കൃഷ്ണമ്മ നിർബന്ധമായി അവരുടെ വിരലിൽ മഷിയെടുത്തു എന്റെ കണ്ണുകളിൽ എഴുതി. ഞാൻ കരയുമെന്നു പറഞ്ഞിട്ടും അവർ കൂട്ടാക്കിയില്ല.. പെണ്ണിന്റെ കണ്ണിൽ മഷി വേണം.. അതു പുരുഷനിൽ പ്രണയത്തെ ഉണർത്തുമെന്നു വാസുകി എന്നോട് കളിയായി പറഞ്ഞു.. എന്തോ എന്റെ കണ്ണ് അന്ന് നിറഞ്ഞില്ല.. മഷി പടർന്നില്ല.. ആ കണ്മഷിക്കു സ്നേഹത്തിന്റെ ഗന്ധമുണ്ടെന്നു എനിക്ക് തോന്നി..
ഞാൻ കഴിച്ചിട്ടില്ലാത്ത കുറേ ഭക്ഷണവും.. കുപ്പിവളകളും സിന്ദൂരവും.. ഒരു ചുവന്ന പട്ടു സാരിയും തന്നു അവരെന്നെ യാത്രയാക്കി..
അവിടുന്ന് പോരുമ്പോൾ ഞാൻ ആഗ്രഹിച്ചു..ഇനിയൊരു ജന്മമുണ്ടെങ്കിൽ അവർക്കിടയിൽ ജനിക്കണം.. കലർപ്പില്ലാത്ത സ്നേഹത്തിന്റെ തലോടൽ അനുഭവിക്കണം.
ആ പരുപരുത്ത വിരലുകൾ കൊണ്ടു മുഖത്തൊന്നു തലോടിയിട്ട് സ്നേഹത്തോടെ വിളിക്കും പാപ്പാ... ആ വിളി കേൾക്കുമ്പോൾ അവരെന്റെ ആരോ ആണെന്ന് തോന്നി പോകും
ഇപ്പോൾ അവർ വന്നിട്ട് മാസങ്ങൾ ആയിരിക്കുന്നു.. ഇങ്ങനെ ഉണ്ടാവാറില്ല.. അവരുടെ കയ്യിൽ ഒരു ചെറിയ ഫോണുണ്ടായിരുന്നു.. ആ നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല.. ആകെ ഒരു വിഷമം. അവരുടെ ചിരിച്ച മുഖം കാണാതെ.. കുട്ടയിലെ സ്നേഹത്തിന്റെ സ്പർശമുള്ള പച്ചക്കറികളില്ലാതെ.. എന്തോ ഒരു കുറവ്..
അവർ അന്ന് അവസാനം വന്നത് ഓർത്തു..
പടികൾ കയറി വന്നു കിതപ്പോടെ താഴെ തറയിലിരുന്നു.
അവരുടെ കണ്ണുകളിൽ പരിഭ്രമം.. കുറച്ചു നാളുകളായി ശ്രദ്ധിക്കുന്നു. അവർക്കെപ്പോഴും ഒരു പരിഭ്രമം ആണ്..എപ്പോഴും എന്തോ മറന്നതുപോലെ..
ഇടയ്ക്കു അവർ തന്നെ പറയും.. "മറന്തിട്ടെൻ.. മറന്തിട്ടെൻ.. "എന്തെങ്കിലു മൊക്കെ എടുക്കാൻ അവർ മറന്നിരിക്കും.. അന്ന്
അവരുടെ വസ്ത്രം വല്ലാതെ പഴയതായിരുന്നു.. കീറിയ ബ്ലൗസും.. ചുരുണ്ടു കയറി മുഷിഞ്ഞ പഴകിയ സാരിയും..
സാധാരണ അവർ വരുമ്പോൾ വൃത്തിയുള്ള സാരിയും ബ്ലൗസും ധരിച്ചു തന്നെയാണ് വരാറുള്ളത്.. ഇതെന്തു പറ്റിയെന്നു ഞാനും ചിന്തിച്ചു.
ഞാൻ ചോദിച്ചപ്പോൾ നേർത്ത ഒരു ചിരിയോടെ അവർ പറഞ്ഞു.. "മറന്തിട്ടെ... സാരി മാത മറന്തിട്ടെൻ എന്നമോ യോസിച്ചു.. ഓടി വന്തിട്ടെൻ.. വര
വഴിയിലെ പയ്യൻ എന്നെ പാത്തിട്ട .. ഇന്ത വേഷത്തിലെ പാത്താ കണ്ടിപ്പാ തിട്ടുവാ
ഇന്ത വേലക്ക് ഇനി വിടാമാട്ടാ "
കൃഷ്ണമ്മയുടെ സ്വരത്തിൽ ആകെ പരിഭ്രമം.. സങ്കടം..
"കൊഞ്ചം നാളാ ഏതുമേ ഞാപകത്തിലെ ഇല്ലേ.. മറന്തു മറന്തു പോകുത്. "
അവർ എന്തോ ഓർത്തു സങ്കടപ്പെട്ടു.. കണ്ണുകൾ നിറഞ്ഞു..
പുറത്തെ വാതിലിൽ ആരോ തട്ടി.. ഞാൻ തുറന്നു നോക്കിയപ്പോൾ കറുത്ത് മെലിഞ്ഞ ഒരാൾ.
അയാൾക്ക്‌ കൃഷ്ണമ്മയുടെ ഛായ ഉണ്ടായിരുന്നു. അവരുടെ മകൻ.. മുരുകേശൻ..
ഞാൻ അയാളെ ആദ്യമായിട്ടാണ് കാണുന്നത്.
അയാളെ അകത്തേക്ക് വിളിച്ചു..
നിലത്തു തല താഴ്ത്തി ഇരിക്കുന്ന അമ്മയെ നോക്കിയിട്ട് അയാൾ അകത്തേക്ക് വന്നു.. കൃഷ്ണമ്മയുടെ മുഖം സങ്കടം കൊണ്ടു വീർപ്പു മുട്ടിയിരുന്നു. അയാൾ അമ്മക്കരുകിൽ ഇരുന്നു.
"എന്നമ്മ ഇപ്പടി പൻറെ..ഇന്ത വേഷത്തില് എതുക്ക് ഇപ്പടി നടന്തുകിട്ടിരിക്കെ.
അയാളുടെ സ്വരം ഇടറിയിരുന്നു..നാ എത്തനെ തടവെ സൊന്നെ ഇന്ത വേലക്ക് പോകാതെ ന്ന്..
കൃഷ്ണമ്മ തല താഴ്ത്തി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.. അയാളുടെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു.. അതിൽ നിന്നും നല്ല ഒരു സാരിയും ബ്ലൗസും എടുത്തു അമ്മയുടെ കൈയിൽ കൊടുത്തു..
"സാരി മാത്തിട്ടു അപ്പറമാ പോ.. ഇന്ത വേഷത്തിലെ പോകാതെ.. പാക്കുമ്പോത്‌ മനസ്സ് വലിക്കിതു.. ശരിയാ.. "
അമ്മ തലയാട്ടി..
സാരി വാങ്ങി..
അയാൾ അമ്മയെ ഒന്ന് ചേർത്തു പിടിച്ചു.. "വെളിയേ വെയിലടിക്കുത് പാത്തു പോമ്മാ.. "
അയാൾ എഴുന്നേറ്റു.. എന്നെ നോക്കി ചിരിച്ചിട്ട് പറഞ്ഞു.. "തപ്പാ നിനക്കാതെ.. അമ്മാവെ ഇപ്പടി പാക്കറുതുക്ക് താങ്ങ മുടിയല്ല.. സൊന്ന കേക്കവും മാട്ടേങ്കറാങ്ക്. അതനാല്താ സാരിയെടുത്തിട്ടു വന്തേ "
തിരിഞ്ഞു അമ്മയെ ഒന്ന് കൂടെ നോക്കിയിട്ട് അയാൾ പോയി..
എനിക്ക് അയാളോട് വല്ലാത്തൊരു ആദരവ് തോന്നി.. അമ്മയെ ഇത്രയും സ്നേഹിക്കുന്ന ഒരു മകൻ.. കൃഷ്ണമ്മ ഭാഗ്യവതിയാണ്.
കൃഷ്ണമ്മ അകത്തു പോയി സാരി മാറ്റി വന്നു.
"കൃഷ്ണമ്മ എന്തിനാ ഈ പ്രായത്തില് കുട്ട ചുമന്നു കഷ്ടപ്പെടുന്നെ.. മകൻ നന്നായി നോക്കുന്നില്ലേ.. അവർക്കും സങ്കടം അല്ലേ നിങ്ങൾ ഇങ്ങനെ നടന്നാൽ.."ഞാൻ ചോദിച്ചു
കൃഷ്ണമ്മ ചിരിച്ചു..
"ചാവുന്ന വരെ ആരെയും കഷ്ടപ്പെടുത്തരുത്.. ആരുടെ മുന്നിലും കൈ നീട്ടാൻ ഇട വരരുത്.. എന്റെ ജീവിതം ഞാൻ തന്നെ നോക്കണം.. മരിക്കുന്ന വരെ പണിയെടുക്കണം.. വയ്യാതായി തളർന്നു ഞാൻ കിടക്കില്ല..
അപ്പൊ മരിക്കണം.
എല്ലാ ദിവസവും രാവിലെ അവന്റെ പോക്കറ്റിൽ വച്ചു കൊടുക്കുന്ന എന്റെ സമ്പാദ്യം.. അതെന്റെ അഭിമാനം ആണ്.. സന്തോഷം ആണ്. എന്റെ സമ്പാദ്യം കൊണ്ടു അവനും ഭാര്യക്കും കുട്ടികൾക്കും എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോൾ എന്റെ സന്തോഷം... അതാണ് എന്റെ ജീവിതം... "
കൃഷ്ണമ്മ കുട്ടയെടുത്തു തലയിൽ വച്ചു..
"പത്തു വയസ്സിൽ തലയിലേറ്റിയ കുട്ടയാണ്.. അങ്ങനെ സമ്പാദിച്ചു ജീവിച്ച ജീവിതമാണ്.. പെട്ടെന്ന് ഒരു ദിവസം അതില്ലാതായാൽ..
അവരുടെ സ്വരത്തിൽ വിറയൽ..
അവർ തളർന്ന കാലടികളോടെ പുറത്തേക്ക് നടന്നു.
ഞാൻ അവർ പോകുന്നത് നോക്കി നിന്നു.. എന്തോ എനിക്ക് സന്തോഷമോ സങ്കടമോ .. ഒരു സ്ത്രീയുടെ പൂർണ്ണത.. അഭിമാനം.. സന്തോഷം.. എല്ലാം ഞാൻ കൃഷ്ണമ്മയിൽ കണ്ടു.
പക്ഷേ എനിക്ക് തോന്നി അവർക്കെന്തോ വയ്യാതാകുന്നുണ്ട്. കാലടികൾ വിറക്കുന്നുണ്ട്.. സ്വരത്തിൽ തളർച്ചയുണ്ട്.
അതിനു ശേഷം പിന്നെ കൃഷ്ണമ്മ വന്നിട്ടില്ല. ആ മറവി.. അതെന്നിൽ ഭയമുണ്ടാക്കിയിരുന്നു. ഇനി അവർക്കെന്തെങ്കിലും സുഖമില്ലാതെ...
അങ്ങനെ തോന്നിയപ്പോഴാണ് ഞാൻ വീണ്ടും അവരെ അന്വേഷിച്ചു ആ വീട്ടിൽ പോയത്..വാസുകിയുടെ മുഖത്തു പഴയ സന്തോഷം കണ്ടില്ല.. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
അകത്തെ മുറിയിൽ ഞാൻ കണ്ടു.
കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന കൃഷ്ണമ്മ. അവർ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണുകൾ ആ കാലുകളിൽ പതിഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി..
കാലുകളിൽ ചങ്ങലയിട്ട് കട്ടിലിനോട് ബന്ധിച്ചിരുന്നു.. ഞാൻ വേദനയോടെ അത് നോക്കി നിന്നു. എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ വാസുകി പറഞ്ഞു. "അമ്മക്ക് ഒന്നും ഓർമ്മയില്ല.. പച്ചക്കറിയും കൊണ്ട് പോയിട്ട് ഒരു ദിവസം വന്നില്ല.. എല്ലാവരും കൂടെ അന്വേഷിച്ചു ചെന്നപ്പോൾ എവിടെയോ വഴിയിൽ ഇരിക്കുന്നു.. വീട്ടിലേക്കുള്ള വഴി മറന്നു പോയിന്ന്.. പിന്നെ ഇവര് പുറത്തു വിടാതായി.. അമ്മ പക്ഷേ പറയാതെ പുറത്തു പോകാൻ തുടങ്ങിയപ്പോ ആകെ കഷ്ടമായി.അലഞ്ഞു തിരിഞ്ഞു നടന്നു... ഇവര് എന്നും അന്വേഷിച്ചു കൂട്ടിട്ടു വരണ്ട അവസ്ഥയായി.. ഡോക്ടറെ കാട്ടി.. അമ്മക്ക് മറവിരോഗന്നാ പറഞ്ഞത്.. നിവൃത്തിയില്ലാണ്ടായപ്പോ ഇങ്ങനെ പൂട്ടിയിടേണ്ടി വന്നു.. കണ്ണ് തെറ്റിയ ഇറങ്ങി പോവാണ്.. "
വാസുകി ചേലയിൽ കണ്ണു തുടച്ചു..
എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. "പാപ്പാ ന്നുള്ള സ്നേഹമൂറുന്ന വിളി കാതിൽ മുഴങ്ങി.. അവരുണരാൻ ഞാൻ നിന്നില്ല.. ഒരു പക്ഷേ എന്നെ അറിയാതെ... ഓർമ്മയില്ലാതെ ആ കണ്ണുകൾ പിടക്കുന്നതു ഞാൻ കാണേണ്ടി വരില്ലേ.
മുറിയുടെ മൂലയിൽ ആ കുട്ടയുണ്ടായിരുന്നു.. വിരിഞ്ഞ ചിരിയോടെ തലയിൽ കുട്ടയേന്തിയ കൃഷ്ണമ്മയുടെ രൂപം.. എനിക്കാ രൂപം മതി. ആ ഓർമ്മ മതി. മാഞ്ഞുപോയ ഓർമ്മകളിൽ തളർന്നു കിടക്കുന്ന കൃഷ്ണമ്മയെ കാണുക വയ്യ .. ഞാനിറങ്ങി നടന്നു..അവരുടെ ചീര തോട്ടത്തെ തഴുകി വരുന്ന കാറ്റ്.. അതിന് കൃഷ്ണമ്മയുടെ സ്നേഹത്തിന്റെ സുഗന്ധമാണ്.. പാപ്പാ.. ആ വിളി ഓർത്തോർത്തു നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു..
Preetha sudhir
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo