Showing posts with label BabuThuyyam. Show all posts
Showing posts with label BabuThuyyam. Show all posts

നീ I Kavitha I Babu Thuyyam






 നീ
പ്രഭാതമായ് ഉണരുകയാണെങ്കിൽ
പുലരി മുതൽ സന്ധ്യവരെ
നിന്നെയും നോക്കി
നിർവൃതിയിൽ ലയിക്കുന്ന
സൂര്യകാന്തിപ്പൂവായ് മണ്ണിൽ
വിരിഞ്ഞേനെ.
നീ
മഴക്കാറിനൊപ്പം
മാരിവില്ലായ് മാറിയാൽ
അഴകിൻ്റെ അനശ്വര വർണ്ണങ്ങൾ
ചാലിച്ച നീ തന്നപ്രണയം മുഴുവൻ
പീലികളിൽ, എന്നിൽ ഞാൻ
ചേർത്തുവെച്ചേനെ.
നീ
ആകാശഗംഗയായ്
താഴേയ്ക്കൊഴുകുമ്പോൾ
ശിരസ്സും,മനസ്സും കുളിരുന്ന
അനുഭൂതിയിൽ നിലയ്ക്കാത്ത
പ്രണയാഭിഷേകത്തിനാൽ
ഋതുഭേദങ്ങൾ മറന്നുനിന്നേനെ.
നീ
ഗിരിശൃംഗമായ്
പുനർജ്ജനിക്കുകയാണെങ്കിൽ
മഞ്ഞായ്മാറി
ആർക്കും കാണാനാവാത്തവിധം
നിന്നെ പൊതിഞ്ഞ്
പുണർന്നുറങ്ങിയേനെ.
നീ
നാഗകന്യകയായിരുന്നെങ്കിൽ
നിൻ്റെ ചുംബനങ്ങളേറ്റ്
മുക്തി കിട്ടിയ മാണിക്യക്കല്ലുപോൽ
ഞാൻ സായൂജ്യം നേടിയേനെ.
നീ
പൂവായ് വിരിഞ്ഞു നിന്നാൽ
ആഴങ്ങൾക്കിടയിൽ നീയൊളിപ്പിച്ച
മധു കവരുന്നൊരു ശലഭമായ്
ആ ലഹരിയിൽ മുഴുകി
ഞാനെന്നെ മറന്നേനെ
എല്ലാം അറിഞ്ഞേനെ.
നീ
കവിതയായെൻ്റെ
വിരൽത്തുമ്പിൽ നിറയുമ്പോൾ
അക്ഷരങ്ങൾ മായാത്ത
മഷിക്കൂട്ടൊരുക്കി നിന്നെ
അനശ്വരയാക്കാൻ ഞാനെൻ്റെ
ജീവരക്തം നൽകിയേനെ.
നീ
അടുത്തില്ലായിരുന്നെങ്കിൽ
സ്വപ്നം കാണുന്ന കണ്ണുകൾതേടി ദാഹിച്ചുവലഞ്ഞേനെ.
Babu Thuyyam.
27/03/21.

പെണ്ണ്.


 എൻ്റെ മനസ്സിൻ്റെ വിരഹംചാലിച്ച്
പ്രണയംകൊണ്ട്
കണ്ണെഴുതുന്നുണ്ടൊരു പെണ്ണ്.
കുടംബഭാരം ചുമലിലേറ്റി ചിരിച്ചും കളിച്ചും ഓടിനടന്ന്
ഉത്തരവാദിത്തങ്ങൾ നിറവേറ്റി
രാത്രിയുടെ നിശബ്ദതയിൽ നെടുവീർപ്പോടെ എന്നെയോർക്കുന്നൊരു പെണ്ണ്.
കാതങ്ങൾക്കു ദൂരെയ്ക്ക് എനിക്ക് ആത്മവിശ്വാസമേകി അറിയേണ്ടവ മാത്രമറിയിച്ച് മനസ്സുരുക്കാതെ കാക്കുന്നൊരു പെണ്ണ്.
അത്രമേൽലിഷ്ടം കൂടുമ്പോൾമാത്രം
മനസ്സുകൊണ്ട് പാൽപ്പായസമൊരുക്കിവെച്ച്
നെഞ്ചിൽ മുഖംചേർത്ത്
കുറുകുന്നൊരു പെണ്ണ്.
ശരിയായ തീരുമാനങ്ങളിലൂടെ
അച്ഛൻ്റെ പരിഭവവും അമ്മയുടെ പരാതികളും കുട്ടികളുടെ ചിണുങ്ങലും
സ്നേഹത്തിലലിയിച്ച്
എന്നെ വിസ്മയിപ്പിക്കുന്നൊരു പെണ്ണ്.
ഉരുകിക്കത്തുന്ന വിളക്കിനെന്നും
പൊൻശോഭയാണെന്നോർമ്മിപ്പിച്ച്
വീട്ടിൽ മഴവില്ലുതീർക്കുന്ന പെണ്ണ്.
ബാബു തുയ്യം
6/1/21.

കളഭം.

പുണ്യ,മോക്ഷങ്ങൾ പരിമളംതൂവുന്ന
പൂങ്കാവനമാണെൻ ഗുരുവായൂരമ്പലം.
സുഗന്ധപുണ്യത്തിൻ്റെ തീർത്ഥംനുകർന്നു ഞാൻ
നിൽക്കുന്നു നിൻ്റെ തിരുനടയിൽ.

നിൻമാറിൽ ചാർത്തിയ തുളസി ഗന്ധം.
താമരപ്പൂവിനോ നറുസുഗന്ധം
ചന്ദനമണമേറും ചുറ്റമ്പലം
കളഭച്ചാർത്തു കഴിഞ്ഞുവെല്ലോ

നെയ്ത്തിരികത്തുമാ നിലവിളക്കും.
നെയ്മണമുള്ളോരു നൈവേദ്യവും
എല്ലാംമറന്നു ഞാൻ ലയിച്ചുനിൽക്കുമ്പോൾ
വെണ്ണമണക്കുന്നു കണ്ണാ
നീയടുത്തുണ്ടല്ലോ കണ്ണാ

നീയടുക്കുന്തോറും അകലുന്നതെന്നുടെ
കലിയുഗകാലത്തിൻ കർമ്മദോഷം.
ഞാനോടിയെത്തുമ്പോൾ
അകലല്ലെ കണ്ണാ നീ
മായകൾ കാട്ടി മയക്കീടല്ലേ

നിന്നടുത്തെത്തി തൊഴുതുനിന്നാൽ
കണ്ണനോടെല്ലാം പറഞ്ഞുതീർന്നാൽ
തീരുമെൻ വ്യഥയെല്ലാമന്നുമിന്നും

ബാബു തുയ്യം.
27/10/20.

പ്രായം (കവിത)


മനസ്സുംവയസ്സും തമ്മിലെന്താണ്.?
ഒരുമിച്ച് യാത്രതുടങ്ങിയ ഇവരിലാരാണ് ഇടയ്ക്ക് മടിച്ചുനിന്നത്.?

പ്രായംതോന്നാത്ത ശരീരങ്ങളിൽ
എത്ര വയസ്സുകളാണ്
ചിലരിൽ ഒളിഞ്ഞിരിക്കുന്നത്.

പ്രായമേറെയായ ശരീരങ്ങളിൽ
എത്രയോ മനസ്സുകളാണ്,
പ്രായമംഗീകരിക്കാതെ
കുസൃതിയോടെ ചിരിക്കുന്നത്.

ചിലപ്പോൾ ഓർമ്മകൾക്കു മധുരമേറുന്നിടത്തെ
ഏതെങ്കിലുമൊരു പടവിൽ
മനസ്സ് മടിച്ചുനിന്നിരിയ്ക്കാം.

യൗവനത്തെ ചേർത്തുനിർത്തി
എല്ലാറ്റിനേയും പ്രണയിച്ച് ചെറുപ്പമാക്കി
കൗതുകത്തോടെ കണ്ണടച്ചു നിന്നിരിയ്ക്കാം.

ചിന്തകൾക്കൊപ്പമെത്താൻ കഴിയാത്ത
ശരീരത്തിനാണ് ഏറെ വിഷമം.

എടുക്കാനായി പരതുമ്പോൾ
കൈതട്ടി വീണുടഞ്ഞുപോകുന്ന
ജീവിതങ്ങളാണ് പലപ്പോഴും
പ്രായമാവാത്ത മനസ്സിൻ്റെ കൂട്.

Babu Thuyyam.
11/09/20.

നാളെ(കവിത)


ബാലശാപത്തിൻ ദുരന്തഭൂമിയിലിനി
തീക്കാറ്റുവീശുന്ന കാലംവരും.

കഠിനമാംക്രൂരത കണ്ടുസഹിക്കാതെ
കതിരോനുപോലും കലിവന്നിടും.

ഏറെയാശിച്ചയീ സ്വർഗ്ഗഭൂമി
നരകമായ് മാറും ഞൊടിയിടയിൽ.

ദാഹജലത്തിനായ് പോരടിച്ചന്നവർ
അന്യോന്യം കുത്തിപ്പിടഞ്ഞുവീഴും.

അവസാനവിത്തും നശിച്ചെന്നുറപ്പാക്കി
പെയ്തുതീരാത്തൊരു മേഘംവരും.

Babu Thuyyam.


ഓർമ്മക്കൂട്ട്

Image may contain: one or more people and closeup
നഷ്ടപ്പെട്ട പഴയ കാലത്തിന്റെ ചിതലരിച്ചമോഹങ്ങൾ കുടഞ്ഞ് ഇന്നെനിക്കൊരു പ്രണയമെഴുതണം.
കൂട്ടിവെച്ച കിനാക്കളുടെ കൊയ്ത്തുപാടത്തിന് പഴയ ഹൃദ്യത നഷ്ടം വന്നിരിക്കുന്നു.
ഓർമ്മകളുണർത്താനെന്നവിധം വരമ്പത്തുപുല്ലുകൾ കിളിർത്തു തുടങ്ങിയിരിക്കുന്നു.
തോട്ടിലൂടെ പരൽ മീനുകൾ കൂട്ടമായ് നീന്തിത്തുടിക്കുന്നുണ്ട്. ആമ്പലുകൾക്കിടയിലൂടെ മുഖം പൊന്തിച്ചവയെന്നെ പോയ കാലത്തിലേക്ക് ക്ഷണിക്കുന്നു.
കൈവിട്ടുപോയൊരു പഴയ തോർത്തിന്റെ ഇരുതലക്കലുമായി നമ്മൾ
കോരിയെടുത്ത മീൻ കുഞ്ഞുങ്ങൾക്കിപ്പോഴും ജീവനുണ്ട്.
നിന്നെ കാണിക്കാൻ വേണ്ടി മാത്രം കളികളിൽ കേമനായിരുന്ന ഞാൻ
തനിച്ചു നിന്നടുത്തെത്തുമ്പോൾ
ഒന്നും പറയാനാവാതെ തരിച്ചുനിന്നതും,
തലയുയർത്താതെ നീ നടന്നു മറഞ്ഞതെല്ലാം ഓർക്കുമ്പോൾ
ഇന്നത്തെ കുട്ടികളോട് അസൂയ തോന്നുന്നു.
അറിഞ്ഞിട്ടുമറിയാത്തവരായി നമ്മൾ കാത്തുകൊണ്ടിരിക്കേ കാലം
ഇരുവഴികളായി ദൂരേക്ക് അകറ്റിയപ്പോൾ
നഷ്ടസ്വപ്നത്തിന് ലാവയുടെ ചൂടും തിളക്കവുമായിരുന്നു.
പറയാൻ മടിച്ച പ്രണയത്തിന്റെ വേദനകളെല്ലാം എനിക്കിന്നെഴുതണം.
Babu Thuyyam.

സ്വസ്ഥം.

Image may contain: 1 person, eyeglasses and closeup
ഒരു നിശ്ചലാവസ്ഥയിൽ
ഉറപ്പിച്ചു നിർത്തണം മനസ്സിനെ.
മൗനം കൊണ്ടൊരു വാൽമീകം
ഏറെയായി മോഹിപ്പിക്കുന്നു.
സംസാരസാഗരത്തിൽ നിന്നുമകന്ന്
നിശബ്ദതയിൽ
അകം തിരയാനൊരു വ്യഗ്രത മുളപൊട്ടുന്നു.
ആത്മ നിർവൃതിയുടെ ഉൾക്കാമ്പുകണ്ടെത്താൻ.
ആനന്ദചിത്തനായ്
സഹജീവികളോട് സല്ലപിക്കാൻ
കഴിയുന്ന, നരജന്മത്തിന്റെ
രണ്ടാം വരവിനായ് തപം ചെയ്യണം.
മനുഷ്യരോട് അകലം പാലിക്കാത്ത വന്യമൃഗങ്ങളും പക്ഷികളും,
സംസാരിക്കുന്ന വൃക്ഷങ്ങളും,
മലിനമാവാത്ത ഭൂമിയും
സ്വപ്നം മാത്രമാവുമ്പോൾ.
ഈ കലികാലത്തിൽ നിന്ന് മോചനം കൂടിയേകഴിയൂ.
ബാബു തുയ്യം.

ചെരുപ്പ്.

Image may contain: 1 person, eyeglasses and closeup
കാൽക്കീഴിലെ ഭൂമിയെ മറക്കാൻ
കഴിയുന്നൊരു വിഭ്രമത്തിനിടയിലാണ്
ആദ്യമായി ചെരുപ്പ് മറന്നത്.
അതിലുംവലുതെന്തോ മറവിയെ
മണ്ണിട്ടു മൂടിയിരിക്കാം.
തിരിച്ചിറങ്ങുന്ന ഓർമ്മകളോടെപ്പം
തനിച്ചാക്കി പോന്നതും
ചേർന്നുനിന്നവയെ ആയിരിക്കാം.
മനസ്സിൽ പിറവിയെടുക്കുന്നവയെ ഓർത്തെടുക്കാനെന്തൊരുപാടാണ്.
മറന്നുപോയ വരികളിലാണ്
ഏറ്റവും നല്ല കഥയും കവിതയും.
ഓർമ്മകൾക്ക്
മറക്കാനാവാത്തൊരു കവചം ഉണ്ടാക്കണം.
ചെരുപ്പുകൾ പോലെ എവിടെയെങ്കിലും
ബന്ധങ്ങളെയും മറന്നു വെച്ച്,
നടന്നു തീർക്കാനുള്ള പാതയിൽനിന്നും
ഒതുക്കുകല്ലുകളിറങ്ങി പ്രകൃതിയിലേക്ക് വഴിമാറിനടക്കണം.
ഒറ്റയ്ക്കാവുമ്പോൾ
ഒരുപാട് ചിന്തിക്കാനും പറയാനുമുണ്ടാവും.
Babu Thuyyam.

കോടതി.

Image may contain: 1 person, eyeglasses and closeup
ഞാനിപ്പോൾ കോടതിയിലാണ്.
നീതികിട്ടാതെമരിച്ച ആത്മാവിന്റെകേസ്സ് വിചാരണ ചെയ്യുകയാണ്.
പഴകിദ്രവിച്ച് അക്ഷരങ്ങൾ മാഞ്ഞുപോയ ഫയലുകൾ ഒച്ചിന്റെവേഗത്തിൽ
അവരുടെ ആയുസ്സുകാർന്നിരിക്കുന്നു.
എന്നാലും,
ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടാ.
നീതിപീഠം കേസ്സ്തുടരുകയാണ്.
ന്യായാധിപൻ മരത്തിന്റെ മുഖംമൂടി അണിഞ്ഞിട്ടുണ്ട്,
അതുകൊണ്ട് തന്നെ ഭാവഭേദങ്ങളൊന്നും കാണാൻ കഴിയില്ല.
വക്കീലൻമാർക്കെല്ലാം ഒരേമുഖമാണ്.
വാദികളും പ്രതികളും മാറുന്നതിനനുസ്സരിച്ച്
പരസ്പരം എന്തോപറഞ്ഞ് അവർ ഐക്യത്തോടെ പെരുമാറുന്നുണ്ട്.
അസ്വസ്ഥത പ്രകടിപ്പിക്കുന്ന
മുഖങ്ങളിവിടെ കാണാം
നിരപരാധികളാണവർ.
കേസ്സുകളിലേക്ക് വലിച്ചിഴക്കപ്പെട്ടവർ
വിധിവരുംവരെ അവരങ്ങനെയാവും.
പ്രതികളെല്ലാം സന്തോഷത്തിലാണ്,
കുറ്റം ചെയ്തവരെപ്പോഴും അങ്ങനെയാണ്
ഇരകൾക്കു മാത്രമാണ് ആവലാതികൾ.
ഇനിയുംതീരാത്ത
സത്യാന്വേഷണപരീക്ഷണങ്ങൾ കാണാൻ
ഇവിടെയും ചുവരിലിരിക്കുന്നുണ്ട്
രാഷ്ട്രപിതാവ്.
Babu Thuyyam.

നിലാവ്.

Image may contain: 1 person, eyeglasses and closeup
നമുക്കിന്ന്
നിലാവിനോട് ഉറങ്ങരുതെന്നു പറയാം.
ഇടക്കിടെ കണ്ണുപൊത്താൻ വരുന്ന കുഞ്ഞുമേഘങ്ങളോട് കുസൃതി കാണിക്കാതെ
പകരം മഴവില്ലു തീർക്കാൻ പറയാം.
നിശാഗന്ധികളുടെ സുഗന്ധത്തിൽ നിന്നോടൊപ്പമിരുന്ന് ആ മഴവില്ല് കാണാനെന്തു രസമായിരിക്കും.
നമുക്ക് മഴവില്ലും ചന്ദ്രക്കലയേയും കൂട്ടിക്കെട്ടി ഒരു ഊഞ്ഞാലിട്ടാലോ.?
ഓരോ രാത്രിയിലും ഓരോ നക്ഷത്രങ്ങളോട് മാറിമാറി ആ ഊഞ്ഞാലാട്ടിത്തരാൻ പറയാം.
ആകാശഗംഗതേടി അനന്തതയിലങ്ങനെ അലഞ്ഞുല്ലസിക്കാം. പകലിന്റെ ഇടവേളകളിൽ നമുക്ക് പ്രണയിക്കാം.
രാത്രികളിൽ സ്വപ്നങ്ങളേറേ കണാനുള്ളതല്ലേ..?
സ്വപ്നങ്ങളെകുറിച്ച് നീ കവിതഎഴുതുക,
മോഹക്കാഴ്ചകളെ ചിത്രമായ് വരയ്ക്കുക.
Babu Thuyyam.

മായത്ത അടയാളങ്ങൾ.

Image may contain: 1 person, eyeglasses and closeup
മായ്ക്കാമെന്നു കരുതുന്ന ചില അടയാളങ്ങളുണ്ട്
വിശ്വാസത്തിന്റെ ക്ലാവു പിടിച്ച് മറഞ്ഞിരിക്കുന്നവ.
പക്ഷെ ഓർമ്മകളെപ്പോഴും കയ്പ്പിനെക്കൂട്ടുപിടിച്ചേ നടക്കാറുള്ളൂ
അരുതാത്ത ചിന്തകളെ കടക്കുപുറത്തെന്നു വാതിൽ കൊട്ടിയടയ്ക്കാൻ ശ്രമിക്കുമ്പോഴെല്ലാം
കാറ്റുകളുംഏറ്റുപിടിക്കും അസ്വസ്ഥത ഉളവാക്കുന്നചോദ്യങ്ങൾ.
പറയാൻ ശ്രമിക്കുമ്പോഴേക്കും ഒന്നുവലംവെച്ച് ഉത്തരത്തിനുകാക്കാതെ
അടുത്തചോദ്യംതേടി പടികടന്നു പോയിട്ടുണ്ടാവും.
എത്രകടലുകളും എത്രപർവ്വതങ്ങളും താണ്ടിയാലാണ്
എനിക്കൊന്ന് വിജയിക്കാനാവുക.
പക്ഷെ അവിടെയും എന്റെ മുൻഗാമികളുടെ തകർത്തസ്തൂപങ്ങളാണ് അടയാളങ്ങൾ.
ആദർശം കാക്കാൻ ബലിയായ ആത്മാക്കളും ഇപ്പോൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
എന്തിനാണിത്രയും ചോരയൊഴുക്കിയത്..?
എന്തിനാണ് ഞങ്ങളെ കൊന്നത്..?
കഴിഞ്ഞകാലങ്ങളിൽ നിന്നും കാറ്റു പെറുക്കിയെടുക്കുന്നുണ്ട്
ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ.
Babu Thuyyam.

ലയനം

Image may contain: 1 person, eyeglasses and closeup
മനസ്സിനെ ആവാഹിച്ചെടുത്ത്
ഡമരുനാദം അറിയാതെ വേഗത പ്രാപിച്ച്
പ്രപഞ്ചങ്ങളെ വിറകൊള്ളിക്കുന്നുണ്ട്.
ഉള്ളിലുരുകി നിറയുന്നൊരഗ്നിയെ പുറത്തൊഴുക്കിയൊന്നു ധ്യാനത്തിലമരണം.
പഞ്ചാക്ഷരിമന്ത്രങ്ങളാലഭിഷേകം ചെയ്യപെടുന്ന വില്വപത്രങ്ങൾക്കു പോലും
അവയർപ്പണം ചെയ്യുന്ന പ്രണയാർദ്രമനസിനെ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല.
കഠിനശിലയായ ഭാവത്തിന്റെ രുദ്രാക്ഷക്കെട്ടുകൾ ഭേദിച്ച്
സദാനോവിച്ചുകൊണ്ടേയിരിക്കുകയാണ്.
പൊള്ളിക്കുന്നൊരുടലിനെ പാതി കൂടി ചേർത്ത് ആനന്ദനൃത്തമാടാൻ
മനസനുവദിക്കാതെ ഈ ഒളിച്ചോട്ടം.
നിന്നെ സ്വപ്നം കാണെരുതെന്ന് കണ്ണുകളെ വിലക്കിയിട്ടും അകക്കണ്ണിൽ തെളിയുമ്പോൾ വിവശനാവുന്നു വിശ്വനാഥൻ.
അസ്ഥികൾക്കുള്ളിൽ വേരുകളാഴ്ത്തി
നീ എന്നിൽ പൂക്കേണ്ടവളാണെന്നറിഞ്ഞ്
അന്തരാത്മാവ് തേടുന്നുണ്ടൊരു പാതി.
വിരക്തിയുടെ ചുടലയിൽ ലഹരിയിലുഞ്ഞ്
പൂർണ്ണതയെ കുടഞ്ഞെറിഞ്ഞും.
നിരാസമണിഞ്ഞ് വൈരാഗിയായി
ഗുഹാന്തരങ്ങളിൽ സ്വസ്ഥത തേടുമ്പോഴും.
ആത്മപൂർത്തീകരണത്തിനായ്
തുടിക്കുന്ന ഉള്ളത്തെയമർത്താൻ
ജപമണികൾ പോലും ..
തൃക്കണ്ണിനാൽ എരിഞ്ഞുതീർന്നൊരു ശാപം
വേട്ടയാടുന്നു.
ഉമാമഹേശ്വരലയനത്തിനായ്
മനം ഒരുങ്ങികഴിഞ്ഞിരിക്കുന്നു

Babu Thuyyam

അകവും പുറവും.

Image may contain: 1 person, eyeglasses and closeup
അകത്തളങ്ങളിലെ തലയണമന്ത്രങ്ങളാവാം
പുറം ലോകത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നത്.
അതുകൊണ്ടാണ് പുറംകാഴ്ചകളെക്കുറിച്ചു പറയുമ്പോൾ
അകം വാശി പിടിക്കുന്നത്.
പുറം ശരിക്കുമൊരു കാഴ്ച മാത്രമാണ്
അകമാകട്ടെ തീരുമാനങ്ങൾ എടുക്കുന്നതും.
നഗ്നമായ ഉടലിന്റെ എത്ര പുറം കാഴ്ചകളാണ്
അകം കാണിക്കാതെ നമ്മളെ ആശ്ചര്യപ്പെടുത്തിയത്.
പാതയോരത്തു നിന്നുമൊരു വേര്
ചേരി വരേയ്ക്കും നീണ്ടു പോകുന്നുണ്ട്
പുറവും അകവും ഒന്നാണെന്നും പറഞ്ഞ്.
എന്നാൽ അകത്തളങ്ങൾ അങ്ങിനെയല്ല.
വന്യമായ നിർവൃതിയുടെ ശീൽക്കാരങ്ങളിൽ
ഉള്ള് കീറിയ വേദനയുടെ അടക്കാൻ കഴിയാത്ത ചില നിലവിളികൾ ലയിക്കാറുണ്ട്.
നെടുനിശ്വാസങ്ങളും, തേങ്ങലുകളും,
ബലിഷ്ഠമായ കൈകൾക്കിടയിലൂടെ
കണ്ണീരായി ഒലിച്ചിറങ്ങാറുണ്ട്.
അകക്കണ്ണിന്റെ കാഴ്ചതേടിയാണ്
പണ്ട് സിദ്ധാർത്ഥൻ കൊട്ടാരമുപേക്ഷിച്ചത്.
പക്ഷെ കണ്ണുകൾ എപ്പോഴും നമ്മളെ
പുറം കാഴ്ച്ചകളുടെ മായയിൽ തളച്ചിടുന്നു.
ഉള്ളിന്റെ ഉള്ളിനെ തിരഞ്ഞവരാണ്
ജീവിതത്തിലെ മധുരമറിഞ്ഞവർ.
അവർക്ക് ഏതു പ്രതിസന്ധിയിലും
ദുഃഖമുണ്ടാവാറില്ല.
Babu Thuyyam.

സായം.

Image may contain: 1 person, eyeglasses and closeup
ഇനി നിന്നോട് പഴകുംന്തോറും വീര്യം കൂടുന്നവയെ കുറിച്ച് പറയാം.
യൗവനാരംഭത്തിൽ പൂക്കുന്ന വേഗത്തിന്റെ
മർമ്മമറിഞ്ഞ പഴങ്കഥകൾ പറയാം.
പാദങ്ങൾ മുതൽ ചുംബിച്ചു അനുഭൂതിയിലാറാടിക്കുന്ന
മാന്ത്രിക രഹസ്യത്തിന്റെ താക്കോൽ കൈമാറാം.
ലഹരിയായ് വീണ്ടെടുക്കുന്ന യൗവ്വനത്തിന്റെ
പ്രണയകഥാ രചനയിൽ തൂവൽ തഴുകിയുണർത്തുന്ന രതിയുടെ
മായകാഴ്ചകളിൽ നിന്റെ കണ്ണുചിമ്മിക്കാം.
മതിവരാത്തൊന്നിനെ കൊതിയോടെ കാത്തിരുന്ന് സാവധാനത്തിൽ തുടങ്ങി,
കനലുപോലെ ജ്വലിപ്പിച്ച് ആ ചാരത്തിൽ
ആശ്ലേഷിച്ച് നഗ്നരായുറങ്ങന്നതിന്റെ
ആത്മ നിർവൃതിയിലലിയാം.
ഭക്തിയും കാമവും സന്ധ്യപോലെ ലയിക്കുന്ന കൽപ്പടവുകളിൽ കാഴ്ചക്കാരായി നമുക്കിരിക്കാം.
Babu Thuyyam.

ബീജം.

Image may contain: 1 person, eyeglasses and closeup
തലമുറകൾ കൈമാറി വരും
അടിമത്തം മാറാപ്പെടുത്തണിഞ്ഞ
ചില നികൃഷ്ടജന്മങ്ങൾ.
ഒരു ബീജമുപേക്ഷിച്ചു പോയവനില്ലാത്ത ചുമതലകൾ താങ്ങി വേച്ചുവേച്ചങ്ങിനെ..
ഒട്ടകങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട്
ഇരുട്ടാവുമ്പോൾ കൂടണയാൻ
വെപ്രാളത്തോടെ ചില സ്ത്രീ ജന്മങ്ങൾ
എല്ലാ ദിക്കിലും കാണാം.
ഏതോ ഒരു നിമിഷത്തിനു ഒരു ജീവിതം തന്നെ ബലി കൊടുക്കേണ്ടിവന്നവർ.
ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ ശൂന്യമായ കിടക്ക കണ്ടുണർന്നവർ.
കയ്യിലും മെയ്യിലുമുള്ള തെല്ലാം കവർന്ന് പാതി വഴിയിലുപേക്ഷിക്കപ്പെട്ടവർ.
ഒന്നുപോരാഞ്ഞ് ഒരുപാടു തേടി പോകുന്നത് സഹിക്കാനാവാതെ ചങ്കുപൊട്ടി ഇറങ്ങിപ്പോന്നവർ.
ഉള്ളിലെ തുടിപ്പിനെ ശപിച്ചു വലുതാക്കിയവർ.
എല്ലായിടത്തും അവരുണ്ട്.
ജീവിതത്തിലൊരിക്കൽ മാത്രം ചിരിയും കളിയും കനവുമറിഞ്ഞവർ.
ആണ്ടറുതികൾക്ക് കണ്ണീരും ഒരു വിഭവമായി വിളമ്പുന്നവർ.
അച്ഛനു വേണ്ടാത്തവരോട് ഉത്തരം മുട്ടുന്നവർ.
ഒരു ബീജം ഒരായുസ്സു കാർന്നുതിന്നവസാനിച്ചവർ.
Babu Thuyyam.

മടുപ്പ്.

Image may contain: 1 person, eyeglasses and closeup
ആകർഷമായതെന്തോ ഒന്ന് നിന്നിൽ നിന്നും പൊഴിഞ്ഞു പോയിരിക്കുന്നു.
മേളപ്പെരുക്കങ്ങൾക്കു താളം പിടിക്കാൻ
ഒത്തൊരുമയോടെ കൈകൾ ഉയരാതായിരിക്കുന്നു.
പരസ്പരമായ സ്നേഹ വിശ്വാസത്താൽ ഈടുറ്റ ബന്ധങ്ങൾക്കു മുറിവേറ്റിരിക്കുന്നു.
നമുക്കിടയിൽ എന്താണു സംഭവിച്ചത്..?
ഒരു പാട് തുരുത്തുകളായി നീ പിരിഞ്ഞകന്നു പോയിരിക്കുന്നു.
തിരക്കുകളെല്ലാമൊതുക്കി നിന്റെ അരികിലെത്തുമ്പോൾ.
ഇഷ്ടക്കാരുടെ ചായ്പ്പുകളിൽ മാത്രം ഒച്ചയനക്കങ്ങൾ.
നിറം മാറാനാകാത്തവർ വൻമരങ്ങളായി തനിച്ചു നിൽപ്പുണ്ട്.
ചിഹ്നം കളഞ്ഞ ചിന്തകരെന്ന് കാലം നിന്നെ അടയാളപ്പെടുത്താതിരിക്കട്ടെ..!

By: 

ചിതലുകൾ

Image may contain: 1 person, eyeglasses and closeup
ആഗ്രഹിക്കുമ്പോഴൊക്കെ മരിക്കാൻ കഴിയുന്നൊരു വരം ലഭിച്ചിരുന്നുവെങ്കിൽ.
രാത്രിയിൽ കുഞ്ഞുനക്ഷത്രങ്ങൾ കൗതുകത്തോടെ കണ്ണിറുക്കി ചിരിച്ചുവിളിക്കും അനന്തതയിലേക്ക് അവരോടൊപ്പം ചെല്ലാൻ.
വിഷാദം മഞ്ഞുപോലെ പൊതിയുമ്പോൾ
സ്വയംഹത്യയല്ലാത്തൊരു മരണം കൊതിച്ചു പോകാത്തവർ ആരാണ്.
തോന്നുമ്പോൾ ധരിക്കുകയും മുഷിഞ്ഞാൽ ഊരി കളയുകയും ചെയ്യുന്നവസ്ത്രംപോലെ മരണത്തെ ചേർത്തുപിടിക്കാനും വിട്ടൊഴിഞ്ഞ് വീണ്ടുമെടുക്കാനും കഴിയില്ലല്ലോ.
ചിലപ്പോൾ നമ്മൾ അങ്ങോട്ട്‌ മരണത്തെ വല്ലാതെ സ്നേഹിക്കും. വലിയ മാമുനിയെ പോലെ സമാധി ആകാൻ സാധിച്ചു എങ്കിലെന്ന് കൊതിക്കും.
പ്രാണശ്വാസം നേർപ്പിച്ച് ഒരു ചിത്രശലഭം പറന്നകലുന്ന പോലെ ദേഹത്തിൽ നിന്നും
ദേഹി മുക്തമാവുമ്പോൾ പരമാനന്ദം കിട്ടുമെങ്കിൽ അതിനെത്ര തപംചെയ്താണ് ഞാനാ പരമസത്യത്തിന്റെ പൊരുളറിയുക.
തനിച്ചാക്കി ബന്ധിച്ചിടുന്ന
ക്രൗര്യങ്ങളിൽ നിന്ന്
കൂട്ടിലടക്കയ്ക്കപ്പെട്ട
പരിഹാസങ്ങളിൽ നിന്ന്
മനസറിയാത്ത
കുറ്റാരോപണങ്ങളിൽ നിന്ന്
ഇടക്കൊക്കെ ഓടിഒളിക്കണം.
വീണ്ടും ജീവിതം കൊച്ചരിപ്പല്ലുകൾ കാട്ടി മാടിവിളിക്കുമ്പോഴാണ് തകർന്നു പോവുന്നത്.
Babu Thuyyam.

സാഗരസംഗമം.

Image may contain: 1 person, eyeglasses and closeup
അനന്തവിഹായസ്സിലേക്ക്
മുദ്രകൾ ചാർത്താൻ
പറന്നുയരാൻ വെമ്പുന്നൊരു
യൗവനകാലമുണ്ട് നമുക്കെല്ലാം.
ആത്മാവിന്റെ പാതിയെന്നും
സർവ്വ ഐശ്വര്യങ്ങളോടെ വാഴാൻ
പ്രാർത്ഥിക്കുന്നൊരു മനസ്സുമായി
സീമന്തരേഖയിലെ സിന്ദൂരം
കരുതലോടെ കാക്കുന്നൊരു പ്രണയം.
കൈക്കുള്ളിൽ നിന്നു വഴുതിപ്പോയ മോഹങ്ങളെയോർത്ത്
ഉള്ളുരുകി തീർക്കുന്ന ജീവിതം.
നിർഭാഗ്യങ്ങളുടെ നൃത്തചുവടുകൾ ഇടറുമ്പോഴും
ജീവനോളം വില കൽപ്പിക്കുന്ന നാട്യശാസ്ത്രമുദ്രകൾ തെറ്റിക്കാനനുവദിക്കാത്ത ധിക്കാരി.
ജീവിതത്തിൽ വിധിയൊരുക്കി വെച്ചിട്ടുണ്ടാവും
പറന്നുയരാനാകാതെ കാലുകെട്ടിയിട്ട ചരടുകൾ.
സ്വാതന്ത്ര്യം കൊതിച്ച നിമിഷങ്ങളെയാകെ
ശിലപോലെയാക്കി സ്തംഭിച്ചുനിർത്തുന്ന
അവിചാരിതമായ തിരിച്ചുവരവുകൾ.
നാദത്തിന്റെ നടനത്തിന്റെ ലയതാളങ്ങൾക്ക്
കണ്ണീരോടെ വിട നൽകി തനിച്ചാകുന്നവർ.
സ്വപ്നങ്ങളുള്ളവന്റെ സ്വപ്നകഥകൾക്ക്
കീഴടക്കാനാവാത്ത ഉയരങ്ങൾ ഇന്നും ബാക്കിയാണ്.
സാഗരസംഗമം.(1983) എന്ന സിനിമ വീണ്ടും കണ്ടപ്പോൾ .
Babu Thuyyam.

പുഴയോട് പറയാനുള്ളത്.

Image may contain: 1 person, eyeglasses and closeup
പുഴയോട് എനിക്കു പറയാനുള്ളതു മുഴുവനും
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്.
കര കവർന്നെടുത്ത, നെഞ്ചുമാന്തിപ്പിളർന്ന,
നീ ദാഹം മാറ്റിയിരുന്ന നിന്റെ മക്കളെക്കുറിച്ചാണ്.
നോക്കിയിരിക്കെ മാളിക പണിത്
നാട്ടിൽ പ്രമാണിമാരായവരെക്കുറിച്ചാണ്.
മെലിഞ്ഞുണങ്ങി ദൈന്യതയോടെ നിന്ന
കഴിഞ്ഞ കാലങ്ങളെക്കുറിച്ചാണ്.
അവരുടെ ഇന്നത്തെ ധാർഷ്ഠ്യത്തെക്കുറിച്ചാണ്.
സ്നേഹം കരകവിഞ്ഞൊഴുകിയ ഇന്നലെകളിൽ അവർ അത്രക്കധികമുണ്ടായിരുന്നില്ല.
ചായംതേച്ച് മുഖമൊളിപ്പിച്ചവർ
നിന്റെ നാശം കാത്തിരിക്കുകയായിരുന്നു.
ഇതൊന്നുമറിയാതെ ഓളങ്ങളോട് കാര്യം പറഞ്ഞ കാറ്റിനെപ്പോലും നീ വെറുത്തു.
നിന്നെക്കുറിച്ചു പാടിയ സ്തുതിഗീതങ്ങളിൽ
മയങ്ങി മതിമറന്നൊഴുകുമ്പോൾ
പുഴ ഒരു സംസ്ക്കാരമാണെന്നു പോലും
നീ മറന്നു പോയി.
ഭയാനകമായ ഒരവസ്ഥ നിന്നെ കാത്തിരിക്കുന്നുണ്ട്.
തീരത്തുള്ള ആട്ടിടയൻമ്മാർ പോലും
പാലായനം ചെയ്തിരിക്കുന്നു.
ഇനി നിനക്ക് ഒഴുകാനാവില്ല.
ഒഴുകാത്തതൊന്നും പുഴയാവില്ല.

By: Babu Thuyyam

ഈസ്റ്റർ

.Image may contain: 1 person, standing
നീ പറഞ്ഞുപരത്തിയ കള്ളക്കഥക്കു വിലയില്ലാതാകും.
അപവാദങ്ങളുടെ കുരിശ്ശിൽ നിന്നു ഞാൻ മുക്തനാവും.
നന്മയുടെ സത്വമായ്തന്നെ പുനർജ്ജനിക്കും.
പരിഹാസത്തിന്റെ കല്ലേറുകൾക്കോ
അപമാനത്തിന്റെ ആണിത്തുളകൾക്കോ
അവമതിപ്പിന്റെ ചാട്ടവാറടികൾക്കോ
എന്നെയൊന്നും സ്പർശ്ശിക്കാനാവില്ല.
ആദിയിലുള്ള ത്യാഗത്തിന്റെ
സ്നേഹത്തിന്റെ,
കാരുണ്യത്തിന്റെ,
കനലുകൾ കെടാതെ
നെഞ്ചിനുള്ളിൽ സൂക്ഷിച്ച്
മരണമില്ലാത്ത ഞാൻ എന്ന സത്യം
ഉയർത്തെഴുന്നേൽക്കുമ്പോൾ
നേരിന്റ വെള്ളിവെളിച്ചത്തിൽ
നിങ്ങളുടെ മുഖം ഭയത്താൽ മരവിക്കും.
കുത്തിനോവിച്ച് രസം കണ്ടിരുന്ന മനസ്സുകൾ
ഒളിപ്പിക്കാൻ വെപ്രാളപ്പെടുന്ന നിങ്ങളോട് കാരുണ്യത്തോടെ ഞാൻ പറയും.
''ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെയുണ്ടെന്ന് "
നല്ലെഴുത്തിലെ എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു.
Babu Thuyyam.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo