പ്രഭാതമായ് ഉണരുകയാണെങ്കിൽ
പുലരി മുതൽ സന്ധ്യവരെ
നിന്നെയും നോക്കി
നിർവൃതിയിൽ ലയിക്കുന്ന
സൂര്യകാന്തിപ്പൂവായ് മണ്ണിൽ
വിരിഞ്ഞേനെ.
നീ
മഴക്കാറിനൊപ്പം
മാരിവില്ലായ് മാറിയാൽ
അഴകിൻ്റെ അനശ്വര വർണ്ണങ്ങൾ
ചാലിച്ച നീ തന്നപ്രണയം മുഴുവൻ
പീലികളിൽ, എന്നിൽ ഞാൻ
ചേർത്തുവെച്ചേനെ.
നീ
ആകാശഗംഗയായ്
താഴേയ്ക്കൊഴുകുമ്പോൾ
ശിരസ്സും,മനസ്സും കുളിരുന്ന
അനുഭൂതിയിൽ നിലയ്ക്കാത്ത
പ്രണയാഭിഷേകത്തിനാൽ
ഋതുഭേദങ്ങൾ മറന്നുനിന്നേനെ.
നീ
ഗിരിശൃംഗമായ്
പുനർജ്ജനിക്കുകയാണെങ്കിൽ
മഞ്ഞായ്മാറി
ആർക്കും കാണാനാവാത്തവിധം
നിന്നെ പൊതിഞ്ഞ്
പുണർന്നുറങ്ങിയേനെ.
നീ
നാഗകന്യകയായിരുന്നെങ്കിൽ
നിൻ്റെ ചുംബനങ്ങളേറ്റ്
മുക്തി കിട്ടിയ മാണിക്യക്കല്ലുപോൽ
ഞാൻ സായൂജ്യം നേടിയേനെ.
നീ
പൂവായ് വിരിഞ്ഞു നിന്നാൽ
ആഴങ്ങൾക്കിടയിൽ നീയൊളിപ്പിച്ച
മധു കവരുന്നൊരു ശലഭമായ്
ആ ലഹരിയിൽ മുഴുകി
ഞാനെന്നെ മറന്നേനെ
എല്ലാം അറിഞ്ഞേനെ.
നീ
കവിതയായെൻ്റെ
വിരൽത്തുമ്പിൽ നിറയുമ്പോൾ
അക്ഷരങ്ങൾ മായാത്ത
മഷിക്കൂട്ടൊരുക്കി നിന്നെ
അനശ്വരയാക്കാൻ ഞാനെൻ്റെ
ജീവരക്തം നൽകിയേനെ.
നീ
അടുത്തില്ലായിരുന്നെങ്കിൽ
സ്വപ്നം കാണുന്ന കണ്ണുകൾതേടി ദാഹിച്ചുവലഞ്ഞേനെ.
Babu Thuyyam.
27/03/21.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക