"അല്ല എന്റെ, വനിതേടത്ത്യേ, നിങ്ങടെ മോൻ, സുശാന്തൻ എന്നും വൈകീട്ട് കള്ള് മോന്തിയിട്ടാ വരവെന്ന് കേട്ടല്ലോ. വന്നുകയറിയാൽ പെണ്ണും മക്കളുമായി ബഹളവും. എല്ലാ ദിവസവും ഇങ്ങനെ മൂക്കറ്റം കുടിച്ചാൽ ചെക്കന്റെ ലിവർ പിന്നെ ഒന്നിനും കൊള്ളാതാവില്ലേ", ഭാരതി ഉമ്മറത്ത് കാലും നീട്ടിയിരുന്നു ചോദിച്ചു.
വനിത നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു, " എന്തു ചെയ്യാനാ ന്റെ ഭാരതിയെ. കുടുംബത്തിൽ കയറി വന്ന പെണ്ണുങ്ങടെ ഗുണം തന്നെ. അവനെന്തോ സങ്കടം ഉണ്ടെടി. അതാ അവനിങ്ങനെ കുടിച്ചു കൂട്ടുന്നെ.
ന്റെ തെക്കേ കാവിലമ്മേ, പാവം ന്റെ മോന് മന:പ്രയാസം വല്ലോമുണ്ടെങ്കിൽ മാറ്റി കൊടുക്കണേ. അടുത്ത ഉത്സവത്തിനു നെൽപ്പറ നിറക്കാമെ."
ഭാരതിയുടെ സംശയം തീർന്നില്ല, അവർ വീണ്ടും ചോദിച്ചു, " നിങ്ങടെ മരുമോൻ ഇല്ലേ, സുശീലയുടെ ഭർത്താവ്, വിജയൻ. അവനും മുഴുക്കുടിയാണെന്നാണല്ലോ കേൾക്കുന്നത്, കഷ്ടം തന്നെ. "
വനിതയുടെ മുഖം കോപം കൊണ്ട് ചുവന്നു. ചുണ്ടുകൾ വിറച്ചു കൊണ്ട് അവർ പറഞ്ഞു,
" അവന്റെ പേര് കേട്ടാൽ എനിക്കിപ്പോ കലി വരും ഭാരതിയെ. ദുഷ്ടൻ, പാവം എന്റെ മകൾ. അവളെങ്ങനെ സഹിക്കുന്നോ ആവോ. പെണ്ണുങ്ങളെ ഉപദ്രവിക്കുന്നവനെതിരെ കേസ് കൊടുക്കണം. പോലീസിന്റെ അടുത്ത്ന്ന് രണ്ടെണ്ണം കിട്ടിയാലേ അവൻ പഠിക്കൂ. കാണിച്ച് കൊടുക്ക്ണ്ട് ഞാൻ അവനെ"
ഇത് കേട്ട് അകത്തെ മുറിയിലിരുന്നിരുന്ന വനിതയുടെ മരുമകൾ കണ്ണാടിയിൽ തന്റെ ചോര കല്ലിച്ച ചുണ്ടുകൾ നോക്കി. വീർത്തിട്ടുണ്ട്. നല്ല വേദനയുണ്ട്.
അവൾക്ക് പെട്ടന്ന് ചിരി വന്നു. അവൾ പൊട്ടിച്ചിരിച്ചു,ഉറക്കെ. ആ മുറിക്കുള്ളിൽ അവളുടെ ചിരിയുടെ ശബ്ദം ഇനി എങ്ങോട്ട് പോകണം എന്നറിയാതെ, എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
ചിരിക്കിടയിൽ, അവളുടെ കണ്ണുനീർ ചോരകല്ലിച്ച അവളുടെ ചുണ്ടുകളെ തഴുകി നിലത്തേക്ക് ഒറ്റി വീണുകൊണ്ടിരുന്നു.
Written by Aisha Jaice
നല്ല കഥ, പക്ഷെ ഒടുക്കം ഒന്നുകൂടി നന്നാക്കാം🥰
ReplyDelete