രാധികയ്ക്ക് പെൺകുട്ട്യാണ്, ഉച്ചയ്ക്ക് 1:41നു് ജനനം. മൂന്ന് പൗണ്ട് തൂക്കം" സർക്കാർ ആശുപത്രിയുടെ ലേബർ റൂമിന്റെ വാതിൽ തുറന്ന് പുറത്തുവന്ന ഡോക്ടർ സാവിത്രി പറഞ്ഞു.
"അമ്മയും കുഞ്ഞും സേഫല്ലെ ഡോക്ടർ.." മാലതിയമ്മ മകളുടെ ആരോഗ്യസ്ഥിതിയെപ്പറ്റി ചോദിച്ചു.
"ബോത്ത് ആർ പെർഫെക്റ്റ്.." ഡോക്ടർ സാവിത്രി പറഞ്ഞു.
ഡോക്ടർ തിരികെ ലേബർ റൂമിലേക്ക് കയറിയപ്പോൾ മാലതിയമ്മ മകളുടെ അമ്മായിയമ്മ ജാനകിയമ്മയ്ക്ക് ഷേക്ക് ഹാൻഡ് നൽകി പരസ്പരം ആശംസിച്ചു. എന്നിട്ട് ഫോണെടുത്ത് ഭർത്താവ് സുന്ദരേശൻ നായരെ വിളിച്ച് ഈ സന്തോഷവാർത്തമാനം അറിയിച്ചു, ഗൾഫിലുള്ള മരുമകന് ഫോൺ ചെയ്ത് വിവരമറിയിക്കാനും പറഞ്ഞു. വീട്ടിൽനിന്നും ഉച്ചക്കലേയ്ക്കുള്ള ഭക്ഷണം കൊണ്ടുവരാൻ പോയതാണ് റിട്ടയേർഡ് സുബേദാർ സുന്ദരേശൻ നായർ. തലേന്ന് പൊട്ടിച്ച ജവാൻ ഈർപ്പമടിച്ച് കേടായിട്ടില്ലല്ലോ എന്ന് അച്ചാറുകൂട്ടി രുചിച്ചുനോക്കുമ്പോളാണ് മാലതിയമ്മയുടെ ഫോൺ വരുന്നത്.
സുന്ദരേശൻ നായരുടെ അമ്മയും അമ്മാമനും തറവാട്ടിൽ തന്നെയാണ് താമസം. വിവരങ്ങൾ അവരോടും പറഞ്ഞു.
കേട്ടപാതി അമ്മാമൻ പഞ്ചാംഗം തുറന്നു, ജ്യോതിഷത്തിൽ കക്ഷി മുറിവൈദ്യനാണ്.
"ജനന സമയം നല്ലതല്ലല്ലോ സുന്ദരാ. ആകെമൊത്തം മോശമാണ്, കുട്ടിയുടെ അച്ഛനും നിനക്കും ചില ദോഷങ്ങൾ കാണുന്നുണ്ട്. ജാതകത്തിലും ദോഷങ്ങൾ ഉണ്ടാവും. ഞാൻ നമ്മുടെ കുഞ്ഞിരാമപണിക്കരെ ഒന്ന് വിളിക്കട്ടെ.."
"തള്ളേം പിള്ളേം വെവ്വേറെ ആയിലോ, സമാധാനായി. ദോഷം മാറാനൊക്കെ പ്രതിവിധി ണ്ടാവും." സുന്ദരേശൻ നായരുടെ അമ്മ ആശ്വസിപ്പിച്ചു.
എന്തായാലും അമ്മാമൻ തന്റെ ഗുരുവായ കുഞ്ഞിരാമപണിക്കരെ വിളിച്ച്, ഭൂപടത്തിൽ ആഫ്രിക്ക കണ്ടുപിടിച്ചതുപോലെ വികാരാധീനനായി തന്റെ കണ്ടുപിടുത്തങ്ങൾ ഒക്കെ ഗുരുവിന് വിവരിച്ചുകൊടുത്തു. അമ്മാമൻ പറഞ്ഞതുമുഴുവനും കേട്ട് പണിക്കർ കോവിഡിന്റെ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പോലെ, ജാതിമതഭേദമന്യേ പാനലിലുള്ള ദൈവങ്ങൾക്കൊക്കെ ചെയ്യാനുള്ള വഴിപാടുകളുടെ ലിസ്റ്റ് തയ്യാറാക്കി. രണ്ടാമത്തെ ഡോസ് ജാതകം മുഴുവനും എഴുതിക്കഴിഞ്ഞിട്ടാവാം എന്നും പറഞ്ഞു.
സുന്ദരേശൻ നായർ ഉച്ചയ്ക്കലേക്കുള്ള ഭക്ഷണവുമായി ആശുപത്രിയിൽ എത്തുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടർ സാവിത്രി പുറത്തേക്ക് വരുന്നുണ്ടായിരുന്നു. സുന്ദരേശൻ നായരുമായി മകളുടെ പ്രസവവിവരങ്ങൾ സംസാരിക്കുമ്പോൾ കാർ പാർക്ക് ചെയ്ത് ഡോക്ടറുടെ ഭർത്താവു് അങ്ങോട്ട് എത്തി.
രണ്ടുപേരോടും യാത്ര പറഞ്ഞ് പെട്ടെന്ന് തിരിഞ്ഞതും സുന്ദരേശൻ നായരുടെ കാൽമുട്ട് വിസിറ്റർ ഏരിയയിൽ ഇട്ടിരിക്കുന്ന ഇരുമ്പിന്റെ ചെയറിൽ ഇടിച്ചു, ടെറസ്സിന്റെ മുകളിൽ ഇരുന്ന് മിലിറ്ററി ക്വാട്ട രുചിക്കുമ്പോൾ ആകാശത്ത് കാണാറുള്ള നക്ഷത്രങ്ങൾ സുന്ദരേശൻനായരുടെ കണ്ണുകളിൾ പ്രത്യക്ഷപ്പെട്ടു
"എത്ര നേരായി കാത്തുനിൽക്കുന്നു. മൂന്നരക്ക് വരാൻ പറഞ്ഞിട്ട് ഇപ്പോൾ മൂന്നേമുക്കാലായി.." ഡോക്ടറുടെ ഭർത്താവ് ലേശം പരിഭവത്തോടെ ചോദിച്ചു.
"ഇന്ന് മുഴുവനും ലേബർ റൂമിൽ ആയിരുന്നു. ഞാൻ വാച്ചെടുക്കാനും മറന്നു, പിന്നെ സർക്കാർ ആശുപത്രിയിലെ ലേബർ റൂമിലെ വാച്ചല്ലേ. അതിൽ പുതിയ ബാറ്ററി ഇടണമെന്ന് അറ്റൻഡർ പറഞ്ഞിരുന്നു ചിലപ്പോൾ സ്ലോ ആവാനും മതി. "
ഡോക്ടറും ഭാര്യയും സംസാരിക്കുന്നതൊന്നും സുന്ദരേശൻ നായരുടെ കാതിൽ വീണില്ല. കാൽമുട്ട് തട്ടിയതിന്റെ ക്രെഡിറ്റ് കൊച്ചുമകളുടെ ജനനസമയദോഷത്തിന് കൊടുത്ത് വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി ചിന്തിച്ച് വ്യാകുലപ്പെട്ട് സുന്ദരേശൻ നായർ വാർഡിലേക്ക് നടന്നുതുടങ്ങിയിരുന്നു.
ഗിരി ബി വാരിയർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക