നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൂര്യനായ്, അച്ഛൻ | Ammu Santhosh


 "ഞാനവളെയിന്നു കണ്ടു. ബാങ്കിൽ വെച്ച്.. ഒത്തിരി ക്ഷീണിച്ചു. എന്നെ കണ്ടില്ല. അവളെയവൻ തല്ലുന്നുണ്ടെന്നാ ബാങ്കിലെ സ്നേഹ പറഞ്ഞത്.. അത് കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നി..ഞാൻ പോയി മിണ്ടിയില്ല കേട്ടോ.. നിങ്ങളെ അപമാനിച്ചു പോയവളല്ലേ.. വെറുപ്പാ എനിക്ക് "
അവരുടെ ശബ്ദം ഇടറിയതും അവർ നെഞ്ചിൽ മുഖമമർത്തി ശബ്ദമില്ലാതെ കരയുന്നതും അയാൾ അറിയുന്നുണ്ടായിരുന്നു..
"അച്ഛാ ഇത് മതി. നീല ബലൂൺ "
ഓർമയിൽ ഒരു പാദസരം കിലുങ്ങുന്നു.
"അച്ഛാ ഞങ്ങളുടെ മിസ്സുണ്ടല്ലോ ഇന്ന്..."ക്ലാസ്സിലെ വിശേഷങ്ങൾ കെട്ടഴിക്കുകയാണ് ഒരു കുട്ടിക്കുറുമ്പുകാരി.
"അച്ഛാ വയർ വേദനിക്കുന്നു ഞാൻ അച്ഛന്റെ കൂടെ കിടന്നോട്ടെ?അമ്മ ഇങ്ങോട്ട് മാറിക്കിടക്ക് "
നീളൻ പാവാടക്കാരിക്ക് അച്ഛനെയാണ് ഏറ്റവും ഇഷ്ടം.
"അച്ഛാ.. ഒരു സൈക്കിൾ വാങ്ങി തരുവോ?"
സൈക്കിളിൽ നിന്ന് വീണപ്പോൾ കരഞ്ഞ അച്ഛനെ കെട്ടിപ്പിടിച്ചു കൗമാരക്കാരി
"എന്റെ അച്ഛനെന്തു പാവാ. എനിക്കൊന്നുല്ല നോക്കു "
മുട്ടിന്മേലെ നേർത്ത മുറിപ്പാടിലേക്ക് നോക്കി ഉള്ളുരുക്കിയ ഒരു അച്ഛൻ.. താൻ.
പിന്നെപ്പോഴാണ് അവൾ അപരിചിതയായിപ്പോയത്
"അച്ഛൻ എന്തിനാണ് എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത്?"
"എന്റെ ഫ്രണ്ട്സ് ആരൊക്കെയാണെന്ന് അച്ഛൻ എന്തിന അറിയുന്നത് ?"
"എനിക്ക് ഒരു പ്രൈവറ്റ് സ്പേസ് ഉണ്ട്. അതിൽ ഇടപെടരുത് അച്ഛൻ ആണെങ്കിൽ പോലും "
പിടഞ്ഞിട്ടുണ്ട്.ഓരോ വാചകവും ചാട്ടവർ കൊണ്ട് ആഞ്ഞടിച്ച പോലെ വേദനിച്ചിട്ടുണ്ട്.
"എനിക്ക് കിഷോറിനെ ആണിഷ്ടം.. അയാളെ ഞാൻ കല്യാണം കഴിക്കുകയുള്ളു."
കിഷോറിനെ കുറിച്ച് അന്വേഷിച്ചറിഞ്ഞപ്പോൾ അവളോട് യോജിക്കാനായില്ല
"നടക്കില്ല "അന്നാദ്യമായി തീർത്തു പറഞ്ഞു
"ആരും നടത്തണ്ട.എനിക്ക് ജോലിയുണ്ട്
കിഷോറിനു ബിസിനസ് ഉണ്ട്. ഞങ്ങൾക്ക് ജീവിക്കാൻ ആരുടെയും ഔദാര്യം വേണ്ട "
തന്റെ മകളാണ് പറഞ്ഞത്
ഇത്രയും ഗതികെട്ട ഒരച്ഛൻ ഉണ്ടാവുമോ?
പറഞ്ഞു മനസിലാക്കാൻ നോക്കി.. ഒരു പാട്
അവളൊരുപാട് മാറിപ്പോയിരുന്നു..
ഒരു ദിവസം കാണാതെയായപ്പോൾ തീ പിടിച്ച മനസ്സുമായി പോലീസ് സ്റ്റേഷനിലേക്കാണ് ഓടിച്ചെന്നത്
പതിവ് പോലെ ജോലിക്ക് പോയതാണ്. കണ്ടില്ല. ആരെങ്കിലും ഉപദ്രവിച്ചു കാണുമോ?എവിടെയാണോ എന്തൊ.
പോലീസ് അന്വേഷിച്ചു
കിഷോറും അവളും സ്റ്റേഷനിൽ വന്നു.
"എനിക്ക് അവരോടൊപ്പം പോകാൻ ഇഷ്ടമല്ല. എനിക്ക് കിഷോറിനൊപ്പം പോയാൽ
മതി "
തകർന്നു പോയി. അപമാനം കൊണ്ട് ചൂളി
"മോളു വാ അച്ഛൻ കല്യാണം കഴിപ്പിച്ചു തരാം "
ഒടുവിൽ കെഞ്ചി
"എനിക്ക് വിശ്വാസം ഇല്ല.. എനിക്ക് കിഷോറിന്റെ ഒപ്പം പോയാൽ മതി സാർ "
നിസഹായനായി നോക്കുന്ന പോലീസ്‌ക്കാർക്ക് മുന്നിൽ നിന്ന് തലകുനിച്ചു ഇറങ്ങും മുന്നേ പറഞ്ഞു
"ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല. എന്റെ പടി ചവിട്ടരുത് ഒരിക്കലും "
തന്നിൽ നിന്ന് മുഖം തിരിക്കുന്ന അവളുടെ മുഖമാണ് അവസാനക്കാഴ്ച്ച.ആറു വർഷം കഴിഞ്ഞു. അന്വേഷിച്ചു പോയിട്ടില്ല. തോന്നിയില്ല.ഇനി അപമാനം നേരിടാൻ വയ്യ. വേദന തിന്നാൻ വയ്യ. പിന്നെയൊരു കല്യാണങ്ങൾക്കും പോയിട്ടില്ല. ഇന്നും ഓർമകൾക്ക് ചുട്ടുപൊള്ളുന്ന വേദനയാണ്.
"സാലറി കിട്ടിയില്ലേ?"
അവൾ ഞെട്ടി കിഷോറിനെ നോക്കി
"കുറച്ചു രൂപ വേണം.."
ബിസിനസ് ഒക്കെ നേരെത്തെ തന്നേ നഷ്ടത്തിലായി
ജോലിയൊന്നുമില്ലാതെയിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷമായി. പക്ഷെ അതൊന്നും ആർഭാടത്തെ ബാധിച്ചിട്ടില്ല.
"ഫ്രണ്ട്സ് ഒരു ടൂർ പ്ലാൻ ചെയ്യുന്നു. ഗോവ. ഒരു ഇരുപതിനായിരം രൂപ വേണം "
"ഇതിപ്പോ എത്രമത്തെ ടൂർ ആണ് കിഷോർ? ഫ്ലാറ്റിന്റെ വാടക കൊടുക്കണ്ടേ? ചിലവുകൾ ഇല്ലെ?"
"എന്തോന്ന് ചെലവ്? കുട്ടികൾ ഒന്നുല്ലല്ലോ നമുക്ക്?"
"ഇല്ലാതാക്കിയതല്ലേ മൂന്ന് തവണ? എന്റെ കയ്യിൽ പൈസ ഇല്ല "
ഒറ്റ അടി വീണു മുഖത്ത്.. ഒന്നുടെ..
"മിണ്ടരുത്.. മര്യാദക്ക് തന്നോണം കേട്ടല്ലോ ഇല്ലെങ്കിൽ ഇറങ്ങി പോടീ എവിടന്നു വെച്ചാ നിന്റെ അച്ഛന്റെ അടുത്തോട്ടു ചെല്ല്... ഓ പറ്റില്ലല്ലോ അങ്ങേര് നിന്നേ ചൂൽ എടുത്തു അടിക്കും. ആരുണ്ടെടി നിനക്ക് ചോദിക്കാനും പറയാനും.. ഈ ഭൂമിയിൽ ആരെങ്കിലും ഉണ്ടൊ നിനക്ക്?"
അവൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഭിത്തിയിൽ ചാരി നിലത്തിരുന്നു..
അനുഭവിക്കണം വേണം ഇത് പോരാ ഇനിയും വേണം അയാൾ തന്നെ അടിച്ചു കൊല്ലട്ടെ... അച്ഛനെ കരയിച്ചതിന്റ ശിക്ഷ ഇത് പോരാ. ഇനിയും വേണമെന്നവൾ ആശിച്ചു.
കാളിംഗ് ബെൽ കേട്ടപ്പോൾ അയാൾ തന്നെ ചെന്നു വാതിൽ തുറന്നു.
ഒരു മധ്യവയസ്കൻ
"എന്നെ ഒരിക്കലേ കണ്ടിട്ടുള്ളു ആറു വർഷം മുന്നേ പോലീസ് സ്റ്റേഷനിൽ "
കിഷോറിന്റ മുഖം വിളറി. അവൻ വേഗം തിരിഞ്ഞു അവളെ നോക്കി.
അവൾ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും പിന്നെയും നിലത്തിരുന്നു പോയി.
അച്ഛൻ അകത്തേക്ക്. ഹാളിലേക്ക്.
ചുറ്റുമോന്നു നോക്കി
ചിതറി കിടക്കുന്ന ഒഴിഞ്ഞ കുപ്പികൾ.. വാരി വലിച്ചിട്ടിരിക്കുന്ന സാധനങ്ങൾ, ഒരു യുദ്ധം കഴിഞ്ഞ പോലെ.
"എനിക്കൊരു ഗ്ലാസ്‌ ചായ വേണം. ബുദ്ധിമുട്ട് ഇല്ലെങ്കിൽ.."അവൾ ഭിത്തിയിൽ പിടിച്ച് പതിയെ എഴുന്നേറ്റു. അവളുടെ മുഖത്തെ കരിനീലിച്ച പാട് അയാൾ കണ്ടു. നീര് വന്നു വീർത്ത വലതു കൈ. എന്തൊ കൊണ്ട് പൊള്ളിച്ച പോലെ ഒരു പാട് കഴുത്തിൽ..
ഒറ്റ അടി
പടക്കം പൊട്ടുന്ന ശബ്ദം പോലെ എന്തൊ ഒന്ന് കേട്ട് അവൾ അടുക്കളയിൽ നിന്നോടി വന്നു.
കിഷോർ നിലത്ത് വീണു കിടക്കുന്നു.
അവന്റെ ഷർട്ടിന്റ കോളറിൽ പിടിച്ചു ഉയർത്തി എഴുനേൽപ്പിച്ചു ഒന്നുടെ കൊടുത്തു.
അവൾ നിറകണ്ണുകളോടെ അത് കണ്ടു നിന്നു.
മദ്യക്കുപ്പിയുടെ ഒരു വശം തല്ലിപ്പൊട്ടിച്ചു അവന്റെ നേരെ ഓങ്ങിയപ്പോ അവൾ ഓടി ചെന്ന് ആ കൈ പിടിച്ചു
"വേണ്ട... ഇത് ചെയ്തിട്ട് ജയിലിൽ പോകല്ലേ അച്ഛാ "
അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ആ കാലിൽ വീണു. അയാൾ അവളെ ഉയർത്തി ചേർത്ത് പിടിച്ചു
"എടാ ഇത് എന്റെ മകളാണെടാ.. എന്റെ പൊന്നുമോളാ ഇത്.. സന്തോഷായിട്ട ജീവിക്കുന്നെന്ന് കരുതി ശല്യം ചെയ്തില്ലന്നേയുള്ളു... പൊന്നു പോലെ വളർത്തിയ എന്റെ കുഞ്ഞാടാ ഇത്..നിനക്ക് തല്ലിക്കൊല്ലാൻ ഉള്ളതല്ല...അവൾക്കാരുമില്ലെന്നു കരുതിയോടാ നീ?.. അവൾക്ക് ഞാൻ ഉണ്ടെടാ... അവളുടെ അച്ഛനുണ്ട്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം എന്റെ മോളെ ഞാൻ പൊന്നു പോലെ നോക്കും.."അയാൾ അവന്റെ മുഖത്ത് ഒന്നുടെ കൊടുത്തു.
എന്നിട്ട് മകളുടെ നേരെ തിരിഞ്ഞു
"വരുന്നെങ്കിൽ ഇപ്പോൾ വരണം എന്റെ കൂടെ. നീ വരുന്നോ?"
അവൾ അച്ഛനെ നോക്കി വിങ്ങിപ്പൊട്ടി കൈ കൂപ്പി
പിന്നെ അയാൾക്ക് പിന്നിലായ് നടന്നു..
ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക്...
അച്ഛനെന്ന സൂര്യവെളിച്ചത്തിലേക്ക്..

By Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot