Slider

വേനൽ മഴ I Dr Venus

0


 വെളുത്ത വലിയ പ്ലേറ്റിൽ കുത്തരിച്ചോറ് കൊണ്ട് ഒരു പപ്പടവട്ടം. അതൊരു മുഖമാണ്. കണ്ണിൻ്റെ സ്ഥാനത്ത് ചുവന്ന ചീരത്തോരൻ. ചുണ്ട് ബീറ്റ്റൂട്ട് കൊണ്ടുളള പച്ചടി. കവിളിൽ പരിപ്പും നെയ്യും. പകുതി പപ്പടം കൊണ്ടുള്ള ചെവി. കപ്പിൽ കുടിയ്ക്കാനുള്ള ഇളം ചൂടുള്ള ജീരകവെള്ളം. എല്ലാം വിളമ്പി റെഡിയാക്കി ഉണ്ണിക്കുട്ടനെ ഉണ്ണാൻ വിളിക്കുമ്പോൾ ബെഡ്റൂമിൽ നിന്ന് അവൻ്റെ ശബ്ദം ഉയർന്നു, "സുമയമ്മേ,ഞാനിവിടെ ബഡ്റൂമിലിരുന്നാണ് ഊണ് കഴിക്കണത്.ഇവിടെയാകുമ്പോൾ എ സി യുണ്ട്. ഡൈനിംഗ് ഹാളിൽ എന്തൊരു ചൂടാണ്. ഞാനില്ല. "
അടച്ചിട്ട വാതിൽ തുറന്ന്, അനുനയിപ്പിച്ച് ബഡ്റൂമിൽ നിന്നിറക്കി ഡൈനിംഗ് ടേബിളിനു മുന്നിലിരുത്തി.അടച്ചു വച്ചിരുന്ന പ്ലേറ്റുയർത്തി, ചോറുവിളമ്പിവച്ചപ്ലേറ്റ് ഉണ്ണിക്കുട്ടനു മുന്നിലേക്ക് നീക്കിവച്ചപ്പോൾ ഉണ്ണിക്കുട്ടൻ സന്തോഷം കൊണ്ട് ആർത്തുവിളിച്ചു.
"ഇത് കലക്കീട്ടോ, സുമയമ്മേ!
സുമയമ്മയ്ക്ക് എന്നുമെന്നും എന്തൊക്കെ പുതിയ ഐഡിയകളാണ്. ഇന്നലെ സൈക്കിൾ. ഇന്നുണ്ടാക്കിയത് മുഖം. ഉണ്ണിയെക്കൊണ്ട് പച്ചക്കറികൾ കഴിപ്പിയ്ക്കാനുള്ള സൂത്രപ്പണിയല്ലേ? എനിക്കറിയാം. നമുക്ക് ബഡ്റൂമിലെ ടേബിളിലിരുന്നു കഴിച്ചാലോ?. അവിടെയാകുമ്പോൾ നല്ല തണുപ്പുണ്ടാകും."
"അയ്യേ, ആരാ ഉണ്ണിയോട് പറഞ്ഞത് ബഡ്റൂമിലിരുന്ന് ഊണ് കഴിയ്ക്കും ന്ന്. അവിടെ വേസ്റ്റ് വീണാൽ ഉറുമ്പു വന്ന് ഉണ്ണിയ്ക്ക് നല്ല കടി തരും. ഇവിടെയിരുന്നു കഴിച്ചാൽ നല്ല കാറ്റുണ്ട്. ജനലിലൂടെ കാറ്റു വന്ന് ഈ കുഞ്ഞിക്കവിളില് തൊടും. എന്നിട്ട് പറയും ,വേഗം തിന്നു തീർക്ക് ഉണ്ണിക്കുട്ടാ ന്ന്. ആ കാറ്റിന് അപ്പോൾ മുറ്റത്തെ മുല്ലപ്പന്തലിൽ വിരിഞ്ഞു നിൽക്കണ മുല്ലപ്പൂവിൻ്റെ മണമായിരിക്കും .
ആദ്യം കവിളിലെ പരിപ്പു ചേർത്ത് രണ്ടുരുള .എന്നിട്ട് ചെവിയുണ്ടാക്കിയ പപ്പടം പൊട്ടിച്ച് കിരുകിരുവെന്ന് രണ്ട് കടി. ഞാൻ നോക്കട്ടെ ഉണ്ണിക്കുട്ടന് തന്നെ ചോറുണ്ണാൻ അറിയാമോ എന്ന് "
രണ്ടുരുള തിന്നുതീർത്ത് അവൻ അടുത്ത വാക്കിനായി കാതോർത്തു.
"ഇനി നമ്മൾ കണ്ണു തിന്നു തീർക്കും. ചീരത്തോരൻ ഒരു മാജിക്ക് കാരനാണ്.അതിനെ മുട്ടിയിരുന്ന ചോറിൻ്റെ കളറ് കണ്ടോ? ഏതാ കളറ് ന്ന് ഉണ്ണി പറഞ്ഞേ.''
" റെഡ് "
" കറക്റ്റ്. ഇനി നമ്മൾ പിങ്ക് ചോറുണ്ണും .എന്തിനാന്നറിയോ? ബീറ്റ്റൂട്ട് പച്ചടിയിൽ ബീറ്റ്റൂട്ടുണ്ട്, തൈരുണ്ട്. നല്ല ശക്തി കിട്ടും, സൂപ്പർ മാനെപ്പോലെ.പിന്നെ ചുണ്ടൊക്കെ ചുവന്നു വരും, കണ്ണിന് കാഴ്ച കിട്ടും.. സുമയമ്മ കറിയിൽ മധുരം ചേർത്തിട്ടുണ്ട്. എന്ത് രസാന്നറിയോ?"
ഉണ്ണി തലയാട്ടി ബീറ്റ്റൂട്ട് ചുണ്ട് തിന്നു തീർത്തു.
"എനിക്ക് മതി .വയറു നിറഞ്ഞു. "
"അയ്യേ, ആരേലും ചോറ് വേസ്റ്റാക്വോ?? എത്ര കുട്ടികളാ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്നതെന്നറിയോ,ആരെങ്കിലും കഴിക്കാൻ എന്തെങ്കിലും തന്നെങ്കിൽ എന്നാശിച്ച്? അതു കൊണ്ട് നമ്മള് വിളമ്പിയത് മുഴുവനും വേസ്റ്റാക്കാതെ കഴിച്ചു തീർക്കും. ഇന്ന് സാറ്റർഡേയല്ലേ? ഊണു കഴിച്ചു തീരുമ്പോഴേക്കും ബാങ്കീന്ന് ഉണ്ണീടെ അമ്മ വരും. ഉച്ചയ്ക്ക് ഹോളിഡേയാണല്ലോ അമ്മയ്ക്ക്. ഉണ്ണിയെ അമ്മയെ ഏല്പിച്ചിട്ടു വേണം സുമയമ്മയ്ക്ക് തിരിച്ചു പോകാൻ."
"എനിക്ക് മതി ,സുമയമ്മേ "
"നമ്മളിനി മുറ്റത്തു പോയിരുന്ന് കിളികളേം പൂക്കളേം ഒക്കെ കണ്ടിട്ട് ബാക്കി കഴിക്കാൻ പോണു.വാ ഉണ്ണീ"
"ഞാനില്ല, അവിടെ ഭയങ്കര ചൂടാണ്. "
"ചൂട് മാറ്റാനല്ലേ, കാറ്റ് വന്ന് വീശിത്തരണത്. എപ്പൊഴും ഫാനിൻ്റെ അടിയിലും ,എ സി യിലും ഒക്കെ ഇരുന്ന് ശീലിച്ചാൽ അതില്ലാതെ ജീവിയ്ക്കാൻ വയ്യാണ്ടാകും .പിന്നെ അടച്ചിട്ട മുറിക്കകത്തിരിയ്ക്കയല്ല വേണ്ടത്. പുറത്തിറങ്ങിയാൽ എന്തൊക്കെ കാണാനാകുംന്നോ?കുറിഞ്ഞി പൂച്ചവരും, അണ്ണാനെക്കാണാം,
ആകാശവും കാണാം."
എൻ്റെ വാക്കിൽ മയങ്ങി, ഉണ്ടുണ്ട് പ്ലേറ്റ് കാലിയായത് ഉണ്ണിയറിഞ്ഞില്ല. മുഖം കഴുകിച്ച്, ടവൽ കൊണ്ട് ഈർപ്പം ഒപ്പിയെടുക്കുമ്പോൾ ഉണ്ണി പറഞ്ഞു "എനിക്ക് എന്നും സുമയമ്മ ചോറു തന്നാൽ മതി. എന്ത് രസാണെന്നോ കഴിയ്ക്കാൻ .അച്ഛമ്മയാണെങ്കിൽ എനിക്ക് വിളമ്പി തന്നിട്ടിരുന്നു ടി.വി.കാണും. ഒരു കഥയും പറഞ്ഞു തരില്ലാന്നേ. അമ്മയാണെങ്കിൽ മൊബൈലിലായിരിക്കും ശ്രദ്ധ ''
''അതിന് ഉണ്ണിക്കുട്ടൻ വലിയ കുട്ടിയായില്ലേ. യു.കെ.ജിക്കാരൻ! ഇനി ഒറ്റയ്ക്ക് തന്നെ ഫുഡ് കഴിക്കണം. സുമയമ്മ പിന്നെ സ്നേഹം കൊണ്ട് ചെയ്തതാണ് ഇതൊക്കെ, വേഗം മുഴുവൻ കഴിപ്പിക്കാൻ. പിന്നെയൊരു കാര്യം മനസ്സിലായില്ലേ, വരാന്തയിലിരുന്നാലും കാറ്റു കിട്ടും ന്ന് "
"സുമയമ്മേടെ വീട്ടില് എസിയുള്ള മുറിയിലിരുന്നാണോ ഊണ് കഴിയ്ക്കുന്നത്?"
"അവിടെ ഫാൻ പോലും ഇല്ല ഞാനുറങ്ങണ മുറീല് .ആകെ ഒരെണ്ണമുള്ളത് അച്ഛൻ വയ്യാണ്ട് കിടക്കണ മുറീലാണ്.പിന്നെ ഞാൻ പറഞ്ഞില്ലേ, ഫാനില്ലാതെ ശീലിച്ചതോണ്ട് ഉറങ്ങാൻ പറ്റും."
"ദേ, നോക്കു ഉണ്ണീ, അമ്മ വരണു!"
ഗേറ്റു കടന്ന് ദീപയുടെ സ്ക്കൂട്ടറെത്തി.
പോർച്ചിൽ നിർത്തി, ഷാൾ കൊണ്ട് കഴുത്തു തുടച്ചു കൊണ്ട് പറഞ്ഞു
" എന്തൊരുഷ്ണം '
"ദീപക്കുഞ്ഞേ, ഞാൻ ജോലിയെല്ലാം തീർത്തു. മിടുക്കനായി എല്ലാ കറികളും കൂട്ടി മുഴുവനും ചോറും ഉണ്ടൂന്ന് അമ്മയോട് പറയണില്ലേ ഉണ്ണീ ?
ദീപക്കുഞ്ഞേ, ഞാനിനി പൊയ്ക്കോട്ടെ ?"
"സുമേച്ചി, മൺഡേ കൂടി മോൻ്റടുക്കൽ നിൽക്കണേ. ട്യൂസ്ഡേ മുതൽ അച്ഛമ്മയുണ്ടാകും മോന് കൂട്ടിന് "
തലയാട്ടി മുറ്റത്തേക്കിറങ്ങുമ്പോൾ സാരിത്തലപ്പു വലിച്ച് ശിരസ്സു മൂടി.
"സുമേച്ചിക്ക് ഒരു കുടയെടുത്തു കൂടേ? ഒന്ന് മറന്നൂട്ടോ. ശനിയാഴ്ച്ച അഡ്വാൻസായി രൂപ വേണം, ഫാൻവാങ്ങണം എന്നൊക്കെ പറഞ്ഞിട്ട് വേണ്ടേ?"
" ഇപ്പോൾവേണ്ട, ഞാൻ പിന്നീടു ചോദിച്ചോളാം" തിരിഞ്ഞു നിൽക്കാതെ മുന്നോട്ടു നടക്കുമ്പോൾ പറഞ്ഞു.
"ശിവൻ ചേട്ടൻ സുമേച്ചി സൂക്ഷിച്ചു വച്ച രൂപ എടുത്ത് കള്ളുകുടിച്ചു കാണും. പുള്ളിയാരാ മോൻ!"
കേട്ടതത്രയും സത്യമാണ്. മറുപടി പറയാൻ നിന്നാൽ സങ്കടം കൊണ്ട് നെഞ്ച് പൊട്ടിപ്പോകും.
" സുമേച്ചി, മുഴുവൻ രൂപയും കൊണ്ടുപോയി ഫാൻവാങ്ങിക്കോളൂ. പതിയെ പതിയെ ,കിട്ടുന്നതിനനുസരിച്ച് തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ തന്നില്ലെങ്കിലും വേണ്ടില്ല. ഈ കടും വേനലിൽ ഫാനില്ലാതെ എങ്ങനെ കിടന്നുറങ്ങും? "
ഒന്നും മിണ്ടാതെ മുന്നോട്ടു നടക്കുമ്പോൾ കുണ്ടനിടവഴിയിൽ ശിരസ്സിനു മീതെ പീലി വിരിച്ച തെങ്ങോ ലകൾക്കിടയിലൂടെ ശരീരം തൊടുന്ന ഉച്ചവെയിലിന് തീയുടെ കടുപ്പം. ചുളിവു വീണ കോട്ടൺ സാരിക്കടിയിലെ നിറം മങ്ങിയ പാവാട, വിയർത്തൊട്ടിയതിനാലാകും, നടക്കാൻ ബുദ്ധിമുട്ട്. ചെന്നിയിലൂടെ ഊർന്നിറങ്ങി ഇറ്റുവീഴുന്ന വിയർപ്പുതുള്ളികൾ ബ്ലൗസിൽ വീണു ,നിമിഷ നേരം കൊണ്ടുണങ്ങി.
മനസ്സിലെ ചിന്തകൾക്ക് പുറത്തെ കടുത്ത വേനലിനെക്കാൾ ചൂടാണ്. പണിക്ക് പോകുന്ന വീടുകളിൽ നിന്ന് കിട്ടുന്നതത്രയും വീട്ടു ചെലവുകൾ, കടം വീട്ടൽ എന്നിവയ്ക്കു തന്നെ തികയാത്ത നേരത്തും കഷ്ടപ്പെട്ടു മിച്ചം പിടിച്ചു, ശിവേട്ടൻ കാണാതെ സൂക്ഷിച്ചു വച്ചതാണ് ,ഈ വേനലിൽ എങ്കിലും ഒരു ഫാൻ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ. തികയാത്ത രൂപ ദീപക്കുഞ്ഞ് തരാമെന്നും പറഞ്ഞിരുന്നതാണ്.
എന്നിട്ട് ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, താൻ അരിക്കലത്തിനുള്ളിൽ രൂപ ഒളിപ്പിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് പാത്രം അടുക്കളയിൽ നിലത്തു കിടന്നിരുന്നു. അച്ഛൻ്റെ മുറിയിലെ ഫാനിനു കീഴിൽ, അച്ഛൻ്റെ കാൽക്കീഴിൽ ബോധമില്ലാതെ കിടന്നുറങ്ങുന്ന ശിവേട്ടൻ്റെ ചുറ്റും ,മുറിയിലാകെ
കളളിൻ്റെ പുളിച്ച നാറ്റം.
രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഉള്ളിൽ എരിയുന്ന ദുഃഖത്തിൻ്റെ തീ കെടുത്താനായില്ലെങ്കിലും മുഖത്ത് ,ഇറ്റു തണുപ്പിനായി, തോർത്ത് നനച്ചിട്ടു.
ഇന്നിനി ഒരു വീട്ടിലെ ജോലി കൂടി ചെയ്തു തീർക്കാനുണ്ട്. ഉണ്ണിയുടെ അച്ഛമ്മ സ്ഥലത്തില്ലാത്തതുകൊണ്ട് അവന് പകൽ മുഴുവൻ കൂട്ടിരിക്കേണ്ടതിനാൽ തിങ്കളാഴ്ച കൂടി സന്ധ്യ കഴിഞ്ഞേ തനിക്ക് വരാൻ പറ്റൂ എന്ന് അവിടെ രാധേച്ചിയെ പറഞ്ഞേൽപ്പിയ്ക്കണം.
ജോലി കഴിഞ്ഞ് വീട്ടിലെത്തി. മേൽ കഴുകി. ചോറു വച്ചു. രസമുണ്ടാക്കി. അച്ഛനു വിളമ്പിക്കൊടുത്തു. ശിവേട്ടനു വിളമ്പിവച്ചു, ഇഷ്ടമുള്ളപ്പോൾ വന്ന് കഴിക്കട്ടെ!
ഓടിക്കളിക്കുന്നതിനിടെ വീണു കാൽ പൊട്ടി ഞൊണ്ടി നടക്കുന്ന ശ്രീമോൾക്ക് ഊണിനു ശേഷം ഗുളികയും ഒരു താരാട്ടും. രാത്രി അടുക്കളപ്പണിയൊതുക്കി പായിൽ ചായുമ്പോൾ ഓർത്തത്
മാറ്റങ്ങളില്ലാതെ കടന്നു പോകുന്ന കഷ്ടപ്പാടിൻ്റെ ദിനങ്ങളെക്കുറിച്ചാണ്, ഒരു നല്ല ജോലി ലഭിക്കാത്തതിനാൽ ഡിഗ്രി സർട്ടിഫിക്കറ്റ് പെട്ടിക്കുള്ളിൽ പൂട്ടി വച്ച് വീട്ടുവേലക്കാരിയാകേണ്ടി വന്ന നിർഭാഗ്യവതിയായ തന്നെക്കുറിച്ച്.
രാവിലെ ചായയ്ക്കു ശേഷം, പുഴയിൽപ്പോയി മുഷിഞ്ഞതത്രയും അലക്കി ,തുണികളുമായി വീട്ടിലേക്കു നടക്കുമ്പോൾ കണ്ടു, വീടിൻ്റെ മുന്നിലെ ഇടവഴി കടന്നു പോകുന്ന ചുവന്ന ബൈക്ക്.
വീടിനകത്തു കയറുമ്പോൾ താൻ കിടക്കുന്ന മുറിയിലേക്ക് വിരൽ ചൂണ്ടി അച്ഛൻ പറഞ്ഞു., "നിങ്ങളുടെ മുറിയിൽ ഫാൻ വയ്ക്കാൻ വന്നതാണയാൾ. ദീപസാറ് പറഞ്ഞിട്ടു വന്നതാണത്രേ!"
മുറിയിലെത്തുമ്പോൾ മോൾ വയ്യാത്ത കാലും വച്ച്, സ്വിച്ച് ബോർഡിൽ എത്തിപ്പിടിച്ച് ഫാൻ ഓൺ ചെയ്യുകയാണ്. അതിൻ്റെ കറക്കത്തിൻ്റെ ശബ്ദമാസ്വദിച്ച്, കാറ്റുകൊണ്ട്, കണ്ണടച്ചു നിൽക്കുന്ന
ശ്രീമോളെ നെഞ്ചിൽ ചേർത്തു നിർത്തുമ്പോൾ ഓർത്തു, പാവം കുട്ടി, എത്ര സന്തോഷമാണ് തൻ്റെ മോൾക്ക്.
ഒന്നും മനസ്സിലാവാതെ, ദീപക്കുഞ്ഞിനോട് കാര്യം ചോദിച്ചറിയാൻ മനസ്സു തിരക്കുകൂട്ടി.മുറ്റത്തെ അയയിൽ തുണികൾ ധൃതിപ്പെട്ടു വിരിച്ചിടുമ്പോൾ ദീപക്കുഞ്ഞിൻ്റെ ചുവന്ന കാർ മുള്ളുവേലിക്കരികിൽ വന്നു നിന്നു. അമ്മയുടെ കൈയിൽ നിന്നും കുതറി മാറി, ഉണ്ണി ഓടി വന്നു തന്നെ കെട്ടിപ്പിടിച്ചു നിന്നു കിതച്ചു.
"എന്താ ദീപക്കുഞ്ഞേ ഇതെല്ലാം.? എനിക്കൊന്നും മനസ്സിലാവണില്ല."
"സുമേച്ചിയാദ്യം ഉണ്ണിക്ക് പിറന്നാൾ ആശംസ പറയൂ. ഇന്നവൻ്റെ ജന്മനക്ഷത്രമാണ്. പിറന്നാൾ സമ്മാനം എന്ത് വേണമെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു - അവന് ഫാൻ മതിയെന്ന് ,അവൻ്റെ സുമയമ്മയ്ക്കു നൽകാൻ.
കഴിഞ്ഞ ദിവസം അവൻ്റെ ക്ലാസ് ടീച്ചർ പറഞ്ഞത്രേ, 'ഓരോ പിറന്നാളിനും ഓരോരുത്തർക്കും എത്ര സമ്മാനങ്ങളാണ് കിട്ടുന്നത്. ഇത്തവണത്തെ പിറന്നാളിന് ഏറ്റവും പ്രിയപ്പെട്ടവർക്ക് നിങ്ങളുടെ വകയാകട്ടെ സമ്മാനമെന്ന് '.അതാണിത്.
പിന്നെ, മനുവേട്ടൻ ഒരു സുഹൃത്തിനെ കാണാൻ രാവിലെ തന്നെ പോയി. പിറന്നാളാഘോഷം ഡേറ്റനുസരിച്ച് അടുത്തയാഴ്ച, അച്ഛമ്മ വന്നിട്ടാകാമെന്ന് പറഞ്ഞു. അപ്പോൾ ഞാനോർത്തു ഇന്നത്തെ പിറന്നാൾ ആഘോഷം ഇവിടെയാകട്ടെയെന്ന്, മോൻ ഏറ്റവും ഇഷ്ടപ്പെടുന്ന സുമയമ്മയുടെ അരികിൽ.
പിന്നെ, ഉച്ചയൂണിനെക്കുറിച്ചോർത്ത് സുമേച്ചി വേവലാതിപ്പെടേണ്ട, അതെല്ലാം കാറിൻ്റെ ഡിക്കിയിലുണ്ട്. ഇന്നത്തെ പാചകം എൻ്റെ വക."
ഉണ്ണിക്കുട്ടനെ മാറോട് ചേർത്തു നെറ്റിയിൽ ഉമ്മ വയ്ക്കുമ്പോൾ, ദീപക്കുഞ്ഞിൻ്റെ കരവലയത്തിലായിരുന്നു ശ്രീമോൾ.
(അവസാനിച്ചു)
ഡോക്ടർ. വീനസ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo