ആകെ മൂന്ന് പേര്.. "
അമ്മ ഒന്ന് ചിരിച്ചു. നിസ്സഹായതയുടെ ചിരി
അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു.
എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു. പാത്രങ്ങൾ ഒക്കെ മിനുസമാർന്നും ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ. ഉച്ചക്കത്തേക്കുള്ള കറികൾ എല്ലാം പാകമായി കഴിഞ്ഞു. എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ.
"അമ്മ.. അപ്പുറത്തേക്ക് വന്നേ.. പുതിയ ഒരു സിനിമ വന്നിട്ടുണ്ട് ആമസോണിൽ. .. അമ്മയ്ക്കിഷ്ടല്ലേ സിനിമകൾ?"
"അല്ല "അമ്മ തണുത്ത സ്വരത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി.
കല്യാണം കഴിഞ്ഞു വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നതാ അമ്മയുടെ ഈ മൗനം.
"ഞാൻ സഹായിക്കട്ടെ?"
"വേണ്ട "
"ഈ അമ്മയെന്താ ഇങ്ങനെ? ആദി ഇല്ല . അച്ഛൻ ഓഫീസിൽ പോയി. നമ്മൾ തനിച്ചല്ലേ ഉള്ളു. എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതെ പറ്റൂല്ല.ശ്വാസം മുട്ടും.. അമ്മ വാ നമുക്ക് വർത്തമാനം പറയാം ന്ന് "
അമ്മ അവളുടെ ചിരിയിലേക്ക് ആ സുന്ദരമായ, സ്നേഹം നിറഞ്ഞ കണ്ണുകളിലേക്ക് വെറുതെ നോക്കിനിന്നു.
തന്നോടാരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നോർത്തു.
"വാ നമുക്ക് കുറച്ചു നേരം വർത്തമാനം പറയാം "
എത്ര നല്ല വാചകം.
ആരോടെങ്കിലും കുറെ മിണ്ടിയിട്ട് എത്ര നാളായി.. അവർ തൈര് കടയുന്നത് നിർത്തി. കൈ തുടച്ചു സമ്മതഭാവത്തിൽ തലയാട്ടി.
അപർണയുടെ വിശേഷങ്ങൾ കേട്ട് അവരങ്ങനെ കണ്ണ് മിഴിച്ചിരുന്നു
"എന്റെ അച്ഛനും അമ്മയും ഇങ്ങനെ അല്ലാട്ടോ. അവരെപ്പോഴും ഒന്നിച്ചാ. ഭയങ്കര റൊമാൻസ് ആണെന്നെ. അമ്മയില്ലാതെ ഒരു ദിവസവും അച്ഛൻ നിൽക്കില്ല. അമ്മയെങ്ങാനും സ്വന്തം വീട്ടിൽ പോയാൽ പുറകെ ഇറങ്ങി കൊള്ളും.. നാണമില്ലേ അച്ഛാ എന്ന് കളിയാക്കും ഞാനും ഏട്ടനും "
"നീ വീട്ടിൽ പോയാൽ ഇവിടെയുള്ള ജോലികൾ ആരു ചെയ്യും? അവിടെയിപ്പോ കാണാൻ മാത്രം എന്തിരിക്കുന്നു?"
അനന്തേട്ടൻ പറയുന്നത് അവർ ഓർത്തു
വീട്ടിൽ പോയിട്ട്,ഒരു രാത്രി നിന്നിട്ട് ഒക്കെ കുറെ നാളായി.
"അമ്മ എത്ര ദിവസം അവിടെ നിൽക്കുന്നോ അത്രയും ദിവസം അച്ഛനും ലീവ് എടുത്തു കൂടും "അപർണ ചിരിച്ചു
"അച്ചി വീട്ടിൽ കിടക്കാൻ
എന്നെ പ്രതീക്ഷിക്കണ്ട.. വേണെങ്കിൽ ഒറ്റയ്ക്ക് പോകുക വൈകുന്നേരം വരിക. അതെങ്ങനെ? ബസിൽ കയറിയാൽ അപ്പൊ തുടങ്ങും ശർദി "
അവരുടെ കണ്ണ് നിറഞ്ഞ പോലെ തോന്നി അപർണക്ക്.
"അമ്മയുടെ നാട്ടിൽ ഒരു ദിവസം എന്നെ കൊണ്ട് പോകുവോ?"
"ഞാൻ ബസിൽ കയറിയാൽ ശർദിക്കും."അവർ മടിച്ചു മടിച്ചു പറഞ്ഞു.
'ഇവിടെ കാർ ഉണ്ടല്ലോ?"
"എനിക്ക് ഡ്രൈവിംഗ് അറിയില്ല കുട്ടി "
"എനിക്ക് അറിയാമല്ലോ.
നമുക്ക് പോവാം.. ഇവിടെ നിന്ന് എത്ര ദൂരമുണ്ട്? ഇത് പോലെ ടൗണിൽ ആണോ?"
"ഹേയ് ശുദ്ധ നാട്ടിൻപുറമാണ്.. കാർ കഷ്ടിച്ച് വരും. അത്ര തന്നെ.. "
"ആഹാ.. ഗ്രാമമാണോ..? എനിക്ക് എന്തിഷ്ടമാണെന്നോ നാട്ടിൻപുറങ്ങൾ. എന്റെ അമ്മയുടെ വീടും ഒരു ഗ്രാമത്തിലാ. അച്ഛൻ പറയും റിട്ടയർ ചെയ്താൽ അവർ അങ്ങോട്ട് പോകും ന്നു.. നമുക്ക് നാളെ തന്നെ പോകാം "
"എന്റെ തലവിധി.
കുഗ്രാമത്തിൽ നിന്ന് ഒന്നിനെ വേണ്ട എന്ന് നൂറു തവണ പറഞ്ഞതാ."
ഓർമയിൽ പരിഹാസം മാത്രം ഉള്ളു. ആദിയുടെ അച്ഛന് ഗ്രാമം ഇഷ്ടമല്ല.ആദ്യമാണ് ഒരാൾ ഇഷ്ടത്തോടെ നാടിനെ കുറിച്ച് പറയുന്നത്.
അപർണ ഡ്രൈവ് ചെയ്യുന്നത് അതിശയത്തോടെ അവർ നോക്കിയിരുന്നു. എത്ര അനായാസമായി ലളിതമായി കാർ ഒഴുകി നീങ്ങുന്ന പോലെയേ തോന്നു. ഒട്ടും കുടുക്കമില്ലാത്തത് കൊണ്ട് അവർക്ക് ശർദിക്കണമെന്നേ തോന്നിയില്ല.
"മോൾ എത്ര രസായിട്ട ഡ്രൈവ് ചെയ്യണേ?"
"പതിനെട്ട് വയസായപ്പോ തന്നെ ലൈസൻസ് എടുത്തു. അച്ഛൻ പഠിപ്പിച്ചതാ.അമ്മയും ഡ്രൈവ് ചെയ്യും. അച്ഛന് നിർബന്ധ പെൺകുട്ടികൾ എല്ലാം അറിഞ്ഞിരിക്കണം ന്ന്.. നമ്മുടെ കാര്യങ്ങൾ സ്വയം ചെയ്യണമെന്നാ അച്ഛൻ പറയുക "
ആ അച്ഛനെ മനസ്സിൽ തൊഴുതു അവർ.
"അമ്മയ്ക്ക് പഠിക്കണോ? ഞാൻ പഠിപ്പിച്ചു തരാം. എനിക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നാൽ ഞാൻ പോവൂലെ ആദിയുടെ ഒപ്പം ചെന്നൈയ്ക്ക് ? അമ്മയ്ക്ക് എവിടെ എങ്കിലുമൊക്കെ പോവാല്ലോ "
"അതൊന്നും ഏട്ടൻ സമ്മതിക്കില്ല മോളെ "അവർ തണുത്ത സ്വരത്തിൽ പറഞ്ഞു
"ശ്ശെടാ നമ്മൾ ഡ്രൈവ് ചെയ്യുന്നത് അവരോടു ചോദിച്ചിട്ടാണോ? നമുക്ക് കുറച്ചു സാധനം വാങ്ങാൻ പോകണം എങ്കിൽ അവരോടു ചോദിക്കണോ? അമ്മക്ക് മകൾ ആകാഞ്ഞത് നന്നായി ട്ടോ "
അത് അവർ എപ്പോഴും ഓർക്കുന്ന കാര്യം ആണ്
മകൾ ആയിരുന്നെങ്കിൽ അവളെയും അദ്ദേഹം ഇതേ പോലെ അടിച്ചു താഴ്ത്തി വെച്ചേനെ.
"അമ്മയെ ഞാൻ പഠിപ്പിക്കാം എളുപ്പമാണ്."
അവരുടെ നാട്ടിലേക്കുള്ള യാത്രയിൽ അവരോരു പാട് വർത്തമാനം പറഞ്ഞു. ബന്ധുക്കളുട വീടുകളിൽ പോയപ്പോൾ അമ്മ മറ്റൊരാളാകുന്നത് അത്ഭുതത്തോടെ അവൾ കണ്ടു നിന്നു.
അമ്മയുടെ വീടിന്റെ ഭിത്തിയിൽ നിറയെ നൃത്തം ചെയ്യുന്ന അമ്മയുടെ ഫോട്ടോകളാണ്
"ഈശ്വര!
ഡാൻസ് ഒക്കെ അറിയോ?"
"സ്കൂളിൽ വെച്ചുള്ളതാ.പിന്നെ ചെയ്തിട്ടില്ല."അമ്മ ചിരിച്ചു
"സ്കൂൾ കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞു. പിന്നെ ചിലങ്ക തൊട്ടിട്ടില്ല '
അമ്മമ്മ പറയുന്നത് കേട്ട് അപർണ അമ്മയെ ഒന്ന് നോക്കി.
തിരിച്ചു വരുമ്പോൾ അവൾ നിശബ്ദയായിരിക്കുന്നത് കണ്ട് അമ്മ ആ മുഖത്ത് തൊട്ടു
"അമ്മ ഇനിം നൃത്തം ചെയ്യണം "അവൾ പെട്ടെന്ന് പറഞ്ഞു
അമ്മ പൊട്ടിച്ചിരിച്ചു പോയി
"വയസ്സ് നാൽപത്തിയഞ്ചായി.. ഒന്ന് പോ കുട്ടി ആൾക്കാർ പറയും ഭ്രാന്ത് ആണെന്ന് "
"അമ്മയ്ക്കിഷ്ടമല്ലേ നൃത്തം?"
"ജീവനായിരുന്നു "അമ്മയുടെ ശബ്ദം ഒന്നിടറി
"എങ്കിൽ ആ ജീവൻ കൂടെ വേണം. അമ്മക്ക് മടുക്കില്ലേ എന്നും കഞ്ഞിയും കറിയും വെച്ച് അടുക്കളയിൽ തന്നെ.
അമ്മേ ഇതിന് പുറത്ത് ഒരു ലോകം ഉണ്ട്.. നല്ല ഭംഗിയാ അതിന്.."
ഇരുപത്തിയഞ്ച് വർഷം കണ്മുന്നിലില്ല.
അതെവിടേക്ക് പോയി..?
എങ്ങനെ പോയി..?
താൻ ജീവിച്ചിരുന്നോ?
അപർണയുടെ ഒപ്പമുള്ള ഓരോ നിമിഷത്തിലും അവർ അത് മാത്രമാണ് ഓർത്തു കൊണ്ടിരുന്നത്.
"ഇന്ന് മീൻ കറിയില്ലേ?"
അച്ചിങ്ങ മെഴുക്കുപുരട്ടി യും സാമ്പാറും പപ്പടവും മാത്രം കണ്ടപ്പോൾ അനന്തൻ ചോദിച്ചു
"മീൻ കിട്ടിയില്ല"അവർ ഒരു പ്ലേറ്റിൽ ചോറ് വിളമ്പി സാമ്പാർ ഒഴിച്ചു പപ്പടം പൊടിച്ചിട്ട് തിന്നു തുടങ്ങി
അയാൾ ചുളിഞ്ഞ പുരികത്തോടെ അവരുടെ മാറ്റം ശ്രദ്ധിച്ചു
സാധാരണ അടുക്കളയിൽ ഇരുന്നാണ് കഴിക്കാറ്. അപർണ വന്നതിൽ പിന്നെയാണ് ഈ മാറ്റം.അയാളും ചോറ് കഴിച്ചു തുടങ്ങി.
ഗ്യാസിന്റെയാവും.നെഞ്ചിൽ ഒരു വേദന ഉണ്ട്.കിടന്നിട്ടു ഉറക്കവും വരുന്നില്ല..രാത്രി സാമ്പാർ വേണ്ടെന്ന് പറഞ്ഞിട്ടുള്ളതാണ്.
നെഞ്ചിൽ വേദന കൂടി വരുന്നുണ്ട്. ആദിയും അപർണയും ചെന്നൈയിലാണ്.
"എടി എഴുന്നേൽക്ക്.അപ്പുറത്തെ വിനോദിനെ ഒന്ന് വിളി. കാറിറക്കാൻ പറ. എനിക്ക് വയ്യ "
വിയർത്തു കുളിച്ച അനന്തനെ കണ്ടവർ ചാടി എണീറ്റു
"എന്താ?"
"നെഞ്ചിൽ വേദന.. വയ്യ..
വേഗം "
"അതിന് അവർ മൂകാംബികയിൽ പോയില്ലേ എവിടെയാരും ഇല്ലല്ലോ "അവർ വസ്ത്രം മാറിക്കൊണ്ട് പറഞ്ഞു
"അനന്തേട്ടൻ വാ "അവർ മുറ്റത്തേക്ക് നടന്നു
അവർ കാറിന്റെ താക്കോൽ എടുക്കുന്നതും കാർ ഷെഡിൽ നിന്നു പുറത്തേക്ക് എടുത്തു അയാൾക്ക് അരികിൽ കൊണ്ട് നിർത്തുന്നതും കണ്ടു ഒരു നിമിഷം അയാൾ വേദന മറന്നു പോയി.
ഇവൾ ഇതെപ്പോ?
"കയറ് "അവർ വാതിൽ തുറന്നു കൊടുത്തു
അയാൾ കയറിയതും കാർ അതിവേഗതയിൽ ആശുപത്രിയെ ലക്ഷ്യമാക്കി പാഞ്ഞു
"മൂന്നാലിടങ്ങളിൽ ബ്ലോക്കുണ്ട്. താമസിപ്പിക്കണ്ട.സർജറി
ചെയ്യട്ടെ? "ഡോക്ടർ അവരോടു ചോദിച്ചു.
അവർ സമ്മതിച്ചു.
"പേടിക്കണ്ട.സമയത്തു വന്നത് കൊണ്ട് രക്ഷപെട്ടു.."ഡോക്ടർ അയാളോട് സൗമ്യമായി പറഞ്ഞു.
ആശുപത്രിയിൽ അവർ വളരെ അനായാസമായി ഡോക്ടറോട് ഓരോന്ന് ചോദിച്ചു മനസിലാക്കുന്നത് കണ്ട് അയാൾ അമ്പരന്ന് പോയി
വീട്ടിൽ അവളുടെ ശബ്ദം പോലും കേട്ടിട്ടില്ല
പിന്നീട് വീട്ടിലെ വിരസമായ ഒരു പകൽ
"നീ ഇതൊക്കെ എപ്പോ?"
"അപർണ പഠിപ്പിച്ചതാ "അവർ കോട്ടൺ ചുരിദാറിന്റെ ഷാൾ പിൻ ചെയ്തു പറഞ്ഞു.സാരിയിൽ നിന്നു ഇവൾ എപ്പോഴാണ് ചുരിദാറിലേക്ക് മാറിയത്?
നീണ്ട മുടി ഇറുകെ പിന്നി നെറ്റിയിൽ ഒരു പൊട്ട് വെച്ച് കണ്ണാടിയിൽ നോക്കി തൃപ്തി വരുത്തി അവർ പേഴ്‌സ് എടുത്തു.
"ഞാൻ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാം.. ടാബ്ലറ്റ് എടുത്തു കഴിക്കണേ "
"ദേവി..."അയാൾ മെല്ലെ വിളിച്ചു.
അവർ ചിരിച്ചു
"എന്റെ പേര് മറന്നിട്ടില്ല അല്ലെ?"
അയാളുടെ മുഖം വിളറി.
"വെറുപ്പാണ് അല്ലെ?"
"ഒട്ടുമില്ല.. ആരെയും വെറുക്കാൻ പഠിച്ചിട്ടില്ല. പിന്നെ അനന്തേട്ടൻ ഉള്ളത് കൊണ്ടല്ലേ നമ്മുടെ മോൻ ഉണ്ടായത്?അത് കൊണ്ടല്ലേ അപർണയെ കിട്ടിയത്?ഇപ്പോൾ സന്തോഷം മാത്രമെയുള്ളു.."
അയാൾ ഒന്നും പറഞ്ഞില്ല.
"ഇനി ഒരു സർപ്രൈസ് കൂടിയുണ്ട്.. അത് അവർ അവധിക്ക് വരുമ്പോൾ കാട്ടി തരാം "അവൾ അയാളുടെ മുഖത്ത് ഒന്ന് തൊട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾക്ക് പ്രായം നന്നേ കുറഞ്ഞ പോലെ...
ആ പ്രസരിപ്പിലേക്ക്..ഭംഗിയിലേക്ക് അയാൾ അതിശയത്തോടെ നോക്കിക്കിടന്നു
കുറെ നാളുകൾക്കു ശേഷം
"ദിധികി ദിധിക്കി തെയ്
തക തധിമി തധിമി തെയ്.
മണിവർണന്റെ കണ്മുന്നിൽ
ഗോപികളാടുകയായി.."
വേദിയിൽ അനുപമാലസ്യത്തിന്റ മൂർത്തീഭാവമായി ദേവിക..
ഓഡിറ്റോറിയം നിറഞ്ഞ ആൾക്കാരുടെ കരഘോഷങ്ങൾക്കിടയിൽ അനന്തൻ കുറ്റബോധം നിറഞ്ഞ മനസ്സോടെ,നിറകണ്ണുകളോടെ, ആനന്ദത്തോടെ ആ നടനം കണ്ടു കൊണ്ടിരുന്നു.
മങ്ങിപ്പോയാലും കാലമെത്ര കഴിഞ്ഞാലും, വലിച്ചെറിഞ്ഞാലും, ക്ലാവ് പിടിച്ചാലും വീണ്ടുമൊന്നെടുത്തു നന്നായി തുടച്ചു മിനുക്കിയാൽ സ്വർണം പോലെ തിളങ്ങുന്നത് ഒന്നേയുള്ളു.
പെണ്ണ്...
അവളുടെ മനസ്സ്...
അവളുടെ കഴിവുകൾ..
Written BY Ammu Santhu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക