നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജീവിതം എന്ത് രസാണെന്നോ! I Ammu Santhosh


 ഞാൻ അവളെ കാണാൻ ആദ്യമായി അവളുടെ വീട്ടിൽ ചെല്ലുമ്പോൾ ആ വീട് നിറച്ചും ആൾക്കാറുണ്ടായിരുന്നു. ആൾക്കാരെ മുട്ടി നടക്കാൻ വയ്യാത്ത അവസ്ഥ. സ്ക്രീനിംഗ് ടെസ്റ്റ്‌ പോലെ ആയിരുന്നു എന്റെ പെണ്ണ് കാണൽ. അമ്മാവൻമാർ , അച്ഛൻ ചിറ്റപ്പൻമാർ , കുറെ അപ്പൂപ്പന്മാർ,കുറെ അമ്മൂമ്മമാർ ( സെഞ്ച്വറി അടിച്ചവർ തന്നെ വരും ഒരു പത്തെണ്ണം.).
ഞാനും എന്റെ അമ്മാവനും കൂടിയാണ് ആദ്യം പോയത്.അമ്മാവൻ ഇതൊക്കെ എന്തോന്നെടെ എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്. ഞാനാകെ കിളി പോയ മട്ടിലായി. ഒരു പെണ്ണുണ്ട്. സുന്ദരിയാണ്. വിദ്യാഭ്യാസം ഉണ്ട്. കൃഷിക്കാരൻ ചെക്കനെ മതി എന്ന ഒറ്റ ഡിമാൻടെയുള്ളു എന്ന് കേട്ട് ചാടി പുറപ്പെട്ടതാണ്. ഈ കാലത്ത് ആർക്കും വേണ്ടാത്ത ഒരെ ഒരു വിഭാഗം ആണ് ഞങ്ങൾ കൃഷിക്കാർ. ഇതിന് മുന്നേ പത്തു പതിനഞ്ചു പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. കൃഷി ആണെന്ന് കേൾക്കുമ്പോൾ തന്നെ അടുപ്പത്തിരിക്കുന്ന അവിയൽ കരിഞ്ഞ മണം മൂക്കിലടിക്കുമ്പോൾ ഉള്ള ഭാവമാണ്. ചിലതുങ്ങളുടെ മുഖം കണ്ടാൽ ഇപ്പോൾ ഒന്നും രണ്ടും സാധിക്കാൻ പോകുന്ന പോലെയും. ഒടുവിൽ ഞാൻ ഈ പരിപാടി നിർത്തി. അപ്പോഴാണ് ഈ ആലോചന. കേട്ടതും അമ്മ ഉന്തിത്തള്ളി വിട്ടു.ഞാനും ചാടിയിറങ്ങി.
പല മുറികളിലായിട്ടായിരുന്നു സ്ക്രീനിംഗ് ടെസ്റ്റ്‌, ഇന്റർവ്യൂ
ആദ്യത്തെ മുറിയിൽ അപ്പൂപ്പന്മാർ മാത്രമേയുള്ളു എന്നെ ഇന്റർവ്യൂ ചെയ്യാൻ.അപ്പൂപ്പന്മാർ എന്നെ നോക്കുന്നത് കണ്ടാൽ ഞാൻ തുണി ഉടുത്തിട്ടില്ലെ എന്നെനിക്ക് സംശയം തോന്നിപ്പോയി.കശ്മലന്മാർ. .എന്റെ അച്ഛന്റെയും അപ്പൂപ്പന്റെയും അപ്പൂപ്പന്റെ അപ്പൂപ്പന്റെയും ചരിത്രം പറയിച്ചതിന് ശേഷം എനിക്ക് പൈൻ ആപ്പിൾ, മുന്തിരി, ഓറഞ്ച് മുതലായ ജ്യൂസുകളും. പല വിധത്തിലുള്ള പലഹാരങ്ങളും തന്നു. എന്നെ അറക്കാൻ കൊടുക്കാൻ വന്നതാണോ എന്ന് ഞാൻ രഹസ്യമായി അമ്മാവന്റെ ചെവിയിൽ ചോദിച്ചു. ഇതൊക്കെ തന്നിട്ട് എന്താ ഇവരുടെ പ്ലാൻ ആവോ?
ആ സെഷൻ കഴിഞ്ഞു അടുത്ത മുറി.
അച്ഛൻ,അമ്മാവൻമാർ, ചിറ്റപ്പൻമാർ.. ഒരു പട
എന്നെ വിയർക്കുന്നത് കണ്ട് അവർ ഫാനിന്റെ സ്പീഡ് നല്ലോണം കൂട്ടി. ഞാൻ ചിരിക്കാൻ ശ്രമിച്ചത് വലിയ ഒരു ഗോഷ്ടിയായിപ്പോയി എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി.
അവരെന്നോട് എന്തൊക്കെയോ ചോദിച്ചു. ഒരു മുഴക്കം പോലെ തോന്നിച്ചത് കൊണ്ട് ഞാൻ ദയനീയമായി അമ്മാവനെ നോക്കി
"റിപ്ലൈ കൊടുക്ക് എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല "
ഞാൻ പിറുപിറുത്തു
"നിന്റെ കേൾവി പോയ?"
അമ്മാവൻ
"മിണ്ടാതെ അതിന് റിപ്ലൈ കൊടുക്ക് "എനിക്ക് പിന്നേം ദാഹിച്ചു തുടങ്ങി
ദേ വരുന്നു
ചായ,ഹോർലിക്സ്,പാൽ,ബ്രൂ കോഫീ..
ഇവരിനി കാറ്ററിംഗ് സർവീസ് വല്ലോം നടത്തുന്നവരാകുമോ?
"ഏതാ ഇഷ്ടം?"
"ബ്രൂപ്പി "
ഞാൻ വിക്കി
"ങേ?അതേതു ഡ്രിങ്ക്?"
"ബ്രൂഫി "
അവർ പരസ്പരം നോക്കുന്നു
എന്റെ നാക്കുളുക്കിയതാണ് എന്ന് ആരെങ്കിലും ഇവരോട് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ
..
ഒടുവിൽ ഞാൻ തൊട്ട് കാണിച്ചു
"ഓ ബ്രൂ കോഫി. എടുത്തോളൂ "
ഞാൻ ഒറ്റവലിക്കു കുടിച്ചു തീർത്തു. അണ്ണാക്കും നാക്കും പൊള്ളി ഒന്നായത് ഞാൻ മൈൻഡ് ചെയ്തില്ല. അജ്ജാതി പരവേശം.
"പേര്..എന്താ?"ആരോ ചോദിച്ചു
ഞാൻ അമ്മാവനെ നോക്കി
"എന്റെ പേര് പറ
മനുഷ്യാ "ഞാൻ അങ്ങേരോട് പറഞ്ഞു.
", നീ പറ "അമ്മാവൻഎന്റെ കാലിൽ ഒറ്റ ചവിട്ട്
"ഞാൻ മറന്നു
പോയെന്ന് "ഞാൻ വിങ്ങിപ്പൊട്ടി
"പേര് സൂര്യ.."അമ്മാവൻ ചിരിച്ചു അല്ല കരഞ്ഞു കൊണ്ട് ചിരിച്ചു
എന്റെ പേര് കിട്ടി സൂര്യ എന്നാണ് എന്റെ പേര്.സമാധാനം ആയി. ഞാൻ ശ്വാസം വിട്ടു
അടുത്ത മുറിയിലേക്ക് പോകാൻ അനുവാദം കിട്ടി
ലേഡീസ് കമ്പാർട്മെന്റിൽ കയറിയ പോലെ
മുഴുവൻ പെണ്ണുങ്ങൾ. അമ്മാവന്റെ മുഖത്ത് അമ്പലപ്പുഴ പാൽപായസം കുടിച്ച ഫീൽ.
"ഇത് മതി ഉറപ്പിക്കാം. ഫിക്സഡ്" എന്നൊക്കെ പിറുപിറുക്കുന്നു.
ഇത് വരെ വാ പോകാം എന്ന് പറഞ്ഞോണ്ടിരുന്ന മനുഷ്യനാ. എന്റെ അമ്മാവൻ ആയത് കൊണ്ട് പൊക്കിപ്പറയുവല്ല നല്ല ഒന്നാം നമ്പർ ഗിരിരാജൻ കൊഴിയാ കക്ഷി.. ഞാൻ അങ്ങേരെ കൈ കൊണ്ട് അമർത്തി പിടിച്ചു.വിട്ടാൽ പറക്കും.എന്റെ മാനം കപ്പൽ കേറും.
"എന്തൊക്ക കൃഷി ഉണ്ട്?'ഏതോ ഒരു അമ്മായി ചോദിച്ചു
ഇക്കുറി എനിക്ക് നല്ല ബോധവും ഓർമയും ഒക്കെ വന്നു പക്ഷെ പറയാൻ ഇങ്ങേര് സമ്മതിച്ചിട്ട് വേണമല്ലോ..
അവിടെ നാരങ്ങ വെള്ളം കട്ലറ്റ് പഫ്‌സ് ഉണ്ണിയപ്പം..
എനിക്ക് ബാത്‌റൂമിൽ പോകാൻ ആഗ്രഹം തോന്നി തുടങ്ങി.. ഇനി ഒരു തുള്ളി കുടിച്ചാൽ കുഴപ്പം ആകും.. ഈശ്വര എവിടെ അവൾ?
അവളെ മാത്രം കണ്ടില്ല
ഒടുവിൽ അവസാനത്തെ മുറി എത്തി
അവൾ..
കടും ചുവപ്പ് പട്ടുസാരി... മുല്ലപ്പൂ..
ഈശ്വര തല കറങ്ങുന്ന പോലെ..
എന്തൊരു ഭംഗി..
പെട്ടെന്ന് എനിക്ക് ഒരു സംശയം വന്നു
ഇത്രേം സാമ്പത്തിക സ്ഥിതി ഉള്ള, സൗന്ദര്യം ഉള്ള, വിദ്യാഭ്യാസം ഉള്ള ഒരു പെണ്ണിന് കൃഷിക്കാരനെ മതിഎന്ന് പറയാൻ എന്താ കാരണം.. സാധാരണ അനുഭവം തിരിച്ചാ..
ഞാൻ ചോദിക്കും മുന്നേ അവൾ എന്നോട് ഒരു ചോദ്യം
"കുഞ്ഞുങ്ങളെ ഇഷ്ടമാണോ?"
ങേ ഇവളിനി ഒന്ന് പ്രസവിച്ചതാകുമോ? അമ്പടി.വെറുതെ അല്ല...എന്നെ മതി എന്ന് പറഞ്ഞത്.
ഈ മുറിയിൽ ഞാൻ മാത്രം ഉള്ളു.അമ്മാവൻ അപ്പുറത്തെ ലേഡീസ് കമ്പാർട്മെന്റിലാണ്..
"കുഞ്ഞുങ്ങൾ നല്ലതല്ലേ?"
ഞാൻ വിക്കി
"അതേയ് എനിക്ക് കുറെ കുഞ്ഞുങ്ങൾ വേണം.. ഈ വീട്ടിൽ വന്നപ്പോൾ ശ്രദ്ധിച്ചില്ലേ കുറെ ആൾക്കാർ.. അത് പോലെ കല്യാണം കഴിഞ്ഞു നമ്മുടെ വീട്ടിലും നിറയെ ആൾക്കാർ വേണം.."
ഞാൻ അന്തം വിട്ടു
ഇവൾക്ക് ഇച്ചിരി ലൂസ് ആണോ
"എനിക്ക് ഭ്രാന്ത് ഉണ്ടോന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നേ? ഇല്ലാട്ടോ.. സാധാരണ ഇപ്പൊ ആൾക്കാർ ഒന്ന് അല്ലെങ്കിൽ രണ്ടു കുട്ടികൾ.. എനിക്ക് കുറെ കുട്ടികൾ വേണം.ആദ്യമേ അത് പറഞ്ഞാൽ പ്രോബ്ലം ഇല്ലല്ലോ..കല്യാണം കഴിഞ്ഞു ഒന്ന് മതി രണ്ടു മതി എന്നൊക്കെ പറഞ്ഞാൽ ഞാൻ ഡിവോഴ്സ് ചെയ്യും ആദ്യമേ പറഞ്ഞേക്കാം "
എന്റെ കിളി വീണ്ടും പറന്ന് തുടങ്ങി
"എനിക്ക് നിങ്ങളെ അറിയാം. പലതവണ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ടാണ് ഇവിടെ നിന്ന് അങ്ങോട്ട് ആലോചിച്ചു വന്നത്.
എന്നെ ഇഷ്ടമായെങ്കിൽ പറഞ്ഞോ... അല്ലെങ്കിലും പറഞ്ഞോ. പക്ഷെ കുട്ടികൾ.. അതിലൊരു വിട്ടു വീഴ്ച ഇല്ല "
ചറ പറാ ന്നു മഴ പെയ്യും പോലെയാണ് സംസാരം... ഫുൾ സ്റ്റോപ്പില്ല
അങ്ങനെ കേട്ട് നിൽക്കെ ഞാൻ അവളെ പ്രേമിച്ചു പോയി. സത്യം. എന്താ രസം ന്നറിയുമോ കേട്ട് നിൽക്കാൻ?
കണ്ട് നിൽക്കാൻ.?ഇപ്പോൾ തന്നെ കൂട്ടി കെട്ട് നടത്താൻ തോന്നിപ്പോയി
എന്തായാലും ഞങ്ങളുട കല്യാണം കഴിഞ്ഞു..
കുറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് മടുക്കാത്ത ഒന്ന് പ്രസവം..
എനിക്ക് മടുക്കാത്തത് അവളെയും
എന്നാലും ഇടയ്ക്ക് ഞാൻ അവളോട്‌ ചോദിക്കും
"എന്നാലും നീ എന്നെ തിരഞ്ഞെടുത്തത് എന്താ?"
അവൾ കള്ളച്ചിരി ചിരിക്കും
"പറ "
"ഇതാവുമ്പോൾ എന്നെ വിട്ടു പോവില്ലല്ലോ.. എന്നോടൊപ്പം തന്നെ ഉണ്ടാവില്ലേ? എപ്പോഴും..?ജോലിക്ക് പോകുന്നവരാണെങ്കിൽ രാവിലെ പോകും,വൈകുന്നേരം വരും..
ഇത് എനിക്ക് എപ്പോ വേണെങ്കിൽ കാണാം, മിണ്ടാം.. പിന്നെ... നമ്മുടെ കുഞ്ഞുങ്ങൾ ക്കൊപ്പം എപ്പോഴും ഉണ്ടാവും.
നല്ലതല്ലേ?"
"വലിയ സാമ്പത്തിക ലാഭം ഇല്ലല്ലോ..? നിശ്ചിത ശമ്പളം ഒന്നും കിട്ടില്ല "ഞാൻ ചിരിക്കും
"മണ്ണ് ചതിക്കില്ല. നമുക്ക് നെല്ല് ഉണ്ട്..
അപ്പൊ അരി വാങ്ങണ്ട. പച്ചക്കറി ഉണ്ട്. അതും വാങ്ങേണ്ട. തേങ്ങും പ്ലാവും മാവും എല്ലാം ഉണ്ട്..പിന്നെ എന്താ വേണ്ടേ..? എനിക്ക് വലിയ സ്വപ്‌നങ്ങൾ ഒന്നും ഇല്ലല്ലോ "
അവൾ പറയുമ്പോൾ എല്ലാം ശരിയായി തോന്നും.. അല്ല അവൾ പറയുന്നതാണ് ശരി.ഞങ്ങളുട കുഞ്ഞുങ്ങൾ പാടത്തും പറമ്പിലും മണ്ണിലും ചെളിയിലും തിമിർത്ത് കളിച്ചു വളരുന്നുണ്ട്.അവൾ എപ്പോഴും സന്തോഷവതിയാണ്.. നുറു വിശേഷങ്ങൾ പറഞ്ഞു എന്റെ അടുത്ത് എപ്പോഴും കാണും.
ഞാൻ ചിലപ്പോൾ അവളെ നോക്കിയിരിക്കാറുണ്ട് . ഓരോ പ്രസവത്തിനു ശേഷവും അവൾ സുന്ദരിയായിക്കൊണ്ടേയിരുന്നു..കൂടുതൽ സ്നേഹമുള്ളവളായി.
ഞങ്ങളുടെ കുഞ്ഞുങ്ങൾ വീട് മുഴുവൻ ഓടിക്കളിച്ചു കൊണ്ടേയിരുന്നു..
ജീവിതം എന്ത് രസാല്ലേ?

Ammu Santhu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot