Slider

എന്റെ ആകാശം | Ammu Santhosh

0


 കിടക്കവിരി മാറ്റി വിരിക്കാൻ കുനിയുമ്പോഴാണ് മിന്നൽ പോലെ ഒരു വേദന നടുവിന് വന്നത്. ഒരു നിലവിളിയോട കട്ടിലിലിരുന്നു പോയി അവൾ. മോൻ വന്നപ്പോഴും ഭർത്താവ് വന്നപ്പോഴും അവൾ കിടക്കുകയായിരുന്നു.

"കുറച്ചു തൈലം പുരട്ടി ചൂട് പിടിച്ചാൽ ഇപ്പോൾ മാറും."ഭർത്താവ് എന്തൊ കുറച്ചു തൈലം പുരട്ടി ചൂട് വെച്ചു തന്നിട്ട് പോയി
"ചായ ഇട്ടില്ലേ അമ്മേ?"പതിമൂന്നു വയസ്സുള്ള മകനോടും കാര്യം പറഞ്ഞു. അച്ഛനോട് ചായ ഇട്ടു തരാൻ പറയുവെന്നു പറഞ്ഞു വീണ്ടും കിടന്നു.
അടുക്കളയിൽ എന്തൊ കരിയുന്നതിന്റെ ഗന്ധം പിന്നെ പാത്രം നിലത്ത് വീഴുന്ന ശബ്ദം
"എന്താ?"
"അച്ഛൻ ചായ കരിച്ചു കളഞ്ഞു "മോൻ ഉറക്കെ പറഞ്ഞു
അവൾ എഴുനേൽക്കാൻ ശ്രമിച്ചു നോക്കി. പറ്റുന്നില്ല ജീവൻ പോകുന്ന വേദന. രാവിലെ ചോറും കറികളും വെച്ചതൊക്ക ഉണ്ടായിരുന്നത് കൊണ്ട് രാത്രി കഴിഞ്ഞു
"രാവിലെ ഡോക്ടറെ കാണാൻ പോയാലോ?"വേദന അധികമായപ്പോ അവൾ ചോദിച്ചു.
"എന്തിന്.. എന്റെ അമ്മയ്‌ക്കൊക്കെ നടുവേദന വരുമ്പോൾ ദേ ഈ തൈലം കുറച്ചു പുരട്ടും.പിന്നെ ചൂട് വെള്ളത്തിൽ ഒരു കുളി. അമ്മ നല്ല പയർ പോലെയാ പിന്നെ നടക്കുന്നെ. അമ്മയ്‌ക്കൊക്കെ എന്ത് ജോലികളായിരുന്നു. അരയ്ക്കാനും ഇടിക്കാനും യന്ത്രങ്ങളൊന്നുമില്ലല്ലോ. ഇപ്പോൾ എല്ലാം ഈസി അല്ലെ? അത് കൊണ്ടാ ആരോഗ്യമില്ലാത്തത് "
അവൾ പിന്നെ ഒന്നും പറഞ്ഞില്ല. രണ്ടു മക്കളെ പ്രസവിച്ചു വളർത്തിയ അമ്മയുടെ കഷ്ടപ്പാടൊക്കെ എപ്പോഴും പറയുന്ന ആൾ താൻ ഈ വീട്ടിൽ ചെയ്യുന്നതൊന്നും കാണുന്ന മട്ടില്ല. എല്ലാം വളരെ എളുപ്പമാണ് എന്ന ഭാവം.
അവൾ ഇടയ്‌ക്കേഴുന്നേറ്റ് കുറച്ചു ചോറും കറികളും തയ്യാറാക്കി വെച്ചിട്ട് വീണ്ടും കിടന്നു. അപ്പോഴേക്കും വേദന കഠിനമായി.. വൈകുന്നേരം വന്നപ്പോഴും അവൾ കിടക്കുന്നത് കണ്ടു അയാളുടെ മുഖം ഇരുണ്ടു.
"ചെറിയ ഒരു നടു വേദനയ്ക്ക് ഇങ്ങനെ കിടക്കണോ. എണീറ്റു നോക്ക്.. കുറച്ചു ജോലി വീതം ചെയ്യ് "
"ചോറും കറികളും തയ്യാറാക്കി വെച്ചിട്ടുണ്ട്.. ചായ മാത്രം മതി "
"എന്നാ പിന്നെ അത് കൂടി ചെയ്തൂടായിരുന്നോ?"പിറുപിറുത്ത് കൊണ്ട് അയാൾ അടുക്കളയിൽ പോയി..
കുറച്ചു കഴിഞ്ഞു ചായ എന്ന് വിളിക്കാൻ പറ്റാത്ത ഒരു ദ്രാവകം കിട്ടി.
"അമ്മേ എനിക്ക് വേറെ ചായ ഉണ്ടാക്കി താ "മോൻ
"അമ്മക്ക് വയ്യാഞ്ഞിട്ടല്ലേ? "അവൾക്ക് സങ്കടം വന്നു
"ഓ പിന്നെ ചെറിയ ഒരു വേദന യ്ക്ക് ഇങ്ങനെ കിടക്കുന്നതെന്തിനാ.. ഇങ്ങോട്ട് എഴുനേറ്റ് വന്നേ "
അവൾ അമ്പരപ്പോടെ മകനെ നോക്കി
കല്യാണം കഴിഞ്ഞു പ്രസവസമയത്ത് മാത്രമാണിങ്ങനെ കിടന്നിട്ടുള്ളത്.പിന്നെ ജോലി കിട്ടി. വീട്ടുജോലിയും ഓഫീസിലെ ജോലിയും കൂടി ആകെ കഷ്ടപ്പെടുത്തുമ്പോൾ മാത്രം ഭർത്താവിനോട് പറയും
"ആ തുണി ഒന്ന് ടെറസിൽ ഇട്ടേക്കാമോ? "
"കുറച്ചു തേങ്ങ തിരുമ്മി തരു "
"കുറച്ചു പാത്രങ്ങൾ ഒന്ന് കഴുകാമോ? "
"ഇതൊന്നു അരിഞ്ഞു തരുമോ?"
അദ്ദേഹത്തിന് അതൊന്നും ഇഷ്ടമല്ല.പിറുപിറുത്തു കൊണ്ടാണ് ചെയ്യുക.
രണ്ടു മണിക്കൂർ യാത്ര ഉണ്ട് ഓഫീസിലേക്ക്. ട്രെയിൻ ലേറ്റ് ആകുന്നത് കൊണ്ടാണ് പലപ്പോഴും കിട്ടുക.അവിടെ നിന്നു പിന്നെയും പോകണം ബസിൽ.എന്നുമുള്ള ഈ നാലുമണിക്കൂർ യാത്രയാണ് തന്റെ ഈ അവസ്ഥക്കു കാരണം.
അമ്മയെ പുകഴ്ത്തി പറയുമ്പോൾ അമ്മ വീട്ടുജോലി ചെയ്തിട്ട് ബാക്കി സമയം വിശ്രമിക്കുമായിരുന്നു എന്ന് താൻ പറയാറില്ല. അമ്മക്ക് ഓഫീസിൽ പോകണ്ടായിരുന്നല്ലോ..
പിറ്റേ ദിവസം ഉറക്കമുണർന്ന് അടുക്കളയിൽ ചെന്നപ്പോൾ അവൾ സ്തംഭിച്ചു പോയി.
സിങ്കിലുള്ളിൽ കഴുകാതെ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ. തുറന്നിരിക്കുന്ന കറിപാത്രങ്ങൾ, ഒരു മൂലയിൽ നനയ്ക്കാൻ കൂട്ടിയിട്ടിരിക്കുന്ന തുണി. വാഷിംഗ്‌ മഷിനിൽ ഇടാവുന്നതേയുള്ളു.
അവൾ ജോലികൾ ഓരോന്നായി ചെയ്ത് തീർത്തു.
നടു വേദന കുറഞ്ഞോന്ന് അവളോട് ആരും ചോദിച്ചില്ല.
അവൾ ഓഫീസിൽ പോയി.
"അസുഖം കുറവുണ്ടോ?"പലരും വന്നു ചോദിച്ചു
അവൾ പുഞ്ചിരിയോടെ തലയാട്ടി.
"ആഹാ സുമ വന്നോ. Pain കുറഞ്ഞോ സുമേ?"
മേലധികാരി ചോദിച്ചു
അവൾ തലയാട്ടി
"മാഡം എനിക്ക് ഒരു ഉപകാരം ചെയ്യുമോ? എനിക്ക് വയനാട്ടിലേക്ക് ഒരു ട്രാൻസ്ഫർ തരുമോ?"
"വയനാട്ടിലേക്കോ? ആലപ്പുഴയിൽ നിന്നു ഇവിടെ വരെ വരുന്നത് തന്നെ ദൂരമല്ലേ?"അവർ അമ്പരപ്പോടെ ചോദിച്ചു
"ഞാൻ ഹോസ്റ്റലിൽ നിന്നോളാം "അവൾ മെല്ലെ പറഞ്ഞു
ഓഫീസർ കൂടുതൽ ഒന്നും ചോദിച്ചില്ല .അവരും ഒരു സ്ത്രീ ആണല്ലോ.
"വയനാട്ടിലേക്കോ? അതെന്താ ഇപ്പോൾ ഒരു ട്രാൻസ്ഫർ?"
ട്രാൻസ്ഫർ ഓർഡർ നോക്കി ഭർത്താവ് അലറി
"അറിയില്ല ഗവണ്മെന്റ് കാര്യം അല്ലെ? തിങ്കളാഴ്ച ജോയിൻ ചെയ്യണം. ഹോസ്റ്റൽ അന്വേഷിക്കണം "
"നീ പോയാൽ എങ്ങനെയാ? ഇവന്റെ കാര്യം പിന്നെ ആരു നോക്കും?"
"നിങ്ങൾ നോക്കണം.. ഇപ്പോൾ സ്കൂൾ മാറ്റാൻ പറ്റില്ലല്ലോ. എനിക്ക് ലീവില്ല. പിന്നെ ശമ്പളം ഇല്ലാത്ത ലീവിന് അപേക്ഷിക്കാനും പറ്റില്ല.ലോൺ അടയ്ക്കണ്ടേ? "
അയാൾ നിശബ്ദനായി.
"എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്യണം..എല്ലാത്തിനും മെഷിനുണ്ടല്ലോ? ഒന്നിനും പ്രയാസമില്ല. യൂട്യൂബിൽ നോക്കിയാൽ എളുപ്പവഴിക്ക് കൂക്കിംഗ് പഠിക്കാം. നീ ഈ ഗെയിം കളിക്കുന്ന നേരത് അത് പഠിക്ക്.. അച്ഛനെ സഹായിക്കാൻ നോക്ക്. അല്ലെങ്കിൽ കരിഞ്ഞ ചായയും കഞ്ഞിയും പയറും കഴിക്കേണ്ടി വരും. ഹോട്ടലിൽ നിന്നു എന്നും കഴിക്കാനും നോക്കരുത് വയറും പൈസയും പോക്കാ.."
അവൾ മോനെ നോക്കി ചിരിച്ചു
വയനാട്ടിലേക്കുള്ള ബസ് ഓടിക്കൊണ്ടിരുന്നു
അവൾക്ക് വശത്തെ സീറ്റ് ആയിരുന്നു കിട്ടിയത്.
മുഖത്തേക്ക് വന്നടിക്കുന്ന കാറ്റിലേക്ക് മുഖം ചേർത്ത് കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു...
മനസ്സിന് എന്ത് സുഖം
കുറച്ചു നേരെത്തെ ആകാമായിരുന്നു
തനിക്ക് കുറച്ചു ബുദ്ധിമുട്ട് ആയാലും അവർക്ക് അതുണ്ടാകരുതെന്നു കരുതി.ഒന്നിനും കുറവുണ്ടാകരുതെന്നും.പക്ഷെ തന്നേ അവർ ഒരിക്കലും കരുതിയുമില്ല.വയ്യാതെ വന്നപ്പോൾ പോലും...
ഇത് സ്നേഹം അല്ലല്ലോ. സ്നേഹം ഒരാൾക്ക് മാത്രം ആയിട്ടു വേണ്ട താനും.
സ്വന്തം ആരോഗ്യം നോക്കിയില്ലെങ്കിൽ ആരുമുണ്ടാവില്ല എന്ന് മുത്തശ്ശി പറയുമായിരുന്നു. എത്ര സത്യാണ്..
കുറച്ചു നാൾ എങ്കിൽ കുറച്ചു നാൾ സ്വന്തം ആരോഗ്യം സ്വന്തം ജീവിതം... അവൾ മുടിയൊതുക്കി വീണ്ടും പുറത്തേക്ക് കൗതുകത്തോടെ നോക്കിയിരുന്നു.

Written by Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo