Slider

ഇറമ്പിലമ്മാൻ | Arun V Sajeev

0

 "ഇറമ്പിലമ്മാൻ മരിച്ചു. "
തലേരാത്രി ഉണ്ടായ നെഞ്ചുവേദന കൊണ്ട് ഇറമ്പിലമ്മാൻ ഇഹലോകവാസം വെടിഞ്ഞുവെന്ന ഈ വാർത്തയും പേറിയാണ് തിരുവാൻകുന്നിൽ അന്ന് നേരംപുലർന്നത്. പാൽക്കാരൻ സുബ്രൻ തന്റെ സൈക്കിളിൽ നിന്നുമിറങ്ങാതെ, ഈ കാര്യം ചായക്കടക്കാരൻ ശങ്കരേട്ടനോട് വിളിച്ചുപറയുമ്പോൾ, അയാൾ സമോവറിരിക്കുന്ന അടുപ്പിന് തീ കൊളുത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഇത് കേട്ടതും ശങ്കരേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു "ഇന്നലെ വൈകുന്നേരംകൂടെ ഇവിടെവന്ന്..ചെറുകടീം വാങ്ങി, ഒള്ള പഴത്തൊലിയും കെട്ടിപ്പെറുക്കിപ്പോയതാരുന്നു.. മനുഷ്യന്റെ കാര്യം ദാ ഇത്രേയൊക്കെയേ ഒള്ളൂ !. "
നാട്ടിടവഴികൾ താണ്ടി വാർത്ത തിരുവാൻകുന്നിലെമ്പാടും പടർന്നപ്പോൾ, അന്നാട്ടിലെ വിവാഹം കഴിഞ്ഞ ആണുങ്ങൾ ആശ്വാസം കൊള്ളുകയും, സ്ത്രീകൾ തങ്ങളുടെ മാറിന് കുറുകെ ഇട്ടിരുന്ന മേൽമുണ്ട് വലിച്ച് നേരെയിടുകയും ചെയ്തു.
************
തിരുവാൻകുന്ന് ഗ്രാമത്തിലെ എണ്ണംപറഞ്ഞ ധനികനും, പരിശ്രമശാലിയായ കർഷകനുമായിരുന്നു ഇറമ്പിലമ്മാൻ. ആറടി ഉയരവും, വെളുത്തുതടിച്ച ശരീരപ്രകൃതവുമുള്ള അമ്മാന്
വയസ്സ് എഴുപതിനോടടുത്തായിരുന്നു. ചെറുപ്പകാലം മുതൽക്കേയുള്ള തന്റെ അദ്ധ്വാനശീലം കൊണ്ട് ഈ പ്രായത്തിലും, ദേഹപുഷ്ടിക്കൊത്ത ആരോഗ്യം കൈമുതലായുള്ള അമ്മാൻ..തിരുവാൻകുന്നിലെ ഗ്രാമവീഥികളിലൂടെ ഇരുകൈകളും വീശി നടന്നുവരുന്ന കാഴ്ച്ച, കാണേണ്ട ഒരരങ്ങുതന്നെ ആയിരുന്നു.
അമ്മാന്റെ യഥാർത്ഥ പേര് നാണുവെന്നായിരുന്നു. അത് തിരുവാൻകുന്നുകാർക്കിടയിൽ ഇറമ്പിലമ്മാൻ എന്നായ് മാറിയതിനുപിന്നിൽ രസകരമായൊരു കഥയുണ്ട്. തിരുവാൻകുന്ന് ഗ്രാമത്തെച്ചുറ്റിയൊഴുകുന്ന
താന്നിപ്പുഴയാറിന്റെ ഇറമ്പുകളിലും, കുളിക്കടവുകളോട് ചേർന്നുള്ള കുറ്റിക്കാടുകളിലും, പതിവായ് ചുറ്റിത്തിരിയുന്ന ഒരു സ്വഭാവം നാണുഅമ്മാവനുണ്ടായിരുന്നു. ഈ പ്രകൃതം കാരണം പുഴയിൽ കുളിക്കാൻ വരുന്ന സ്ത്രീകൾ അമ്മാവനെ ഒരു ശല്യക്കാരനായാണ് കണ്ടിരുന്നത്. അവരിലാരോ ആണ് നാണുഅമ്മാവനെ, ഇറമ്പിലമ്മാവൻ എന്നാദ്യം വിശേഷിപ്പിച്ചത്. ആദ്യമൊക്കെ ഒളിഞ്ഞും, പിന്നീട് തെളിഞ്ഞും ആളുകൾ അമ്മാവനെ ഈ പേര് വിളിക്കാൻ തുടങ്ങി. കാലക്രമത്തിൽ ഇറമ്പിലമ്മാവൻ എന്ന വിളിപ്പേര് ലോപിച്ച് ഇറമ്പിലമ്മാൻ എന്നായിത്തീരുകയും, തിരുവാൻകുന്നിലെ ആബാലവൃദ്ധം ജനങ്ങൾ അമ്മാവനെ ഈ പേര് വിളിച്ച് തുടങ്ങുകയും ചെയ്തു. എന്നാൽ രസകരമായ വസ്തുത ആളുകൾ തന്നെ ഇങ്ങനെ വിളിക്കുന്നതിൽ അമ്മാവന് തെല്ലും പരിഭവമുണ്ടായിരുന്നില്ല എന്നതാണ്!.സ്വന്തം പേര് വെളിപ്പെടുത്തേണ്ട അവസരം വരുമ്പോൾ ചിലപ്പോഴൊക്കെ അമ്മാവനും "ഇതു ഞാനാടാ.. ഇറമ്പിലമ്മാൻ " എന്ന മട്ടിൽ ആ വിളിപ്പേര് പറയുകയും ചെയ്തുപോന്നിരുന്നു.
ഇറമ്പിലമ്മാൻ ആളൊരു രസികനും, പരോപകാരിയും മേൽ പ്രസ്താവിച്ച 'ആ'ദോഷമൊഴിച്ചാൽ മറ്റു ദു:ശ്ശീലങ്ങളൊന്നുമില്ലാത്തവനും ആയിരുന്നു. പക്ഷെ സ്ത്രീവിഷയത്തിൽ അമ്മാൻ അഗ്രഗണ്യനാണെന്നും, പല ദിക്കുകളിലുമുള്ള സ്ത്രീകളുമായി ഈ പ്രായത്തിലും അമ്മാൻ രഹസ്യബന്ധം പുലർത്തുന്നുണ്ടെന്നും ഉള്ള സംഗതി തിരുവാൻകുന്നിലെ മുതിർന്നവർക്കിടയിൽ പരസ്യമായ രഹസ്യവുമായിരുന്നു.
അമ്മാന് ബന്ധുക്കളോ, സ്വന്തക്കാരോ ആയി നിലവിൽ ആരും ഉള്ളതായിട്ട് നാട്ടുകാരുടെ അറിവിൽ ഇല്ലായിരുന്നു!. അങ്ങനെ ഒരാളെപ്പോലും ഇക്കാലയളവിന്നുള്ളിൽ അവരാരും കണ്ടിട്ടുമില്ല. അമ്മാന്റെ തിരുവാൻകുന്നിലേക്കുള്ള വരവിനെക്കുറിച്ച് വാമൊഴിയായുള്ള അറിവിൻപ്രകാരം, വിവാഹശേഷം തെക്കൂന്നെങ്ങാണ്ട്.. ഭാര്യയോടൊപ്പം തിരുവാൻകുന്നിലെത്തിയ ടിയാൻ, വസ്തുവകകളും, വീടും വാങ്ങി ഇവിടെ താമസം തുടങ്ങുകയായിരുന്നുവെന്നാണ്.
തിരുവാൻകുന്നിലെത്തി ഒരുവർഷം തികയുംമുമ്പേ ഇറമ്പിലമ്മാന്റെ ഭാര്യ, ഭർത്താവിന്റെ പരസ്ത്രീബന്ധത്തിൽ പൊറുതികെട്ട് അയാളെയുപേക്ഷിച്ച്, മറ്റൊരുത്തന്റെകൂടെ പോയെന്നും പഴമക്കാര് പറയുന്നുണ്ട്. അവർ പരമസാധുവും, സുന്ദരിയുമായ ഒരു സ്ത്രീ ആയിരുന്നുവത്രേ!
പിന്നീട് വേറേ വിവാഹം കഴിക്കാതിരുന്ന അമ്മാൻ, തന്റെ വീട്ടിൽ കുറെ കാലികളും, ആടുകളും, നായ്ക്കളുമൊക്കെയായി ഒറ്റക്കങ്ങു പൊറുക്കാൻ തുടങ്ങി. താമസംവിനാ ഇറമ്പിലമ്മാന്റെ വീട് തിരുവാൻകുന്നിലെമ്പാടുമുള്ള പുരുഷപ്രജകളുടെ പ്രധാന താവളമായ് മാറി. അവിടിരുന്ന് ഇറമ്പിലമ്മാന് തനിക്കുചുറ്റും തമ്പടിക്കുന്ന ആ യുവകേസരികളോട് പലദേശങ്ങളിലും പോയി, താൻ തരുണീമണികളോടൊത്തു ശയിച്ച വീരസാഹസകഥകൾ വിളമ്പി. അങ്ങനെ വളരെപ്പെട്ടന്നുതന്നെ അവരുടെ മുമ്പില് അമ്മാൻ താരപരിവേഷമുള്ളവനും, അവരുടെയൊക്കെ ആരാധനാപാത്രവുമായി മാറി. തന്റെ സമപ്രായക്കാരായ ഏറെ ആളുകൾ ആ നാട്ടിലുണ്ടായിരുന്നുവെങ്കിലും, അമ്മാന്റെ ചങ്ങാതിമാർ തിരുവാൻകുന്ന് ഗ്രാമത്തിലെ വിവാഹം കഴിയാത്ത യുവാക്കളായിരുന്നു. കാലങ്ങൾക്കു മുൻപെ തുടങ്ങിയ ഈ പതിവ് ഇപ്പോഴും അമ്മാൻ തുടർന്നു പോന്നിരുന്നു. അവർക്കുവേണ്ടി എന്തുസഹായം ചെയ്യാനും അമ്മാന് മടിയില്ലായിരുന്നു. തിരുവാൻകുന്നിലെ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന് സ്വന്തം കെട്ടിടം നിർമ്മിച്ച് നല്കിയതും, അവിടേക്ക് വേണ്ട വിനോദോപകരണങ്ങൾ വാങ്ങി നല്കിയതും അമ്മാനായിരുന്നു. ഇടക്കൊക്കെ അവരോടൊപ്പം സ്കൂൾ മൈതാനത്ത് പന്ത് കളിക്കാനും, ശങ്കരേട്ടന്റെ ചായപ്പീടികയിലെ തെയിലസഞ്ചി പിഴിഞ്ഞുണ്ടാക്കുന്ന ചുവന്ന കടുപ്പൻ ചായകുടിക്കാനുമൊക്കെ അമ്മാൻ സമയം കണ്ടെത്തിയിരുന്നു. കളിക്കിടയിലും മറ്റും അവരുതങ്ങളിലുണ്ടാകുന്ന തർക്കങ്ങൾ പറഞ്ഞ് തീർക്കുന്ന മധ്യസ്ഥനും അമ്മാനായിരുന്നു.അമ്മാന്റെ തീർപ്പുകൾ അവർക്ക് സ്വീകാര്യവുമായിരുന്നു.
അങ്ങനെ തന്റെ ഈ ജീവിതകാലയളവിൽ, തിരുവാൻകുന്നിലെ മൂന്നുനാലു തലമുറകൾക്ക്, സ്ത്രീവിഷയത്തിൽ മാനസഗുരുവും,മറ്റുകാര്യങ്ങളിൽ ഉറ്റ ചങ്ങാതിയുമായി മാറിയ അമ്മാൻ, അവർക്കൊക്കെ, ഉപദേശങ്ങളിലൂടെ സ്ത്രീജാതികളായ പത്മിനിയെയും, ശംഖിനിയെയും, ചിത്രിണിയെയും, ഹസ്തിനിയെയും തിരിച്ചറിയാനുള്ള അടയാളങ്ങളും, അവരെയൊക്കെ വശംവദരാക്കേണ്ട മാർഗ്ഗങ്ങളും പകർന്നുനല്കി. തനിക്ക് ചുറ്റും കൂടുന്നവരോടെക്കെ അമ്മാൻ പതിവായ് പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു. "വെറും വയറെ കാച്ചാതെ കുടിക്കുന്ന ആട്ടിൻ പാല്, പിന്നെ ഒരു പച്ചമുട്ട..കൽപ്പം സേവിക്കുന്നതിന് സമമാ.. എന്റെ ഈ ചൊടിയും, കരുത്തുമൊക്കെ ഞാൻ അങ്ങനെ ഉണ്ടാക്കി എടുത്തതാ. നിങ്ങളും ഇതൊരു ശീലമാക്കണം."
ഇത്തരം ഉപദേശങ്ങളിൽ ആവേശംപൂണ്ട്, ആശാന്റെ പാഠങ്ങൾ പ്രയോഗത്തിൽവരുത്താൻശ്രമിച്ച ശിഷ്യഗണങ്ങളിൽ ചിലർക്ക് പ്രതിഫലമായ് ലഭിച്ചത് മർദ്ദനവും, മാനഹാനിയുമൊക്കെ ആയിരുന്നു .. എങ്കിലും തങ്ങള് അമ്പേ പരാജയപ്പെട്ടിടത്ത്, ഈ പ്രായത്തിലും അമ്മാൻ വിജയിച്ചുകൊണ്ടിരിക്കുന്ന കഥകളിൽ അത്ഭുതംപൂണ്ട അവരൊക്കെ, ഇറമ്പിലമ്മാന്റെ ചരിതങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കാലാകാലങ്ങളായ് തിരുവാൻകുന്നിലെമ്പാടും പാടിനടക്കാൻ തുടങ്ങി. അങ്ങനെ അമ്മാന്റെ തലവെട്ടം കാണുമ്പോഴേക്കും അവിടുള്ള സ്ത്രീകൾ വഴിമാറി നടക്കാനും, ഭാര്യാസമേതരായി പോകുന്ന പുരുഷന്മാർ അതിർത്തികാക്കുന്ന ജവാന്മാരെപ്പോലെ ജാഗരൂകരാകാനും തുടങ്ങി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരുന്നിട്ടും തിരുവാൻകുന്നിലെ താമസക്കാരായ സ്ത്രീകളൊന്നും അമ്മാന്റെ കഥകളിലില്ലായിരുന്നു. അതേക്കുറിച്ച ചോദിക്കുമ്പോൾ, "ഓ, ഞാനൊന്നു വിരല് ഞൊടിച്ചാൽ നടക്കാത്തതായിട്ടൊന്നും ഒരിടത്തും ഇല്ലന്നെ. പിന്നെ, എന്നെ മോഹിപ്പിക്കണവളുമാര് ഇന്നാട്ടിലൊട്ടില്ലാതാനും. അങ്ങനെ ഒരുത്തി വരട്ടെ. അന്നേരം നോക്കാം." എന്നായിരുന്നു മറുപടി.
എന്നിരുന്നാലും നാട്ടിലെ ആദ്യകാലഗണിക, അമ്മിണിയമ്മായിയുടെ ഇളയപുത്രൻ, ഇറമ്പിലമ്മാന്റേതാണ് എന്നായിരുന്നു തിരുവാൻകുന്നിൽ പൊതുവെ ഉള്ള സംസാരം. അവന്റെ സ്കൂൾരജിസ്ട്രറിൽ പിതാവിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്ന പേരും, ഒപ്പും അമ്മാന്റെതാണത്രേ! "ങ്ങ്ഹാ, ഒരബദ്ധം പറ്റിപ്പോയി. എന്നതായാലും എന്റെ ചോരയല്ലേ? എന്നാപ്പിന്നെ അവന്റെ പഠിത്തോം, അവരുടെ ചെലവും ഞാൻ നോക്കാമെന്നങ്ങുവെച്ചു” എന്നായിരുന്നു അതിനെക്കുറിച്ചുള്ള കൃസൃതിച്ചോദ്യള്ക്കുള്ള അമ്മാന്റെ മറുപടി. അതിന്നുശേഷമാണത്രേ അമ്മിണിഅമ്മായി തന്റെ തൊഴില് നിറുത്തി മാന്യമായ് ജീവിക്കാൻതുടങ്ങിയത്.
അങ്ങനെ മൊത്തത്തിൽപ്പറഞ്ഞാൽ, പെണ്ണുങ്ങളുള്ള വീട്ടിൽ കയറ്റാൻ കൊള്ളാത്തവനെങ്കിലും..ഉള്ളിൽ നന്മയുള്ളവനും, ആളുകൊണ്ടും, അർത്ഥംകൊണ്ടും ഉപകാരിയും ആണ് അമ്മാനെന്നായിരുന്നു തിരുവാൻകുന്നുകാരുടെ ഏകകണ്ഠമായ അഭിപ്രായം.
***************"
ഇറമ്പിലമ്മാന്റെ മരണവിവരമറിഞ്ഞ് നാട്ടുകാരെല്ലാം ചെറു സംഘങ്ങളായ് ആ വീട്ടിലേക്കെത്താൻ തുടങ്ങി. വെയിലിനുതെളിച്ചം കൂടുന്നതനുസരിച്ച് സംഘങ്ങളുടെ എണ്ണവും കൂടിവന്നു. പതിവില്ലാത്ത ആൾക്കൂട്ടം വീടിന്റെ പരിസരത്തുകണ്ട് അമ്മാന്റെ വളർത്തുനായ ചെമ്പൻ അവന്റെ ചങ്ങല ബന്ധിച്ചിരുന്ന ഇരുമ്പ് കുറ്റിക്ക് ചുറ്റും അസ്വസ്ഥതയോടെ ഉഴറി നടന്നു. ഇതിനിടയിൽ അരികിലൂടെ കടന്നുപോയ ചിലർക്ക് നേരെ അവൻ മുരണ്ടുകൊണ്ട് കുതിച്ചുചാടുകയും, പതിവായ് കാണുന്നവരെ വാലാട്ടിക്കാണിക്കുകയും ചെയ്തു. ആരോ ചായക്കടയിൽ നിന്നും രാവിലെ വാങ്ങിക്കൊടുത്ത ദോശ, തിന്നാതെ ഉറുമ്പരിച്ച നിലയിൽ അവന്റെ പാത്രത്തിൽ കിടപ്പുണ്ടായിരുന്നു. നേരമേറെ വൈകിയിട്ടും കൂടുതുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് അമ്മാന്റെ കോഴികൾ തൊഴുത്തിനരികിലെ കൂട്ടിൽ നിന്നും ഇടവിട്ട് നീട്ടിയും കുറുക്കിയും പ്രതിഷേധ ശബ്ദങ്ങളും പുറപ്പെടുവിച്ചുകൊണ്ടിരുന്നു.
വീട്ടിലേക്കെത്തിയ നാട്ടുകാർ കൂട്ടം തിരിഞ്ഞ് , വീടിന് സമീപത്തുള്ള തെങ്ങിൻചുവട്ടിലും, പശു ഒഴിഞ്ഞ തൊഴുത്തിന്റെ വശങ്ങളിലുമൊക്കെ നിന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി. അവരുടെ ആ ചര്ച്ചയില് പലകാര്യങ്ങളും ഉയര്ന്നുവന്നു. ചിലർ ചോദിച്ചു
“ആര് മരണാനന്തരകര്മ്മങ്ങള് ചെയ്യും? "
"മറ്റു ബന്ധുക്കൾ ഇല്ലാത്തനിലയ്ക്ക് അമ്മിണിയുടെ മോൻ അത് ചെയ്യട്ടെ." മറ്റൊരു കൂട്ടർ മറുപടി പറഞ്ഞു. "അങ്ങനെ ഉറപ്പിക്കാൻ വരട്ടെ, ആര് പറഞ്ഞു വേറെ ബന്ധുക്കളില്ലെന്ന്?" ഇറമ്പിലമ്മാന് പല ദിക്കുകളിലുള്ള സ്ത്രീകളുമായും ബന്ധമുണ്ട്. അതെല്ലാം ഈ നാട്ടുകാർക്ക് അറിയാവുന്ന കാര്യവുമാണ്. ഒരു പക്ഷേ അവരിലും ഇതുപോലെ അവകാശികളുണ്ടാവാം." വേറെ ചിലർ എതിർവാദം ഉന്നയിച്ചു. അമ്മാന്റെ ഭാരിച്ച സ്വത്തു മുഴവൻ അമ്മിണിയുടെയും, മകന്റെയും കൈവശം വന്നുചേരുന്നതിൽ അസൂയപൂണ്ടവരായിരുന്നു ഇതിനു പിന്നിൽ.
"അതും ശരിയാ..ഇവര് പറയണതിലും ന്യായമുണ്ട്. പിന്നീട് അവകാശികൾ വന്നാൽ അത് കേസും പുക്കാറുമൊക്കെയാകും. " കുറെപ്പേർ അവരോടൊപ്പം ചേർന്നു. അങ്ങനെ വളരെപ്പെട്ടെന്ന്
വിരുദ്ധാഭിപ്രായമുള്ള രണ്ടു ചേരികൾ അവിടെ രൂപം കൊണ്ടു. "
പതിഞ്ഞ ശബ്ദത്തിൽ തുടങ്ങിയ ആ തർക്കം, ഒത്തുതീർപ്പാകാതെ ശബ്ദകോലാഹലവും,വെല്ലുവിളികളും ഒക്കെയായ് മാറിയപ്പോൾ നാട്ടിലെ പ്രമാണിമാർ ഇതിനൊരു പരിഹാരമുണ്ടാക്കാനായ് മുൻകൈയ്യെടുത്തു. ഇറമ്പിലമ്മാൻ ഇക്കാര്യത്തിന് തീർപ്പായി എന്തെങ്കിലും രേഖ തയ്യാറാക്കിവെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അവർ തിരുമാനിച്ചു. അങ്ങനെ പാടത്തിന്നക്കരെ താമസിക്കുന്ന മാളികവീട്ടിൽ ഔസേപ്പുവക്കീലിന്റെയും, തിരുവാൻ കുന്നിലെ പലചരക്ക് കടക്കാരൻ അപ്പുവാശാന്റെ മരുമകൻ പോലീസുകാരൻ രമേശന്റെയും നേതൃത്വത്തിൽ രണ്ടുമൂന്ന് പേർ വീടിനുള്ളിൽ കയറി തിരച്ചിൽ ആരംഭിച്ചു.
ആ തേടലിനൊടുവിൽ, അമ്മാൻ പതിവായ് കിടന്നിരുന്ന വീട്ടിക്കട്ടിലിന്റെ ചുവട്ടിലുണ്ടായിരുന്ന കാൽപ്പെട്ടിയിൽ നിന്നും അവർക്കൊരു താക്കോൽക്കൂട്ടം കിട്ടി. അതുപയോഗിച്ച് അമ്മാന്റെ പൂട്ടിക്കിടന്ന തടി അലമാര തുറന്ന അവർക്ക് അധികം ബുദ്ധിമുട്ടാതെതന്നെ അതിന്റെ ഉള്ളറയിൽനിന്നും, പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭദ്രമായ് സൂക്ഷിച്ച നിലയിൽ ഒരു മുദ്രപ്പത്രം ലഭിച്ചു.
അതുമായി മുൻവാതിലിനരികിലേക്കെത്തിയ തിരച്ചിലുകാരെക്കണ്ട് അവിടെക്കൂടിയിരുന്നവരുടെ ദൃഷ്ടി അങ്ങോട്ടേക്ക് തിരിഞ്ഞു. പൊടുന്നനെ അതുവരെ അവിടെ മുഴങ്ങിക്കേട്ട ശബ്ദകോലാഹലങ്ങളൊതുങ്ങി ഒരു നിശബ്ദത പരന്നു. അവരെ എല്ലാം ഒന്നുനോക്കിയിട്ട് ഔസേപ്പ് വക്കീൽ രമേശന്റെ കൈയ്യിൽ നിന്നും ആ മുദ്രപ്പത്രം വാങ്ങി, എല്ലാവർക്കും കേൾക്കത്തക്ക വിധം അതിൽ എഴുതിയിരുന്നത് അല്പം ഉറക്കെ വായിച്ചു.
"തിരുവാൻകുന്നു കാരുടെ അറിവിലേക്കായി ഉത്തമ ബോധ്യത്തോടെ ഞാൻ എഴുതി തയ്യാറാക്കിയ മരണപത്രം. എന്റെ കാലശേഷം ഇതിൽ എഴുതിയിരിക്കും പോലെ എന്റെ സ്വത്തുവകകളിൽ പാതി അവകാശം, പുരയ്ക്കലെ അമ്മിണിക്കും, അവളുടെ മകനും ആണ്. അവൻ എന്റെ സ്വന്തം പുത്രനല്ലെങ്കിലും, മനസ്സാ ഞാൻ അങ്ങനെ കരുതുന്നു. അവനാണ് എനിക്ക് കൊള്ളിവെക്കേണ്ടത്. മറുപാതി എന്റെ മുൻ ഭാര്യക്കുള്ളതാണ്. ഒരിക്കലും ഒരു വിവാഹജീവിതം നയിക്കാൻ കഴിവില്ലാത്തവനായിരുന്ന ഞാൻ, അക്കാര്യം മറച്ചുവെച്ചാണ് അവളെ കല്യാണം കഴിച്ചത്. ആ തെറ്റിന് പരിഹാരമായ് ഞാനാണ് അവളെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചതും, അനുയോജ്യനായ ഒരാളെ കണ്ടെത്തി അതു നടത്തിയതും. ചുവടെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അന്വേഷിച്ചാൽ അവളെ നിങ്ങൾക്കു കണ്ടെത്താനാകും.
എന്ന് നാണു. "
അതു വായിച്ചുകേട്ടപ്പോൾ, പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ വികാരവിക്ഷോഭങ്ങളാൽ തങ്ങൾ നിശ്ചലരായിപ്പോകുന്നതായ് അവിടെക്കൂടിയിരുന്നവർക്കു തോന്നി. സ്വയം മെനഞ്ഞെടുത്ത അനേകം കഥകളുമായ് സമർത്ഥമായ് തങ്ങളെയെല്ലാം കബളിപ്പിച്ചുകൊണ്ടിരുന്ന ആ മനുഷ്യനോട് അവർക്കപ്പോൾ തെല്ലും ദേഷ്യം തോന്നിയില്ല. തന്റെ കുറവുകളെ മൂടിവെക്കാൻ അയാൾ മെനഞ്ഞ കെട്ടുകഥകളേക്കാൾ, തിരുവാൻ കുന്നുകാരുടെ മനസ്സിലപ്പോളുണ്ടായിരുന്നത് നാണുമ്മാവന്റെ ചെയ്തികളിലെ നന്മകൾ മാത്രമായിരുന്നു.
അന്ന് പകൽ വിടവാങ്ങിയപ്പോൾ തിരുവാൻകുന്നിനെ തഴുകി പടിഞ്ഞാറെ ചക്രവാളത്തിലേക്കുമടങ്ങിയ ചുവന്ന സൂര്യന്നൊപ്പം, ഇറമ്പിലമ്മാന്റെ ചിതയിലെ അവസാനത്തെ കനലും കെട്ടണഞ്ഞു.
പക്ഷേ, ഇരുട്ട് പരന്നുതുടങ്ങിയ ആ നേരത്തും ഇതൊന്നുമറിയാതെ, ചിലർ അമ്മാനെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു!. തനിക്കും, തന്റെ മക്കൾക്കും പതിവായ് കിട്ടിക്കൊണ്ടിരുന്ന ആറ്റിറമ്പിലെ പയർവള്ളികളുടെ ഇളംതലപ്പുമായ് ഇറമ്പിലമ്മാന് എത്തേണ്ട നേരം ഏറെവൈകി എന്നറിയിച്ചുകൊണ്ട്, അമ്മാന്റെ വെളുമ്പിയാട് ആ വീടിന്റെ പിൻഭാഗത്തെ കൂട്ടിൽക്കിടന്ന് ഉച്ചത്തിൽ കരഞ്ഞുകൊണ്ടേയിരുന്നു.
(അവസാനിച്ചു)

Written by Arun V sajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo