Showing posts with label Priya Chandra. Show all posts
Showing posts with label Priya Chandra. Show all posts

നിറഭേദങ്ങൾ



നിറഭേദങ്ങൾ: 
ലക്ഷ്മിയേടത്തി പത്മ പുരസ്കാരം ഏറ്റുവാങ്ങുന്നതു കണ്ട സൂര്യന്റെ മിഴികള്‍ ഈറനണിയുന്നതും ഹൃദയമിടിപ്പു കൂടുന്നതും പാര്‍വ്വതി അറിയുന്നുണ്ടായിരുന്നു.
അവനാശ്വാസമേകാനെന്നോണം അവളവനോടു കൂടുതല്‍ ചേര്‍ന്നിരുന്നു.
''ഈ വേദിയില്‍ ഞാന്‍ നില്കുന്നത് എന്‍റെ കഷ്ടപ്പാടിനേക്കാള്‍ പുത്രതുല്യനായ എന്‍റെ അനുജന്‍ സൂര്യന്‍ എന്ന ഈ സൂര്യനാരായണന്‍റെ കഷ്ടപ്പാടിന്‍റെയും പ്രാര്‍ത്ഥനയുടേയും സഹനത്തിന്‍റേയും ഫലമാണ്.''
പുരസ്കാരവേദിയില്‍ നന്ദി പ്രകടിപ്പിക്കവേ അവര്‍ സൂര്യനുനേരേ വിരല്‍ചൂണ്ടി...
''ഇവന്‍ എന്‍റെ ഭര്‍ത്താവു ദേവനാരായണന്‍റെ അനുജന്‍, പേറ്റുനോവറിയാതെ എനിക്കു ലഭിച്ച മകന്‍"...
വേളി കഴിഞ്ഞു രഥോത്സവങ്ങളുടെ നാടായ കല്പാത്തിയിലെ അഗ്രഹാരത്തിലെത്തുമ്പോള്‍ മകനെപ്പോലെ നോക്കണം എന്നു പറഞ്ഞെന്നെ ഭർത്താവ് ഏല്പിച്ച,അമ്മയില്ലാത്ത കുട്ടി...
അവനാണെന്നെ ഇന്നിവിടെ എത്തിച്ചത്..
അപമാനവും പേരുദോഷവുമൊക്കെപ്പേറി ഏട്ടന്‍റെയും ഏടത്തിയമ്മയുടേയും സ്വപ്നസാക്ഷാത്കാരത്തിനായി സമൂഹത്തോടു പടവെട്ടിയവന്‍...''
വികാരാധീനനായ സൂര്യന്‍റെ ചുണ്ടുകള്‍ വിറകൊണ്ടു.
അവന്‍റെ മനസ്സു പിന്നിലേക്കോടി..
ദേവേട്ടന്‍ വേളികഴിഞ്ഞെത്തി ആദ്യമായി ഏടത്തിയോടു പറഞ്ഞത് അമ്മയില്ലാത്ത എന്‍റെ കുട്ടിക്ക് ഇനി നീ ഏടത്തിയമ്മയല്ല അമ്മതന്നെയായിരിക്കണമെന്നാണ്..
മനസ്സുകൊണ്ടും ശരീരംകൊണ്ടും സുന്ദരി ആയിരുന്നു ലക്ഷ്മിയേടത്തി.
അന്നും ഇന്നും ഏട്ടന്‍ പറഞ്ഞതുപോലെ അമ്മയുടെ സ്ഥാനത്തുണ്ട് ഏട്ടത്തി..
കല്പാത്തിപ്പുഴയും അവിടുത്തെ ഉത്സവമേളങ്ങളും ഒരുപാടാഘോഷിച്ചു...
അപ്പോഴെല്ലാം ഏട്ടത്തിയുടെ ഒരു കൈവിരല്‍ത്തുമ്പില്‍ എന്‍റെ കൈയുമുണ്ടായിരുന്നു.
അവരുടെ ജീവിതം സ്വര്‍ഗ്ഗസമാനമായിരുന്നു..
ഏതു നിമിഷവും പൊട്ടിച്ചിരി നിറഞ്ഞു നിന്നിരുന്നു വീടുമൊത്തം.
വേളിക്കുശേഷവും നൃത്തവുമായി വേദികളില്‍നിന്നും വേദികളിലേക്കും പഠനത്തിനുമായി എന്തിനും ഏതിനും ദേവേട്ടന്‍ തുണയായിരുന്നു...
അഗ്രഹാരത്തിലെ കാര്‍ന്നോന്മാരുടെ എതിര്‍പ്പുകള്‍ ദേവേട്ടന്‍ വകവെച്ചില്ല...
പ്രശസ്തയായൊരു നര്‍ത്തകിയായി അറിയപ്പെടണമെന്ന ഏട്ടത്തിയുടെ ആഗ്രഹം സഫലമാക്കുവാന്‍ ഏട്ടന്‍ ഉറപ്പിച്ചിരുന്നു.
അകത്തളങ്ങളിലെ അന്തര്‍ജ്ജനങ്ങളുടെ നെടുവീര്‍പ്പിലാ സ്വപ്നം ഒടുങ്ങരുതെന്നു ദൃഢനിശ്ചയമെടുത്തിരുന്നു ദേവേട്ടൻ.
തന്നോടു പലപ്പോഴും പറഞ്ഞിട്ടുമുണ്ട്...
ഈശ്വരന്മാര്‍ക്കസൂയ തോന്നിയിട്ടുണ്ടാവും അവരുടെ സന്തോഷത്തില്‍..
കാവില്‍ വിളക്കുകൊളുത്തി മടങ്ങവേ വിഷംതീണ്ടി ...
ഓടിയെത്തി താങ്ങിമടിയില്‍ കിടത്തുമ്പോള്‍ ബോധം മറഞ്ഞു തുടങ്ങിയിരുന്നു..
''ഏട്ടത്തിയുടെ സ്വപ്നം സാക്ഷാത്കരിക്കണം ഉണ്ണി ''
അര്‍ധബോധാവസ്ഥയില്‍ തന്നോടൊരു മന്ത്രംപോലുരുവിട്ടത് ഇന്നും കാതില്‍ അലയടിക്കുന്നു..
ഏട്ടന്‍റെ മരണത്തോടെ ഏട്ടത്തി ഏവര്‍ക്കും അശ്രീകരമായി, ജാതകദോഷത്താലാണു ഏട്ടനു വിഷംതീണ്ടിയതെന്നായി...
പൂത്തുമ്പിയെപ്പോലെ പാറിപ്പറന്നു നടന്ന ഏട്ടത്തി അഗ്രഹാരത്തിലെ നാലുകെട്ടിനു പുറത്തിറങ്ങാതായി...
വെള്ളവസ്ത്രംധരിച്ചു വിധവയായൊരു മൂലക്കൊതുങ്ങി, ശാപവചനങ്ങള്‍ തികട്ടിവന്ന തേങ്ങലുകളും കടിച്ചമര്‍ത്തി...
എഞ്ചിനീയറിംഗ് കഴിഞ്ഞു കോയമ്പത്തൂര്‍ ജോലിയായതിനു ശേഷമാണ് ഏവരേയും വെല്ലുവിളിക്കാനുള്ള ധൈര്യമുണ്ടായത്..
ഇന്നും ഓര്‍ക്കുന്നു, കല്പാത്തിക്കാരുടെ ഏറ്റവും വലിയ ആഘോഷമായ രഥോത്സവത്തിനായി അവധിക്കു വരുമ്പോള്‍ ഉറച്ചൊരു തീരുമാനം എടുത്തിരുന്നു.
ഏട്ടത്തിയെ ആ ചുവരുകള്‍ക്കുള്ളില്‍ നിന്നും രക്ഷിക്കണം. കൂടെകൊണ്ടുപോകണം.
സുഹൃത്തിന്‍റെ അപ്പാ, പ്രശസ്ത നാട്യവിശാരദന്‍ സുബ്രഹ്മണ്യ അയ്യങ്കാര്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടു.
ഏട്ടന്‍റേയും ഏട്ടത്തിയുടേയും സ്വപ്നസാക്ഷാത്കാരത്തിനായി
ആദ്യചവിട്ടുപടി...
അഗ്രഹാരത്തിലെ എതിര്‍പ്പവഗണിച്ചും ഏടത്തിയെ സമ്മതിപ്പിക്കുക എന്ന കടമ്പ എങ്ങനേയും കടക്കണം.
ഉത്സവത്തിനായി ഏവരും പോയ സമയം ഏട്ടത്തിയുമായി സംസാരിച്ചു.
പഴയതില്‍ നിന്നും ഒരുപാടു മാറിയിരിക്കുന്നു ഏട്ടത്തി.
സ്വപ്നങ്ങള്‍ എല്ലാം കൊഴിഞ്ഞിരിക്കുന്നു.
ഏട്ടന്‍റെ ഓര്‍മ്മകളുംപേറി ഇങ്ങനെ കാലം കഴിക്കണം എന്ന ചിന്തമാത്രം.
ഏറെ നിര്‍ബന്ധിക്കേണ്ടി വന്നു. ഏട്ടന്‍റെ സ്വപ്നസാക്ഷാത്കാരത്തിനായെങ്കിലും കൂടെവരണമെന്നഭ്യര്‍ത്ഥിച്ചു.
മനസ്സില്ലാമനസ്സോടെ നിര്‍ബന്ധത്തിനു വഴങ്ങി, ഏവരും രഥോത്സവം കാണുവാന്‍ പോയൊരു ദിവസം എന്‍റെകൂടെ ഏട്ടത്തി പോന്നു.
മാസങ്ങളെടുത്തു ഏട്ടത്തി നൃത്തത്തിന്‍റെ ലോകത്തേക്കു മടങ്ങി വരാന്‍.
സുബ്രഹ്മണ്യ അയ്യങ്കാരുടെ സ്നേഹപൂര്‍വ്വമുള്ള ഉപദേശവും കൂടിയായപ്പോള്‍ ഏട്ടത്തി പതിയെ ഏട്ടനുവേണ്ടി ചിലങ്ക കെട്ടി.
ഏട്ടത്തിയുടെ കഴിവു നേരിട്ടു ബോദ്ധ്യപ്പെട്ടതിനാല്‍, അയ്യങ്കാരുടെതന്നെ അക്കാദമിയില്‍ പഠനത്തോടൊപ്പം പഠിപ്പിക്കുവാനും അവസരം കിട്ടി.
പിന്നെ പതിപ്പതിയെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കയറുകയായിരുന്നു.
അതിനിടയില്‍ ഏട്ടത്തിയുമായി ഒളിച്ചോടിയ തന്നെ അഗ്രഹാരത്തില്‍നിന്നും പടിയടച്ചു പിണ്ഡംവച്ചു.
നാട്ടില്‍ അവിഹിത ബന്ധത്തിന്‍റെ കഥകള്‍ പ്രചരിച്ചു.
തനിക്കതൊന്നും വിഷയമായിരുന്നില്ല. എന്തു ത്യാഗം സഹിച്ചും തന്‍റെ ഏട്ടന്‍റെ സ്വപ്നം സാഷാത്കരിച്ചെ പറ്റു.
ഏട്ടത്തിയുടെ ജീവിതലക്ഷ്യത്തിനു വേണ്ടി ഇത്രയെങ്കിലും ചെയ്തേപറ്റുമായിരുന്നുള്ളൂ.
എല്ലാം അറിയുന്ന ഏട്ടത്തിയുടെ ശിഷ്യ പാര്‍വ്വതിയെ ഏട്ടത്തിതന്നെ തനിക്കായി കണ്ടെത്തി...
ഏട്ടനെ ഏട്ടത്തി സ്നേഹിച്ചതുപോലെ അവള്‍ നിഴല്‍പോലെ കൂടെയുണ്ട്, എപ്പോഴും ...
ഈശ്വരന്മാര്‍ക്കു അസൂയ ഉണ്ടാകാതിരിക്കട്ടെ.
സൂര്യന്‍ കണ്ണടയൂരി കൂടെയിരിക്കുന്ന പാര്‍വ്വതിയെ കള്ളച്ചിരിയോടെ നോക്കി.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
'' എന്‍റെ അനിയനു ശക്തിയായി സ്നേഹമായി എനിക്കൊരു മകള്‍കൂടി ഉണ്ട്. അവരെക്കൂടി ഈ വേദിയിലേക്കു ക്ഷണിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു.''
ലക്ഷ്മിയുടെ വാക്കുകള്‍ വിതുമ്പുന്നുണ്ടായിരുന്നു
അവര്‍ സംഘാടകര്‍ക്കു നേരേ നോക്കി..
സംഘാടകര്‍ അവരെ വേദിയിലേക്കു ക്ഷണിച്ചു...
നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ അവരെ എതിരേറ്റു...
വേദിയില്‍ അവര്‍ പരസ്പരം പുണര്‍ന്നു, സമൂഹത്തിനു പുതിയൊരു സന്ദേശമായി..
അന്തപ്പുരങ്ങളില്‍ തളക്കപ്പെടാനുള്ളതല്ല സ്ത്രീ.
പുരുഷന്‍ സ്ത്രീക്കു തുണയാവേണ്ടവനാണ്
അച്ഛനായും ഭര്‍ത്താവായും മകനായും...
പൊളിച്ചെഴുതപ്പെടട്ടെ, നസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി...
രചന: പ്രിയ ചന്ദ്ര

ജൂതപ്പെൺകൊടി


ഒന്ന് നിൽക്കു റൂഥ് , നിനക്കുള്ള എന്റെ പ്രണയലേഖനം ആണിത്.ഇതുവായിച്ചു നോക്കിയിട്ടു കളഞ്ഞോളു, എന്നാലും ഇത് വാങ്ങിച്ചേ പറ്റു . റൂഥ് നിന്നെ കുറിച്ചുള്ള ഓർമ്മകളാണ് ഇന്നെന്റെ ജീവിതം .നിന്റെ പുഞ്ചിരി മാത്രമാണ് എന്റെ സന്തോഷം. .നീയെന്റെ സ്നേഹം കണ്ടില്ലെന്നു നടിച്ചോളൂ , എന്നാലും എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല റൂഥ് .
ഫെറി വരാൻ കാത്തു നിൽക്കുമ്പോളാണ് പ്രണയലേഖനവുമായി ജോബിന്റെ വരവ്.എന്നത്തേയും പോലെ ഞാനൊന്നു പുഞ്ചിരിച്ച് തിരിഞ്ഞു നടന്നു . ഞാൻ എങ്ങനെ പറയാനാ അവനോടു എനിക്കവനെ ഇഷ്ടമാണെന്നു. പറ്റുന്നില്ല വെറുതെ അവനു ഒരു പ്രതീക്ഷ കൊടുക്കണ്ട..കുറച്ചു ദിവസം കഴിയുമ്പോൾ അവനിതൊക്കെ മറന്നോളും.
കാമുകന്റെ ഒപ്പം ഇറങ്ങിപ്പോയ മമ്മി ഇല്ലാതെ, ഒരു അച്ഛന്റെയും അമ്മയുടെയും എല്ലാ സ്നേഹവും തന്നു, ഒരു സങ്കടവും കൂടാതെ ആണ് പപ്പ ഇത്ര നാളും എന്നെ വളർത്തിയത്.ഇതുവരെ പപ്പക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇസ്രായേലിൽ ജൂതകുടുംബത്തിൽ പിറന്ന പപ്പ പൂർവികരായി കച്ചവടത്തിന് വന്നു കേരളത്തിൽ കൂടിയതാണ്. ഫോർട്ട് കൊച്ചിയിലെ ജൂതത്തെരുവിൽ നിന്ന് ഇസ്രായേലിലേക്ക് പലായനം ചെയ്യുന്നത് സ്വപ്നം കണ്ടു കിടക്ക പാവം പപ്പ.ഇതൊന്നും ഞാൻ വിചാരിച്ചാൽ ഇപ്പൊ നടക്കാൻ പോകുന്നില്ല.ഇസ്രായേലിലേക്ക് ഞങ്ങളെ രണ്ടുപേരെയും കൊണ്ടുപോകാൻ പറ്റുന്ന ഒരു പയ്യനെ നോക്കി നടക്ക പാവം പപ്പ, എന്നെ കെട്ടിച്ചു കൊടുക്കാൻ.ഇതിനിടയിൽ ജോബിന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കുകയെ രക്ഷയുള്ളൂ.
പതിവുപോലെ ഇന്നും രാവിലെ ജോബ് കാത്തു നിൽപ്പുണ്ടായിരുന്നു . പതിവുപോലെ ഒരു ചിരി സമ്മാനിച്ച് ഞാനും തിരിഞ്ഞു നടന്നു . രാവിലെയും വൈകീട്ടും തന്നെ കാത്തു ബോട്ടു ജെട്ടിയിൽ ഇരിപ്പു തുടങ്ങിട്ടു ഏതാണ്ട് ഒന്നര വർഷത്തോളമായി. ഓട്ട പാച്ചിലിൽ ഒരു പുഞ്ചിരി സമ്മാനിച്ച് തിരിഞ്ഞു ഓടി ഞാനിന്നു. നേരം വൈകിയാൽ മുതലാളീടെ കയ്യിൽ നിന്നും കിട്ടും കണക്കപിള്ളക്ക് കണക്കിന്. 9 മണിക്ക് രണ്ടു മിനിറ്റു ബാക്കി ഉള്ളപ്പോൾ എത്തി ഓഫീസിൽ. ഇപ്പോളത്തെ അകെ ഒരു ആശ്വാസം ഓഫീസിലെ കൂട്ടുകാരി സാറാ ആണ്. എന്റെ കഷ്ടപ്പാടെല്ലാം നന്നായി മനസിലാക്കുന്ന നല്ല ഒരു സ്നേഹിതാ . പെട്ടെന്ന് എന്തേലും ആവശ്യം വന്നാൽ ഓടിച്ചെന്നു മേടിക്കാൻ അവൾ ഉള്ളതാ ഇപ്പോളത്തെ അകെ ഒരു ആശ്വാസം..നിനക്കൊന്നു നേരത്തെ ഇറങ്ങിക്കൂടെ എന്നുള്ള അവളുടെ സ്ഥിരം ചോദ്യം കേട്ടില്ലെന്നു നടിച്ചു.
കുറച്ചു നേരത്തെ ഇറങ്ങി ഓഫീസിൽ നിന്നു .സാറയുടെ കയ്യിൽനിന്നു വാങ്ങിച്ച നൂറു രൂപ ഉണ്ട്. പപ്പക്ക് ഇന്നെങ്കിലും മരുന്ന് മേടിക്കണം. വലിവ് കൂടുതലായി ഈയിടെ. ജോബ് തന്നെ കാത്തു പതിവ് പോലെ നിൽപ്പുണ്ടാകും. ഇന്നെങ്കിലും തുറന്നു പറയണം എന്റെ പുറകെ നടന്നു ജീവിതം നശിപ്പിക്കരുത് എന്നു. എനിക്കാവില്ല ഒരിക്കലും പപ്പയുടെ മോഹങ്ങൾ നടപ്പിലാക്കാൻ. പക്ഷെ പപ്പക്ക് ഞാൻ മാത്രേ ഉള്ളു. പക്ഷെ ഇന്ന് പതിവ് പോലെ ജോബിനെ അവിടെയെങ്ങും കണ്ടില്ല.
ഫെറി വരാൻ വൈകി ..പപ്പ പേടിക്കുന്നുണ്ടാകും .സമയം ഒൻപതു കഴിഞ്ഞു ഇത് ആദ്യായിട്ട ഇത്ര വൈകുന്നത്. ഓരോന്ന് ആലോചിച്ചു നടന്നു...തൊട്ടടുത്ത് ഒരു ഇന്നോവ കാർ വന്നു ബ്രേക്ക് ഇട്ടു ചവിട്ടി. ആരാണാവോ എന്നെ അറിയുന്ന ആരേലും ആണോ. ഒറ്റ നിമിഷം കൊണ്ട് അവരെന്നെ കാറിനുള്ളിൽ വലിച്ചിട്ടു .അന്നത്തെ രാത്രി നാലഞ്ചു കാപാലികന്മാർ ചേർന്നു വലിച്ചു കീറി എന്റെ ശരീരം. ഓർമ്മ വച്ചപ്പോ ഞാൻ ആശുപത്രിയിൽ ആയിരുന്നു. വിലപെട്ടതെല്ലാം നഷ്ടമായി എനിക്ക് ആ രാത്രിയിൽ .നേഴ്സ് ആരോ പറയുന്നത് കേട്ടു കുട്ടീടെ അരക്കു കീഴ്പ്പോട്ടു തളർന്നു പോയെന്നു.എനിക്ക് ഓർമ്മ കിട്ടുന്നില്ല, അത്രക്കും ക്രൂയമായ മർദ്ദനങ്ങൾ ആയിരുന്നു. അന്നത്തെ പേപ്പറിലെയും വർത്തയിലെയും ചൂടുള്ള വാചകം ഇതായിരുന്നു,ഫോർട്ട് കൊച്ചി ജൂതത്തെരുവിൽ ഒരു ജൂതപ്പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നു. ദൈവമേ അത് ഞാനല്ലേ, എന്റെ ഉപബോധ മനസ് പറഞ്ഞുകൊണ്ടേയിരുന്നു.
പതിനെട്ടു ദിവസം കഴിഞ്ഞു തിരിച്ചു പോന്നു വീട്ടിലേക്കു. സാറയും പപ്പയും കൂടി എന്നെ പൊക്കി എടുത്തു ബെഡിൽ കിടത്തി..ഇനിയുള്ള എന്റെ ജീവിതം ബെഡിൽ തന്നെ.ആരോടെങ്കിലും ചോതിക്കണമെന്നുണ്ട് ജോബിനെ കുറിച്ച്.പക്ഷെ വേണ്ട ഇനിയെന്തിനു അതിന്റെ ആവശ്യം. നശിച്ച എന്റെ ജീവിതം അറിഞ്ഞു കാണും അവൻ.വേണ്ട ഇനിയൊരു സ്വപ്നം കാണാൻ കൂടി ഞാൻ യോഗ്യ അല്ലാ. അവൻ സുഖമായി എവിടെയെങ്കിലും ജീവിക്കട്ടെ. ഒരു ദിവസം ആരോ കോളിങ് ബെൽ അടിക്കണ കേട്ടു പപ്പ പോയി വാതിൽ തുറന്നു. അത് ജോബ് ആയിരുന്നു. പപ്പയോടു ജോബ് എല്ലാം വിശദമായി പറഞ്ഞു, എന്നെ സ്നേഹിച്ചതും വിവാഹം കഴിക്കാൻ ആഗ്രഹിച്ചതും ഒക്കെ. എന്റെ ഭാവിയെ പറ്റി ആകുലനായിരുന്ന പപ്പക്ക് അതൊരു ഞെട്ടിപ്പിക്കുന്ന വാർത്ത ആയിരുന്നു. ജോബ് എന്റെയടുത്തു കട്ടിൽ വന്നിരുന്നു .ഞാനവന്റെ മുഖത്തുപോലും നോക്കിയില്ല. റൂഥ് എന്നെ നോക്കു റൂഥ്, നിന്റെ ഒരു പുഞ്ചിരിക്കായി കാത്തിരുന്ന ആ പഴയ ജോബ് തന്നെ ആണ് ഞാനിപ്പോളും. നിന്റെ മനസിനെയാ ഞാൻ സ്നേഹിച്ചത്. നിന്റെ ശരീരത്തിൽ നീയറിയാതെ ഏറ്റ മുറിവുകൾ നമ്മുടെ സ്നേഹബന്ധത്തിനു ഒരിക്കലും ഒരു വിലങ്ങു തടി അല്ല. നീയെന്നും എന്റെ മനസ്സിൽ പരിശുദ്ധ തന്നെ ആണ്. ഞാൻ കുറച്ചു ദിവസം നാട്ടിൽ ഇല്ലായിരുന്നു.പൊള്ളാച്ചിയിൽ ഒരു തുണിമില്ലു നോക്കാൻ പോയതാ. അത് വാങ്ങിക്കണം.അതിന്റെ അഡ്വാൻസ് കൊടുത്തു. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നമ്മുടെ വിവാഹം.അതിനു ശേഷം പൊള്ളാച്ചിയിൽ ഒരു വീടെടുക്കണം. ഇനി നമ്മൾ അവിടെ ജീവിക്കും.
ജോബിന്റെ മൂർച്ചയേറിയ വാക്കുകൾ നാല് ചുവരുകൾക്കിടയിൽ ഒരു അലർച്ച പോലെ മുഴങ്ങി കേൾക്കാമായിരുന്നു.എന്റെ ഒരു മറുപടിക്കു പോലും നിൽക്കാതെ ജോബ് ഇറങ്ങി. ഞാൻ വിവാഹിത ആകാൻ പോകുകയാണോ ?എനിക്കതിനു എന്തെങ്കിലും യോഗ്യത ഉണ്ടോ ? അരക്കു കീഴ്പ്പോട്ടു തളർന്നു കടക്കുന്ന എനിക്ക് ജോബിന്റെ കുട്ടികളെ പ്രസവിക്കാൻ കഴിയോ ?
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഒരുപാടു സ്വയം ചോദിച്ചു ഞാൻ.
ജനുവരി 15 ജൂതപ്പള്ളിയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. രണ്ടുകൈകൊണ്ടു എന്നെ വാരിയെടുത്ത് ആയിരുന്നു ജോബ് പള്ളിയിൽ നിന്നും ഇറങ്ങിയത് .ഒരിക്കലും അമ്മയാകാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ഞാനിന്നു ഒരു പെൺകുട്ടിയുടെ അമ്മയാണ്.എന്റെയും മകളുടെയും കാര്യങ്ങൾ എല്ലാം ജോബ് തന്നെ ആണ് നോക്കുന്നതു ഇന്നും. അങ്ങനെ ജോബിന്റെ ആത്മാര്‍ത്ഥ സ്നേഹത്തിനു മുമ്പിൽ എന്റെ വിധി പോലും തോറ്റുപോയി. കിടന്ന കിടപ്പിലാണെങ്കിലും ഞാനിന്നു വളരെ സന്തോഷവതി ആണ്, പൊന്നുപോലെ എന്നെ സ്നേഹിക്കുന്ന എന്റെ ജോബിന്റെ കൈകളിൽ കിടക്കുന്ന ഒരാനന്ദം വേറെ എന്താ ഉള്ളത് എനിക്ക് ഈ ഭൂമിയിൽ.....
രചന :പ്രിയ ചന്ദ്ര

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo