Showing posts with label ManzoorMoideen. Show all posts
Showing posts with label ManzoorMoideen. Show all posts

ഇങ്ങനെമുണ്ടോ ഫാര്യമാര്


ന്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ കൂട്ടുകാരും ബന്ധുക്കാരും പറഞ്ഞു, എടാ നീ കേറി ആളാവാൻ വേണ്ടി അവളോട് പണ്ടത്തെ കാര്യം ഒന്നും എഴുന്നുള്ളിക്കണ്ട... പണി പാളുംന്ന്
കല്യാണം കഴിഞ്ഞു മൂന്നിന്റന്ന് കോവളം ബീച്ച് കാണാൻ പോകുന്ന വഴി ആദ്യത്തെ പണി കിട്ടി.... സ്റ്റിയറിങ്ങിൽ ഏതൊ പ്രേമഗാനത്തിനു താളമിട്ടു വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു ചോദ്യം.. ഇക്കാ നമ്മളിപ്പോ ഭാര്യ ഭർത്താക്കൻമാർ അല്ലെ? നമുക്കിടയിൽ രഹസ്യം വല്ലതും വേണോ?
പുതുമോടി അല്ലെ, ഞാൻ ചാടി കേറി സമ്മതിച്ചു... യാഹ് യാഹ് നോ മോർ സീക്രെട്സ് ബിറ്റ്വിൻ അസ്
ന്നാ ഇക്കാന്റെ പണ്ടത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞേ.... ഐ മീൻ കോളജ് ലൈഫ്, അഫെയേഴ്സ് ആൻഡ്‌ സോ ഓൺ
ഡിം പിടി വീണു. ഞാൻ തടി താപ്പാനായി നോക്കി, പക്ഷേ ലവളുണ്ടോ എന്നെ വിടുന്നു. ഇക്ക ധൈര്യമായി പറഞ്ഞോന്നെ.. ഞാൻ വളരെ ഓപ്പൺ മൈൻഡഡ്‌ ആൻഡ്‌ അണ്ടർ സ്റ്റാന്റിംഗ് ആണ് എന്നൊക്കെ പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു.... ഇതൊക്കെ എന്തു എന്നൊരു നോട്ടവും. എന്റെ സാറെ ആ നോട്ടത്തിൽ ഞാൻ വീണു.... മൂന്നാം ക്ലാസ്സു മുതൽ കല്യാണത്തിന് മൂന്ന് മാസം മുൻപു വരെയുള്ള സകല പ്രേമങ്ങളുടേം കെട്ടു ഞാൻ അഴിച്ചിട്ടു... ഓരോന്നു പറയുമ്പോഴും അവളെന്നെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു
ഓരോന്നതിന്റെയും പേരും ഊരും എവിടെയൊക്കെ ഒന്നിച്ചു പോയീന്നും ഏതെല്ലാം സിനിമ കണ്ടെന്നും എന്തൊക്കെ ഏതൊക്കെ ഹോട്ടലീന്ന്‌ കഴിച്ചെന്നും എല്ലാം എല്ലാം ഒരു ആവേശത്തിന് കേറി പറഞ്ഞു
പെട്ടെന്നു വണ്ടിക്കുള്ളിൽ എന്തോ കരിഞ്ഞ മണം... ഒരു മാതിരി കലത്തിനുള്ളിൽ ചോറു അടിക്കു പിടിച്ചു കരിഞ്ഞത് പോലെ.. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടതു, ഹാവെൽസിന്റെ പരസ്യത്തിൽ കാണുന്ന പോലെ അവളുടെ തല മുടിയെല്ലാം മൊള്ളോട്ടു പൊങ്ങി നിക്കുന്നു... കണ്ണുകൾ ചുവന്നു, നാഡികൾ വലിഞ്ഞു മുറുകി, മൂക്കിൽ നിന്നും ചെവിയിൽ നിന്നും കറുത്ത പുക അടിക്കുന്നുന്നതും
ഹെന്റെ വ്യാകുല മാതാവേ കൊഴഞ്ഞല്ലോ എന്നോർത്ത് ഞാൻ ആവുന്നതും മയത്തിൽ ചോദിച്ചു... അല്ല മൊളൂ, പൊന്നു നീ അല്ലെ പറഞ്ഞതു വളരെ ഓപ്പൺ മൈൻഡഡ്‌ ആൻഡ്‌ അണ്ടർ സ്റ്റാന്റിംഗ് ആണ് എന്നൊക്കെ. എന്നിട്ടെന്താ പെട്ടെന്ന്?
മണ്ണാങ്കട്ട... മാങ്ങാതൊലി... വീട്ടിലോട്ടു പൊകാം!!! തിരിച്ച്‌ ബാക്കി അവിടെ ചെന്നിട്ട്
തീർന്നില്ല, അന്നും ഞാൻ പാഠം പഠിച്ചില്ല, പിന്നേം പലതവണ പണി കിട്ടി... അതു ഞാൻ പിന്നീടു പറയാം ന്തേയ്‌

by: 
Manzoor Moideen 

ഹേ കുഞ്ഞുങ്ങളേ


ഹേ കുഞ്ഞുങ്ങളേ..... നിങ്ങൾ ഭാഗ്യം കെട്ടവർ....
ഹേ വരും തലമുറയിലെ സന്തതികളേ......
ഞാൻ മൻസൂർ മൊയ്ദീൻ 
എറണാകുളം ജില്ല
ഇസ്ലാം മത വിശ്വാസി
ചെറുപ്പം മുതലുള്ള സുഹൃത്തുക്കൾ - സാബു സുകുമാരൻ, പ്രമോദ് പങ്കജാക്ഷൻ, രെജു കുറുപ്പ്, വിജേഷ് വിശ്വനാഥ്, ഡിക്സൻ ആന്റണി, ജലാൽ അലി, ബിജു ശിവജി, സാജൻ കൃഷ്ണപിള്ള
അന്നും ഇന്നും അള്ളാഹുവിനെ മാത്രം ആരാധിക്കുന്നു ഞാൻ
വീട്ടിൻറെ അടുത്തുള്ള ഗ്രൗണ്ടിൽ നവരാത്രി ഉത്സവം നടക്കുമ്പോൾ കൂട്ടുകാരുമൊത്തു മിക്ക ദിനങ്ങളിലും അവിടെ പോയി പങ്കു കൊണ്ട ഞാൻ
വിഷു തലേന്നു സബുവിന്റെ വീട്ടിൽ ഉറങ്ങി, വെളുപ്പിന് ഉണ്ണി കണ്ണനെ കണി കണ്ട ഞാൻ
ക്രിസ്മസ് വരവേല്ക്കാൻ എല്ലാരുടെയും കൂടി പുൽ കൂടുണ്ടാക്കിയവൻ ഞാൻ
സ്നേഹിതരുമായി രവിപുരം കൃഷ്ണന്റെ അമ്പലത്തിൽ പോയ ഞാൻ
വിശുദ്ധ റമളാൻ മാസത്തിൽ കൂട്ടുകാരോടൊത്ത് നോമ്പു തുറന്നിരുന്ന ഞാൻ
കൂട്ടുകാരൻറെ കൂടെ ഞായറാഴ്ച പള്ളിയിൽ പോയി അച്ചന്റെ പ്രസംഗം കേട്ട ഞാൻ
ഉത്സവത്തിനു വളഞ്ഞമ്പലം ദേവി ക്ഷേത്രത്തിൽ രാത്രി മുഴുവൻ കഴിച്ചു കൂട്ടിയ ഞാൻ
പെരുന്നാളിനു ബിരിയാണി വിളമ്പി, എല്ലാരുടെയും കൂടി ഇരുന്നു കഴിച്ചിരുന്ന ഞാൻ
മുതിർന്നപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോയി ഉണ്ണി കണ്ണനെ ദർശിച്ച ഞാൻ
അന്നും ഇന്നും അള്ളാഹുവിനെ മാത്രം ആരാധിക്കുന്നു ഞാൻ...
ഞങ്ങളുടെ ഓരോരുത്തരുടേയും കുടുംബങ്ങളിലെ ചടങ്ങുകൾ, കല്യാണങ്ങൾ, മരണം, മയ്യത്ത് അടക്കം ചെയ്യൽ, സഞ്ചയനം തുടങ്ങി എന്തും..... ഒരു ജാതിയുടെയും മതത്തിൻറെയും പേരിലല്ലാതെ പങ്കെടുത്തും, സഹകരിച്ചും സഹായിച്ചും, സങ്കടിച്ചും നിന്ന ഞങ്ങൾ.....
എനിക്ക് എൻറെ വിശ്വാസവും ഭക്തിയും..... മറ്റുള്ളവർക്ക് അവരുടെയും. സ്നേഹത്തിന്റെ നിഴലിൽ, അവർ എൻറെ കൂടെയും, ഞാൻ അവരുടെ കൂടെയും
ഹേ കുഞ്ഞുങ്ങളേ..... നിങ്ങൾ ഭാഗ്യം കെട്ടവർ.
ഹേ വരും തലമുറയിലെ സന്തതികളേ......
നിങ്ങൾക്കാ യോഗം ഇല്ലാതെ പോകുമല്ലോ എന്നോർക്കുമ്പോൾ ലജ്ജിക്കുന്നു ഞാൻ.
സ്നേഹിക്കാനും, പരസ്പരം ബഹുമാനിക്കാനും പഠിപ്പിക്കുന്ന മതങ്ങൾ..... മനുഷ്യ നന്മക്കായി അവതരിച്ച വിശുദ്ധ ഖുർആൻ, ഭഗവത് ഗീത, ബൈബിൾ എന്നിവ നമുക്ക് പകർന്നു തന്ന അറിവും ജ്ഞാനവും എവിടെ? മനുഷ്യരെ മനുഷ്യരായി കാണാതെ ഹിന്ദുവും, മുസ്ലീമും ക്രിസ്തിയാനിയും ആയി നാം കാണുന്നതെന്തേ?
ഹേ കുഞ്ഞുങ്ങളേ..... ഞാനും എൻറെ തലമുറയിൽ ഉള്ളവരും അനുഭവിച്ച സ്നേഹവും സാഹോദര്യവും നിങ്ങള്ക്കും ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു...

by: 
Manzoor Moideen

കാൽ ഡസൻ പെണ്ണുങ്ങളുടെ ഓരോ പണി


ദിവസം മുഴുവൻ പണി എടുത്തു സന്ധ്യക്കു വീട്ടിൽ കേറി വന്നപ്പോൾ മൊത്തത്തിൽ ഒരു മൂകാന്തരീക്ഷം
വീട്ടിലുള്ള കാൽ ഡസൻ പെണ്ണുങ്ങളും കരച്ചിലും പിഴിച്ചലുമായി നിക്കുന്നു... (കാൽ ഡസൻ എന്നാൽ മൂന്ന് - എന്റെ ഉമ്മ, ഭാര്യ, പിന്നേ മകളും)
കരയുന്നു, കണ്ണ് തുടക്കുന്നു, മൂക്ക് പിഴിയുന്നു, ഇടക്ക് ചിരിക്കുന്നു, പിന്നേം കരയുന്നു, കണ്ണ് തുടക്കുന്നു, മൂക്ക് പിഴിയുന്നു
കാര്യം അറിഞ്ഞപ്പോൾ പകച്ചു പോയി ഞാൻ
അക്ഷരക്ക്‌ കാഴ്ച തിരിച്ചു കിട്ടിയത്രേ!!!! പിന്നെ ഇഷിത രമണന് പ്രാന്തില്ല എന്ന് ഉറപ്പിചൂന്നു 😬. അതിന്റെ സന്തോഷം സഹിക്കവയ്യാതെ കണ്ണീർ പൊഴിച്ചതാ മൂന്നും
ഈ അക്ഷര ആരാ - സ്റ്റാർ പ്ലസ്സിലെ യെഹ് രിശ്താ ക്യാ കഹ്നായിലെ നായിക
ഇഷിതയോ - സ്റ്റാർ പ്ലസ്സിലെ തന്നെ
യെഹ് ഹേ മുഹബ്ബതിലെ നായിക
ഓരോരോ പ്രാന്ത് അല്ലാതെന്താ

By: 
Manzoor Moideen

ഞാനും ഭാര്യയും അകലുന്നു


പതിനഞ്ചു കൊല്ലമായി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്‌
പണ്ടൊക്കെ ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. പക്ഷേ കഴിഞ്ഞ കുറേ കൊല്ലങ്ങളായി തമ്മിൽ അകൽച്ച കൂടി വരുന്നു. പലരെയും കണ്ടു, ഡോക്ടർമാർക്ക് കുറേ പണവും കൊടുത്തു, പക്ഷേ അകൽച്ച കൂടി കൂടി വരുന്നു.
ഇതിനു പരിഹാരം ചോതിച്ചപ്പോൾ എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു, രണ്ടു പേരും കുടവയർ കുറയ്ക്കാൻ
അതിനുള്ള പരിശ്രമത്തിൽ ആണു ഞാനും പ്രിയ ഫാര്യയും. നോക്കിക്കോ, രണ്ടു മാസം..... രണ്ടേ രണ്ടു മാസം
അതിനുള്ളിൽ ഞങ്ങൾ പണ്ടത്തെ പോലെ വീണ്ടും അടുക്കും
ആദ്യത്തെ വരി വായിച്ചു ആർക്കേലും ലഡ്ഡു പൊട്ടിയെങ്കിൽ സോറി ഉണ്ട് കേട്ടോ

By: 
Manzoor Moideen

ആശുപത്രി വരാന്തകളിലൂടെ - (ഭാഗം രണ്ട്)


മോർച്ചറി
~~~~~~
ലിസ്സി ആശുപത്രിയുടെ മുഖ്യ കാവാടത്തിൽ നിന്നും നേരെ നടന്നു കാർഡിയാക് ബിൽഡിങ്ങിലേക്കുള്ള ലിഫ്റ്റ് കയറുന്നതിനു തൊട്ടു മുൻപാണ് മോർച്ചറിക്കുള്ള വഴി
ഒരോ തവണ അവിടെ എത്തുമ്പോഴും അറിയാതെ എങ്കിലും നോക്കി പോകും ആ
ചുമന്ന നിറത്തിലുള്ള ബോർഡും
""ഫ്രീസർ മോർച്ചറി"" ലഭ്യമാണെന്നുള്ള അക്ഷരങ്ങളും
ഹാ!!!! അതവിടെ നിൽക്കട്ടെ.....
ഔത കുഞ്ഞിൻറേം അവന്റെ വല്യപ്പച്ചനെയും പറ്റി പറഞ്ഞില്ലല്ലൊ ഞാൻ. ലിഫ്റ്റിൽ വച്ചാണ് രണ്ടുപേരെയും ആദ്യമായി കണ്ടതു. എഴാം ക്ലാസിൽ പഠിക്കുന്ന പയ്യന്റെ പേര് ജോസഫ് എന്നാണേലും വല്യപ്പച്ചൻ വിളിക്കുന്നതു ഔത കുഞ്ഞെന്നാ. അവന്റെ ഡാഡി നൈജീരിയയിലെ ലാഗോസിലും, മമ്മ കുവൈറ്റിലും ജോലി ചെയ്യുന്നതിനാൽ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടേം കൂടെ പിറവത്താണ് താമസം. ഇപ്പോൾ പക്ഷേ വല്യമ്മച്ചി ഇവിടെ ബൈപാസ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നതിനാൽ സ്‌കൂളും പഠിത്തവും എല്ലാം വിട്ട്‌ വല്യപ്പച്ചനും ഔതായും ആശുപത്രിയിൽ കറങ്ങി നടക്കൽ ആണ് ഏതു നേരവും
എന്തു കൊണ്ടോ, ഞങ്ങൾ മൂന്നും പെട്ടെന്നു കൂട്ടായി.... ഇടക്ക് ഔതയ്ക്കു ഏറ്റവും ഇഷ്ട്ടമുള്ള അൽപെൻലീബെ വാങ്ങാൻ എന്ന പേരിൽ ഞാനും വല്യപ്പച്ചനും മുങ്ങും.... പുറത്ത് ആട്ടോ സ്റ്റാൻഡിന്റെ പിന്നിലുളള വലി താവളത്തിൽ പോയി രണ്ടു പേരും ആത്മാവിനെ പുകച്ചേച്ചു വരും. എപ്പൊ കണ്ടാലും വല്യപ്പച്ചന്‌ വല്യമ്മച്ചിയെ കുറിച്ചു പറയാനേ നേരമുള്ളൂ. എടീ പോത്തേ എന്നു മാത്രേ വിളിക്കാറുള്ളൂന്നും, രാത്രി രണ്ടെണ്ണം വിട്ടു വീട്ടിൽ വന്നാൽ പോത്തിന്റെ തലയ്ക്കു കിഴുക്കാറുണ്ടെന്നും എല്ലാം എല്ലാം
ഇതു കെട്ടു ഔത ഇടക്ക് കണ്ണടച്ച് കാണിക്കും; അപ്പടി പുളു ആണെന്ന ഭാവത്തിൽ
അതു മനസ്സിലായി എന്നു അറിയിക്കാൻ വല്യപ്പച്ചൻ ബീഡി കറയുള്ള പല്ലുകാട്ടി ഔതയെ കൊഞനം കാട്ടും
മിനിഞ്ഞാന്നു വാപ്പയുടെ സർജറി ആയിരുന്നു. അതു കൊണ്ടു തന്നെ രണ്ടീസ്സം ഞാൻ വാർഡിലേക്കു അധികം പോയില്ല. ഇന്നലെ രാത്രി റൂമിലേക്ക് പോകുവാൻ ലിഫ്ട് കാത്തു നിന്ന എന്ടെ മുൻപിൽ ലിഫ്റ്റിന്റെ വാതിലുകൾ തുറന്നു.
അതിൽ നിന്നും ഒരു സ്‌ട്രെച്ചറും വെള്ള തുണി കൊണ്ടു മൂടിയ ഒരു ശരീരവുമായി രണ്ടു ആശുപത്രി ജീവനക്കാർ പുറത്തിറങ്ങി. അവരുടെ പുറകിലായി വല്യപ്പച്ഛനും ഔതായും. വിങ്ങി വിങ്ങി കരയുന്ന ഔതായെ സമാധാനിപ്പിക്കുന്ന വല്യപ്പച്ചൻ പക്ഷെ ഇടക്ക് മുഖം തിരിച്ചു പിടിച്ചു കൈലി മുണ്ടു കൊണ്ടു കണ്ണീരൊപ്പുന്നുണ്ടായിരുന്നു.
മോർച്ചറിയുടെ ഇരുണ്ട കവാടത്തിലേക്ക് ഞാനും നീങ്ങി....... ആ മൂന്നു ആത്മാക്കളോടൊപ്പം
ഇതിനിടെ ആശുപത്രി അറ്റൻഡർ വന്നു വല്യപ്പച്ചന്റെ കയ്യിൽ ഒരു ചീട്ടു കൊടുത്തു... മോനും മരുമോളും വരാൻ താമസിക്കില്ലേ, അതു കൊണ്ടു ഈ നമ്പറിൽ വിളിച്ചു ഫ്രീസർ മോർച്ചറി ഇപ്പോഴേ ബുക്ക് ചെയ്തോ... കിട്ടാൻ വല്യ പാടാ
കൈക്കുള്ളിൽ ആ ചീട്ടു മുറുക്കി പിടിച്ചു കൊണ്ടു, ഔതായേം ചേർത്തു നിർത്തി..... തണുത്തു വിറങ്ങലിച്ച മനസ്സുമായി വല്യപ്പച്ചൻ നിന്നു.
അവളെ ഞാൻ ഒറ്റക്കു എങ്ങനാ അവിടെ വിട്ടേച്ചു പോകുന്നെ മോനെ??? ഞാൻ ഇവിടെ ഇരുന്നോളാം
അവസാന യാത്രാമൊഴിക്ക്‌ മുൻപെ അവരിരുന്നു.. വല്ല്യപ്പച്ചനും ഔതയും.. പുറത്തെ തണുത്ത ബെഞ്ചിൽ......
ആൽപൻലീബയേക്കാൾ മധുരതരമായ സ്മൃതികളോടെ
......തുടരും

!!!ആശുപത്രി വരാന്തകളിലൂടെ!!!


വാപ്പയുടെ ഹൃദയ ശസ്ത്രക്രിയയുമായി ബന്ധപെട്ടു, കഴിഞ്ഞ മൂന്നാലു ദിവസമായി എറണാകുളം ലിസ്സി ആശുപത്രിയിൽ തന്നെ ആയിരുന്നു വാസം
-ജീവിതത്തിനും മരണത്തിനും ഇടയിലുള്ള-
-ആരോഗ്യത്തിനും രോഗാവസ്ഥക്കും ഇടയിലുള്ള-
-സന്തോഷത്തിന്റെയും ദുഖത്തിന്റെയും ഇടയിലുള്ള ആ നേർ രേഖ-
ആ രേഖയിലൂടെ ഞാൻ കണ്ട ഉൾക്കാഴ്ചകൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു....
"ആശുപത്രി വരാന്തകളിലൂടെ" - (ഭാഗം ഒന്ന്)
മുഖം മൂടി
~~~~~~
മിനിഞ്ഞാന്നു രാത്രി.... ജീവിതത്തിൽ ആദ്യമായിട്ട് വാപ്പ എന്നോടു അദ്ദേഹത്തിന്റെ കാലുകൾ ഒന്നു തടവികൊടുക്കുവാൻ ആവശ്യപ്പെട്ടു. എഴുപത്തഞ്ചു പിന്നിട്ട വാപ്പയുടെ കാലുകളിൽ ഞാൻ ഒന്നു നോക്കി.....
ഞരമ്പ് തുടിച്ച, പൊരി വന്ന, തൊലി ചുളുങ്ങിയ കാലുകൾ; ദിവസ്സവും രണ്ടു നേരം കുളിക്കുന്ന, അഞ്ചു തവണ എങ്കിലും ആന്റിസെപ്റ്റിക് കൊണ്ടു കൈ കഴുകുന്ന, വൃത്തിയുടെ ആശാനെന്നു സ്വയം വിളിക്കുന്ന...... എന്റെ കൈകൾ ഒന്നു മടിച്ചുവോ? പിൻ വലിഞ്ഞുവോ? ഉവ്വ്!!!
വാട്ട്സാപ്പിലും ഫേസ് ബുക്കിലും ലോകത്തുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ലൈക്കടിച്ചും കമ്മന്റിയും കണ്ണീർ ഒലിപ്പിച്ചു കാണിച്ചും, പ്രായമായ മാതാപിതാക്കളെ നോക്കാത്ത മക്കളെ ശപിച്ചും.... എപ്പോഴും തിരക്കിലായ എന്റെ വിരലുകൾ എന്തേ പിൻവലിഞ്ഞത്‌????
ഇദ്ദേഹത്തിന്റെ ബീജത്തിൽ നിന്നു പിറവി എടുത്ത എനിക്കോ ഈ അറപ്പു? അപ്പൊ പിന്നെ എന്റെ സ്നേഹവും ബഹുമാനവും വെറും കാപട്യമോ????
എന്റെ മനസ്സൊന്നു പിടച്ചു. പതിയെ.... അണിഞ്ഞിരുന്ന മുഖം മൂടി ഞാൻ അഴിച്ചു മാറ്റി.... യാതൊരു ആന്റീ സെപ്റ്റിക്കും പുരട്ടാതെ തന്നെ എന്റെ കൈകൾ വാപ്പയുടെ കാലുകൾ പതിയെ തടവി. ഒരു മോയ്‌സ്‌ചറൈസർ പോലും ഇല്ലാതെ തന്നെ വാപ്പയുടെ തൊലിപ്പുറം മൃദുവായി
എന്നിൽ നിന്നിറ്റു വീണ ആ രണ്ടു കണ്ണീർ തുള്ളികൾ ആയിരുന്നിരിക്കാം ആ സ്വാഭാവികമായ മോയ്‌സ്‌ചറൈസർ
മൻസൂർ മൊയ്‌ദീൻ
............ തുടരും

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo