മോർച്ചറി
~~~~~~
~~~~~~
ലിസ്സി ആശുപത്രിയുടെ മുഖ്യ കാവാടത്തിൽ നിന്നും നേരെ നടന്നു കാർഡിയാക് ബിൽഡിങ്ങിലേക്കുള്ള ലിഫ്റ്റ് കയറുന്നതിനു തൊട്ടു മുൻപാണ് മോർച്ചറിക്കുള്ള വഴി
ഒരോ തവണ അവിടെ എത്തുമ്പോഴും അറിയാതെ എങ്കിലും നോക്കി പോകും ആ
ചുമന്ന നിറത്തിലുള്ള ബോർഡും
""ഫ്രീസർ മോർച്ചറി"" ലഭ്യമാണെന്നുള്ള അക്ഷരങ്ങളും
ചുമന്ന നിറത്തിലുള്ള ബോർഡും
""ഫ്രീസർ മോർച്ചറി"" ലഭ്യമാണെന്നുള്ള അക്ഷരങ്ങളും
ഹാ!!!! അതവിടെ നിൽക്കട്ടെ.....
ഔത കുഞ്ഞിൻറേം അവന്റെ വല്യപ്പച്ചനെയും പറ്റി പറഞ്ഞില്ലല്ലൊ ഞാൻ. ലിഫ്റ്റിൽ വച്ചാണ് രണ്ടുപേരെയും ആദ്യമായി കണ്ടതു. എഴാം ക്ലാസിൽ പഠിക്കുന്ന പയ്യന്റെ പേര് ജോസഫ് എന്നാണേലും വല്യപ്പച്ചൻ വിളിക്കുന്നതു ഔത കുഞ്ഞെന്നാ. അവന്റെ ഡാഡി നൈജീരിയയിലെ ലാഗോസിലും, മമ്മ കുവൈറ്റിലും ജോലി ചെയ്യുന്നതിനാൽ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടേം കൂടെ പിറവത്താണ് താമസം. ഇപ്പോൾ പക്ഷേ വല്യമ്മച്ചി ഇവിടെ ബൈപാസ് ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്നതിനാൽ സ്‌കൂളും പഠിത്തവും എല്ലാം വിട്ട് വല്യപ്പച്ചനും ഔതായും ആശുപത്രിയിൽ കറങ്ങി നടക്കൽ ആണ് ഏതു നേരവും
എന്തു കൊണ്ടോ, ഞങ്ങൾ മൂന്നും പെട്ടെന്നു കൂട്ടായി.... ഇടക്ക് ഔതയ്ക്കു ഏറ്റവും ഇഷ്ട്ടമുള്ള അൽപെൻലീബെ വാങ്ങാൻ എന്ന പേരിൽ ഞാനും വല്യപ്പച്ചനും മുങ്ങും.... പുറത്ത് ആട്ടോ സ്റ്റാൻഡിന്റെ പിന്നിലുളള വലി താവളത്തിൽ പോയി രണ്ടു പേരും ആത്മാവിനെ പുകച്ചേച്ചു വരും. എപ്പൊ കണ്ടാലും വല്യപ്പച്ചന് വല്യമ്മച്ചിയെ കുറിച്ചു പറയാനേ നേരമുള്ളൂ. എടീ പോത്തേ എന്നു മാത്രേ വിളിക്കാറുള്ളൂന്നും, രാത്രി രണ്ടെണ്ണം വിട്ടു വീട്ടിൽ വന്നാൽ പോത്തിന്റെ തലയ്ക്കു കിഴുക്കാറുണ്ടെന്നും എല്ലാം എല്ലാം
ഇതു കെട്ടു ഔത ഇടക്ക് കണ്ണടച്ച് കാണിക്കും; അപ്പടി പുളു ആണെന്ന ഭാവത്തിൽ
അതു മനസ്സിലായി എന്നു അറിയിക്കാൻ വല്യപ്പച്ചൻ ബീഡി കറയുള്ള പല്ലുകാട്ടി ഔതയെ കൊഞനം കാട്ടും
മിനിഞ്ഞാന്നു വാപ്പയുടെ സർജറി ആയിരുന്നു. അതു കൊണ്ടു തന്നെ രണ്ടീസ്സം ഞാൻ വാർഡിലേക്കു അധികം പോയില്ല. ഇന്നലെ രാത്രി റൂമിലേക്ക് പോകുവാൻ ലിഫ്ട് കാത്തു നിന്ന എന്ടെ മുൻപിൽ ലിഫ്റ്റിന്റെ വാതിലുകൾ തുറന്നു.
അതിൽ നിന്നും ഒരു സ്‌ട്രെച്ചറും വെള്ള തുണി കൊണ്ടു മൂടിയ ഒരു ശരീരവുമായി രണ്ടു ആശുപത്രി ജീവനക്കാർ പുറത്തിറങ്ങി. അവരുടെ പുറകിലായി വല്യപ്പച്ഛനും ഔതായും. വിങ്ങി വിങ്ങി കരയുന്ന ഔതായെ സമാധാനിപ്പിക്കുന്ന വല്യപ്പച്ചൻ പക്ഷെ ഇടക്ക് മുഖം തിരിച്ചു പിടിച്ചു കൈലി മുണ്ടു കൊണ്ടു കണ്ണീരൊപ്പുന്നുണ്ടായിരുന്നു.
മോർച്ചറിയുടെ ഇരുണ്ട കവാടത്തിലേക്ക് ഞാനും നീങ്ങി....... ആ മൂന്നു ആത്മാക്കളോടൊപ്പം
ഇതിനിടെ ആശുപത്രി അറ്റൻഡർ വന്നു വല്യപ്പച്ചന്റെ കയ്യിൽ ഒരു ചീട്ടു കൊടുത്തു... മോനും മരുമോളും വരാൻ താമസിക്കില്ലേ, അതു കൊണ്ടു ഈ നമ്പറിൽ വിളിച്ചു ഫ്രീസർ മോർച്ചറി ഇപ്പോഴേ ബുക്ക് ചെയ്തോ... കിട്ടാൻ വല്യ പാടാ
കൈക്കുള്ളിൽ ആ ചീട്ടു മുറുക്കി പിടിച്ചു കൊണ്ടു, ഔതായേം ചേർത്തു നിർത്തി..... തണുത്തു വിറങ്ങലിച്ച മനസ്സുമായി വല്യപ്പച്ചൻ നിന്നു.
അവളെ ഞാൻ ഒറ്റക്കു എങ്ങനാ അവിടെ വിട്ടേച്ചു പോകുന്നെ മോനെ??? ഞാൻ ഇവിടെ ഇരുന്നോളാം
അവസാന യാത്രാമൊഴിക്ക് മുൻപെ അവരിരുന്നു.. വല്ല്യപ്പച്ചനും ഔതയും.. പുറത്തെ തണുത്ത ബെഞ്ചിൽ......
ആൽപൻലീബയേക്കാൾ മധുരതരമായ സ്മൃതികളോടെ
......തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക